ഷദബ് ഖാന്റെയും ഷഹീന്‍ അഫ്രീദിയുടെയും മികവില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ന്യൂസിലാണ്ടിനു തടയിട്ട് ഷദബ് ഖാന്‍. റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടിന്റെ ബലത്തില്‍ 78/3 എന്ന നിലയില്‍ നിന്ന് 208/3 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ ന്യൂസിലാണ്ടിന്റെ ഒറ്റയോവറില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷദബ് ഖാന്‍ ആണ് പ്രതിരോധത്തിലാക്കിയത്. നേരത്തെ കെയിന്‍ വില്യംസണിന്റെ വിക്കറ്റും നേടിയ ഷദബ് ഖാന്‍ ടോം ലാഥം(68), ഹെന്‍റി നിക്കോളസ്(0) എന്നിവരെ തുടരെയുള്ള പന്തുകളില്‍ പുറത്താക്കിയെങ്കിലും ഹാട്രിക്ക് നേട്ടം കോളിന്‍ ഡി ഗ്രാന്‍ഡോം നിഷേധിച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ ഗ്രാന്‍ഡോമിനെയും പൂജ്യത്തിനു പുറത്താക്കി ഷദബ് ഓവറിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി.

78/3 എന്ന നിലയില്‍ നിന്ന് 130 റണ്‍സാണ് റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് നേടിയത്. ഷദബിന്റെ തൊട്ടടുത്ത ഓവറില്‍ റോസ് ടെയലിറിനെ ഇമാദ് വസീം പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. 208/3 എന്ന നിലയില്‍ നിന്ന് 208/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് 50 ഓവര്‍ പിന്നിട്ടപ്പോള്‍ 266 റണ്‍സിലേക്ക് എത്തിച്ചത് എട്ടാം വിക്കറ്റില്‍ ടിം സൗത്തി-ഇഷ് സോധി കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവിലൂടയാണ്. 9 വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്.

തന്റെ അവസാന ഓവറുകള്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദി ഇഷ് സോധിയെയും ടിം സൗത്തിയെയും പുറത്താക്കി വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇഷ് സോധി 24 റണ്‍സും ടിം സൗത്തി 20 റണ്‍സുമാണ് നേടിയത്. അവസാന ഓവറുകളില്‍ സിക്സുകളുടെ സഹായത്തോടെ 42 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ എട്ടാം വിക്കറ്റില്‍ നേടി.

ഷദബ് ഖാനും ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റ് വീതം മത്സരത്തില്‍ നേടിയപ്പോള്‍ ഇമാദ് വസീമിനാണ് ഒരു വിക്കറ്റ്.

വിജയം കൈവിടാതെ പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനെതിരെ 2 റണ്‍സിനും ജയം

ടി20യിലെ ഒന്നാം റാങ്കുകാര്‍ വിജയത്തുടര്‍ച്ചയുമായി തന്നെ മുന്നോട്ട്. ഓസ്ട്രേലിയയെ 3-0നു വൈറ്റ് വാഷ് ചെയ്ത ശേഷം ന്യൂസിലാണ്ടിനെതിരെ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ ആറ് മാസത്തിനു മേലെ വിശ്രമത്തിനു ശേഷം മത്സരത്തിനെത്തിയ കിവീസിനു 146 റണ്‍സ് വരെ നേടുവാനെ കഴിഞ്ഞുള്ളു. മുഹമ്മദ് ഹഫീസാണ് കളിയിലെ താരം.

45 റണ്‍സ് നേടിയ ഹഫീസിനൊപ്പം സര്‍ഫ്രാസ് അഹമ്മദ്(34), ആസിഫ് അലി(24) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് മികവാണ് ടീമിനെ 148 റണ്‍സിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി ആഡം മില്‍നെ രണ്ടും അജാസ് പട്ടേല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മികച്ച ബൗളിംഗ് വഴി പാക്കിസ്ഥാനെ ചെറുത്ത് നിര്‍ത്തിയെങ്കിലും ന്യൂസിലാണ്ടിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിച്ചില്ല. കോളിന്‍ മണ്‍റോയും(58), റോസ് ടെയിലറും(42*) പൊരുതി നോക്കിയെങ്കിലും വേണ്ടത്ര പിന്തുണ മറ്റു താരങ്ങളില്‍ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് പൊരുതി വീഴുകയായിരുന്നു.

26 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ റോസ് ടെയിലര്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ആറ് റണ്‍സ് നേടിയാല്‍ സൂപ്പര്‍ ഓവറിലേക്ക് കളി എത്തിക്കാമായിരുന്നുവെങ്കിലും ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ നിന്ന് ബൗണ്ടറി മാത്രമേ റോസ് ടെയിലര്‍ക്ക് നേടാനായുള്ളു.

ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇമാദ് വസീം ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

തല്ലാവാസിനു ആധികാരിക ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരെ ആധികാരിക ജയം നേടി ജമൈക്ക തല്ലാവാസ്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 29ാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന 20 ഓവറില്‍ 173/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ജമൈക്ക 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. റോസ് ടെയിലര്‍-റോവ്മന്‍ പവല്‍ കൂട്ടുകെട്ട് നേടിയ അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാന ജേസണ്‍ മുഹമ്മദ്(54), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(48), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(34), ചാഡ്വിക്ക് വാള്‍ട്ടണ്‍(25) എന്നിവരുടെ മികവില്‍ നേടുകയായിരുന്നു. റോവ്മന്‍ പവല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്ന്‍ താമസ്, സാമുവല്‍ ബദ്രി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

റോസ് ടെയിലര്‍(60*)-റോവ്മന്‍ പവല്‍(55*) എന്നിവര്‍ ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 114 റണ്‍സാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് ആധികാരിക ജയം നേടിക്കൊടുത്തത്. 34 പന്തില്‍ 55 റണ്‍സ് നേടിയ പവല്‍ ആണ് കളിയിലെ താരം. ഗ്ലെന്‍ ഫിലിപ്പ്സ്(27), ജോണ്‍സണ്‍ ചാള്‍സ്(25) എന്നിവര്‍ ആണ് പുറത്തായ താരങ്ങള്‍. ഇരു വിക്കറ്റും ഇമ്രാന്‍ താഹിര്‍ ആണ് സ്വന്തമാക്കിയത്.

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍ മണ്‍റോ കൂട്ടുകെട്ട് എത്തുകയായിരുന്നു. 49 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബ്രൂസ് പുറത്തായെങ്കിലും മണ്‍റോ തന്റെ വെടിക്കെട്ട് തുടര്‍ന്നു. 43 പന്തില്‍ 46 റണ്‍സ് നേടി മണ്‍റോ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം ന്യൂസിലാണ്ടിനു സ്വന്തമായി. റോസ് ടെയിലര്‍ 22 റണ്‍സുമായി മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ടെയിലറും മണ്‍റോയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സാണ് നേടിയത്. 25 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ന്യൂസിലാണ്ട് ജയം.

പാക്കിസ്ഥാനു വേണ്ടി റുമ്മാന്‍ റയീസ് രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. ബാബര്‍ അസമിന്റെയും(41), ഹസന്‍ അലിയുടെയും(23) ബാറ്റിംഗാണ് പാക്കിസ്ഥാനെ 105 എന്ന സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി മൂന്ന് വിക്കറ്റുമായി ടിം സൗത്തി, സെത്ത് റാന്‍സ് എന്നിവര്‍ ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

200ാം ഏകദിനത്തിനിറങ്ങി റോസ് ടെയിലര്‍, നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ബ്ലാക് ക്യാപ്സ് താരം

ന്യൂസിലാണ്ടിനായി 200 ഏകദിനങ്ങളെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി റോസ് ടെയിലര്‍. എന്നാല്‍ 200ാം ഏകദിനത്തില്‍ ടീമിനു കാര്യമായി സംഭാവന ചെയ്യാന്‍ ടെയിലര്‍ക്ക് ആയില്ല. ഓപ്പണിംഗ് കൂട്ടുകെട്ടിനെ വീഴ്ത്തി ഷദബ് ഖാന്‍ ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയ നിമിഷത്തിലാണ് റോസ് ടെയിലര്‍ നായകന്‍ കെയിന്‍ വില്യംസണ് കൂട്ടായി ക്രീസില്‍ എത്തുന്നത്. എന്നാല്‍ റുമ്മാന്‍ റയീസ് താരത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കമ്പോള്‍ ഒരു റണ്‍സായിരുന്നു ടെയിലര്‍ നേടിയത്.

200 ഏകദിനങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കിയ ഏഴാമത്തെ ന്യൂസിലാണ്ട് താരമാണ് റോസ് ടെയിലര്‍. മറ്റു താരങ്ങള്‍
291: ഡാനിയേല്‍ വെട്ടോറി
279: സ്റ്റീഫന്‍ ഫ്ലെമിംഗ്
260: ബ്രണ്ടന്‍ മക്കല്ലം
250: ക്രിസ് ഹാരിസ്
223: നഥാന്‍ ആസ്ട്‍ലേ
214: ക്രിസ് കെയിന്‍സ്

സെഡണ്‍ പാര്‍ക്കില്‍ ഇതിനു മുമ്പ് 15 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള റോസിനു രണ്ട് ശതകങ്ങള്‍ നേടാനും ഈ ഗ്രൗണ്ടില്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ മത്സരം അവിസ്മരണീയമാക്കുവാന്‍ സാധിക്കാതെയാണ് റോസ് മടങ്ങുന്നത്. 2006ല്‍ നേപിയറില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന അരങ്ങേറ്റം നടത്തുമ്പോള്‍ റോസ് 15 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ടിനു ജയം, മാര്‍ട്ടിന്‍ ഗുപ്ടില്‍ 86*

മഴ മൂലം കളി തടസ്സപ്പെട്ടതിനാല്‍ 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും പിന്നീട് ലക്ഷ്യം 25 ഓവറില്‍ 151 റണ്‍സായി മാറ്റുകയായിരുന്നു. 7 പന്തുകള്‍ ശേഷിക്കെയാണ് 104 റണ്‍സ് അപരാജിത കൂട്ടുകെട്ടുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍(86*)-റോസ് ടെയിലര്‍ കൂട്ടുകെട്ട് ആതിഥേയരെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

14 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 64/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. കോളിന്‍ മണ്‍റോ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 19 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസണും വേഗം പുറത്തായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ടോപ് ഓര്‍ഡറിനു പിഴച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് മുഹമ്മദ് ഹഫീസ്(60), ഷദബ് ഖാന്‍(52), ഹസന്‍ അലി(51) എന്നിവരായിരുന്നു. ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക് ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കി. ഷൊയ്ബ് മാലിക്കും(27) നിര്‍ണ്ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍(3), ടിം സൗത്തി(2), ടോഡ് ആസ്ട്‍ലേ(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റനറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version