അതുഗ്രൻ! അൽകാരസ് ഫ്രഞ്ച് ഓപ്പൺ അവസാന എട്ടിൽ, ക്വാർട്ടർ ഫൈനലിൽ സിറ്റിപാസ് എതിരാളി

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. അതുഗ്രൻ പ്രകടനത്തിലൂടെ കനേഡിയൻ താരം 21 സീഡ് ഫീലിക്സിനെ 6-3, 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത അൽകാരസ് മത്സരത്തിൽ സമ്പൂർണ ആധിപത്യം ആണ് പുലർത്തിയത്. 6 തവണ എതിരാളിയുടെ സർവീസും താരം ഭേദിച്ചു. തുടർച്ചയായ മൂന്നാം തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന അൽകാരസിന് ഇത് എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ കൂടിയാണ്.

ഇറ്റാലിയൻ താരം മറ്റെയോ അർനാൾഡിയെ 3-6, 7-6, 6-2, 6-2 എന്ന സ്കോറിന് തിരിച്ചു വന്നു മറികടന്ന ഒമ്പതാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ആണ് അൽകാരസിന്റെ ക്വാർട്ടർ ഫൈനൽ എതിരാളി. ആദ്യ സെറ്റ് 3-6 നു കൈവിട്ട സിറ്റിപാസ് രണ്ടാം സെറ്റിൽ 3-5(15-40) പിറകിൽ നിന്ന ശേഷമാണ് മത്സരത്തിൽ തിരിച്ചു വന്നു ജയം കണ്ടത്. കരിയറിലെ എട്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന സിറ്റിപാസിന് ഇത് ഫ്രഞ്ച് ഓപ്പണിലെ നാലാം ക്വാർട്ടർ ഫൈനൽ കൂടിയാണ്.

ഫ്രഞ്ച് ഓപ്പൺ; പുരുഷ ഡബിൾസിൽ ബൊപ്പണ്ണ പ്രീക്വാർട്ടറിൽ

ഫ്രഞ്ച് ഓപ്പണിൽ ബൊപ്പണ്ണ/എബ്ദൻ സഖ്യത്തിന് പുരുഷ ഡബിൾസിൽ വിജയ തുടക്കം. ഇന്ന് ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യന്മാരായ രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും 7-5, 4-6, 6-4 എന്ന സ്കോറിന് മാർസെലോ സോർമാൻ/ഒർലാൻഡോ ലൂസിനെ ആണ് പരാജയപ്പെടുത്തിയത്‌.

ബൊപ്പണ്ണ സഖ്യം ഇനി രണ്ടാം റൗണ്ടിൽ നേരിടേണ്ടിയിരുന്ന ബേസ്/സെയ്ബോത് സഖ്യം ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനാൽ ബൊപ്പണ്ണ വാക്ക് ഓവറിലൂടെ നേരിട്ട് പ്രീക്വാർട്ടറിലേക്ക് എത്തി. പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം ശ്രീറാം ബാലാജിയും മെക്സിക്കൻ താരം റയെസ് വരേലയും ചേർന്നുള്ള ജ്ജൊഡിയെ ആകും ബൊപ്പണ്ണ ഇനി നേരിടുക.

ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി നൊവാക് ജ്യോക്കോവിച്

അനായാസം ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം റോബർട്ടോ ബയെനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച് രണ്ടാം റൗണ്ടിൽ തകർത്തത്. മത്സരത്തിൽ വലിയ വെല്ലുവിളി നേരിടാത്ത ജ്യോക്കോവിച് 6-4, 6-1, 6-2 എന്ന സ്കോറിനു ആണ് മത്സരത്തിൽ ജയം കണ്ടത്. തകർപ്പൻ ഫോമിലുള്ള ജ്യോക്കോവിച് തന്റെ 25 മത്തെ ഗ്രാന്റ് സ്ലാം കിരീടം ആണ് പാരീസിൽ ലക്ഷ്യം വെക്കുന്നത്.

അതേസമയം നാലാം സീഡ് ജർമ്മൻ താരം സാഷ സെരവ് ബെൽജിയം താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 7-6 നു നേടിയ സാഷ 6-2, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ വാക്ക് ഓവർ ലഭിച്ച അഞ്ചാം സീഡ് ഡാനിൽ മെദ്വദേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

‘പാരീസിൽ ഒളിമ്പിക്സ് കളിക്കാൻ തിരിച്ചെത്തും, ഇത് അവസാന ഫ്രഞ്ച് ഓപ്പൺ മത്സരം ആണെന്ന് ഉറപ്പില്ല’ – നദാൽ

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് പരാജയത്തിന് പിറകെ വികാരീതനായി റാഫ നദാൽ. ഇത് തന്റെ അവസാന ഫ്രഞ്ച് ഓപ്പൺ മത്സരം ആണെന്ന് 100 ശതമാനം ഉറപ്പില്ലെന്നു പറഞ്ഞ 14 തവണത്തെ റോളണ്ട് ഗാരോസ് ചാമ്പ്യൻ അങ്ങനെ ആണെങ്കിൽ ഈ മത്സരം താൻ നന്നായി ആസ്വദിച്ചത് ആയി നദാൽ കൂട്ടിച്ചേർത്തു. ആരാധകർക്ക് നന്ദി പറഞ്ഞ താരം എന്നത്തേയും പോലെ അവർ അത്രമേൽ തനിക്ക് പ്രിയപ്പെട്ടത് ആണെന്നും കൂട്ടിച്ചേർത്തു.

മികച്ച മത്സരത്തിന് സാഷയെ അഭിനന്ദിച്ച നദാൽ താരം ജയം അർഹിച്ചത് ആയും കൂട്ടിച്ചേർത്തു. കഴിഞ്ഞ 2 വർഷം പരിക്ക് കാരണം ഭയങ്കര ബുദ്ധിമുട്ട് ആയതിനാൽ തന്നെ ഫ്രഞ്ച് ഓപ്പണിലേക്കുള്ള മടങ്ങിവരവ് സ്വപ്നം ആയിരുന്നു എന്നും നദാൽ പറഞ്ഞു. ഇനി ഒരു ഫ്രഞ്ച് ഓപ്പൺ കളിക്കും എന്നു ഉറപ്പില്ല എന്നു പറഞ്ഞ നദാൽ ഈ വർഷം ഒളിമ്പിക്സ് കളിക്കാൻ ഈ മൈതാനത്ത് തിരിച്ചെത്തും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ കുടുംബത്തിനും ടീമിനും ഫ്രഞ്ച് ഓപ്പൺ അധികൃതർക്കും നന്ദി പറഞ്ഞ നദാൽ ഒരിക്കൽ കൂടി കാണാം എന്ന പ്രതീക്ഷയോടെയാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വളരെ വികാരീതനായി കാണപ്പെട്ട നദാൽ ഇടക്ക് കരയുന്നതും കാണാൻ ആയി, പ്രശസ്തർ ഒരുപാട് പേർ തിങ്ങിനിറഞ്ഞ റോളണ്ട് ഗാരോസ് വേദിയിൽ ആരാധകരും നദാലിന് ഒപ്പം കരയുന്നതിനും ലോകം സാക്ഷിയായി.

യുഗാന്ത്യം? റാഫ നദാൽ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത്

റോളണ്ട് ഗാരോസിൽ കളിമണ്ണ് കോർട്ടിലെ ദൈവം റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ മടക്കം. ദീർഘകാലത്തെ പരിക്കിന്‌ ശേഷം ഫ്രഞ്ച് ഓപ്പൺ കളിക്കാൻ എത്തിയ റാഫ നദാൽ ആദ്യ റൗണ്ടിൽ നാലാം സീഡ് സാഷ സെരവിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. ആദ്യ സർവീസിൽ തന്നെ ബ്രേക്ക് വഴങ്ങി കളി തുടങ്ങിയ നദാൽ തന്റെ പഴയ പ്രതാപം ഇടക്ക് പുറത്ത് എടുക്കുന്നതും കണ്ടു. ജ്യോക്കോവിച്ചും, അൽകാരസും, സ്വിയെറ്റകും അടക്കം ടെന്നീസ് ലോകത്തിലെ പ്രമുഖർ എല്ലാം കളി കാണാൻ എത്തിയ മത്സരത്തിൽ മൂന്നു മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ ആണ് നദാൽ കീഴടങ്ങിയത്. ആദ്യ സെറ്റിൽ 2 തവണ ബ്രേക്ക് വഴങ്ങിയ നദാൽ സെറ്റ് 6-3 നു കൈവിട്ടു.

എന്നാൽ രണ്ടാം സെറ്റിൽ കൂടുതൽ പൊരുതിയ നദാൽ സാഷയുടെ സർവീസ് ബ്രേക്ക് ചെയ്യുന്നതും കണ്ടു. എന്നാൽ ടൈബ്രേക്കറിലേക്ക് പോയ ഉഗ്രൻ സെറ്റിൽ പക്ഷെ 7-5 ടൈബ്രേക്കർ പിടിച്ച സാഷ സെറ്റ് 7-6 നു സ്വന്തം പേരിലാക്കി. മൂന്നാം സെറ്റിലും നദാലിന്റെ പോരാട്ടം കണ്ടെങ്കിലും ഒരിഞ്ചു വിട്ടു നൽകാൻ സാഷ തയ്യാറായില്ല. രണ്ടു തവണ നദാലിന്റെ സർവീസ് ഈ സെറ്റിലും ജർമ്മൻ താരം ബ്രേക്ക് ചെയ്തു. എന്നാൽ ഇടക്ക് രണ്ടു ബ്രേക്ക് പോയിന്റ് സൃഷ്ടിച്ചു നദാൽ തനിക്ക് ആയി ആർത്തു വിളിച്ച ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും സാഷ ഇത് മികച്ച കളിയിയിലൂടെ തിരിച്ചു പിടിച്ചു. ഒടുവിൽ സെറ്റ് 6-3 നു അടിയറവ് പറഞ്ഞ നദാൽ മത്സരത്തിൽ പരാജയം സമ്മതിച്ചു. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഇത് ആദ്യമായാണ് ആദ്യ റൗണ്ടിൽ പുറത്ത് ആവുന്നത്. തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പൺ മത്സരം ആവാം ഇത് എന്നു നേരത്തെ പറഞ്ഞ നദാലിനെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ തോൽപ്പിക്കുന്ന വെറും മൂന്നാമത്തെ മാത്രം താരമായി സാഷ മാറി.

നൊവാക് ജ്യോക്കോവിച് @ 23!!! ജോക്കർ ഇയാൾ എന്തൊരു മനുഷ്യൻ!!!

2023 ലെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി സെർബിയൻ താരവും മൂന്നാം സീഡും ആയ നൊവാക് ജ്യോക്കോവിച്. നാലാം സീഡ് കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് നൊവാക് കിരീടം ഉയർത്തിയത്. കരിയറിൽ താരം നേടുന്ന 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവും ആണ് ഇത്. ഇതോടെ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കിരീടങ്ങൾ എന്ന നേട്ടത്തിൽ റാഫ നദാലിനെ നൊവാക് മറികടന്നു. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ റാങ്കിംഗിലേക്ക് നൊവാക് തിരിച്ചു എത്തുകയും ചെയ്തു. നാല് ഗ്രാന്റ് സ്ലാമുകളും മൂന്നിൽ അധികം നേടുന്ന ആധുനിക യുഗത്തിലെ ആദ്യ താരവും നൊവാക് ആണ്.

തീർത്തും ഏകപക്ഷീയമായി ഫൈനൽ നൊവാക് ജയിക്കുന്നത് ആണ് കാണാൻ ആയത്. മികച്ച തുടക്കം ലഭിച്ച റൂഡ് ആദ്യ സർവീസിൽ തന്നെ ജ്യോക്കോവിചിന്റെ സർവീസ് ബ്രേക്ക് ചെയ്തു എങ്കിലും സെറ്റിൽ നിൽക്കാൻ പൊരുതിയ നൊവാക് ബ്രേക്ക് പൊരുതി തിരിച്ചു പിടിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക് എത്തിച്ച നൊവാക് അനായാസം അത് ജയിച്ചു സ്വന്തം പേരിൽ കുറിക്കുന്നത് ആണ് കാണാൻ ആയത്. ഇതിനു ശേഷം ജ്യോക്കോവിച് ആധിപത്യം ആണ് മത്സരത്തിൽ ഉടനീളം കണ്ടത്. 2 തവണ ബ്രേക്ക് നേടി രണ്ടാം സെറ്റ് 6-3 നു നേടിയ നൊവാക് മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി.

 

തുടർന്ന് മൂന്നാം സെറ്റിൽ റൂഡ് പൊരുതി നോക്കിയെങ്കിലും അവസാന സർവീസിൽ ബ്രേക്ക് കണ്ടത്തിയ ജ്യോക്കോവിച് സെറ്റ് 7-5 നു നേടി തന്റെ 23 മത്തെ ഗ്രാന്റ് സ്ലാം നേട്ടം ആഘോഷിച്ചു. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത നൊവാക് 4 തവണ എതിരാളിയുടെ സർവീസും ബ്രേക്ക് ചെയ്തു. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും ഈ വർഷം നേടിയ നൊവാക് കരിയറിൽ മൂന്നാം തവണയും ഇത് വരെ നേടാൻ ആവാത്ത കലണ്ടർ സ്ലാം ആവും ഇനി ലക്ഷ്യം വക്കുക. നാലാം ഗ്രാന്റ് സ്ലാം ഫൈനലിലും റൂഡ് പരാജയപ്പെട്ടപ്പോൾ നിസംശയം ടെന്നീസിലെ ഏറ്റവും മഹത്തായ താരം താൻ തന്നെയാണ് എന്നു ഇന്ന് നൊവാക് ജ്യോക്കോവിച് വിളിച്ചു പറയുക ആയിരുന്നു.

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസ് കിരീടം ചൈനീസ്, തായ്‌വാൻ സഖ്യത്തിന്

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ കിരീടം ഉയർത്തി ചൈനീസ്, തായ്‌വാൻ സഖ്യമായ വാങ് ഷിനു, സെയ് സു-വെയ് സഖ്യം. പത്താം സീഡ് ആയ അമേരിക്കൻ കനേഡിയൻ സഖ്യമായ ടെയ്‌ലർ തൗസന്റ്, ലെയ്ല ആനി ഫെർണാണ്ടസ് സഖ്യത്തെ ആണ് അവർ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നത്. ആദ്യ സെറ്റ് 6-1 നു കൈവിട്ട ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ സീഡ് ചെയ്യാത്ത സഖ്യം മൂന്നാം സെറ്റ് 6-1 നു ജയിച്ചു ആണ് കിരീടം നേടിയത്.

വിരമിക്കൽ പിൻവലിച്ചു 2 കൊല്ലത്തിന് ശേഷം ടെന്നീസ് കളത്തിൽ തിരിച്ചു വന്ന സു-വെയിന് ഇത് അഞ്ചാം ഗ്രാന്റ് സ്ലാം കിരീട നേട്ടം ആണ്. അതേസമയം സിംഗിൾസിൽ ഇഗയോട് 6-0, 6-0 എന്ന സ്കോറിന് തകർന്നു പുറത്ത് പോയ വാങിനും ഇത് വലിയ തിരിച്ചു വരവ് തന്നെയാണ്. വാങ് നേടുന്ന ആദ്യ ഗ്രാന്റ് സ്ലാം കിരീട നേട്ടവും ആണ് ഇത്.

അനായാസം ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടി ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യം

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം അനായാസം നേടി ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യമായ ഇവാൻ ഡോഡിഗ്, ഓസ്റ്റിൻ ക്രാജിചക് സഖ്യം. നാലാം സീഡ് ആയ അവർ ബെൽജിയം സഖ്യമായ സീഡ് ചെയ്യാത്ത ജോറൻ വിളിഗൻ, സാന്ദർ ഗില്ലി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫൈനലിൽ തോൽപ്പിച്ചത്.

മത്സരത്തിൽ നാലു തവണ എതിരാളികളുടെ സർവീസ് ബ്രേക്ക് ചെയ്ത ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യം 6-3, 6-1 എന്ന സ്കോറിനു ആണ് ജയം കണ്ടത്. കഴിഞ്ഞ സീസണിൽ മാച്ച് പോയിന്റ് നഷ്ടമാക്കി കിരീടം നഷ്ടമാക്കിയ സഖ്യത്തിന് ഇത് മധുരമുള്ള തിരിച്ചു വരവ് ആയി. 38 കാരനായ ഇവാൻ തന്റെ മികവ് തുടർന്നപ്പോൾ ഓസ്റ്റിന് ഇത് ആദ്യ ഡബിൾസ് ഗ്രാന്റ് സ്ലാം കിരീടം ആണ്.

ചെക് താരത്തിന്റെ പോരാട്ടം അതിജീവിച്ചു മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ഇഗ സ്വിറ്റെക്!

കരിയറിൽ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി പോളണ്ട് താരവും ലോക ഒന്നാം നമ്പർ താരവുമായ ഇഗ സ്വിറ്റെക്. തുടർച്ചയായ രണ്ടാം വർഷമാണ് ഇഗ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്നത്. 2007 നു ശേഷം ആദ്യമായി ആണ് ഒരു വനിത താരം ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തുന്നത്. കരിയറിലെ നാലാം ഗ്രാന്റ് സ്ലാം കിരീടം ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. 2 മണിക്കൂർ 47 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുകോവയെ തോൽപ്പിച്ചത്.

വളരെ മികച്ച തുടക്കം ആണ് മത്സരത്തിൽ ഇഗക്ക് ലഭിച്ചത്. 2 തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ഇഗ ആദ്യ സെറ്റ് അനായാസം 6-2 നു നേടി. രണ്ടാം സെറ്റിലും നല്ല തുടക്കം ആണ് ഇഗക്ക് ലഭിച്ചത്. എന്നാൽ ബ്രേക്ക് വഴങ്ങിയ ശേഷം ബ്രേക്ക് നേടി മത്സരത്തിലേക്ക് തിരിച്ചു വരുന്ന മുകോവയെ ആണ് രണ്ടാം സെറ്റിൽ കാണാൻ ആയത്. പിന്നീട് ബ്രേക്ക് ഒരിക്കൽ കൂടി വഴങ്ങിയ ഇഗ ബ്രേക്ക് തിരിച്ചു പിടിച്ചു എങ്കിലും ഒരിക്കൽ കൂടി ബ്രേക്ക് നേടിയ മുകോവ സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ മുകോവ ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്തു.

എന്നാൽ ഒരിക്കൽ കൂടി ഇഗ ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്നും ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്യാൻ ചെക് താരത്തിന് ആയെങ്കിലും ഇഗ ഒരിക്കൽ കൂടി ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് സർവീസ് നിലനിർത്തിയ ഇഗ മുകോവയുടെ സർവീസിൽ 2 ബ്രേക്ക്/മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. അവസാന സർവീസിൽ സർവീസ് ഇരട്ട പിഴവ് വരുത്തിയ മുകോവ സെറ്റ് 6-4 നു കൈവിട്ടതോടെ ഇഗ തുടർച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുക ആയിരുന്നു. മത്സരത്തിൽ 5 സർവീസ് ബ്രേക്ക് വഴങ്ങിയ ഇഗ ചെക് താരത്തിന്റെ സർവീസ് 7 തവണയാണ് ബ്രേക്ക് ചെയ്തത്. ഈ മികവ് വരുന്ന ഗ്രാന്റ് സ്ലാമുകളിൽ നിലനിർത്താൻ ആവും ഇഗ ശ്രമിക്കുക. ഫ്രഞ്ച് ഓപ്പണിന് ഒപ്പം ലോക ഒന്നാം നമ്പർ സ്ഥാനവും ഇഗ നിലനിർത്തി.

സാഷയെ നാണം കെടുത്തി കാസ്പർ റൂഡ് തുടർച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

തുടർച്ചയായ രണ്ടാം വർഷവും ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി കാസ്പർ റൂഡ്. നാലാം സീഡ് ആയ നോർവീജിയൻ താരം 22 സീഡ് ആയ സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെമിയിൽ തോൽപ്പിച്ചത്. 24 കാരനായ താരം മത്സരത്തിൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും നേടിയ റൂഡ് മൂന്നാം സെറ്റിൽ സാഷയെ ബേഗൽ നേടി 6-0 നു നാണം കെടുത്തി.

മത്സരത്തിൽ 6 തവണ ജർമ്മൻ താരത്തിന്റെ സർവീസ് ഭേദിച്ച റൂഡ് ഒരുതവണ മാത്രം ആണ് മത്സരത്തിൽ ബ്രേക്ക് വഴങ്ങിയത്. കഴിഞ്ഞ വർഷം ഫൈനലിൽ നദാലിനോട് കീഴടങ്ങിയ റൂഡ് കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം ആണ് ലക്ഷ്യം വക്കുന്നത്. കളിച്ച കഴിഞ്ഞ അഞ്ച് ഗ്രാന്റ് സ്ലാമുകളിൽ റൂഡിന്റെ മൂന്നാം ഫൈനൽ കൂടിയാണ് ഇത്. ഫൈനലിൽ തന്റെ 23 മത്തെ മേജർ കിരീടം ലക്ഷ്യം വക്കുന്ന നൊവാക് ജ്യോക്കോവിച് ആണ് കാസ്പർ റൂഡിന്റെ എതിരാളി.

അൽകാരസിന് മുന്നിൽ പരിക്ക് വില്ലനായി,ജ്യോക്കോവിച് ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

കരിയറിലെ 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണും ലക്ഷ്യമിടുന്ന മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയയെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ജ്യോക്കോവിച് ഫൈനലിൽ എത്തിയത്. കരിയറിൽ ആദ്യമായി ആണ് ഇരു താരങ്ങളും ഗ്രാന്റ് സ്ലാം വേദിയിൽ ഏറ്റുമുട്ടിയത്. മൂന്നാം സെറ്റിൽ കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് പരിക്ക് വച്ചാണ് അൽകാരസ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ ആദ്യ സെറ്റിൽ ആദ്യം തന്നെ ബ്രേക്ക് കണ്ടത്തിയ നൊവാക് സെറ്റിൽ ആധിപത്യം നേടി. തുടർന്ന് തിരിച്ചു ബ്രേക്ക് ചെയ്യാനുള്ള അൽകാരസിന്റെ ശ്രമങ്ങൾ നന്നായി സർവീസ് ചെയ്തു രക്ഷിച്ച നൊവാക് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം സെറ്റിൽ മികച്ച പ്രകടനം തന്നെയാണ് ഇരുവരും പുറത്ത് എടുത്തത്. 10 മത്തെ ശ്രമത്തിൽ നൊവാകിന്റെ സർവീസ് ബ്രേക്ക് ചെയ്യാൻ സാധിച്ച അൽകാരസ് സെറ്റിൽ ആധിപത്യം നേടി. എന്നാൽ തൊട്ടടുത്ത സർവീസിൽ തിരിച്ചു ബ്രേക്ക് ചെയ്ത നൊവാക് മത്സരത്തിൽ തിരിച്ചെത്തി. തുടർന്ന് സ്വന്തം സർവീസിൽ 3 സെറ്റ് പോയിന്റുകൾ രക്ഷിച്ച നൊവാക് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. എന്നാൽ അവിടെ നിന്നു ഒരിക്കൽ കൂടി ബ്രേക്ക് കണ്ടത്തിയ അൽകാരസ് തുടർന്ന് സർവീസ് കൂടി നിലനിർത്തി സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ 1-0 നിൽക്കുമ്പോൾ ആണ് അൽകാരസിനെ തേടി പരിക്ക് എത്തിയത്. കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് ഗെയിമിനു ഇടയിൽ അൽകാരസ് വൈദ്യസഹായം തേടിയതോടെ ഗെയിം റഫറി ജ്യോക്കോവിചിനു നൽകിയത് കാണികളെ ചൊടിപ്പിച്ചു.

പരിക്കിന്‌ ശേഷം തന്റെ മികവിന്റെ നിഴലിൽ ആയിരുന്നു അൽകാരസ്. അനായാസം പോയിന്റുകൾ നേടിയ നൊവാക് മൂന്നാം സെറ്റ് 6-1 എന്ന സ്കോറിനു സ്വന്തമാക്കി. നാലാം സെറ്റിലും സമാനമായ കാഴ്ചയാണ് കാണാൻ ആയത്. 5-0 ൽ നിൽക്കുമ്പോൾ ഒരു ഗെയിം സ്വന്തമാക്കാൻ ആയെങ്കിലും 6-1 നു നാലാം സെറ്റും കൈവിട്ട അൽകാരസ് മത്സരം അടിയറവ് പറഞ്ഞു. പരിക്കിന്‌ ശേഷം ഒരു ഗെയിം മാത്രം ജയിക്കാൻ ആണ് അൽകാരസിന് ആയത്. വലിയ നിരാശ തന്നെയാവും 20 കാരൻ ആയ ലോക ഒന്നാം നമ്പറിന് ഈ പരാജയം സമ്മാനിക്കുക. ഫ്രഞ്ച് ഓപ്പണിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിചിന് ഇത് ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ ആണ്. അതേസമയം റെക്കോർഡ് 34 മത്തെ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് സെർബിയൻ താരം പാരീസിൽ കളിക്കുക. ഫൈനലിൽ കാസ്പർ റൂഡ്, സാഷ സെരവ് മത്സരവിജയിയെ ആണ് ജ്യോക്കോവിച് നേരിടുക.

ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇഗ, ഒന്നാം റാങ്കും നിലനിർത്തും

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസിൽ ഫൈനലിലേക്ക് മുന്നേറി പോളണ്ട് താരവും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക്. സെമി ഫൈനലിൽ ബ്രസീലിയൻ താരവും 14 സീഡും ആയ ബിയാട്രിസ് ഹദ്ദാദ് മയിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തോൽപ്പിച്ചത്. കഴിഞ്ഞ നാലു വർഷങ്ങളിൽ മൂന്നാം റോളണ്ട് ഗാരോസ് ഫൈനൽ ആണ് ഇഗക്ക് ഇത്.

ആദ്യ സെറ്റ് അനായാസം 6-2 നു നേടിയ ഇഗ രണ്ടാം സെറ്റിൽ ആദ്യം ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വരിക ആയിരുന്നു. തുടർന്ന് കടുത്ത ടൈബ്രേക്കറിൽ ആണ് ഇഗ ജയം കണ്ടത്. മത്സരത്തിൽ നാലു തവണ എതിരാളിയുടെ സർവീസ് ഇഗ ഭേദിച്ചു. പാരീസിൽ തുടർച്ചയായ പതിമൂന്നാം ജയം ആണ് ഇഗക്ക് ഇത്. ഫൈനൽ ഉറപ്പിച്ചതോടെ കപ്പ് നേടിയില്ലെങ്കിലും ലോക ഒന്നാം നമ്പർ സ്ഥാനം ഇഗ നിലർത്തും എന്നു ഉറപ്പായി. ഫൈനലിൽ കരോളിന മുചോവയെ ആണ് ഇഗ നേരിടുക.

Exit mobile version