തന്നെ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് ടീമിലേക്ക് തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി സഞ്ജു സാംസണ്‍

തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ കളിക്കുവാന്‍ അവസരം നല്‍കിയതിന് സഞ്ജു സാംസണ്‍ നന്ദി പറയുന്നത് രാഹുല്‍ ദ്രാവിഡിനോടാണ്. പണ്ട് ടീമില്‍ ട്രയല്‍സ് നടത്തിയ അവസരത്തില്‍ താനും അതില്‍ പങ്കെടുത്തുവെന്നും അന്ന് ട്രയല്‍സിന്റെ രണ്ടാം ദിവസം രാഹുല്‍ ദ്രാവിഡ് തന്നോട് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുവാന്‍ താല്പര്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. അന്ന് ടീമിന്റെ നായകനായിരുന്നു രാഹുല്‍ ദ്രാവിഡ്.

ടീമിലെത്തി ആദ്യ ആറ് മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് പതുക്കെ തന്റെ പ്രകടനങ്ങളിലൂടെ സഞ്ജു തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ടീമിലെ തന്നെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. തന്റെ 18ാം വയസ്സിനുള്ള ഐപിഎല്‍ അര്‍ദ്ധ ശതകം നേടിയ സഞ്ജു ഈ നേട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 2013ല്‍ മാറി.

രാഹുല്‍ ദ്രാവിഡ് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും എളിമയുള്ള താരമാണെന്നും രാഹുല്‍ സാറിനോടൊപ്പം 2013ല്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് സ്വപ്നം പോലെയാണ് തോന്നുന്നതെന്നും സഞ്ജു വ്യക്തമാക്കി. തനിക്ക് ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചില്ലെങ്കിലും സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഷെയിന്‍ വാട്സണ്‍, ബ്രാഡ് ഹോഡ്ജ് എന്നിവരുമായി സംസാരിക്കുവാനും അടുത്തിടപഴകുവാനും തനിക്ക് സാധിച്ചുവെന്നും സഞ്ജു പറഞ്ഞു.

രാഹുല്‍ ദ്രാവിഡുമായി താന്‍ ഇന്നും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എന്തെങ്കിലും സഹായം ആവശ്യപ്പെട്ട് വിളിച്ചാല്‍ യാതൊരു മടിയുമില്ലാതെ ഇന്ത്യന്‍ ഇതിഹാസം തന്നെ സഹായിക്കാറുണ്ടെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

ധോണിയെ പോലെ വികാരങ്ങൾ നിയന്ത്രിക്കാനാണ് തന്റെ ശ്രമമെന്ന് സഞ്ജു സാംസൺ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ബാറ്റ് ചെയ്യുമ്പോൾ തന്റെ വികാരങ്ങൾ നിയന്ത്രിക്കാനാണ് തന്റെ ശ്രമെന്ന് കേരള താരം സഞ്ജു സാംസൺ. തന്റെ കഴിവുകളെ കൂടുതൽ മനസ്സിലാക്കാൻ മെച്ചടപെടുത്താനും താൻ ശ്രമിച്ചെന്നും തന്റെ പരാജയങ്ങൾ അംഗീകരിക്കാൻ താൻ പഠിച്ചെന്നും സഞ്ജു സാംസൺ പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.

ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഉണ്ടെന്നും വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും കൂടെ കളിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവം ആണെന്നും സാംസൺ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സൂപ്പർ ഓവർ നേരിടാൻ തന്നെ ടീം വിശ്വസിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും സാംസൺ പറഞ്ഞു.

നിർണ്ണായക ഘട്ടങ്ങളിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെ പോലെയുമുള്ള താരങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും സാംസൺ പറഞ്ഞു. ടീമും താരങ്ങളും തന്നെ ഒരു മത്സരം ജയിപ്പിക്കാനുള്ള വ്യക്തിയായി കാണുമ്പോൾ സന്തോഷം തരുമെന്നും സാംസൺ പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് കൂടാതെ രാജസ്ഥാൻ റോയൽസിൽ സഹ താരമായിരുന്ന സ്റ്റീവ് സ്മിത്തിന്റേയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെയും ബാറ്റിംഗ് താൻ ശ്രദ്ധിക്കാറുണ്ടെന്നും സാംസൺ പറഞ്ഞു.

ഐ.പി.എല്ലിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് സഞ്ജു സാംസൺ വെളിപ്പെടുത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. താൻ നേരിട്ട ബൗളർമാരിൽ ഏറ്റവും കടുപ്പമേറിയ ബൗളർ ആരാധകർ പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയുമല്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സുനിൽ നരേൻ ആണ് താൻ നേരിട്ടവരിൽ ഏറ്റവും കടുപ്പമേറിയ ബൗളറെന്ന് സഞ്ജു സാംസൺപറഞ്ഞു. സുനിൽ നരേനെതിരെ ഐ.പി.എല്ലിൽ താൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും നരേൻ മികച്ച ബൗളറാണെന്ന് സാംസൺ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു സാംസൺ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് വെളിപ്പെടുത്തിയത്.

ന്യൂസിലാൻഡ് പര്യടനം ആത്മവിശ്വാസം നൽകിയെന്ന് സഞ്ജു സാംസൺ

ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞത് തന്റെ ആത്മവിശ്വാസത്തെ ഉയർത്തിയെന്ന് കേരള താര സഞ്ജു സാംസൺ. ന്യൂസിലാൻഡ് പര്യടനത്തിലെ രണ്ട് ടി20യിൽ സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു. എന്നാൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ആദ്യ മത്സരത്തിൽ 2 റൺസും രണ്ടാം മത്സരത്തിൽ 8 റൺസും മാത്രമാണ് സഞ്ജു സാംസണ് എടുക്കാനായത്. എന്നാൽ താൻ ന്യൂസിലാൻഡ് പര്യടനത്തിലെ മികച്ച വശങ്ങളെ മാത്രമാണ് താൻ നോക്കി കാണുന്നതെന്നും വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും ഒപ്പം ഡ്രസിങ് റൂം പങ്കിടാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഗ്രൗണ്ടിന് അകത്തും പുറത്തും വെച്ച്  ഒരുപാട് കാര്യങ്ങൾ അവരിൽ നിന്ന് പഠിക്കാൻ ഉണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമിന്റെ ഭാഗമാവുകയെന്നത് ചെറിയ കാര്യമല്ലെന്നും സഞ്ജു സാംസൺ പറഞ്ഞു.  ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ നിർണായകമായ സൂപ്പർ ഓവറിൽ വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യാൻ ഇറങ്ങിയത് തന്നെ തന്റെ കരിയറിലെ വലിയ നേട്ടമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

രഞ്ജി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്, കേരളത്തിന്റെ പ്രതീക്ഷയായി സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍ നേടിയ ആവേശകരമായ അര്‍ദ്ധ ശതകത്തിന്റെ മികവില്‍ ഗുജറാത്തിനെതിരെ വിജയ പ്രതീക്ഷയുമായി കേരളം. മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനായി താരങ്ങള്‍ പിരിഞ്ഞപ്പോള്‍ കേരളം 159/5 എന്ന നിലയിലാണ്. വിജയം 109 റണ്‍സ് അകലെയാണെങ്കിലും കേരളത്തിന് കൈവശം അഞ്ച് വിക്കറ്റ് മാത്രമേയുള്ളുവെന്നതാണ് അല്പം ആശങ്കയുണര്‍ത്തുന്നത്. സഞ്ജു സാംസണ്‍ 79 പന്തില്‍ 75 റണ്‍സുമായാണ് കേരളത്തിനായി പൊരുതുന്നത്.

മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കുവാനായിട്ടില്ല. സഞ്ജുവിന് കൂട്ടായി 5 റണ്‍സുമായി രാഹുല്‍ ആണ് ക്രീസിലുള്ളത്. ഗുജറാത്തിനായി ചിന്തന്‍ ഗജയും റൂഷ് കലാരിയയും രണ്ട് വീതം വിക്കറ്റ് നേടി.

സഞ്ജുവും റോബിനും പുറത്ത്, മികച്ച നിലയില്‍ നിന്ന് തകര്‍ന്ന് കേരളം

ബംഗാളിനെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിന് 237 റണ്‍സ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ റണ്‍സ് നേടിയിട്ടുള്ളത്. 53/3 എന്ന നിലയില്‍ നിന്ന് നാലാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും സഞ്ജുവും ചേര്‍ന്ന് കേരളത്തിനെ 191 റണ്‍സിലേക്ക് നയിച്ചുവെങ്കിലും അധികം വൈകാതെ കേരളത്തിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ റോബിന്‍ ഉത്തപ്പ അര്‍ണാബ് നന്ദിയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ വിഷ്ണു വിനോദിനെയും കേരളത്തിന് നഷ്ടമായി.

191/3 എന്ന നിലയില്‍ നിന്ന് കേരളം 191/5 എന്ന നിലയിലേക്ക് വീണു. അധികം വൈകാതെ 116 റണ്‍സ് നേടിയ സഞ്ജുവിനെയും കേരളത്തിന് നഷ്ടമായി. ഷഹ്ബാസിനായിരുന്നു വിക്കറ്റ്. ബംഗാളിനായി അര്‍ണാബ് നന്ദിയും ഷഹ്ബാസ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.

ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം കുറിയ്ക്കുന്ന ആറാമത്തെ താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെയുള്ള ശതകം നേടിയപ്പോള്‍ സച്ചിന്‍ ബേബിയും 3000 റണ്‍സ് തികച്ചിരുന്നു.

രോഹന്‍ പ്രേം, സുനില്‍ ഒയാസിസ്, ശ്രീകുമാര്‍ നായര്‍, വി എ ജഗദീഷ് എന്നിവരാണ് 3000 റണ്‍സ് തികച്ചിട്ടുള്ള താരങ്ങള്‍. ഇതില്‍ രോഹന്‍ പ്രേം മാത്രമാണ് 4000 കടന്നിട്ടുള്ള ഏക താരം.

കരുതലോടെ സഞ്ജുവും റോബിനും, കേരളം മെല്ലെ മുന്നോട്ട്

മെല്ലെയെങ്കിലും ആദ്യത്തെ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റി സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും. 53/3 എന്ന നിലയിലേക്ക് വീണ ടീമനെ 96 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയാണ് സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും കൂടി മുന്നോട്ട് നയിച്ചത്. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ 149/3 എന്ന നിലയിലാണ് കേരളം. 77 റണ്‍സുമായി സഞ്ജുവും 36 റണ്‍സ് നേടി റോബിന്‍ ഉത്തപ്പയുമാണ് കേരളത്തിനായി പടപൊരുതുന്നത്.

സഞ്ജു 138 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെ സഹായത്തോടെയാണ് കളിക്കുന്നത്. ബംഗാളിനായി ഇഷാന്‍ പോറെല്‍, മുകേഷ് കുമാര്‍, അശോക് ഡിന്‍ഡ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബംഗാളിനെതിരെ കേരളത്തിന്റെ നില പരുങ്ങലില്‍, പ്രതീക്ഷയായി സഞ്ജു സാംസണ്‍

ബംഗാളിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് മോശം തുടക്കം. ഇന്ന് തുമ്പ സെയിന്റ് സേവിയേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ കേരളം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം തന്നെ പാളിയ കേരളത്തിന് ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരായ രാഹുലിനെയും(5) ജലജ് സക്സേനയെയും(9) നഷ്ടമായി. 15/2 എന്ന നിലയില്‍ നിന്ന് സഞ്ജു സാംസണും-സച്ചിന്‍ ബേബിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 38 റണ്‍സ് നേടിയെങ്കിലും അശോക് ഡിന്‍ഡ സച്ചിന്‍ ബേബിയെ പുറത്താക്കി. 10 റണ്‍സാണ് താരം നേടിയത്.

ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ കേരളം 89 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്.  തന്റെ അര്‍ദ്ധ ശതകത്തിന് 4 റണ്‍സ് അകലെ എത്തി നില്‍ക്കുന്ന സഞ്ജു സാംസണും 12 റണ്‍സുമായി റോബിന്‍ ഉത്തപ്പയുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് 36 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

സഞ്ജു സാംസൺ കളിക്കുമോ?, പ്രതീക്ഷയോടെ ആരാധകർ

ഇന്ന് തിരുവനന്തപുരത്ത് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20ക്കായി ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്ന് പ്രതീക്ഷയുമായി മലയാളി ആരാധകർ. ബംഗ്ളദേശിനെതിരായ പരമ്പരയിൽ ടീമിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാൻ സഞ്ജു സാംസണ് ആയിരുന്നില്ല. വെസ്റ്റിന്ഡീസിനെതിരായ ഒന്നാം ടി20യിലും സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ തിരുവനന്തപുരത്ത് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ കെ.എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യത വിരളമാണ്. എന്നിരുന്നാലും സഞ്ജുവിന് മലയാളി മണ്ണിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ആദ്യം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ സഞ്ജു ഇല്ലായിരുന്നെങ്കിലും ഇന്ത്യൻ ഓപണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തുപോയതോടെയാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.

വിന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യണം

വിന്‍ഡീസിനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യണമെന്ന് അഭിപ്രായപ്പെട്ട് താരത്തിന്റെ ആദ്യ കാല കോച്ചും ഇന്ത്യന്‍ വനിത ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായും പ്രവര്‍ത്തിച്ച ബിജു. ധവാന് പരിക്കേറ്റത് മൂലം വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ബിജു പറയുന്നത്.

ആദ്യ മത്സരത്തില്‍ തന്നെ സഞ്ജുവിന് അവസരം നല്‍കേണ്ടതുണ്ടെന്നും ധവാന് പകരക്കാരനായി ടീമിലത്തിയതിനാല്‍ തന്നെ താരത്തിന് ഓപ്പണിംഗിന് അവസരം നല്‍കണമെന്നും ബിജു അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ ആത്മവിശ്വാസവും മത്സരത്തില്‍ മേല്‍ക്കൈ നേടുന്നതുമാണ് താരത്തിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളെന്നും ബിജു പറഞ്ഞു.

സഞ്ജു തന്റെ തെറ്റുകള്‍ വേഗത്തില്‍ മനസ്സിലാക്കി തിരുത്തുന്ന വ്യക്തി കൂടിയാണെന്ന് ബിജു പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് താരത്തിനെ ടീമിലെടുത്തിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാതെ പിന്നീട് വിന്‍ഡീസിനെതിരെയുള്ള സ്ക്വാഡില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ശിഖര്‍ ധവാന് പകരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്

ശിഖര്‍ ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ബിസിസിഐ ഔദ്യോഗികമായി ഈ വാര്‍ത്ത ഇന്ന് പുറത്ത് വിടുകയായിരുന്നു. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ ഏറ്റ പരിക്കാണ് ശിഖര്‍ ധവാന് തിരിച്ചടിയായത്. താരത്തിന്റെ മുറിവ് ഉണങ്ങുവാന്‍ ഇനിയും സമയം എടുക്കുമെന്നാണ് ബിസിസിഐ മെഡിക്കല്‍ ടീമിന്റെ വിലയിരുത്തല്‍.

മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഇന്ത്യ സ്ക്വാഡ്: വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ, ഋഷഭ് പന്ത്, ശിവം ഡുബേ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, സഞ്ജു സാംസണ്‍

Exit mobile version