നദാൽ മാസ്റ്റർക്ലാസ്സ്

റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്. ഇത് 33-മത് തവണയാണ് നദാൽ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. എടിപി 1000 സീരീസിൽ തനിക്ക് മേലെ ആരുമില്ലെന്ന് ഒരിക്കൽ കൂടെ അടിവരയിടുന്ന പ്രകടനമായിരുന്നു സ്പാനിഷ് താരത്തിന്റേത്. വമ്പൻ അട്ടിമറികളിലൂടെ ഫൈനലിൽ ഇടം പിടിച്ച ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാൽ തോൽപ്പിച്ചത്. സ്‌കോർ 6-2, 7-6.

കളിയുടെ അവസാന സമയങ്ങളിൽ സ്റ്റെഫാനോസ് ശക്തമായ വെല്ലുവിളി ഉയർത്തുകയും സെറ്റ് സ്വന്തമാക്കാൻ അവസരം ഉണ്ടാക്കിയെങ്കിലും നദാലിന്റെ പരിചയസമ്പന്നതയും, പോരാട്ടവീര്യവും മത്സരം രണ്ട് സെറ്റിൽ അവസാനിപ്പിച്ചു എന്നുവേണം പറയാൻ. നദാലിന്റെ 80മത് കിരീട നേട്ടമായിരുന്നു ഇന്നാലത്തേത്. ഇതോടെ വർഷാവസാനവും നദാൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വർദ്ധിച്ചു.

വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് അമേരിക്കൻ താരമായ സ്റ്റീഫൻസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സിമോണ നേടിയപ്പോൾ രണ്ടാം സെറ്റിൽ തിരിച്ചടിച്ച സ്റ്റീഫൻസ് 6-3 സ്വന്തമാക്കിയതോടെ മത്സരം നിർണ്ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. ഒന്നാം നമ്പർ താരത്തിന്റെ കളി പുറത്തെടുത്ത റൊമാനിയൻ താരം 6-4 എന്ന സ്കോറിന് കിരീടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നദാൽ × സ്റ്റെഫാനോസ് ഫൈനൽ

റോജേഴ്‌സ് കപ്പിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ഗ്രീസിന്റെ സെൻസേഷൻ സ്റ്റെഫാനോസിനെ നേരിടും. അട്ടിമറികൾ ശീലമാക്കിയ ഗ്രീസ് താരം ഇന്നലെ വീഴ്ത്തിയത് സൗത്താഫ്രിക്കയുടെ കെവിൻ ആന്ഡേഴ്സനെയാണ്. അതും കഴിഞ്ഞ മത്സരത്തിലേത് പോലെ മാച്ച് പോയിന്റ് അതിജീവിച്ച്. മത്സരം 3 സെറ്റുകൾ നീണ്ടു നിന്നു.

ആദ്യ സെറ്റ് ആൻഡേഴ്‌സൻ നേടിയെങ്കിലും രണ്ടിലും മൂന്നിലും ശക്തമായി തിരിച്ചുവന്ന സ്റ്റെഫാനോസ് അവസാന സെറ്റിലെ ടൈബ്രേക്കറിൽ മാച്ച് പോയിന്റ് അതിജീവിച്ച് ഒരു അട്ടിമറി കൂടെ തന്റെ പേരിലെഴുതുകയും ഒപ്പം ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ ഇടം സമ്പാദിക്കുകയും ചെയ്തു. റാഫേൽ നദാൽ കാച്ചനോവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കർ വരെ നീണ്ടെങ്കിലും രണ്ടാം സെറ്റിൽ ബ്രേക്ക് മുതലാക്കിയ നദാൽ 6-4 എന്ന സ്കോറിന് സെറ്റും മത്സരവും സ്വന്തമാക്കി.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മൂന്നാം സീഡ് അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും. സിമോണ 15-സീഡ് ബാർട്ടിയെ അനായാസം തോൽപ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് അഞ്ചാം സീഡ് സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് സ്റ്റീഫൻസ് ഫൈനലിൽ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ തോൽപ്പിച്ച് നദാലും, ഇസ്‌നറെ തോൽപ്പിച്ച് കാച്ചനോവും, കനേഡിയൻ പ്രതീക്ഷയായ ഷാപ്പവലോവിനെ തോൽപ്പിച്ച് റോബിൻ ഹാസേയും, ക്രൊയേഷ്യയുടെ മരിയൻ സിലിച്ചും, ജർമ്മനിയുടെ സ്വരേവും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പാണ് വീനസിനെ തോൽപ്പിച്ചത്. ഷറപ്പോവയെ തകർത്ത് ഗ്രാസിയയും, ബെർട്ടൻസും, സ്വിറ്റൊലിനയും, മെർട്ടൻസും അവസാന എട്ടിൽ ഇടം നേടി.

പുരുഷ ഡബിൾസിൽ ആൻഡേഴ്‌സൻ-ജോക്കോവിച്ച് സഖ്യവും വിംബിൾഡൺ ചാമ്പ്യന്മാരായ സോക്ക്-ബ്രയാൻ സഖ്യങ്ങളും ക്വാർട്ടർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദിമിത്രോവ്, സ്റ്റാൻ മുന്നോട്ട്

ഓസ്‌ട്രേലിയയുടെ നിക് കൈരൂയിസിനെ വാശിയേറിയ പോരാട്ടത്തിൽ തോല്പിച്ച് സ്വിസ്സ്‌ താരം സ്റ്റാൻ വാവ്രിങ്ക റോജേഴ്‌സ് കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. പരിക്ക് മൂലം ഏകദേശം ഒരു വർഷത്തിന് ശേഷം ഈയിടെ മാത്രം മടങ്ങിയെത്തിയ സ്റ്റാൻ പഴയ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകൾ നൽകിയാണ് ഇന്നലെ വിജയിച്ചത്.

ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ നേടിയായിരുന്നു സ്റ്റാനിന്റെ വിജയം. കൈരൂയിസിനെ പോലൊരു എതിരാളിയ്ക്കെതിരെ നേടിയ വിജയം സ്റ്റാനിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പ്. അടുത്ത മത്സരങ്ങൾ നദാലും, സ്റ്റാനും ജയിച്ചാൽ ഇരുവരും തമ്മിലൊരു ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം.

സ്‌പെയിനിന്റെ വേർദാസ്‌കോയെ സമാന രീതിയിൽ തോൽപിച്ചാണ് ദിമിത്രോവ് മുന്നേറിയത്. ആദ്യ സെറ്റ് അടിയറ വച്ച ശേഷമായിരുന്നു ദിമിത്രോവിന്റെ വിജയം. ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് ബെർണ കോറിച്ചിനെ തോൽപ്പിച്ച് പ്രീക്വാർട്ടർ ഉറപ്പാക്കി.

വനിതകളിൽ വോസ്‌നിയാക്കി, അസരങ്ക, ഹാലെപ് വീനസ് വില്ല്യംസ് എന്നിവർ പ്രീക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോജേര്‍സ് കപ്പില്‍ നിന്ന് പിന്മാറി റോജര്‍ ഫെഡറര്‍

ഈ വര്‍ഷത്തെ റോജേര്‍സ് കപ്പില്‍ കളിക്കാനില്ലെന്ന് അറിയിച്ച് റോജര്‍ ഫെഡറര്‍. കാനഡയിലെ ആരാധകര്‍ക്ക് മുന്നില്‍ എന്നും കളിക്കുവാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും റോജര്‍ ഫെഡറര്‍ കൂട്ടിചേര്‍ത്തു. ടൊറോണ്ടോയിലും മോണ്ട്രിയലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 2014ല്‍ ടൊറോണ്ടോയില്‍ കളിച്ചപ്പോള്‍ റോജര്‍ ഫെഡറര്‍ ഫൈനലില്‍ എത്തിയിരുന്നു. അന്ന് സോംഗയോടാണ് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയത്.

കഴിഞ്ഞ തവണ മോണ്ട്രിയലിലും ഫെഡറര്‍ റണ്ണറപ്പായാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് മടങ്ങിയത്. സെവരേവിനോടാണ് കഴിഞ്ഞ വര്‍ഷത്തെ തോല്‍വി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version