ഫുൾഹാം കരാർ ഒപ്പ് വെച്ചത് 10 ദിവസം മുമ്പ് എന്നിട്ടും വില്ലിയനു പുറകെയും സൗദി ക്ലബ്

ഫുൾഹാം താരം വില്ലിയനെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഷബാബ് ശ്രമം. കഴിഞ്ഞ സീസണിൽ ഫുൾഹാമിനു ആയി കളിച്ച 32 കാരനായ ബ്രസീലിയൻ താരം 10 ദിവസം മുമ്പാണ് ഇംഗ്ലീഷ് ക്ലബും ആയി ഈ സീസണിലേക്ക് ആയി കരാർ ഒപ്പ് വെച്ചത്.

വില്ലിയനും സൗദിയിൽ പോവാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. നല്ല വില കിട്ടിയാൽ താരത്തെ വിൽക്കാൻ തന്നെ ആവും ഫുൾഹാം തീരുമാനം. നേരത്തെ തങ്ങളുടെ മുന്നേറ്റനിര താരം അലക്‌സാണ്ടർ മിട്രോവിചിന് ആയുള്ള സൗദി ശ്രമങ്ങൾ ഫുൾഹാം നിരസിച്ചിരുന്നു. നിലവിൽ മിട്രോവിച് ഫുൾഹാമിൽ ഇനി കളിക്കില്ല എന്ന നിലപാടിൽ ആണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസ് ഇനി സൗദി അറേബ്യയിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ വിങർ റിയാദ് മഹ്റസ് ഇനി സൗദി അറേബ്യയിൽ കളിക്കും. നേരത്തെ തന്നെ താരവും ആയി വലിയ കരാറിൽ ധാരണയിൽ എത്തിയ അൽ അഹ്‌ലി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും ആയി കരാർ ധാരണയിൽ എത്തിയത് ആയി അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റീൻ റിപ്പോർട്ട് ചെയ്തു. താരത്തിന് ആയി 30 മില്യൺ യൂറോയും 5 മില്യൺ യൂറോ ആഡ് ഓണും ആണ് സൗദി ക്ലബ് മുടക്കിയത്.

32 കാരനായ അൾജീരിയൻ താരം 3 വർഷത്തേക്ക് ആണ് സൗദി ക്ലബിൽ കരാർ ഒപ്പ് വെക്കുക. വ്യാഴാഴ്ച മെഡിക്കലിൽ ഏർപ്പെടുന്ന താരം അതിനു ശേഷം കരാറിൽ ഒപ്പ് വെക്കും. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ധാരണയും ഈ കരാറിൽ ഉണ്ട്. താരത്തിന് പകരക്കാരനായി നിലവിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ ആരെ എത്തിക്കും എന്നു ഇപ്പോൾ വ്യക്തമല്ല. യൂറോപ്യൻ ഫുട്‌ബോൾ വിട്ടു സൗദിയിലേക്ക് ചേക്കേറുന്ന ഏറ്റവും പുതിയ താരമാണ് മഹ്റസ്.

സൗദി ക്ലബ് അൽ ഹിലാലും ആയി വ്യക്തിഗത ധാരണയിൽ എത്തി മിട്രോവിച്

ഫുൾഹാമിന്റെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച് സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലിലേക്ക് അടുക്കുന്നു. നിലവിൽ മിട്രോവിച് സൗദി ക്ലബും ആയി വ്യക്തിഗത ധാരണയിൽ എത്തിയത് ആയാണ് റിപ്പോർട്ട്. മിട്രോവിചിനെ മുഖ്യ ലക്ഷ്യം ആയി കണ്ടാണ് അൽ ഹിലാൽ നീക്കങ്ങൾ.

അതേസമയം താരത്തിന് ആയുള്ള 30 മില്യൺ യൂറോയുടെ സൗദി ക്ലബിന്റെ ആദ്യ ഓഫർ ഫുൾഹാം നിരസിച്ചിരുന്നു. തങ്ങളുടെ മുന്നേറ്റത്തിൽ മുഖ്യസ്ഥാനം വഹിക്കുന്ന താരത്തിനെ നിലനിർത്താൻ ആണ് ഫുൾഹാമിനു താൽപ്പര്യം. എന്നാൽ താരത്തിന് ആയി അടുത്ത ബിഡ് ഉടൻ സൗദി ക്ലബ് മുന്നോട്ട് വെക്കും. അത് ഫുൾഹാമിന്റെ മനസ്സ് മാറ്റുമോ എന്നു കണ്ടറിയാം.

റിയാദ് മഹ്റസിന് ആയി മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഓഫർ വക്കാൻ സൗദി ക്ലബ് അൽ അഹ്‌ലി

മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരം റിയാദ് മഹ്റസിന് 30 മില്യൺ പൗണ്ടിന്റെ ഓഫർ മുന്നോട്ട് വക്കാൻ സൗദി പ്രോ ലീഗ് ക്ലബ് അൽ അഹ്‌ലി ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. നേരത്തെ തന്നെ താരവും ആയി സൗദി ക്ലബ് മൂന്നു വർഷത്തെ കരാറിൽ വ്യക്തിഗത ധാരണയിൽ ആയത് ആയി റിപ്പോർട്ട് ഉണ്ടായിരുന്നു.

2026 വരെ 32 കാരനായ താരത്തിന് 20 മില്യൺ യൂറോ ഓരോ വർഷവും വേതനം നൽകും എന്ന കരാർ ആണ് സൗദി ക്ലബ് താരത്തിന് മുന്നിൽ വച്ചത് എന്നായിരുന്നു റിപ്പോർട്ട്. ലിവർപൂളിന്റെ ബ്രസീലിയൻ താരം റോബർട്ടോ ഫർമീന്യോയെ ഇതിനകം സ്വന്തമാക്കിയ ക്ലബ് നിലവിൽ മഹ്റസിന് ആയും സാദിയോ മാനെക്കും ആയി ആണ് രംഗത്ത് ഉള്ളത്. അതേസമയം ഈ ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിക്കുമോ എന്ന കാര്യം സംശയമാണ്.

അവസാനം ജെറാഡും സൗദിക്ക്!! ഇത്തിഫാഖിന്റെ പരിശീലകൻ

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിനെ പരിശീലകനാക്കി എത്തിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ലിവർപൂൾ ഇതിഹാസം രണ്ടു വർഷത്തെ കരാറിലാണ് സൗദിയിലേക്ക് എത്തുന്നത്. മുൻ ആസ്റ്റൺ വില്ല മാനേജർ ആസ്റ്റൺ വില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് ജെറാഡ് സൗദിയിലേക്ക് പോകില്ല എന്നും അത്തരം വാർത്തകൾ തെറ്റാണെന്നും പറഞ്ഞിരുന്നു.

ലീഡ്‌സ് യുണൈറ്റഡ് , ലെസ്റ്റർ സിറ്റി  എന്നിവർ ജെറാഡിനെ സമീപിച്ചിരുന്നു. പക്ഷെ അദ്ദേഹം സൗദിയിൽ നിന്ന് ഉള്ള വലിയ ഓഫർ സ്വീകരിക്കാൻ ആണ് തയ്യാറായത്. ഇത്തിഫാഖ് ഈ കഴിഞ്ഞ സൗദി പ്രൊ ലീഗ് സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ജെറാഡിനെ എത്തിക്കുന്നതിന് പിന്നാലെ യൂറോപ്പിൽ നിന്ന് വലിയ താരങ്ങളെയും ഇത്തിഫാഖ് എത്തിക്കും. നേരത്തെ പരിശീലകനായി സ്കോട്ടിഷ് ലീഗ് നേടാൻ ജെറാഡിനായിട്ടുണ്ട്.

സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ തള്ളി ജെയ്മി വാർഡി

സൗദി അറേബ്യയിൽ നിന്നുള്ള ഖലീജ് എഫ്.സിയുടെ വലിയ ഓഫർ തള്ളി ഇംഗ്ലീഷ് മുന്നേറ്റനിര താരം ജെയ്മി വാർഡി. നിലവിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ കൂടെ ഒരു വർഷത്തെ കരാർ ആണ് വാർഡിക്ക് ഉള്ളത്.

നിലവിൽ പുതിയ കരാറിന്റെ കാര്യത്തിൽ ഒരു ചർച്ചയും വാർഡി തുടങ്ങിയിട്ടില്ല. എന്നാൽ സൗദിയിൽ നിന്നുള്ള ഓഫർ ലഭിച്ച ഉടൻ താരം നിരസിക്കുക ആയിരുന്നു. തനിക്കും കുടുംബത്തിനും ചേർന്ന ജീവിതശൈലി ആവില്ല സൗദിയിൽ എന്ന കാരണം ആണ് സൗദി ഓഫർ വന്ന ഉടനെ നിരസിക്കാൻ വാർഡിയെ പ്രേരിപ്പിച്ച ഘടകം.

ആരു പോയാലും ലുകാക്കു സൗദിയിലേക്ക് ഇല്ല

ഒരിക്കൽ കൂടി താൻ സൗദി അറേബ്യയിലേക്ക് ഇല്ല എന്നു വ്യക്തമാക്കി ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാക്കു. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ ലോണിൽ കളിച്ച താരത്തിന് ആയി ഇന്റർ മിലാൻ ചർച്ചകൾ നടത്തിയെങ്കിലും അത് എവിടെയും എത്തിയില്ല.

നിലവിൽ താരത്തെ ഇന്റർ നിലനിർത്തുമോ എന്നു വ്യക്തമല്ല. അതേസമയം സൗദിയിലേക്ക് ഇല്ല എന്നു വ്യക്തമാക്കിയ ലുകാക്കു യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എന്ന കാര്യം ആവർത്തിച്ചു. അതേസമയം താരത്തിന് ആയി ഇന്റർ മിലാന്റെ എതിരാളികൾ ആയ എ.സി മിലാൻ രംഗത്തേക്ക് വന്നേക്കും എന്ന റിപ്പോർട്ടുകളും ഉണ്ട്.

ബ്രൊസോവിചും സൗദിയിലേക്ക്, താരത്തെ സ്വന്തമാക്കാൻ അൽ നസർ

ഇന്റർ മിലാന്റെ ക്രൊയേഷ്യൻ മധ്യനിര താരം മാഴ്സെലോ ബ്രൊസോവിചിനെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ നസർ. നേരത്തെ ഗുണ്ടോഗനെ ലക്ഷ്യം വച്ച അവർ താരം ബാഴ്‌സലോണയിലേക്ക് പോയതോടെ ആണ് 30 കാരനായ ക്രൊയേഷ്യൻ താരത്തിന് പിറകെ പോയത്. നേരത്തെ ഇന്ററിന് മുന്നിൽ വച്ച 15 മില്യൺ യൂറോ അവർ നിരസിച്ചിരുന്നു.

നിലവിൽ സൗദിയിലേക്ക് പോവാൻ ക്രൊയേഷ്യൻ താരത്തിന് താൽപ്പര്യം ഉണ്ട്. നിലവിൽ താരവും ആയി സൗദി ക്ലബ് അവസാന വട്ട ചർച്ചയിൽ ആണ് എന്നാണ് റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ സീസണിൽ ടീമിൽ എത്തിച്ച അൽ നസർ ഈ ട്രാൻസ്ഫർ വിപണിയിൽ ചെൽസിയുടെ മൊറോക്കൻ താരം ഹക്കിം സിയെചിനെയും ടീമിൽ എത്തിച്ചിരുന്നു. സൗദിയിലേക്ക് പോവുന്ന പ്രമുഖ താരങ്ങളിൽ പുതിയത് ആവും കരാർ പൂർത്തി ആയാൽ ബ്രൊസോവിച്.

ആഴ്‌സണൽ താരം തോമസ് പാർട്ടിക്ക് ആയും സൗദി ക്ലബുകൾ രംഗത്ത്

ആഴ്‌സണൽ താരം തോമസ് പാർട്ടിക്ക് ആയും സൗദി ക്ലബുകൾ രംഗത്ത്. 30 കാരനായ ഘാന താരത്തിന് ആയി 40 മില്യൺ യൂറോ വരെ സൗദി ക്ലബുകൾ ഓഫർ ചെയ്യും എന്നാണ് റിപ്പോർട്ട്. നേരത്തെ താരത്തെ ആഴ്‌സണൽ വിൽക്കാൻ തയ്യാറാണ് എന്ന റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ ഇത് വരെ ഒരു തീരുമാനം പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിലവിൽ യൂറോപ്യൻ ക്ലബുകളും താരത്തിന് ആയി താൽപ്പര്യം കാണിച്ചിട്ടുണ്ട്. എന്നാൽ ആഴ്‌സണൽ താരത്തിന് പുതിയ കരാർ നൽകില്ല എന്നു ഉറപ്പാണ്. നിലവിൽ 2 വർഷത്തെ കരാർ ആഴ്‌സണലിൽ താരത്തിന് ബാക്കിയുണ്ട്. എന്നാൽ പകരക്കാരനെ ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കില്ല എന്നാണ് സൂചന.

സൗദിയിലേക്കില്ല, തീരുമാനം അറിയിച്ച് ജെറാർഡ്

സൗദി ക്ലബ്ബ് അൽ-ഇത്തിഫാഖിന്റെ പരിശീലകനാകാനുള്ള ഓഫർ സ്വീകരിക്കില്ലെന്ന് അറിയിച്ച് സ്റ്റീവൻ ജെറാർഡ്. മുൻ ആസ്റ്റൻ വില്ല കോച്ച് കൂടിയായ ഇതിഹാസ താരത്തിന് മുന്നിൽ സൗദി ക്ലബ്ബ് വമ്പൻ ഓഫർ സമർപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് – മസിഡോണിയ മത്സരത്തിന്റെ ഭാഗമായി ടെലിവിഷനിൽ സംസാരിക്കവെയാണ് ജെറാർഡ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ മുൻ ലിവർപൂൾ താരം സൗദി പ്രോ ലീഗിലേക്ക് ഇല്ലെന്ന് ഉറപ്പാവുകയാണ്.

Gerard

തന്നെ ഈ ഓഫർ പരിഗണിക്കുന്നതിനു വേണ്ടി ക്ലബ്ബ് ക്ഷണിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു, “ഓഫർ വിശദീകരിക്കുന്നതിന് വേണ്ടി അവർ ക്ഷണിച്ചിരുന്നു. പിന്നീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഓഫറിനെ കുറച്ചു ഞാൻ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ നിലവിൽ അത് സ്വീകരിക്കേണ്ട എന്നു തന്നെയാണ് തീരുമാനം”. മീഡിയയിൽ ധാരാളം വാർത്തകൾ വരുമെന്നും എന്നാൽ കൂടുതലും കഴമ്പില്ലാത്തത് ആവുമെന്നും ജെറാർഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തന്നെ സൗദി ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്.

വോൾവ്സിന്റെ പോർച്ചുഗീസ് താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക്!!!???

ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക് എന്നു റിപ്പോർട്ട്. വെറും 26 കാരനായ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നു ബാഴ്‌സലോണ പിന്മാറി എന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ മെയിൽ താരവും ആയി ബാഴ്‌സ ധാരണയിൽ എത്തിയിരുന്നു, എന്നാൽ ഇത് വരെ കരാർ മുന്നോട്ട് വക്കാൻ അവർക്ക് ആയില്ല. ഇതോടെ താരത്തിന് ആയി സൗദി ക്ലബ് അൽ ഹിലാൽ ശക്തമായി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്. വോൾവ്സും ആയി അൽ ഹിലാൽ 55 മില്യൺ യൂറോയുടെ ധാരണയിൽ ഏകദേശം എത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം നെവസിനും അൽ ഹിലാൽ പോകാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. വോൾവ്സിനെ പ്രീമിയർ ലീഗിൽ എത്തിച്ചതിൽ അടക്കം നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ കൂടിയായ നെവസ് ഈ സീസണിൽ ക്ലബ് വിടും എന്നു ഏകദേശം ഉറപ്പ് ആയിരുന്നു. നിലവിൽ ഇനിയും ദീർഘകാല കരിയർ ബാക്കിയുള്ള ലോകോത്തര താരമായ പോർച്ചുഗീസ് ടീമിലെ സ്ഥിര സാന്നിധ്യം ആയ നെവസ് കൂടി സൗദിയിൽ പോവുന്നത് മറ്റ് യുവതാരങ്ങളെയും അത്തരം ഒരു നീക്കത്തിലേക്ക് പ്രേരിപ്പിക്കുമോ എന്നു കണ്ടറിയാം.

സൗദി അറേബ്യ ഉടൻ യൂറോപ്പിൽ കളിക്കുന്ന മികച്ച യുവതാരങ്ങൾക്ക് പിറകെയും എത്തും!

സൗദി അറേബ്യയിലെ പുതിയ കായിക വിപ്ലവം യൂറോപ്യൻ ഫുട്‌ബോളിന് തലവേദന ആവും എന്നു റിപ്പോർട്ടുകൾ. നിലവിൽ വമ്പൻ തുകക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, കാന്റെ തുടങ്ങിയ താരങ്ങളെ തങ്ങളുടെ സൗദി പ്രോ ലീഗിൽ എത്തിച്ച സൗദി ഉടൻ യൂറോപ്പിൽ കളിക്കുന്ന മികച്ച യുവതാരങ്ങൾക്ക് പിറകിലും എത്തും എന്നാണ് പുതിയ റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും മികച്ച 300 താരങ്ങൾ സൗദിയിൽ കളിക്കണം എന്നാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത് എന്നും അതിനായുള്ള ശ്രമങ്ങൾ അവർ ഉടൻ തുടങ്ങും എന്നും സ്പാനിഷ് മാധ്യമം ‘മാർക’ റിപ്പോർട്ട് ചെയ്തു. നേരത്തെ വലിയ സ്പോർട്സ് വിപ്ലവം സൗദിയിൽ ഉണ്ടാവും എന്നു പ്രഖ്യാപിച്ച സൽമാൻ അതിന്റെ രൂപരേഖയും പുറത്ത് വിട്ടിരുന്നു. സൗദിയുടെ ശ്രമങ്ങൾ യൂറോപ്പിന് വമ്പൻ വെല്ലുവിളി തന്നെയാവും ഉണ്ടാക്കുക. 2030 തിലെ ഫിഫ ലോകകപ്പ് നടത്തുക എന്ന ലക്ഷ്യത്തിനു അപ്പുറം ആണ് സൗദി അറേബ്യയുടെ ലക്ഷ്യങ്ങൾ എന്നു ഇതിനകം തന്നെ വ്യക്തമാണ്.

നിലവിൽ ഫുട്‌ബോളിന് പുറമെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾഫ് താരങ്ങളെ പി.ജി.എ ടൂറിനെ വെല്ലുവിളിച്ച് ‘ലിവ് ഗോൾഫ്‌’ എന്ന സമാന്തര ടൂർണമെന്റിലൂടെ സൗദിയിൽ എത്തിക്കാനും അവർക്ക് ആയിരുന്നു. ഇതിന് പുറമെ ഫോർമുല വണ്ണിൽ അടക്കം വലിയ മുതൽ മുടക്ക് ആണ് സൗദി ഇറക്കുന്നത്. ഇംഗ്ലണ്ടിൽ ഇതിനു പുറമെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ക്ലബും അവർ സ്വന്തമാക്കിയിരുന്നു. ഗൾഫ് ആണ് പുതിയ യൂറോപ്പ് എന്നു പരസ്യമായി പ്രഖ്യാപിച്ച സൽമാൻ രാജകുമാരന്റെ ഫുട്‌ബോൾ/കായിക വിപ്ലവം നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള യൂറോപ്യൻ ഫുട്‌ബോളിന് വലിയ വെല്ലുവിളി തന്നെയാവും സൃഷ്ടിക്കുക എന്നു ഉറപ്പാണ്.

Exit mobile version