റൊണാൾഡോയും പിള്ളേരും റെഡി, പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനായുള്ള പോർച്ചുഗൽ സ്ക്വാഡ് ഇന്ന് പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീം സൂപ്പർ താരങ്ങളാൽ നിറഞ്ഞു നിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പിന് പോർച്ചുഗൽ എത്തുമ്പോൾ റൊണാൾഡോക്ക് ഒപ്പം നിക്കുന്ന ഒരു സ്ക്വാഡ് പോർച്ചുഗലിന് ഉണ്ടെന്ന് പറയാം.

റുയി പട്രിസിയോയും ജോസെ സായും ഡിയോഗോ കോസ്റ്റയും ഉൾപ്പെടുന്ന ഗോൾ കീപ്പർമാരുടെ നിര തന്നെ പോർച്ചുഗലിന്റെ സ്ക്വാഡ് ഡെപ്ത് കാണിക്കുന്നു. ഡിഫൻസിൽ ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിൽ ഒരാളായ റൈറ്റ് ബാക്ക് ഡാലോട്ട് ഉണ്ട്. പി എസ് ജിയുടെ ലെഫ്റ്റ് ബാക്കിൽ തിളങ്ങുന്ന നൂനോ മെൻഡസ് ഉണ്ട്. പിന്നെ പെപെയെയും റൂബൻ ഡിയസിനെയും പോലുള്ള സെന്റർ ബാക്കുകളും ഉണ്ട്.

റൂബൻ നെവസ്, വില്യം കർവാലോ, വിറ്റിന, പളിന്യ, നൂനസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങി യൂറോപ്യൻ ഫുട്ബോളിലെ പ്രമുഖർ മധ്യനിരയിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും അണിനിരക്കുന്നു.

അറ്റാക്കിൽ റൊണാൾഡോക്ക് ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ അതിനും മുകളിലുള്ള പ്രകടനം എ സി മിലാന്റെ യുവതാരം റാഫേൽ ലിയോയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്‌. ജാവോ ഫെലിക്സും ആന്ദ്രെ സിൽവയുമെല്ലാം തിളങ്ങുന്ന ഒരു ടൂർണമെന്റ് ആകും ഇതെന്ന് ആരാധകരിൽ പലരും ആശിക്കുന്നു.

ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവർ ഉള്ള ഗ്രൂപ്പ് എച്ചിൽ ആണ് പോർച്ചുഗൽ ഉള്ളത്

അർജന്റീനക്കാരൻ, പക്ഷെ മെസ്സിയേക്കാൾ ഇഷ്ടം റൊണാൾഡോയെ!! ആദ്യ ഗോൾ റൊണാൾഡോയുടെ അസിസ്റ്റിൽ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അലെഹാന്ദ്രോ ഗർനാചോ അർജന്റീനക്കാരൻ ആണ്. അർജന്റീന ദേശീയ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്ന താരം. പക്ഷെ ഗർനാചോയോട് ആരാണ് ഇഷ്ട കളിക്കാരൻ എന്ന് ചോദിച്ചാൽ ഒരു മടിയുമില്ലാതെ ഒരു ഭയവുമില്ലാതെ ഗർനാചോ പറയും അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന്. റൊണാൾഡോയുടെ വലിയ ആരാധകനായ ഗർനാചോ ഇന്ന് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ സീനിയർ ഗോൾ നേടി.

ആ ഗോൾ വന്നതാകട്ടെ തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ നിന്ന്. ഇന്ന് റയൽ സോസിഡാഡിന് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോ ആണ് ഇടതുവിങ്ങിലൂടെ മുന്നേറുക ആയിരുന്ന ഗർനാചോക്ക് പാസ് നൽകിയത്. ആ പാസ് സ്വീകരിച്ച് താരം തന്റെ ആദ്യ ഗോളും നേടി. ഗോളടിച്ച ശേഷം ഗർനാചോ റൊണാൾഡോയുടെ സ്റ്റൈൽ സെലിബ്രേഷൻ നടത്തിയതും താരത്തോടുള്ള ഇഷ്ടം കാണിക്കുന്നു. നേരത്തെ എഫ് എ യൂത്ത് കപ്പ് ഫൈനലിൽ ഗോളടിച്ചപ്പോൾ സിയു ആഹ്ലാദം നടത്തിയ താരമാണ് ഗർനാചോ.

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പ്രതീക്ഷയോടെ കാണുന്ന ഗർനാചോ വരും മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യം ആയേക്കും.

ഗോളുമായി റൊണാൾഡോ തിരിച്ചെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു സുന്ദര വിജയം

ടെൻ ഹാഗിന് കീഴിൽ നല്ല ഫുട്ബോൾ കളിച്ചു ശീലിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല വിജയം കൂടെ സ്വന്തമാക്കി. ഇന്ന് യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഷെറിഫിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഓൾഡ്റ്റ്രഫോർഡിൽ നടന്ന മത്സരത്തിൽ മികച്ച അറ്റാക്കിംഗ് ഗെയിം പുറത്തെടുത്താണ് യുണൈറ്റഡ് വിജയിച്ചത്.

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും യുവതാരം ഗർനാചോയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് നിരവധി അവസരങ്ങക്ക് സൃഷ്ടിച്ചു. ഗർനാചോ തന്റെ ആദ്യ സ്റ്റാർട്ടിൽ എതിർ ഡിഫൻസിനെ വെള്ളം കുടിപ്പിക്കുന്നത് കാണാനായി. ആദ്യ പകുതിയുടെ അവസാനം മാത്രമാണ് യുണൈറ്റഡ് ലീഡ് എടുത്തത്. എറിക്സൻ നൽകിയ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡാലോട്ട് ആണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ റാഷ്ഫോർഡ് ലൂക്സ് ഷോയുടെ ഒരു ക്രോസിൽ നിന്ന് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. 65ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. മത്സരത്തിന്റെ 81ആം മിനുട്ടിൽ റൊണാൾഡോയും ഗോൾ കണ്ടെത്തി. ബ്രൂണോയുടെ ഒരു ക്രോസിൽ നിന്ന് റൊണാൾഡോയുടെ ആദ്യ ഹെഡർ സേവ് ചെയ്യപ്പെട്ടു എങ്കിലും റൊണാൾഡോ റീബൗണ്ടിൽ വല കണ്ടെത്തി. ഇതോടെ യുണൈറ്റഡ് വിജയം പൂർത്തിയായി.

5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിൽ രണ്ടാമത് ആണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുണൈറ്റഡ് ഒന്നാമതുള്ള വിയ്യറയലിനെ നേരിടും.

റൊണാൾഡോയെ കൊണ്ട് വരാൻ നാപോളിക്ക് പദ്ധതിയില്ല

റൊണാൾഡോയെ ടീമിൽ എത്തിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നാപോളി ഡയറക്ടർ ഗ്വിന്റോലി. മാത്രമല്ല അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കേണ്ട ഒരു താരത്തെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നാപോളിയുടെ ട്രാൻസ്ഫർ നീക്കങ്ങൾ വളരെ ചിന്തിച്ചു മാത്രം നടപ്പാക്കുന്നതാണ്, വൈകാരിക ചിന്തികൾക്ക് അവടെ സ്ഥാനമില്ല, വളരെ മികച്ചൊരു സ്ക്വാഡ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നാണ് ഞങ്ങൾ കരുതുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് ടീം കാഴ്ച്ച വെക്കുന്നത്” ഗ്വിന്റോലി പറഞ്ഞു.

പുതുതായി ഒരു താരത്തെയും ജനുവരിയിൽ എത്തിക്കില്ല എന്നും നിലവിലെ ടീമിൽ എന്തെങ്കിലും മാറ്റം വേണ്ടതായി തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ലിവർപൂളും അയാക്‌സും ചേർന്ന ഗ്രൂപ്പിൽ സമ്പൂർണ വിജയവുമായി ഒന്നാം സ്ഥാനത്താണ് നാപോളി. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. അടുത്തതായി ലിവർപൂളിനെ ആൻഫീല്ഡിൽ വെച്ച് നേരിടേണ്ടതുണ്ട് സ്പലെറ്റിക്കും ടീമിനും.

സീരി എയിലും തോൽവിയറിയാതെ കുതിക്കുന്ന നാപോളിക്ക് പ്രമുഖ താരങ്ങളെ നഷ്ടമായ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച പകരക്കാരെ എത്തിക്കാൻ മാനേജ്‌മെന്റ് നടത്തിയ നീക്കങ്ങൾ ആണ് തുണയായത്. വമ്പൻ ടീമുകൾ കണ്ണ് വെച്ചിരിക്കുന്ന വിക്ടർ ഒസിമൻ, ക്വരക്സേലിയ എന്നിവർ തങ്ങളെ വിട്ട് പോകില്ലെന്നും നാപോളി ഡയറക്ടർ ചൂണ്ടിക്കാണിച്ചു. നിലവിലെ ടീം വളരെ സന്തുലിതമാണ്, എവിടെയാണ് കുറവുകൾ ഉള്ളത് എന്ന് കണ്ടെത്താൻ തങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ തന്നെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും തമ്മിലുള്ള ബന്ധങ്ങൾ വഷളാകുന്ന സാഹചര്യത്തിൽ താരം ജനുവരിയോടെ ക്ലബ് വിട്ടേക്കും എന്ന് സൂചന. സ്പർസിന് എതിരായ മത്സരം അവസാനിക്കും മുമ്പ് കളം വിട്ട റൊണാൾഡോയെ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരാഴ്ചത്തേക്ക് വിലക്കിയിരുന്നു. റൊണാൾഡോ വിലക്ക് വിഷയത്തിൽ പോസിറ്റീവ് ആയാണ് പ്രസ്താവന നടത്തിയത് എങ്കിലും താരം ഉടൻ തന്നെ ക്ലബ് വിടും എന്നാണ് സൂചന.

ഈ സീസൺ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ ശ്രമിച്ചിരുന്നു. ക്ലബും താരത്തെ വിടാൻ ഒരുക്കമായിരുന്നു. എന്നാൽ താരത്തെ വാങ്ങാൻ ഒരു ക്ലബും തയ്യാറായില്ല. ജനുവരിയിൽ റൊണാൾഡോയുടെ കരാർ അവസാനിപ്പിച്ച് ഫ്രീ ആയി റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മതിച്ചേക്കും. ടെൻ ഹാഗിന്റെ പ്ലാനുകളിൽ റൊണാൾഡോക്ക് കാര്യമായ സ്ഥാനവും ഇല്ല. ഈ സീസണിൽ ഇതുവരെ പ്രധാന മത്സരങ്ങളിൽ എല്ലാം റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു.

ഫ്രീ ഏജന്റായി റൊണാൾഡോ മാറുക ആണെങ്കിൽ യൂറോപ്പിൽ പ്രമുഖ ക്ലബുകൾ തന്നെ താരത്തെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടാകും. കഴിഞ്ഞ സീസണിൽ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയ റൊണാൾഡോ ആ സീസണിൽ ടീമിന്റെ ടോപ് സ്കോറർ ആയി മാറിയിരുന്നു.

യൂറോപ്പ ലീഗിലെ ആദ്യ ജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും

യൂറോപ്പ ലീഗിലെ ആദ്യ വിജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും. ഇന്ന് മോൾഡോവയിൽ നടക്കുന്ന മത്സരത്തിൽ ഷെറിഫ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ആദ്യ മത്സരത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് 1-0ന്റെ പരാജയം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്.

അന്ന് ഇറങ്ങിയ ടീമിൽ നിന്ന് വലിയ മറ്റാങ്ങൾ ഇന്ന് ഉണ്ടാകും. ഇന്ന് പ്രീമിയർ ലീഗിൽ ടെൻ ഹാഗ് ഇറക്കിയിരുന്ന ടീമാകും കളത്തിൽ ഇറങ്ങുക. റാഷ്ഫോർഡിന് പരിക്കായത് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ തുടരും. കസെമെറോ, മഗ്വയർ എന്നിവർ ആദ്യ ഇലവനിൽ തുടരുമോ എന്നത് സംശയമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ്സിന് എതിരായ മത്സരവും മാറ്റിവെച്ചത് കൊണ്ട് ഈ മത്സരമാകും ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പുള്ള അവരുടെ അവസാനം മത്സരം. രാത്രി 10.15ന് നടക്കുന്ന കളി തത്സമയം സോണി നെറ്റ്വർക്കിലും സോണി ലൈവിലും കാണാം.

ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ തന്നെ തുടരേണ്ടി വരുമോ?

ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഇടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ എത്തിയിരുന്നു‌. റൊണാൾഡോയുടെ യൂറോപ്പ ലീഗിലെ ആദ്യ കളി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ എത്തിയപ്പോൾ ഒരു ഗോൾ എങ്കിലും യുണൈറ്റഡും താരത്തിന്റെ ആരാധകരും ആഗ്രഹിച്ചു എങ്കിലും അത് ഉണ്ടായില്ല. പകരം റൊണാൾഡോ ഇല്ലാതിരുന്നപ്പോൾ തുടർച്ചയായി നാലു മത്സരങ്ങളിലും ജയിച്ച ടീം റൊണാൾഡോ വന്നതോടെ പരാജയപ്പെടുന്നത് ആണ് ഇന്നലെ കാണാൻ ആയത്.

പന്ത് കൈവശം വെച്ചിട്ടും ഒരുപാട് അറ്റാക്കുകൾ നടത്തിയിട്ടും ഒരു ഗോൾ പോലും പിറന്നില്ല. ഇതിന്റെ പ്രധാന കാരണം റൊണാൾഡോ ആണെന്ന് തന്നെ പറയാം. ടെൻ ഹാഗിനായി താരങ്ങൾ അവരുടെ 100% നൽകുമ്പോൾ റൊണാൾഡോയിൽ നിന്ന് അങ്ങനെയിരു പ്രകടനം കാണാൻ ആയില്ല. പലപ്പോഴും ഓഫ്സൈഡിൽ നിന്ന് കയറി കളിയിലേക്ക് വരാൻ പോലും റൊണാൾഡോ മടിച്ചു. ഇത് പല നല്ല അറ്റാക്കുകളും എവിടെയും എത്താതിരിക്കാൻ കാരണമയി.

റൊണാൾഡോക്ക് ലഭിച്ച അവസരങ്ങൾ ഒക്കെ താരം കളയുകയും ചെയ്തു. പന്ത് കാലിൽ എത്തിയാൽ അത് കീപ് ചെയ്യാൻ പോലും പലപ്പോഴും റൊണാൾഡോക്ക് പറ്റിയില്ല. ഇന്നലെ ഏറ്റവും കൂടുതൽ തവണ പന്ത് നഷ്ടപ്പെടുത്തിയതും റൊണാൾഡോ തന്നെ. റാഷ്ഫോർഡ് അറ്റാക്കിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ വേഗത ഇല്ലാതായത് ഇന്നലെ യുണൈറ്റഡ് പിറകോട്ട് ആകാൻ പ്രധാന കാരണം. റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനം ശരിയാണെന്ന് ഇതിലൂടെ മനസ്സിലാക്കേണ്ടി വരും.

ചോദ്യം ഇതാണ് റൊണാൾഡോ ഇനിയും ബെഞ്ചിൽ തുടരേണ്ടി വരും. കരിയറിൽ റൊണാൾഡോ തന്റെ പേര് ഉണ്ടാക്കിയതിന് ശേഷം ഇതാദ്യമായാണ് തുടർച്ചയായി നാലു മത്സരങ്ങളിൽ റൊണാൾഡോ ബെഞ്ചിൽ ഇരിക്കുന്നത്‌. ഇതിൽ താരവും അദ്ദേഹത്തിന്റെ ആരാധകരും ഒട്ടും തൃപ്തരല്ല. സീസണിൽ ഏഴ് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോളോ ഒരു അസിസ്റ്റോ ഇല്ലാത്ത റൊണാൾഡോയെ ആരും ഇതുവരെ മുമ്പ് കണ്ടിട്ടില്ല.

ഈ പ്രതിസന്ധി ഘട്ടം മറികടന്ന് ടെൻ ഹാഗിന്റെ ആദ്യ ഇലവനിലേക്ക് റൊണാൾഡോ എത്തുമോ അതോ ബെഞ്ചിൽ ഇരുന്ന് താരത്തിന്റെ ഏറ്റവും മോശം സീസണിൽ ഒന്നായി ഇത് മാറുമോ എന്നതാകും ഇനി കാണേണ്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പയിൽ ഇറങ്ങും, റൊണാൾഡോ ആദ്യ ഇലവനിൽ എത്തും

ഇന്ന് യൂറോപ്പാ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരുടെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിനെ നേരിടും. ഈ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ സോസിഡാഡും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്‌. അവസാന നാലു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്ക്വാഡിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടാകും. അവസാന നാലു മത്സരങ്ങളിൽ യുണൈറ്റഡ് ബെഞ്ചിൽ ആയിരുന്നു റൊണാൾഡോയുടെ സ്ഥാനം. റൊണാൾഡോ മാത്രമല്ല കസെമിറോ, മഗ്വയർ എന്നിവർ എല്ലാം ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടെൻ ഹാഗ് തന്റെ സ്ക്വാഡിന്റെ ഡെപ്ത് അറിയാൻ ആകും ഈ മത്സരം ഉപയോഗിക്കുക. റയൽ സോസിഡാഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര എളുപ്പമാകില്ല. അവസാന രണ്ട് മത്സരങ്ങളിൽ ഫോമിലേക്ക് ഉയർന്ന സോസിഡാഡ് മാഞ്ചസ്റ്ററിൽ വന്ന് പോയിന്റ് നേടാൻ ആകും ശ്രമിക്കുക. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും സോണി ടെനിലും കാണാൻ ആകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഗ്രൂപ്പ്-സ്റ്റേജ് കാമ്പെയ്‌നിനായി 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഇയിൽ ഒമോണിയ നിക്കോസിയ, റിയൽ സോസിഡാഡ്, ഷെരീഫ് ടിറാസ്പോൾ എന്നിവരെ നേരിടുന്ന കളിക്കാരുടെ പട്ടിക ആണ് പ്രഖ്യാപിച്ചത്. ഈ ടീമിൽ ‘ബി’ ലിസ്റ്റിലുള്ളവരെ എപ്പോൾ വേണമെങ്കിലും ചേർക്കാം എന്നതിനാൽ എലാംഗയെ പോലുള്ള യുവതാരങ്ങളുടെ പേര് മാഞ്ചസ്റ്റർ യുണൈറ്റഡ് ചേർത്തിട്ടില്ല.

പരിക്ക് കാരണം ഡിഫൻഡർമാരായ ഫിൽ ജോൺസും ബ്രാൻഡൻ വില്യംസും ടീമിനൊപ്പം ഇപ്പോൾ ഇല്ല. റൊണാൾഡോ അടക്കം പ്രധാന താരങ്ങൾ എല്ലാം യൂറോപ്പ ലീഗ് സ്ക്വാഡിൽ ഉണ്ട്.

EUROPA LEAGUE SQUAD

Goalkeepers: David De Gea, Martin Dubravka, Tom Heaton.

Defenders: Diogo Dalot, Victor Lindelof, Harry Maguire, Tyrell Malacia, Lisandro Martinez, Luke Shaw, Axel Tuanzebe, Raphael Varane, Aaron Wan-Bissaka

Midfielders: Casemiro, Christian Eriksen, Bruno Fernandes, Fred, Scott McTominay, Facundo Pellistri, Jadon Sancho, Donny van de Beek.

Forwards: Antony, Alejandro Garnacho, Anthony Martial, Marcus Rashford, Cristiano Ronaldo.

റൊണാൾഡോയ്ക്ക് വരും ദിവസങ്ങളിൽ കളിക്കാൻ ആകും, ഒരു ടീം അല്ല സ്ക്വാഡ് ആണ് താൻ ഉണ്ടാക്കുന്നത് എന്ന് ടെൻ ഹാഗ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ലാത്തതിൽ ആശങ്ക വേണ്ട എന്ന് എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സ്ക്വാഡ് ആണ് താൻ ഉണ്ടാക്കുന്നത് ഒരു ടീം അല്ല എന്നും ടെൻ ഹാഗ് പറഞ്ഞു. ആദ്യ ഇലവനിൽ കളിക്കാൻ പറ്റുന്ന പതിനൊന്നിലധികം താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. ഇപ്പോൾ ബെഞ്ചിൽ ഉള്ളവർക്ക് കുറേ മത്സരങ്ങൾ ഉള്ളത് കൊണ്ട് തന്നെ വരും ആഴ്ചകളിൽ അവസരം ലഭിക്കും. ടെൻ ഹാഗ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്റെ അവസാന മൂന്ന് മത്സരത്തിലും ബെഞ്ചിൽ ആയിരുന്നു. ആ മൂന്ന് മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുകയും ചെയ്തു. റൊണാൾഡോയും കസെമിറോയും ഫിറ്റ്നെസിന്റെ കാര്യത്തിൽ പിറകിലാണെന്നും ഫിറ്റ്നെസ് മെച്ചമാകുമ്പോൾ അവർ ആദ്യ ഇലവനിലേക്ക് അടുക്കും എന്നും ടെൻ ഹാഗ് പറഞ്ഞു. ഈ സീസണിൽ ഇതുവരെ ഗോൾ നേടാൻ ആകാത്ത റൊണാൾഡോ ആഴ്സണലിന് എതിരായ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ മങ്ങുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ മങ്ങുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രൻ ആണ് ശേഷിക്കുന്നത്. റൊണാൾഡോയുടെ ഏജന്റ് ഇപ്പോൾ ചർച്ചകൾ നടത്തുന്ന നാപോളിയും സ്പോർടിങ് ലിസ്ബണും താരത്തിന്റെ സാലറി വലുത് ആയതിനാൽ ചർച്ചകളിൽ നിന്ന് പിന്മാറുന്നത് ആയാണ് സൂചന. ഇതോടെ റൊണാൾഡോ യുണൈറ്റഡ് തുടരാനുള്ള സാധ്യതകൾ ആണ് കാണുന്നത്.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കേണ്ടത് കൊണ്ടാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് ആവശ്യപ്പെട്ടത്‌. ക്ലബ് വിടാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ യുണൈറ്റഡിന്റെ അവസാന രണ്ടു മത്സരങ്ങളിലും റൊണാൾഡോ ബെഞ്ചിൽ ആയിരുന്നു. ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ഉള്ള റൊണാൾഡോ കരാർ അവസാനിക്കും വരെ യുണൈറ്റഡിൽ തുടരേണ്ടി വരും

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേറെ സ്ട്രൈക്കർമാർ ഒന്നും ഇല്ല എന്നത് കൊണ്ട് തന്നെ റൊണാൾഡോ ക്ലബിൽ തുടർന്നാൽ അത് യുണൈറ്റഡിന് നല്ല കാര്യം ആകും.

എല്ലാ ശരിയാക്കണം, ആദ്യം വിജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വലിയ ഒരു പോരാട്ടമാണ് നടക്കാൻ പോകുന്നത്. ഓൾഡ്ട്രാഗോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികൾ ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോൾ രണ്ട് ടീമുകളുടെയും ലക്ഷ്യം ആദ്യ വിജയം ആകും. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് നിൽക്കുന്നത്. രണ്ട് പരാജയങ്ങളും വന്നത് താരതമ്യേന ദുർബലരായ ബ്രൈറ്റണും ബ്രെന്റ്ഫോർഡിനും എതിരെ ആയിരുന്നു.

അതിൽ ബ്രെന്റ്ഫോർഡിന് എതിരായ 4-0ന്റെ പരാജയം യുണൈറ്റഡ് ആരാധകർ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തത് ആകും. യുണൈറ്റഡ് ഇപ്പോൾ ലീഗിൽ അവസാന സ്ഥാനത്താണ്. ഇന്ന് ടെൻ ഹാഗ് ടീമിൽ വലിയ മാറ്റങ്ങൾ നടത്തിയേക്കും. റൊണാൾഡോ പുറത്ത് ഇരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. മാർഷ്യൽ പരിക്ക് മാറി ഇന്ന് ടീമിൽ എത്തിയേക്കും. പുതിയ സൈനിംഗ് കസെമിറോക്ക് ഇന്ന് കളിക്കാൻ ആകില്ല.

ലിവർപൂൾ കളിച്ച രണ്ട് മത്സരങ്ങളിലും സമനിലയുമായാണ് ഓൾഡ്ട്രാഫോർഡിൽ എത്തുന്നത്. ഇതുവരെ വിജയം ഇല്ല എങ്കിലും ഇന്ന് ലിവർപൂൾ ആണ് ഫേവറിറ്റ്സ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ വിജയം നേടാൻ ലിവർപൂളിനായിരുന്നു. കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് വാങ്ങിയ നൂനിയസ് ഇന്ന് ലിവർപൂളിന് ഒപ്പം ഉണ്ടാകില്ല. പരിക്ക് കാരണം പല പ്രധാന താരങ്ങളും ലിവർപൂൾ നിരയിൽ ഇല്ല എന്നതും ക്ലോപ്പിന് തലവേദന ആകും.

ഇന്ന് രാത്രി 12.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

Exit mobile version