പരാജയപ്പെട്ടു എ.സി മിലാൻ! ടോപ്പ് 4 മോഹങ്ങൾക്ക് കനത്ത തിരിച്ചടി

ഇറ്റാലിയൻ സീരി എയിൽ ലീഗിൽ നിന്നു തന്നെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള എ.സി മിലാൻ നീക്കങ്ങൾക്ക് തിരിച്ചടി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നു ഒന്നിൽ മാത്രം ജയിക്കാൻ ആയ മിലാൻ ഇന്ന് തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സ്പെസിയയോട് തോറ്റു. ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ ഇന്ററിനോടും തോറ്റ മിലാന് ഇത് കനത്ത തിരിച്ചടിയാണ്. പന്ത് കൈവശം വക്കുന്നതിൽ മിലാൻ മുൻതൂക്കം കണ്ടു എങ്കിലും വലിയ മുന്നേറ്റം ഒന്നും അവർ ഉണ്ടാക്കിയില്ല.

രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ വിസിനെസ്കിയും 85 മത്തെ മിനിറ്റിൽ സാൽവതോർ എസ്പോസിറ്റയും നേടിയ ഗോളുകൾ ആണ് സ്പെസിയക്ക് വലിയ ജയം സമ്മാനിച്ചത്. മാർച്ചിന് ശേഷം അവർ നേടുന്ന ആദ്യ ജയം ആണ് ഇത്. നിലവിൽ 18 സ്ഥാനത്ത് ആണ് അവർ. നിലവിൽ അഞ്ചാം സ്ഥാനത്ത് ഉള്ള മിലാന് വരുന്ന മൂന്നു മത്സരങ്ങൾ വളരെ നിർണായകമാണ്. മത്സര ശേഷം മിലാൻ താരങ്ങളെയും പരിശീലക ടീമിനെയും നിർത്തി അവരോട് സംസാരിക്കുന്ന മിലാൻ അൾട്രാസിനെയും കാണാൻ ആയി.

നാപോളിക്ക് സീരി എ കിരീടം!! മറഡോണ യുഗത്തിന് ശേഷമുള്ള കാത്തിരിപ്പിന് അവസാനം

അങ്ങനെ 33 വർഷത്തെ കാത്തിരിപ്പിന് അവസാനം. നാപോളി സീരി എ ചാമ്പ്യൻസായിരിക്കുകയാണ്‌. ഇന്ന് നടന്ന എവേ മത്സരത്തിൽ ഉഡിനെസെയെ സമനിമയിൽ പിടിച്ചതോടെയാണ് നാപോളിക്ക് കിരീടം ഉറപ്പായത്. ലീഗിൽ ഇനിയും 5 മത്സരങ്ങൾ ശേഷിക്കെ ആണ് അവർ കിരീടത്തിലേക്ക് എത്തിയത്. ഇന്ന് 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്.

ആദ്യ പകുതിയിൽ 13ആം മിനുട്ടിൽ ലോവ്റിചിലൂടെ ഉഡിനെസെ ലീഡ് എടുത്തപ്പോൾ നാപോളി ഇനിയും കിരീടത്തിനായി കാത്തിരിക്കേണ്ടി വരും എന്ന് കരുതി. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ നാപോളി ഒസിമനിലൂടെ സമനില കണ്ടെത്തി. ഈ ഗോൾ മതിയായിരുന്നു കിരീടം ഉറപ്പാകാൻ.

ഈ സമനിലയീടെ നാപോളി 33 മത്സരങ്ങളിൽ നിന്ന് 80 പോയിന്റിൽ എത്തി. രണ്ടാമതുള്ള ലാസിയോയെക്കാൾ 18 പോയിന്റ് മുന്നിൽ ആണ് നാപോളി ഇപ്പോൾ ഉള്ളത്. ഇനി ആകെ 5 മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ. അവ മുഴുവൻ ജയിച്ചാലും ലാസിയോക്ക് നാപോളിയെ മറികടക്കാൻ ആകില്ല.

1989-90 സീസണിൽ ആണ് നാപോളി അവസാനമായി സീരി എ കിരീടം നേടിയത്. അതിനു മുമ്പ് 86-87 സീസണിലും നാപോളി ലീഗ് കിരീടം നേടിയിരുന്നു. മറഡോണയുടെ ആ ഐതിഹാസിക ദിനങ്ങൾക്ക് ശേഷം നാപോളിക്ക് ലീഗ് കിരീടത്തിലേക്ക് എത്താനേ ആയിരുന്നില്ല. ഒസിമെൻ, ക്വിച ക്വാരക്സ്തേലിയ എന്നിവരുടെ മികവ് ആയിരുന്നു ഇത്തവണ നാപോളിയുടെ കരുത്തായത്. സ്പലെറ്റി പരിശീലിപ്പിക്കുന്ന ടീം ഇതുവരെ ആകെ 3 മത്സരങ്ങൾ ആണ് ലീഗിൽ പരാജയപ്പെട്ടത്.

ഇരട്ട ഗോളുകളും ആയി ലുകാകു, ഗോളുമായി ലൗടാരയും, ജയവുമായി ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ. ഇന്ന് നടന്ന മത്സരത്തിൽ അവരുടെ മൈതാനത്ത് എമ്പോളിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇന്റർ തോൽപ്പിച്ചത്. ഇരട്ടഗോളുകൾ നേടിയ ബെൽജിയം താരം റോമലു ലുകാകുവും ഒരു ഗോൾ നേടിയ അർജന്റീനൻ താരം ലൗടാര മാർട്ടിനസും ആണ് ഇന്ററിന് ജയം സമ്മാനിച്ചത്. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ എന്നാൽ എതിരാളികളുടെ പ്രതിരോധം ആദ്യ പകുതിയിൽ ഭേദിക്കാൻ ഇന്ററിന് ആയില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഇന്റർ മത്സരത്തിൽ മുന്നിലെത്തി.

48 മത്തെ മിനിറ്റിൽ ബ്രൊസോവിച്ചിന്റെ പാസിൽ നിന്നു ലു ലുകാകു ഗോൾ നേടുക ആയിരുന്നു. ഓഗസ്റ്റിന് ശേഷം ലുകാകു ഓപ്പൺ പ്ലെയിൽ നിന്നു നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. 76 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഹകന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ തന്റെ രണ്ടാം കണ്ടത്തിയ ലുകാകു ഇന്റർ ജയം ഉറപ്പിച്ചു. 88 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ ലുകാകുവിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലൗടാര ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ഇന്റർ എ.സി മിലാനെ മറികടന്നു അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേസമയം എമ്പോളി ലീഗിൽ 15 സ്ഥാനത്ത് ആണ്.

സീരി എയിൽ സാൻ സിറോയിൽ ഇന്റർ മിലാനു പരാജയം

ഇറ്റാലിയൻ സീരി എയിൽ മോൻസയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു ഇന്റർ മിലാൻ. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ 25 ഷോട്ടുകൾ ആണ് അവർ ഉതിർത്തത്. എന്നാൽ മോൻസ പ്രതിരോധം ഇന്ററിന് മുന്നിൽ കീഴടങ്ങിയില്ല. ജയത്തോടെ മോൻസ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്ത് അഞ്ചാം സ്ഥാനത്ത് ആണ് ഇന്റർ. ഗോൾ രഹിതമായ വിരസമായ ആദ്യ പകുതിയിലെ പ്രകടനം തന്നെയാണ് ഇന്റർ രണ്ടാം പകുതിയിലും തുടർന്നത്.

ഇടക്ക് മാർട്ടിനസ്, ലുകാക്കു എന്നിവരുടെ ശ്രമങ്ങൾ ഫലവും കണ്ടില്ല. 78 മത്തെ മിനിറ്റിൽ മുൻ ഇന്റർ യുവതാരം ലൂക കാൽഡിറോള പാട്രിക് സിയുരയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടി സാൻ സിറോയെ ഞെട്ടിക്കുക ആയിരുന്നു.ഇന്ററിന് എതിരെ ജനുവരിയിലും താരം ഗോൾ നേടിയിരുന്നു. ജയത്തോടെ തങ്ങളുടെ ആദ്യ സീരി എ സീസണിൽ തന്നെ അടുത്ത സീസണിലും തങ്ങൾ ഇറ്റാലിയൻ ഒന്നാം ഡിവിഷനിൽ ഉണ്ടാവും എന്നു മോൻസ ഉറപ്പിച്ചു. പരാജയം മറന്നു ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ബെൻഫിക്കയെ നേരിടുന്നതിൽ ആവും ഇനി ഇന്ററിന്റെ ശ്രദ്ധ.

സീരി എയിൽ രണ്ടാം സ്ഥാനത്ത് ലാസിയോ നില ഉറപ്പിക്കുന്നു

ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സ്പെസിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു ലാസിയോ. ജയത്തോടെ മൂന്നാം സ്ഥാനക്കാർ ആയ റോമയെക്കാൾ 8 പോയിന്റുകൾ മുന്നിൽ രണ്ടാം സ്ഥാനത്തെ സ്ഥാനം ലാസിയോ കൂടുതൽ ഉറപ്പിച്ചു. മത്സരത്തിൽ ഫിലിപ്പെ ആന്റേഴ്‌സൻ നേടി നൽകിയ വിവാദ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ചിറോ ഇമ്മൊബെയിൽ ആണ് ലാസിയോക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ഈ ഗോളോടെ ഏഴാം സീസണിൽ ലാസിയോക്ക് ആയി 10 ൽ അധികം ഗോളുകൾ ഇറ്റാലിയൻ താരം നേടി.

രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ 52 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഫിലിപ്പെ ആന്റേഴ്‌സൻ ലാസിയോക്ക് രണ്ടാം ഗോളും നേടി. 84 മത്തെ മിനിറ്റിൽ നേരത്തെ പെനാൽട്ടി വഴങ്ങിയ ഏഥൻ അമ്പടു രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത് സ്പെസിയക്ക് വലിയ തിരിച്ചടിയായി. 89 മത്തെ മിനിറ്റിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ മാർകോസ് അന്റോണിയോ ലാസിയോയുടെ വലിയ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ സ്പെസിയ 17 സ്ഥാനത്ത് ആണ്, അതേസമയം ബദ്ധവൈരികൾ ആയ റോമക്ക് മുകളിൽ ലീഗിൽ രണ്ടാമത് നിലനിൽക്കാൻ ഈ ജയം ലാസിയോയെ സഹായിക്കും.

യുവന്റസിനെ വീഴ്ത്തി ലാസിയോ, ലീഗിൽ രണ്ടാം സ്ഥാനത്ത്

ഇറ്റാലിയൻ സീരി എയിലെ യുവന്റസിന്റെ സമീപകാലത്തെ കുതിപ്പ് തടഞ്ഞു ലാസിയോ. മികച്ച ഫോമിലുള്ള അവർ ലീഗിൽ മൂന്നാം ജയം ആണ് കുറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സാരിയുടെ ടീമിന്റെ ജയം. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരു പടി കൂടി അടുത്ത ലാസിയോ നിലവിൽ രണ്ടാം സ്ഥാനത്ത് ആണ്. അതേസമയം യുവന്റസ് ഏഴാം സ്ഥാനത്തും. മത്സരത്തിൽ കൂടുതൽ അപകടകാരികൾ ആയതും മത്സരം നിയന്ത്രിച്ചതും ലാസിയോ തന്നെയായിരുന്നു.

ആദ്യ പകുതിയിൽ 38 മത്തെ മിനിറ്റിൽ മറ്റിയോ സക്കാഗ്നിയുടെ പാസിൽ നിന്നു സെർജിയ് മിലിൻകോവിച്-സാവിച് ആണ് ലാസിയോക്ക് മുൻതൂക്കം നൽകിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ റാബിയോറ്റിലൂടെ അല്ലഗ്രിനിയുടെ ടീം മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ മികച്ച ബാക് ഹീൽ പാസിൽ നിന്നു ഗോൾ നേടിയ മികച്ച ഫോമിലുള്ള സക്കാഗ്നി ലാസിയോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഇറ്റാലിയൻ താരത്തിന്റെ സീസണിലെ പത്താം ഗോൾ ആയിരുന്നു ഇത്. സമനിലക്ക് ആയി വലിയ അവസരങ്ങൾ ഒന്നും ഉണ്ടാക്കാൻ യുവന്റസിന് ആവാത്തത് ലാസിയോക്ക് കാര്യങ്ങൾ തുടർന്ന് എളുപ്പവും ആക്കി.

ഡിബാലയുടെ ഗോളിൽ ജയം കണ്ടു റോമ, ലീഗിൽ മൂന്നാമത്

ഇറ്റാലിയൻ സീരി എയിൽ ടൊറീന്യോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ജോസെ മൗറീന്യോയുടെ റോമ. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറാൻ റോമക്ക് ആയി. അർജന്റീന താരം ഡിബാലയുടെ പെനാൽട്ടി ഗോൾ ആണ് റോമക്ക് ജയം നൽകിയത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ഡിബാല ലക്ഷ്യം കാണുക ആയിരുന്നു. ഗോൾ വഴങ്ങിയ ശേഷം സമനിലക്ക് ആയി ടൊറീന്യോ ശ്രമിച്ചു എങ്കിലും റോമ വഴങ്ങിയില്ല. നിലവിൽ ലീഗിൽ പതിനൊന്നാം സ്ഥാനത്ത് ആണ് ടൊറീന്യോ.

പേര് മറക്കണ്ട!! ഇറ്റാലിയൻ ലീഗ് നാപോളി എടുക്കും!! ഒന്നാം സ്ഥാനത്ത് 21 പോയിന്റ് ലീഡ്!!!

സീസണിൽ ഇരുപത് ലീഗ് ഗോളുകൾ തികച്ച് വിക്ടർ ഒസിമൻ ഒരിക്കൽ കൂടി തിളങ്ങിയപ്പോൾ ടോറിനോക്കെതിരെ ഗംഭീര ജയം കുറിച്ച് നാപോളി. ഓസിമൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്വിച ഖ്വരത്സ്കെലിയ, എൻഡോമ്പലെ എന്നിവർ മറ്റു ഗോളുകൾ കണ്ടെത്തി. ടോറിനോ പതിനൊന്നാം സ്ഥാനത്താണ്.

തുടർ ക്ലീൻ ഷിറ്റുകളുമായി എത്തിയ ടോറിനോക്ക് സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ പിഴച്ചു. സെലിൻസ്കിയുടെ കോർണറിൽ ഹെഡർ ഉതിർത്ത് ഒസിമൻ തന്നെ അക്കൗണ്ട് തുറന്നു. 35 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് ഖ്വരത്സ്കെലിയ ലീഡ് ഇരട്ടി ആക്കി. പിന്നീട് സെലിൻസ്കിയുടെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി.

രണ്ടാം പകുതിയിൽ നാപോളി ഗോളടി തുടർന്നു. ഇടത് വിങ്ങിൽ ഖ്വരത്സ്കെലിയ സമർദ്ധമായി കൈമാറിയ പന്ത് മത്തിയസ് ഒലീവേര ബോക്സിലേക്ക് ഉയർത്തി നൽകിയപ്പോൾ ഒസിമൻ തന്റെ രണ്ടാം ഗോളും ഹെഡറിലൂടെ കണ്ടെത്തി. 68ആം മിനിറ്റിൽ പകരക്കാരനായി എത്തിയ എൻഡോമ്പലെ നാലാം ഗോൾ നേടി. ടോറിനോ പ്രതിരോധത്തിൽ സമ്മർദം ചെലുത്തി ഒസിമൻ നേടിയെടുത്ത ബോൾ ഖ്വരത്സ്കെലിയ ബോക്സിലേക്ക് ഓടിക്കയറിയ താരത്തിന് കൈമാറുകയായിരുന്നു. പിന്നീട് ടോറിനോക്ക് വേണ്ടി ബോക്സിനുള്ളിൽ നിന്നും സനാബ്രിയയുടെ ശ്രമം ഗോളിൽ നിന്നും അകന്ന് പോയി.

യുവന്റസിന് എതിരെ യുവേഫ അന്വേഷണം തുടങ്ങി

ഇറ്റാലിയൻ സീരി എ വമ്പന്മാർ ആയ യുവന്റസിന് എതിരെ യുവേഫയുടെ ക്ലബ് ഫിനാഷ്യൽ കണ്ട്രോൾ ബോഡി അന്വേഷണം തുടങ്ങി. ക്ലബിന്റെ ലൈസൻസിങ്, ഫിനാഷ്യൽ ഫെയർ പ്ലെ നിയമങ്ങളിൽ ക്ലബ് തെറ്റുകൾ വരുത്തിയോ എന്നു ആവും ഇവർ അന്വേഷണം നടത്തുക.

നേരത്തെ യുവന്റസിന്റെ സി.ഇ.ഒ അടക്കം ബോർഡ് അംഗങ്ങൾ എല്ലാവരും രാജി വച്ചിരുന്നു. നിലവിൽ യുവന്റസ് ഒരുപാട് യുഫേഫ ചട്ടങ്ങൾ ലംഘിച്ചത് ആയും നിയമവിരുദ്ധ പ്രവർത്തികൾ നടത്തിയത് ആയും ചിലപ്പോൾ ഇതിനു തരം താഴ്ത്തൽ അടക്കമുള്ള കടുത്ത നടപടി പോലും അവർ നേരിട്ടേക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലാസിയോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു കരുത്ത് കാട്ടി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ യുവന്റസിന്റെ തിരിച്ചു വരവ് തുടരുന്നു. ഇന്ന് മൂന്നാം സ്ഥാനക്കാർ ആയിരുന്ന ലാസിയോ നേരിട്ട അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് അവരെ തകർത്തു മൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം ലാസിയോ നാലാം സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ലാസിയോ ആധിപത്യം കാണാൻ ആയെങ്കിലും കൗണ്ടർ അറ്റാക്കിൽ കൂടുതൽ അവസരങ്ങൾ തുറന്നത് യുവന്റസ് ആയിരുന്നു. ഇമ്മബെയിൽ ഇല്ലാതെ ഒരു ശ്രമം പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ കാര്യമായി യുവന്റസ് ഗോൾ ലാസിയോ പരീക്ഷിച്ചില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് മിലിൻകോവിച്-സാവിച്ചിൽ നിന്നു പന്ത് തട്ടിയെടുത്ത റാബിയറ്റിന്റെ പാസിൽ നിന്നു മോയിസ് കീൻ യുവന്റസിന് മുൻതൂക്കം സമ്മാനിച്ചു.

സീസണിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നു താരത്തിന്റെ അഞ്ചാം ഗോൾ ആയിരുന്നു ഇത്. 54 മത്തെ മിനിറ്റിൽ റാബിയറ്റ് ലാസിയോ താരത്തിൽ നിന്നു പന്ത് തട്ടിയെടുത്തു ഇത്തവണ താരത്തിന്റെ പാസിൽ നിന്നുള്ള കോസ്റ്റിച്ചിന്റെ ഷോട്ട് ലാസിയോ ഗോൾ കീപ്പർ തട്ടിയിട്ടു. എന്നാൽ റീബൗണ്ടിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച മോയിസ് കീൻ ടീമിന്റെയും തന്റെയും മത്സരത്തിലെ രണ്ടാം ഗോൾ നേടി. 89 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡി മരിയയിൽ നിന്നു സ്വീകരിച്ച പന്ത് മറ്റൊരു പകരക്കാരൻ കിയെൽസ മറിച്ചു നൽകിയപ്പോൾ ലക്ഷ്യം കണ്ട മിലിക് യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. കഴിഞ്ഞ 6 മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ തുടർച്ചയായി 6 ജയങ്ങൾ കുറിച്ച യുവന്റസ് ശക്‌തമായി ആണ് ഫോമിലേക്ക് തിരിച്ചു എത്തിയത്.

ഇഞ്ച്വറി സമയത്ത് പിറന്ന സെൽഫ് ഗോളിൽ ഫിയറന്റീനയെ മറികടന്നു എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ പത്താം സ്ഥാനക്കാർ ആയ ഫിയറന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു എ.സി മിലാൻ. ജയത്തോടെ ഒന്നാം സ്ഥാനക്കാർ ആയ നാപോളിയെക്കാൾ 8 പോയിന്റുകൾ പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ മിലാനിന് ആയി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച മിലാൻ രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ഒളിവർ ജിറൂദിന്റെ പാസിൽ നിന്നു റാഫേൽ ലിയോ ആണ് മിലാനു മത്സരത്തിൽ മുൻതൂക്കം നൽകിയത്. തിരിച്ചടിക്കാൻ ഉടൻ തന്നെ ഫിയറന്റീന ശ്രമം ഉണ്ടായി. എന്നാൽ എട്ടാം മിനിറ്റിൽ ക്രിസ്റ്റിയാനോ ബിരാഗിയുടെ ഷോട്ട് പക്ഷെ പോസ്റ്റിൽ തട്ടി മടങ്ങി.

28 മത്തെ മിനിറ്റിൽ ഫിയറന്റീന സമനില ഗോൾ കണ്ടത്തി. ജോനാഥൻ ഇകോനയുടെ പാസിൽ നിന്നു ചെക് താരം അന്റോണിൻ ബരാക് ഫിയറന്റീനയെ മത്സരത്തിൽ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ വിജയഗോളിന് ആയി ഇരു ടീമുകളും പൊരുതി. പലപ്പോഴും മത്സരം പരുക്കനും ആയി. ഒടുവിൽ ഇഞ്ച്വറി സമയത്ത് മിലാനെ ഭാഗ്യം തുണച്ചു. 91 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആസ്റ്റർ വ്രാങ്കിസിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ഫിയറന്റീന പ്രതിരോധതാരം നികോള മിലൻകോവിചിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിക്കുക ആയിരുന്നു. റെബിച് ഇതിനു മുമ്പ് താരത്തെ ഫൗൾ ചെയ്തോ എന്നു വാർ ദീർഘസമയം പരിശോധിച്ചു എങ്കിലും ഒടുവിൽ ഗോൾ അനുവദിക്കുക ആയിരുന്നു. ഫിയറന്റീനയിൽ നിന്നു ജയം തട്ടിയെടുക്കുക ആയിരുന്നു മിലാൻ.

അവസാന മിനിറ്റിൽ മാറ്റിചിന്റെ സമനില ഗോൾ, പരാജയം ഒഴിവാക്കി എ.എസ് റോമ

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സ്വന്തം മൈതാനത്ത് തോൽവി വഴങ്ങുക എന്ന ചീത്തപ്പേര് ഒഴിവാക്കി എ.എസ് റോമ. ഇന്ന് ടൊറീനക്ക് എതിരെ അവസാന മിനിറ്റിലെ ഗോളിൽ റോമ സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും ഏതാണ്ട് എല്ലാ നിലയിലും തുല്യത പാലിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ടൊറീന സിൻഗോയുടെ ക്രോസിൽ നിന്നു കരോൾ ലിനറ്റി നേടിയ ഹെഡർ ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്തി.

ഡിബാല, ആന്ദ്ര ബെലോറ്റി എന്നിവരെ കളത്തിൽ ഇറക്കിയ മൗറീന്യോ സമനിലക്ക് ആയി ടീമിനോട് പൊരുതാൻ ആവശ്യപ്പെട്ടു. ഇഞ്ച്വറി സമയത്ത് ഡിബാലയെ വീഴ്ത്തിയതിനു 92 മത്തെ മിനിറ്റിൽ റോമക്ക് പെനാൽട്ടി ലഭിച്ചു. എന്നാൽ പെനാൽട്ടി എടുത്ത ബെലോറ്റിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് റോമക്ക് നിരാശ നൽകി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ഡിബാലയുടെ ഉഗ്രൻ ഷോട്ട് ബാറിൽ ഇടിച്ചു തെറിച്ചു. എന്നാൽ ഈ ബോൾ പിടിച്ചെടുത്ത മാറ്റിച് ബോക്സിന് പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ റോമക്ക് ഒരു പോയിന്റ് സമ്മാനിച്ചു. നിലവിൽ ലീഗിൽ റോമ ഏഴാം സ്ഥാനത്തും ടൊറീന ഒമ്പതാം സ്ഥാനത്തും ആണ്. ഇടക്ക് റഫറിയോട് കയർത്ത റോമ പരിശീലകൻ ജോസെ മൊറീന്യോ ചുവപ്പ് കാർഡ് കണ്ടതും മത്സരത്തിൽ കാണാൻ ആയി.

Exit mobile version