ശതകത്തിനരികെ സച്ചിന്‍ ബേബി ,ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു

മധ്യ പ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ കേരളം പൊരുതുന്നു. സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 89 റണ്‍സിന്റെ ബലത്തില്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം 189/6 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ടീം 76 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

തലേ ദിവസത്തെ സ്കോറായ 38/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 42 റണ്‍സ് കൂടി നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 26 റണ്‍സ് നേടിയ വിഎ ജഗദീഷിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. അധികം വൈകാതെ ടീമിനു സഞ്ജു സാംസണെയും(19) നഷ്ടമായി. റണ്ണൗട്ട് രൂപത്തില്‍ സഞ്ജു പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സാണ് കേരളം നേടിയത്.

അവിടെ നിന്ന് പോരാട്ട വീര്യമായി സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരളത്തിന്റെ പടപൊരുതല്‍ നയിക്കുകയായിരുന്നു. ജയമെന്നത് അപ്രാപ്യവും തോല്‍വി ഒഴിവാക്കുക ശ്രമകരവുമെന്ന അവസ്ഥയില്‍ എത്ര നേരം ഈ കൂട്ടുകെട്ട് പിടിച്ച് നില്‍ക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുന്നത്. സച്ചിന്‍ ബേബി 90 റണ്‍സും വിഷ്ണും വിനോദ് 38 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

ബേസില്‍ തമ്പി ടീമില്‍ തന്നെ, സച്ചിന്‍ ബേബിയെ കൈവിട്ട് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

സച്ചിന്‍ ബേബി ഉള്‍പ്പെടെ 9 താരങ്ങളെ റിലീസ് ചെയ്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇതില്‍ നേരത്തെ ഡല്‍ഹി താരങ്ങള്‍ക്കായി ട്രേഡ് ചെയ്ത ശിഖര്‍ ധവാനും ഉള്‍പ്പെടുന്നു. മലയാളി താരം ബേസില്‍ തമ്പിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അലക്സ് ഹെയില്‍സ്, വൃദ്ധിമന്‍ സാഹ, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരാണ് റിലീസ് ചെയ്യപ്പെട്ട മറ്റു പ്രമുഖ താരങ്ങള്‍.

വിവാദ നായകന്‍ ഡേവിഡ് വാര്‍ണറെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ സീസണില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങി 17 താരങ്ങളെയും ധവാന് പകരം കിട്ടിയ മൂന്ന് താരങ്ങളെയും ഉള്‍പ്പെടെ 20 താരങ്ങളെയാണ് സണ്‍റൈസേഴ്സ് നിലനിര്‍ത്തിയിരിക്കുന്നത്.

 

ഡിക്ലയറേഷനുമായി കേരളം, നേടിയത് 495 റണ്‍സ്

വിഎ ജഗദീഷും സച്ചിന്‍ ബേബിയും ശതകങ്ങള്‍ നേടിയപ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടി കേരളം. രണ്ടാം ദിവസം കളി പല തവണ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ടുവെങ്കിലും കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 231/4 എന്ന നിലയില്‍ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളംം അഞ്ചാം വിക്കറ്റില്‍ 182 റണ്‍സാണ് നേടിയത്.

147 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സാകേത് ആണ് ഹൈദ്രാബാദിനു ഒരു ബ്രേക്ക് നല്‍കിയത്. സല്‍മാന്‍ നിസാറിനെയും പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ സാകേത് നേടുന്ന മൂന്നാമത്തെ വിക്കറ്റായിരുന്നു അത്. 404/6 എന്ന നിലയില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് വിഎ ജഗദീഷ് തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

113 റണ്‍സ് നേടി ജഗദീഷും 48 റണ്‍സ് നേടി അക്ഷയ് ചന്ദ്രനും ക്രീസില്‍ നില്‍ക്കവെയാണ് കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്നത്. അതേ സമയം ഹൈദ്രാബാദ് ഇന്നിംഗ്സിന്റെ ഒരോവര്‍ പിന്നിട്ടപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി വീണ്ടും തടസ്സപ്പെടുകയും മത്സരത്തിന്റെ രണ്ടാം ദിവസം നേരത്തെ അവസാനിപ്പിക്കുകയും ആയിരുന്നു. ഹൈദ്രാബാദ് ഒരു റണ്‍സാണ് നേടിയിട്ടുള്ളത്.

ശതകവുമായി സച്ചിന്‍ ബേബി, കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം. സച്ചിന്‍ ബേബിയുടെ ശകത്തിന്റെയും ജഗദീഷിന്റെയും പ്രകടനത്തിന്റെയും ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 335/4 എന്ന നിലയിലാണ്. 113 റണ്‍സുമായി സച്ചിന്‍ ബേബിയും 46 റണ്‍സ് നേടി വിഎ ജഗദീഷുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഇന്നലെ നാല് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് കേരളം നേടിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ജലജ് സക്സേന(57), സഞ്ജു സാംസണ്‍(53) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ആദ്യ രണ്ട് രഞ്ജി മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു

രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന ടീമിന്റെ കോച്ച് ഡേവ് വാട്ട്മോര്‍ ആണ്. തിരുവനന്തപുരത്ത് ഒക്ടോബര്‍ 19 മുതല്‍ 28 വരെ കെസിഎ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ടീം: സച്ചിന്‍ ബേബി, ജലജ് സക്സേന, വിഷണു വിനോദ്, അരുണ്‍ കാര്‍ത്തിക്ക്, അക്ഷയ് കെസി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, നിധീഷ് എംഡി, ബേസില്‍ തമ്പി, രാഹുല്‍ പി, വിഎ ജഗദീഷ്, വിനൂപ എസ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍

ഓഫീഷ്യലുകള്‍: ഡേവ് വാട്ട്മോര്‍(മുഖ്യ കോച്ച്), സജികുമാര്‍(മാനേജര്‍), സെബാസ്റ്റ്യന്‍ ആന്റണി(സഹ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്‍), രാജേഷ് ചൗഹാന്‍(ട്രെയിനര്‍), ആദര്‍ശ്(ഫിസിയോതെറാപ്പിസ്റ്റ്), രാകേഷ് മേനോന്‍(വീഡിയോ അനലിസ്റ്റ്)

കൂറ്റന്‍ സ്കോര്‍ നേടി കേരളം, സച്ചിന്‍ ബേബിയ്ക്ക് 93 റണ്‍സ്

സച്ചിന്‍ ബേബിയ്ക്കും വിഷ്ണു വിനോദിനുമൊപ്പം അരുണ്‍ കാര്‍ത്തിക്ക്(38*), വിഎ ജഗദീഷ്(41), സഞ്ജു സാംസണ്‍(30), ജലജ് സക്സേന(33) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി കേരളം. സൗരാഷ്ട്രയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ശേഷം കേരളം മികച്ച തുടക്കമാണ് നേടിയത്. വിഷ്ണു വിനോദ് തന്റെ സ്വതസിദ്ധ ശൈലിയിലല്ലെങ്കിലും 62 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ടാണ് കേരളത്തിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 316 റണ്‍സാണ് കേരളം നേടിയത്.

38 റണ്‍സ് നേടിയ അരു‍ണ്‍ കാര്‍ത്തിക്ക് വെറും 14 പന്തുകളാണ് നേരിട്ടത്. മൂന്ന് വിക്കറ്റുമായി ജയ് ചൗഹാനും രണ്ട് വിക്കറ്റ് നേടിയ യുവരാജ് ചാഡുസാമയുമാണ് സൗരാഷ്ട്രയുടെ പ്രധാന വിക്കറ്റ് നേട്ടക്കാര്‍.

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 392/3 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം ഡല്‍ഹി കേരളത്തിനെ 227/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു.

59 റണ്‍സ് നേടി പുറത്താകാതെ നിന്ന വിഎ ജഗദീഷ് ആണ് കേരള നിരയിലെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയും സഞ്ജു സാംസണും 47 റണ്‍സ് വീതം നേടി പുറത്തായി. ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരങ്ങളായ പവന്‍ നേഗി മൂന്നും നിതീഷ് റാണ രണ്ടും വിക്കറ്റ് നേടി. നവ്ദീപ് സൈനിയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.

ഹൈദ്രാബാദ്, ഉത്തര്‍പ്രദേശ്, സൗരാഷ്ട്ര എന്നിവരുമായാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

വിജയ് ഹസാരെയിലെ ആദ്യ ജയം നേടി കേരളം, സച്ചിന്‍ ബേബി ടോപ് സ്കോറര്‍

ബൗളര്‍മാരും സച്ചിന്‍ ബേബിയും തിളങ്ങിയ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. 117 റണ്‍സിനു ഒഡീഷയെ പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിനു ശേഷം 37.3 ഓവറുകളില്‍ നിന്നാണ് കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയത്. 37 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സഞ്ജു സാസംണ്‍ 25 റണ്‍സ് നേടി പുറത്തായ ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്ന് ടീമിനെ വിജയത്തിനടുത്തെത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 49 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബി(41) പുറത്താകുമ്പോള്‍ കേരളത്തിനു വിജയം ഏഴ് റണ്‍സ് അകലെയായിരുന്നു. സല്‍മാന്‍ നിസാര്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു

നേരത്തെ ബൗളര്‍മാരില്‍ അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി ഒഡീഷയുടെ നടുവൊടിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരെ വിജയത്തിനു 20 റണ്‍സ് അകലെ ഏഴ് വിക്കറ്റ് കൈയ്യിലുണ്ടായിരുന്ന കേരളം 5 പന്ത് ശേഷിക്കെ 7 റണ്‍സ് അകലെ വെച്ച് ഓള്‍ഔട്ട് ആയി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു.

ആന്ധ്രയോട് പരാജയപ്പെട്ട് കേരളം, കൈവിട്ടത് നാല് വിലയേറിയ പോയിന്റുകള്‍

കേരളത്തിന്റെ ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ മേല്‍ക്കൈ കൈവിട്ട് കേരള ബാറ്റ്സ്മാന്മാര്‍. 190 റണ്‍സിനു ആന്ധ്രയെ പുറത്താക്കിയ ശേഷം ജയം തേടിയിറങ്ങിയ കേരളം 49.1 ഓവറില്‍ 183 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 7 റണ്‍സിന്റെ ജയവും 4 വിലയേറിയ പോയിന്റും സ്വന്തമാക്കി ആന്ധ്ര തങ്ങളുടെ വിജയ് ഹസാരെ ട്രോഫിയുടെ തുടക്കം മികച്ചതാക്കി.

സച്ചിന്‍ ബേബി(57), ജലജ് സക്സേന(46), അരുണ്‍ കാര്‍ത്തിക്ക്(32) എന്നിവര്‍ തുടക്കത്തില്‍ മികച്ച് നിന്ന ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ 170/3 എന്ന നിലയിലായിരുന്ന കേരളം ജയത്തിനായി 21 റണ്‍സ് അകലെ വരെ എത്തിയ ശേഷം തകര്‍ന്നടിയുകയായിരുന്നു. കരണ്‍ ശര്‍മ്മ മൂന്ന് വിക്കറ്റ് നേടയിപ്പോള്‍ റിക്കി ഭുയി, അയ്യപ്പ ഭണ്ഡാരു എന്നിവര്‍ രണ്ടും ഷൊയ്ബ് മുഹമ്മദ് ഖാന്‍, ഹനുമ വിഹാരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം വിക്കറ്റില്‍ 72 റണ്‍സുമായി കാര്‍ത്തിക്ക്-സക്സേന കൂട്ടുകെട്ട് കേരളത്തിനു മികച്ച തുടക്കമാണ് നല്‍കിയത്. സഞ്ജു സാംസണും(6) ജലജ് സക്സേനയും അടുത്തടുത്ത് പുറത്തായ ശേഷം കേരളം 90/3 എന്ന സ്ഥിതിയിലേക്ക് വീണ ശേഷം മികച്ച രീതിയില്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബിയും വിഎ ജഗദീഷും(28) ചേര്‍ന്ന് കേരളത്തെ തിരികെ മത്സരത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

80 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും കേരളത്തെ മികച്ച വിജയത്തിലേക്ക് നയിക്കുമെന്ന അവസ്ഥയിലാണ് കരണ്‍ ശര്‍മ്മ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. രണ്ട് ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷിനെയും പുറത്താക്കി കരണ്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ആന്ധ്ര വിജയം മണത്ത് തുടക്കി. കേരളത്തിന്റെ വാലറ്റത്തിനു ഹൈദ്രബാദ് ബൗളര്‍മാര്‍ക്കെതിരെ പിടിച്ചു നില്‍ക്കാനാകാതെ പോയപ്പോള്‍ ടീം 183 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആന്ധ്രയെ 190 റണ്‍സിനു പുറത്താക്കി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച തുടക്കവുമായി കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം എതിരാളികളെ 19 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആന്ധ്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 16 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമായ ആന്ധ്ര പിന്നിട് മത്സരത്തില്‍ കരകയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു.

79 റണ്‍സ് നേടിയ സുമന്ത് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രവി തേജ 44 റണ്‍സ് നേടി. കേരളത്തിനായി മിഥുന്‍ മൂന്നും സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി.

വിജയ് ഹസാരെയ്ക്കായി കേരളം സച്ചിന്‍ ബേബിയ്ക്ക് കീഴില്‍ തയ്യാര്‍

വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ 15 അംഗ സംഘത്തെ സച്ചിന്‍ ബേബി തന്നെ നയിക്കും. കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇന്നലെയാണ് ടീം പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറുടെ ചുമതല കൂടി വഹിക്കുമെന്നും അസോസ്സിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 19 2018നു വിജയ് ഹസാരെ ട്രോഫി ആരംഭിയ്ക്കും.

കേരളം: സച്ചിന്‍ ബേബി, ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, വിനൂപ് എസ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, നിധീഷ് എംഡി, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, ഫനൂസ് എഫ്, അക്ഷയ്

കേരള താരങ്ങള്‍ക്ക് പിഴ, പിഴ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശം

സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍സ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനു 13 കേരള താരങ്ങള്‍ക്ക് സസ്പെന്‍ഷനും പിഴയും വിധിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാ‍ണ് കെസിഎ താരങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില താരങ്ങള്‍ക്ക് ചെറിയ കാലയളവിലേക്കുള്ള സസ്പെന്‍ഷനും വിധിച്ചിട്ടുണ്ട്. പതിമൂന്ന് താരങ്ങളില്‍ അഞ്ച് പേര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കും 8 താരങ്ങള്‍ക്ക് പിഴയുമാണ് കെസിഎ വിധിച്ച്. പിഴയായി മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

സഞ്ജു സാംസണ്‍, റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് വാര്യര്‍ തുടങ്ങി സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും അസോസ്സിയേഷന്റെ നടപടി നേരിടുന്നുണ്ട്. ഇവര്‍ക്ക് പുറമേ രോഹന്‍ പ്രേം, വി എ ‍ജഗദീഷ്, അക്ഷയ് കെസി, സിജോമോന്‍ ജോസഫ്, ആസിഫ് കെഎം, സല്‍മാന്‍ നിസാര്‍, നിധീഷ് എംഡി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഫാബിദ് ഫറൂക്ക്, അക്ഷയ് കെസി, അഭിഷേക് മോഹന്‍ എന്നിവര്‍ക്കും എതിരെയാണ് നടപടികള്‍.

ടീമിനുള്ളിലെ സാഹോദര്യത്തെയും സ്ഥിരതയെയും തകര്‍ക്കുവാനായി നായകനെതിരെ ഒപ്പു ശേഖരണത്തിനു മുതിര്‍ന്നതിനും ഇത് വഴി കെസിഎയുടെ പേരിനും കളങ്കം വരുത്തിയതിനാണ് താരങ്ങള്‍ക്കെതിരെ നടപടി.

നേരത്തെ ഈ താരങ്ങള്‍ക്കെതിരെ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ച്ചിരുന്നു. അത് വഴി തന്നെ ടീമില്‍ അച്ചടക്കമില്ലായ്മ വെച്ച് പൊറുപ്പിക്കില്ലെന്ന സൂചന കെസിഎ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേരളത്തിന്റെ വരുന്ന സീസണില്‍ ഈ നടപടികള്‍ എങ്ങനെ സ്വാധിനീക്കുന്നു എന്നതും ഉറ്റുനോക്കേണ്ട കാര്യമാണ്.

Exit mobile version