2019 ലോകകപ്പിലെ ആ ആഘോഷം കമന്ററി ബോക്സ് ലക്ഷ്യമാക്കി – രവീന്ദ്ര ജഡേജ

2019 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവിയിലും എടുത്ത് നിന്ന ഒരു പ്രകടനം ആയിരുന്നു രവീന്ദ്ര ജഡേജയുടെ. കൂറ്റൻ തകർച്ചയിലേക്ക് വീണ ഇന്ത്യയെ രവീന്ദ്ര ജഡേജ 59 പന്തിൽ നിന്ന് നേടിയ 77 റൺസാണ് അവസാന വരെ പൊരുതുവാൻ സഹായിച്ചത്. അന്ന് അർദ്ധ ശതകം നേടിയ ശേഷം താരം നടത്തിയ വാൾ ചുഴറ്റുന്ന തരത്തിലുള്ള പ്രകടനം കമന്ററി ബോക്സിനെ ലക്ഷ്യമാക്കി ആയിരുന്നുവെന്നാണ് ജഡേജ പറഞ്ഞത്.

രവീന്ദ്ര ജഡേജ പൂർണ്ണനായ ഒരു ക്രിക്കറ്റല്ല എന്ന സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം ആണ് താരത്തെ ചൊടിപ്പിച്ചത്. ജഡേജ ബിറ്റ്സ് ആൻഡ് പീസസ് താരമാണെന്ന തരത്തിലായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം. അന്ന് താൻ ക്ഷുഭിതനായിരുന്നുവെന്നും കമന്ററി ബോക്സിനെയാണ് തിരഞ്ഞതെന്നും എന്നാലത് എവിടെയാണെനന് തനിക്ക് കൃത്യമായി മനസ്സിലായില്ലെന്നും അത് ഇവിടെ എവിടെയങ്കിലും കാണുമെന്ന് കരുതിയെന്നും കണ്ടവർക്ക് താൻ ലക്ഷ്യം വെച്ചത് ആരെയെന്ന് മനസ്സിലാകുമായിരുന്നുവെന്നും ജഡേജ പറഞ്ഞു.

ശിഖര്‍ ധവാന്റെ ടി20യിലെ ഓപ്പണിംഗ് സ്ഥാനത്തിന് ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍

ഇഷാന്‍ കിഷന്റെ അരങ്ങേറ്റത്തിലെ പ്രകടനത്തോടെ ശിഖര്‍ ധവാന്റെ ടി20യിലെ ഓപ്പണിംഗ് സ്ഥാനത്തിന് ഇനി വലിയ ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്ന് 4 റണ്‍സ് മാത്രം നേടി ധവാന് പകരമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇഷാന്‍ കിഷന് അവസരം നല്‍കിയത്. ഇഷാനാകാട്ടേ അവസരം മുതലാക്കി 32 പന്തില്‍ നിന്ന് 56 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി.

രോഹിത് ശര്‍മ്മ തീര്‍ച്ചയായും ഓപ്പണിംഗിലേക്ക് മടങ്ങിയെത്തുമെന്നും പിന്നീടുള്ള ഒരു സ്ഥാനത്തിനായി ശിഖര്‍ ധവാനും കെഎല്‍ രാഹുലുമായിരുന്നു മുന്‍ഗണനയിലുണ്ടായിരുന്നതെങ്കിലും ഇഷാന്‍ കിഷന്റെ വരവോട് കൂടി ധവാന്‍ മൂന്നാം സ്ഥാനക്കാരനായി മാറിയെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

അതേ സമയം കെഎല്‍ രാഹുല്‍ തനിക്ക് പരമ്പരയില്‍ ലഭിച്ച രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ഇന്ന് മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ രാഹുലിന് പകരം ധവാന് അവസരം ലഭിയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മെല്‍ബേണില്‍ പുജാര ഓപ്പണറാവണം – സഞ്ജയ് മഞ്ജരേക്കര്‍

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് തകര്‍ച്ച നേരിട്ടപ്പോള്‍ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടത് പൃഥ്വി ഷാ ആയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ നാല് റണ്‍സും നേടിയാണ് താരം പുറത്തായത്. ശുഭ്മന്‍ ഗില്ലിനെ രണ്ടാം മത്സരത്തില്‍ ഓപ്പണറാക്കണമെന്ന നിര്‍ദ്ദേശം പല ഭാഗത്ത് നിന്നും ഉയരുമ്പോള്‍ ചേതേശ്വര്‍ പുജാരയെ ഓപ്പണറാക്കണം എന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

ഗില്ലിനെ പോലെ പരിചയസമ്പത്ത് കുറഞ്ഞൊരു താരത്തെ നിര്‍ണ്ണായക മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ പരീക്ഷിക്കുന്നതിലും ഭേദം പുജാരയെ ഓപ്പണറാക്കി ഇറക്കുന്നതെന്നാണ് സഞ്ജയുടെ അഭിപ്രായം.

ഓസ്ട്രേലിയയില്‍ ഓപ്പണിംഗിലെയും മൂന്നാം നമ്പറിലെയും സാഹചര്യത്തില്‍ ഏറെ വ്യത്യാസമൊന്നുമില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ഹനുമ വിഹാരിയെ ഓപ്പണറായി പരീക്ഷിക്കാമെന്നും ലാകേഷ് രാഹുലിനെ രണ്ടാം മത്സരത്തില്‍ ഓപ്പണറാക്കണമെന്നുമെല്ലാം ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ്.

ടെസ്റ്റില്‍ നാല് മത്സരങ്ങളില്‍ താരം ഓപ്പണറായി കളിച്ചിട്ടുണ്ട് എന്നതും പുജാരയുടെ ടെസ്റ്റിലെ റെക്കോര്‍ഡ് മികച്ചതാണെന്ന് സൂചിപ്പിക്കുന്നതാണ്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും സഹിതം 348 റണ്‍സാണ് താരം ഓപ്പണറായി ടെസ്റ്റില്‍ നിന്ന് നേടിയിട്ടുള്ളത്.

സഞ്ജു സാംസന്റെ ശരാശരി ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സഞ്ജയ് മഞ്ചരേക്കർ

രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ശരാശരി ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന് മുൻ ഇന്ത്യൻ താരവും പ്രമുഖ കമെന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. ഇന്ത്യൻ ടീമിൽ നിലവിൽ സ്ഥാനം ലഭിച്ച മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ എന്നിവരുടെ ശരശരിയുമായി താരതമ്യ പെടുത്തുമ്പോൾ സഞ്ജു സാംസന്റെ ശരാശരി വളരെ കുറവാണെന്നും മഞ്ചരേക്കർ പറഞ്ഞു.

നിലവിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ ശരാശരി 37 ആണ്. അതെ സമയം ശുഭ്മൻ ഗില്ലിന്റെ ശരാശരി 73.55 ഉം മായങ്ക് അഗർവാളിന്റെ ശരാശരി 57മാണ്. ഏത് ഫോർമാറ്റ് ആണെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ശരാശരി ഒരു താരത്തെ കുറിച്ചുള്ള ഏകദേശം ധാരണ ലഭിക്കുമെന്നും മഞ്ചരേക്കർ പറഞ്ഞു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

ധോണി ക്യാപ്റ്റൻസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് സഞ്ജയ് മഞ്ചരേക്കർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ ക്യാപ്റ്റൻസിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും മഞ്ചരേക്കർ പറഞ്ഞു. ക്യാപ്റ്റനായ ധോണി ടീമിന്റെ ബാറ്റിങ്ങിൽ നിന്ന് പിന്നോട്ട് മാറിനിന്ന് ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ നയിക്കുന്നത് കണ്ടാൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

ചെന്നൈ ടീമിൽ സാം കൂരനെയും ലുങ്കി എൻഗിഡിയെയും ഉൾപ്പെടുത്താനുള്ള ധോണിയുടെ തീരുമാനത്തെയും സഞ്ജയ് മഞ്ചരേക്കർ പ്രകീർത്തിച്ചു. കൂടാതെ രവീന്ദ്ര ജഡേജയെയും സാം കൂരനെയും നേരത്തെ ഇറക്കാനുള്ള ധോണിയുടെ തീരുമാനം വിജയം കണ്ടെന്നും മഞ്ചരേക്കർ അഭിപ്രായപ്പെട്ടു. മത്സരത്തിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയെങ്കിലും 2 പന്ത് നേരിട്ട ധോണി റൺസ് ഒന്നും അടക്കാതെ പുറത്താവാതെ നിന്നു. ധോണിയുടെ നേതൃത്വത്തിൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ടെസ്റ്റിൽ കെ.എൽ രാഹുലിനേക്കാൾ മികച്ച താരം രഹാനെ : മഞ്ചരേക്കർ

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുലിനേക്കാൾ മികച്ച താരം അജിങ്കെ രഹാനെ തന്നെയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ഏകദിനത്തിൽ അഞ്ചാം സ്ഥാനത്ത് കെ.എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ടെസ്റ്റിൽ രഹാനെക്ക് പകരക്കാരനാവാൻ കെ.എൽ രാഹുലിന് കഴിയില്ലെന്ന് മഞ്ചരേക്കർ പറഞ്ഞു.

അതെ സമയം തന്റെ കരിയറിന്റെ ആദ്യ 2 വർഷങ്ങളിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ ആവർത്തിക്കാൻ രഹാനെക്ക് കഴിയുന്നില്ലെന്നും എന്നാൽ താരം മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മഞ്ചരേക്കർ പറഞ്ഞു.

ഇന്ത്യൻ ടീമിൽ നിലവിൽ ക്യാപ്റ്റൻസി പങ്കുവെക്കേണ്ട ആവശ്യം ഇല്ലെന്നും മഞ്ചരേക്കർ പറഞ്ഞു. നിലവിൽ മൂന്ന് ഫോര്മാറ്റിലും വിരാട് കോഹ്‌ലി കളിക്കുന്നത്കൊണ്ട് തന്നെ വേറെ ഒരാളെ ക്യാപ്റ്റൻസി ഏല്പിക്കേണ്ട ആവശ്യം ഇല്ലെന്നും മഞ്ചരേക്കർ പറഞ്ഞു.

ഭാവിയില്‍ കമന്റേറ്ററായി അശ്വിന്‍ ശോഭിക്കുമെന്ന് ഹര്‍ഷ ഭോഗ്‍ലേ

ഭാവിയില്‍ കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇനി ക്രിക്കറ്റ് കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന താരമെന്നാണ് ഭോഗ്‍ലേയുടെ പ്രവചനം. 1991 താന്‍ ഇത്തരത്തില്‍ രവിശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും മികച്ച കമന്റേറ്റര്‍മാരായി മാറുമെന്ന് പ്രവചിച്ചിരുന്നുവെന്നും ഹര്‍ഷ ഭോഗ്‍ലേ വ്യക്തമാക്കി.

അശ്വിനും സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ഇന്‍സ്റ്റാഗ്രാം ചര്‍ച്ചയില്‍ 1996ലെ ഇന്ത്യയുടെ ലോകകപ്പ് സെമി തോല്‍വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ അശ്വിന്‍ മഞ്ജരേക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണ്ട ഹര്‍ഷ ഭോഗ്‍ലേ ആണ് തന്റെ പ്രവചനം ട്വിറ്ററില്‍ പങ്കുവെച്ചത്.

താന്‍ പണ്ട് സഞ്ജയിനെയും രവി ശാസ്ത്രിയെയും കുറിച്ച് നടത്തിയ അതെ പ്രവചനം ഇപ്പോള്‍ അശ്വിനെ കുറിച്ചും പറയാനുള്ളതെന്ന് ഭോഗ്‍ലേ വ്യക്തമാക്കി. കമന്ററി പാനലില്‍ ഒരുമിച്ചുള്ള ഹര്‍ഷ ഭോഗ്‍ലെയും സഞ്ജയ് മഞ്ജരേക്കര്‍ തമ്മില്‍ കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റിനിടെ സുഖകരമല്ലാത്ത ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു.

പന്തിന്റെ വിസിബിലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ബോഗ്‍ലേ പന്തിന്റെ വിസിബിലിറ്റിയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യുവാന്‍ യോഗ്യനല്ലെന്ന് മഞ്ജരേക്കര്‍ പറയുകയായിരുന്നു.

ഐപിഎലില്‍ കോഹ്‍ലിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍, ഏറ്റവും മികച്ച നായകന്‍ ധോണി

ഐപിഎല്‍ 2019ല്‍ വിരാട് കോഹ്‍ലിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ആയിരുന്നുവെന്നാണ് തന്റെ വിലയിരുത്തലെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ഏറ്റവും മോശം ക്യാപ്റ്റന്മാര്‍ കോഹ്‍ലിയും രഹാനെയുമായിരുന്നുവെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ തന്റെ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുക കൂടി സഞ്ജയ് മഞ്ജരേക്കര്‍ ചെയ്തില്ല.

രഹാനെയ്ക്കും 5 മാര്‍ക്കാണ് പത്തില്‍ മുന്‍ ഇന്ത്യന്‍ താരം നല്‍കിയത്. ധോണിയ്ക്ക് 9 പോയിന്റും രോഹിത് ശര്‍മ്മയ്ക്ക് എട്ട് പോയിന്റുമാണ് സഞ്ജയ് മഞ്ജരേക്കര്‍ നല്‍കിയത്. ശ്രേയസ്സ് അയ്യര്‍ക്കും എട്ട് പോയിന്റാണ് നല്‍കിയിരിക്കുന്നത്. അതേ സമയം പ്ലേ ഓഫിനു യോഗ്യത നേടിയില്ലെങ്കിലും രവിചന്ദ്രന്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. താരത്തിനു ഏഴ് പോയിന്റ് നല്‍കി മഞ്ജരേക്കര്‍.

സ്മിത്തിനു ആറ് പോയിന്റ് നല്‍കിയപ്പോള്‍ രഹാനെയ്ക്ക് വെറും അഞ്ച് പോയിന്റ് നല്‍കിയ സഞ്ജയ് വിരാടിനു 6 പോയിന്റ് നല്‍കി. കെയിന്‍ വില്യംസണ് 7 പോയിന്റാണ് സഞ്ജയ് മഞ്ജരേക്കര്‍ നല്‍കിയത്. ധോണിയുടെ ഒരു പോയിന്റ് കുറയ്ക്കുവാന്‍ കാരണം ഷെയിന്‍ വാട്സണെ കൂടുതല്‍ കാലം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഋഷഭ് പന്ത് ഈ തലമുറയുടെ വീരൂ – സഞ്ജയ് മഞ്ജരേക്കര്‍

ഋഷഭ് പന്ത് ഈ തലമുറയിലെ വീരേന്ദര്‍ സേവാഗാണെന്ന് അഭിപ്രായവുമായി സഞ്ജയ് മഞ്ജരേക്കര്‍. സണ്‍റൈസേഴ്സിനെതിരെ എലിമിനേറ്ററില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തിന്റെ പ്രകടനത്തിനു ശേഷമാണ് സഞ്ജയ് ഈ അഭിപ്രായം പങ്കുവെച്ചത്. 21 വയസ്സ് മാത്രമുള്ള താരത്തിന്റെ ഭയമില്ലാത്ത സമീപനത്തെയാണ് ഈ താരതമ്യത്തിനു മുതിരുവാന്‍ സഞ്ജയെ പ്രേരിപ്പിച്ചത്.

111/5 എന്ന നിലയില്‍ നിന്ന് അവസാന അഞ്ചോവറില്‍ തകര്‍ത്തടിച്ച് സണ്‍റൈസേഴ്സിനെതിരെ ടീമിനെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത് പന്ത് ആയിരുന്നു. 52 റണ്‍സായിരുന്നു അവസാന അഞ്ചോവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. 21 പന്തില്‍ നിന്ന് 49 റണ്‍സാണ് പന്ത് നേടിയത്.

ഇന്ന് രണ്ടാം ക്വാളിഫയറില്‍ ചെന്നൈയ്ക്കെതിരെ വിജയം കുറിയ്ക്കുവാന്‍ സമാനമായൊരു പ്രകടനം ഡല്‍ഹിയ്ക്ക് വേണ്ടി പന്ത് പുറത്തെടുക്കേണ്ടതായിട്ടുണ്ട്.

തന്റെ ടീമില്‍ റായിഡു ഇല്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്കുള്ള തന്റെ ഇഷ്ട താരങ്ങളെ പ്രഖ്യാപിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 15 അംഗ ടീമില്‍ അമ്പാട്ടി റായിഡുവിനെ ഉള്‍പ്പെടുത്തിട്ടില്ല. ചില മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ടീമിനെ തന്നെയാണ് സഞ്ജയ് മഞ്ജരേക്കറും തിരഞ്ഞെടുത്തിരിക്കുന്നത്. റായിഡുവിനെ തിരഞ്ഞെടുക്കാത്തതിനു ഓസ്ട്രേലിയയ്ക്കെതിരെ സീം ചെയ്യുന്ന പന്തുകളെ നേരിടുവാന്‍ താരം ബുദ്ധിമുട്ടിയതായാണ് കാരണം പറയുന്നത്.

ഇംഗ്ലണ്ടിലെ ബൗളിംഗിനു അനുകൂലമായ സാഹചര്യങ്ങളില്‍ റായിഡുവിനു വലിയ നേട്ടം സ്വന്തമാക്കാനാകില്ലെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം 13, 18, 2 എന്ന സ്കോറുകളാണ് നേടിയത്. സ്ക്വാഡിലെ രണ്ടാം കീപ്പറായി ദിനേശ് കാര്‍ത്തിക്കിനു പകരം ഋഷഭ് പന്തിനെയാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. വിജയ് ശങ്കറും രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ ഓള്‍റൗണ്ടര്‍മാരായി ഇടം പിടിച്ചു.

Exit mobile version