“യൂറോപ്പിലേക്ക് മടങ്ങില്ല, യൂറോപ്യൻ ഫുട്ബോളിന്റെ നിലവാരം കുറഞ്ഞു, സൗദി ലീഗ് MLSനേക്കാൾ മികച്ചത്” – റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങില്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്പിലേക്കുള്ള വാതിൽ പൂർണ്ണമായും താൻ അടച്ചിരിക്കുകയാണ് എന്നും റൊണാൾഡോ പറഞ്ഞു. എനിക്ക് 38 വയസ്സായി, യൂറോപ്യൻ ഫുട്‌ബോളിനും വളരെയധികം നിലവാരം നഷ്ടപ്പെട്ടു. യൂറോപ്പിൽ ആകെ നല്ല ലീഗ് പ്രീമിയർ ലീഗാണ്, അവർ മറ്റെല്ലാ ലീഗുകളേക്കാളും വളരെ മുന്നിലാണ്. റൊണാൾഡോ പറഞ്ഞു.

ലയണൽ മെസ്സി പോയ അമേരിക്കൻ ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രൊ ലീഗ് എന്നു. റൊണാൾഡോ പറയുന്നു‌. “MLS നേക്കാൾ മികച്ചതാണ് സൗദി ലീഗ്. ഞാൻ ഒരു യൂറോപ്യൻ ക്ലബ്ബിലേക്കും തിരിച്ചുവരില്ലെന്ന് എനിക്ക് 100% ഉറപ്പുണ്ട്. ഞാൻ സൗദി ലീഗിലേക്കുള്ള വഴി തുറന്നു … ഇപ്പോൾ എല്ലാ കളിക്കാരും ഇവിടെ വരുന്നു” അദ്ദേഹം പറഞ്ഞു.

“സൗദി ക്ലബ്ബുകളിൽ ചേരാനുള്ള എന്റെ തീരുമാനം പുതിയ മികച്ച കളിക്കാരെ കൊണ്ടുവരുന്നതിന് 100% നിർണായകമായിരുന്നു. അതൊരു വാസ്തവമാണ്”. അദ്ദേഹം തുടർന്നു.

“ഞാൻ യുവന്റസിൽ ചേരുമ്പോൾ, സീരി എ മരിച്ചിരുന്നു, പിന്നീട് ഞാൻ ഒപ്പിട്ടതിന് ശേഷം അത് പുനരുജ്ജീവിപ്പിച്ചു. ക്രിസ്റ്റ്യാനോ എവിടെ പോയാലും അവൻ ഉയർന്ന താൽപ്പര്യം ജനിപ്പിക്കുന്നു. സൗദി ലീഗിലേക്ക് വന്നതിന് അവർ എന്നെ വിമർശിച്ചു, പക്ഷേ ഇപ്പോൾ എന്താണ് സംഭവിച്ചത്?”. റൊണാൾഡോ ചോദിച്ചു.

“ഞാൻ വഴി തുറന്നു … ഇപ്പോൾ എല്ലാ കളിക്കാരും ഇവിടെ വരുന്നു. ഒരു വർഷത്തിനുള്ളിൽ, കൂടുതൽ മികച്ച കളിക്കാർ സൗദിയിലേക്ക് വരും. ഒരു വർഷത്തിനുള്ളിൽ സൗദി ലീഗ് ടർക്കിഷ് ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കും. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞത് പോലെയല്ല എത്തിയ കളിക്കാർ. ജോട്ടയും റൂബൻ നെവെസും യുവതാരങ്ങളാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു.

സഹൽ അബ്ദുൽ സമദിനെ തേടി സൗദി പ്രൊ ലീഗ് ക്ലബ്?

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദിനായി സൗദി പ്രൊ ലീഗ് ക്ലബുകൾ അന്വേഷണം നടത്തിയതായി റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ആധികാരികമായി വാർത്തകൾ നൽകുന്ന ട്വിറ്റർ സോഴ്സ് ആയ @RM_madridbabe ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സഹലിനായി സൗദി പ്രൊ ലീഗ് ക്ലബിൽ നിന്ന് പ്രാഥമിക അന്വേഷണം വന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ വിദൂരത്താണ്.

സഹലിനായി ഇപ്പോൾ ഐ എസ് എൽ ക്ലബുകളിൽ നിന്ന് തന്നെ റെക്കോർഡ് ട്രാൻസ്ഫർ ഫീയുടെ ഓഫറുകൾ ഉണ്ട്. സഹലും കേരള ബ്ലാസ്റ്റേഴ്സും ഇതുവരെ ഈ ഓഫറുകളിൽ തീരുമാനം എടുത്തിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഉൾപ്പെടെ സഹലിനായി ഓഫർ സമർപ്പിച്ചു കഴുഞ്ഞിട്ടുണ്ട്.

താരത്തെ വിൽക്കുന്നതും പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് സഹലിനായി രംഗത്തുള്ളത് എന്നാണ് റിപ്പോർട്ടുകൾ. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.

26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

ലിംഗാർഡും സൗദി അറേബ്യൻ ഓഫറുകൾ പരിഗണിക്കുന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡും സൗദി അറേബ്യയിലേക്ക് പോകാൻ സാധ്യത. ലിംഗാർഡ് സൗദിയിൽ നിന്നുള്ള ഓഫറുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. താരം തന്നെ സൗദിയിൽ നിന്ന് ഓഫറുകൾ പരിഗണിക്കുകയാണ് എന്ന് പറഞ്ഞു. ഇന്റർ മയാമിയും ജെസ്സിക്ക് ആയി രംഗത്ത് ഉണ്ട് എന്നാണ് വിവരങ്ങൾ.

ജെസ്സി ലിംഗാർഡിനെ അദ്ദേഹത്തിന്റെ ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് റിലീസ് ചെയ്തിരുന്നു. ഒരൊറ്റ വർഷം കൊണ്ട് താരം ക്ലബ് വിടേണ്ടി വന്നത് താരത്തിന്റെ ഫിറ്റ്നസും ഫോമും കാരണമായിരുന്നു. ഫോറസ്റ്റിനായി ആകെ 17 മത്സരങ്ങൾ മാത്രമെ ലിംഗാർഡ് കളിച്ചുള്ളൂ. ലിംഗാർഡിന് കാര്യമായി ഫോറസ്റ്റ് ജേഴ്സിയിൽ തിളങ്ങാൻ ആയില്ല.

താരം പ്രീമിയർ ലീഗിൽ തന്നെ തുടരാൻ ശ്രമിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്. അവസാന സീസണുകളിൽ യുണൈറ്റഡിൽ അവസരം കുറഞ്ഞതോടെ ആയിരുന്നു താരം ക്ലബ് വിട്ടത്. മുമ്പ് വെസ്റ്റ് ഹാമിനായി ലോണിൽ കളിച്ചും ലിംഗാർഡ് തിളങ്ങിയിരുന്നു.

സൗദിയിൽ നിന്ന് വെറാറ്റിക്ക് വേണ്ടിയും വലിയ ഓഫർ, 224 കോടി പ്രതിവർഷ വേതനം!!

പാരീസ് സെന്റ് ജെർമെയ്ൻ മാർക്കോ വെറാറ്റിക്കായി വലിയ ഓഫർ നൽകി സൗദി അറേബ്യ. വർഷത്തിൽ 25 മില്യൺ യൂറോ അതായത് 220കോടി രൂപയ്ക്ക് മുകളിലാകും വെറാറ്റിയുടെ വേതനം. അൽ ഹിലാൽ ആണ് ഈ ഓഫർ സമർപിച്ചത് എന്നാണ് വിവരങ്ങൾ. എന്നാൽ ഇതുവരെ താരം ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലിം വെറാറ്റിയെ വിൽക്കാൻ ആണ് പി എസ് ജിയുടെ പ്ലാൻ.

.

ഈ സീസണോടെ വെറാറ്റിയെ ഒഴിവാക്കാൻ പി എസ് ജി നോക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മിഡ്‌ഫീൽഡർ 11 വർഷമായി ക്ലബ്ബിലുണ്ട് എങ്കിലും അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരല്ല. താരം വലിയ വേതനവും ക്ലബിൽ വാങ്ങുന്നുണ്ട്. വെറാറ്റിയെ പോലെ വലിയ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ ആണ് പി എസ് ജി ശ്രമിക്കുന്നത്.

വെറാറ്റിയുടെ ഫിറ്റ്നസും വലിയ പ്രശ്നമാണ്. താരം സമീപകാലത്ത് ഓവർവൈറ്റ് ആയത് വലിയ രീതിയിൽ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. കളത്തിന് പുറത്ത് അച്ചടക്കമില്ലാത്ത രീതിയിൽ ഉള്ള വെരട്ടിയുടെ പ്രവർത്തനങ്ങളും ക്ലബിന് തലവേദന ആകുന്നുണ്ട്. മുമ്പ് ആരാധകരുടെ പ്രിയ താരമായിരുന്ന വെറാട്ടി പക്ഷെ ഇപ്പോൾ ആരാധകരിൽ നിന്നും അകന്നു.

ഫർമീനോയും സൗദിയിലേക്ക്, അൽ അഹ്ലി താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത്

ഈ സീസണിൽ താരങ്ങൾ എല്ലാം സൗദിയിലേക്ക് ആണ്. ലിവർപൂൾ വിട്ട റോബർട്ടോ ഫർമീനോ ആണ് ഇപ്പോൾ സൗദിയിലേക്ക് അടുക്കുന്നത്‌. സൗദി പ്രൊ ലീഗ് ക്ലബായ അൽ അഹ്ലി താരത്തെ സ്വന്തമാക്കും എന്നാണ് അഭ്യൂഹങ്ങൾ. ഫർമീനോയും അൽ അഹ്ലിയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഫർമിനോക്ക് ആയി യൂറോപ്പിൽ പല പ്രധാന ക്ലബുകളും രംഗത്ത് ഉണ്ടെങ്കിലും അൽ അഹ്ലിയുടെ ഓഫർ ഏറെ വലുതാണ്. താരം ഫ്രീ ഏജന്റാണ് ഇപ്പോൾ.

അൽ അഹ്ലി ഫർമീനോ യെസ് പറയുക ആണെങ്കിൽ ഈ ആഴ്ച തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും യൂറോപ്പിൽ തുടരാൻ ആണ് താരം ആഗ്രഹിക്കുന്നത്‌. പക്ഷെ വലിയ ഓഫർ താരത്തെ മനസ്സു മാറ്റിയേക്കും.

കഴിഞ്ഞ 8 വർഷമായി ലിവർപൂൾ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്.

2030 ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നു സൗദി അറേബ്യ പിന്മാറിയത് ആയി റിപ്പോർട്ട്

2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നു സൗദി അറേബ്യ പിന്മാറിയത് ആയി റിപ്പോർട്ട്. സ്പാനിഷ് മാധ്യമം ആയ മാർക ആണ് ഇത് റിപ്പോർട്ട് ചെയ്‌തത്‌. ലോകകപ്പ് യോഗ്യത ലക്ഷ്യം ഇട്ടു ആണ് സൗദി വലിയ രീതിയിൽ വമ്പൻ താരങ്ങളെ സൗദി ക്ലബുകളിൽ എത്തിക്കുന്നത് എന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈജിപ്ത്, ഗ്രീസ് എന്നിവരും ആയി ചേർന്നു ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനു ആയി ശ്രമിക്കാം എന്നായിരുന്നു സൗദി തീരുമാനം. നിലവിൽ അവരോട് സൗദി തങ്ങളുടെ തീരുമാനം പറഞ്ഞു. ഈജിപ്ത് സ് ഗ്രീസ് എന്നീ രാജ്യങ്ങൾ ഇനി സ്വന്തം നിലയിൽ മുന്നോട്ട് പോവുമോ എന്നു വ്യക്തമല്ല. നിലവിൽ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ആയി ഒരുമിച്ച് മത്സരിക്കുന്ന സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ രാജ്യങ്ങളോട് മത്സരിക്കാൻ ആവില്ല എന്നാണ് സൗദി നിലപാട്. അതേസമയം അർജന്റീന, ഉറുഗ്വേ, കൊളംബിയ, ചിലി ടീമുകൾ ചേർന്നു ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ മത്സരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

യുവേഫ ഇടപെട്ട് സൗദി അറേബ്യയിലേക്കുള്ള വലിയ ട്രാൻസ്ഫറുകൾ തടയണം എന്ന് കാരഗർ

ലിവർപൂൾ ഇതിഹാസവും ഫുട്ബോൾ നിരീക്ഷകനുമായ ജാമി കരാഗർ സൗദി അറേബ്യയുടെ ഫുട്ബോൾ ക്ലബുകൾക്ക് എതിരെ രംഗത്ത്. പ്രീമിയർ ലീഗും യുവേഫയും സൗദിയെ തടയണം എന്നാണ് കാരാഗർ പറയുന്നത്‌. ബെർണാഡോ സിൽവ, റൂബൻ നെവ്സ് എന്നിവരെപ്പോലുള്ള വലിയ പ്രതിഭകൾ ഇംഗ്ലണ്ട് സൗദി പ്രോ ലീഗിൽ ചേരുന്നത് ഒരിക്കലും നടക്കാൻ പാടില്ല എന്നും അദ്ദേഹം പറയുന്നു.

പ്രീമിയർ ലീഗിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇപ്പോൾ താരങ്ങൾ ഒഴുകുകയാണ്‌. സിയെച്, കൗലിബലി, മെൻഡി, കാന്റെ, റൂബൻ നെവസ് എന്നിങ്ങനെ വലിയ താരങ്ങൾ സൗദി ക്ലബുമായി കരാറിൽ എത്തി കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ജനുവരിയിൽ സൗദിയിൽ എത്തിയതു മുതൽ ആയിരുന്നു ഒന്നിനു പിറകെ ഒന്നായി താരങ്ങൾ സൗദിയിലേക്ക് പോകാൻ തുടങ്ങിയത്. റയലിൽ നിന്ന് ഇത്തവണ കരിം ബെൻസിമയും സൗദിയിൽ എത്തിയിട്ടുണ്ട്. 

എന്നാൽ ഇത് ഫുട്ബോളിന് നല്ലതല്ല എന്ന് കാരാഗർ പറയുന്നു.”ബെർണാർഡോ സിൽവ തന്റെ ഏറ്റവും മികച്ച വർഷങ്ങളിലാണ്, കഴിഞ്ഞ അഞ്ച് വർഷമായി യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം! സൗദി ലീഗിലെ ക്ലബുജൾ 30-കളിൽ ഉള്ള കളിക്കാരെ എടുക്കുന്നതിൽ ഞാൻ ആശങ്കാകുലനായിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല” കാരഗർ പറഞ്ഞു.

ഇപ്പോൾ അവർ നെവസും ബെർണാഡോയും ആണ് സൗദി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, ഒരു ഗെയിം ചേഞ്ചർ ആകും. സൗദി ഗോൾഫ്, വലിയ ബോക്‌സിംഗ് പോരാട്ടങ്ങൾ എന്നിവ ഇതിനകം ഏറ്റെടുത്തതായി തോന്നുന്നു, ഇപ്പോൾ അവർ ഫുട്‌ബോൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു!! ഈ സ്‌പോർട്‌സ് വാഷിംഗ് നിർത്തേണ്ടതുണ്ട്! പ്രീമിയർലീഗും യുവേഫയും ഇടപെടണം” കാരഗർ പറഞ്ഞു.

മാറ്റ് ഡോഹെർട്ടിയും സൗദി പ്രോ ലീഗിലേക്ക്

അയർലൻഡ് ഇന്റർനാഷണൽ മാറ്റ് ഡോഹെർട്ടിയും സൗദി പ്രോ ലീഗിലേക്ക്. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് ചേക്കേറുന്ന ഫുട്ബോൾ കളിക്കാരുടെ നീണ്ട പട്ടികയിലേക്ക് ഡൊഹേർട്ടി കൂടെ ചേരുകയാണ്. അൽ ഇത്തിഹാദ് ആണ് താരത്തിനായി രംഗത്ത് ഉള്ളത്.

കഴിഞ്ഞ ജനുവരിയിൽ അത്‌ലെറ്റിക്കോ മാഡ്രിഡിൽ ചേർന്ന ഡോഹെർട്ടിക്ക് അവിടെ നല്ല കാലമായിരുന്നില്ല. സ്പർസ് വിട്ട് അത്ലറ്റികോയിൽ എത്തിയ താരം ആറു മാസത്തിൽ ആകെ രണ്ട് മത്സരമാണ് അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചത്‌‌. ഇപ്പോൾ താരം ഫ്രീ ഏജന്റാണ്.

കഴിഞ്ഞ ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിലേക്ക് മാറിയത് മുതൽ സൗദി അറേബ്യൻ ഫുട്ബോളിന്റെ തലവര മാറുകയായിരുന്നു. മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമയും സൗദിയിൽ. എത്തിയിട്ടുണ്ട്. കാന്റെ, കൂലിബലി, സിയെച്, മെൻഡി, റൂബൻ നെവസ് എന്നിവരെല്ലാം സൗദിയിൽ കരാർ ഒപ്പുവെക്കുന്നതിന് വളരെയടുത്താണ്.

“ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇപ്പോൾ സൗദി ലീഗ് കാണുന്നു” – റൊണാൾഡോ

സൗദി പ്രൊ ലീഗ് ഇപ്പോൾ ഏറെ ജനപ്രീതി നേടുകയാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ സൗദി പ്രോ ലീഗിന് കിട്ടുന്ന സ്വീകാര്യത താൻ പ്രതീക്ഷിച്ചതായിരുന്നും ഇത് എന്നെ ആശ്ചര്യപ്പെടുത്തിയില്ല. റൊണാൾഡോ പറഞ്ഞു. കഴിഞ്ഞ സീസണിൽ റൊണാൾഡോ സൗദിയിൽ എത്തിയപ്പോൾ പലരും അദ്ദേഹത്തെ പരിഹസിച്ചിരുന്നു എങ്കിലും ഇപ്പോൾ ഈ ട്രാൻസ്ഫഎ വിൻഡോയിൽ കൂടുതൽ യൂറോപ്യൻ താരങ്ങൾ അവരുടെ അടുത്ത നീക്കം സൗദിയിലേക്ക് ആക്കാൻ ശ്രമിക്കുകയാണ്.ഇതിനകം ബെൻസീമ, കാന്റെ എന്നിവർ എല്ലാം സൗദി അറേബ്യൻ ക്ലബുകളുടെ ഭാഗമായിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോൾ സൗദി പ്രോ ലീഗ് കാണുന്നുണ്ട്. ഇത് എനിക്ക് വളരെ സന്തോഷമുണ്ട്. എന്ന് റൊണാൾഡോ പറഞ്ഞു. ലീഗ് വികസിക്കുന്നത് തുടരുമെന്നും യൂറോപ്യൻ ലീഗുകളിൽ നിന്ന് കൂടുതൽ കളിക്കാർ ഇവിടെ കളിക്കാൻ വരുമെന്നു ഞാൻ വിശ്വസിക്കുന്നു എന്നും റൊണാൾഡോ പറഞ്ഞു. തനിക്ക് സൗദി അറേബ്യ ഏറെ സ്നേഹം നൽകി എന്നും നല്ല വരവേല്പായിരുന്നു എന്നും റൊണാൾഡോ പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം വന്നു, ജെറാഡ് സൗദി ക്ലബായ ഇത്തിഫാഖിന്റെ മാനേജർ

സൗദി പ്രൊ ലീഗ് ക്ലബ് ആയ ഇത്തിഫാഖ് എഫ് സി സ്റ്റീവൻ ജെറാഡിനെ പരിശീലകനാക്കി എത്തിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ലിവർപൂൾ ഇതിഹാസം രണ്ടു വർഷത്തെ കരാറിലാണ് സൗദിയിലേക്ക് എത്തുന്നത്. മുൻ ആസ്റ്റൺ വില്ല മാനേജർ ആസ്റ്റൺ വില്ലയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല.

ലീഡ്‌സ് യുണൈറ്റഡ് , ലെസ്റ്റർ സിറ്റി  എന്നിവർ ജെറാഡിനെ സമീപിച്ചിരുന്നു. പക്ഷെ അദ്ദേഹം സൗദിയിൽ നിന്ന് ഉള്ള വലിയ ഓഫർ സ്വീകരിക്കാൻ ആണ് തയ്യാറായത്. ഇത്തിഫാഖ് ഈ കഴിഞ്ഞ സൗദി പ്രൊ ലീഗ് സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ജെറാഡിനെ എത്തിക്കുന്നതിന് പിന്നാലെ യൂറോപ്പിൽ നിന്ന് വലിയ താരങ്ങളെയും ഇത്തിഫാഖ് എത്തിക്കും. നേരത്തെ പരിശീലകനായി സ്കോട്ടിഷ് ലീഗ് നേടാൻ ജെറാഡിനായിട്ടുണ്ട്.

സൗദി അറേബ്യ ഉടൻ യൂറോപ്പിൽ കളിക്കുന്ന മികച്ച യുവതാരങ്ങൾക്ക് പിറകെയും എത്തും!

സൗദി അറേബ്യയിലെ പുതിയ കായിക വിപ്ലവം യൂറോപ്യൻ ഫുട്‌ബോളിന് തലവേദന ആവും എന്നു റിപ്പോർട്ടുകൾ. നിലവിൽ വമ്പൻ തുകക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, കാന്റെ തുടങ്ങിയ താരങ്ങളെ തങ്ങളുടെ സൗദി പ്രോ ലീഗിൽ എത്തിച്ച സൗദി ഉടൻ യൂറോപ്പിൽ കളിക്കുന്ന മികച്ച യുവതാരങ്ങൾക്ക് പിറകിലും എത്തും എന്നാണ് പുതിയ റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും മികച്ച 300 താരങ്ങൾ സൗദിയിൽ കളിക്കണം എന്നാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത് എന്നും അതിനായുള്ള ശ്രമങ്ങൾ അവർ ഉടൻ തുടങ്ങും എന്നും സ്പാനിഷ് മാധ്യമം ‘മാർക’ റിപ്പോർട്ട് ചെയ്തു. നേരത്തെ വലിയ സ്പോർട്സ് വിപ്ലവം സൗദിയിൽ ഉണ്ടാവും എന്നു പ്രഖ്യാപിച്ച സൽമാൻ അതിന്റെ രൂപരേഖയും പുറത്ത് വിട്ടിരുന്നു. സൗദിയുടെ ശ്രമങ്ങൾ യൂറോപ്പിന് വമ്പൻ വെല്ലുവിളി തന്നെയാവും ഉണ്ടാക്കുക. 2030 തിലെ ഫിഫ ലോകകപ്പ് നടത്തുക എന്ന ലക്ഷ്യത്തിനു അപ്പുറം ആണ് സൗദി അറേബ്യയുടെ ലക്ഷ്യങ്ങൾ എന്നു ഇതിനകം തന്നെ വ്യക്തമാണ്.

നിലവിൽ ഫുട്‌ബോളിന് പുറമെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾഫ് താരങ്ങളെ പി.ജി.എ ടൂറിനെ വെല്ലുവിളിച്ച് ‘ലിവ് ഗോൾഫ്‌’ എന്ന സമാന്തര ടൂർണമെന്റിലൂടെ സൗദിയിൽ എത്തിക്കാനും അവർക്ക് ആയിരുന്നു. ഇതിന് പുറമെ ഫോർമുല വണ്ണിൽ അടക്കം വലിയ മുതൽ മുടക്ക് ആണ് സൗദി ഇറക്കുന്നത്. ഇംഗ്ലണ്ടിൽ ഇതിനു പുറമെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ക്ലബും അവർ സ്വന്തമാക്കിയിരുന്നു. ഗൾഫ് ആണ് പുതിയ യൂറോപ്പ് എന്നു പരസ്യമായി പ്രഖ്യാപിച്ച സൽമാൻ രാജകുമാരന്റെ ഫുട്‌ബോൾ/കായിക വിപ്ലവം നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള യൂറോപ്യൻ ഫുട്‌ബോളിന് വലിയ വെല്ലുവിളി തന്നെയാവും സൃഷ്ടിക്കുക എന്നു ഉറപ്പാണ്.

ഇക്കാർഡിക്ക് വേണ്ടിയും സൗദിയിൽ നിന്ന് കോടികളുടെ ഓഫർ!!

സൗദി അറേബ്യയിൽ നിന്ന് ഒരു ഫുട്ബോൾ താരത്തിനു മുന്നിൽ കൂടി വലിയ ഓഫർ വന്നിരിക്കുകയാണ്. ഗലറ്റസറെക്കായി കളിക്കുന്ന അർജന്റീന താരം ഇക്കാർഡിക്ക് മുന്നിൽ ആണ് വലിയ ഓഫർ എത്തിയിരിക്കുന്നത്. അൽ തൗവൂൻ എഫ് സിയാണ് ഇക്കാർഡിയെ സമീപിച്ചിരിക്കുന്നത്. ഇക്കാർഡി ഇപ്പോൾ സൗദിയിൽ നിന്ന് ഉള്ള ഓഫർ സ്വീകരിക്കുന്ന ആലോചനയിലാണ്.

ഗലറ്റസറെയിൽ പി എസ് ജിയിൽ നിന്ന് ലോണിൽ ആയിരിന്നു താരം കളിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ പി എസ് ജിയാകും അന്തിമമായി തീരുമാനം എടുക്കുന്നത്. ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായിരുന്നില്ല.

ഇന്റർ വിട്ട് മൂന്ന് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ തുടക്കത്തിൽ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ പി എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

Exit mobile version