സഞ്ജുവിന് പിന്നാലെ സ്മിത്തിനും അര്‍ദ്ധ ശതകം, തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം സഞ്ജു പുറത്ത്

സഞ്ജു സാംസണിന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന് പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു. സ്മിത്ത് 35 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. ഒരു വശത്ത് സഞ്ജു സാംസണ്‍ സിക്സറുകളുടെ പെരുമഴയൊരുക്കിയപ്പോള്‍ സ്മിത്ത് മികച്ച രീതിയില്‍ സഞ്ജുവിന് പിന്തുണ നല്‍കി തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

12 ഓവറുകള്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 134 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 32 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ 9 സിക്സുകളാണ് നേടിയത്. ഒരു പന്ത് പോലും നേരിടാതെ ഡേവിഡ് മില്ലര്‍ റണ്ണൗട്ട് ആകുകയായിരുന്നു.

സിക്സുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍, 19 പന്തില്‍ അര്‍ദ്ധ ശതകം

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സിക്സറുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍. പവര്‍പ്ലേയില്‍ യശസ്വി ജൈസ്വാളിനെ നഷ്ടമായ ശേഷം ക്രീസിലെത്തിയ സഞ്ജു പവര്‍പ്ലേയില്‍ രണ്ട് സിക്സര്‍ നേടി സ്കോറിംഗ് വേഗത്തിലാക്കിയിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സര്‍ പറത്തിയ സഞ്ജു സാംസണ്‍ പിന്നീട് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൈമാറുകയായിരുന്നു. അടുത്ത ഓവര്‍ എറിയുവാന്‍ വന്ന പിയൂഷ് ചൗളയ്ക്കായിരുന്നു സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

താരത്തെയും രണ്ട് സിക്സറുകള്‍ക്ക് പായിച്ച് സഞ്ജു തന്റെ അര്‍ദ്ധ ശതകം തികച്ചു. 19 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ അര്‍ദ്ധ ശതകം. പിയൂഷ് ചൗളയുടെ ഓവറില്‍ ഒരു സിക്സും കൂടി നേടിയ സഞ്ജു ഇതുവരെ ഏഴ് സിക്സാണ് നേടിയിട്ടുള്ളത്.

ഓവറിന്റെ അവസാന പന്തില്‍ സ്മിത്ത് കൂടി സിക്സ് നേടിയപ്പോള്‍ രാജസ്ഥാന്‍ എട്ടോവറില്‍ നിന്ന് 96 റണ്‍സ് നേടി. 21 പന്തില്‍ 57 റണ്‍സുമായി സഞ്ജു സാംസണും 22 പന്തില്‍ 31 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

യശസ്വി ജൈസ്വാലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ മികച്ച സ്കോറിംഗുമായി രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‍ലറുടെ അഭാവത്തില്‍ യശസ്വി ജൈസ്വാലിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാനായി എത്തിയത്. ദീപക് ചഹാറിന് വിക്കറ്റ് നല്‍കി ജൈസ്വാല്‍ (6) പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 11 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്.

പിന്നീട് സ്മിത്തിനൊപ്പം ചേര്‍ന്ന സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന്റെ സ്കോര്‍ മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ സഞ്ജു 12 പന്തില്‍ 24 റണ്‍സും 23 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാനായി ക്രീസിലുള്ളത്.

താന്‍ സഞ്ജുവിന്റെ വലിയ ആരാധകന്‍, ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവില്‍ സന്തോഷം – ജോസ് ബട്‍ലര്‍

സഞ്ജു സാംസണിന്റെ ബാറ്റിംഗിന്റെ വലിയൊരു താരമാണ് താനെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലര്‍. ഐപിഎലില്‍ സഞ്ജുവിനൊപ്പം കളിക്കുന്ന ബട്‍ലര്‍ പറയുന്നത് ഫോമിലാണ് സഞ്ജു വളരെ അനായാസത്തോടെയാണ് ബാറ്റ് ചെയ്യുന്നതെന്നാണ്. ഐപിഎലില്‍ ഏറെ കാലമായിട്ടുള്ള താരമാണ് സഞ്ജു സാംസണെന്നും പക്വതയോടെ പല അവസരങ്ങളിലും മത്സരങ്ങളെ താരം സമീപിക്കാറുണ്ടെന്നും ബട്‍ലര്‍ വ്യക്തമാക്കി.

ഈ സീസണിലും സഞ്ജു രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വളരെ അധികം റണ്‍സ് കണ്ടെത്തുമെന്നാണ് താന്‍ കരുതുന്നതെന്ന് ജോസ് ബട്‍ലര്‍ വ്യക്തമാക്കി. എംഎസ് ധോണിയുടെയും വലിയ ആരാധകനായ തനിക്ക് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവില്‍ താന്‍ ആഹ്ലാദിക്കുന്നുണ്ടെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി: സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. നിലവിലെ ലോക ക്രിക്കറ്റിൽ ഏറ്റവു മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ എന്ന് പറഞ്ഞത്.

കൂടാതെ രാജസ്ഥാൻ റോയൽസിൽ സ്റ്റീവ് സ്മിത്തിന്റെ സഹ താരമായ മലയാളി താരം സഞ്ജു സാംസണെയും താരം പ്രശംസിച്ചു. സഞ്ജു സാംസൺ കഴിവുള്ള താരമാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്മിത്തിന് കീഴിലാണ് ഇറങ്ങുന്നത്. തന്റെ എക്കാലത്തെയും ഇഷ്ട്ടപെട്ട രണ്ട് ഫീൽഡർമാർ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും ആണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

സ്മിത്തിന്റേയും ബെൻ സ്റ്റോക്സിന്റെയും സാന്നിദ്ധ്യം ഗുണം ചെയ്യുമെന്ന് സഞ്ജു സാംസൺ

ഇതിഹാസ താരങ്ങളായ സ്റ്റീവ് സ്മിത്തിന്റേയും ബെൻ സ്റ്റോക്സിന്റെയും സാന്നിദ്ധ്യം രാജസ്ഥാൻ റോയൽസിന് ഗുണം ചെയ്യുമെന്ന് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് കറുത്ത കുതിരകൾ അല്ലെന്നും കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ് എന്നും സഞ്ജു സാംസൺ പറഞ്ഞു.

നിലവിൽ രാജസ്ഥാൻ ടീമിലെ താരങ്ങൾ മാറിയെന്നും പുതിയ രീതികൾ വന്നെന്നും ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചിട്ടുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു. അതുകൊണ്ട് തന്നെ രാജസ്ഥാൻ റോയൽസ് നിലവിൽ മികച്ച ടീം ആണെന്നും കിരീടം നേടാൻ ഏറ്റവും സാധ്യത കൂടിയ ടീമുകളിൽ ഒന്നാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

ലോകകപ്പ് ജേതാക്കൾ അടക്കമുള്ള താരങ്ങൾ രാജസ്ഥാൻ റോയൽസിൽ ഉള്ളത് ടീമിലെ യുവതാരങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുമെന്നും മലയാളി താരം പറഞ്ഞു. ഇന്ത്യൻ ടീമിന്റെ കൂടെയുള്ള 4-5 മാസം താൻ മികച്ച രീതിയിൽ ആസ്വദിച്ചെന്നും ഇന്ത്യൻ ടീമിന്റെ കൂടെ കൂടുതൽ മത്സരങ്ങൾ കളിക്കാൻ വേണ്ടി താൻ കാത്തിരിക്കുകയാണെന്നും സാംസൺ പറഞ്ഞു.

“കെ.എൽ രാഹുലാവും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പർ”

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെ കെ.എൽ രാഹുലാവും നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് മുൻ ഇന്ത്യൻ താരങ്ങൾ. നിലവിലെ ഫോം വെച്ച് റിഷഭ് പന്തിനേക്കാൾ നിശ്ചിത ഓവർ മത്സരങ്ങളിൽ കെ.എൽ രാഹുലാണ് മികച്ചതെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ നയൻ മോംഗിയ അഭിപ്രായപ്പെട്ടു.

അതെ സമയം ടി20 ഇലവനിൽ കെ.എൽ രാഹുലിനും റിഷഭ് പന്തിനും അവസരം നൽകാമെന്നും എന്നാൽ കെ.എൽ രാഹുലാണ് നിലവിലെ ഫോമിൽ മികച്ച വിക്കറ്റ് കീപ്പർ എന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു. ഏകദിനത്തിൽ കെ.എൽ രാഹുലിനോട് ചോദിച്ചതിന് ശേഷം മാത്രം താരത്തെ വിക്കറ്റ് കീപ്പറാക്കിയാൽ മതിയെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.

മുൻ ചീഫ് സെലെക്ടർ കൂടിയായ എം.എസ്.കെ പ്രസാദും ടി20യിൽ കെ.എൽ രാഹുലാണ് നിലവിലെ ഫോമിൽ മികച്ച താരമെന്ന് അഭിപ്രായപ്പെട്ടു. ന്യൂസിലാൻഡ് പര്യടനത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ കെ.എൽ രാഹുൽ ആണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറെന്നും സഞ്ജു സാംസൺ ഇന്ത്യയുടെ മൂന്നാമത്തെ വിക്കറ്റ് കീപ്പറാണെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു. ധോണിയുമായുള്ള നിരന്തരമായ താരതമ്യം റിഷഭ് പന്തിനെ ബാധിച്ചിട്ടുണ്ടെന്നും എന്നാൽ ധോണി വിരമിച്ചതോടെ റിഷഭ് പന്തിന് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാമെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

വരുന്ന ഐ.പി.എല്ലുകൾ റിഷഭ് പന്തിനും സഞ്ജു സാംസണും നിർണായകം : മഞ്ചരേക്കർ

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് മുൻപുള്ള രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗുകൾ യുവതാരങ്ങളായ സഞ്ജു സാംസണും റിഷഭ് പന്തിനും നിർണായകമാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. റിഷഭ് പന്തും സഞ്ജു സാംസണും പ്രകടനത്തിൽ കൂടുതൽ സ്ഥിരത കൊണ്ടുവരണമെന്നും മഞ്ചരേക്കർ പറഞ്ഞു. 2021ൽ നടക്കുന്ന ലോകകപ്പിന് മുൻപ് രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്കൊണ്ട് തന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഘടനയിലും മാറ്റം ഉണ്ടാവുമെന്ന് സഞ്ജയ് മഞ്ചരേക്കർ പറഞ്ഞു.

നിലവിൽ ടീമിൽ സ്ഥാനം ഉറപ്പിച്ച പലരുടെയും സ്ഥാനത്തിന് കോട്ടം തട്ടുമെന്നും ഇപ്പൊ ടീമിൽ സ്ഥിരസാന്നിദ്ധ്യമായ കെ.എൽ രാഹുലിനെ പോലെയുള്ളവർക്ക് അവസരം കിട്ടുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും മഞ്ചരേക്കർ പറഞ്ഞു. ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ റിഷഭ് പന്തിന് 2 ഐ.പി.എൽ ടൂർണമെന്റുകൾ ഉണ്ടെന്നും എന്നാൽ ഈ 2 ടൂർണമെന്റിലും ധോണിയും കളിക്കുന്നത് രസകരമാവുമെന്നും മഞ്ചരേക്കർ പറഞ്ഞു.

വിരാട് കോഹ്‌ലിയാണ് തന്റെ റോൾ മോഡലെന്ന് സഞ്ജു സാംസൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് തന്റെ റോൾ മോഡലെന്ന് മലയാളി താരം സഞ്ജു സാംസൺ. തന്റെ മാത്രമല്ല ഇന്ത്യയിലെ പറ്റു പല യുവ താരങ്ങളുടെയും റോൾ മോഡൽ വിരാട് കോഹ്‌ലിയാണെന്ന് സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെയും വിരാട് കോഹ്‌ലിയുടെയും കീഴിൽ ഇന്ത്യൻ ഡ്രസിങ് റൂം വളരെയധികം എനർജി നിറഞ്ഞതും പോസിറ്റീവും ആണെന്നും സഞ്ജു സാംസൺ പറഞ്ഞു.

താൻ ആദ്യമായാണ് വിരാട് കോഹ്‌ലിയുമായി ഡ്രസിങ് റൂം പങ്കുവെക്കുന്നതെന്നും മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഗൗരവക്കാരൻ ആണെങ്കിലും മറ്റു അവസരങ്ങളിൽ ശാന്ത സ്വഭാവം ഉള്ള ആൾ ആണെന്നും സഞ്ജു സാംസൺ പറഞ്ഞു. നിലവിൽ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണെന്നും താരത്തിന്റെ പരിശീലനവും മറ്റു തനിക്ക് ഒരുപാട് പ്രചോദനമാവാറുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

തനിക്ക് സംശയം ഉള്ളപ്പോഴെല്ലാം രാഹുൽ ദ്രാവിഡിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സഞ്ജു സാംസൺ

ക്രിക്കറ്റിൽ തനിക്ക് സംശയമുള്ള സമയങ്ങളിൽ എല്ലാം താൻ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ വിളിക്കാറുണ്ടെന്ന് കേരള രഞ്ജി താരം സഞ്ജു സാംസൺ. തന്റെ 18മത്തെ വയസ്സിൽ തന്നെ രാഹുൽ ദ്രാവിഡുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി താൻ കാണുന്നുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഒരു യുവതാരവുമായി എങ്ങനെ ആശയ വിനിമയം നടത്തണമെന്ന കാര്യം രാഹുൽ ദ്രാവിഡിന് അറിയാമെന്നും സഞ്ജു സാംസൺ പറഞ്ഞു. ഒരു ടൂർണമെന്റിന് എങ്ങനെ ഒരുങ്ങണമെന്നും ജീവിതത്തിൽ വിജയത്തെയും തോൽവിയെയും എങ്ങനെ അഭിമുഖീകരിക്കണമെന്നതും രാഹുൽ ദ്രാവിഡ് തനിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഇന്ത്യൻ ടീമിലെ മുഴുവൻ യുവതാരങ്ങളും രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് വളർന്നെതന്നും സഞ്ജു സാംസൺ പറഞ്ഞു.

2013ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ സ്വന്തമാക്കുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സായിരുന്നു. അന്ന് രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാനുള്ള ഭാഗ്യവും സഞ്ജു സാംസണ് ലഭിച്ചിരുന്നു.

ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ശൈലി മാറ്റിയത് ഗിൽക്രിസ്റ്റും ധോണിയുമെന്ന് സഞ്ജു സാംസൺ

ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ ശൈലി മാറ്റിയത് മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് കേരള താരം സഞ്ജു സാംസൺ. ഇവർക്ക് മുൻപ് വിക്കറ്റ് കീപ്പർ 20-30 റൺസ് എടുക്കുന്ന ബാറ്റ്സ്മാൻമാരായിട്ടാണ് പരിഗണിച്ചതെന്നും എന്നാൽ ഇവർക്ക് ശേഷം വന്ന  വിക്കറ്റ് കീപ്പർ മികച്ച ബാറ്റ്സ്മാൻമാർ ആയിരുന്നെന്നും സഞ്ജു സാംസൺ പറഞ്ഞു.

നിലവിൽ ലോക ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാർ എല്ലാം മികച്ച ബാറ്റ്സ്മാൻമാർ ആണെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. ബാറ്റിംഗ് ഓർഡറിൽ വിക്കറ്റ് കീപ്പർമാർ മുൻപിലേക്ക് വന്നത് ആദം ഗിൽക്രിസ്റ്റിന്റെ പ്രകടനത്തിന് ശേഷമാണെന്നും മധ്യ നിരയിൽ വിക്കറ്റ് കീപ്പർമാർക്ക് പ്രാധാന്യം വന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനത്തിന് ശേഷമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഇപ്പോൾ എല്ലാ ടീമിലും മികച്ച ബാറ്റിങ്ങുള്ള വിക്കറ്റ് കീപ്പർമാരെ ഉൾപെടുത്താറുണ്ടെന്നും ഇത് ഒരു സ്‌പെഷലിസ്റ്റ് ബാറ്സ്മാനെയോ ഒരു ഓൾ റൗണ്ടറെയോ ടീമിൽ അധികമായി ഉൾപെടുത്താൻ ടീമുകൾക്ക് കഴിയുമെന്നും സഞ്ജു സാംസൺ പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ മഹേന്ദ്ര സിങ് ധോണിയുടെ ക്ഷമയും ശ്രദ്ധയും തന്റെ കളിയിലും കൊണ്ട്വരാൻ ശ്രമിക്കുന്നുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

റിഷഭ് പന്തിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് സഞ്ജു സാംസൺ

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒരു എതിരാളിയായി താൻ കാണുന്നില്ലെന്ന് മലയാളി താരം സഞ്ജു സാംസൺ. ഒരു വ്യക്തിയെ എതിരാളിയായി കണ്ടുകൊണ്ട് ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്നും റിഷഭ് പന്ത് തന്റെ മികച്ച സുഹൃത്താണെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി താനും റിഷഭ് പന്തും ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു. റിഷഭ് പന്ത് മികച്ച കഴിവുള്ള താരമാണെന്നും ഒരുമിച്ച് ഒരുപാട് ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഗുജറാത്ത് ലയൺസിനെതിരെ താനും റിഷഭ് പന്തും ചേർന്ന് 200 റൺസ് ചേസ് ചെയ്തു ജയിപ്പിച്ച മത്സരം ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അന്ന് ഗ്രൗണ്ട് മുഴുവൻ തങ്ങൾ സിക്സുകൾ നേടിയെന്നും സാംസൺ പറഞ്ഞു. റിഷഭ് പന്തിനോട് ഒപ്പം കളിക്കാൻ താൻ കാത്തിരിക്കുകയാണെന്നും ഒരിക്കലും റിഷഭ് പന്തിനെ ഒരു എതിരാളിയായി കാണുന്നില്ലെന്നും സഞ്ജു സാംസൺ പറഞ്ഞു.

Exit mobile version