സെറീന, നദാൽ മുന്നോട്ട്

ചേച്ചി വീനസിനെ നിർദാക്ഷിണ്യം തകർത്ത് സെറീന യുഎസ് ഓപ്പൺ ടെന്നീസിന്റെ അവസാന പതിനാറിൽ ഇടം നേടി. 6-1,6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. മൂന്നാം സീഡായ സ്റ്റീഫൻസ്, സ്വിറ്റോലിന, മെർട്ടൻസ്, സെവസ്റ്റോവ എന്നിവരും അവസാന പതിനാറിൽ ഇടം നേടിയ പ്രമുഖരിൽ ഉൾപ്പെടും.

പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് റാഫേൽ നദാൽ ശക്തമായ വെല്ലുവിളി അതിജീവിച്ച് അവസാന പതിനാറിൽ ഇടം നേടി. കാഞ്ചനോവാണ് ലോക ഒന്നാം നമ്പർ താരത്തിനെ കുഴക്കിയത്. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത് അക്ഷരാർത്ഥത്തിൽ നദാലിനെ പിന്നിലാക്കിയ ശേഷമായിരുന്നു റഷ്യൻ താരം അടിയറവ് പറഞ്ഞത്. മത്സരത്തിലെ നാല് സെറ്റുകളിൽ രണ്ടും ടൈ ബ്രേക്കറിൽ ആണ് അവസാനിച്ചത്. മറ്റുള്ള മത്സരങ്ങളിൽ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച് റയോനിച്ചും, ഫ്രിറ്റ്സിനെ തോൽപ്പിച്ച് തിമും, ഷാപ്പവലോവിനെ തോൽപ്പിച്ച് കെവിൻ ആൻഡേഴ്‌സനും, ലജോവിച്ചിനെ തോല്പിച്ച് ഇസ്‌നറും അവസാന പതിനാറിൽ ഇടം നേടി. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ സഖ്യം വിജയിച്ചു. മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ ശരൺ സഖ്യം ഇന്ന് മത്സരിക്കാൻ ഇറങ്ങും.

സെറീന കാത്തിരിക്കണം മടങ്ങി വരവിലെ കിരീടത്തിനായി, വിംബിള്‍ഡണില്‍ കെര്‍ബര്‍ ചാമ്പ്യന്‍

വിംബിള്‍ഡണ്‍ 2018 വനിത വിഭാഗം സിംഗിള്‍സ് ജേതാവായി കെര്‍ബര്‍. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ജര്‍മ്മന്‍ താരത്തിന്റെ വിജയം. 6-3, 6-3 എന്ന സ്കോറിനായിരുന്നു കെര്‍ബറുടെ വിജയം. ടൂര്‍ണ്ണമെന്റിലെ 11ാം സീഡായിരുന്നു കെര്‍ബര്‍. പ്രസവ ശേഷം കളിക്കളത്തിലേക്ക മടങ്ങിയെത്തിയ സെറീനയാവട്ടെ 25ാം സീഡായിരുന്നു.

4 തവണ കെര്‍ബര്‍ സെറീനയെ മത്സരത്തില്‍ ബ്രേക്ക് ചെയ്തിരുന്നു. സെറീനയാകട്ടെ ഒരു വട്ടം മാത്രമാണ് തിരിച്ചു ബ്രേക്ക് ചെയ്തത്. മത്സരത്തില്‍ സെറീന നാല് എയ്സും കെര്‍ബര്‍ ഒരു എയ്സുമാണ് പായിച്ചത്. 25 അണ്‍ഫോഴ്സഡ് പിഴവുകളാണ് സെറീന മത്സരത്തില്‍ വരുത്തിയത്. അതേ സമയം കെര്‍ബര്‍ 5 പിഴവുകളാണ് ഈ ഗണത്തില്‍ വരുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെക്കോർഡ് ഒരു വിജയമകലെ

റെക്കോർഡുകൾ പഴങ്കഥകളാക്കി കുതിയ്ക്കുകയാണ് സെറീന. വനിതാ ടെന്നീസിനെ രണ്ട് ദശാബ്ദക്കാലത്തോളം ഇത്രേം ആധികാരികതയോടെ അടക്കിവാണ വേറൊരു താരമുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ അമ്മയായ ശേഷവും ആ പോരാട്ട വീര്യത്തിനും, നിശ്ചയദാർഢ്യത്തിനും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ അമേരിക്കക്കാരി.

ഇന്ന് നടന്ന സെമി ഫൈനലിൽ ജൂലിയ ഗോർജസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്‌കോർ 6-2, 6-4) വിജയിച്ച് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചതോടെ മാർഗരറ്റ് കോർട്ടിന്റെ അപ്രാപ്യമെന്ന് ഒരിക്കൽ കരുതിയിരുന്ന റെക്കോർഡും സെറീനയ്ക്ക് ഒരു വിജയമകലെ മാത്രം നിൽക്കുകയാണ്.

2016 ഫൈനലിന്റെ ആവർത്തനമാകും ശനിയാഴ്ച നടക്കുന്ന ഫൈനൽ. അന്നും സെറീന കീഴ്പ്പെടുത്തിയത് കെർബറെ ആയിരുന്നു. ഇത്തവണയും സെറീനയ്ക്ക് മുന്നിൽ കെർബർ എന്നൊരു കടമ്പ ബാക്കിയുണ്ട്. സെറീനയെ മുൻപ് 2 തവണ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നത് കണക്കിലെടുത്താൽ സാധാരണ സംഭവിക്കാറുള്ള പോലെ ഏകപക്ഷീയമാകില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെറീന മുന്നോട്ട് വീനസ് പുറത്ത്

വില്ല്യംസ് സഹോദരിമാരിൽ സെറീന വില്ല്യംസ് മുന്നേറിയപ്പോൾ ഒമ്പതാം സീഡ് ചേച്ചി വീനസിനെ ഇരുപതാം സീഡ് ബെർട്ടൻസ് ഒരു മാരത്തോൺ പോരാട്ടത്തിൽ കീഴ്പ്പെടുത്തി അവസാന പതിനാറിൽ എത്തി. സ്‌കോർ 6-2, 6-7, 8-6. മ്ലാഡനോവിച്ചിനെ കടുത്തൊരു പോരാട്ടത്തിൽ 7-5, 7-6 എന്ന സ്കോറിന് കീഴ്പ്പെടുത്തിയാണ് മുൻ ചാമ്പ്യനായ സെറീന അവസാന പതിനാറിൽ ഇടം പിടിച്ചത്.

പത്താം സീഡും യുഎസ് ഓപ്പൺ റണ്ണറപ്പുമായ മാഡിസൺ കീസിനെ സീഡില്ലാ താരം റോഡിന അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 5-7, 6-4 എന്ന സ്കോറിനാണ് റോഡിന കീസിനെ തറപറ്റിച്ചത്. മറ്റ് മത്സരങ്ങളിൽ മക്കറോവ, പ്ലിസ്‌കോവ, വെകിച്ച് എന്നിവരും അവസാന പതിനാറിൽ ഇടം നേടി.

പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ അനായസാം നാലാം റൗണ്ടിൽ എത്തി. സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറർ തോൽപ്പിച്ചത്. അമേരിക്കയുടെ ഉയരക്കാരൻ ജോൺ ഇസ്‌നർ, അമേരിക്കയുടെ തന്നെ മക്ഡൊണാൾഡ്, മന്നാരിനൊ, മോൺഫിസ്, കെവിൻ ആന്ഡേഴ്സൻ എന്നിവർ അവസാന പതിനാറിൽ ഇടം നേടിയപ്പോൾ ഫാബിയാനോയെ തോൽപ്പിച്ച് ഗ്രീസിന്റെ പത്തൊമ്പത് വയസ്സുകാരൻ സിസിപ്പാസ് ചരിത്രം സൃഷ്ടിച്ചു.

നവീന കാലഘട്ടത്തിൽ ആദ്യമായാണ് ഗ്രീസിൽ നിന്നുള്ള ഒരു താരം ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടക്കുന്നത്. ഇതിന് മുമ്പേ ഗ്രീസിൽ നിന്ന് ആകെ 3 പേര് മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇസ്‌നറാണ് അടുത്ത റൗണ്ടിൽ ഗ്രീസ് താരത്തിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചുവരവിനു ഇനിയും സമയം എടുക്കും, സെറീനയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടെന്നീസ് താരം സെറീന വില്യംസ്. ജനുവരി 15-28 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ താരം തന്റെ മടങ്ങി വരവ് നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ദുബായിയിലെ പ്രദര്‍ശന മത്സരത്തിനു ശേഷം തീരുമാനം പുനഃപരിശോധിക്കപ്പെടുകയായിരുന്നു. പൂര്‍ണ്ണമായും താന്‍ തയ്യാറെന്ന് തോന്നുന്ന ടൂര്‍ണ്ണമെന്റുകളില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് തന്റെ കോച്ചിന്റെയും ടീമിന്റെയും തീരുമാനം. താന്‍ ഇപ്പോള്‍ അതിനു തയ്യാറല്ലെന്നാണ് തന്റെ വിലയിരുത്തല്‍. അതിനാല്‍ ഒരു മടങ്ങി വരവിനു ഇനിയും സമയം എടുക്കുമെന്നാണ് ഇപ്പോള്‍ പറയാനാകുന്നത്.

തന്റെ തീരുമാനം താരം ടെന്നീസ് ഓസ്ട്രേലിയയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ മകള്‍ക്ക് ജന്മം നല്‍കിയ ശേഷം ടെന്നീസിലേക്ക് സെറീനയുടെ മടങ്ങി വരവ് ഓസ്ട്രേലിയന്‍ ഓപ്പണിലാവുമെന്നാണ് കരുതിയിരുന്നത്. 36 വയസ്സുകാരി സെറീന 23 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് ഇതുവരെ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version