റഷ്യന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ചാമ്പ്യനായി സൗരഭ് വര്‍മ്മയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ട് ഗെയിമിലും തന്റെ സാന്നിധ്യം അറിയിച്ച് സൗരഭ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ജപ്പാന്റെ കോകി വാറ്റാന്‍ബേയെയാണ് സൗരഭ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.
60 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 18-21, 21-12, 21-17 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.
റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ ജോഡികളായ രോഹന്‍ കപ്പൂര്‍ കൂഹൂ ഗാര്‍ഗ് കൂട്ടുകെട്ട്. മലേഷ്യന്‍ താരങ്ങളെ 21-19, 11-21, 22-20 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ട് നീങ്ങിയത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ ജോഡികളെ നിഷ്പ്രഭമാക്കി ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ മലേഷ്യന്‍ സഖ്യം നേടിയത്.
നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ 14-18നു പിന്നില്‍ പോയ ശേഷമാണ് മത്സരം 18-18 എന്ന സ്കോറിനു ഒപ്പം പിടിച്ച ഇന്ത്യന്‍ സഖ്യം ഒടുവില്‍ ഗെയിമും മത്സരവും 22-20നു സ്വന്തമാക്കി. 58 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം.
പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല സഖ്യത്തിനു സെമിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. റഷ്യയുടെ താരങ്ങളോട് 15-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങിയത്.
പ്രീക്വാര്‍ട്ടറില്‍ റാങ്കിംഗില്‍ ഏറെ മുന്നിലുള്ള താരത്തെ പരാജയപ്പെടുത്തി റഷ്യന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുടെ ഋതുപര്‍ണ്ണ ദാസിനു ക്വാര്‍ട്ടറില്‍ തോല്‍വി. അമേരിക്കയുടെ ഐറിസ് വാംഗിനോട് 17-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 31 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. മറ്റൊരു താരം വ്രുഷാലി ഗുമ്മാടിയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 9-21, 11-21 എന്ന സ്കോറിനു 27 മിനുട്ട് പോരാട്ടത്തിനു ശേഷമാണ് താരം അടിയറവു പറഞ്ഞത്.
മിക്സഡ് ഡബിള്‍സില്‍ സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് 15-21, 8-21 എന്ന സ്കോറിനു മലേഷ്യന്‍ ജോഡികളോട് പരാജയപ്പെട്ടപ്പോള്‍ മറ്റൊരു ഇന്ത്യന്‍ കൂട്ടുകെട്ടാണ് രാഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് കൂട്ടുകെട്ട് സെമിയില്‍ കടന്നു. റഷ്യയുടെ ടീമിനെയാണ് 21-13, 21-9 എന്ന സ്കോറിനു 21 മിനുട്ടുനുള്ളില്‍ ടീം അടിയറവ് പറയിപ്പിച്ചത്.
റഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം തുടരുന്നു. സൗരഭ് വര്‍മ്മ, ശുഭാങ്കര്‍ ഡേ, മിഥുന്‍ മഞ്ജുനാഥ് എന്നിവര്‍ പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ വനിത സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തി.
മിഥുന്‍ മഞ്ജുനാഥ് 21-16, 21-13 എന്ന സ്കോറിനു ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തിയപ്പോള്‍ ശുഭാങ്കര്‍ ഡേ ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗിനെയാണ് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്. സ്കോര്‍ 21-11, 21-19. സൗരഭ് വര്‍മ്മ റഷ്യയുടെ സെര്‍ജേ സിരാന്റിനെ 21-11, 21-9 എന്ന സ്കോറിനു പരാജയപ്പെടുത്തി. വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മലേഷ്യയുടെ യിംഗ് യിംഗ് ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം 13-21നു അടിയറവു പറഞ്ഞ ശേഷമാണ് മത്സരം 13-21, 21-17, 21-19 എന്ന സ്കോറിനു താരം ജയിച്ചത്.
മിക്സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഡ് എന്നിവര്‍ 21-10, 21-14 എന്ന സ്കോറിനു ജയം നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല 21-12, 21-13 എന്ന സ്കോറിനു എതിരാളികളെ അടിയറവു പറയിപ്പിച്ചു.
റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം അജയ് ജയറാം ഉള്‍പ്പെടെ അഞ്ചോളം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ വിജയം. അജയ് ജയറാം, പ്രതുല്‍ ജോഷി, രാഹുല്‍ യാദവ്, മിഥുന്‍ മഞ്ജുനാഥ്, സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് എന്നിവരാണ് ആദ്യ റൗണ്ടില്‍ വിജയം നേടിയത്.
പ്രതുല്‍ ജോഷി കാനഡയുടെ ജെഫ്രി ലാമിനെതിരെ 21-11, 21-8 എന്ന സ്കോറിനാണ് വിജയം നേടിയത്. റഷ്യയുടെ മാക്സിം മാകാലോവിനെ 21-11, 21-10 എന്ന സ്കോറിനാണ് രാഹുല്‍ യാദവ് പരാജയപ്പെടുത്തിയത്. അജയ് ജയറാം 21-14, 21-8 എന്ന സ്കോറിനു കാനഡയുടെ താരത്തെ പരാജയപ്പെടുത്തി.
സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് ആണ് ജയം നേടിയ മറ്റൊരു താരം. മലേഷ്യയുടെ ജിയ വേയ് ടാനിനെയാണ് താരം പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-16. ബെല്‍ജിയത്തിന്റെ ഏലിയാസ് ബ്രാക്കേയെ 21-14, 21-13 എന്ന സ്കോറിനാണ് മിഥുന്‍ മഞ്ജുനാഥ് കീഴടക്കിയത്.