ചരിത്രം രചിച്ച് ഇന്ത്യൻ സഖ്യം ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിൽ

ശനിയാഴ്ച നടന്ന ബാഡ്മിന്റൺ ഇന്തോനേഷ്യ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ എത്തി. സെമിയിൽ കാങ്-സിയോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ എത്തിയത്. ജക്കാർത്തയിൽ നടന്ന മത്സരത്തിൽ 17-21, 21-19, 21- എന്ന സ്‌കോറിന് ആയിരുന്നു വിജയം.

ഇതോടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡി വേൾഡ് ടൂർ സൂപ്പർ 1000 ഇവന്റിന്റെ പുരുഷ ഡബിൾസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ജോഡിയായി. കൊറിയൻ കോമ്പിനേഷനായ കാങ് മിൻ ഹ്യൂക്കും സിയോ സ്യൂങ് ജേയെയും ആദ്യ സെറ്റ് നേടി എങ്കിലും പിന്നീട് ഇന്ത്യൻ താരങ്ങൾ ശക്തമായി തിരിച്ചുവന്നു. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് ടോപ് സീഡ് ഫജർ അൽഫിയാൻ, മുഹമ്മദ് റിയാൻ അർഡിയാന്റോ എന്നിവരെ അട്ടിമറിച്ചിരുന്നു.

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് 2023 പുരുഷ ഡബിള്‍സ് വിജയികളായി ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് ഫൈനലില്‍ ഇരുവരും ലോക റാങ്കിംഗിൽ എട്ടാം സ്ഥാനക്കാരായ മലേഷ്യന്‍ താരങ്ങളെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിമിൽ പിന്നിൽ പോയെങ്കിലും അടുത്ത രണ്ട് ഗെയിമുകളും നേടി ഇന്ത്യന്‍ താരങ്ങള്‍ വിജയം കൈവരിച്ചു. 16-21, 21-17, 21-19 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ക്വാര്‍ട്ടറിൽ മുന്‍ ലോക ഒന്നാം നമ്പര്‍ , മൂന്ന് വട്ടം ലോക ചാമ്പ്യന്മാരായ ഇവര്‍ സെമിയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരെയാണ് പരാജയപ്പെടുത്തിയത്.

ചരിത്രം കുറിച്ച് സാത്വികും ചിരാഗും, ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് 2023ന്റെ പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ് -ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ തായ്‍വാന്‍ താരങ്ങളെ മറികടന്നാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ എത്തിയത്.

ഇന്ത്യന്‍ താരങ്ങള്‍ ആദ്യ സെറ്റ് 21-18ന് വിജയിച്ച ശേഷം രണ്ടാം ഗെയിമിൽ 13-14ന് പിന്നിൽ നിൽക്കുമ്പോളാണ് പരിക്ക് മൂലം തായ്‍വാന്‍ ജോഡി മത്സരത്തിൽ നിന്ന് പിന്മാറുന്നത്. ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരങ്ങളായി ഇതോടെ സാത്വികും ചിരാഗും.

സിന്ധുവിനും പ്രണോയിയ്ക്കും വിജയം, സാത്വിക്-ചിരാഗ് കൂട്ടുകെട്ടും അടുത്ത റൗണ്ടിൽ

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ വിജയം നേടി ഇന്ത്യയുടെ പിവി സിന്ധു. 45 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്പേയുടെ വെന്‍ ചി സുവിനെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ : 21-15, 22-20.

പുരുഷ സിംഗിള്‍സിൽ മ്യാന്‍മാറിന്റെ ഫോൺ പ്യായി നൈന്‍ഗിനെ 21-14, 21-9 എന്ന സ്കോറിന് എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തുകയായിരുന്നു.

പുരുഷ ഡബിള്‍സിൽ മലേഷ്യയുടെ ടീമിനെ 21-14, 21-17 എന്ന സ്കോറിന് സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുത്തി.

പൊരുതി നേടിയ വിജയവുമായി സാത്വിക് – ചിരാഗ് കൂട്ടുകെട്ട് സ്വിസ്സ് ഓപ്പൺ ക്വാര്‍ട്ടറിൽ

സ്വിസ്സ് ഓപ്പണിൽ ആവേശകരമായ വിജയം നേടി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ലോക റാങ്കിംഗിൽ 70ാം സ്ഥാനക്കാരോട് നന്നേ കഷ്ടപ്പെട്ട ശേഷമായിരുന്നു ഇരുവരുടെയും വിജയം.

മൂന്നാം ഗെയിമിൽ 28-26ന് ആയിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം. ആദ്യ ഗെയിമിൽ നിറം മങ്ങിയ ഇന്ത്യന്‍ കൂട്ടുകെട്ട് 12-21ന് പിന്നിൽ പോയെങ്കിലും രണ്ടാം ഗെയിമിൽ 21-17ന് വിജയം നേടി.

ആവേശകരമായ മൂന്നാം ഗെയിമിൽ 28-26ന്റെ വിജയവുമായി ഇവര്‍ ക്വാര്‍ട്ടറിൽ കടന്നു. സ്കോര്‍: 12-21, 21-17, 28-26.

ദി കംബാക്ക്!!! മലേഷ്യ ഓപ്പണില്‍ ആവേശ വിജയവുമായി ഇന്ത്യന്‍ ജോഡി

ചൈനീസ് താരങ്ങളോട് തോൽവിയുടെ വക്കിൽ നിന്ന് കരകയറി മലേഷ്യ ഓപ്പൺ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 66 മിനുട്ട് നീണ്ട തീപാറും പോരാട്ടത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ആദ്യ ഗെയിം പരാജയപ്പെട്ട ശേഷം രണ്ടാം ഗെയിമിൽ 10-17ന് പിന്നിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ 22-20ന് വിജയം നേടി മൂന്നാം ഗെയിമിൽ എതിരാളികളെ നിഷ്പ്രഭമാക്കുകയായിരുന്നു

സ്കോര്‍: 17-21, 22-20, 21-9.

പൊരുതി നേടിയ വിജയവുമായി പ്രണോയ്!!! സാത്വിക് – ചിരാഗ് കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ

മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ എച്ച് പ്രണോയിയും പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക്സായിരാജും ചിരാഗ് ഷെട്ടിയും. 21-19, 15-21, 21-16 എന്ന സ്കോറിന് ലോക റാങ്കിംഗിൽ 19ാം സ്ഥാനത്തുള്ള ചികോ ഓറ വാര്‍ഡോയോയെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

അതേ സമയം സാത്വിക് – ചിരാഗ് കൂട്ടുകെട്ട് 11ാം റാങ്കുകാരായ ഇന്തോനേഷ്യന്‍ താരങ്ങളെ പരാജപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. നേരിട്ടുള്ള ഗെയിമിലായിരുന്നു വിജയം എങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല ഇവര്‍ക്ക്. 21-19, 22-20 എന്ന സ്കോറിന് ആയിരുന്നു വിജയം.

അതേ സമയം ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡിയ്ക്ക് 13-21, 21-15, 17-21 എന്ന സ്കോറിന് രണ്ടാം റൗണ്ടിൽ പരാജയം നേരിട്ടു. 16ാം റാങ്കുകാരായ ജോഡി 14ാം റാങ്കുകാരോടാണ് പരാജയപ്പെട്ടത്.

ഹൈലോ ഓപ്പൺ, ക്വാര്‍ട്ടറിൽ കടന്ന ഇന്ത്യന്‍ പുരുഷ – വനിത ഡബിള്‍സ് ടീമുകള്‍

ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍. വനിത ടീമായ ട്രീസ ജോളി – ഗായത്രി ഗോപിനാഥ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ 21-18, 21-19 എന്ന സ്കോറിന് ഡച്ച് താരങ്ങളോടാണ് വിജയം നേടിയത്.

അതേ സമയം കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടറിലെത്തിയത്. ഇരുവരും മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ ഇംഗ്ലീഷ് താരങ്ങളെ 22-24, 21-15, 21-11 എന്ന സ്കോറിനാണ് കീഴടക്കിയത്.

ഫ്രഞ്ച് ഓപ്പൺ കിരീടം ഉയര്‍ത്തി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഫ്ര‍ഞ്ച് ഓപ്പൺ പുരുഷ ഡബിള്‍സ് കിരീടം നേടി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്നലെ നടന്ന ഫൈനലിൽ അവര്‍ ലോക റാങ്കിംഗിൽ 25ാം സ്ഥാനക്കാരായ ചൈനീസ് തായ്പേയ് താരങ്ങളെ നേരിട്ടുള്ള ഗെയിമുകളിലാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

21-13, 21-19 എന്ന സ്കോറിനാണ് തങ്ങളുടെ ആദ്യ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ 750 കിരീടം ഇവര്‍ സ്വന്തമാക്കിയത്. ഈ കൂട്ടകുെട്ടിന്റെ മൂന്നാമത്തെ കിരീടം ആണ് ഇത്.

ടൂര്‍ണ്ണമെന്റിന്റെ വനിത സിംഗിള്‍സ് വിഭാഗത്തിൽ കരോളിന മാരിനെ 16-21, 21-9, 22-20 എന്ന സ്കോറിന് ത്രില്ലര്‍ മത്സരത്തിൽ പരാജയപ്പെടുത്തി ചൈനയുടെ ഹേ ബിംഗ് ജിയോവോ കിരീടം നേടിയപ്പോള്‍ പുരുഷ വിഭാഗത്തിൽ ഡെന്മാര്‍ക്ക് താരങ്ങളുടെ പോരാട്ടത്തിൽ റാസ്മസ് ഗെംകേയെ പരാജയപ്പെടുത്തി വിക്ടര്‍ അക്സൽസെന്‍ കിരീടം നേടി.

ജയിച്ചു കയറി ഫൈനലില്‍, സാത്വികും ചിരാഗും സൂപ്പര്‍

ലോക റാങ്കിംഗിൽ 18ാം റാങ്കുകാരായ കൊറിയന്‍ ജോഡിയെ പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സാത്വിക്സായിരാജ് ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇരുവരും ഇന്ന് സെമി ഫൈനലില്‍ നേരിട്ടുള്ള ഗെയിമിൽ 21-18, 21-14 എന്ന സ്കോറിനാണ് വിജയം കൈവരിച്ചത്.

ഇന്നലെ ഇവര്‍ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ജപ്പാന്‍ ജോഡികളെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ഇരുവരും ബിഡബ്ല്യുഎഫ് ലോക ടൂര്‍ നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ അഞ്ചാം തവണയാണ് എത്തുന്നത്.

ഒന്നാം റാങ്കുകാരെ പുറത്താക്കി ഇന്ത്യന്‍ യുവ താരങ്ങള്‍, ഫ്രഞ്ച് ഓപ്പൺ സെമിയിൽ

ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരും ലോക ചാമ്പ്യന്മാരുമായ ജപ്പാന്റെ താകുരോ ഹോകി – യുഗോ കോബയാഷി കൂട്ടുകെട്ടിനെ കീഴടക്കി ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിള്‍സ് ഫൈനലിലേക്ക് ഇവര്‍ യോഗ്യത നേടി.

49 മിനുട്ട് നീണ്ട വീരോചിതമായ പോരാട്ടത്തിനൊടുവിൽ 23-21, 21-18 എന്ന നിലയിൽ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

പൊന്നിന്‍ തിളക്കമുള്ള വെങ്കലം, സെമിയിൽ തോല്‍വിയെങ്കിലും വെങ്കല മെഡൽ നേടി സാത്വികും ചിരാഗും

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ പൊരുതി വീണ് ഇന്ത്യയുടെ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. സെമിയിലെത്തിയതിനാൽ ഇവര്‍ വെങ്കല മെഡലിന് നേരത്തെ അര്‍ഹരായിരുന്നു. മലേഷ്യയുടെ ആരോൺ ചിയ – വൂയി യിക് സോഹ് കൂട്ടുകെട്ടിനോട് 78 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്ന് ഗെയിമിലാണ് ഇന്ത്യന്‍ താരങ്ങള്‍ തോൽവി സമ്മതിച്ചത്.

ഈ വെങ്കല നേട്ടത്തോടെ ഇന്ത്യയ്ക്കായി ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ ഡബിള്‍സിൽ ആദ്യമായി മെഡൽ നേടുന്ന താരങ്ങളായി ഇവര്‍ മാറി. ലോക റാങ്കിംഗിൽ ആറാം സ്ഥാനക്കാരോടാണ് ഇന്ത്യന്‍ താരങ്ങളുടെ തോൽവി.

സ്കോര്‍: 22-20, 18-21, 16-21.

Exit mobile version