അതെ പിഴവുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു – റസ്സൽ ഡൊമിംഗോ

ബംഗ്ലാദേശ് ഒരേ പിഴവുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. വളരെ നിസ്സാരമായ നിരാശാജനകമായ തെറ്റുകളാണ് ബംഗ്ലാദേശ് ആവര്‍ത്തിക്കുന്നത്. ഇന്നലെ രണ്ടാം ഏകദിനത്തിലും തോൽവിയേറ്റ് വാങ്ങിയ ശേഷം ഉള്ള റസ്സൽ ഡൊമിംഗോയുടെ പ്രതികരണം ആയിരുന്നു ഇത്.

ആദ്യ മത്സരത്തിൽ മുന്നൂറിന് മേലെ സ്കോര്‍ ചെയ്തിട്ടും രണ്ടാം മത്സരത്തിൽ മുന്നൂറിനടുത്ത് സ്കോര്‍ ചെയ്തിട്ടും ബംഗ്ലാദേശിന് വിജയം നേടുവാന്‍ സാധിച്ചില്ല. കോച്ചെന്ന നിലയിലും ടീം മാനേജ്മെന്റ് എന്ന നിലയിലും ഈ നിസ്സാരമായ പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് കണ്ട് നിൽക്കുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡൊമിംഗോ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ താരങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാൽ സമ്മര്‍ദ്ദത്തിൽ അത് ആവര്‍ത്തിക്കപ്പെടുകയാണെന്നും ഡൊമിംഗോ കൂട്ടിചേര്‍ത്തു.

രണ്ട് മത്സരങ്ങളിലും സിംബാബ്‍വേയുടെ തുടക്കത്തിലെ വിക്കറ്റുകള്‍ നേടുവാന്‍ ടീമിന് സാധിച്ചുവെന്നും പിന്നീട് ആ സമ്മര്‍ദ്ദം തുടര്‍ന്ന് സൃഷ്ടിക്കുവാന്‍ ടീമിന് കഴിഞ്ഞില്ലെന്നും ഇഷ്ടം പോലെ ലൂസ് ബോളുകള്‍ ബൗളര്‍മാര്‍ എറിഞ്ഞുവെന്നും ബംഗ്ലാദേശ് മുഖ്യ കോച്ച് പറഞ്ഞു.

പൂര്‍ണ്ണമായി ഫിറ്റല്ലാത്ത ഷാക്കിബിനെ കളിപ്പിക്കുന്നതിൽ തൃപ്തനല്ല – റസ്സൽ ഡൊമിംഗോ

ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസനെ കളിപ്പിക്കുന്നതിൽ താന്‍ പൂര്‍ണ്ണമായി തൃപ്തനല്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. താരം 60 ശതമാനം മാത്രം മാച്ച് ഫിറ്റ് ആയതിനാലാണ് ഇതെന്നും ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് മത്സരങ്ങളിൽ താരത്തെ പരിഗണിക്കുക പ്രയാസമായിരിക്കും എന്നും ഡൊമിംഗോ വ്യക്തമാക്കി.

കോവിഡ് പോസിറ്റീവായതിനാൽ ഷാക്കിബ് ആദ്യ ടെസ്റ്റിനുണ്ടാകില്ലെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടെങ്കിലും താരം പിന്നീട് നെഗറ്റീവായതിനാൽ തന്നെ ടീമിനൊപ്പം പരിശീലനത്തിന് നാളെ ചേരുമെന്നാണ് അറിയുന്നത്.

താരത്തിന് വീണ്ടും മെഡിക്കൽ – ഫിറ്റ്നെസ്സ് ടെസ്റ്റുകള്‍ ഉണ്ടാകുമെന്നും അതിന് ശേഷം മാത്രമേ പരമ്പരയിൽ കളിപ്പിക്കുക എന്നുമാണ് അറിയുന്നത്. കോവിഡ് മാറി വന്നതിനാലും ക്രിക്കറ്റ് അധികം കളിച്ചിട്ടില്ലാത്തതിനാലും വലിയ താരമാണെങ്കിലും ടീമിന്റെ ബാലന്‍സിന് ഏറെ പ്രാധാന്യമുള്ള താരമാണെങ്കിലും താരത്തെ കളിപ്പിക്കുക ഫിറ്റ്നെസ്സ് കാര്യങ്ങള്‍ നോക്കിയ ശേഷം മാത്രമായിരിക്കുമെന്ന് റസ്സൽ ഡൊമിംഗോ സൂചിപ്പിച്ചു.

ഓസീസ് പേസര്‍മാരെ ഓര്‍ത്ത് ഭയമില്ല – ബംഗ്ലാദേശ് കോച്ച്

ഓസീസ് പേസര്‍മാരെക്കുറിച്ചോര്‍ത്ത് തന്റെ ടീമിന് ഭയമില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. മിച്ചൽ സ്റ്റാര്‍ക്ക്, ജോഷ് ഹാസൽവുഡ് തുടങ്ങിയ താരങ്ങളുണ്ടെങ്കിലും അവരുടെ ഫുടേജുകള്‍ ടീം പരിശോധിച്ച് തയ്യാറെടുത്തിട്ടുണ്ടെന്ന് ഡൊമിംഗോ പറഞ്ഞു.

എത്ര വലിയ ബൗളര്‍മാരായാലും അവര്‍ മനുഷ്യരാണെന്നും അവര്‍ പിഴവുകള്‍ വരുത്തുമെന്നും ആ അവസരങ്ങള്‍ മുതലാക്കുകയാണ് പ്രധാനമെന്നും റസ്സൽ ഡൊമിംഗോ വ്യക്തമാക്കി. കോച്ചെന്ന നിലയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുവാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഡൊമിംഗോ സൂചിപ്പിച്ചു.

ഇരു ടീമമുകളും തങ്ങളുടെ മൂന്ന് ദിവസത്തെ ക്വാറന്റീനിന്‍ നടത്തുകയാണ്.

അഫ്ഗാനിസ്ഥാനെ വില കുറച്ച് കാണരുത്, ജയത്തോടെ തുടങ്ങാനായാല്‍ സന്തോഷം

കളിയ്ക്കുന്നത് ടെസ്റ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനെതിരെയാണെങ്കിലും ബംഗ്ലാദേശ് കോച്ച് റസ്സല്‍ ഡൊമിംഗോ തന്റെ താരങ്ങളോട് പറയുന്നത് കാര്യം നിസ്സാരമല്ലെന്നാണ്. അഫ്ഗാനിസ്ഥാനാണ് എതിരാളികളെങ്കിലും അവരെ വില കുറച്ച് കാണരുതെന്ന് ബംഗ്ലാദേശിന്റെ പുതിയ കോച്ച് പറഞ്ഞു. ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ സ്പിന്‍ കരുത്തരായ അഫ്ഗാനിസ്ഥാന് അനുകൂലമായി തോന്നാമെന്നും അവര്‍ക്ക് നാട്ടില്‍ കളിയ്ക്കുന്ന സാഹചര്യമാണുണ്ടാകുകയെന്നത് മറക്കരുതെന്നും റസ്സല്‍ പറഞ്ഞു.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവിടങ്ങളില്‍ പോലെയല്ല ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്ഥാന് കൂടുതല്‍ അനുകൂലമായിരിക്കും. അതിനാല്‍ തന്നെ വിജയത്തിനായി അവര്‍ ശക്തമായി തന്നെ ശ്രമിക്കുമെന്നും ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നേക്കാമെന്നും റസ്സല്‍ ഡൊമിംഗോ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ അപകടകാരികളാണെന്നും അവര്‍ എത്രത്തോളം പ്രശ്നക്കാരാണെന്ന് പരിമിത ഓവര്‍ക്രിക്കറ്റില്‍ നമ്മള്‍ കണ്ടതാണ്. മുഹമ്മദ് നബിയും റഷീദ് ഖാനും മാച്ച് വിന്നര്‍മാരാണ്. അവര്‍ക്ക് വേണ്ട ബഹുമാനം നല്‍കേണ്ടതുണ്ടെന്നും ഡൊമിംഗോ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തോടെ തന്റെ പുതിയ ദൗത്യം ആരംഭിക്കുമ്പോള്‍ അത് വിജയത്തോടെയാകാനാകുമെന്നാണ് ഡൊമിംഗോ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് തന്റെ താരങ്ങള്‍ക്ക് അറിയാമെന്നും റസ്സല്‍ കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശ് പരിശീലകര്‍ക്ക് തമ്മില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളത് ടീമിന് ഗുണം ചെയ്യും

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫുകള്‍ ഒരുമിച്ച പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ച് ചാള്‍ ലാംഗേവെല്‍ഡട്. ബംഗ്ലാദേശിന്റെ മുഖ്യ കോച്ച് റസ്സല്‍ ഡോമിംഗോ, ബാറ്റിംഗ് കോച്ച് നീല്‍ മക്കിന്‍സി, ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക് എന്നിവരെല്ലാം തന്നെ ദക്ഷിണാഫ്രിക്കക്കാരാണ്, ഇത് കൂടാതെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ തങ്ങളെ കാത്തിരിക്കുന്നത് ഭാഷയുടെ വ്യത്യാസമെന്ന വലിയ വെല്ലുവിളിയാണെന്നും ചാള്‍ പറഞ്ഞു.

നാല് ദക്ഷിണാഫ്രിക്കക്കാര്‍ കോച്ചിംഗ് സ്റ്റാഫിലുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ചാള്‍ പ്രതീക്ഷിക്കുന്നത്. താന്‍ റസ്സല്‍ ഡോമിംഗോയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളളതാണ്. ഒപ്പം തന്നെ നീലും റയാന്‍ കുക്കും എല്ലാം മികച്ച കോച്ചുമാരാണെന്നും ചാള്‍ വ്യക്തമാക്കി. ഒരു താരത്തിനൊപ്പം നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍ ആ താരം കൂടുതല്‍ തുറന്ന് സംസാരിക്കുവാനും ഒരു സംഘത്തില്‍ സംസാരിക്കുമ്പോളുള്ളതിനെക്കാള്‍ മികച്ച ഫീഡ്ബാക്ക് തരുന്നതായും പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ ഭാഷയില്‍ അല്പം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും ചാള്‍ പറഞ്ഞു.

അവിടെ താരങ്ങള്‍ അതെ എന്ന് പറയുമെങ്കിലും പലപ്പോഴും ഒന്നും പിടികിട്ടിയില്ല എന്നത് താന്‍ പിന്നീട് മനസ്സിലാക്കിയിരുന്നു. അത് ഏറെക്കുറെ മറികടക്കുവാന്‍ തനിക്കായിട്ടുണ്ടെങ്കിലും ഭാഷ അറിയാവുന്ന വേറൊരാളുടെ സഹായം ഇത്തരം ഘട്ടത്തില്‍ താന്‍ ഉപയോഗിക്കുവാനാണ് പോകുന്നതെന്നു ചാള്‍ പറഞ്ഞു. അതിവേഗം സംസാരിക്കാതിരിക്കുകയെന്നതാണ് മറ്റൊരു പോംവഴിയെന്ന് ചാള്‍ സൂചിപ്പിച്ചു. താരങ്ങള്‍ക്ക് എന്നോട് സംസാരിക്കണമെങ്കില്‍ എന്റെ റൂമിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും ആവശ്യമെങ്കില്‍ പരിഭാഷിയുടെ സഹായം തേടാമെന്നും ചാള്‍ പറഞ്ഞു.

Exit mobile version