റോബിന്‍ ഉത്തപ്പയുടെ ശതകം, മഴ നിയമത്തില്‍ കേരളത്തിന് ഒഡീഷയ്ക്കെതിരെ വിജയം

ഒഡീഷയ്ക്കെതിരെ മഴനിയമത്തിലൂടെ ജയവുമായി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ നിന്ന് 258/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 38.2 ഓവറില്‍ 233 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തടസ്സമായി മഴയെത്തിയത്. പിന്നീട് വി ജയദേവന്‍ രീതിയില്‍ കേരളത്തിന് 34 റണ്‍സ് വിജയം സ്വന്തമാക്കാനാകുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തിനെ 61 റണ്‍സിലേക്ക് നയിച്ചുവെങ്കിലും വിഷ്ണു വിനോദിനെ പുറത്താക്കി സൗരഭ് കനോജിയ കേരളത്തിന് ആദ്യ പ്രഹരം നല്‍കി.

അധികം വൈകാതെ സഞ്ജു സാംസണെയും നഷ്ടമായപ്പോള്‍ കേരളം 10.1 ഓവറില്‍ 71/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയോടൊപ്പം 103 റണ്‍സ് കൂട്ടുകെട്ട് നേടി റോബിന്‍ ഉത്തപ്പ കേരളത്തെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചപ്പോളാണ് സൗരവ് കനോജിയ 40 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. കനോജിയയ്ക്ക് തന്നെയായിരുന്നു സഞ്ജുവിന്റെയും വിക്കറ്റ്.

തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകുന്നതിന് മുമ്പ് ഉത്തപ്പയെ(107) കേരളത്തിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 189 റണ്‍സായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 44 റണ്‍സുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

വത്സല്‍ ഗോവിന്ദ് 29 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 23 റണ്‍സും നേടിയാണ് മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

കോഹ്‍ലിയ്ക്കൊപ്പം കളിക്കുവാന്‍ സച്ചിന്‍ ബേബിയും

ഐപിഎലില്‍ ഇത്തവണ കളിക്കുവാന്‍ സച്ചിന്‍ ബേബിയും. താരത്തെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. മുമ്പും സച്ചിന്‍ ബേബി ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുണ്ട്. താരം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി നായകന്‍ ആണ്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം സഞ്ജു സാംസണിന്റെ ഡെപ്യൂട്ടി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സച്ചിന്‍ ബേബിയുടെയും സഞ്ജു സാംസണിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, കേരളത്തിനെതിരെ ഹരിയാനയ്ക്ക് നാല് റണ്‍സ് വിജയം

സച്ചിന്‍ ബേബിയുടെ വീരോചിതമായ ഇന്നിംഗ്സിനും കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് നേടി കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തില്‍ കടന്ന് ഹരിയാന.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ഹരിയാന ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സ് നേടിയിരുന്നു. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സേ നേടാനായുള്ളു.

റോബിന്‍ ഉത്തപ്പയെ തുടക്കത്തിലെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് ടീമിനായി 81 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരത്തില്‍ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സഞ്ജുവിനെയും അസ്ഹറുദ്ദിനെയും ഒരേ ഓവറില്‍ പുറത്താക്കി സുമിത് കുമാര്‍ കേരളത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി. സഞ്ജു 31 പന്തില്‍ 51 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ 35 റണ്‍സും നേടുകയായിരുന്നു.

11 ഓവറില്‍ കേരളം 102/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് സച്ചിന്‍ ബേബി 38 പന്തില്‍ നിന്ന് നേടിയ 66 റണ്‍സാണ് കേരളത്തിന്റെ പ്രതീക്ഷയായി മാറിയത്. അവസാന രണ്ടോവറില്‍ 26 റണ്‍സ് ആയിരുന്നു കേരളത്തിന് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ സല്‍മാന്‍ നിസാറിന് വലിയ ഷോട്ടുകള്‍ നേടാനായില്ലെങ്കിലും നാലാം പന്തില്‍ സച്ചിന്‍ ബേബി സിക്സര്‍ നേടി. ഓവറിലെ അവസാന പന്തില്‍ സല്‍മാന്‍ നിസാര്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം ആറ് പന്തില്‍ 12 റണ്‍സായി മാറി.

അവസാന ഓവറിലെ മൂന്നാം പന്തില്‍ കേരളത്തിന് സല്‍മാന്‍ നിസാറിന്റെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. മൂന്ന് പന്തില്‍ 11 റണ്‍സ് വേണ്ട ഘട്ടത്തില്‍ സച്ചിന്‍ ബേബി റണ്ണൗട്ടായതോട് കൂടി കേരളത്തിന്റെ ലക്ഷ്യം രണ്ട് പന്തില്‍ 10 റണ്‍സായി മാറി.

മോശം തുടക്കത്തിന് ശേഷം കേരളത്തെ നൂറ് കടത്തി സച്ചിന്‍ ബേബിയും ജലജ് സക്സേനയും

വാങ്കഡേയിലെ പിച്ചില്‍ റണ്‍സ് വാരിക്കൂടിയ കേരളം ശരദ് പവാര്‍ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇന്ന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തില്‍ കാണുവാനായത്. 112 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ കേരളം നേടിയത്.

ആദ്യ രണ്ടോവറില്‍ 18 റണ്‍സ് നേടി പതിവ് ശൈലിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളം പ്രതിരോധത്തിലാകുന്നതാണ് കണ്ടത്. റോബിന്‍ ഉത്തപ്പ(8), മുഹമ്മദ് അസ്ഹറുദ്ദീന്‍(12), സഞ്ജു സാംസണ്‍(7), വിഷ്ണു വിനോദ്(4) എന്നീ വെടിക്കെട്ട് വീരന്മാരെ നഷ്ടമായ കേരളം പത്തോവര്‍ പിന്നിട്ടപ്പോള്‍ 39 റണ്‍സാണ് നേടിയത്.

അവിടെ നിന്ന് സച്ചിന്‍ ബേബി – ജലജ് സക്സേന കൂട്ടുകെട്ട് പൊരുതി നിന്ന് നേടിയ 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കാവുന്ന സ്കോറിലേക്ക് കേരളത്തെ നയിച്ചത്. സച്ചിന്‍ 34 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന 34 പന്തില്‍ നിന്ന് 27 റണ്‍സും നേടി.

അവസാന പത്തോവറില്‍ നിന്ന് 73 റണ്‍സാണ് കേരളം നേടിയത്. ആന്ധ്രയ്ക്ക് വേണ്ടി മനീഷ് ഗോലമാരു രണ്ട് വിക്കറ്റ് നേടി.

അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു വിനോദും

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം ആണിത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനവുമായി എത്തിയ കേരളത്തിന് കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായത് തുടക്കത്തിലെ തിരിച്ചടിയായി. കേരള ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അസ്ഹറിനെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മയാണ് കേരളത്തിന് ആദ്യ പ്രഹരം നല്‍കിയത്.

അധികം വൈകാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ(16) കേരളത്തിന് നഷ്ടമായപ്പോള്‍ ടീം സ്കോര്‍ 30 ആയിരുന്നു. പിന്നീട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 41 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ലളിത് യാദവ് 11 പന്തില്‍ 22 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ മടക്കി.

24 പന്തില്‍ വിജയത്തിനായി 34 റണ്‍സ് കേരളം നേടേണ്ട ഘട്ടത്തില്‍ രണ്ട് ക്യാച്ചുകളാണ് പ്രദീപ് സാംഗ്വാന്റെ ഓവറില്‍ ഡല്‍ഹി കൈവിട്ടത്. രണ്ട് തവണയും ഗുണം ലഭിച്ചത് റോബിന്‍ ഉത്തപ്പയ്ക്കായിരുന്നു. 133 റണ്‍സ് കൂട്ടുകെട്ടാണ് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് നേടിയത്. 54 പന്തില്‍ 91 റണ്‍സ് നേടിയ ഉത്തപ്പ പുറത്താകുമ്പോള്‍ 13 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു കേരളം നേടേണ്ടിയിരുന്നത്.

വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സും സല്‍മാന്‍ നിസാര്‍ 3 പന്തില്‍ 10 റണ്‍സും നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ 8 സിക്സും വിഷ്ണു വിനോദ് 5 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

 

ശ്രീശാന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് സച്ചിൻ ബേബി

വിലക്ക് കഴിഞ്ഞ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത് കേരള ടീമിലേക്ക് തിരിച്ചുവരുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുകയാണെന്ന് മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. ശ്രീശാന്തിന്റെ ബൗളിംഗ് ഇപ്പോഴും മികച്ചതാണെന്നും നേരിടാൻ എളുപ്പമല്ലെന്നും സച്ചിൻ ബേബി പറഞ്ഞു. ശ്രീശാന്ത് തനിക് സഹോദരനെ പോലെയാണെന്നും താരത്തിന്റെ കേരള ടീമിലേക്കുള്ള തിരിച്ചുവരവിനായി കഴിഞ്ഞ 7 വർഷമായി താൻ കാത്തിരിക്കുകയാണെന്നും സച്ചിൻ ബേബി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രീശാന്തും താനും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്നും ശ്രീശാന്ത് തന്നെ ഒരുപാട് സഹായിക്കാറുണ്ടെന്നും സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ശ്രീശാന്ത് കളിക്കുന്നിലെങ്കിലും താൻ കേരള ടീമിന്റെ ക്യാപ്റ്റനായിരിക്കുന്ന സമയത്ത് ടീമിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യം ശ്രീശാന്ത് താനുമായി സംസാരിക്കാറുണ്ടായിരുന്നെന്നും സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ശ്രീശാന്തിന്റെ മേൽ ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് കഴിഞ്ഞാൽ താരത്തെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയത്.

സച്ചിൻ ബേബി പുറത്ത്, ജലജ് സക്‌സേന കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റൻ

ഓൾ റൗണ്ടർ ജലജ് സക്‌സേനയെ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. സച്ചിൻ ബേബിയെ മാറ്റിയാണ് ജലജ് സക്‌സേനയെ ക്യാപ്റ്റനായി നിയമിച്ചത്. രഞ്ജി ട്രോഫിയിൽ ഈ സീസണിൽ കേരളം പുറത്തെടുത്ത മോശം പ്രകടനത്തെ തുടർന്നാണ് സച്ചിൻ ബേബിയെ മാറ്റാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.

ജനുവരി 27ന് ആന്ധ്ര പ്രാദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. കഴിഞ്ഞ രഞ്ജി മത്സരത്തിൽ കേരളത്തിന് വേണ്ടി കളിച്ച സിജോമോൻ ജോസഫും മുഹമ്മദ് അസ്ഹറുദീനും ആന്ധ്ര പ്രാദേശിനെതിരെ ഉണ്ടാവില്ല. അതെ സമയം കഴിഞ്ഞ മത്സരങ്ങളിൽ കേരള ടീമിനൊപ്പം ഇല്ലാതിരുന്ന റോബിൻ ഉത്തപ്പയും ബേസിൽ തമ്പിയും രാഹുൽ പിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിനൊപ്പം ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ബാറ്റ്സ്മാൻ സഞ്ജു സാംസണും ടീമിൽ ഇല്ല.

ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം കുറിയ്ക്കുന്ന ആറാമത്തെ താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെയുള്ള ശതകം നേടിയപ്പോള്‍ സച്ചിന്‍ ബേബിയും 3000 റണ്‍സ് തികച്ചിരുന്നു.

രോഹന്‍ പ്രേം, സുനില്‍ ഒയാസിസ്, ശ്രീകുമാര്‍ നായര്‍, വി എ ജഗദീഷ് എന്നിവരാണ് 3000 റണ്‍സ് തികച്ചിട്ടുള്ള താരങ്ങള്‍. ഇതില്‍ രോഹന്‍ പ്രേം മാത്രമാണ് 4000 കടന്നിട്ടുള്ള ഏക താരം.

സച്ചിന്‍ ബേബിയുടെ മികവില്‍ അഞ്ഞൂറും കടന്ന് കേരളം

നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ 153 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹിയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി കേരളം. സച്ചിന്‍ ബേബിയ്ക്ക് പുറമെ റോബിന്‍ ഉത്തപ്പ(102), രാഹുല്‍ പി(97), സല്‍മാന്‍ നിസാര്‍(77) എന്നിവരാണ് കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങിയത്. ഒന്നാം ദിവസത്തെ സ്കോറായ 276/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും സച്ചിന്‍ ബേബി-സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 156 റണ്‍സാണ് നേടിയത്.

77 റണ്‍സ് നേടിയ സല്‍മാന്‍ നിസാര്‍ പുറത്തായെങ്കിലും 153 റണ്‍സ് നേടിയ സച്ചിന്‍ ബേബി കേരളത്തെ ചായ സമയത്ത് 502/7 എന്ന നിലയിലേക്ക് എത്തിച്ചു. ഡല്‍ഹിയ്ക്കായി തേജസ് ബരോക്ക മൂന്നും ശിവം ശര്‍മ്മ രണ്ടും വിക്കറ്റാണ് നേടിയത്.

ശതകം നേടി സച്ചിന്‍ ബേബിയും, കേരളത്തിന് വലിയ സ്കോര്‍

ഡല്‍ഹിയ്ക്കെതിരെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം 410/5 എന്ന ശക്തമായ നിലയില്‍. ഇന്നലെ 276/3 എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റ് 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍ നഷ്ടമായിരുന്നു. അധികം വൈകാതെ മുഹമ്മദ് അസ്ഹറുദ്ദീനെയും(15) കേരളത്തിന് നഷ്ടമായെങ്കിലും പിന്നീട് സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 103 റണ്‍സുമായി സച്ചിന്‍ ബേബിയും 46 റണ്‍സ് നേടി സല്‍മാന്‍ നിസാറുമാണ് ക്രീസില്‍. ആറാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 100 റണ്‍സാണ് ഇപ്പോള്‍ നേടിയിട്ടുള്ളത്. ഡല്‍ഹിയ്ക്കായി തേജസ് ബരോക രണ്ടും പ്രദീപ് സംഗ്വാന്‍, വികാസ് മിശ്ര, ശിവം ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഉത്തപ്പയ്ക്ക് ശതകം, രാഹുലിന്റെ മികച്ച ഇന്നിംഗ്സ്, കേരളം കുതിയ്ക്കുന്നു

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യ ദിനത്തില്‍ കരുത്താര്‍ന്ന പ്രകടനവുമായി കേരളം. ടോസ് നേടി തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 276/3 എന്ന നിലയിലാണ്. 102 റണ്‍സുമായി റോബിന്‍ ഉത്തപ്പ അവസാന ഓവറില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 36 റണ്‍സ് നേടി സച്ചിന്‍ ബേബിയാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സ് ആണ് നേടിയത്.

97 റണ്‍സില്‍ പുറത്തായ രാഹുല്‍ പിയും 32 റണ്‍സ് നേടിയ ജലജ് സക്സേനയുടെ വിക്കറ്റുമാണ് കേരളത്തിന് നഷ്ടമായത്. ഡല്‍ഹിയ്ക്കായി വികാസ് മിശ്രയും തേജസ് ബരോക്കയും ഓരോ വിക്കറ്റ് നേടി.

സഞ്ജുവിന് അര്‍ദ്ധ ശതകം, മികച്ച ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി പക്ഷേ കേരളത്തിന് തോല്‍വി

രാജസ്ഥാനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാജയം. കേരളത്തിനെതിരെ ഏഴ് വിക്കറ്റ് വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിത്. ആദ്യം ബാറ്റ് ചെയ്ത കേരള ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ ലക്ഷ്യ 3 വിക്കറ്റ് നഷ്ടത്തില്‍ 17 ഓവറില്‍ മറികടന്നു. കേരളത്തിനായി സഞ്ജു സാംസണ്‍ 53 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് വീശി. 39 പന്തില്‍ നേരിട്ട സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. മികച്ച ഫോമിലുള്ള സച്ചിന്‍ ബേബി 29 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്തായി. 36 റണ്‍സ് നേടിയ ഓപ്പണര്‍ വിഷ്ണു വിനോദ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. രാജസ്ഥാന് വേണ്ടി ദീപക് ലോകേന്ദ്ര ചാഹ്ര, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

രാജസ്ഥാന് വേണ്ടി 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ രാജേഷ് ബിഷ്ണോയിയും 22 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ അര്‍ജിത് ഗുപ്തയും ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഇരുവരും പുറത്താകാതെ നിന്ന് 17 ഓവറില്‍ ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. 84 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പുറത്താകാതെ ഇരുവരും ചേര്‍ന്ന് നേടിയത്. അങ്കിത് ലാംബ 19 പന്തില്‍ 35 റണ്‍സ് നേടി മികച്ച തുടക്കം രാജസ്ഥാന് നല്‍കി.

Exit mobile version