ബംഗ്ലാദേശ് കുതിയ്ക്കുന്നു, ഷദ്മന്‍ ഇസ്ലാമിന് അര്‍ദ്ധ ശതകം

ഹരാരെ ടെസ്റ്റിൽ കൂറ്റന്‍ ലീഡിലേക്ക് ബംഗ്ലാദേശ് നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 169/1  എന്ന നിലയിലാണ്. 43 റൺസ് നേടിയ സൈഫ് ഹസന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ 72 റൺസുമായി ഷദ്മന്‍ ഇസ്ലാമും 47 റൺസ് നേടി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍മാര്‍ 88 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 81 റൺസ് നേടിയിട്ടുണ്ട്. 361 റൺസിന്റെ ലീഡാണ് മത്സരത്തിൽ ബംഗ്ലാദേശിന്റെ പക്കലുള്ളത്.

ബംഗ്ലാദേശ് ഓപ്പണര്‍ കോവിഡ് പോസിറ്റീവ്

ബംഗ്ലാദേശ് ടെസ്റ്റ് ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം കോവിഡ് പോസിറ്റീവെന്ന് പരിശോധനയില്‍ തെളിഞ്ഞു. വരുന്ന ലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ താരം പങ്കെടുക്കുവാനിരിക്കുന്നതിനിടയിലാണ് താരത്തിന് തിരിച്ചടിയായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് എത്തുന്നത്. താന്‍ ഹോട്ടല്‍ റൂമില്‍ ഐസൊലേഷനിലാണെന്നും തന്റെ മൂന്നാമത്തെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. ഈ റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ തനിക്ക് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാമെന്ന് ഷദ്മന്‍ ഇസ്ലാം പറഞ്ഞു.

ലങ്കന്‍ പര്യടനത്തിന് മുമ്പ് ബംഗ്ലാദേശ് ടെസ്റ്റ് സാധ്യത ലിസ്റ്റിലുള്ള എല്ലാ താരങ്ങളും നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 21ന് ആണ് ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം.

നേരത്തെ ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്കും ആദ്യ റൗണ്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ പരിശോധനയില്‍ താരം നെഗറ്റീവായതടെ എന്‍സിഎലിന്റെ ആദ്യ റൗണ്ടില്‍ കളിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കും.

ബംഗ്ലാദേശിന് ഒന്നാം ദിവസം ഭേദപ്പെട്ട സ്കോര്‍, ജോമല്‍ വാരിക്കന് മൂന്ന് വിക്കറ്റ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ചട്ടോഗ്രാമില്‍ ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയില്‍ മിക്ക താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാനാകാതെ പോയതാണ് തിരിച്ചടിയായത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 242/5 എന്ന നിലയില്‍ ആണ്.

ഷദ്മന്‍ ഇസ്ലാം 59 റണ്‍സുമായി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(25), മോമിനുള്‍ ഹക്ക്(26), മുഷ്ഫിക്കുര്‍ റഹിം(38) എന്നിവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരുവാന്‍ സാധിക്കാതെ പോയത് ടീമിന് തിരിച്ചടിയായി.

Mushfiqur

ആറാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് 49 റണ്‍സ് നേടിയാണ് ബംഗ്ലാദേശിനെ ഇരുനൂറ് കടത്തിയത്. ഷാക്കിബ് 39 റണ്‍സും ലിറ്റണ്‍ ദാസ് 34 റണ്‍സുമാണ് നേടിയിട്ടുള്ളത്. വിന്‍ഡീസിന് വേണ്ടി ജോമല്‍ വാരിക്കന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കെമര്‍ റോച്ചിന് ഒരു വിക്കറ്റ് ലഭിച്ചു.

508 റണ്‍സിനു ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, 136 റണ്‍സുമായി മഹമ്മദുള്ള

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 508 റണ്‍സാണ് ടീം ആദ്യ ഇന്നിംഗ്സില്‍ നേടിയത്. മഹമ്മദളുള്ളയുടെ 136 റണ്‍സിന്റെയും ഷാക്കിബ് അല്‍ ഹസന്‍(80), ലിറ്റണ്‍ ദാസ്(54) എന്നിവരുടെയും മികവിലാണ് രണ്ടാം ദിവസം ബാറ്റിംഗില്‍ ബംഗ്ലാദേശ് തിളങ്ങിയത്. ആദ്യ ദിവസം അരങ്ങേറ്റക്കാരന്‍ ഷദ്മാന്‍ ഇസ്ലാം 76 റണ്‍സുമായി മികച്ച് നിന്നിരുന്നു.

വിന്‍ഡീസിനായി ക്രെയിഗ് ബ്രാത്‍വൈറ്റ്, ജോമല്‍ വാരിക്കന്‍, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച് എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

അരങ്ങേറ്റം അവിസ്മരണീയമാക്കി ഷദ്മാന്‍ ഇസ്ലാം, ബംഗ്ലാദേശിനു ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍

തന്റെ അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയ ഷദ്മാന്‍ ഇസ്ലാമിന്റെയും പുറത്താകാതെ നില്‍ക്കുന്ന നായകന്‍ ഷാക്കിബ് അല്‍ ഹസന്റെയും മികവില്‍ വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 259/5 എന്ന സ്കോറാണ് ആതിഥേയര്‍ നേടിയിട്ടുള്ളത്. ടീമിലെ ബാറ്റ്സ്മാന്മാരെല്ലാം ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

ഷദ്മാന്‍ ഇസ്ലാം 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് അല്‍ ഹസനും(55*) മഹമ്മദുള്ളയും(31*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. മുഹമ്മദ് മിഥുനും മോമിനുള്‍ ഹക്കും 29 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ രണ്ടും കെമര്‍ റോച്ച്, ഷെര്‍മോണ്‍ ലൂയിസ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അരങ്ങേറ്റത്തില്‍ തിളങ്ങി ഷദ്മാന്‍ ഇസ്ലാം, രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നഷ്ടമായി ആതിഥേയര്‍

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ തിളങ്ങി അരങ്ങേറ്റക്കാരന്‍ ഷദ്മാന്‍ ഇസ്ലാം. ഇന്ന് ആരംഭിച്ച ടെസ്റ്റിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 87/2 എന്ന നിലയിലാണ്. മോമിനുള്‍ ഹക്കും ഷദ്മാന്‍ ഇസ്ലാമും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഹക്കിനെ കെമര്‍ റോച്ച് പുറത്താക്കിയത്. അതോടെ ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.

29 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയത്. രണ്ടാം വിക്കറ്റില്‍ 45 റണ്‍സ് നേടി ബംഗ്ലാദേശ് മുന്നോട്ട് നീങ്ങുമ്പോളാണ് ടീമിനു ഈ പ്രഹരം. നേരത്തെ ഒന്നാം വിക്കറ്റില്‍ ഷദ്മാന്‍ ഇസ്ലാമും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് 42 റണ്‍സാണ് നേടിയത്. 19 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ റോഷ്ടണ്‍ ചേസ് പുറത്താക്കി. ഷദ്മാന്‍ ഇസ്ലാം 36 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കാര്യത്തില്‍ സംശയം, ടീമിലേക്ക് പുതുമുഖ താരത്തെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിലേക്ക് പുതുമുഖ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഷാദ്മാന്‍ ഇസ്ലാമിനെ ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. ബംഗ്ലാദേശ് ദേശീയ സെലക്ടര്‍മാരാണ് ഈ തീരുമാനം അറിയിച്ചത്. തമീം ഇക്ബാല്‍ പരമ്പരയില്‍ കളിക്കില്ലെന്നുറപ്പായതോടെ ടീമിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് എത്തരത്തിലായിരിക്കണമെന്ന തീരുമാനം കൈക്കൊള്ളുവാന്‍ ടീം മാനേജ്മെന്റിനു ഇതുവരെ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ഇസ്ലാമിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അറിയുന്നത്.

കുറച്ച് കാലമായി താരം ടീം മാനേജ്മെന്റിന്റെയും സെലക്ടര്‍മാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ താരത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ പറ്റിയ സാഹചര്യമാണെന്നുമാണ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍ അഭിപ്രായപ്പെട്ടത്. വിന്‍‍ഡീസിനെതിരെ സന്നാഹ മത്സരത്തില്‍ താരം 73 റണ്‍സ് നേടിയിരുന്നു. ഇതും തിരഞ്ഞെടുപ്പിനു ശക്തി കൂട്ടിയെന്നാണ് ബഷര്‍ അഭിപ്രായപ്പെട്ടത്.

Exit mobile version