ഷാനിയും കീർത്തിയും കത്തിക്കയറി, നാഗാലൻ്റിനെ തകർത്ത് കേരളം

സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലൻ്റിനെതിരെ കേരളത്തിന് കൂറ്റൻ വിജയം. 209 റൺസിനാണ് കേരളം നാഗാലൻ്റിനെ തോല്പിച്ചത്. ക്യാപ്റ്റൻ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീർത്തി ജെയിംസിൻ്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലൻ്റിനെതിരെ കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാൻ്റ് 92 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ക്യാപ്റ്റൻ ഷാനിയും വൈഷ്ണയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 62 റൺസ് പിറന്നു. 18 റൺസെടുത്ത വൈഷ്ണ റണ്ണൌട്ടായെങ്കിലും പകരമെത്തിയ ദൃശ്യയും മികച്ച രീതിയിൽ ബാറ്റ് വീശി. ദൃശ്യയും ഷാനിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസ് കൂട്ടിച്ചേർത്തു. ദൃശ്യ 91 പന്തുകളിൽ നിന്ന് 88 റൺസെടുത്തപ്പോൾ ഷാനി 121 പന്തുകളിൽ നിന്ന് 123 റൺസെടുത്തു. 17 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഷാനിയുടെ സെഞ്ച്വറി. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും തുടർന്നെത്തിയ അരുന്ധതി റെഡ്ഡിയും കീർത്തി ജെയിംസുമെല്ലാം ചേർന്ന് കേരളത്തിൻ്റെ സ്കോർ 301ൽ എത്തിച്ചു. അരുന്ധതി റെഡ്ഡി 22ഉം കീർത്തി ജെയിംസ് 24ഉം റൺസെടുത്തു.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നാഗാലൻ്റിന് ഒരു ഘട്ടത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മുൻനിര ബാറ്റർമാരെയെല്ലാം പുറത്താക്കി കീർത്തി ജെയിംസാണ് നാഗാലൻ്റ് ബാറ്റിങ് നിരയെ തകർത്തത്. അഞ്ച് ബാറ്റർമാരെയും ക്ലീൻ ബൌൾഡാക്കിയായിരുന്നു കീർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം. ക്യാപ്റ്റൻ ഷാനി മൂന്ന് വിക്കറ്റുകളും മൃദുല ഒരു വിക്കറ്റും വീഴ്ത്തി. 30.2 ഓവറിൽ വെറും 92 റൺസിന് നാഗാലൻ്റ് ഓൾ ഔട്ടായി. 25 റൺസെടുത്ത സെൻ്റിലെംലയാണ് നാഗാലൻ്റിൻ്റെ ടോപ് സ്കോറർ

സീനിയർ വനിതാ ഏകദിനം: കേരളത്തെ തോല്പിച്ച് ഹൈദരാബാദ്

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. ഹൈദരാബാദ് ഒൻപത് റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രമാണ് എടുക്കാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഓപ്പണർ രമ്യയുടെയും ക്യാപ്റ്റൻ വെല്ലൂർ മഹേഷ് കാവ്യയുടെയും ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രമ്യയും സന്ധ്യ ഗോറയും ചേർന്ന ഓപ്പണിങ് വിക്കറ്റിൽ 72 റൺസ് പിറന്നു. അടുപ്പിച്ച് രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന രമ്യയും വെല്ലൂർ മഹേഷ് കാവ്യയും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 78 റൺസെടുത്ത രമ്യ പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റൻ വെല്ലൂർ മഹേഷ് കാവ്യയാണ് ഹൈദരാബാദ് സ്കോർ 231 വരെയെത്തിച്ചത്. വെല്ലൂർ മഹേഷ് കാവ്യ 70 പന്തുകളിൽ 68 റൺസുമായി പുറത്താകാതെ നിന്നു. പത്തോവറിൽ 32 റൺസ് മാത്രം വിട്ടു കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനിയാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. കീർത്തിയും ദർശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സ് അവസാന ഓവറുകൾ വരെ പ്രതീക്ഷ നല്കി. എന്നാൽ ദൃശ്യയുടെ ഒറ്റയാൾ പോരാട്ടത്തിനപ്പുറം മറ്റ് ബാറ്റർമാർക്ക് മികച്ച ഇന്നിങ്സുകൾ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൻ്റെ മറുപടി 222 റൺസിൽ അവസാനിച്ചു. ദൃശ്യ 144 പന്തുകളിൽ നിന്ന് 103 റൺസ് നേടി. 12 ഫോറുകൾ അടങ്ങുന്നതായിരുന്നു ദൃശ്യയുടെ ഇന്നിങ്സ്. ദൃശ്യയ്ക്ക് പുറമെ 28 റൺസെടുത്ത അക്ഷയയ്ക്കും 19 റൺസെടുത്ത നജ്ലയ്ക്കും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്ക്കാനായത്. ഹൈദരാബാദിന് വേണ്ടി യശശ്രീ മൂന്നും സാക്ഷി റാവു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

സീനിയർ വനിതാ ക്രിക്കറ്റ്; ഉത്തരാഖണ്ഡിനെ തകർത്ത് കേരളം

അഹമ്മദാബാദ്: സീനിയർ വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മികച്ച വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഉത്തരാഖണ്ഡിനെ തകർത്തത്. പുറത്താകാതെ 83 റൺസ് നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റൻ ഷാനിയുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിൻ്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി കീർത്തി ജെയിംസ് മികച്ച തുടക്കമാണ് കേരളത്തിന് നല്കിയത്. മികച്ചൊരു കൂട്ടുകെട്ടിന് തുടക്കമിട്ട നന്ദിനി കശ്യപിനെയും ജ്യോതി ഗിരിയെയും കൂടി കീർത്തി പുറത്താക്കിയതോടെ വലിയൊരു തകർച്ചയുടെ വക്കിലായിരുന്നു ഉത്തരാഖണ്ഡ്. അഞ്ചാമതായി ബാറ്റ് ചെയ്യാനെത്തിയ കാഞ്ചൻ പരിഹാറിൻ്റെ പ്രകടനമാണ് ഉത്തരാഖണ്ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കാഞ്ചൻ 97 പന്തിൽ 61 റൺസെടുത്തു. ശേഷമെത്തിയവർക്ക് പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ ഉത്തരാഖണ്ഡ് നാല്‍പ്പത്തിയെട്ടാം ഓവറിൽ 189 റൺസിന് ഓൾ ഔട്ടായി. കീർത്തി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ഷാനി മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ വൈഷ്ണയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഷാനിയും ദൃശ്യയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിൻ്റെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റൺസ് നേടി. ദൃശ്യ 66 റൺസെടുത്ത് പുറത്തായി. തുടർന്ന് ഷാനിയും സജനയും ചേർന്ന് 37 പന്ത് ബാക്കിയിരിക്കെ കേരളത്തെ വിജയത്തിലെത്തിച്ചു. സജന 29 പന്തിൽ നിന്ന് 35 റൺസെടുത്തു. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ്; കേരളത്തെ തോല്പിച്ച് ഒഡീഷ

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. ഒഡീഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറിൽ 198 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 29 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങിയ ക്യാപ്റ്റൻ സുശ്രീ ദേവദർശിനിയുടെ പ്രകടനമാണ് ഒഡീഷയ്ക്ക് വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ഷാനിയും ദൃശ്യയും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 74 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത ദൃശ്യയെ പുറത്താക്കി സുശ്രീയാണ് കേരള സ്കോറിങ്ങിന് തടയിട്ടത്. തുടർന്നെത്തിയ നജ്ല ഏഴ് റൺസെടുത്ത് പുറത്തായെങ്കിലും ഷാനിയും ക്യാപ്റ്റൻ സജനയും ചേർന്നുള്ള കൂട്ടുകെട്ടിൽ 50 റൺസ് പിറന്നു. 27 റൺസെടുത്ത സജന പുറത്തായതിന് ശേഷമെത്തിയവർക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ കഴിയാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. തുടർന്നെത്തിയവരിൽ 21 പന്തിൽ 25 റൺസെടുത്ത സായൂജ്യയ്ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. 72 റൺസെടുത്ത ഷാനിയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ഒഡീഷയ്ക്ക് വേണ്ടി സുശ്രീ ദിവ്യദർശിനി നാലും ജാനകി റെഡ്ഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷയ്ക്ക് തുടക്കത്തിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റൻ സുശ്രീ ദിവ്യദർശിനിയുടെ പ്രകടനം ഒഡീഷയ്ക്ക് കരുത്തായി. 100 പന്തുകളിൽ നിന്ന് 102 റൺസുമായി സുശ്രീ പുറത്താകാതെ നിന്നു. മാധുരി മെഹ്ത 26ഉം ജാനകി റെഡ്ഡി 28ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി ദർശനയും വിനയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാമതായി ബാറ്റ് ചെയ്യാനെത്തിയ നജ്ലയുടെ പ്രകടനം കേരള ഇന്നിങ്സിന് കരുത്തായി. ഒരറ്റത്ത് നജ്ല ഉറച്ച് നിന്നപ്പോഴും മറുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണത് കേരളത്തിന് തിരിച്ചടിയായി. ഏഴാം വിക്കറ്റിൽ നജ്ലയും സായൂജ്യയും ചേർന്ന് നേടിയ 75 റൺസാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സായൂജ്യ 22 റൺസെടുത്തു. അസമിന് വേണ്ടി നിരുപമയും മോണിക്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിൻ്റെ മുൻനിരയെ തകർത്തെറിഞ്ഞ് ബൌളർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കിയത്. സ്കോർ അൻപതിലെത്തും മുൻപെ തന്നെ അസമിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. പിന്നീടൊരു തിരിച്ചുവരവിന് അസം ബാറ്റർമാർക്കായില്ല. 37-ാം ഓവറിൽ 113 റൺസിന് അസം ഓൾഔട്ടായി. 22 റൺസെടുത്ത രഷ്മി ദേയാണ് അസമിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൃദുല, ദർശന, ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 73 റൺസ് നേടിയ നജ്ല യാണ് പ്ലയര്‍ ഓഫ് ദി മാച്ച്.

Exit mobile version