കേരളം സന്തോഷ് ട്രോഫി സെമി യോഗ്യത നേടാത്തത് സൗദി പ്ലാനുകൾ പരാജയപ്പെടാൻ കാരണമായി

സന്തോഷ് ട്രോഫി സെമിഫൈനലും ഫൈനലും ഇത്തവണ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്. എന്നാൽ ഇന്നലെ നടന്ന രണ്ട് സെമി ഫൈനലുകളും കാണാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നില്ല. ഇത് കേരളം സെമിയിൽ എത്താത്തത് കൊണ്ടാണ് എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. കേരളവും ബംഗാളും സെമിയിൽ എത്താതിരുന്നത് യാഥാർത്ഥ്യമാകാത്തത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) പ്രതിസന്ധിയിലാക്കി.

സൗദി അറേബ്യയിൽ നടക്കുന്ന മത്സരത്തിനായി 60,000+ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം AIFF അനുവദിച്ചിരുന്നു, അത് അവിട്ര്യുള്ള മലയാളി കളി കാണാൻ വരുമെന്ന് അതിലൂടെ വരുമാനമുണ്ടാക്കാൻ ആകുമെന്നും പ്രതീക്ഷിച്ചായിരുന്നു. എന്നാൽ, കേരളം തോറ്റതോടെ എഐഎഫ്എഫിന്റെ പദ്ധതി വഴിമുട്ടി എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് തന്നെ പറഞ്ഞു.

“കേരളമോ ബംഗാളോ സെമിയിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, അവർ ഉണ്ടായിരുന്നെങ്കിൽ, ഒരുപക്ഷെ ധാരാളം ആളുകൾ വന്നേനെ, അത് വരുമായിരുന്നു. വരുമാനം ഉണ്ടാക്കാൻ സഹായിക്കുമായിരുന്നു. പക്ഷേ അത് നടന്നില്ല.” അദ്ദേഹം പറഞ്ഞു.

തിരിച്ചടികൾക്കിടയിലും, സൗദിയിൽ കളിക്കാനുള്ള പദ്ധതി നല്ലതാണെന്ന് ചൗബെ പറഞ്ഞു, അടുത്ത വർഷവും സൗദിയിൽ ആകും അവസാന റൗണ്ട് നടക്കുക എന്നും അദ്ദേഹം പറഞ്ഞു.
.

കർണാടകയും സന്തോഷ് ട്രോഫി ഫൈനലിൽ

സൗദി അറേബ്യയിൽ നടന്ന സന്തോഷ് ട്രോഫി സെമിയിൽ സർവീസസിനെ പരാജയപ്പെടുത്തി കൊണ്ട് കർണാടക ഫൈനൽ ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കർണാടകയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് അവർ വിജയിച്ചു കയറിയത്. നാൽപ്പതാം മിനുട്ടിൽ ബികാഷ് താപയിലൂടെ സർവീസസ് ലീഡ് എടുത്തു.

ഈ ഗോളിന് മൂന്ന് മിനുട്ടിനകൽ കർണാടക മറുപടി പറഞ്ഞു. ഒരു ഗംഭീര ഫ്രീകിക്കിലൂടെ റോബിൻ യാദവ് ആണ് കർണാടകക്ക് സമനില നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് അങ്കിതിലൂടെ കർണാടക ലീഡും നേടി. രണ്ടാം പകുതിയിൽ സുനിൽ കുമാർ കൂടെ ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. ഫൈനലിൽ മേഘാലയ ആകും കർണാടകയുടെ എതിരാളികൾ. ആദ്യ സെമിയിൽ മേഘാലയ പഞ്ചാബിനെ തോൽപ്പിച്ചിരുന്നു.

പഞ്ചാബിനെ തോൽപ്പിച്ച് മേഘാലയ സന്തോഷ് ട്രോഫി ഫൈനലിൽ

സൗദി അറേബ്യയിൽ നടന്ന സന്തോഷ് ട്രോഫി ആദ്യ സെമി ഫൈനലിൽ പഞ്ചാബിനെ തോൽപ്പിച്ച് കൊണ്ട് മേഘാലയ ഫൈനൽ ഉറപ്പിച്ചു. ആവേശകരമായ മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഒരു ഗോളിന്റെ ബലത്തിൽ 2-1 എന്ന സ്കോറിനായിരുന്നു മേഘാലയുടെ വിജയം. അവർ ഇതാദ്യമായാണ് സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. പതിനാറാം മിനുട്ടിൽ പാർമ്ജിതിലൂടെ പഞ്ചാബ് ആയിരുന്നു ഇന്ന് ലീഡ് എടുത്തത്.

37ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ ഫിഗോ മേഘാലയക്ക് സമനില നൽകി. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. 91ആം മിനുട്ടിൽ ഷീൻ സ്റ്റിവൻസണിലൂടെ മേഘാലയ വിജയം ഉറപ്പിച്ചു. ഇന്ന് രാത്രി രണ്ടാം സെമിയിൽ കർണാടക സർവീസസിനെ നേരിടും.

ഇന്ന് സൗദിയിൽ സന്തോഷ് ട്രോഫി സെമി ഫൈനലുകൾ

ഹീറോ സന്തോഷ് ട്രോഫ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ നടക്കും. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ രാജ്യത്ത് വെച്ച് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുന്നത്.

നാല് ടീമുകൾ – പഞ്ചാബ്, മേഘാലയ, സർവീസസ്, കർണാടക എന്നിവർ രണ്ടു ദിവസമായി സൗദി അറേബ്യയിൽ ഉണ്ട്. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യ സെമിയിൽ പഞ്ചാബ് മേഘാലയയെ നേരിടും. രണ്ടാം സെമിയിൽ സർവിസ് കർണാടകയെയും നേരിടും.

സന്തോഷ് ട്രോഫിയിൽ എട്ട് തവണ ചാമ്പ്യൻമാരായ ടീമാണ്‌ പഞ്ചാബ്. അവസാന നാലിൽ ആദ്യമായി ഇറങ്ങുന്ന ടീമാണ് മേഘാലയ. രണ്ടാം സെമിയിൽ ആറ് തവണ ചാമ്പ്യൻമാരായ സർവീസസ് നാല് തവണ ചാമ്പ്യൻമാരായ കർണാടകയെ നേരിടും. 2018-19ൽ ആണ് സർവീസസ് അവസാനമായി ഹീറോ സന്തോഷ് ട്രോഫി നേടിയത്.

സന്തോഷ് ട്രോഫി, സൗദിയിലേക്ക് പോകുന്ന നാലു ടീമുകൾ തീരുമാനം ആയി

സന്തോഷ് ട്രോഫി സെമി ഫൈനലിസ്റ്റുകൾ തീരുമാനം ആയി. പഞ്ചാബ്, കർണാടക, സർവീസസ്, മേഘാലയ എന്നിവർ ആകും സെമി ഫൈനൽ കളിക്കാനായി സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കുക. ഇന്നലെ കേരളം ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് ആണ് കർണാടകയും പഞ്ചാബും സെമിയിൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽ നിന്ന് മേഘാലയയും സർവീസസും ഇന്ന് യോഗ്യത ഉറപ്പിച്ചു. ബംഗാൾ ആണ് ആ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയ വമ്പന്മാർ.

റിയാദിൽ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആകും സെമി ഫൈനലുകൾക്കും ഫൈനലിനും വേദിയാകുക. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമിയും ഫൈനലും മാർച്ച് 1 മുതൽ 4 വരെ ആകും സൗദി അറേബ്യയിൽ വെച്ച് നടക്കുക. കേരളം യോഗ്യത നേടിയില്ല എന്നത് എ ഐ എഫ് എഫിന്റെ സൗദി പദ്ധതിക്ക് തന്നെ തിരിച്ചടിയാണ്. കേരളം സൗദിയിൽ കളിച്ചിരുന്നു എങ്കിലും സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകി എത്തിയേനെ.

കേരളം സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്ത്!! സൗദി അറേബ്യയിലേക്ക് മലയാളികളുടെ ടീം ഇല്ല

കേരളത്തിന്റെ സന്തോഷ് ട്രോഫി സെമി പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് അവസാന മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ കേരളം സെമി കാണാതെ പുറത്തായിരിക്കുകയാണ്. ഇന്ന് കളി 1-1 എന്ന രീതിയിൽ ആണ് അവസാനിച്ചത്.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് ഇന്ന് വിജയം നിർബന്ധമായിരുന്നു. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ പഞ്ചാബിന് എതിരെ കേരള നല്ല രീതിയിൽ ആണ് തുടങ്ങിയത്. 24ആം മിനുട്ടിൽ കേരളം പഞ്ചാബ് ഡിഫൻസ് ഭേദിച്ച് ആദ്യ ഗോൾ നേടി. വിശാഖ് മോഹനിലൂടെ ആണ് കേരളം ലീഡ് എടുത്തത്‌. ഇത് കേരളത്തിന്റെ സെമി പ്രതീക്ഷ സജീവമാക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ പഞ്ചാബ് തിരിച്ചടിച്ചു. ആദ്യ പകുതി ഇരു ടീമുകളും 1-1 എന്ന നിലയിൽ അവസാനിച്ചു.

പഞ്ചാബിന് സെമി ഉറപ്പിക്കാൻ സമനില മതിയായിരുന്നു. അതുകൊണ്ട് തന്നെ അവർ ഡിഫൻസിൽ ഊന്നി കളിച്ചു. ആക്രമിച്ചു കളിച്ച കേരളം രണ്ടു തവണ ഗോളിന് അടുത്ത് എത്തി. ഗോൾ ലൈൻ ക്ലിയറൻസും ഗോൾ പോസ്റ്റും എല്ലാം കേരളത്തിന് വില്ലനായി എത്തി. മറുവശത്ത് മിഥുനും നല്ല സേവുകൾ നടത്തി.

ഈ സമനിലയോടെ കേരളം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പഞ്ചാബും കർണാടകയും ആണ് ഈ ഗ്രൂപ്പിൽ നിന്ന് സെമി ഫൈനൽ യോഗ്യത നേടിയത്. തുടക്കത്തിൽ കർണാടകയോട് തോറ്റതും മഹാരാഷ്ട്രക്ക് എതിരെ സമനില വഴങ്ങിയതും ആണ് കേരളത്തിന് തിരിച്ചടിയായത്. സെമി ഫൈനലും ഫൈനലും സൗദി അറേബ്യയും വെച്ചാകും നടക്കുക.

സെമി ഫൈനൽ ഉറപ്പിക്കണം, കേരളം ഇന്ന് അവസാന അങ്കത്തിന്

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. ഇന്ന് വിജയിച്ചാൽ മാത്രമേ കേരളത്തിന് സെമി ഫൈനൽ പ്രതീക്ഷയുള്ളൂ. നാലു ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 7 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. 10 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്തും 8 പോയിന്റുമായി കർണാടക രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഉറപ്പിക്കാൻ ആകു.

ഇന്ന് ജയിച്ചാൽ ഹെഡ് ഡു ഹെഡിന്റെ ബലത്തിൽ കേരളത്തിന് പഞ്ചാബിനെ മറികടക്കാൻ ആകും. എന്നാൽ മികച്ച ഫോമിലുള്ള പഞ്ചാബിനെ തോൽപ്പിക്കുക കേരളത്തിന് എളുപ്പമാകില്ല. കേരളം ഇതുവരെ നല്ല ഫോമിലേക്ക് ഉയർന്നു എന്ന് പറയാൻ ആകില്ല. ആരാധകരും കേരളത്തിൽ നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോളിന്റെ ഫേസ് ബുക്ക് പേജ് വഴി തത്സമയം കാണാൻ ആകും.

സന്തോഷ് ട്രോഫി സെമി പ്രതീക്ഷ കാത്ത് കേരളം, ഒഡീഷയെ തോൽപ്പിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം വിജഴവഴിയിൽ തിരികെയെത്തി. വിജയം ഇല്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം ഇന്ന് ഒഡീഷയെ ആണ് കേരളം പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെയാണ് കേരളം ലീഡ് എടുത്തത്. 16ആം മിനുട്ടിൽ ഒരോ കോർണറിൽ നിന്ന് സംഭവിച്ച ഹാൻഡ് ബോൾ റഫറി പെനാൾട്ടി വിളിക്കുകയായിരുന്നു.

പെനാൾട്ടി എടുത്ത നിജോ ഗിൽബേർട്ട് സമ്മർദ്ദങ്ങൾ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. കേരള ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്ന ആധിപത്യം കേരളത്തിൽ നിന്ന് ഉണ്ടായില്ല എങ്കിലും വിജയം ഉറപ്പിക്കാൻ നിലവിലെ ചാമ്പ്യന്മാർക്ക് ആയി. ഈ വിജയം കേരളത്തെ നാലു മത്സരളിൽ നിന്ന് 7 പോയിന്റിൽ എത്തിച്ചു. കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. 8 പോയിന്റ് ഉള്ള കർണാടക ഒന്നാം സ്ഥാനത്തും ഏഴ് പോയിന്റ് ഉള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തും ആണ്. ഇനി അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ കേരളത്തിന് സെമി ഫൈനൽ ഉറപ്പിക്കാം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമി ഫൈനലിൽ എത്തുക.

സന്തോഷ് ട്രോഫിയിൽ 4-1ന് പിറകിലായ ശേഷം കേരളത്തിന്റെ മാരക തിരിച്ചുവരവ്!! സെമി പ്രതീക്ഷ കാത്തു

ഒഡീഷയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് മാരക തിരിച്ചുവരവ്. മഹാരാഷ്ട്രക്ക് എതിരെ 4-1ന് പിറകിൽ നിന്ന ശേഷം മാരക തിരിച്ചുവരവ് നടത്താൻ കേരളത്തിനായി. 4-4 എന്ന സമനിലയാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിന്റെ സെമി ഫൈനൽ പ്രതീക്ഷക്ക് ഈ സമനില തിരിച്ചടി ആണെങ്കിലും കേരളത്തിന്റെ പോരാട്ടവീര്യം സന്തോഷം നൽകുന്നത് ആയിരുന്നു.

ആദ്യ പകുതിയിൽ നാല് ഗോളുകൾ വഴങ്ങിയത് ആണ് കേരളത്തിന് വലിയ തിരിച്ചടിയായത്. ആദ്യ പകുതി 1-4 എന്ന സ്കോറിലാണ് അവസാനിച്ചത്. വിഷാഖിന്റെ ഗോളാണ് ആദ്യ പകുതിയിൽ കേരളത്തിന് ആശ്വാസം ആയത്. രണ്ടാം പകുതിയിൽ കേരളം തിരിച്ചടിച്ചു. 66ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് നിജോ തിരിച്ചടി ആരംഭിച്ചു. 2-4. 71ആം മിനുട്ടിൽ അർജുനിലൂടെ മൂന്നാം ഗോൾ വന്നു. സ്കോർ 3-4. മഹാരാഷ്ട്ര ആകെ വിറച്ചു. 75ആം മിനുട്ടിൽ ജോൺ പോളിലൂടെ കേരളത്തിന്റെ സമനില ഗോൾ വന്നു.

വാട്ടർബ്രേക്കിനിടയിൽ ആണ് കേരളം ഗോളടിച്ചതെന്ന് പറഞ്ഞ് മഹാരാഷ്ട്ര പ്രതിഷേധിച്ചു എങ്കിലും ഗോൾ അനുവദിച്ചു. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം ആയിരുന്നു. 15 മിനുട്ട് ആണ് ഇഞ്ച്വറി ടൈമായി ലഭിച്ചത്. ഇഞ്ച്വറി ടൈമിൽ ജോൺ പോളിനെ വീഴ്ത്തിയതിന് കേരളത്തിന് പെനാൾട്ടി കിട്ടേണ്ടിയിരുന്നത് ആയിരുന്നു എങ്കിലും റഫറി പെനാൾട്ടി നിഷേധിച്ചു. അവസാന നിമിഷങ്ങളിൽ നല്ല അവസരം സൃഷ്ടിക്കാൻ ആകാത്തതോടെ കളി സമനിലയിൽ നിന്നു.

3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് മാത്രമുള്ള കേരളം ഇപ്പോൾ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. 7 പോയിന്റുമായി കർണാടക ഗ്രൂപ്പിൽ മുന്നിലും 7 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും ഉണ്ട്. ഒഡീഷയ്ക്കും പഞ്ചാബിനുമെതിരെ കേരളത്തിന് രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്, കേരളം ആദ്യ മത്സരത്തിൽ ഗോവയെ തോൽപ്പിച്ചു എങ്കിലും രണ്ടാം മത്സരത്തിൽ അപ്രതീക്ഷിതമായി കർണാടയോട് പരാജയപ്പെടുകയുണ്ടായി. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് ടീമുകൾക്ക് മാത്രമേ യോഗ്യത നേടാനാകൂ എന്നതിനാൽ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാലെ കേരളത്തിന് പ്രതീക്ഷ ഉള്ളൂ.

ഇന്ന് വിജയിച്ചേ പറ്റൂ, കേരളം സന്തോഷ് ട്രോഫിയിൽ ഇന്ന് മഹാരാഷ്ട്രക്ക് എതിരെ

സന്തോഷ് ട്രോഫിയിൽ ഇന്ന് നിർണായക മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ നേരിടും. സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ കേരളത്തിന് വിജയം അത്യാവശ്യമാണ്. ഗോവയ്‌ക്കെതിരെ 3-2ന് ജയിച്ച് ടൂർണമെന്റിൽ മികച്ച തുടക്കം കുറിച്ച കേരളം പക്ഷെ കഴിഞ്ഞ മത്സരത്തിൽ കർണാടകയുടെ കയ്യിൽ നിന്ന് ഞെട്ടിക്കുന്ന തോൽവി നേരിട്ടിരുന്നു. ഇനിയും പോയിന്റ് നഷ്ടപ്പെടുത്തിയാൽ കേരളത്തിന് സെമി ഫൈനൽ യോഗ്യത ദുഷ്കരമാകും.

മറുവശത്ത് മഹാരാഷ്ട്രയും നല്ല ഫോമിൽ അല്ല. ഇതുവരെ അവർക്ക് ഗ്രൂപ്പിൽ ഒരു മത്സരം വിജയിക്കാൻ ആയിട്ടില്ല. നാലാമതുള്ള കേരളത്തിനും പിറകിൽ ആണ് മഹാരാഷ്ട്ര ഉള്ളത്. ഒഡീഷയിൽ നടക്കുന് മത്സരം ഇന്ന് വൈകിട്ട് 7.30ന് തുടങ്ങും. ഫാൻകോഡ് ആപ്പിലും ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിലും മത്സരം കാണാം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടികെ രണ്ടാം മത്സരത്തിൽ കേരളത്തിന് അപ്രതീക്ഷിതമായ പരാജയം. ഇന്ന് കർണാടകയോടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം പരാജയപ്പെട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കർണാടകയുടെ വിജയം. ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ പവാർ അണ് കർണാടകയുടെ ഗോൾ നേടിയത്‌. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് നല്ല ഒരു ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമായിരുന്നു പവാറിന്റെ ഗോൾ.

ഈ ഗോളിന് ശേഷവും കർണാടക നല്ല കുറേ അവസരങ്ങൾ സൃഷ്ടിക്കുന്നത് കാണാൻ ആയി. എന്നാൽ മറുവശത്ത് കേരളത്തിന് എത്ര ശ്രമിച്ചിട്ടും സമനില ഗോൾ നേടാൻ ആയില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവ പരാജയപ്പെടുത്തിയിരുന്നു. ഇനി ഫെബ്രുവരി 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ സെമി ഫൈനൽ എത്താൻ ആവുകയുള്ളൂ.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് നാളെ രണ്ടാം അങ്കം

സന്തോഷ് ട്രോഫി; ഒഡീഷയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ കേരളവും കർണാടകയും നാളെ മുഖാമുഖം വരും. നാളെ രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുക. കളി ഫാൻകോട് ആപ്പിൽ ലൈവ് ആയി കാണാം. ഇന്നലെ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ആസിഫിന്റെ ഇഞ്ചുറി ടൈം ഗോളിൽ കേരളം ഗോവയെ 3-2ന് തോൽപിച്ചിരുന്നു‌‌. ഈ ഫലം കേരളത്തെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്നുണ്ട്. നാളെ തങ്ങളുടെ വിജയ കുതിപ്പ് തുടരാൻ ആകും കേരളം നോക്കുന്നത്.

മറുവശത്ത്, കർണാടക ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരായ 2-2ന്റെ സമനില വഴങ്ങിയിരുന്നു. സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന സെമിഫൈനലിലേക്ക് ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ മാത്രമേ യോഗ്യത നേടൂ എന്നതിനാൽ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

Exit mobile version