സഞ്ജുവിന് അര്‍ദ്ധ ശതകം, മികച്ച ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി പക്ഷേ കേരളത്തിന് തോല്‍വി

രാജസ്ഥാനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാജയം. കേരളത്തിനെതിരെ ഏഴ് വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിത്. ആദ്യം ബാറ്റ് ചെയ്ത കേരള ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ ലക്ഷ്യ 3 വിക്കറ്റ് നഷ്ടത്തില്‍ 17 ഓവറില്‍ മറികടന്നു. കേരളത്തിനായി സഞ്ജു സാംസണ്‍ 53 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് വീശി. 39 പന്തില്‍ നേരിട്ട സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. മികച്ച ഫോമിലുള്ള സച്ചിന്‍ ബേബി 29 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്തായി. 36 റണ്‍സ് നേടിയ ഓപ്പണര്‍ വിഷ്ണു വിനോദ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. രാജസ്ഥാന് വേണ്ടി ദീപക് ലോകേന്ദ്ര ചാഹ്ര, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

രാജസ്ഥാന് വേണ്ടി 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ രാജേഷ് ബിഷ്ണോയിയും 22 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ അര്‍ജിത് ഗുപ്തയും ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഇരുവരും പുറത്താകാതെ നിന്ന് 17 ഓവറില്‍ ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. 84 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പുറത്താകാതെ ഇരുവരും ചേര്‍ന്ന് നേടിയത്. അങ്കിത് ലാംബ 19 പന്തില്‍ 35 റണ്‍സ് നേടി മികച്ച തുടക്കം രാജസ്ഥാന് നല്‍കി.

സഞ്ജു സാംസണെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ കേരള താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. താരത്തിന്റെ ടീമിലേക്കുള്ള വരവ് ഒരുപാട് വൈകിയെന്നും കിട്ടിയ അവസരം താരം ഉപയോഗ പെടുത്തണമെന്നും ഗംഭീർ പറഞ്ഞു.

നേരത്തെ തന്നെ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് അവസരം നൽകണമെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2015ൽ സിംബാബ്‌വെക്കെതിരായ ഒരു ടി20 മത്സരത്തിൽ സഞ്ജു ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിച്ചത് ബാറ്റ്സ്മാനായിട്ടാണ് മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് പറഞ്ഞിരുന്നു.

ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ സഞ്ജു സാംസൺ ഡബിൾ സെഞ്ചുറി നേടിയിരുന്നു. ഇതോടെയാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. നവംബർ 3ന് തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാണ് ഉള്ളത്.

സഞ്ജു സാംസണെ ടീമിൽ എടുത്തതിന്റെ കാരണം വ്യക്തമാക്കി സെലക്ടർ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ എടുത്തതിന്റെ കാരണം വ്യക്തമാക്കി മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ്. പ്രാദേശിക ക്രിക്കറ്റിൽ സഞ്ജു സ്ഥിരമായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ ടീമിൽ എത്തിച്ചതെന്ന് എം.എസ്.കെ പ്രസാദ് പറഞ്ഞു. കുറച്ച വർഷങ്ങൾക്ക് മുൻപ് സഞ്ജുവിന് ബാറ്റിങ്ങിൽ സ്ഥിരത ഉണ്ടായിരുന്നില്ലെന്നും സെലക്ടർ പറഞ്ഞു.

എന്നാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പറായിട്ടല്ല ഇന്ത്യൻ ടീമിൽ ഉൾപെടുത്തിയതെന്നും ഇന്ത്യൻ ടി20 ടീമിലെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആണെന്നും പ്രസാദ് പറഞ്ഞു. വിജയ് ഹസാരെ ട്രോഫിയിലും എ സീരീസിലും മികച്ച പ്രകടനം പുറത്തെടുത്തതാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം നേടി കൊടുത്തതെന്നും പ്രസാദ് വ്യക്തമാക്കി.

വിജയ ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറി നേടിയ സഞ്ജു റെക്കോർഡ് ഇട്ടിരുന്നു.  129 പന്തിൽ പുറത്താവാതെ 212 റൺസ് നേടിയ സഞ്ജു ലിസ്റ്റ് എ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വലിയ റൺസ് നേടിയ താരമായിരുന്നു. നവംബർ 11ന് തുടങ്ങുന്ന ബംഗ്ളദേശ് പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും 2 ടെസ്റ്റുകളുമാണ് ഉള്ളത്.

ഇന്ത്യയുടെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ ടീമില്‍, വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. അതേ സമയം വിരാട് കോഹ്‍ലിയ്ക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിന്റെ ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ശിവം ഡുബേയുള്‍പ്പെടെ ഒട്ടേറെ യുവ താരങ്ങള്‍ക്കാണ് ഇന്ത്യ അവസരം നല്‍കിയിട്ടുള്ളത്.

ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, ശിവം ഡുബേ, ശര്‍ദ്ധുല്‍ താക്കൂര്‍.

റെക്കോർഡുകൾ തകർത്തെറിഞ്ഞ സഞ്ജു സാംസൺ ഇന്നിങ്സ്

ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു നേടിയ ഡബിൾ സെഞ്ച്വറി ഒരുപാട് റെക്കോർഡുകളാണ് തകർത്തെറിഞ്ഞത്. കേരളത്തിനായി പുറത്താകാതെ സഞ്ജു സാംസൺ ഇന്ന് 212 റൺസ് നേടിയത്. 20 ഫോറുകളും 10 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഈ ഇന്നിങ്ങ്സ്. വിജയ് ഹസാരെ ട്രോഫിയിലെ എക്കാലത്തയും മികച്ച വ്യക്തിഗത സ്കോറായി ഇത് മാറി.

കെ വി കുശാൽ നേടിയ 202 ആയിരുന്നു വിജയ് ഹസാരെയിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വ്യക്തിഗത സ്കോർ. ഫസ്റ്റ് ക്ലാസിൽ ഒരു കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറായും സഞ്ജുവിന്റെ ഇന്നിങ്സ് മാറി. ഇതുവരെ ആബിദ് അലിയുടെ 209 ആയിരുന്നു ഒരു കീപ്പറുടെ ഉയർന്ന സ്കോർ. ഫസ്റ്റ് ക്ലാസിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ച്വറി ആയും സഞ്ജുവിന്റെ ഇന്നിങ്സ് മാറി. 125 പന്ത് മാത്രമെ 200 റൺസിൽ എത്താൻ സഞ്ജു എടുത്തുള്ളൂ.

സഞ്ജുവിന് ഇരട്ട ശതകം, സച്ചിന്‍ ബേബിയ്ക്ക് ശതകം, ഗോവയ്ക്കെതിരെ റണ്‍ മല തീര്‍ത്ത് കേരളം

ഗോവയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കേരളത്തിന് കൂറ്റന്‍ സ്കോര്‍. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനൊപ്പം സച്ചിന്‍ ബേബിയും ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയെ ഫീല്‍ഡിംഗിന് തടസ്സം സൃഷ്ടിച്ചതിന് പുറത്താക്കിയപ്പോള്‍ വിഷ്ണു വിനോദിനെയും നഷ്ടപ്പെട്ട് കേരളം 31/2 എന്ന നിലയില്‍ പ്രതിരോധത്തിലായ ശേഷമാണ് സഞ്ജു-സച്ചിന്‍ കൂട്ടുകെട്ട് ടീമിനെ കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 338 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

സഞ്ജു 129 പന്തില്‍ നിന്ന് പുറത്താകാതെ 212 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ബേബി 127 റണ്‍സാണ് നേടിയത്. 135 പന്തില്‍ നിന്ന് 127 റണ്‍സ് നേടിയ സച്ചിന്‍ ബേബി അവസാന ഓവറില്‍ പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. സഞ്ജു 21 ഫോറും 10 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

മാച്ച് ഫീ മുഴുവൻ ഗ്രൗണ്ട് സ്റ്റാഫിന് നൽകി സഞ്ജു സാംസൺ

സൗത്ത് ആഫ്രിക്കക്കെതിരായ ഇന്ത്യ എയുടെ മത്സരത്തിന് ലഭിച്ച മാച്ച് ഫീ തിരുവന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഗ്രൗൻഡ്സ്മാൻമാർക്ക് നൽകി മലയാളി താരം സഞ്ജു സാംസൺ. സൗത്ത് ആഫ്രിക്ക എ ടീമിനെതിരെ അഞ്ച് ഏകദിന മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിച്ചത്.

പരമ്പരയിൽ രണ്ട് മത്സരങ്ങൾ കളിച്ച സാംസൺ അതിന്റെ ഫീ ആയി ലഭിച്ച ഒന്നര ലക്ഷം രൂപയാണ് ഗ്രൗണ്ട് സ്റ്റാഫിന് നൽകിയത്. മഴ മൂലം പല മത്സരങ്ങളും പൂർണമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫിന്റെ ഇടപെടലാണ് പല മത്സരങ്ങളും നടത്താൻ ഗ്രൗണ്ടിനെ യോഗ്യമാക്കിയത്. നാലാം ഏകദിന മഴ മൂലം രണ്ട് ദിവസങ്ങളായാണ് നടന്നിരുന്നത്.

സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന അവസാന മത്സരത്തിൽ 48 പന്തിൽ നിന്ന് 91 റൺസ് എടുത്ത് സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പര 4-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍ ധവാന്‍(51), ശ്രേയസ്സ് അയ്യര്‍ (36) എന്നിവരുടെ ബാറ്റിംഗ് മികവുമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 168 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇതോടെ 36 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയിലെ നാലാം വിജയം കരസ്ഥമാക്കി. കഴിഞ്ഞ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിന് ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരുന്നു. ഇന്ന് റീസ ഹെന്‍ഡ്രിക്സ്(59), കൈല്‍ വെറൈന്നേ(44) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സ്പോര്‍ട്സ് ഹബ്ബിലെ കാണികള്‍ക്ക് വിരുന്നൊരുക്കി സഞ്ജു സാംസണ്‍, ശതകം 9 റണ്‍സ് അകലെ നഷ്ടം, കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അവസാന ഏകദിനം മഴ മൂലം 20 ഓവറാക്കി ചുരുക്കിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ യ്ക്ക് പ്രശാന്ത് ചോപ്രയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 204/4 എന്ന സ്കോര്‍ നേടി ഇന്ത്യ. സഞ്ജുവിനൊപ്പം ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 135 റണ്‍സാണ് നേടിയത്. 36 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ധവാന്‍ പുറത്തായ ശേഷവും സഞ്ജു സാംസണ്‍ തന്റെ സ്ഫോടനാത്മകമായ ബാറ്റിംഗ് തുടരുകയായിരുന്നു.

15.5 ഓവറില്‍ സഞ്ജു പുറത്താകുമ്പോള്‍ 160/3 എന്ന നിലയിലായിരുന്നു ഇന്ത്യ. 48 പന്തില്‍ നിന്ന് 6 ഫോറും 7 സിക്സും അടക്കമായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 91 റണ്‍സ് നേടിയ താരത്തെയും ശിഖര്‍ ധവാനെയും പുറത്താക്കിയത് ജോര്‍ജ്ജ് ലിന്‍ഡേയായിരുന്നു. സഞ്ജു പുറത്തായ ശേഷം ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ബാറ്റിംഗിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് ഇന്ത്യ നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 36 റണ്‍സ് നേടി പുറത്തായി.

43 ഓവര്‍ മത്സരം, ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജു സാംസണും ശിഖര്‍ ധവാനും ടീമില്‍

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള നാലാം ഏകദിനത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്നത്തെ മത്സരവും വൈകി തുടങ്ങിയതിനാല്‍ 43 ഓവറായി മത്സരം ചുരുക്കിയിട്ടുണ്ട്. സഞ്ജു സാംസണും ശിഖര്‍ ധവാനും ഇന്ന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര കരസ്ഥമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ശ്രേയസ്സ് അയ്യരാണ് ടീമിനെ നയിക്കുന്നത്.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, മാത്യൂ ബ്രീറ്റ്സ്കേ, മാര്‍ക്കോ ജാന്‍സെന്‍, ടെംബ ബാവുമ, കെഷീലേ, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, കൈല്‍ വെറിയന്നേ, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ആന്ററിച്ച് നോര്‍ട്ജേ, ജോണ്‍ ഫോര്‍ടൂയിന്‍, ലുഥേ സിംപാല

ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മന്‍ ഗില്‍, ചോപ്ര, സഞ്ജു സാംസണ്‍, ശ്രേയസ്സ് അയ്യര്‍, നിതീഷ് റാണ, ദീപക് ചഹാര്‍, ശിവം ഡുബേ, തുഷാര്‍ ദേശ്പാണ്ടേ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ പോറെല്‍

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഇന്ത്യ എ യുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ മനീഷ് പാണ്ടേയും പിന്നീടുള്ള മത്സരങ്ങളില്‍ ശ്രേയസ്സ് അയ്യരുമാണ് ടീമിനെ നയിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര ഓഗസ്റ്റ് 29നാണ് ആരംഭിക്കുക.

ആദ്യ മൂന്ന് മത്സരങ്ങള്‍: മനീഷ് പാണ്ടേ, റുതുരാജ് ഗായക്വാഡ്, ശുഭ്മന്‍ ഗില്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, വിജയ് ശങ്കര്‍, ഇഷാന്‍ കിഷന്‍, ശിവം ഡുബേ, ക്രുണാല്‍ പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസുവേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ

അവസാന രണ്ട് മത്സരങ്ങള്‍: ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സഞ്ജു സാംസണ്‍, ശിവം ഡുബേ, നിതീഷ് റാണ, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ടേ, ഇഷാന്‍ പോറെള്‍

മുരുഗന്‍ സിസിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന്, സഞ്ജു സാംസണെയും ബിജു ജോര്‍ജ്ജിനെയും ആദരിക്കും

തിരുവനന്തപുരത്തെ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ നടക്കും. തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലില്‍ ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ ഇപി ജയരാജന്‍ നിര്‍വ്വഹിക്കും. ബഹുമാനപ്പെട്ട കെസിഎ പ്രസിഡന്റ് ശ്രീ സാജന്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ശ്രീ അഡ്വ. ശ്രീജിത്ത്, ശ്രീ ജയേഷ് ജോര്‍ജ്ജ്, ശ്രീ ടിനു യോഹന്നാന്‍, ശ്രീ വിനോദ് എസ് കുമാര്‍, ശ്രീ രജിത് രാജേന്ദ്രന്‍ എന്നിവര്‍ക്കും കെസിഎയുടെയും ട്രിവാന്‍ഡ്രം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ചടങ്ങില്‍ ശ്രീ എസ്‍കെ നായര്‍, ശ്രീ രാമമൂര്‍ത്തി, ശ്രീ എസിഎം അബ്ദുള്ള, ശ്രീ ഗണേഷ്, ശ്രീ മണികണ്ഠകുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഇന്ത്യന്‍ വനിത ടീം ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ബിജു ജോര്‍ജ്ജിനെയും ആദരിക്കുന്നതാണ്.

രണ്ട് ദിവസങ്ങളിലായാണ് ക്ലബ്ബിന്റെ ആഘോഷ പരിപാടി നടന്നത്. ഇന്ന് നടക്കുന്ന പൊതു ചടങ്ങിനു മുന്നോടിയായി ഇന്നലെ ക്ലബ്ബംഗങ്ങളുടെ കുടുംബ സംഗമം തിരുവനന്തപുരം പൂവാറിലെ എസ്റ്റ്യുറി ഐലന്‍ഡില്‍ നടന്നിരുന്നു. വിദേശത്തും കേരളത്തിലും താമസിക്കുന്ന ക്ലബ്ബിന്റെ ആരംഭത്തിലെ സാരഥികളും പൂര്‍വ്വ കാല താരങ്ങളും എല്ലാം അടങ്ങിയ സംഗമമാണ് ഇവിടെ നടന്നത്.

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച്

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം പുത്തന്‍ തെരുവിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തുന്നതിനായി ഒത്തുകൂടുകയും, 1967ല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലൊരു ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

1977 തിരുവനന്തപുരം എ ഡിവിഷനില്‍ കളിക്കുവാനാരംഭിച്ച ക്ലബ്ബ് പിന്നീടങ്ങോട്ട് കേരളത്തങ്ങോളമിങ്ങോളം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ തങ്ങളുടെ മികവ് തെളിയിക്കുകയും ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുകയുണ്ടായി.
1983 അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളില്‍ മാറ്റിംഗ് വിക്കറ്റില്‍ പരിശീലനമാരംഭിച്ച ക്ലബ്ബിനു പക്ഷേ 1989ല്‍ ചില സാങ്കേതിക കാരണത്താല്‍ അനുമതി നിഷേധിക്കപ്പെടുകയും മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതായും വരുകയായിരുന്നു. 1997 സ്വന്തമായി സ്ഥലം വാങ്ങിയ ക്ലബ്ബ് ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന സെലസ്റ്റിയല്‍ ട്രോഫിയുടെയും സംഘാടകര്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് ആണ്. 1995ല്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മികച്ച ടൂര്‍ണ്ണമെന്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടാതെ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമന്റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ സംഘാടകരും മുരുഗന്‍ സിസിയാണ്. 120ലധികം ടീമുകള്‍ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ലീഗാണ് ടിപിഎല്‍.

Exit mobile version