20 വർഷങ്ങൾക്ക് ശേഷം കളി തുടങ്ങിയ ക്ലബിൽ തിരിച്ചെത്തി സാന്റി കസോള

നീണ്ട 20 വർഷങ്ങൾക്ക് ശേഷം താൻ വർഷങ്ങളോളം അക്കാദമി താരമായി കളി തുടങ്ങിയ റയൽ ഒവിയെഡോയിൽ തിരിച്ചെത്തി 38 കാരനായ സ്പാനിഷ് മധ്യനിര താരം സാന്റി കസോള. 1996 മുതൽ 2003 വരെ അവരുടെ അക്കാദമിയിൽ ആണ് സാന്റി കളിച്ചത്. ഖത്തർ ക്ലബ് അൽ സാദും ആയുള്ള കരാർ കഴിഞ്ഞ ശേഷം ഫ്രീ ട്രാൻസ്‌ഫർ ആയാണ് താരം സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമിൽ എത്തുന്നത്.

ആഴ്‌സണൽ, വിയ്യറയൽ ക്ലബുകളിൽ മികവ് കാണിച്ച സാന്റി അവരുടെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഇന്നും. പലപ്പോഴും പരിക്കുകൾ ആണ് താരത്തിന് വിനയായത്. സ്‌പെയിൻ ടീമിന് ആയി 81 മത്സരങ്ങളിലും സാന്റി കളിച്ചിട്ടുണ്ട്. റയൽ ഒവിയെഡോയിൽ ലാ ലീഗ രണ്ടാം ഡിവിഷനിലെ ഏറ്റവും മിനിമം വേതനം ആണ് സാന്റി വാങ്ങുക. താരത്തിന്റെ ജേഴ്‌സി വിറ്റ് കിട്ടുന്നതിന്റെ 10 ശതമാനം ക്ലബിന്റെ അക്കാദമിയിലേക്ക് ആവും പോവുക എന്നും ക്ലബ് പ്രഖ്യാപിച്ചു. 2024 ജൂൺ വരെയുള്ള കരാറിൽ ആണ് സാന്റി ഒപ്പ് വെച്ചത്.

Exit mobile version