മാച്ച് പോയിന്റ് രക്ഷിച്ചു അവിശ്വസനീയ തിരിച്ചു വരവുമായി കരോളിന മുചോവ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ രണ്ടാം സീഡ് ആര്യാന സബലങ്കയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുചോവ ഫൈനലിൽ. മൂന്നു മണിക്കൂർ 13 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷമാണ് ചെക് താരം മത്സരത്തിൽ ജയം കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ മുചോവ പക്ഷെ രണ്ടാം സെറ്റ് അതേ രീതിയിൽ തന്നെ കൈവിട്ടു.

മൂന്നാം സെറ്റിൽ സബലങ്കയുടെ ആധിപത്യം ആണ് ആദ്യം കാണാൻ ആയത്. 5-2 നു മുന്നിലെത്തിയ രണ്ടാം സീഡിന് ഒരു പോയിന്റ് മാത്രം അകലെ ഫൈനൽ ഉണ്ടായിരുന്നു. എന്നാൽ തന്റെ സർവീസിൽ മാച്ച് പോയിന്റ് രക്ഷിച്ച മുചോവ അവിശ്വസനീയ തിരിച്ചു വരവാണ് പിന്നീട്‌ നടത്തിയത്. തുടർന്ന് ഒരു ഗെയിം പോലും നൽകാതെ 7-5 നു സെറ്റ് നേടിയ ചെക് താരം ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. കഴിഞ്ഞ സീസണിൽ കണ്ണീരോടെ റോളണ്ട് ഗാരോസ് കളം വിട്ട താരത്തിന് ഇത് വലിയ നേട്ടം തന്നെയാണ്. ഫൈനലിൽ ഇഗ സ്വിയാറ്റക്, ബിയാട്രിസ് ഹദ്ദാദ് മയിയ മത്സര വിജയിയെ ആണ് മുചോവ നേരിടുക.

വനിത ഡബിൾസിൽ അയോഗ്യത! ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നേടി പ്രതികാരം!

ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നേടി ജപ്പാനീസ്, ജർമ്മൻ സഖ്യമായ മിയു കറ്റോ, ടിം പുറ്റ്സ് സഖ്യം. കനേഡിയൻ, ന്യൂസിലാൻഡ് സഖ്യമായ ബിയാങ്ക ആന്ദ്രീസ്കു, മൈക്കിൾ വീനസ് സഖ്യത്തെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് അവർ തോൽപ്പിച്ചത്. ഇരുവരുടെയും കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടനേട്ടവും ആണ് ഇത്. മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം അതേ നാണയത്തിൽ തന്നെ ജർമ്മൻ, ജപ്പാനീസ് സഖ്യം തിരിച്ചടിച്ചു.

മത്സരത്തിൽ 2 ബ്രേക്ക് വഴങ്ങിയ അവർ 2 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് സൂപ്പർ ടൈബ്രേക്കിൽ 10-6 നു ജയം കണ്ടാണ് ജർമ്മൻ, ജപ്പാനീസ്‌ സഖ്യം കിരീടം സ്വന്തമാക്കിയത്. സീഡ് ചെയ്യാത്ത ടീമുകൾ തമ്മിൽ മികച്ച പോരാട്ടം ആണ് ഫൈനലിൽ കണ്ടത്. വനിത ഡബിൾസിൽ ബോൾ ഗേളിനു താൻ അടിച്ച പന്ത് അബദ്ധത്തിൽ കൊണ്ടതിനാൽ പങ്കാളിക്ക് ഒപ്പം അയോഗ്യത നേരിട്ടു കണ്ണീരോടെ കളം വിട്ട ജപ്പാനീസ് താരം മിയു കറ്റോവിനു ഇത് മധുരപ്രതികാരം ആയി. വലിയ വിവാദം ആണ് ഈ അയോഗ്യത ടെന്നീസ് ലോകത്ത് സൃഷ്ടിച്ചത്.

ജോക്കോവിച് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

നൊവാക് ജോക്കോവിച് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു ‌ കോർട്ട് ഫിലിപ്പ് ചാട്രിയറിൽ ജുവാൻ പാബ്ലോ വരില്ലസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ 2023 പുരുഷ സിംഗിൾസിന്റെ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഒരു മണിക്കൂറും 57 മിനിറ്റും നീണ്ട മത്സരത്തിൽ 6-3, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു വിജയം.

റോളണ്ട് ഗാരോസിൽ ഏറ്റവും കൂടുതൽ ക്വാർട്ടർ ഫൈനലിൽ കടന്ന റാഫേൽ നദാലിന്റെ റെക്കോർഡ് ഈ ജയത്തോടെ ജോക്കോവിച്ച് തകർത്തു. നദാലിന്റെ 16 തവണയാണ് ഇവിടെ ക്വാർട്ടർ കളിച്ചത്. ജോക്കോവിച് ഇനി കളിക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ 17ആം ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറൽർ ഫൈനൽ ആയിരിക്കും.

റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിൽ നിന്നു പിന്മാറി, അടുത്ത വർഷം വിരമിക്കും എന്നും സൂചന

ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നു റാഫേൽ നദാൽ പിന്മാറി. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഹിപ്പിന് ഏറ്റ പരിക്ക് കാരണം ആണ് ടൂർണമെന്റിൽ നിന്നു പിന്മാറിയത്. വരുന്ന മാസങ്ങളിൽ ടെന്നീസ് കളത്തിൽ തിരിച്ചെത്തുന്ന കാര്യം അസാധ്യം ആണെന്നും നദാൽ പറഞ്ഞു. 2004 നു ശേഷം ഇത് ആദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ കളിക്കാതെ ഇരിക്കുന്നത്.

പരിക്ക് കാരണം നദാൽ പിന്മാറുന്ന 13 മത്തെ ഗ്രാന്റ് സ്‌ലാം ആണ് ഇത്. എന്നു കളത്തിലേക്ക് തിരിച്ചു വരും എന്ന് അറിയാത്ത നദാൽ ഇതോടെ ലോക റാങ്കിംഗിൽ ആദ്യ നൂറിൽ നിന്നു പുറത്ത് ആവും. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അടുത്ത വർഷം തന്റെ കരിയറിലെ അവസാന വർഷം ആയേക്കും എന്ന സൂചനയും നദാൽ നൽകി. നിലവിൽ ഈ വർഷം അവസാനം ഡേവിസ് കപ്പിന്റെ സമയത്ത് തിരിച്ചു വരാൻ ആവും നദാൽ ശ്രമം. നദാലിന്റെ പിന്മാറ്റവും ജ്യോക്കോവിച്ച് അത്ര മികവിൽ ഇല്ലാത്തതും നിലവിലെ ഫ്രഞ്ച് ഓപ്പണിനെ വലിയ നിലക്ക് പ്രവചനാതീതമാക്കുന്നുണ്ട്.

Exit mobile version