റോവേഴ്സിനെതിരെ 7 വിക്കറ്റ് ജയം നേടി അത്രേയ സിസി

സെലസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിലെ ഗ്രൂപ്പ് സി മത്സരത്തിൽ റോവേഴ്സ് സിസിയെ പരാജയപ്പെടുത്തി അത്രേയ ക്രിക്കറ്റ് ക്ലബ്. ഗ്രൂപ്പിലെ അത്രേയയുടെ രണ്ടാമത്തെ ജയം ആണ് ഇത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 27 ഓവറിൽ 164 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 22 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അത്രേയ ലക്ഷ്യം സ്വന്തമാക്കിയത്.

47 പന്തിൽ 76 റൺസ് നേടിയ ജോഫിന്‍ ജോസും 41 റൺസ് നേടിയ അക്ഷയും ആണ് അത്രേയയുടെ അനായാസ വിജയം ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 113 റൺസാണ് നേടിയത്. 32 റൺസ് നേടിയ ആകര്‍ഷ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ബാറ്റിംഗിലെ മികവിനൊപ്പം ബൗളിംഗിൽ അത്രേയയ്ക്കായി രണ്ട് വിക്കറ്റ് നേടിയ ജോഫിന്‍ ആണ് കളിയിലെ താരം. ആദിത്യ ബൈജു, ടിഎം വിഷ്ണു എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. റോവേഴ്സിനായി 60 റൺസ് നേടിയ ഷൈന്‍ ജേക്കബ് ആണ് ടോപ് സ്കോറര്‍. ഗിരീഷ് 34 റൺസ് നേടി.

രാഹുല്‍ ദേവിന് ശതകം, സന്ദീപിന് ആറ് വിക്കറ്റ്, പ്രതിഭയ്ക്ക് 110 റൺസ് വിജയം

സെലസ്റ്റിയൽ ട്രോഫിയിൽ റോവേഴ്സ് സിസിയ്ക്കെതിരെ വമ്പന്‍ വിജയം നേടി പ്രതിഭ സിസി കൊട്ടാരക്കര. ഇന്ന് മംഗലപുരം കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാഹുല്‍ ദേവ് നേടിയ 101 റൺസിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 27 ഓവറിൽ നിന്ന് 251 റൺസാണ് നേടിയത്. അനസ് നാസര്‍ 63 റൺസ് നേടിയപ്പോള്‍ മിഥുന്‍ 27 റൺസുമായി പുറത്താകാതെ നിന്നു. റോവേഴ്സിനായി അജീഷ് 2 വിക്കറ്റ് നേടി.

ബൗളിംഗിൽ സന്ദീപ് ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പ്രതിഭ റോവേഴ്സിനെ 18.1 ഓവറിൽ 141 റൺസിന് പുറത്താക്കുകയായിരുന്നു. 26 പന്തിൽ 61 റൺസ് നേടിയ ഓപ്പണര്‍ ഗിരീഷ് റോവേഴ്സിന് മികച്ച തുടക്കമാണ് നൽകിയതെങ്കിലും വിക്കറ്റുകളുമായി പ്രതിഭ സിസി സമ്മര്‍ദ്ദം കടുപ്പിച്ചു.

തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ മികച്ച റൺ റേറ്റുണ്ടായിരുന്നുവെങ്കിലും റോവേഴ്സ് 141 റൺസിന് ഒതുക്കി. പ്രതിഭയ്ക്കായി പികെ മിഥുന്‍ 3 വിക്കറ്റും നേടി.

ബാറ്റിംഗ് പാളിയെങ്കിലും ബൗളിംഗ് മികവിൽ റോവേഴ്സിന് വിജയം

മുത്തൂറ്റ് മൈക്രോഫിന്‍ സിസി എറണാകുളത്തിനെതിരെ 23 റൺസ് വിജയം നേടി റോവേഴ്സ് സിസി തിരുവനന്തപുരം. സെലസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തിൽ ടോസ് നേടി റോവേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 26.1 ഓവറിൽ ടീം 128 റൺസിന് ഓള്‍ഔട്ട് ആയി.

റോവേഴ്സിനായി അജീഷ് 38 റൺസും ശ്യാം രാജ് 25 റൺസും നേടിയപ്പോള്‍ വിഷ്ണുദേവ് സാബു 20 റൺസ് നേടി. മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്കായി ബാലു ബാബു 3 വിക്കറ്റും അനൂപ്, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുത്തൂറ്റ് മൈക്രോഫിന്‍ ബാറ്റ്സ്മാന്മാരും നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 18.1 ഓവറിൽ 105 റൺസിന് എതിരാളികളെ എറിഞ്ഞിട്ട് റോവേഴ്സ് വിജയം കുറിയ്ക്കുകയായിരുന്നു. 4 വിക്കറ്റ് നേടിയ അജിനാസ് ആണ് ബൗളിംഗിൽ റോവേഴ്സിനായി തിളങ്ങിയത്. ഗിരീഷ് 2 വിക്കറ്റ് നേടി.

റോവേഴ്സിന്റെ അജീഷ് ആണ് കളിയിലെ താരം.

ബാറ്റിംഗ് തകര്‍ച്ച, രഞ്ജി സിസി 65 റൺസിന് പുറത്ത്, റോവേഴ്സിന് വമ്പന്‍ ജയം

രഞ്ജി സിസിയ്ക്കെതിരെ പടുകൂറ്റന്‍ വിജയം നേടി റോവേഴ്സ് സിസി. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തിൽ 177 റൺസ് വിജയം ആണ് റോവേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 28 ഓവറിൽ 242/9 എന്ന സ്കോര്‍ നേടിയ ശേഷം രഞ്ജി സിസിയെ 65 റൺസിന് എറിഞ്ഞിടുകയായിരുന്നു.

28 ഓവറായി ചുരുക്കിയ മത്സരത്തിൽ 14.5 ഓവറിലാണ് രഞ്ജി സിസി ഓള്‍ഔട്ട് ആയത്. 4 വിക്കറ്റ് വീഴ്ത്തി പ്രവീണും പ്രണവും ആണ് റോവേഴ്സ് ബൗളിംഗിൽ തിളങ്ങിയത്.

ബാറ്റിംഗിൽ 33 റൺസ് കൂടി നേടിയ പ്രണവ് ആണ് കളിയിലെ താരം. 65 റൺസുമായി പുറത്താകാതെ നിന്ന അജിനാസ് ആണ് റോവേഴ്സിന്റെ ടോപ് സ്കോറര്‍. ഷൈന്‍ ജേക്കബ് 41 റൺസ് നേടിയപ്പോള്‍ ഗിരീഷ്(26), ആരോൺ തോമസ്(27), അജീഷ്(21) എന്നിവരും ശ്രദ്ധേയമായ സംഭാവന നൽകി.

ആരോമൽ, ടിനു എന്നിവര്‍ ര‍ഞ്ജി സിസിയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കെന്റിനെതിരെ 15 റൺസ് വിജയം നേടി റോവേഴ്സ് സിസി

കെന്റ് സിസി അഞ്ചലിനെതിരെ വിജയം നേടി റോവേഴ്സ് സിസി തിരുവനന്തപുരം. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് സിസി 5 വിക്കറ്റ് നഷ്ടത്തിൽ 26 ഓവറിൽ നിന്ന് 211 റൺസാണ് നേടിയത്.

36 പന്തിൽ 71 റൺസ് നേടിയ അജിനാസ് ആണ് റോവേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
55 റൺസ് നേടിയ ആരോൺ തോമസും ടീമിനായി തിളങ്ങി.

കെന്റ് സിസി റോവേഴ്സിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ടീം 24.5 ഓവറിൽ 196 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ 15 റൺസ് വിജയം റോവേഴ്സ് നേടി. 24 പന്തിൽ 42 റൺസ് നേടിയ അംജദ് രാജ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ആസിഫ് അലി(31), ഷാരോൺ(30), അഖിൽ (11 പന്തിൽ 24 റൺസ്) എന്നിവരും പൊരുതി നോക്കി.

നാല് വിക്കറ്റുമായി എം പ്രവീൺ ആണ് റോവേഴ്സ് നിരയിൽ തിളങ്ങിയത്. അജിനാസ് ആണ് കളിയിലെ താരം.

ബൗളിംഗ് തിളങ്ങി!!! 76 റൺസ് വിജയവുമായി റോവേഴ്സ് സിസി

സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി ഇന്ന് നടന്ന മത്സരത്തിൽ തകര്‍പ്പന്‍ വിജയവുമായി റോവേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 161 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും ബൗളിംഗ് മികവിൽ കേശവഷയര്‍ സിസിയെ 85 റൺസിന് ഓള്‍ഔട്ട് ആക്കി 76 റൺസ് വിജയം ആണ് നേടിയത്.

23.5 ഓവറിൽ കേശവഷയര്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ അജിനാസ് നാലും സോനു ജേക്കബ് മൂന്നും വിക്കറ്റാണ് റോവേഴ്സ് സിസിയ്ക്കായി നേടിയത്. 35 റൺസ് നേടിയ സഞ്ചന്‍ പി ഷാജു ആണ് കേശവഷയറിന്റെ ടോപ് സ്കോറര്‍.

69 റൺസ് നേടിയ ഗിരീഷ് ഇകെ ആണ് റോവേഴ്സ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. ശ്യാം രാജ് 26 റൺസ് നേടി പുറത്തായി. കേശവഷയറിനായി സഞ്ചന്‍ 3 വിക്കറ്റും രാഹുല്‍ പിഎസ് രണ്ട് വിക്കറ്റും നേടി.

റോവേഴ്സ് സിസി 28 റണ്‍സിനു ഓള്‍ഔട്ട്, 6 വിക്കറ്റ് നേടി സൂരജ് മുത്തൂറ്റ് ഇസിസിയെ വിജയത്തിലേക്ക് നയിച്ചു

സെലസ്റ്റിയല്‍ ട്രോഫിയില്‍ ആധികാരിക ജയം സ്വന്തമാക്കി മുത്തൂറ്റ് ഇസിസി. ഇന്ന് മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോവേഴ്സ് തീരുമാനം തിരിച്ചടിക്കുകയായിരുന്നു. 10.1 ഓവറില്‍ 28 റണ്‍സിനാണ് റോവേഴ്സ് പുറത്തായത്. ഇസിസിയുടെ സൂരജ് 5.1 ഓവറില്‍ 13 റണ്‍സിനു 6 വിക്കറ്റ് നേടിയപ്പോള്‍ ഷറഫുദ്ദീന്‍ 2 വിക്കറ്റ് വീഴ്ത്തി.

അഞ്ച് റോവേഴ്സ് ബാറ്റ്സ്മാന്മാരാണ് ഇന്ന് അക്കൗണ്ട് തുറക്കാതെ പുറത്തായത്. സഞ്ജു സാംസണിന്റെ സഹോദരന്‍ സാലി സാംസണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 9 റണ്‍സാണ് സാലിയുടെ സംഭാവന. മറുപടി ബാറ്റിംഗിനിറങ്ങിയ ഇസിസി 5.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. സുബിന്‍(5) പുറത്തായപ്പോള്‍ ബേസില്‍ മാത്യൂ(7*), ശ്രീരാഗ് രവീന്ദ്രന്‍(13*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ച് വിക്കറ്റ് നേട്ടവുമായി ബിജിത്ത്, 129 റണ്‍സ് ജയവുമായി റോവേഴ്സ് സിസി

റീജ്യന്‍സ് സിസിയ്ക്കെതിരെ 129 റണ്‍സ് ജയം സ്വന്തമാക്കി റോവേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 27 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടുകയായിരുന്നു. ആരോണ്‍ ജോര്‍ജ്ജ് തോമസ്(51 പന്തില്‍ 84), അഭിലാഷ്(31 പന്തില്‍ 56), മുഹമ്മദ് ഷമീല്‍(45), വിഷ്ണു ദാസ്(29) എന്നിവരുടെ തകര്‍പ്പനടികളാണ് റോവേഴ്സിനെ 265 റണ്‍സിലേക്ക് എത്തിച്ചത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ റീജ്യന്‍സ് 11 ഓവറില്‍ 100/4 എന്ന നിലയില്‍ നിന്ന് 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ബിജിത്ത് നേടിയ അഞ്ച് വിക്കറ്റുകളാണ് റീജ്യന്‍സിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ബിജിത്ത് തന്നെയാണ് മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version