സഞ്ജു സാംസൺ ബാറ്റിങ്ങിനുള്ള ഫിറ്റ്‌നസ് ക്ലിയർ ആയതായി റിപ്പോർട്ട്. എന്നാൽ വിക്കറ്റ് കീപ്പിംഗ് ഫിറ്റ്‌നസ് ടെസ്റ്റ് ഇനിയും പാസ് ആയിട്ടില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി കളിക്കുന്നതിനിടെ വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ബാറ്റ് ചെയ്യാൻ വേണ്ടത്ര സുഖം താരം പ്രാപിച്ചെങ്കിലും, ഐപിഎൽ സീസണിൻ്റെ തുടക്കത്തിൽ അദ്ദേഹം വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. പകരം, രാജസ്ഥാൻ റോയൽസ് തുടക്കത്തിൽ സ്റ്റമ്പിന് പിന്നിൽ ധ്രുവ് ജൂറലിനെ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മത്സരങ്ങൾക്ക് ശേഷം സാംസണിന് വിക്കറ്റ് കീപ്പിംഗ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാൻ പോകുന്ന ബിഹാറിൽ നിന്നുള്ള 13 വയസ്സുള്ള വൈഭവ് സൂര്യവംശിക്ക് വലിയ ഭാവി പ്രവചിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎൽ 2025 മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് ആയിരുന്നു ഈ ഇടംകൈയ്യൻ ബാറ്റ്‌സ്മാനെ സ്വന്തമാക്കിയത്.
“വൈഭവ് വളരെ ആത്മവിശ്വാസത്തോടെ ആണ് പരിശീലനം നടത്തുന്നത്.; അക്കാദമിയിൽ അദ്ദേഹം ഗ്രൗണ്ടിന് പുറത്ത് സിക്സ് അടിക്കുകയായിരുന്നു. ആളുകൾ ഇതിനകം തന്നെ അദ്ദേഹത്തിന്റെ പവർ-ഹിറ്റിംഗിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അവന്റെ ശക്തി മനസ്സിലാക്കുക, അവനെ പിന്തുണയ്ക്കുക, ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം,” സാംസൺ ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.
“അവൻ ടീമിന് സംഭാവന നൽകാൻ തയ്യാറാണെന്ന് ഞാൻ കരുതുന്നു. പ്രധാന കാര്യം, അവനെ മികച്ച നിലയിൽ നിലനിർത്തുകയും നല്ല ഒരു അന്തരീക്ഷം നൽകുകയും ചെയ്യുക എന്നതാണ്, രാജസ്ഥാൻ റോയൽസ് അതിന് പേരുകേട്ടതാണ്. കുറച്ച് വർഷത്തിനുള്ളിൽ അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ സാധ്യതയുണ്ട്. ഐപിഎല്ലിന് അദ്ദേഹം തയ്യാറാണെന്ന് എനിക്ക് തോന്നുന്നു,” സാംസൺ കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസ് വിട്ട് ഗുജറാത്ത് ടൈറ്റൻസിൽ എത്തിയ ജോസ് ബട്ട്‌ലറിനെ സ്വന്തം സഹോദരനെ പോലെയാണ് എന്ന് വിശേഷിപ്പിച്ച് സഞ്ജു സാംസൺ. ബട്ലറിനെ ക്ലബ് വിടാൻ അനുവദിച്ച തീരുമാനം തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളിലൊന്നായിരുന്നു എന്ന് റോയൽസ് ക്യാപ്റ്റൻ സഞ്ജു പറഞ്ഞു.
“ഐപിഎൽ നിങ്ങൾക്ക് ഒരു ടീമിനെ നയിക്കാനും ഉയർന്ന തലത്തിൽ കളിക്കാനും അവസരം നൽകുന്നു, ഒപ്പം അത് നിങ്ങൾക്ക് അടുത്ത സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും അനുവദിക്കുന്നു. ജോസ് ബട്ട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു, ഒരു നീണ്ട ബാറ്റിംഗ് കൂട്ടുകെട്ട് രൂപപ്പെടുത്തി.” സഞ്ജു പറഞ്ഞു
“ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും നല്ല ബന്ധം പുലർത്തി. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയായിരുന്നു,” സാംസൺ പറഞ്ഞു.
“ഞാൻ ക്യാപ്റ്റനായപ്പോൾ, അദ്ദേഹം എന്റെ വൈസ് ക്യാപ്റ്റനായിരുന്നു, ടീമിനെ നയിക്കാൻ എന്നെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെ വിട്ടയയ്ക്കുന്നത് എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. ഐപിഎല്ലിൽ എനിക്ക് ഒരു കാര്യം മാറ്റാൻ കഴിയുമെങ്കിൽ, കളിക്കാരെ വിട്ടയയ്ക്കാനുള്ള നിയമം ഞാൻ മാറ്റും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ് സഞ്ജു സാംസൺ ശസ്ത്രക്രിയക്ക് വിധേയനായി. വലതു ചൂണ്ടുവിരലിലെ പരിക്ക് മാറാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് ജോഫ്ര ആർച്ചറുടെ പന്ത് പന്ത് തട്ടിയാണ് പരിക്കേറ്റത്.
2025 ഐപിഎൽ അടുത്തുവരുന്നതിനിടെ, ഈ പരിക്ക് ആരാധകരിൽ ആശങ്ക ഉയർത്തിയിരുന്നു. അദ്ദേഹം എപ്പോൾ പരിശീലനം പുനരാരംഭിക്കും എന്നതിൽ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. വരാനിരിക്കുന്ന സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ അദ്ദേഹം കൃത്യസമയത്ത് ഫിറ്റായി എത്തും എന്ന് സഞ്ജു ആരാധകർ പ്രതീക്ഷിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ അടുത്തിടെ നടന്ന ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രം നേടിയ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. പരമ്പരയിൽ ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, സാഖിബ് മഹമൂദ് തുടങ്ങിയ ഫാസ്റ്റ് ബൗളർമാർ എറിഞ്ഞ ബൗൺസറുകളെ നേരിടാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.
ഷോർട്ട് ബോൾ നേരിടാൻ സാംസണിന് കഴിയാത്തത് അദ്ദേഹം തന്റെ സമീപനം മാറ്റാൻ തയ്യാറാകാത്തത് കൊണ്ടാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു, “സഞ്ജു സാംസൺ ടീം ബസ് നഷ്ടപ്പെടുത്തിയതായി തോന്നുന്നു. അഞ്ചാം തവണയും, അതേ രീതിയിൽ പുറത്തായി. സമാനമായ ഒരു ഷോട്ട് കളിച്ചു. അദ്ദേഹം തന്റെ ഈഗോ കാണിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതുന്നു.” ശ്രീകാന്ത് പറഞ്ഞു.
ബൗൺസ് കളിക്കാൻ അറിയില്ല എന്ന വിമർശനത്തെ ഈഗോയോടെ നേരിടാൻ ശ്രമിക്കുന്നതാണ് സഞ്ജുവിന്റെ പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞു ജയ്‌സ്വാൾ സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനം കൈക്കലാക്കും എന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.
സഞ്ജു സാംസണ് പരിക്ക്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ ജോഫ്ര ആർച്ചറുടെ പന്ത് കൊണ്ടതിനെ തുടർന്ന് ആണ് സഞ്ജു സാംസണ് പരിക്കേറ്റത്. താരത്തിന്റെ ചൂണ്ടുവിരലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. പരിക്ക് കാരണം ഒരു മാസത്തോളം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ജമ്മു & കശ്മീരിനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ അദ്ദേഹത്തിന് നഷ്ടമാകും.
സാംസൺ സുഖം പ്രാപിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് മടങ്ങി. ഇനി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസത്തിന് വിധേയനാകും. പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് എൻസിഎ ക്ലിയറൻസ് ആവശ്യമാണ്. ഇനി ഐപിഎല്ലിൽ ആണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമീപകാല പ്രകടനത്തിന് വിമർശനം നേരിട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണ് ശക്തമായ പിന്തുണ അറിയിച്ച് സഞ്ജയ് മഞ്ജരേക്കർ.
ആദ്യ നാല് മത്സരങ്ങളിൽ സാംസൺ യഥാക്രമം 26, 5, 3, 1 റൺസ് എന്നിങ്ങനെയുള്ള സ്കോറേ നേടിയിരുന്നുള്ളൂ. ഫോമിൽ ഇല്ലെങ്കിലും സഞ്ജുവിനെ പോലുള്ള താരങ്ങളുടെ കാര്യത്തിൽ ക്ഷമ കാണിക്കേണ്ടതിന്റെ പ്രാധാന്യം മഞ്ജരേക്കർ പറഞ്ഞു.
“ഒരു ടി20 ഐ പ്രതിഭയെ നോക്കുമ്പോൾ, അവർ നന്നായി കളിക്കുമ്പോൾ അവർക്ക് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയും, അവർക്ക് എന്ത് സംഭാവന നൽകാൻ കഴിയും എന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്. സഞ്ജു സാംസണെ നിങ്ങൾ കാണുമ്പോൾ, അദ്ദേഹം നന്നായി കളിക്കുമ്പോൾ, അവിശ്വസനീയമായ സെഞ്ച്വറി നേടുകയും നിങ്ങളുടെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു,” മഞ്ജരേക്കർ ESPNCricinfo-യിൽ പറഞ്ഞു.
“അതിനാൽ, അത്തരം ആളുകൾക്ക് പരാജയങ്ങൾ ഉണ്ടാകുന്നത് അനുവദനീയമാണ്, ഒരുപക്ഷേ ഒരു നീണ്ട പരാജയ പരമ്പരയും ഉണ്ടാകാം, കാരണം ഒരു ടി20 ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ അവരുടെ സ്വഭാവം അതാണ്, നിങ്ങൾക്ക് ക്ഷമയോടെ കളിക്കാൻ കഴിയില്ല, അവർ റിസ്‌കുകൾ എടുക്കേണ്ടതുണ്ട്. അദ്ദേഹത്തെ വീണ്ടും ഫോമിലേക്ക് നയിക്കുന്ന ഒരു ഇന്നിംഗ്‌സ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, സഞ്ജു സാംസണിന്റെ കാര്യത്തിൽ, കഴിയുന്നത്ര ഇന്നിംഗ്‌സുകൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണമെന്ന് ഞാൻ കരുതുന്നു.” മഞ്ജരേക്കർ പറഞ്ഞു.
“അദ്ദേഹം ഫോമിലേക്ക് എത്തുകയും നന്നായി കളിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹം ടീമിന് വലിയ കരുത്താണ്. സഞ്ജു സാംസണ് കൂടുതൽ സമയം നൽകാനുള്ള ക്ഷമ എനിക്കുണ്ട്.” മഞ്ജരേക്കർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20ഐ പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് ഇടയിലും സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. രാജ്കോട്ടിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ 26 റൺസിന് തോറ്റപ്പോൾ സാംസൺ 6 പന്തിൽ നിന്ന് വെറും 3 റൺസ് മാത്രമാണ് നേടിയത്. പരമ്പരയിൽ മൂന്നാം തവണയും ജോഫ്ര ആർച്ചറിന്റെ പന്തിലാണ് സഞ്ജു പുറത്തായത്.
“മാനസികമായി സഞ്ജു നലൽ നിലയിലാണെന്ന് ഞാൻ കരുതുന്നു. ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ എനിക്ക് സഞ്ജു സാംസണെ ശരിക്കും ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ ശരിക്കും ഇഷ്ടമാണ്,” പീറ്റേഴ്‌സൺ പറഞ്ഞു.
“അദ്ദേഹത്തിന്റെ ഷോർട്ട് ബോൾ കളിയെ വിമർശിക്കാൻ ആകില്ല. അദ്ദേഹം ഷോട്ട് ബോൾ വളരെ നന്നായി കളിക്കുന്ന ആളാണ്” പീറ്റേഴ്സൺ പറഞ്ഞു.
ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 133 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആക്രമിച്ച് കളിച്ച് 13ആം ഓവറിലേക്ക് 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി.
സഞ്ജു രണ്ടാം ഓവറിൽ ആറ്റ്കിൻസണെ 22 റൺസ് ആണ് അടിച്ചത്. പക്ഷെ സഞ്ജുവിന് അതിനു ശേഷം അധികം റൺ നേടാൻ ആയില്ല. 20 പന്തിൽ 26 റൺസുമായി സഞ്ജു മടങ്ങി. പിന്നാലെ സൂര്യകുമാർ ഡക്കിൽ മടങ്ങി.
പിന്നീട് അഭിഷേക് ശർമ്മ നിയന്ത്രണം ഏറ്റെടുത്തു. 20 പന്തിലേക്ക് അദ്ദേഹം 50 കണ്ടെത്തി. അഭിഷേക് 34 പന്തിൽ നിന്ന് ആകെ 79 റൺസ് എടുത്തു. 8 സിക്സും 5 ഫോറും യുവ ഓപ്പണർ അടിച്ചു. തിലക് വർമ്മ 19 റൺസുമായി അഭിഷേകിന് പിന്തുണ നൽകി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 132 റണ്ണിൽ ഒതുക്കാൻ ഇന്ത്യക്ക് ആയിരുന്മു. ഇന്ന് ഈഡൻ ഗാർഡനിൽ മികച്ച ബൗളിംഗ് ആണ് ഇന്ത്യ കാഴ്ചവെച്ചത്. അർഷദീപ് സിംഗ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.
തന്റെ ആദ്യ രണ്ട് ഓവറുകളിലും ഒരോ വിക്കറ്റ് വീതം വീഴ്ത്താൻ അർഷദീപിനായി. റൺ എടുക്കുന്നതിന് മുമ്പ് സാൾട്ടിനെയും 4 റൺസ് എടുത്ത ഡക്കറ്റിനെയും അർഷദീപ് മടക്കി.
പിന്നീട് വരുൺ ചക്രവർത്തിയും ഇംഗ്ലണ്ടിനെ വലിയ കൂട്ടുകെട്ടുകളിൽ നിന്ന് തടഞ്ഞു. 17 റൺസ് എടുത്ത ബ്രൂക്കിനെയും റൺ എടുക്കും മുമ്പ് ലിവിങ്സ്റ്റണെയും വരുൺ ചക്രവർത്തി മടക്കി.
7 റൺസ് എടുത്ത ജേക്കബ് ബേതൽ ഹാർദികിന് വിക്കറ്റ് നൽകിയപ്പോൾ 2 റൺസ് എടുത്ത ഓവർട്ടൺ അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായി. ആക്റ്റിൻസണെയും അക്സർ പുറത്താക്കി. സഞ്ജു സ്റ്റമ്പ് ചെയ്താണ് ആക്റ്റിൻസണെ ഔട്ടാക്കിയത്.
ഒരു ഭാഗത്ത് ജോസ് ബട്ലർ മാത്രം ഇംഗ്ലണ്ടിനായി പൊരുതി. അദ്ദേഹം 44 പന്തിൽ നിന്ന് 68 റൺസ് എടുത്തു. 2 സിക്സും 8 ഫോറും ബട്ലർ അടിച്ചു. ബട്ലറിനെ വരുൺ ചക്രവർത്തി ആണ് പുറത്താക്കിയത്. അവസാന ഓവറിൽ ആർച്ചറിനെ ഹാർദിക് പുറത്താക്കി. പിന്നാലെ സഞ്ജു വുഡിനെ റണ്ണൗട്ട് ആക്കി ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. മുഹമ്മദ് ഷമി ഇന്ന് ടീമിൽ ഇല്ല. അർഷദീപ്, ഹാർദിക്, നിതീഷ് റെഡ്ഡി എന്നിവരാണ് പേസ് ബൗൾ ചെയ്യാൻ ഇന്ന് ടീമിൽ ഉള്ളത്.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ട്. സഞ്ജു ഇന്ന് അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഓപ്പൺ ചെയ്യും.
Playing XIs are out!
🏴: Ben Duckett, Phil Salt (WK), Jos Buttler (C), Harry Brook, Liam Livingstone, Jacob Bethell, Jamie Overton, Gus Atkinson, Jofra Archer, Adil Rashid, Mark Wood
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ തന്നെയാകും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ എന്ന് ഇന്ത്യൻ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ സ്ഥാനത്തിൽ യാതൊരു സംശയവും ഇല്ലാ എന്ന് സൂര്യകുമാർ പറഞ്ഞു.
“കഴിഞ്ഞ 7-10 മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു, തന്റെ കഴിവുകൾ തെളിയിച്ചു. ലഭിച്ച അവസരങ്ങൾ അദ്ദേഹം മുതലെടുത്തു.” സൂര്യകുമാർ പറഞ്ഞു.
രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചതിനുശേഷം സാംസൺ നിർണായക സംഭാവന നൽകിയിട്ടുണ്ട്, 12 മത്സരങ്ങളിൽ നിന്ന് 42.81 ശരാശരിയിൽ 189.15 സ്ട്രൈക്ക് റേറ്റിൽ 471 റൺസ് സഞ്ജു നേടി.
ധ്രുവ് ജൂറലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി എങ്കിലും, പരമ്പരയിലെ സാംസൺ തന്നെ കീപ്പ് ചെയ്യും എന്ന് സൂര്യകുമാറിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജു സാംസണെ ഒഴിവാക്കി ഋഷഭ് പന്തിനെ തിരഞ്ഞെടുത്തതിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലെ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ സാംസണിന്റെ സമീപകാല മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, പന്തിന്റെ വിക്കറ്റ് കീപ്പിംഗ് കഴിവുകളും കളി മാറ്റിമറിക്കുന്ന കഴിവുമാണ് തിരഞ്ഞെടുപ്പിൽ നിർണായക ഘടകങ്ങളായത് എന്ന് ഗവാസ്കർ ചൂണ്ടിക്കാണിച്ചു.
“നൂറുകണക്കിന് റൺസ് നേടിയതിനാൽ ടീമിൽ ഇടം നേടിയില്ല എന്നത് സഞ്ജുവിന് വളരെ കഠിനമായ കാര്യമാണ്. അദ്ദേഹത്തെ ഒഴിവാക്കാൻ ഒരു കാരണവുമില്ല. അവർ കളിമാറ്റാൻ കഴിവുഅ ഋഷഭ് പന്തിനെതിരെയാണ് തിരഞ്ഞെടുത്തത്” ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.
“പന്ത് ഒരു ഇടംകൈയ്യനാണ്, അദ്ദേഹം മികച്ച വിക്കറ്റ് കീപ്പറാണ്, എന്നിരുന്നാലും അദ്ദേഹം സാംസണേക്കാൾ മികച്ച ബാറ്ററല്ലായിരിക്കാം. പന്തിന് സാംസണേക്കാൾ അൽപ്പം കൂടുതൽ കളി മാറ്റാൻ കഴിയും, അതാണ് സാംസൺ പുറത്തായതിന്റെ കാരണം.” ഗവാസ്കർ പറഞ്ഞു.
സാംസണിന്റെ നിരാശ ഗവാസ്കർ അംഗീകരിച്ചെങ്കിലും പോസിറ്റീവായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. “സാംസൺ നിരാശനാകരുത്, കാരണം എല്ലാ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ സഹതാപം തോന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.