ഓസ്ട്രേലിയൻ ഓപ്പൺ: സാനിയ മിർസ – രാജീവ് റാം സഖ്യം മിക്സഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിലേക്ക്

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും യുഎസ്എയുടെ രാജീവ് റാമും ചേർന്ന സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാം റൗണ്ട് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ എലൻ പെരസ്-നെതർലൻഡ്‌സിന്റെ മാറ്റ്‌വെ മിഡിൽകൂപ്പ് സഖ്യത്തെ 7-6 (8/6), 6-4 എന്ന സ്‌കോറിനാണ് സാനിയ-റാം സഖ്യം പരാജയപ്പെടുത്തിയത്.

ക്വാർട്ടറിൽ സാം സ്‌റ്റോസർ/മാത്യൂ എബ്‌ഡൻ, ജെയ്‌മി ഫോർലിസ്/ജെയ്‌സൺ കുബ്‌ലർ എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സാനിയ സഖ്യം നേരിടുക. വ്യാഴാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ സെർബിയൻ ജോഡികളായ അലക്‌സാന്ദ്ര ക്രുനിക്-നിക്കോള കാസിക് സഖ്യത്തെ സാനിയയും റാമും തോൽപ്പിച്ചിരുന്നു.

ഇത് തന്റെ അവസാന സീസൺ – സാനിയ മിര്‍സ

ഇപ്പോള്‍ നടക്കുന്ന സീസണിന് ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് അറിയിച്ച് സാനിയ മിര്‍സ. തന്റെ ശരീരം ഇപ്പോള്‍ പ്രതികരിക്കുന്നത് വെച്ച് താന്‍ ഈ സീസൺ പൂര്‍ത്തിയാക്കുമോ എന്ന് പോലും തനിക്ക് സംശയം ഉണ്ടെന്നും സാനിയ മിര്‍സ വ്യക്തമാക്കി.

35 വയസ്സുള്ള സാനിയ ഓസ്ട്രേലിയന്‍ ഓപ്പൺ വനിത ഡബിള്‍സിന്റെ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. 12ാം സീഡായ സാനിയ – നാദിയ സഖ്യം ആദ്യ റൗണ്ടിൽ തന്നെ 4-6, 6-7 എന്ന സ്കോറിനായിരുന്നു പരാജയപ്പെട്ടത്.

ഒസ്ട്രാവയിൽ കിരീടം നേടി സാനിയ സഖ്യം

ഒസ്ട്രാവയിൽ ഡബ്ല്യുടിഎ500 കിരീടം നേടി സാനിയ മിര്‍സ. ചൈനീസ് താരം ഷുവായി ഷാംഗിനൊപ്പമാണ് സാനിയ തന്റെ 43ാം ഡബ്ല്യുടിഎ കിരീടം നേടിയത്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം.

അമേരിക്കന്‍ – ന്യൂസിലാണ്ട് ജോഡിയായ കൈറ്റ്‍ലിന്‍ ക്രിസ്റ്റ്യന്‍ – എറിന്‍ റൗട്ട്ലിഫ് എന്നിവരെയാണ് ഫൈനലിൽ സാനിയയും ഷാംഗും പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2

ക്ലീവ്‍ലാന്‍ഡിൽ റണ്ണേഴ്സപ്പായി സാനിയ മിര്‍സയും – ക്രിസ്റ്റീന മക്ഹാലും

ക്ലീവ്‍ലാന്‍ഡ് ഡബ്ല്യുടിഎ വനിത മിക്സഡ് ഡബിള്‍സ് ഫൈനലിൽ സാനിയ മിര്‍സ – ക്രിസ്റ്റീന് മക്ഹാല്‍ ജോഡിയ്ക്ക് പരാജയം. ജപ്പാന്റെ ടോപ് സീഡഡ് താരങ്ങളോട് ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ – യുഎസ് ജോഡിയുടെ ജൈത്രയാത്രയ്ക്ക് അവസാനമായത്.

5-7, 3-6 എന്ന സ്കോറിനായിരുന്നു ഇന്ത്യ-യുഎസ് ജോഡിയുടെ പരാജയം. മൂന്നാം സീഡുകളെ തോല്പിച്ചാണ് ഇവര്‍ സെമിയിലേക്ക് ടൂര്‍ണ്ണമെന്റിൽ കടന്നത്. സെമിയിലും ആധികാരിക ജയവുമായി എത്തിയ സഖ്യത്തിന് ഫൈനലില്‍ എന്നാല്‍ കാലിടറുകയായിരുന്നു.

ആദ്യ സെറ്റിൽ മികച്ച ചെറുത്ത്നില്പ് ഇവര്‍ ഉയര്‍ത്തിയെങ്കിലും രണ്ടാം സെറ്റിൽ ടോപ് സീഡുകള്‍ മികച്ച രീതിയിൽ കളിച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ടെന്നീസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, കൈപ്പിടിയിലായ മത്സരം കൈവിട്ട സാനിയ – അങ്കിത കൂട്ടുകെട്ട്

ഒളിമ്പിക്സ് വനിത ഡബിള്‍സിൽ തിരിച്ചടിയേറ്റ് ഇന്ത്യ. ആധിപത്യത്തോടെ മുന്നേറുന്ന ഇന്ത്യന്‍ സംഘം മത്സരം പിന്നീട് കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ സെറ്റിൽ 6-0ന് വിജയിച്ച ഇന്ത്യന്‍ ടീം രണ്ടാം സെറ്റിൽ 5-3ന് മുന്നിലായിരുന്നു. അവിടെ നിന്ന് മത്സരം 6-0, 6-7, 8-10 എന്ന സ്കോറിന് മത്സരം കൈവിടുന്ന കാഴ്ചയാണ് കണ്ടത്.

ഉക്രൈന്റെ കിച്ചെനോക്ക് സഹോദരിമാരോടാണ് ഇന്ത്യന്‍ സഖ്യം നിരാശയേറ്റ് വാങ്ങിയത്. 1 മണിക്കൂര്‍ 33 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഉക്രൈന്‍ ടീമിനെക്കാളും കൂടുതൽ പിഴവുകള്‍ മത്സരത്തിൽ വരുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യന്‍ പോരാട്ടത്തിൽ വിജയം നേടി സാനിയ – ബൊപ്പണ്ണ സഖ്യം

വിംബിള്‍ഡൺ മിക്സഡ് ഡബിള്‍സ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ വിജയം സ്വന്തമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം. ഇന്ത്യയുടെ തന്നെ അങ്കിത റെയ്‍ന – രാംകുമാര്‍ രാമനാഥന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് സാനിയ – രോഹന്‍ ടീമിന്റെ വിജയം. 6-2, 7-6 എന്ന സ്കോറിനാണ് വിജയികള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.

അതേ സമയം മെയിന്‍ ഡ്രോയിൽ കടന്നതിന് അങ്കിത – രാമനാഥന്‍ സഖ്യത്തിന് 1500 പൗണ്ട് സമ്മാനത്തുക ലഭിയ്ക്കും. ഇത് 1.5 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായി വരും.

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് കുടുംബത്തെ കാണാൻ ഷൊഹൈബ് മാലിക്കിന് അനുമതി

ഇംഗ്ലണ്ടിന് പര്യടനത്തിന് പോവുന്നതിന് മുൻപ് തന്റെ ഭാര്യയെ സാനിയ മിർസയെയും മകനെയും കാണാൻ പാകിസ്ഥാൻ വെറ്ററൻ താരം ഷൊഹൈബ് മാലിക്കിന് അനുമതി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ അഞ്ച് മാസത്തിൽ അധികമായി ഷൊഹൈബ് മാലിക് തന്റെ ഭാര്യയെയും മകനെയും കണ്ടിട്ടില്ല. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് ഇരുവർക്കും പരസ്പരം കാണാനാവാതെ പോയത്. കൊറോണ വൈറസ് ബാധ തുടങ്ങുന്നതിന് മുൻ പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സൽമിക്ക് വേണ്ടി ഷൊഹൈബ് മാലിക് കളിച്ചിരുന്നു.

ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക. 29 അംഗ പാകിസ്ഥാൻ ടീം ജൂൺ 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. തുടർന്ന് അവിടെ 14 ദിവസം താരങ്ങൾ ക്വറന്റൈനിൽ ഇരിക്കുകയും ചെയ്യും.  അതെ സമയം സാനിയ മിർസയെ കാണാൻ അവസരം ലഭിച്ച ഷൊഹൈബ് മാലിക് ജൂലൈ 24ന് മാത്രമാവും ഇംഗ്ലണ്ടിൽ എത്തുക. ഇംഗ്ലണ്ട് & വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് താരത്തിന് ഈ സമയത്ത് ഇംഗ്ലണ്ടിലേക്ക് വരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ ഷൊഹൈബ് മാലിക് പാകിസ്ഥാൻ ടി20 ടീമിൽ മാത്രമാണ് കളിക്കുന്നത്.

സാനിയ മിര്‍സയെ മിക്സഡ് ഡബിള്‍സ് പങ്കാളിയാക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ വിവാദങ്ങളെ ഭയന്ന് താരം അതിന് മുതിര്‍ന്നില്ല

ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിച്ച ഏക പാക്കിസ്ഥാനിയെന്ന ബഹുമതി നേടിയ ആളാണ് ടെന്നീസ് താരം ഐസം-ഉള്‍-ഹക്ക്. 2010ല്‍ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ താരം എത്തിയിരുന്നു. തനിക്ക് മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയെ പങ്കാളിയാക്കണമെന്നുണ്ടായിരുന്നുവെങ്കിലും അനാവശ്യ വിവാദത്തെ തുടര്‍ന്ന് താന്‍ അതിന് മുതിര്‍ന്നില്ലെന്ന് താരം പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യ കൂടിയായ മിര്‍സയോട് താന്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും അതിനെ നിരസിക്കുകയായിരുന്നുവെന്ന് ഐസം വ്യക്തമാക്കി. തനിക്ക് സാനിയയോടും ഷൊയ്ബ് മാലിക്കിനോടും നല്ല ബന്ധമാണുള്ളതെന്നും സാനിമ മികച്ച താരം മാത്രമല്ല മികച്ച മനുഷ്യത്വത്തിനുടമ കൂടിയാണെന്ന് ഐസം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ഒരു അനാവശ്യ വിവാദം വേണ്ടെന്ന സാനിയയുടെ ചിന്തയാകാം പിന്മാറ്റത്തിന് കാരണമെന്ന് ഐസം വ്യക്തമാക്കി. രോഹന്‍ ബൊപ്പണ്ണയുമായുള്ള തന്റെ സഖ്യമാണ് ഏറ്റവും മികച്ചതെന്ന് പറഞ്ഞ ഐസം തങ്ങളെ ഇന്തോ-പാക് എക്സ്പ്രസ്സ് എന്ന് വിളിച്ചിരുന്നതില്‍ ഏറെ അഭിമാനം തോന്നിയെന്ന് വ്യക്തമാക്കി.

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് താരം ഇറങ്ങിയത്. തനിക്ക് റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഒരു ഗ്രാന്‍ഡ്സ്ലാം നേടണമെന്ന് പറഞ്ഞ 40 വയസ്സുകാരന്‍ തന്റെ ജീവിതത്തില്‍ എന്തെങ്കിലും കാര്യം തിരുത്തുവാന്‍ സാധിക്കുമെങ്കില്‍ അത് 2010ലെ യുഎസ് ഓപ്പണ്‍ ഫൈനലിന്റെ ഫലം തിരുത്തുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

തന്റെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ ടിവിയില്‍ കാണിച്ചിരുന്നുവെങ്കില്‍ ടെന്നീസ് പാക്കിസ്ഥാനില്‍ വളര്‍ന്നേനെയെന്നും താരം പറഞ്ഞു. ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ലോകത്ത് ആളുകള്‍ പിന്തുടരുന്ന കളിയാണ് ടെന്നീസ്, എന്നിട്ടും പാക്കിസ്ഥാനില്‍ അതിന് വേണ്ടത്ര പിന്തുണ ലഭിയ്ക്കുന്നില്ലെന്നും ഐസം പറഞ്ഞു.

പാക്കിസ്ഥാന്‍ ടെന്നീസ് ഫെഡറേഷന്‍ തന്റെ 2010ലെ യുഎസ് ഓപ്പണ്‍ ഫൈനല്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തിയില്ലെന്നും താരം കുറ്റപ്പെടുത്തി. അന്ന് അത് ടെലിവിഷനില്‍ കാണിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പ്രചാരം ടെന്നീസിന് പാക്കിസ്ഥാനില്‍ കിട്ടുമായിരുന്നുവെന്നും താരം വ്യക്തമാക്കി.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സാനിയയെയും താരം ശല്യം ചെയ്തുവെന്ന് ഷൊയ്ബ് മാലിക്

6 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശ് വിലക്കിയ താരത്തിനെതിരെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം ചെയ്തുവെന്നാണ് ഇപ്പോള്‍ ഷൊയ്ബ് മാലിക് പറയുന്നത്. നാല് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കളിക്കുവാന്‍ എത്തിയപ്പോളാണ് തങ്ങള്‍ക്ക് ഈ ദുരനുഭവമെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആരാധകനെതിരെ മോശം ഭാഷയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇപ്പോള്‍ ബോര്‍ഡ് നടപടിയെടുത്തിരിക്കുന്നത്. മുമ്പും പലതവണ താരത്തിനെതിരെ അച്ചടക്ക നടപടികള്‍ ബോര്‍ഡ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത പ്രകാരം ഷൊയ്ബ മാലിക് തന്റെ അന്നത്തെ അനുഭവത്തിനു ശേഷം ഇപ്പോള്‍ താരത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ദേശീയ ടീമിനായി 43 ഏകദിനങ്ങളും 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള താരം മികച്ച ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കളിക്കളത്തിലെയും പുറത്തെയും മോശം പെരുമാറ്റം താരം ബംഗ്ലാദേശിനു തലവേദന സൃഷ്ടിക്കുക പതിവാണ്.

Exit mobile version