തന്റെ ബാറ്റിംഗ് ശൈലി മാറ്റില്ല എന്ന് രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഫൈനൽ വിജയത്തിൽ 83 പന്തിൽ നിന്ന് നിർണായകമായ 76 റൺസ് നേടിയതിന് ശേഷം സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ താൻ ബാറ്റിംഗ് ശൈലി മാറ്റില്ല എന്ന് പറഞ്ഞു.

“എനിക്ക് ഇത് സ്വാഭാവികമായി വരുന്നതല്ല. പക്ഷേ ഞാൻ ശരിക്കും അങ്ങനെ അറ്റാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങൾ വ്യത്യസ്തമായ എന്തെങ്കിലും ശ്രമിക്കുമ്പോൾ, നിങ്ങൾക്ക് ടീമിന്റെ പിന്തുണ ആവശ്യമാണ്, അവർ എന്നോടൊപ്പം ഉണ്ടായിരുന്നു: 2023 ലോകകപ്പിൽ രാഹുൽ ഭായ്, ഇപ്പോൾ ഗൗതി ഭായി. അവർ എനിക്ക് ഒപ്പം ഉണ്ട്.” രോഹിത് പറഞ്ഞു.

“ഞാൻ ഇത്രയും വർഷമായി വ്യത്യസ്തമായ ശൈലിയിലാണ് കളിച്ചത്; വ്യത്യസ്തമായി കളിച്ച് നമുക്ക് ഫലങ്ങൾ നേടാൻ കഴിയുമോ എന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു,” മത്സരത്തിന് ശേഷം രോഹിത് ശർമ്മ പറഞ്ഞു.

ന്യൂസിലൻഡിനോടും ഓസ്ട്രേലിയയോടും ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം രോഹിത് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു.

ഞാൻ ഏകദിനത്തിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല – രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിച്ച രോഹിത് ശർമ്മ താൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു.

ദുബായിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷം, രോഹിത് തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചു. “ഭാവി പദ്ധതികളൊന്നുമില്ല, കാര്യങ്ങൾ ഇതേപടി തുടരും. ഞാൻ ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല. മുന്നോട്ട് പോകുമ്പോൾ ഒരു അഭ്യൂഹങ്ങളും പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി മാത്രം ആണ് ഈ ഉത്തരം പറയുന്നത്”

ഇന്ത്യയുടെ വിജയത്തിൽ രോഹിത് നിർണായക പങ്ക് വഹിച്ചു, 83 പന്തിൽ ഏഴ് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 76 റൺസ് നേടി. ഈ വിജയം ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടമായി.

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രോഹിത് ശർമ്മ

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ തകർപ്പൻ ഇന്നിംഗ്സുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലൻഡ് ഉയർത്തിയ 252 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നല്ല തുടക്കം നൽകാൻ രോഹിത് ശർമ്മക്ക് ആയി.

അദ്ദേഹം തുടക്കത്തിൽ തന്നെ പേസർമാരെ കണക്കിന് പ്രഹരിച്ചു. 41 പന്തിലേക്ക് ക്യാപ്റ്റൻ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഈ ടൂർണമെന്റിൽ വലിയ സ്കോർ കണ്ടെത്താൻ ആയില്ല എന്ന വിഷമം രോഹിത് ഇന്ന് തീർത്തു. രോഹിത് ആകെ 83 പന്തിൽ 76 റൺസ് എടുത്തു. 3 സിക്സും 7 ഫോറും രോഹിത് അടിച്ചു.

സെഞ്ച്വറിയിലേക്ക് എത്താൻ ആവാത്തതിന്റെ വിഷമം രോഹിത് ശർമ്മക്ക് ഉണ്ടാകും. രോഹിത് പുറത്താകുമ്പോൾ ഇന്ത്യ 26.1 ഓവറിൽ 122 റൺസിൽ നിൽക്കുകയാണ്.

ഇങ്ങനെയുണ്ടോ നിർഭാഗ്യം!! 15ആം തവണയും ടോസ് നഷ്ടപ്പെട്ട് ഇന്ത്യ

ഇന്ത്യയുടെ ടോസ് നിർഭാഗ്യം തുടരുന്നു. ഇന്ന് ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യക്ക് ടോസ് നേടാൻ ആയില്ല. ഇത് തുടർച്ചയായ 15ആം ഏകദിനത്തിൽ ആണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. രോഹിത് ശർമ്മ മാത്രം തുടർച്ചയായി 12 ടോസുകൾ അണ് പരാജയപ്പെട്ടത്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ ബാറ്റിങ് ആണ് അവർക്ക് ഗുണം ചെയ്യുക എന്ന് വിശ്വസിക്കുക ആയിരുന്നു‌. പാകിസ്താനെതിരെ ഇന്ത്യ കളിച്ച പിച്ചിൽ ആണ് ഇന്ന് ഫൈനൽ നടക്കുന്നത്.

ന്യൂസിലൻഡ് ടീമിൽ മാറ്റ് ഹെൻറി ഇല്ല പകരം സ്മിത്ത് ആണ് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റമില്ല.

രോഹിത് ശർമ്മ വിരമിക്കുമെന്ന ചർച്ചകൾ ടീമിനോട് നടത്തിയിട്ടില്ല എന്ന് ഗിൽ

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഏകദിനത്തിൽ നിന്ന് രോഹിത് ശർമ്മ വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ദുബായിൽ നടന്ന പ്രീ-ഫൈനൽ പത്രസമ്മേളനത്തിൽ, രോഹിത് തൻ്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് ടീമുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ഗിൽ പറഞ്ഞു, ന്യൂസിലൻഡിനെതിരായ വിജയം ഉറപ്പാക്കുന്നതിൽ മാത്രമാണ് ക്യാപ്റ്റൻ്റെ ശ്രദ്ധയെന്ന് ഗിൽ ഊന്നിപ്പറഞ്ഞു.

“ഞങ്ങൾ വിരമിക്കലിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ല. എല്ലാ സംഭാഷണങ്ങളും ചർച്ചകളും മത്സരം ജയിക്കുന്നതിനെക്കുറിച്ചാണ്. ടീമുമായോ എന്നോടോ അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫി നേടുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാൻ കരുതുന്നു.” ഗിൽ പറഞ്ഞു.

രോഹിത് ശർമ്മയെ ഷമ മുഹമ്മദ് ബോഡി ഷെയ്മിംഗ് ചെയ്ത സംഭവം നിർഭാഗ്യകരമെന്ന് ബിസിസിഐ സെക്രട്ടറി

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കുറിച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിംഗ് നടത്തിയ പരാമർശം വിവാദത്തിൽ പെട്ടിരുന്നു. ഈ സംഭവത്തിൽ രോഹിത് ശർമ്മക്ക് പിന്തുണയുമായി ബി സി സി ഐ എത്തി.

“@ImRo45 ഒരു കായികതാരം എന്ന നിലയിൽ ഫാറ്റ് ആണ്! ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്! തീർച്ചയായും, ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അൺ ഇമ്പ്രസീവ് ആയ ക്യാപ്റ്റൻ ആണ് രോഹിത്!” – ഷമ മുഹമ്മദ് ട്വിറ്ററിൽ കുറിച്ച്. ഷമ പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

ഐസിസി ടൂർണമെൻ്റിനിടെ ഇത്തരം പരാമർശങ്ങൾ കളിക്കാരുടെ മനോവീര്യം കെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പരാമർശത്തെ അപലപിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഷമ മുഹമ്മദിനെ ബിജെപിയും വിമർശിച്ചു. രോഹിതിൻ്റെ ഐപിഎൽ കിരീടങ്ങളും നേതൃത്വവും ഉയർത്തിക്കാട്ടി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി രോഹിതിനെ ന്യായീകരിച്ചു.

ഇന്ത്യക്ക് ആശ്വാസം, രോഹിത് ശർമ്മ പരിശീലനത്തിലേക്ക് മടങ്ങിയെത്തി

പാക്കിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് ടീമിന്റെ പരിശീലനങ്ങളിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചു. പാകിസ്താനെതിരെ ബാറ്റ് ചെയ്യാനും ഫീൽഡ് ചെയ്യാനും പാടുപെട്ട ക്യാപ്റ്റൻ പിന്നീട് പരിശീലനം നടത്തിയിരുന്നില്ല.

എന്നാൽ അദ്ദേഹം ഇന്നലത്തെ പരിശീലന സെഷനിൽ ൽ ഒരു മണിക്കൂറിലധികം ബാറ്റ് ചെയ്തും മാർച്ച് 2 ന് ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ അവസാന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ അദ്ദേഹം കളിക്കും എന്ന പ്രതീക്ഷകൾ ഇത് ഉയർത്തി.

സെമി ഫൈനൽ സ്‌പോട്ട് ഉറപ്പിച്ച ഇന്ത്യ രോഹിതിന് വിശ്രമം നൽകാൻ ഒരുക്കമായിരുന്നു. എന്നാൽ രോഹിത് കളിക്കാൻ ആണ് താല്പര്യപ്പെടുന്നത് എന്നാണ് സൂചന.

രോഹിത് ശർമ്മ ഫോമിൽ ആണെങ്കിൽ 60 പന്തിൽ സെഞ്ച്വറി അടിക്കുന്ന പ്ലയർ ആണ് – യുവരാജ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരാനിരിക്കുന്നതിന് മുമ്പ് രോഹിത് ശർമ്മയെ പ്രശംസിച്ച് ഇതിഹാസ താരം യുവരാജ് സിംഗ് രംഗത്ത്. പാകിസ്താനെതിരെ രോഹിത് ശർമ്മ നിർണായക പ്രകടനം കാഴ്ചവയ്ക്കുമെന്ന് യുവരാജ് പറഞ്ഞു.

“രോഹിത് ശർമ്മ, ഫോമിലായാലും ഇല്ലെങ്കിലും ഞാൻ അദ്ദേഹത്തെ പിന്തുണക്കും. അദ്ദേഹം ഒരു മാച്ച് വിന്നർ ആണ്. ഏകദിന ക്രിക്കറ്റിൽ, വിരാട് കോഹ്‌ലിക്കൊപ്പം, അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറാണ്. രോഹിത് സ്ഥിരതയ്ക്ക് ആയി ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അദ്ദേഹം റൺസ് നേടുന്നുണ്ടെങ്കിൽ, അത് എതിർ ടീമിന് അപകടകരമായിരിക്കു.” യുവരാജ് പറഞ്ഞു.

“അദ്ദേഹം ഫോമിലാണെങ്കിൽ, 60 പന്തിൽ സെഞ്ച്വറി നേടും. അതാണ് അദ്ദേഹത്തിന്റെ ഗുണം – അദ്ദേഹം കളിക്കാൻ തുടങ്ങിയാൽ, വെറും ഫോറുകൾ അടിക്കുക മാത്രമല്ല; സിക്സറുകൾ ഉപയോഗിച്ച് അദ്ദേഹം റോപ്പ് ക്ലിയർ ചെയ്യുന്നു. ഷോർട്ട് ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ആരെങ്കിലും 145-150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞാലും, അത് അനായാസമായി ഹുക്ക് ചെയ്യാനുള്ള കഴിവ് രോഹിതിനുണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് എല്ലായ്പ്പോഴും 120-140 നും ഇടയിലാണ്, അദ്ദേഹത്തിന് ഒറ്റയ്ക്ക് നിങ്ങളെ കളി ജയിപ്പിക്കാൻ കഴിയും,” യുവരാജ് ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.

കോഹ്ലി രോഹിത് ശർമ്മയെ കണ്ടു പഠിക്കണം എന്ന് കുംബ്ലെ

വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങി വരാൻ രോഹിത് ശർമ്മയെ മാതൃകയാക്കണം എന്ന് അനിൽ കുംബ്ലെ. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 38 പന്തിൽ നിന്ന് 22 റൺസ് മാത്രം നേടിയ കോഹ്‌ലി, റൺസിനായി സമീപകാലത്ത് കഷ്ടപ്പെടുകയാണ്, കഴിഞ്ഞ ആറ് ഏകദിനങ്ങളിൽ നിന്ന് 22.83 ശരാശരിയിൽ 137 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

“കോഹ്ലി അൽപ്പം കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ നിന്ന് നിങ്ങൾക്ക് അത് കാണാൻ കഴിയും. അദ്ദേഹം ഫോമിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. രോഹിത് ശർമ്മയെ നോക്കൂ. അദ്ദേഹം വരുന്നു, സ്വാതന്ത്രത്തോടെ കളിക്കുന്നു.” കുംബ്ലെ പറഞ്ഞു.

“ധാരാളം ബാറ്റിംഗ് ഉള്ളതിനാൽ ആ സ്വാതന്ത്ര്യമുണ്ട്, എല്ലാവരും മികച്ച ഫോമിലാണ്. അതുപോലെ വിരാടിനും കളിക്കാം. അദ്ദേഹം മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് വിഷമിക്കേണ്ടതില്ല,” കുംബ്ലെ ESPNCricinfo-യിൽ പറഞ്ഞു.

കോഹ്‌ലി സ്വയം സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കണമെന്നും പകരം സ്വതന്ത്രമായി കളിക്കണമെന്നും കുംബ്ലെ ആവർത്തിച്ചു, അതാണ് അദ്ദേഹത്തിന്റെ മുൻകാലം സഹായകരമായത്. അതിലേക്ക് അദ്ദേഹം തിരിച്ചു പോകണം. കുംബ്ലെ പറഞ്ഞു. .

ഹാട്രിക് ക്യാച്ച് താൻ കളയരുതായിരുന്നു, പകരം അക്സറിനെ ഡിന്നറിനു കൊണ്ടുപോകും എന്ന് രോഹിത് ശർമ്മ

ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടയിൽ രോഹിത് ശർമ്മ അക്സർ പട്ടേലിന് ഹാട്രിക് കിട്ടേണ്ടിയിരുന്ന ക്യാച്ച് നഷ്ടമാക്കിയിരുന്നു. ആ ക്യാച്ച് കൈവിട്ടതിന് താൻ അക്സർ പട്ടേലിന് കടപ്പെട്ടിരിക്കുന്നുവെന്ന് രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു.

ഇന്നലെ ഒൻപതാം ഓവറിൽ, തുടർച്ചയായ പന്തുകളിൽ ബംഗ്ലാദേശിന്റെ തൻസിദ് ഹസനെയും മുഷ്ഫിഖുർ റഹിമിനെയും അക്സർ പുറത്താക്കി, തുടർന്ന് ജാക്കർ അലി അനിക് ഹാട്രിക് പന്ത് സ്ലിപ്പിൽ രോഹിത്തിന്റെ കൈയിലെത്തിച്ചു. എന്നിരുന്നാലും, രോഹിത് ലളിതമായ ആ ക്യാച്ച് വിട്ടു കളഞ്ഞു.

“നാളെ ഞാൻ അക്സറിനെ ഒരു ഡിന്നറിന് കൊണ്ടുപോകാം. അതൊരു എളുപ്പമുള്ള ക്യാച്ചായിരുന്നു, ഞാൻ ആ ക്യാച്ച് എടുക്കണമായിരുന്നു, പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കാൻ,” മത്സര ശേഷം രോഹിത് പറഞ്ഞു.

രോഹിത് ശർമ്മയുടെ സെഞ്ച്വറി ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നെ ഊർജ്ജമാണ് എന്ന് ജഡേജ

ബരാബതി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് ജയം നേടി ഇന്ത്യ 2-0 ന് പരമ്പര നേടി. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി രോഹിത്തിന്റെ 119 റൺസ് നേടിയ പ്രകടനം ടീമിന് ആത്മവിശ്വാസം പകർന്നു ർന്ന് ജഡേജ പറഞ്ഞു.

മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ഒരു പ്രധാന ടൂർണമെന്റിന് മുമ്പ് രോഹിത് ഒരു വലിയ സ്കോർ നേടിയത് ടീമിന് കരുത്താകും എന്ന് പറഞ്ഞു. 16 മാസത്തിന് ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഒരു ഏകദിന സെഞ്ച്വറി നേടുന്നത്. രോഹിത് കൂടെ ഫോമിൽ ആയതോടെ ഇനി കോഹ്ലിയുടെ ഫോമിൽ മാത്രമാണ് ഇന്ത്യക്ക് ആശങ്ക.

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമ്മക്ക് 50 റൺസ് കൂടെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാകാൻ രോഹിത് ശർമ്മയ്ക്ക് 50 റൺസ് മാത്രം മതി. നിലവിൽ, 15,335 റൺസുമായി സച്ചിൻ ആണ് രണ്ടാം സ്ഥാനത്താണ്, അതേസമയം രോഹിത് 342 മത്സരങ്ങളിൽ നിന്ന് 15,285 റൺസ് നേടിയിട്ടുണ്ട്. 15,758 റൺസുമായി വീരേന്ദർ സെവാഗ് ആണ് പട്ടികയിൽ ഒന്നാമത്.

ഫെബ്രുവരി 9 ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിൽ സച്ചിനെ മറികടക്കാൻ ഇന്ത്യൻ ക്യാപ്റ്റന് അവസരം ലഭിക്കും. നാഗ്പൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ രണ്ട് റൺസ് മാത്രം നേടിയ രോഹിത് ഫോമിനായി പാടുപെടുകയാണ്.

Exit mobile version