സൊഹൈല്‍ ബാറ്റ് ചെയ്തത് ജോസ് ബട്‍ലറിനെ പോലെ, ടീം കോമ്പിനേഷന്‍ കാരണമാണ് ഹാരിസ് സൊഹൈലിനെ മുന്‍ മത്സരങ്ങളില്‍ കളിപ്പിക്കാനാകാതെ പോയത്

ഹാരിസ് സൊഹൈലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 308 റണ്‍സ് എന്ന മികച്ച സ്കോര്‍ പാക്കിസ്ഥാന്‍ നേടിയത്. പിന്നീട് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മുന്‍ മത്സരങ്ങളില്‍ താരത്തെ പുറത്തിരുത്തേണ്ടി വന്നത് ടീം കോമ്പിനേഷന്‍ കാരണമാണെന്നും അന്നത്തെ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കേണ്ട കോമ്പിനേഷന്‍ കാരണം താരം പുറന്തള്ളപ്പെടുകയായിരുന്നുവെന്നും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

താരം ജോസ് ബട്‍ലറെ പോലെയാണ് ബാറ്റ് വീശിയതെന്നും റണ്‍സിനായി ദാഹിക്കുന്നത് പോലെ തോന്നിയെന്നും സര്‍ഫ്രാസ് പറഞ്ഞു. ഇന്ന് തനിക്ക് ലഭിച്ച അവസരം ഹാരിസ് സൊഹൈല്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയെന്നും സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ജയിച്ചത് മികച്ച ടോസ്, പക്ഷേ ബൗളിംഗ് കൈവിട്ടപ്പോള്‍ അതിന്റെ ഗുണം നഷ്ടമായി

പാക്കിസ്ഥാന് ടോസ് ലഭിച്ചത് മികച്ച കാര്യമായിരുന്നുവെങ്കിലും ശരിയായ രീതിയില്‍ പന്തെറിയാനാകാതെ പോയത് ആ ടോസിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പിച്ചില്‍ നിന്ന് ടേണ്‍ ലഭിയ്ക്കുമെന്നാണ് കരുതിയത് എന്നും അതാണ് താന്‍ രണ്ട് സ്പിന്നര്‍മാരെ കളിച്ചിച്ചതെന്നും സര്‍ഫ്രാസ് പറഞ്ഞു.

രണ്ട് സ്പിന്നര്‍മാരും നന്നായി പന്തെറിഞ്ഞുവെങ്കിലും ഇന്ത്യ സ്പിന്‍ കളിക്കുന്നതില്‍ മെച്ചപ്പെട്ട ടീമായതിനാല്‍ അധികം പ്രഭാവമുണ്ടാക്കിയില്ലെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. അത് പോലെ തന്നെ ബാറ്റിംഗിലും മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു ടീം പൊടുന്നനെ രണ്ട്-മൂന്ന് വിക്കറ്റ് നഷ്ടമായതോടെ താളെ തെറ്റുകയായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.

അടുത്ത നാല് മത്സരങ്ങളില്‍ നാല് വിജയം നേടിയാല്‍ ടീമിനു പ്രതീക്ഷിക്കുവാനുള്ള വകയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ കടുപ്പമേറിയതാകുകയാണെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

15 പന്തിനിടെ നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ തിരിച്ചടിയായി, അമീര്‍ അല്ലാതെ ആരും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ല

പാക്കിസ്ഥാന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോല്‍വിയില്‍ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഈ പിച്ച് 270-280 പിച്ചായിരുന്നുവെന്നാണ് തന്റെ വിലയിരുത്തലെന്നും ഓസ്ട്രേലിയയെ 300 കടക്കുവാന്‍ അനുവദിച്ചതാണ് ആദ്യ തിരിച്ചടിയെന്ന് സര്‍ഫ്രാസ് പറഞ്ഞു. മുഹമ്മദ് അമീര്‍ ഒഴികെ ആരും തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലെന്നതാണ് സത്യം. 350നു മേല്‍ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ സ്കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും പിന്നീട് അമീറിന്റെ പ്രകടനം ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ബാറ്റിംഗില്‍ വഹാബും ഹസന്‍ അലിയും ബാറ്റ് ചെയ്തു. ടോപ് ഓര്‍ഡറിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇമാം ഉള്‍ ഹക്കും മുഹമ്മദ് ഹഫീസും റണ്‍സ് കണ്ടെത്തിയെങ്കിലും 15 പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ വീണ് 160/6 എന്ന നിലയിലേക്ക് ടീം ചെന്നെത്തിയത് തിരിച്ചടിയായി. മത്സരങ്ങള്‍ വിജയിക്കുവാനായി ആദ്യ നാല് സ്ഥാനക്കാരില്‍ നിന്ന് മികച്ച പ്രകടനം ആവശ്യമാണ്, അവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് നയിക്കാനായാല്‍ മാത്രമേ മത്സരങ്ങള്‍ വിജയിക്കുകയുള്ളുവെന്നും ഇന്ത്യയ്ക്കെതിരെ തങ്ങളുടെ മികവ് പുറത്തെടുക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു.

ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്, ഓസ്ട്രേലിയയ്ക്കെതിരെ 41 റണ്‍സിന്റെ തോല്‍വി

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 266 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കാര്യങ്ങള്‍ ടീമിനു കൂടുതല്‍ ശ്രമകരമായി. 136/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് വീണതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

ഫകര്‍ സമനെ ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് ഇമാം ഉള്‍ ഹക്ക് അര്‍ദ്ധ ശതകം നേടിയെങ്കിലും ബാബര്‍ അസം(30), മുഹമ്മദ് ഹഫീസ്(46) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാതിരുന്നപ്പോള്‍ പാക് ബാറ്റിംഗ് ലക്ഷ്യ ബോധമില്ലാതെ നീങ്ങുകയായിരുന്നു. ഹസന്‍ അലിയുടെ 15 പന്തില്‍ നിന്നുള്ള 32 റണ്‍സും സര്‍ഫ്രാസ് അഹമ്മദ്-വഹാബ് റിയാസ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമെല്ലാം പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്നു കുറച്ച് കൂടി ഉത്തരവാദിത്വമുള്ള പ്രകടനം വന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നേനെ.

സര്‍ഫ്രാസും വഹാബ് റിയാസും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 64 റണ്‍സാണ് നേടിയതെങ്കിലും കൂട്ടുകെട്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കുകയായിരുന്നു. 45 റണ്‍സാണ് വഹാബ് റിയാസ് നേടിയത്. 2 ഫോറും 3 സിക്സുമാണ് താരത്തിന്റെ സംഭാവന.  ഏറെ വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 45.4 ഓവറില്‍ 266 റണ്‍സിനു അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

വിലക്കില്ലാതെ രക്ഷപ്പെട്ട് മോര്‍ഗന്‍, സര്‍ഫ്രാസിന് പിഴ

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് പൂര്‍ത്തിയാക്കുവാന്‍ 15 മിനുട്ട് അധികം എടുത്തതിനു വിലക്ക് നേരിടുന്നതില്‍ നിന്ന് രക്ഷപ്പെട്ട് ഓയിന്‍ മോര്‍ഗന്‍. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് മൂന്നോവര്‍ പിന്നിലായിരുന്നുവെന്നത് പരിഗണിക്കുമ്പോള്‍ ഓയിന്‍ മോര്‍ഗന്‍ അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയായിരുന്നു. പൊതുവേ രണ്ടിലധികം ഓവറുകള്‍ പിന്നിലാണെങ്കില്‍ അത് വളരെ വലിയ പിഴയായാണ് ഐസിസി വിലയിരുത്തുന്നത്. സസ്പെന്‍ഷന്‍ പോയിന്റ് ലഭിച്ചാല്‍ രണ്ട് ഏകദിനങ്ങളിലോ ടി20യില്‍ നിന്നോ വിലക്ക് ക്യാപ്റ്റന്‍ നേരിടേണ്ടി വന്നത്. രണ്ട് ലോകകപ്പ് മത്സരങ്ങളായിരുന്നു നിലവിലെ സാഹചര്യങ്ങളില്‍ മോര്‍ഗന് നഷ്ടമാവുമായിരുന്നത്.

അതേ സമയം പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു 20 ശതമാനം പിഴയും പാക് താരങ്ങള്‍ക്ക് 10 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്സ്മാന്മാരും തുടര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഫകര്‍ സമന്‍-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ മോയിന്‍ അലിയാണ് ബ്രേക്ക് ത്രൂ നേടിക്കൊടുത്തത്. 36 റണ്‍സ് നേടിയ ഫകര്‍ സമനെയാണ് മോയിന്‍ ആദ്യം പുറത്താക്കിയത്. അധികം വൈകാതെ മോയിന്‍ തന്നെ ഇമാം ഉള്‍ ഹക്കിനെയും(44) മടക്കി.

രണ്ടാം വിക്കറ്റില്‍ 29 റണ്‍സാണ് ബാബര്‍ അസവുമായി ഇമാം നേടിയത്. പിന്നീട് മത്സരത്തിലെ തന്നെ മികച്ച രണ്ട് കൂട്ടുകെട്ടുകളാണ് മുഹമ്മദ് ഹഫീസുമായി ചേര്‍ന്ന് ബാബര്‍ അസവും സര്‍ഫ്രാസ് അഹമ്മദും നേടിയത്. മൂന്നാം വിക്കറ്റില്‍ 88 റണ്‍സ് നേടി പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ബാബര്‍ അസം തോന്നിപ്പിച്ച നിമിഷത്തില്‍ 63 റണ്‍സ് നേടിയ താരത്തെ മോയിന്‍ അലി പുറത്താക്കി.

മുഹമ്മദ് ഹഫീസ് അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് ഹഫീസിനു മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹഫീസിനെ മാര്‍ക്ക് വുഡ് ആണ് പുറത്താക്കിയത്. സര്‍ഫ്രാസ് 44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ക്രിസ് വോക്സും 3 വീതം വിക്കറ്റും മാര്‍ക്ക് വുഡ് 2 വിക്കറ്റും നേടി.

 

തോല്‍വിയ്ക്ക് പ്രധാന കാരണം ടോസ് എന്ന് പാക്കിസ്ഥാന്‍ നായകന്‍

ട്രെന്‍ഡ് ബ്രിഡ്ജിലെ ഈ സാഹചര്യങ്ങളില്‍ ടോസ് നഷ്ടമായതും തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായതുമാണ് പാക്കിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഈ നിലയില്‍ നിന്ന് തിരിച്ചുവരവ് വളരെ പാടായിരുന്നുവെന്നും ഇവിടെ നിന്നും ഇനി പോസിറ്റീവ് ക്രിക്കറ്റാണ് പാക്കിസ്ഥാന്‍ കളിയ്ക്കേണ്ടതെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

ബാറ്റിംഗ് യൂണിറ്റ് കൈവിട്ടതാണ് തിരിച്ചടിയായത്. പേസ് ബൗളിംഗുമായി തങ്ങളെ വിന്‍ഡീസ് ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായിരുന്നു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മികച്ച രീതിയില്‍ പാക്കിസ്ഥാന് കളിയ്ക്കുവാനായില്ലെന്ന് പറഞ്ഞ സര്‍ഫ്രാസ് ഇന്നത്തെ ദിവസം പാക്കിസ്ഥാന് മോശം ദിവസമാണെന്ന് പറഞ്ഞു. തന്റെ ടീം തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പാണെന്നും മുഹമ്മദ് അമീര്‍ തിരികെ മികച്ച ബൗളിംഗിലേക്ക് വന്നത് ശുഭസൂചനയാണെന്നും സര്‍ഫ്രാസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ തങ്ങള്‍ക്ക് മികച്ച പിന്തുണ പൊതുവേ ലഭിയ്ക്കാറുണ്ടെന്നും അത് ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി നേടിയത് പോലെ വിജയവുമായി മടങ്ങി വരുവാന്‍ സര്‍ഫ്രാസിനാകട്ടെ – അക്തര്‍

സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് നില്‍ക്കുന്ന പാക്കിസ്ഥാനെതിരെ നാട്ടിലെ ആരാധകരുടെ രോഷം ഉയരുമ്പോളും ടീമിനു കിരീടവുമായി മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ആദ്യമായി ലോകകപ്പില്‍ ടീമിനെ നയിക്കുന്ന സര്‍ഫ്രാസ് അഹമ്മദിനോട് ചാമപ്്യന്‍സ് ട്രോഫിയില്‍ 2017ല്‍ ഇന്ത്യയെ കീഴടക്കിയത് പോലെ ലോകകപ്പിലും വിജയം കരസ്ഥമാക്കി നാട്ടിലേക്ക് മടങ്ങുവാനാണ് അക്തര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ആശംസ അറിയിക്കുകയും ചെയ്തത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം പലയിടത്തും ഇന്ത്യയോട് തോറ്റ ടീമിനെ നയിച്ചയാളും സര്‍ഫ്രാസ് ആണെങ്കിലും ലോകകപ്പില്‍ താരത്തിനു തിളങ്ങാനാകുമെന്നാണ് അക്തറിന്റെ പ്രതീക്ഷ. ലോകകപ്പുമായി സര്‍ഫ്രാസ് നാട്ടിലേക്ക് മടങ്ങട്ടെ എന്നാണ് അക്തറിന്റെ ആശംസ. പാക്കിസ്ഥാനെ 1999 ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഷൊയ്ബ് അക്തര്‍.

മുഹമ്മദ് റിസ്വാനോട് ഇംഗ്ലണ്ടിൽ തന്നെ നിൽക്കുവാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ

പാക്കിസ്ഥാന്റെ ലോകകപ്പ് നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദിനു കരുതല്‍ താരമെന്ന് നിലയില്‍ റിസര്‍വ് കീപ്പറെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന താരം ടീമിനൊപ്പം തന്നെ തങ്ങും. അവസാന പതിനഞ്ചില്‍ താരത്തിനു ഇടം ലഭിച്ചില്ലെങ്കിലും താരത്തെ കരുതല്‍ താരമായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു.

സര്‍ഫ്രാസ് അഹമ്മദിനു പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പകരം താരമായി പരിഗണിക്കുവുന്ന താരമാവും ഇനി മുഹമ്മദ് റിസ്വാന്‍. താരത്തിനൊപ്പം ആബിദ് അലിയെയും ഫഹീം അഷ്റഫിനെയും കരുതല്‍ താരങ്ങളായി പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ജയം പോലുമില്ലാതെ പാക്കിസ്ഥാന്‍, മഴ മുടക്കിയ ആദ്യ മത്സരം ഒഴികെ എല്ലാം വിജയിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 351/9 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 297 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഓയിന്‍ മോര്‍ഗനും ജോ റൂട്ടുമാണ് ഇംഗ്ലണ്ട് ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 117 റണ്‍സാണ് ഇരുവരും കൂടി നേടിയത്. ജോ റൂട്ട് 84 റണ്‍സ് നേടിയപ്പോള്‍ മോര്‍ഗന്‍ 76 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ്(33), ജോണി ബൈര്‍സ്റ്റോ(32), ജോസ് ബട്‍ലര്‍(34) എന്നിവര്‍ക്കൊപ്പം 15 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന ടോം കറനും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി നാലും ഇമാദ് വസീം 3 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് വേണ്ടി 97 റണ്‍സ് നേടിയ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ടോപ് സ്കോറര്‍ ആയെങ്കിലും ബാബര്‍ അസം(80) ഒഴികെ മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം പുറത്ത് വരാത്തത് ടീമിനു തിരിച്ചടിയായി. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയും ടീമിനു തിരിച്ചടിയായി. 46.5 ഓവറില്‍ ടീം 297 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് ടീമിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. ക്രിസ് വോക്സ് വിജയികള്‍ക്കായി അഞ്ച് വിക്കറ്റ് നേടി കളിയിലെ താരമായി മാറി. ജേസണ്‍ റോയ് ആണ് പരമ്പരയിലെ താരം.

ഇംഗ്ലണ്ടിലെ പ്രകടനം അമീറിന്റെ സാധ്യതകളെ തീരുമാനിക്കും

ലോകകപ്പില്‍ പാക്കിസ്ഥാന്‍ മുഹമ്മദ് അമീര്‍ ഇല്ലാതെ ടീം പ്രഖ്യാപിച്ചുവെങ്കിലും താരത്തിനു ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അവസരം കൂടിയുണ്ടെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പരിശീലന ക്യാമ്പിലും സന്നാഹ മത്സരത്തിലും താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതേ സമയം താരത്തിനു ഇംഗ്ലണ്ടില്‍ ഒരവസരം ടീം മാനേജ്മെന്റ് നല്‍കുമെന്ന് തന്നെയാണ് പറഞ്ഞത്.

ആറ് പേസ് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത് ബൗളര്‍മാരെ മാറ്റി പരീക്ഷിക്കുവാനാണെന്നും പാക് നായകന്‍ വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയ്ക്കെതിരെ ഐസിസി ചാമ്പ്യനവ്‍സ് ട്രോഫിയില്‍ മികവ് പുലര്‍ത്തിയ ശേഷം അമീര്‍ ഫോം ഔട്ട് ആവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ കാലയളവില്‍ വെറും 5 വിക്കറ്റുകളാണ് താരം 101 ഓവറുകളില്‍ നിന്ന് നേടിയിട്ടുള്ളത്.

ലോകകപ്പിലെ ഏത് തോല്‍വിയും ആരാധകര്‍ ക്ഷമിക്കും പക്ഷേ അവര്‍ക്ക് ഇന്ത്യയ്ക്കെതിരെയുള്ള ജയം അനിവാര്യമാണ്, ഇത് തന്നെയാണ് ഇന്ത്യയിലെ സ്ഥിതിയും

ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോര് ഇരു രാജ്യങ്ങള്‍ക്കും എത്രമാത്രം ആവേശവും പ്രാധാന്യവും നിറഞ്ഞതാണെന്നതിന്റെ സൂചനകള്‍ നല്‍കി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ ഏത് മത്സരം പരാജയപ്പെട്ടാലും ആരാധകര്‍ ക്ഷമിക്കും എന്നാല്‍ അവര്‍ക്ക് ഇന്ത്യയ്ക്കെതിരെ ജയം വേണമെന്നതില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല.

ഇതേ സ്ഥിതി തന്നെയാണ് ബോര്‍ഡറിനു അപ്പുറമെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. ഇന്ത്യന്‍ ആരാധകര്‍ക്കും സമാനമായ ആവശ്യമാണുള്ളതെന്നറിയാം. ഇത് തന്നെ ടൂര്‍ണ്ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരമായി ഇന്ത്യ-പാക് പോരിനെ മാറ്റുന്നുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

Exit mobile version