197 പന്തിൽ 334 റൺസ്! ഒരു മലയാളി താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കുറിച്ച് സച്ചിൻ സുരേഷ്

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മല്സരത്തിൽ സച്ചിൻ 334 റൺസ് നേടി. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്. മല്സരത്തിൽ AGORC ഒരിന്നിങ്സിൻ്റെയും 324 റൺസിൻ്റെയും വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 187 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ AGORC സച്ചിൻ സുരേഷിൻ്റെയും സാലി വിശ്വനാഥിൻ്രെയും ഉജ്ജ്വല ഇന്നിങ്സുകളുടെ മികവിൽ അഞ്ച് വിക്കറ്റിന് 613 റൺസ് നേടി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 102 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

വെറും 197 പന്തുകളിൽ നിന്നായിരുന്നു സച്ചിൻ 334 റൺസ് നേടിയത്. 27 ബൌണ്ടറികളും 24 സിക്സും അടങ്ങുന്നതായിരുന്നു സച്ചിൻ്റെ ഇന്നിങ്സ്. ഇന്ത്യൻ താരം സഞ്ജു സാംസൻ്റെ സഹോദരൻ സാലി വിശ്വനാഥ് സച്ചിന് മികച്ച പിന്തുണ നല്കി. സാലി 118 പന്തുകളിൽ നിന്ന് 148 റൺസ് നേടി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടിൽ 403 റൺസ് പിറന്നു. ഒരു വിക്കറ്റിന് 31 റൺസെന്ന നിലയിൽ നില്ക്കെയാണ് സച്ചിൻ ബാറ്റ് ചെയ്യാനെത്തിയത്. തുടക്കം മുതൽ തകർത്തടിച്ച സച്ചിൻ അതിവേഗം സ്കോർ ഉയർത്തി. സച്ചിൻ്റെ സ്കോറിങ്ങിന് തടയിടാൻ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റൻ അക്ഷയ് ശിവ് ബൌളർമാരെ മാറിമാറി പരീക്ഷിച്ചു. എന്നാൽ പന്തെറിഞ്ഞ എട്ട് പേർക്കെതിരെയും തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച് സച്ചിൻ ബാറ്റിങ് തുടർന്നു. ഒടുവിൽ കെ എസ് അഭിറാമിൻ്റെ പന്തിൽ സ്റ്റംപ് ചെയ്യപ്പെട്ടാണ് സച്ചിൻ പുറത്തായത്.

കേരള ക്രിക്കറ്റിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് സച്ചിൻ. സച്ചിൻ്റെ ബാറ്റിൽ നിന്നും ഇതു പോലുള്ള വെടിക്കെട്ട് ഇന്നിങ്സുകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. സി കെ നായിഡു ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സച്ചിൻ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അടുത്തിടെ എൻഎസ്കെ ട്രോഫിയിൽ പത്തനംതിട്ടയ്ക്കെതിരെ പാലക്കാടിനായി 52 പന്തുകളിൽ 132 റൺസ് നേടി. ഇതേ ടൂർണ്ണമെൻ്റിൽ മറ്റൊരു മല്സരത്തിൽ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. പാലക്കാട് നല്ലേപ്പള്ളി സ്വദേശികളായ സുരേഷും ബിന്ദുവുമാണ് സച്ചിൻ്റെ മാതാപിതാക്കൾ. കേരള താരം സച്ചിൻ ബേബിയാണ് മെൻ്റർ.

സച്ചിൻ സുരേഷിന് പരിക്ക്, ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പരിക്ക്. ഇന്ന് ഫതോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന എഫ്‌സി ഗോവയ്‌ക്കെതിരായ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം അവരുടെ ഒന്നാം ഗോൾകീപ്പർ സച്ചിൻ സുരേഷ് ഉണ്ടാകില്ല. പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാനായി കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്, അദ്ദേഹത്തിന്റെ അഭാവം ആശങ്കയാകും.

കമൽജിത് സിംഗ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി ഗോൾകീപ്പറായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി വിൻഡോയിൽ ആയിരുന്നു കമൽജിത് ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌. സച്ചിനെ കൂടാതെ, നോഹ സദൗയിയും പരിക്കേറ്റതിനാൽ ഈ നിർണായക മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.

സച്ചിൻ ആദ്യ ഇലവനിൽ എത്തി, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ പോരാട്ടത്തിനായുള്ള ലൈനപ്പ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സച്ചിൻ സുരേഷ് ഗോൾ കീപ്പറായി ടീമിലിന്ന് തിരികെയെത്തി. ക്യാപ്റ്റൻ ലൂണ, നോഹ, ജിമിനസ്, മിലോസ് എന്നിവരാണ് വിദേശതാരങ്ങളായി ടീമിൽ ഉള്ളത്. പെപ്ര ബെഞ്ചിലാണ്.

സച്ചിൻ സുരേഷ് തിരികെയെത്തുന്നു, ഡ്യൂറണ്ട് കപ്പിൽ കളിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷ് തിരികെയെത്തുന്നു. താരം ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും. ദീർഘകാലമായി പുറത്തിരിക്കുന്ന താരം അടുത്ത ആഴ്ച ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും. പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ സച്ചിൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം തായ്ലാന്റിൽ പോയിരുന്നില്ല.

സച്ചിൻ ഇനി കൊൽക്കത്തയിൽ വെച്ചാകും ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരുക. ഓഗസ്റ്റ് ആദ്യമാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ ഇറങ്ങുന്നത്. തായ്ലാന്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരെ കൊൽക്കത്തയിലേക്ക് ആണ് വരുന്നത്. കഴിഞ്ഞ ഏപ്രിൽ ആയിരുന്നു സച്ചിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്.

സച്ചിൻ സുരേഷിന്റെ ശസ്ത്രക്രിയ വിജയകരം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി എന്ന് സച്ചിൻ അറിയിച്ചു. താരം ഇനി തിരിച്ചുവരവിന്റെ പാതയിലായിരിക്കും എന്നും താരത്തിന് എല്ലാ ആശംസകളും നേരുന്നു എന്നും ക്ലബ് അറിയിച്ചു

ഈ സീസണിൽ സച്ചിൻ ഇനി കളിക്കില്ല. അടുത്ത പ്രീസീസൺ ക്യാമ്പിലേക്ക് സച്ചിൻ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. ചെന്നൈയിനെതിരായ മത്സരത്തിൽ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സച്ചിന് പരിക്കേറ്റത്. സച്ചിൻ തിരികെ വരുന്നത് വരെ കരൺജിത് ആകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.

സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനാകും, ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും. താരം ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ക്ലബ് തന്നെ ഇന്ന് അറിയിച്ചു. അടുത്ത ദിവസം സച്ചിൻ മുംബൈയിലേക്ക് പോകും. അവിടെ വെച്ചാകും ശസ്ത്രക്രിയ നടക്കുക. ഇനി ഈ സീസണിൽ സച്ചിൻ കളിക്കാൻ സാധ്യതയില്ല. അവസാന മത്സരത്തിൽ ചെന്നൈയിനെ നേരിടുന്നതിനിടയിൽ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്.

ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സച്ചിന് പരിക്കേറ്റത്. താരത്തെ അന്ന് ഉടൻ തന്നെ സബ് ചെയ്തിരുന്നു. പകരം കരൺജിത് കളത്തിൽ ഇറങ്ങി.ഇനി അങ്ങോട്ടും കരൺജിത് ആകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ. അവസാന മത്സരത്തിൽ ചെന്നൈയിനെ നേരിടുന്നതിനിടയിൽ ആയിരുന്നു സച്ചിൻ സുരേഷിനു പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സച്ചിന് പരിക്കേറ്റത്. താരത്തെ അന്ന് ഉടൻ തന്നെ സബ് ചെയ്തിരുന്നു. പകരം കരൺജിത് കളത്തിൽ ഇറങ്ങി.

സച്ചിന് ഷോൾഡർ ഇഞ്ച്വറിയാണ്. താരത്തിന്റെ ഷോൾഡർ ഇഞ്ച്വറി മാറാൻ ശസ്ത്രക്രിയ ആവശ്യമായി വരും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ താരം രണ്ട് മാസം എങ്കിലും പുറത്തിരിക്കും. ഈ സമയത് കരൺജിത് വല കാക്കേണ്ടി വരും. ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ലൂണ, പെപ്ര, ദിമി, ലെസ്കോവിച് എന്നീ പ്രധാന താരങ്ങൾ പരുക്ക് കാരണം പുറത്താണ്‌.

ഇതെന്ത് വിധി!! കേരള ബ്ലാസ്റ്റേഴ്സിന്റെ സച്ചിൻ സുരേഷും പരിക്കേറ്റ് പുറത്ത്

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് ലിസ്റ്റ് നീളുന്നു. ഇന്ന് ദിമിയുടെ പരിക്ക് വാർത്ത അറിഞ്ഞ് വേദനയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചടി കൂടെ. ഇന്ന് ചെന്നൈയിനെ നേരിടുന്നതിനിടയിൽ അവരുടെ ഗോൾ കീപ്പർ ആയ സച്ചിൻ സുരേഷിനും പരിക്കേറ്റു. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് സച്ചിന് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സബ് ചെയ്തു. പകരം കരൺജിത് കളത്തിൽ ഇറങ്ങി.

സച്ചിന് ഷോൾഡർ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കിൽ ഒന്നോ രണ്ടോ ആഴ്ചകൾ ചുരുങ്ങിയത് സച്ചിൻ പുറത്തിരിക്കും. ഈ സമയത് കരൺജിത് വല കാക്കേണ്ടി വരും. ഇപ്പോൾ തന്നെ ലൂണ, പെപ്ര, ദിമി എന്നീ പ്രധാന താരങ്ങൾ പരുക്ക് കാരണം പുറത്താണ്‌

സച്ചിൻ ഹീറോ!! കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത്

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ഒന്നാമത്. ഇന്ന് കൊൽക്കത്തയിൽ ചെന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഡെയ്സുകെയും ദിമിയും ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് ഗോളുകൾ നേടിയത്. എന്നാൽ സ്കോർ 1-0ൽ നിൽക്കെ നിർണായകമായ പെനാൾട്ടി സേവ് ചെയ്ത സച്ചിൻ ആണ് ഇന്ന് യഥാർത്ഥ ഹീറോ ആയത്.

തികച്ചും ആധിപത്യത്തോടെ ആദ്യ പകുതി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ജപ്പാനീസ് താരം ഡെയ്സുകെയിലൂടെ ആണ് മുന്നിൽ എത്തിയത്‌. ആദ്യ പകുതി ഇരുടീമുകളും കരുതലോടെയാണ് തുടങ്ങിയത്‌. 31ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം തന്നെ കേരള ബ്ലാസ്റ്റേഴ്സ് മുതലെടുത്തു. ലൂണയുടെ ഒരു മികച്ച പാസ് ഡെയ്സുകയ്ക്ക് ഒരു സുവർണ്ണാവസരം നൽകി. മികച്ച ഫിനിഷിലൂടെ ഡെയ്സുകെ തന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോൾ നേടി. സ്കോർ 1-0.

34ആം മിനുട്ടിൽ പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു‌. ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് 1-0 എന്ന ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ആയിരുന്നു മികച്ചു നിന്നത്. എന്നാൽ 83ആം മിനുട്ടിൽ സച്ചിന്റെ ഒരു ഫൗൾ ഈസ്റ്റ് ബംഗാളിന് പെനാൾട്ടി നൽകി.

ക്ലൈറ്റൻ സിൽവ എടുത്ത പെനാൾട്ടി കിക്ക് സച്ചിൻ തടഞ്ഞു. പക്ഷെ റഫറി സച്ചിൻ ഗോൾ ലൈൻ വിട്ട് വന്നതിനാൽ ഫൗൾ വിളിച്ചു. തുടർന്ന് വീണ്ടും ക്ലൈറ്റൻ സിൽവ പെനാൾട്ടി എടുത്തു. വീണ്ടും പെനാൾട്ടി തടഞ്ഞ് സച്ചിൻ ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി. ഈ പെനാൾട്ടി സേവ് ബ്ലാസ്റ്റേഴ്സിന്റെ ഊർജ്ജം വർധിപ്പിച്ചു. 89ആം മിനുട്ടിൽ ദിമിയിലൂടെ രണ്ടാം ഗോൾ വന്നതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. ആ ഗോളിന് ശേഷം ജേഴ്സി ഊരി ആഘോഷിച്ച ദിമി രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയത് നിരാശ നൽകി.

അവസാനം വീണ്ടും ഈസ്റ്റ് ബംഗാളിന് പെനാൾട്ടി ലഭിച്ചു. അത് ക്ലൈറ്റൻ ലക്ഷ്യത്തിൽ എത്തിച്ചു എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി. ഇന്ന് വിജയം ഉറപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. 6 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് 13 പോയിന്റാണ് ഉള്ളത്‌.

സച്ചിന്റെ പെനാൾട്ടി സേവ് ആണ് ടീമിന് ഊർജ്ജമായത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

ഒഡീഷ എഫ് സിക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് ഊർജ്ജം നൽകിയത് സച്ചിൻ സുരേഷിന്റെ പെനാൾട്ടി സേവ് ആണ് എന്ന് ഇവാൻ വുകമാനോവിച്. ഒഡീഷക്ക് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ നിൽക്കവെ ആയിരുന്നു സച്ചിന്റെ പെനാൾട്ടി സേവ്. മൗറീസിയോയുടെ പെനാൾട്ടിയും അതിനു പിന്നാലെ റീബൗണ്ടും സേവ് ചെയ്യാൻ സച്ചിനായിരുന്നു.

സച്ചിന്റെ പെനാൾട്ടിയും അതിന്റെ പിന്നാലെയുള്ള സേവും ഗംഭീരമായിരുന്നു. അത് ടീമിന് തിരിച്ചുവരാനുള്ള മാനസികമായ കരുത്ത് നൽകി. ഇവാൻ മത്സര ശേഷം പറഞ്ഞു. സച്ചിൻ നല്ല പ്രകടനമാണ് നടത്തുന്നത് എന്ന് ഇവാൻ പറഞ്ഞു. രണ്ടാം പകുതിയിൽ മികച്ച പ്രകടനം ആണ് ബ്ലാസ്റ്റേഴ്സ് നടത്തിയത് എന്നും ഈ 3 പോയിന്റിൽ അതിയായ സന്തോഷം ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

സച്ചിൻ സുരേഷിന്റെ പെനാൾട്ടി സേവ്, എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ പിറകിൽ

ഇന്ന് കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സി പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒഡീഷ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ ആണ് കളിച്ചത്. രണ്ട് ടീമിനും നല്ല അവസരങ്ങളും ലഭിച്ചു. 15ആം മിനുട്ടിൽ ആണ് കൊച്ചിയെ നിശബ്ദരാക്കി കൊണ്ട് ഒഡീഷയുടെ ഗോൾ വന്നത്. ഗൊഡാർഡിന്റെ പാസ് സ്വീകരിച്ച് മൗറീസിയോ ആണ് വല കുലുക്കിയത്.

അഞ്ച് മിനുട്ടുകൾ കഴിഞ്ഞ് നവോചയുടെ ഒരു ഹാൻഡ് ബോൾ ഒഡീഷയ്ക്ക് ഒരു പെനാൾട്ടി സമ്മാനിച്ചു. മൗറീസിയോ എടുത്ത പെനാൾട്ടി കിക്ക് തടഞ്ഞ് സച്ചിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി. ആ പെനാൾട്ടിയും അതിനു പിന്നാലെയുള്ള ഷോട്ടും സച്ചിൻ തടഞ്ഞതു കൊണ്ടാണ് സ്കോർ 1-0ൽ നിന്നത്.

കേരള ബ്ലാസ്റ്റേഴ്സ് നല്ല അവസരം സൃഷ്ടിച്ചു എങ്കിലും അവസരം മുതലാക്കൊയില്ല. ഡെയ്സുകെയും പെപ്രയും നല്ല അവസരങ്ങൾ നഷ്ടപ്പെടുന്നത് കാണാൻ ആയി.

“സച്ചിൻ യുവതാരമാണ്, ഈ പിഴവ് കളിയുടെ ഭാഗമാണ്” – കേരള ബ്ലാസ്റ്റേസ് സഹ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ മുംബൈ സിറ്റിയോടേറ്റ പരാജയത്തിൽ വഴങ്ങിയ രണ്ടു ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. രണ്ട് ഗോളുകളും വ്യക്തികഗത പിഴവുകൾ ആയിരുന്നു. ആദ്യ ഗോളിൽ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പന്ത് കൈക്കലാക്കുന്നതിൽ പരാജയപ്പെടുകയും തുടർന്ന് ഗോളായി മാറുകയുമായിരുന്നു. എന്നാൽ ഈ ഗോളിന് സച്ചിനെ ക്ലബിൽ ആരും പഴി പറയില്ല എന്ന് ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പറഞ്ഞു.

സച്ചിൻ യുവതാരമാണ്. അവൻ ഒരു നല്ല കീപ്പർ ആണ് നല്ല ടാലന്റും ആണ്‌. ഫ്രാങ്ക് പറഞ്ഞു. സച്ചിൻ വഴങ്ങിയ ഗോൾ ഈ കളിയുടെ ഭാഗമാണ്. ഇത്തരം പിഴവുകളിൽ നിന്ന് സച്ചിൻ പഠിക്കും. ഫ്രാങ്ക് പറഞ്ഞു. സച്ചിൻ ഇനിയും മെച്ചപ്പെടും എന്ന് പറഞ്ഞ പരിശീലകൻ ഗോൾ കീപ്പിങ് കോച്ചുമാർ സച്ചിനെ മുന്നോട്ട് പോകാൻ സഹായിക്കും എന്നും ഫ്രാങ്ക് പറഞ്ഞു.

Exit mobile version