തന്റെ കരിയറില്‍ സ്വാധീനമുണ്ടാക്കിയത് മാര്‍ട്ടിന്‍ ക്രോ

തന്റെ കരിയറില്‍ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് മുന്‍ ന്യൂസിലാണ്ട് ഇതിഹാസം മാര്‍ട്ടിന്‍ ക്രോ എന്ന് റോസ് ടെയിലര്‍. തങ്ങളോട് വിട പറഞ്ഞുവെങ്കിലും തന്റെ നേട്ടത്തില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ടാകുമെന്നും റോസ് ടെയിലര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വളരെയധികം അനുഭവസമ്പത്തും വിവേകും അദ്ദേഹം തനിക്ക് കൈമാറിയിട്ടുണ്ടെന്നും അത് തന്റെ കരിയറില്‍ വലിയ പ്രഭാവം ഉണ്ടാക്കിയിട്ടുണ്ടെന്നും ടെയിലര്‍ അഭിപ്രായപ്പെട്ടു.

തന്നോട് എന്നും റെക്കോര്‍ഡുകള്‍ മറികടക്കുവാന്‍ ക്രോ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി. അദ്ദേഹം പ്രതീക്ഷിച്ചതിലും മികവ് താന്‍ നേടിയിട്ടുണ്ടെന്നും അതില്‍ അദ്ദേഹത്തിന് വരെ അത്ഭുതം തോന്നിയിട്ടുണ്ടാകാം എന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി. ഈ വര്‍ഷങ്ങളിലെല്ലാം തന്നെ ആരെങ്കിലുമെല്ലാം പിന്തുണച്ചിട്ടുണ്ടെന്നും അതിന് താന്‍ ഭാഗ്യം ചെയ്ത വ്യക്തിയാണെന്നും റോസ് ടെയിലര്‍ പറഞ്ഞു.

ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റാണ് ഏറ്റവും ഇഷ്ടമെന്ന ഹാഡ്‍ലിയുടെ ചോദ്യത്തിന് ഉത്തരവുമായി റോസ് ടെയിലര്‍

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റും തനിക്കിഷ്ടമാണെന്ന് പറഞ്ഞ് റോസ് ടെയിലര്‍. റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റോസ് ‍ടെയിലര്‍ അഭിപ്രായം പറഞ്ഞത്. താന്‍ ടി20 ക്രിക്കറ്റ് ഏറെ ആസ്വദിച്ചാണ് കളിക്കുന്നതെന്ന് പറഞ്ഞ താരം തനിക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റ് ഏകദിനമാണെന്നും പറഞ്ഞു.

തന്റെ പ്രകടനങ്ങള്‍ വെച്ച് നോക്കിയാല്‍ ഏകദിനമാണ് താന്‍ ഏറ്റവും അധികം തിളങ്ങുന്ന ഫോര്‍മാറ്റ്, തനിക്ക് അനുയോജ്യമായതും അവ തന്നെയെന്ന് റോസ് ടെയിലര്‍ പറഞ്ഞു. എന്നാല്‍ ഒരു ക്രിക്കറ്റര്‍ പരിപൂര്‍ണ്ണനാകുന്നത് അത് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കുമ്പോളാണെന്ന് റോസ് വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ വിജയം ആണ് ഒരാള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നത് എന്ന് റോസ് ടെയിലര്‍ വ്യക്തമാക്കി.

കരിയറില്‍ മൂന്നാം തവണ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ നേടി റോസ് ടെയിലര്‍

തന്റെ കരിയറില്‍ മൂന്നാം തവണ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ നേടി റോസ് ടെയിലര്‍. അതാത് വര്‍ഷത്തെ ന്യൂസിലാണ്ട് ക്രിക്കറ്ററായി തിരഞ്ഞെടുക്കുന്ന താരത്തിന് ബോര്‍ഡ് കൊടുക്കുന്ന മെഡല്‍ ആണ് റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാണ്ടിനായി ഏറ്റവും അധികം റണ്‍സ് നേടിയ താരമായി ഈ വര്‍ഷം ടെയിലര്‍ മാറിയിരുന്നു. ഏകദിനത്തിലും റണ്‍ വേട്ടയില്‍ ടെയിലര്‍ തന്നെയാണ് ന്യൂസിലാണ്ട് താരങ്ങളില്‍ ഒന്നാമത്.

100 ടി20 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യത്തെ ന്യൂസിലാണ്ട് താരം കൂടിയായി ടെയിലര്‍ മാറി. എല്ലാ ഫോര്‍മാറ്റിലുമായി 1389 റണ്‍സാണ് ടെയിലര്‍ ഈ റണ്‍സ് നേടിയത്. ഇതില്‍ ടെസ്റ്റില്‍ നിന്ന് 511 റണ്‍സും ഏകദിനത്തില്‍ നിന്ന് 548 റണ്‍സും നേടിയ താരം ടി20യില്‍ നിന്ന് 330 റണ്‍സ് നേടി.

ലീഡ് നേരിയതെങ്കിലും വെല്ലിംഗ്ടണില്‍ ആധിപത്യം ഉറപ്പിച്ച് ന്യൂസിലാണ്ട്

ഇന്ത്യയ്ക്കെതിരെ വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം 51 റണ്‍സിന്റെ ലീഡ് കൈവശപ്പെടുത്തി ന്യൂസിലാണ്ട്. വെല്ലിംഗ്ടണില്‍ ഇന്ത്യയെ 165 ന് പുറത്താക്കിയ ശേഷം ന്യൂസിലാണ്ട് 216/5 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍. ന്യൂസിലാണ്ട് ഇന്നിംഗ്സ് 71.1 ഓവറിലെത്തി നില്‍ക്കുമ്പോളാണ് വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തിയത്.

കെയിന്‍ വില്യംസണും(89), റോസ് ടെയിലറുമാണ്(44) ന്യുസിലാണ്ടിന്റെ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 93 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇന്ത്യന്‍ നിരയില്‍ മൂന്ന് വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മയാണ് തിളങ്ങിയത്.

റോസ് ടെയ്‌ലറിന് മുൻപിൽ ഇന്ത്യ മുട്ടുമടക്കി

വെറ്ററൻ താരം റോസ് ടെയ്‌ലർ തന്റെ ഉഗ്രരൂപം പുറത്തെടുത്തപ്പോൾ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 4 വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 11 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. ഏകദിനത്തിൽ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ ചേസ് ചെയ്തുള്ള വിജയം കൂടിയാണിത്. ടി20 പരമ്പര 5-0ന് ഏകപക്ഷീയമായി തോറ്റ ന്യൂസിലാൻഡിന് ആദ്യ ഏകദിന മത്സരത്തിലെ ജയം ആശ്വാസം നൽകുന്നതാണ്.

ന്യൂസിലാൻഡ് നിരയിൽ പുറത്താവാതെ 84 പന്തിൽ 109 റൺസ് എടുത്ത റോസ് ടെയ്‌ലർ ആണ് ഇന്ത്യയിൽ നിന്ന് വിജയം തട്ടിയെടുത്തത്. ഒരു ഘട്ടത്തിൽ മത്സരത്തിൽ ന്യൂസിലാൻഡ് തകർച്ചയെ നേരിടുന്ന സമയത് ലതാമിനെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലർ ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 138 കൂട്ടിച്ചേർത്തതാണ് മത്സരത്തിൽ നിർണായകമായത്. മത്സരത്തിൽ 24 വൈഡുകൾ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡിന്റെ വിജയം എളുപ്പമാക്കിയും കൊടുത്തു.

നേരത്തെ ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് നേടിയത്. അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും അയ്യരിന് മികച്ച പിന്തുണ നൽകി.

അന്തകനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലാണ്ട് പ്രതിരോധത്തില്‍

ഓസ്ട്രേലിയയ്ക്കെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം തകര്‍ന്ന് ന്യൂസിലാണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ ന്യൂസിലാണ്ട് പതറുകയായിരുന്നു. 416 റണ്‍സിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ച ശേഷം ന്യൂസിലാണ്ട് രണ്ടാം ദിവസം 109/5 എന്ന നിലയിലാണ് നില്‍ക്കുന്നത്. 66 റണ്‍സുമായി ബാറ്റ് ചെയ്യുന്ന റോസ് ടെയിലര്‍ മാത്രമാണ് ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ ചെറുത്ത് നില്പ് നടത്തുന്നത്.

കെയിന്‍ വില്യംസണ്‍ 34 റണ്‍സ് നേടി സ്റ്റാര്‍ക്കിന്റെ ഇരയായി മടങ്ങി. ഹാസല്‍വുഡിനാണ് ഒരു വിക്കറ്റ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 307 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നത്.

ഏഴായിരം ടെസ്റ്റ് റണ്‍സ് തികച്ച് റോസ് ടെയിലര്‍, നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ കീവീസ് താരം

ഇംഗ്ലണ്ടിനെതിരെ ഹാമിള്‍ട്ടണില്‍ ന്യൂസിലാണ്ടിന്റെ രക്ഷകനായപ്പോള്‍ റോസ് ടെയിലര്‍ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കിയിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി ഏഴായിരം ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് പുറത്താകാതെ 105 റണ്‍സ് നേടുന്നതിനിടെ ഈ സീനിയര്‍ താരം സ്വന്തമാക്കിയത്.

ഈ നേട്ടം പേരിലാക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് റോസ് ടെയിലര്‍. 7172 റണ്‍സ് നേടിയ സ്റ്റീഫന്‍ ഫ്ലെമിംഗ് ആണ് പട്ടികയിലെ ഒന്നാമന്‍. റോസ് ടെയിലറിന് 7022 റണ്‍സാണ് ഇപ്പോള്‍ സ്വന്തമായുള്ളത്.

ബ്രണ്ടന്‍ മക്കല്ലം 6453 റണ്‍സുമായി മൂന്നാം സ്ഥാനത്തും 6322 റണ്‍സുമായി നിലവിലെ ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ നാലാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു.

ശതകങ്ങളുമായി റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട്, ഹാമിള്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍

ന്യൂസിലാണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ഹാമിള്‍ട്ടണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം 96/2 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 241 റണ്‍സ് എന്ന നിലയില്‍ മത്സരം സമനിലയില്‍ എത്തിയ്ക്കുകയായിരുന്നു.

28/2 എന്ന നിലയില്‍ ഒത്തുകൂടിയ ന്യൂസിലാണ്ട് ക്യാപ്റ്റനും റോസ് ടെയിലറും കഴിഞ്ഞ ദിവസം 68 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയിരുന്നു. ഇന്ന് 175 റണ്‍സ് കൂടിയാണ് ഇരുവരും നേടിയത്.

മത്സരം 75 ഓവറിലെത്തി നില്‍ക്കെ മഴ കൂടി വന്നതോടെ അഞ്ചാം ദിവസം പിന്നീട് കളിയൊന്നും നടക്കാതെ ടീമുകള്‍ കൈ കൊടുത്തു പിരിഞ്ഞു.

മത്സരത്തിലെ താരമായി ഇരട്ട ശതകം നേടിയ ജോ റൂട്ടിനെയും പരമ്പരയിലെ താരമായി നീല്‍ വാഗ്നറെയും തിരഞ്ഞെടുത്തു.

ന്യൂസിലാണ്ടിന്റെ രക്ഷകരായി വില്യംസണ്‍-റോസ് ടെയിലര്‍ കൂട്ടുകെട്ട്

ഹാമിള്‍ട്ടണില്‍ രണ്ടാം ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് ന്യൂസിലാണ്ടിനെ കരകയറ്റി കെയിന്‍ വില്യംസണ്‍-റോസ് ടെയിലര്‍ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്. നാലാം ദിവസം അവസാനിക്കുമ്പോല്‍ ന്യൂസിലാണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 96/2 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്റെ ലീഡിനൊപ്പമെത്തുവാന്‍ ന്യൂസിലാണ്ട് 5 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ജീത്ത് റാവലിനെ പൂജ്യത്തിനും ടോം ലാഥമിനെ 18 റണ്‍സിനും നഷ്ടമായി 28/2 എന്ന നിലയില്‍ നില്‍ക്കവെയാണ് ന്യൂസിലാണ്ടിന്റെ രക്ഷകരായി സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണും റോസ് ടെയിലറും ക്രീസില്‍ നിലയുറപ്പിക്കുന്നത്. വില്യംസണ്‍ 37 റണ്‍സും റോസ് ടെയിലര്‍ 31 റണ്‍സുമാണ് നേടിയിട്ടുള്ളത്.

ആദ്യ ഇന്നിംഗ്സില്‍ 375 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ 476 റണ്‍സ് നേടി 101 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ഒരു ദിവസം മാത്രം അവശേഷിക്കെ ഹാമിള്‍ട്ടണില്‍ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് വേണം വിലയിരുത്തപ്പെടുവാന്‍.

ഒന്നാം ദിവസം എറിയാനായത് 54.3 ഓവര്‍ മാത്രം, ടോം ലാഥമിന് ശതകം

ഹാമിള്‍ട്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം രസം കൊല്ലിയായി മഴ. ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ആതിഥേയര്‍ മുന്നേറുമ്പോളാണ് മഴ വില്ലനായി എത്തിയത്. ടോം ലാഥം തന്റെ 11ാം ടെസ്റ്റ് ശതകം കുറിച്ച് ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് നെടുംതൂണായി മാറുകയായിരുന്നു. 54.3 ഓവറില്‍ 173/3 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ വില്ലനായി എത്തിയത്. 101 റണ്‍സുമായി ടോം ലാഥവും 5 റണ്‍സ് നേടി ഹെന്‍റി നിക്കോളസുമാണ് ക്രീസിലുള്ളത്.

ന്യൂസിലാണ്ടിന്റെ തുടക്കം പിഴച്ചുവെങ്കിലും ടോം ലാഥം-റോസ് ടെയിലര്‍ കൂട്ടുകെട്ട് 106 റണ്‍സ് കൂട്ടുകെട്ടുമായാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്. ജീത്ത് റാവലിനെയും കെയിന്‍ വില്യംസണിനെയും നഷ്ടമായ ന്യൂസിലാണ്ട് 39/2 എന്ന നിലയിലേക്ക് വീണ ശേഷം റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 53 റണ്‍സ് നേടിയ ടെയിലറെയും കെയിന്‍ വില്യംസണെയും പുറത്താക്കി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് നേടി.

പരമ്പര വിജയിച്ചുവെങ്കിലും പരിക്കിന്റെ പിടിയില്‍ ന്യൂസിലാണ്ട്

ആവേശകരമായ രണ്ട് മത്സരങ്ങളിലും വിജയം ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും പരിക്ക് അലട്ടുകയാണ് ന്യൂസിലാണ്ടിനെ. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യുവാനിറങ്ങാത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം. താരത്തിന്റെ വലത് വയറിന്റെ ഭാഗത്തുള്ള സ്ട്രെയിന്‍ ആണ് താരത്തിനെ പുറത്തിരുത്തുവാന്‍ ഇടയായിരിക്കുന്നത്. അതേ സമയം രണ്ടാം മത്സരത്തില്‍ ഇടത് അരയ്ക്ക് പരിക്കേറ്റ റോസ് ടെയിലര്‍ അടുത്ത മത്സരത്തില്‍ കളിക്കുവാന്‍ ഫിറ്റാണെന്നത് ടീമിന് ആശ്വാസം നല്‍കുന്നു. ആദ്യ മത്സരത്തില്‍ ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് റോസ് ടെയിലര്‍.

അതേ സമയം കഴിഞ്ഞ മത്സരത്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനൊപ്പം മികവ് പുലര്‍ത്തിയ ടോം ബ്രൂസ് പരിക്കേറ്റതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഇന്നിംഗ്സിന്റെ സുപ്രധാന ഘട്ടത്തില്‍ കാഫ് മസില്‍ വലിഞ്ഞതിനെ തുടര്‍ന്ന് സ്ട്രാപ്പ ചെയ്ത് താരം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും പിന്നീട് റണ്ണൗട്ടാവുകയായിരുന്നു. മത്സരം ന്യൂസിലാണ്ട് കൈവിടുമെന്ന തോന്നിപ്പിച്ച നിമിഷമായിരുന്നു ഇതെങ്കിലും ഭാഗ്യവും മിച്ചല്‍ സാന്റനറും ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോം ബ്രൂസ് പരിക്ക് മാറി മത്സരത്തിനെത്തുമെന്നാണ് ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

ആവേശപ്പോരില്‍ ലങ്കയെ വീഴ്ത്തി ന്യൂസിലാണ്ട്

അവസാന മൂന്നോവറില്‍ 31 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് 3 പന്തുകള്‍ അവശേഷിക്കെ ശ്രീലങ്കയെ മുട്ട് കുത്തിച്ച് ഒന്നാം ടി20യില്‍ ജയം നേടി പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി. 18 ഓവറുകള്‍ വേണ്ടിയിരുന്നപ്പോള്‍ മലിംഗ എറിഞ്ഞ ഓവറില്‍ 15 റണ്‍സ് ലങ്ക വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 39/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം-റോസ് ടെയിലര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഇരുവരും പുറത്തായപ്പോള്‍ ലങ്ക പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഡാരല്‍ മിച്ചല്‍-മിച്ചല്‍ സാന്റനര്‍ കൂട്ടുകെട്ട് നേടിയ ആറാം വിക്കറ്റ് കൂട്ടുകെട്ടിലെ 16 പന്തില്‍ നിന്നുള്ള 31 റണ്‍സ് ആണ് നിര്‍ണ്ണായകമായത്.

നേരത്തെ നാലാം വിക്കറ്റില്‍ 79 റണ്‍സാണ് ടെയിലര്‍-ഗ്രാന്‍ഡോം കൂട്ടുകെട്ട് നേടിയത്. 29 പന്തില്‍ 48 റണ്‍സ് നേടിയ റോസ് ടെയിലറെയും 28 പന്തില്‍ 44 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോമിനെയും പുറത്താക്കി ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് മത്സരത്തില്‍ പിടിമുറുക്കാനാകാതെ പോയതോടെ വിജയം ശ്രീലങ്ക കൈവിട്ടു.

19.3 ഓവറിലാണ് അഞ്ച് വിക്കറ്റ് വിജയം ന്യൂസിലാണ്ട് നേടിയത്. മിച്ചല്‍ 25 റണ്‍സും സാന്റനര്‍ 14 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പികളായത്.

Exit mobile version