അര്‍ദ്ധ ശതകങ്ങളുമായി തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, ബംഗ്ലാദേശിനു അനായാസ ജയം

വിന്‍ഡീസ് നല്‍കിയ 262 റണ്‍സ് ലക്ഷ്യത്തെ 45ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ബംഗ്ലാദേശ്. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണര്‍മാരായ തമീം ഇക്ബാലിനും സൗമ്യ സര്‍ക്കാരിനുമൊപ്പം ഷാക്കിബ് അല്‍ ഹസനും മികവ് പുലര്‍ത്തിയപ്പോള്‍ 5 ഓവര്‍ ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് 8 വിക്കറ്റ് വിജയം ആഘോഷിച്ചത്.

ഒന്നാം വിക്കറ്റില്‍ 144 റണ്‍സാണ് തമീം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ കൂട്ടുകെട്ട് നേടിയത്. 68 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെയാണ് ബംഗ്ലാദേശിനു ആദ്യം നഷ്ടമായത്. റോഷ്ടണ്‍ ചേസിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 52 റണ്‍സ് കൂടി നേടിയ ശേഷം തമീം ഇക്ബാല്‍-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ടിനെയും വിന്‍ഡീസ് തകര്‍ത്തു. ഷാനണ്‍ ഗബ്രിയേല്‍ 80 റണ്‍സ് നേടിയ തമീം ഇക്ബാലിനെ പുറത്താക്കിയാണ് വിന്‍ഡീസിനു രണ്ടാമത്തെ നേട്ടം നല്‍കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 68 റണ്‍സ് നേടി ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 61 റണ്‍സുമായി ഷാക്കിബും 32 റണ്‍സ് നേടി മുഷ്ഫിക്കുറും പുറത്താകാതെ നില്‍ക്കുകയായിരുന്നു വിജയ സമയത്ത്.

ഫോട്ടോഷൂട്ടിനെത്തിയില്ല, ഷാക്കിബിനോടുള്ള അതൃപ്തി രേഖപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്

ടീമിനൊപ്പമുണ്ടായിരുന്നിട്ടും ലോകകപ്പ് സ്ക്വാഡിന്റെ ചിത്രം എടുക്കുന്നതിനു തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ ഷാക്കിബ് അല്‍ ഹസന്റെ ചെയ്തില്‍ അതൃപ്തി മറച്ച് വയ്ക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ഷാക്കിബിന്റെ അഭാവത്തെക്കുറിച്ച് പത്രലേഖകര്‍ ആരാഞ്ഞപ്പോളാണ് ഞാനെന്ത് പറയാനാണ്, തീര്‍ത്തും നിരാശജനകമെന്നാണ് നസ്മുള്‍ പ്രതികരിച്ചത്.

ഇതൊരു ടീം ഫോട്ടോഗ്രാഫാണ്, ടീമംഗങ്ങളെല്ലാം ഉണ്ടാകേണ്ട ചിത്രം ആയിരുന്നു, പരിശീലനത്തിനെത്തിയിരുന്നില്ലെങ്കിലും താരം ഗ്രൗണ്ടിലെത്തിയിരുന്നു. താരത്തെ നേരത്തെ തന്നെ ഫോട്ടോഷൂട്ടിന്റെ കാര്യം അറിയിച്ചിരുന്നതാണെങ്കിലും അതിനു കാത്ത് നില്‍ക്കാതെ താരം മടങ്ങുകയായിരുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ധാക്ക സ്റ്റേഡിയത്തില്‍ ടീം മാനേജ്മെന്റിനോട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ താരം എത്തിയിരുന്നുവെങ്കിലും ഫോട്ടോഷൂട്ടിനു നില്‍കാതെ താരം മടങ്ങിയത് ബോര്‍ഡ് പ്രസിഡന്റിനു അത്ര ദഹിച്ചിട്ടില്ല. ടീം അയര്‍ലണ്ട് പരമ്പരയ്ക്ക് യാത്രയാകുന്നതിനു ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍ താന്‍ അധികം പ്രതികരിക്കാനില്ലെന്നാണ് നസ്മുള്‍ ഹസന്‍ പ്രതികരിച്ചത്.

ബംഗ്ലാദേശ് ക്യാമ്പ് വേണ്ട ഐപിഎല്‍ മതിയെന്ന് തീരൂമാനിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശ് ക്യാമ്പില്‍ താരത്തിനോട് എത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും താരം ഐപിഎലില്‍ തന്നെ തുടരുവാന്‍ തീരുമാനിക്കുകയും ബോര്‍ഡ് താരത്തിനു അതിനുള്ള അനുമതി നല്‍കുകയും ചെയ്തുവെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍. ഏപ്രില്‍ 22നു ദേശീയ ടീമിന്റെ സന്നാഹ ക്യാമ്പില്‍ താരം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ടീമില്‍ താരത്തിനു സ്ഥാനം ലഭിയ്ക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഉടന്‍ മടങ്ങുമെന്നതിനാല്‍ വീണ്ടും ഷാക്കിബിനു അവസരം ലഭിച്ചേക്കുമെന്നതിനാല്‍ താരം ടീമിനൊപ്പം തുടരുവാന്‍ തീരുമാനിക്കുകയായിരുന്നു.

ജോണി ബൈര്‍സ്റ്റോ തിരികെ പോകുന്നതിനാല്‍ ഈ അവസരം താരം വിനിയോഗിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ് അറിയുന്നത്. താരം തങ്ങളോട് ഹൈദ്രാബാദ് ടീമില്‍ ചില താരങ്ങള്‍ മടങ്ങിയതിനാല്‍ അവസരം ലഭിയ്ക്കുമെന്നും അതിനാല്‍ ഐപിഎലില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഷാക്കിബ് ലോകകപ്പിനായി സണ്‍റൈേഴ്സ് ക്യാമ്പ് വിടാനൊരുങ്ങുന്നു

ഏപ്രില്‍ 22നു ആരംഭിയ്ക്കുന്ന ലോകകപ്പ് സന്നാഹ ക്യാമ്പില്‍ ഷാക്കിബ് അല്‍ ഹസന്‍ എത്തുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അതിനര്‍ത്ഥം താരം ഉടന്‍ തന്നെ ഐപിഎല്‍ ഫ്രാഞ്ചൈസിയായി സണ്‍റൈസേഴ്സില്‍ നിന്ന് ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. താരത്തിനു ഇത് സംബന്ധിച്ച കത്ത് ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

22നോ 23നോ താരം ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി. ഐപിഎലില്‍ താരത്തിനു അവസരങ്ങള്‍ അത്ര ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷാക്കിബിന്റെ മടക്കം സണ്‍റൈസേഴ്സിനെ അധികം ബാധിയ്ക്കാനിടയില്ല. ആദ്യ മത്സരത്തില്‍ അവസരം കിട്ടിയ ശേഷം താരത്തിനു പിന്നീട് മത്സരങ്ങളിലൊന്നും തന്നെ കളിയ്ക്കുവാനായിരുന്നില്ല.

പരിശീലന ക്യാമ്പിനു ശേഷം അയര്‍ലണ്ടില്‍ ത്രിരാഷ്ട്ര മത്സരങ്ങള്‍ കളിയ്ക്കാനായി ബംഗ്ലാദേശ് യാത്രയാകും. വിന്‍ഡീസ് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം. ജൂണ്‍ 2നു കെന്നിംഗ്സ്റ്റണ്‍ ഓവലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനു മുമ്പ് ബംഗ്ലാദേശ് പാക്കിസ്ഥാനും ഇന്ത്യയ്ക്കും എതിരെ സന്നാഹ മത്സരങ്ങളില്‍ കളിയ്ക്കും.

വൈസ് ക്യാപ്റ്റനായി ഷാക്കിബ് തിരികെ ടീമില്‍, ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഒരു മത്സരം മാത്രം കളിച്ച് അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഓള്‍റൗണ്ടറെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മഷ്റഫെ മൊര്‍തസ നയിക്കുന്ന ടീമിലെ ഉപനായകനായാണ് ഷാക്കിബ് മടങ്ങിയെത്തുന്നത്. പരിക്ക് മൂലം ഏറെക്കാലമായി ടീമിനു അകത്തും പുറത്തുമായാണ് ഷാക്കിബ് നില്‍ക്കുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പരിക്കേറ്റ താരം ന്യൂസിലാണ്ട് ടൂറില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഐപിഎലില്‍ താരത്തിനു കളിയ്ക്കുവാന്‍ അനുമതി ബോര്‍ഡ് നല്‍കിയെങ്കിലും ഒരു മത്സരത്തില്‍ മാത്രമേ ടീമിനു വേണ്ടി കളിയ്ക്കുവാന്‍ ഷാക്കിബിനു അവസരം ലഭിച്ചുള്ളു.

മോമിനുള്ള ഹക്കിനു പകരമാണ് ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പ് ടീമിലേക്ക് എത്തുന്നത്. കന്നി ലോകകപ്പ് കളിയ്ക്കുവാനായി മുഹമ്മദ് മിഥുനു അവസരം ലഭിയ്ക്കുന്നു എന്ന പ്രത്യേകതയും ടീം സെലക്ഷനിലുണ്ട്. മികച്ച ഫോമിലാണ് അടുത്ത കാലത്തായി മിഥുന്‍ ബാറ്റഅ വീശുന്നത്. ഏഷ്യ കപ്പില്‍ അവസാനമായി ബംഗ്ലാദേശിനു വേണ്ടി കളിച്ച മൊസ്ദേക്ക് സൈക്കത്ത് ഹൊസൈന്‍ ആണ് ടീമിലേക്ക് എത്തിയ അപ്രതീക്ഷിത താരം.

സ്ക്വാഡ്: മഷ്റഫെ മൊര്‍തസ, തമീം ഇക്ബാല്‍, മഹമ്മദുള്ള, മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, സബ്ബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മുഹമ്മദ് മിഥുന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മൊസ്ദേക്ക് ഹൊസൈന്‍, അബു ജയേദ്

ഐപിഎല്‍ കളിയ്ക്കുവാന്‍ അനുമതി ലഭിച്ച് ഷാക്കിബ് അല്‍ ഹസന്‍

പരിക്ക് മൂലം ന്യൂസിലാണ്ട് പരമ്പര നഷ്ടമായ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനു ഐപിഎല്‍ കളിക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഐപിഎല്‍ കളിക്കുവാന്‍ മെഡിക്കല്‍ ക്ലിയറന്‍സ് വേണമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ന്യൂസിലാണ്ടിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ രണ്ടും താരത്തിനു നഷ്ടമായിരുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് താരത്തിനു പരിക്കേറ്റത്. താരത്തിനു സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ ചേരുവാനുള്ള അനുമതി നല്‍കുവാന്‍ തടസ്സമില്ലെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തുകയായിരുന്നു. താരം വീണ്ടും ബാറ്റിംഗ് പുനരാരംഭിച്ചുവെന്നും ഐപിഎലിനിടെ താരത്തിനു പരിക്കുണ്ടാകില്ലെന്നും അക്രം ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷാക്കിബിന്റെ വര്‍ക്ക് ലോഡ് കൃത്യമായി താരം തന്നെ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് മാനേജ് ചെയ്യേണ്ടതുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഷാക്കിബിന്റെ പരിക്ക്, കരുതലെന്ന നിലയില്‍ സൗമ്യ സര്‍ക്കാര്‍ സ്ക്വാഡില്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. സെലക്ടര്‍ ഹബീബുള്‍ ബഷര്‍ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഹാമിള്‍ട്ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് സൗമ്യ സര്‍ക്കാരിനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ ടീം തീരമാനിക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലെ 15 അംഗ സ്ക്വാഡില്‍ അംഗമായിരുന്ന താരത്തോട് ന്യൂസിലാണ്ടില്‍ തന്നെ നില്‍ക്കുവാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.

വിന്‍ഡീസിനെതിരെയുള്ള മോശം പ്രകടനത്തെത്തുടര്‍ന്ന് സൗമ്യ സര്‍ക്കാരിനെ ന്യൂസിലാണ്ടിലേക്കുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ആദ്യം ഒഴിവാക്കുകയായിരുന്നു. 30 റണ്‍സാണ് അന്ന് താരത്തിനു നേടാനായത്. ടീമില്‍ അനുഭവസമ്പത്തുള്ള ഒരാളെ ആവശ്യമായതിനാലാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചതെന്നാണ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറയുന്നത്.

ഷാക്കിബ് രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്ക് ടീമില്‍ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്നും ബഷര്‍ അറിയിച്ചു. പരമ്പര പൂര്‍ണ്ണായും താരത്തിനു നഷ്ടമാകില്ലെങ്കിലും ആദ്യ ടെസ്റ്റ് ഉറപ്പായും നഷ്ടമാകുമെന്നാണ് ബഷര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ മാത്രമേ താരത്തിന്റെ ടെസ്റ്റ് മത്സരങ്ങളിലെ ലഭ്യതയെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്നും ഹബീബുള്‍ പറഞ്ഞു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെ പരിക്കേറ്റ ഷാക്കിബിന്റെ സേവനം ഏകദിന പരമ്പരയ്ക്ക് ബംഗ്ലാദേശിനു ലഭിച്ചിരുന്നില്ല. മൂന്നാഴ്ച വിശ്രമം ആവശ്യമാണെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചതോടെ താരത്തിനു ഏകദിന പരമ്പരയും ആദ്യ ടെസ്റ്റും നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫെബ്രുവരി 28നു ഹാമിള്‍ട്ടണില്‍ വെച്ചാണ് ബംഗ്ലാദേശ് ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക.

ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം തോല്‍വിയേറ്റു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 174/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു.

57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ടും 24 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ റഹിമുമാണ് ചിറ്റഗോംഗിനായി തിളങ്ങിയത്. ധാക്കയ്ക്കായി ആന്‍ഡ്രേ റസ്സല്‍ മൂന്നും സുനില്‍ നരൈന്‍ രണ്ടും വിക്കറ്റ് നേടി.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(53), നൂരുള്‍ ഇസ്ലാം(33) എന്നിവര്‍ക്കൊപ്പം ആന്‍ഡ്ര റസ്സലും 39 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ ധാക്കയ്ക്കായില്ല. വിക്കറ്റുകള്‍ യഥാസമയം വീഴ്ത്തി ചിറ്റഗോംഗ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വിജയികള്‍ക്കായി അബു ജയേദ് മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റ് നേടി.

ഫിനിഷര്‍ ഫ്രൈലിങ്ക്, അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്ത് ചിറ്റഗോംഗ് വൈക്കിംഗ്സ്

അവസാന ഓവറില്‍ കളി കൈവിട്ട് ധാക്ക ഡൈനാമൈറ്റ്സ്. ജയിക്കുവാന്‍ 16 റണ്‍സ് ആറ് പന്തില്‍ നിന്ന് നേടേണ്ടിയിരുന്ന ചിറ്റഗോംഗ് വൈക്കിംഗ്സിനെ മൂന്ന് സിക്സുകളടക്കം അടിച്ച് ഒരു പന്ത് അവശേഷിക്കെയാണ് ഫ്രൈലിങ്ക് വിജയത്തിലേക്ക് നയിച്ചത്. 10 പന്തില്‍ റോബി ഫ്രൈലിങ്ക് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കാമറൂണ്‍ ഡെല്‍പോര്‍ട്ട്(12 പന്തില്‍ 30), മുഷ്ഫിക്കുര്‍ റഹിം(22), മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്ത്(33) എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റ് നേടി ചിറ്റഗോംഗിനു തടസ്സം സൃഷ്ടിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫ്രൈലിങ്ക് ഒറ്റയ്ക്ക് കളി മാറ്റുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമേ നേടാനായുള്ളു. 34 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ ആണ് ടോപ് സ്കോറര്‍. ശുവാഗത ഹോം 29 റണ്‍സും നൂരുള്‍ ഹസന്‍ 29 റണ്‍സും നേടിയപ്പോള്‍ സുനില്‍ നരൈന്‍ 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. കാമറൂണ്‍ ഡെല്‍പോര്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റോബി ഫ്രൈലിങ്ക്, അബു ജയേദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ചിറ്റഗോംഗിനായി നേടി.

വിജയ വഴിയിലേക്ക് തിരികെ എത്തി ധാക്ക ഡൈനാമൈറ്റ്സ്

ഷാക്കിബ് അല്‍ ഹസന്റെയും ആന്‍ഡ്രേ റസ്സലിന്റെയും മികവില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ച് ധാക്ക ഡൈനാമൈറ്റ്സ്. കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ 6 വിക്കറ്റ് വിജയം ധാക്ക സ്വന്തമാക്കിയത്.

ഡേവിഡ് വാര്‍ണറുടെ മികച്ച ഇന്നിംഗ്സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത സില്‍ഹെറ്റ് സിക്സേര്‍സ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 63 റണ്‍സ് നേടിയ വാര്‍ണര്‍ക്ക് പിന്തഉണയായി ലിറ്റണ്‍ ദാസ്(27), ജാക്കര്‍ അലി(25) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. ബൗളിംഗില്‍ ധാക്കയ്ക്കായി ആന്‍ഡ്രൂ ബിര്‍ച്ച് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി.

തുടക്കം പാളിയെങ്കിലും ഷാക്കിബ് അല്‍ ഹസന്‍(61*), ആന്‍ഡ്രൂ റസ്സല്‍(40*) എന്നിവരുടെ പ്രകടനത്തില്‍ 163/4 എന്ന സ്കോര്‍ 17ാം ഓവറില്‍ നേടി ധാക്ക വിജയം കുറിച്ചു. 4 സിക്സുകളുടെ സഹായത്തോടെ 21 പന്തില്‍ നിന്നാണ് റസ്സല്‍ 40 റണ്‍സ് നേടിയത്. സിക്സേര്‍സിനായി മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് വിക്കറ്റ് നേടി.

വലിയ വിജയം നേടി ധാക്ക ഡൈനാമൈറ്റ്സ്, ഹസ്രത്തുള്ള സാസായി കളിയിലെ താരം

തന്റെ മിന്നും ഫോം തുടര്‍ന്ന ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വീണ്ടുമൊരു ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 105 റണ്‍സിന്റെ ജയമാണ് ഖുല്‍ന ടൈറ്റന്‍സിനെതിരെ ധാക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 20 ഓവറില്‍ 192 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ധാക്കയ്ക്കായി ഹസ്രത്തുള്ള സാസായി 57 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ റോണി താലുക്ദാര്‍(28), കീറണ്‍ പൊള്ളാര്‍ഡ്(27), ആന്‍ഡ്രേ റസ്സല്‍(25) എന്നിവരും തിളങ്ങി. പോള്‍ സ്റ്റിര്‍ലിംഗ് തന്റെ ഏക ഓവറില്‍ രണ്ട റണ്‍സിനു രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഡേവിഡ് വീസേ 2 വിക്കറ്റ് നേടി ഖുല്‍ന നിരയില്‍ തിളങ്ങി.

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഖുല്‍ന ടൈറ്റന്‍സ് 13 ഓവറില്‍ 87 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 31 റണ്‍സ് നേടിയ ജുനൈദ് സിദ്ദിക്കിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഷാക്കിബ് അല്‍ ഹസന്‍ മൂന്നും സുനില്‍ നരൈന്‍ രണ്ടും വിക്കറ്റാണ് ധാക്കയ്ക്ക് വേണ്ടി നേടിയത്.

ടി20 റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഷാക്കിബ് അല്‍ ഹസന്‍

വിന്‍ഡീസിനെതിരെ ടി20 പരമ്പര പരാജയപ്പെട്ടുവെങ്കിലും റാങ്കിംഗില്‍ മികച്ച നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ താരം 103 റണ്‍സും എട്ട് വിക്കറ്റുമാണ് നേടിയത്. ബാറ്റിംഗ് റാങ്കിംഗില്‍ 7 സ്ഥാനം മെച്ചപ്പെടുത്തി 37ാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ബൗളിംഗില്‍ ഏഴാം സ്ഥാനത്തേക്കും ഉയര്‍ന്നു. നേരത്തെ 10ാം സ്ഥാനത്തായിരുന്നു ഷാക്കിബ്.

ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ആയ ഷാക്കിബ് ഏകദിനത്തിലും ടി20യിലും റഷീദ് ഖാനു പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലകൊള്ളുന്നത്.

Exit mobile version