70/5 എന്ന നിലയിൽ തകര്‍ന്നു, അവിടെ നിന്ന് അയര്‍ലണ്ടിന്റെ തിരിച്ചുവരവ്

ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്കോട്‍ലാന്‍ഡിനെതിരെ 286/8 എന്ന സ്കോര്‍ നേടി അയര്‍ലണ്ട്. ഒരു ഘട്ടത്തിൽ 70/5 എന്ന നിലയിൽ തകര്‍ന്ന ടീമിനെ കര്‍ട്ടിസ് കാംഫര്‍ നേടിയ ശതകം ആണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 120 റൺസ് നേടിയ താരത്തിനൊപ്പം 69 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രലും ടീമിനെ മുന്നോട്ട് നയിച്ചു.

ആറാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 136 റൺസാണ് നേടിയത്. സ്കോട്‍ലാന്‍ഡിന് വേണ്ടി ബ്രണ്ടന്‍ മക്മുല്ലന്‍ 5 വിക്കറ്റ് നേടി. 108 പന്തിൽ 120 റൺസ് നേടിയ കാംഫര്‍ ഇന്നിംഗ്സ് അവസാനിക്കുവാന്‍ ഒരു പന്ത് ബാക്കി നിൽക്കവേയാണ് പുറത്തായത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കൈൽ കോയെറ്റ്സര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടനടി വിരമിക്കുകയാണെന്ന് പറഞ്ഞ് സ്കോട്ലാന്‍ഡ് താരം കൈൽ കോയെറ്റ്സര്‍. മുന്‍ സ്കോട്‍ലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായിരുന്നു കൈൽ കോയെറ്റ്സര്‍. ഏകദിന ഫോര്‍മാറ്റിൽ അഞ്ച് ശതകങ്ങള്‍ ഉള്‍പ്പെടെ 3192 റൺസാണ് കോയെറ്റ്സര്‍ നേടിയിട്ടുള്ളത്. സ്കോട്‍ലാന്‍ഡിന്റെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിൽ ഒരാളായാണ് താരത്തെ വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ദീര്‍ഘകാലത്തിന് ശേഷം കോയെറ്റ്സര്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 2021ൽ ടീമിനെ ലോകകപ്പ് സൂപ്പര്‍12ലേക്ക് താരം നയിച്ചിരുന്നു. താരം ഇനി കോച്ചിംഗ് ദൗത്യവുമായി സജീവമാകുവാന്‍ പോകുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതും 2018ല്‍ ശ്രീലങ്ക, സിംബാബ്‍വേ, ഇംഗ്ലണ്ട് എന്നിവരോടെ കളിച്ചതും 2021ൽ ടി20 സൂപ്പര്‍ 12ലേക്ക് ടീം എത്തിയതും തന്റെ കരിയറിലെ മനോഹര നിമിഷങ്ങളായി എന്നുമുണ്ടാകുമെന്നാണ് കോയെറ്റ്സര്‍ വ്യക്തമാക്കിയത്.

സ്കോട്ടിഷ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

സ്കോട്‍ലാന്‍ഡ് താരം കാലം മക്ലോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 229 മത്സരങ്ങളിൽ സ്കോട്ലാന്‍ഡിനെ പ്രതിനിധീകരിച്ച താരം 2007ൽ ആണ് തന്റെെ അരങ്ങേറ്റം കുറിച്ചത്. സ്കോട്‍ലാന്‍ഡിനായി 5 ലോകകപ്പിൽ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 88 ഏകദിനങ്ങളിൽ നിന്ന് 3026 റൺസ് നേടിയ താരം 10 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

2018ൽ ഇംഗ്ലണ്ടിനെതിരെ 140 റൺസ് നേടി പുറത്താകാതെ നിന്ന കാലം മക്ലോഡ് സ്കോട്‍ലാന്‍ഡിന്റെ ചരിത്ര വിജയത്തിന്റെ ഭാഗം ആകുകയായിരുന്നു.

ഇര്‍വിനും റാസയും സിംബാബ്‍വേയുടെ സൂപ്പര്‍ 12ലെ സ്ഥാനം ഉറപ്പാക്കി

ടി20 ലോകകപ്പിൽ സൂപ്പര്‍ 12ലെ സ്ഥാനം ഉറപ്പാക്കി സിംബാബ്‍വേ. ഗ്രൂപ്പ് ടോപ്പറായ സിംബാബ്‍വേ ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് എത്തി. 133 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേ 5 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് ലക്ഷ്യം നേടി സ്കോട്ലാന്‍ഡിന്റെ ലോകകപ്പ് അവസാനിപ്പിച്ചത്.

ക്രെയിഗ് ഇര്‍വിന്‍ 58 റൺസ് നേടിയപ്പോള്‍ 23 പന്തിൽ 40 റൺസ് നേടിയ സിക്കന്ദര്‍ റാസയാണ് കളിയിലെ താരമായി മാറിയത്. സ്കോട്‍ലാന്‍ഡിനായി ജോഷ് ഡേവി 2 വിക്കറ്റ് നേടി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അയര്‍ലണ്ടും യോഗ്യത നേടിയിട്ടുണ്ട്.

സിംബാബ്‍വേയ്ക്ക് സൂപ്പര്‍ 12ലേക്കുള്ള വഴി 133 റൺസ് അകലെ

സ്കോട്‍ലാന്‍ഡിനെ 132 റൺസിലൊതുക്കി സിംബാബ്‍വേ. ഇന്ന് ഗ്രൂപ്പ് ബിയിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 6വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നേടിയത്.

ജോര്‍ജ്ജ് മുന്‍സി 54 റൺസും കാലം മക്ലോഡ് 25 റൺസും നേടിയപ്പോള്‍ സിംബാബ്‍വേയ്ക്കായി റിച്ചാര്‍ഡ് എന്‍ഗാരാവ രണ്ട് വിക്കറ്റ് നേടി. ടെണ്ടായി ചതാരയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

തോറ്റാൽ മടക്ക ടിക്കറ്റ്, സൂപ്പര്‍ 12ലേക്ക് യോഗ്യതയ്ക്കായി സ്കോട്‍ലാന്‍ഡ് സിംബാബ്‍വേ പോരാട്ടം

ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാമത് യോഗ്യത നേടുന്ന ടീമാകുവാന്‍ സ്കോട്‍ലാന്‍ഡും സിംബാബ്‍വേയും ഇറങ്ങുന്നു. ഇവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ ഇന്ന് അയര്‍ലണ്ടിനൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് സൂപ്പര്‍ 12ലേക്ക് എത്തും. മത്സരത്തിൽ ടോസ് നേടിയ സ്കോട്‍ലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡ് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയെങ്കിലും അയര്‍ലണ്ടിനോടേറ്റ തോൽവി ടീമിന് തിരിച്ചടിയായി. അതേ സമയം സിംബാബ്‍വേ അയര്‍ലണ്ടിനെ വീഴ്ത്തിയെങ്കിലും വെസ്റ്റിന്‍ഡീസിനോട് പരാജയം ആയിരുന്നു ഫലം.

സ്കോട്‍ലാന്‍ഡ്: George Munsey, Michael Jones, Matthew Cross(w), Richie Berrington(c), Michael Leask, Calum MacLeod, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Brad Wheal

സിംബാബ്‍വേ: Craig Ervine(c), Regis Chakabva(w), Wesley Madhevere, Sean Williams, Sikandar Raza, Milton Shumba, Ryan Burl, Luke Jongwe, Richard Ngarava, Tendai Chatara, Blessing Muzarabani

കത്തിക്കയറി കാംഫര്‍, സ്കോട്ലാന്‍ഡിനെതിരെ 6 വിക്കറ്റ് വിജയം നേടി അയര്‍ലണ്ട്

ഒരോവര്‍ അവശേഷിക്കെ സ്കോട്‍ലാന്‍ഡിനെതിരെ വിജയം കുറിച്ച് അയര്‍ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 176/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയാണ് അയര്‍ലണ്ട് വിജയം കുറിച്ചത്.

32 പന്തിൽ നിന്ന് 72 റൺസുമായി പുറത്താകാതെ നിന്ന കര്‍ട്ടിസ് കാംഫര്‍ ആണ് അയര്‍ലണ്ട് വിജയം ഉറപ്പാക്കിയത്. 27 പന്തിൽ 39 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് കാംഫറിന് മികച്ച പിന്തുണ നൽകിയത്.

61/4 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിനെ 119 റൺസ് കൂട്ടുകെട്ട് നേടിയാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് വിജയം ഒരുക്കിയത്.

 

അയർലണ്ടിനെതിരെ മികച്ച സ്കോർ ഉയർത്തി സ്കോട്ട്‌ലൻഡ്

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സ്കോട്ട്‌ലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു. അയർലണ്ട് ബൗളീംഗിന് വില്ലനായത് 86 റൺസ് എടുത്ത മിച്ചൽ ജോൺസിന്റെ ഇന്നിങ്സ് ആണ്. 55 പന്തിൽ നിന്നായിരുന്നു ജോൺസിന്റെ 86 റൺസ്. 4 സിക്സും 6 ഫോറും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

37 റൺസ് എടുത്ത ക്യാപ്റ്റൻ ബാരിങ്ടൺ, 28 റൺസ് എടുത്ത ക്രോസ് എന്നിവരും സ്കോട്ലൻഡിനായി തിളങ്ങി. അയർലണ്ടിബായി കാമ്പർ 2 വിക്കറ്റും ജോഷുവ ലിറ്റിൽ, മാർക് അദൈർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

നാണംകെട്ട് വെസ്റ്റിന്‍ഡീസ്, സ്കോട‍്ലാന്‍ഡിന് 42 റൺസ് വിജയം

വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി ടി20 ലോകകപ്പിന് ഉജ്ജ്വല തുടക്കം കുറിച്ച് സ്കോട്‍ലാന്‍ഡ്. ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 160/5 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 118 റൺസ് മാത്രമേ നേടാനായുള്ളു. 42 റൺസ് വിജയം ആണ് സ്കോട്‍ലാന്‍ഡ് നേടിയത്.

66 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജ് മുന്‍സി ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. മക്ലോഡ്(23), മൈക്കൽ ജോൺസ്(20), ക്രിസ് ഗ്രീവ്സ്(16*) എന്നിവരും റൺസ് കണ്ടെത്തി. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും ജേസൺ ഹോള്‍ഡറും 2 വീതം വിക്കറ്റ് നേടി.

കൈൽ മയേഴ്സ് തുടക്കത്തിൽ വേഗത്തിൽ സ്കോര്‍ ചെയ്തുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി. താരം 13 പന്തിൽ 20 റൺസ് നേടിയപ്പോള്‍ 38 റൺസുമായി പൊരുതി നിന്ന ജേസൺ ഹോള്‍ഡര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മാര്‍ക്ക് വാട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്രാഡ് വീൽ, മൈക്കൽ ലീസ്ക് എന്നിവരും രണ്ട് വീതം വിക്കറ്റ് സ്കോട്‍ലാന്‍ഡിനായി നേടി. 18.3 ഓവറിലാണ് വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട് ആയത്.

ലോകകപ്പിനായുള്ള സ്കോട്ട്ലൻഡ് ടീമും പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള സ്കോട്ട്ലൻഡ് ടീം പ്രഖ്യാപിച്ചു. 15 കളിക്കാരുടെ ടീം ആണ് സ്കോട്ട്‌ലൻഡ് പ്രഖ്യാപിച്ചത്. പരിചയസമ്പന്നനായ ബാറ്റർ റിച്ചാർഡ് ബെറിംഗ്ടൺ ആണ് ക്യാപ്റ്റൻ. പരിചയസമ്പന്നരായ സീമർമാരായ അലി ഇവാൻസും ഗാവിൻ മെയിനും ബാറ്റർ ഒലിവർ ഹെയർസും ടീമിൽ ഇല്ല.

Scotland T20 World Cup squad: Richard Berrington (c), George Munsey, Michael Leask, Bradley Wheal, Chris Sole, Chris Greaves, Safyaan Sharif, Josh Davey, Matthew Cross, Calum MacLeod, Hamza Tahir, Mark Watt, Brandon McMullen, Michael Jones, Craig Wallace.

വിജയം തുടര്‍ന്ന് സ്കോട്‍ലാന്‍ഡ്, യുഎഇയ്ക്കെതിരെ 86 റൺസ് വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 മത്സരത്തിൽ യുഎഇയെ തറപറ്റിച്ച് സ്കോട്‍ലാന്‍ഡ്. ഇന്നലെ നടന്ന മത്സരത്തിൽ 254/9 എന്ന സ്കോറാണ് സ്കോട്‍ലാന്‍ഡ് 50 ഓവറിൽ നേടിയത്. എതിരാളികളെ 41 ഓവറിൽ 168 റൺസിലൊതുക്കിയാണ് സ്കോട്‍ലാന്‍ഡിന്റെ 86 റൺസ് വിജയം.

മാത്യു ക്രോസ്(85), കാലം മക്ലോഡ്(77) എന്നിവരുടെ ബാറ്റിംഗിനൊപ്പം മാര്‍ക്ക് വാട്ട് 29 റൺസ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 254 റൺസ് നേടുകയായിരുന്നു.

യുഎഇയ്ക്ക് വേണ്ടി വൃത്തിയ അരവിന്ദ് 50 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ 5 വിക്കറ്റ് നേട്ടവുമായി മാര്‍ക്ക് വാട്ടാണ് സ്കോട്‍ലാന്‍ഡ് ബൗളിംഗിൽ തിളങ്ങിയത്.

300ന് മേലെ റൺസ് നേടി സ്കോട്ലാന്‍ഡ്, പക്ഷേ ന്യൂസിലാണ്ടിനെ തടയാനായില്ല

സ്കോട്ലാന്‍ഡും ന്യൂസിലാണ്ടും തമ്മിലുള്ള ഏക ഏകദിനത്തിൽ വിജയം നേടി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 306 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 45.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യസിലാണ്ട് വിജയം കരസ്ഥമാക്കിയത്.

മാര്‍ക്ക് ചാപ്മാന്‍ 101 റൺസും ഡാരിൽ മിച്ചൽ 74 റൺസും നേടിയപ്പോള്‍ ഫിന്‍ അല്ലന്‍(50), മാര്‍ട്ടിന്‍ ഗപ്ടിൽ(47), ഡെയിന്‍ ക്ലീവര്‍(32) എന്നിവരാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയവര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന്‍ഡിനായി മൈക്കൽ ലീസ്ക് 85 റൺസുമായി ടോപ് സ്കോറര്‍ ആയി. മാത്യു ക്രോസ് 53 റൺസ് നേടിയപ്പോള്‍ മൈക്കൽ ജോൺസ് 36 റൺസും മാര്‍ക്ക് വാട്ട് 31 റൺസും നേടി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് സ്കോട്‍ലാന്‍ഡിന് തിരിച്ചടിയായി.

ന്യൂസിലാണ്ടിനായി ജേക്കബ് ഡഫിയും മൈക്കൽ ബ്രേസ്വെല്ലും മൂന്ന് വീതം വിക്കറ്റും ലോക്കി ഫെര്‍ഗൂസൺ രണ്ട് വിക്കറ്റും നേടി.

Exit mobile version