സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: ഇടുക്കിയും ആലപ്പുഴയും സെമിഫൈനലില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരം സെമിഫൈനല്‍ കാണാതെ പുറത്ത്. ശനിയാഴ്ച്ച രാവിലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടുക്കിയാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ (6-5) തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്, ഇരുടീമുകളും അഞ്ച് ഷോട്ടുകളും വലയിലെത്തിച്ചതോടെ വിജയിനിര്‍ണയം സഡന്‍ഡെത്തിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ ആദ്യകിക്കെടുത്ത തിരുവനന്തപുരത്തിന്റെ എം.എല്‍ അഭിലാഷിന് ലക്ഷ്യം കാണാനായില്ല. പന്ത് ബാറിന് മുകളില്‍ പറന്നു. പിന്നാലെ ഗോളിയെ നിസഹായനാക്കിയ ഷോട്ടില്‍ ക്യാപ്റ്റന്‍ മുഹമ്മദ് മാഹിന്‍ കെ.എസ് ഇടുക്കിക്ക് സെമിഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്തു.

വൈകിട്ട് നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആലപ്പുഴയും സെമിഫൈനലില്‍ പ്രവേശിച്ചു. 23ാം മിനിറ്റില്‍ ടി.അക്ഷയ് നേടിയ ഗോളില്‍ ലീഡെടുത്ത ശേഷമായിരുന്നു കണ്ണൂരിന്റെ തോല്‍വി. 64ാം മിനിറ്റില്‍ പകരതാരം കെ.പി അതീന്ദന്‍ ആലപ്പുഴയെ ഒപ്പമെത്തിച്ചു. സമനില ഗോളില്‍ കരുത്ത് നേടിയ ആലപ്പുഴയെ 73ാം മിനിറ്റില്‍ ആദില്‍ അഷ്‌റഫ് മുന്നിലെത്തിച്ചു. കണ്ണൂര്‍ ഒപ്പമെത്താന്‍ അവസാനമിനിറ്റ് വരെ പൊരുതിയെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ അധികസമയത്ത് യദുകൃഷ്ണ നേടിയ ഗോളില്‍ ആലപ്പുഴ പട്ടിക പൂര്‍ത്തിയാക്കി ആധികാരിക ജയം ഉറപ്പാക്കി. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ആദ്യസെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോട്ടയം, തൃശൂരിനെ നേരിടും. നാളെ വൈകിട്ട് 3ന് ഇടുക്കിയും ആലപ്പുഴയും തമ്മിലാണ് രണ്ടാം സെമിഫൈനല്‍. 21നാണ് കലാശക്കളി.

Image Caption

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരവും ഇടുക്കിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന്

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കണ്ണൂരും ആലപ്പുഴയും ക്വാര്‍ട്ടറിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിനും ആലപ്പുഴയ്ക്കും ജയം. രാവിലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പാലക്കാടിനെയാണ് കണ്ണൂര്‍ തോല്‍പിച്ചത്.

26ാം മിനിറ്റില്‍ പി.കെ ആകാശ് കണ്ണൂരിനെ മുന്നിലെത്തിച്ചു രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ എം.വി ശ്രീവിഷ്ണു നേടിയ ഗോളില്‍ ടീം വിജയം ഉറപ്പാക്കി. വൈകിട്ട് നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) ആതിഥേയരായ എറണാകുളത്തെയാണ് ആലപ്പുഴ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചു (1-1).

ആലപ്പുഴക്കായി കെ.പി അതീന്ദ്രനും (20), എറണാകുളത്തിനായി ക്യാപ്റ്റന്‍ കാല്‍വിന്‍ തോമസും (82) സ്‌കോര്‍ ചെയ്തു. ഷൂട്ടൗട്ടില്‍ എറണാകുളത്തിന്റെ മൂന്ന് ഷോട്ടുകളാണ് ഗോള്‍കീപ്പര്‍ പാര്‍ഥീവ് കെ.എം തടഞ്ഞിട്ടത്. ആലപ്പുഴക്കായി ഷിബിന്‍ പി, അബു അന്‍ഫാല്‍ അമീന്‍, ഷാല്‍ബിന്‍ ബെന്നി എന്നിവര്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. ഫഹദ് അലിയാര്‍, അബ്ദുല്ല കെ.എസ് എന്നിവര്‍ക്ക് മാത്രമാണ് ആതിഥേയര്‍ക്കായി വലകുലുക്കാനായത്.

ജയത്തോടെ കണ്ണൂരും ആലപ്പുഴയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ന് വൈകിട്ട് 3.45നാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം. ഇന്ന് രാവിലെ 7.30ന് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരം ഇടുക്കിയെ നേരിടും. വിജയികള്‍ ആലപ്പുഴ-കണ്ണൂര്‍ മത്സരവിജയികളുമായി സെമിഫൈനലില്‍ മത്സരിക്കും. 19ന് വൈകിട്ട് 3.45ന് നടക്കുന്ന ആദ്യസെമിഫൈനലില്‍ കോട്ടയം തൃശൂരിനെ നേരിടും. 21നാണ് ഫൈനല്‍ മത്സരം.

സീനിയര്‍ ഫുട്‌ബോള്‍: മലപ്പുറത്തെ തോല്‍പിച്ച് തൃശൂര്‍ സെമിഫൈനലില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ തോല്‍പ്പിച്ച് തൃശൂര്‍ സെമിഫൈനലില്‍ കടന്നു. വൈകിട്ട് നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു തൃശൂരിന്റെ ജയം. 11ാം മിനിറ്റില്‍ ഹാഷിര്‍ നേടിയ ഗോളിലൂടെ മലപ്പുറം ലീഡ് നേടിയെങ്കിലും, പത്തുമിനിറ്റിനിടെ രണ്ടു ഗോളുകള്‍ എതിര്‍വലയിലെത്തിച്ച് തൃശൂര്‍ തിരിച്ചടിച്ചു.

അജിത് കെ.എസ് (17), നാസര്‍ പി.എ (21) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മലപ്പുറം വിട്ടുകൊടുത്തില്ല, 27ാം മിനിറ്റില്‍ നന്ദുകൃഷ്ണയിലൂടെ സമനില പിടിച്ചു. എന്നാല്‍ ആദ്യപകുതിക്ക് തൊട്ടുമുമ്പ് സന്തോഷിന്റെ ഗോളില്‍ തൃശൂര്‍ ലീഡ് വീണ്ടെടുത്തു. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മുഹമ്മദ് മുസമ്മില്‍ എതിര്‍വലയിലേക്ക് നിറയൊഴിച്ചതോടെ തൃശൂര്‍ കൂടുതല്‍ കരുത്തരായി. 67ാം മിനിറ്റില്‍ നന്ദുകൃഷ്ണ രണ്ടാം ഗോള്‍ നേടി ലീഡ് കുറച്ചെങ്കിലും തൃശൂരിനെ തളയ്ക്കാന്‍ അതുമതിയായില്ല. കരുത്തരുടെ പോരില്‍ തൃശൂര്‍ ജയിച്ചുകയറി. 19ന് വൈകിട്ട് 3.45ന് നടക്കുന്ന ആദ്യസെമിഫൈനലില്‍ കോട്ടയമാണ് തൃശൂരിന്റെ എതിരാളികള്‍.

രാവിലെ നടന്ന മത്സരത്തില്‍ കോഴിക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ഇടുക്കി കാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. മൂന്നാം മിനിറ്റില്‍ തന്നെ അജ്മല്‍ കാജയിലുടെ അക്കൗണ്ട്് തുറന്ന ഇടുക്കിക്ക് വേണ്ടി, 75ാം മിനിറ്റില്‍ അക്ഷയ് കുമാര്‍ സുബേദി വിജയഗോള്‍ നേടി. അവസാനമിനിറ്റ് വരെ പൊരുതിയെങ്കിലും കോഴിക്കോടിന് മറുപടിഗോള്‍ നേടാനായില്ല. നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരമാണ് ക്വാര്‍ട്ടറില്‍ ഇടുക്കിയുടെ എതിരാളികള്‍, ശനിയാഴ്ച്ച രാവിലെ 7.30നാണ് മത്സരം. ഇന്ന് രണ്ട് മത്സരങ്ങള്‍. രാവിലെ 7.30ന് കണ്ണൂര്‍ പാലക്കാടിനെയും, വൈകിട്ട് 3.45ന് എറണാകുളം ആലപ്പുഴയെയും നേരിടും. വിജയികള്‍ 18ന് വൈകിട്ട് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: കാസര്‍ഗോഡും മലപ്പുറവും ക്വാര്‍ട്ടറില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കാസര്‍ഗോഡ്, മലപ്പുറം ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ജയത്തോടെ ഇരുടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലും ഇടംനേടി. രാവിലെ ഉദ്ഘാടന മത്സരത്തില്‍ വയനാടിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) കാസര്‍ഗോഡ് കീഴടക്കിയത്. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതിനാല്‍ (2-2) കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. എതിരില്ലാത്ത 9 ഗോളുകള്‍ക്കാണ് മലപ്പുറം പത്തനംതിട്ടയെ പരാജയപ്പെടുത്തിയത്. മുഹമ്മദ് മുബീന്‍ ഹാട്രിക് നേടിയ മത്സരത്തില്‍, ഹാഷിര്‍, നന്ദു കൃഷ്ണ എന്നിവര്‍ ഇരുവട്ടം എതിര്‍ വലകുലുക്കി. റിസ്വാന്‍ ഷൗക്കത്ത്, ജന്‍ബാസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. കാസര്‍ഗോഡിനെതിരായ മത്സരത്തില്‍ 11ാം മിനിറ്റില്‍ തന്നെ മുഹമ്മദ് നിഹാല്‍ വയനാടിന് മുന്‍തൂക്കം നല്‍കി. 42ാം മിനിറ്റില്‍ ഉജ്ജ്വലമായൊരു ഫ്രീകിക്ക് ഗോളിലൂടെ മുഹമ്മദ് അമീന്‍ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയില്‍ ആക്രമിച്ചുകളിച്ച കാസര്‍ഗോഡ് ദാനഗോളിലൂടെയാണ് ലീഡ് കുറച്ചത്. 66ാം മിനിറ്റില്‍ അമീന്‍ ചുവപ്പുകാര്‍ഡുമായി മടങ്ങിയതോടെ വയനാട് കൂടുതല്‍ സമ്മര്‍ദത്തിലായി. 83ാം മിനിറ്റില്‍ അബൂബക്കര്‍ ദില്‍ഷാദിന്റെ അതിമനോഹര ഫ്രീകിക്ക് ഗോളില്‍ ഒപ്പംപിടിച്ച കാസര്‍ഗോഡ് ഷൂട്ടൗട്ടില്‍ പിഴയ്ക്കാതെ ജയം സ്വന്തമാക്കുകകയായിരുന്നു. ഇന്ന് വൈകിട്ട് 3.45ന് നടക്കുന്ന ആദ്യക്വാര്‍ട്ടറില്‍ കോട്ടയമാണ് കാസര്‍ഗോഡിന്റെ എതിരാളികള്‍. രാവിലെ 7.30ന് കൊല്ലം തൃശൂരിനെ നേരിടും. വിജയികള്‍ നാളെ വൈകിട്ട് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ മലപ്പുറവുമായി കളിക്കും. ചാമ്പ്യന്‍ഷിപ്പ് വൈകിട്ട് നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബോള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി ശ്രീനിജന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍, സെക്രട്ടറി ഷാജി കുര്യന്‍, ചാമ്പ്യന്‍ഷിപ്പ് ഓര്‍ഗനൈസിങ് സെക്രട്ടറി പി.അനില്‍കുമാര്‍, ഡിഎഫ്എ സെക്രട്ടറി വിജു ചൂളയ്ക്കല്‍, വി.പി ചന്ദ്രന്‍, എ.എസ് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സീനിയർ വനിതാ ഫുട്ബോൾ; കോട്ടയത്തിനും കാസർഗോഡിനും വിജയം

24-ാമത് സീനിയർ വനിതാ അന്തർ ജില്ലാ സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെ ആവേശകരമായ മത്സരത്തിൽ ആലപ്പുഴയ്‌ക്കെതിരെ കോട്ടയം ജേതാക്കളായി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. മത്സരം 1-1ന് സമനിലയിൽ ആണ് അവസാനിച്ചത്‌. 26-ാം മിനിറ്റിൽ ആര്യ ആലപ്പുഴയുടെ ലീഡ് നേടിയപ്പോൾ 84-ാം മിനിറ്റിൽ ദീപ്തി കൃഷ്ണ കോട്ടയത്തിന് സമനില നേടിക്കൊടുത്തു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് കോട്ടയം ജയിച്ച് അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ കാസർകോടിന് വേണ്ടി മാളവിക രണ്ട് ഗോളുകളും അശ്വനി, ആരതി വി വി എന്നിവർ ഓരോ ഗോളും നേടിയപ്പോൾ വയനാടിനെ 4-1ന് പരാജയപ്പെടുത്തി കൊണ്ട് കാസർഗോഡും അടുത്ത റൗണ്ടിൽ എത്തി. വയനാടിന് വേണ്ടി ആരതി പി.എം ഏക ഗോൾ നേടി.

സീനിയർ ഫുട്ബോൾ കിരീടം കാസർഗോഡിന്, ഫൈനലിൽ മലപ്പുറത്തെ തോൽപ്പിച്ചു

സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടം കാസർഗോഡ് സ്വന്തമാക്കി. ഇന്ന് തൃശ്ശൂരിൽ നടന്ന ഫൈനലിൽ മലപ്പുറത്തെ പരാജയപ്പെടുത്തി ആണ് കാസർഗോഡ് കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കാസർഗോഡിന്റെ വിജയം. ആദ്യ പകുതിയിലാണ് കാസർഗോഡ് വിജയ ഗോളായി മാറിയ ഗോൾ നേടിയത്. ഇനാസാണ് ഗോൾ നേടിയത്.

സെമിയിൽ കോട്ടയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആയിരുന്നു കാസർഗോഡ് ഫൈനലിലേക്ക് എത്തിയത്‌. മലപ്പുറം തിരുവനന്തപുരത്തെ തോൽപ്പിച്ച് ആണ് ഫൈനലിലേക്ക് വന്നത്. ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ തിരുവനന്തപുരം കൊല്ലത്തെ തോൽപ്പിച്ചിരുന്നു.

മലപ്പുറം കേരള ഫുട്ബോളിന്റെ ചാമ്പ്യന്മാർ

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറത്തിന്. ഇന്ന് കലാശ പോരാട്ടത്തിൽ കോട്ടത്തെ തോൽപ്പിച്ചാണ് മലപ്പുറം കിരീടം ഉയർത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. മലപ്പുറത്തിനായി അക്ബർ സിദ്ദീഖ് ഇരട്ട ഗോളുകൾ നേടി.

ആൽഫിൻ ആണ് മറ്റൊരു സ്കോറർ. സെമി ഫൈനലിൽ ഇരട്ട ഗോളുകൾ മലപ്പുറത്തിനായി നേടിയിരുന്നു. സെമിയിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് ആയിരുന്നു മലപ്പുറം ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ സെമിയിലെ വിജയം. ക്വാർട്ടറിൽ വയനാടിനെയും മലപ്പുറം തോൽപ്പിച്ചു.

സീനിയർ ഫുട്ബോൾ; പാലാക്കാടിനെ എറണാകുളത്തിനെതിരെ ജയം

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടിന് വിജയം . ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എറണാകുളത്തെ നേരിട്ട പാലക്കാട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. പാലക്കാടിനായി അഭിഷേക് നായറും രാജുവുമാണ് ഗോൾ നേടിയത്.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കാസർഗോഡ് കൊല്ലത്തെ നേരിടും.

സീനിയർ ഫുട്ബോൾ; മലപ്പുറം സെമിയിൽ

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം സെമിയിൽ കടന്നു. ഇന്ന് നടന്ന മത്സരത്തിൽ വയനാടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് മലപ്പുറം സെമി ഉറപ്പിച്ചത്. കളിയുടെ 27ആം മിനുട്ടിൽ മുഹമ്മദ് സാലയാണ് കളിയുടെ വിധി നിർണയിച്ച ഗോൾ മലപ്പുറത്തിനായി നേടിയത്. നവംബർ എട്ടാം തീയതി നടക്കുന്ന സെമി ഫൈനലിൽ ആതിഥേയരായ തിരുവനന്തപുരത്തെ ആണ് മലപ്പുറം നേരിടുക

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ ആലപ്പുഴ കോഴിക്കോടിനെയും നേരിടും.

സീനിയർ ഫുട്ബോൾ; കണ്ണൂരിനെ ടൈബ്രേക്കറിൽ വീഴ്ത്തി വയനാട്

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് വയനാട് കണ്ണൂരിനെ തോൽപ്പിച്ചു. ടൈബ്രേക്കറിലായിരുന്നു വയനാടിന്റെ വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിത സമനിലയിൽ ആയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-1ന് വയനാട് വിജയിക്കുകയായിരുന്നു‌.

വയനാടിനായി എമിൽ ബെന്നി, ഫിർഷാദ്, അനീഷ്, അഖിൽ എന്നിവർ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. കണ്ണൂരിനായി പെനാൾട്ടി എടുത്തവരിൽ മുഹമ്മദ് സബിത് മാത്രമെ ലക്ഷ്യം കണ്ടുള്ളൂ. ഇന്ന് വൈകിട്ട് നടക്കുന്ന ആദ്യ പ്രീക്വാർട്ടർ ഫൈനലിൽ തൃശ്ശൂർ തിരുവനന്തപുരത്തെ നേരിടും.

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ

അമ്പത്തി അഞ്ചാമത് സംസ്ഥാന സീനിയർ ഫുട്ബോൾ നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. നേരത്തെ നവംബർ ഒന്നാം തീയതി മുതൽ നടത്താനിരുന്ന ടൂർണമെന്റ് പിന്നീട് മൂന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കാര്യവട്ടമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.

നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രാവികെ 7.30ന് ഇടുക്കി തൃശ്ശൂരിനെ നേരിടും. തിരുവനന്തപുരം പത്തനംതിട്ടയും തമ്മിലാണ് നാളത്തെ രണ്ടാം മത്സരം. ദിവസം രണ്ട് മത്സരങ്ങൾ വീതമാണ് ഉള്ളത്. നവംബർ എട്ടിന് ആദ്യ സെമിയും ഒമ്പതാം തീയതി രണ്ടാം സെമി ഫൈനലും നടക്കും. നവംബർ 10നാകും ഫൈനൽ നടക്കുക. മത്സരത്തിന് കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മത്സരങ്ങൾ തത്സമയം ലൈവ് സ്ട്രീം ചെയ്യാനും കെ എഫ് എ ആലോചിക്കുന്നുണ്ട്.

Exit mobile version