റോബിന്‍ ഉത്തപ്പയുടെ ശതകം, മഴ നിയമത്തില്‍ കേരളത്തിന് ഒഡീഷയ്ക്കെതിരെ വിജയം

ഒഡീഷയ്ക്കെതിരെ മഴനിയമത്തിലൂടെ ജയവുമായി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ നിന്ന് 258/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 38.2 ഓവറില്‍ 233 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ തടസ്സമായി മഴയെത്തിയത്. പിന്നീട് വി ജയദേവന്‍ രീതിയില്‍ കേരളത്തിന് 34 റണ്‍സ് വിജയം സ്വന്തമാക്കാനാകുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തിനെ 61 റണ്‍സിലേക്ക് നയിച്ചുവെങ്കിലും വിഷ്ണു വിനോദിനെ പുറത്താക്കി സൗരഭ് കനോജിയ കേരളത്തിന് ആദ്യ പ്രഹരം നല്‍കി.

അധികം വൈകാതെ സഞ്ജു സാംസണെയും നഷ്ടമായപ്പോള്‍ കേരളം 10.1 ഓവറില്‍ 71/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയോടൊപ്പം 103 റണ്‍സ് കൂട്ടുകെട്ട് നേടി റോബിന്‍ ഉത്തപ്പ കേരളത്തെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചപ്പോളാണ് സൗരവ് കനോജിയ 40 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. കനോജിയയ്ക്ക് തന്നെയായിരുന്നു സഞ്ജുവിന്റെയും വിക്കറ്റ്.

തന്റെ ശതകം പൂര്‍ത്തിയാക്കി അധികം വൈകുന്നതിന് മുമ്പ് ഉത്തപ്പയെ(107) കേരളത്തിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 189 റണ്‍സായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 44 റണ്‍സുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

വത്സല്‍ ഗോവിന്ദ് 29 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 23 റണ്‍സും നേടിയാണ് മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

ഉത്തപ്പയെ ചെന്നൈയ്ക്ക് നല്‍കി രാജസ്ഥാന്‍ റോയല്‍സ്

2021 ഐപിഎലില്‍ കേരള താരം റോബിന്‍ ഉത്തപ്പ കളിക്കുക ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി. ഐപിഎലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ട്രേഡ് ചെയ്യുകയായിരുന്നു. 13ാം സീസണില്‍ രാജസ്ഥാന്‍ പല ബാറ്റിംഗ് പൊസിഷനില്‍ താരത്തെ പരിഗണിക്കുകയായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 196 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

ഇത് റോബിന്‍ ഉത്തപ്പയുടെ ഐപിഎലിലെ ആറാമത്തെ ഫ്രാഞ്ചൈസിയാണ്. മുംബൈ. ബാംഗ്ലൂര്‍, പൂനെ വാരിയേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് താരം കളിച്ചിട്ടുള്ളത്.

അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു വിനോദും

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം ആണിത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനവുമായി എത്തിയ കേരളത്തിന് കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായത് തുടക്കത്തിലെ തിരിച്ചടിയായി. കേരള ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അസ്ഹറിനെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മയാണ് കേരളത്തിന് ആദ്യ പ്രഹരം നല്‍കിയത്.

അധികം വൈകാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ(16) കേരളത്തിന് നഷ്ടമായപ്പോള്‍ ടീം സ്കോര്‍ 30 ആയിരുന്നു. പിന്നീട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 41 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ലളിത് യാദവ് 11 പന്തില്‍ 22 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ മടക്കി.

24 പന്തില്‍ വിജയത്തിനായി 34 റണ്‍സ് കേരളം നേടേണ്ട ഘട്ടത്തില്‍ രണ്ട് ക്യാച്ചുകളാണ് പ്രദീപ് സാംഗ്വാന്റെ ഓവറില്‍ ഡല്‍ഹി കൈവിട്ടത്. രണ്ട് തവണയും ഗുണം ലഭിച്ചത് റോബിന്‍ ഉത്തപ്പയ്ക്കായിരുന്നു. 133 റണ്‍സ് കൂട്ടുകെട്ടാണ് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് നേടിയത്. 54 പന്തില്‍ 91 റണ്‍സ് നേടിയ ഉത്തപ്പ പുറത്താകുമ്പോള്‍ 13 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു കേരളം നേടേണ്ടിയിരുന്നത്.

വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സും സല്‍മാന്‍ നിസാര്‍ 3 പന്തില്‍ 10 റണ്‍സും നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ 8 സിക്സും വിഷ്ണു വിനോദ് 5 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

 

അസ്ഹര്‍ അടിയില്‍ വീണ് മുംബൈ, കേരളത്തിന് രണ്ടാം ജയം

മുംബൈ നല്‍കിയ 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം ഈ സ്കോര്‍ മറികടന്നത്. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ പ്രകടനം ആണ് കേരളത്തിന് മത്സരം അനുകൂലമാക്കി മാറ്റിയത്. 9 ഫോറും 11 സിക്സുമാണ് അസ്ഹറുദ്ദീന്‍ നേടിയത്.

23 പന്തില്‍ 33 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം കേരളത്തിനായി നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒറ്റയാന്‍ പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തില്‍ അര്‍ദ്ധ ശതകം നേടിയ അസ്ഹറുദ്ദീന്‍ തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ 17 പന്ത് കൂടിയാണ് നേരിട്ടത്.

6 ഓവറില്‍ 88 റണ്‍സ് നേടിയ ടീമിന് 10 ഓവറില്‍ 140 റണ്‍സാണ് നേടാനായത്.

തുടക്കം സ്റ്റോക്സിന്റെ വെടിക്കെട്ടോടെ, സഞ്ജുവിന്റെ റണ്ണൗട്ടിന് ശേഷം രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ച് ക്യാപ്റ്റന്‍ സ്മിത്ത്

186 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച വിജയം. 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഏറെ നിര്‍ണ്ണായകമായ വിജയം നേടിയത്. ബെന്‍ സ്റ്റോക്സ് നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ രാജസ്ഥാന്‍ ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ സഞ്ജുവും സ്മിത്തും റോബിന്‍ ഉത്തപ്പയും ബട്‍ലറുമെല്ലാം തിളങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്.

ടോപ് ഓര്‍ഡറില്‍ ബെന്‍ സ്റ്റോക്സിന്റെ മിന്നും ഇന്നിംഗ്സാണ് വലിയ സ്കോര്‍ ചേസ് ചെയ്യുവാനുള്ള തുടക്കം രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. 5.3 ഓവറില്‍ 60 റണ്‍സ് കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ നേടിയപ്പോള്‍ അതില്‍ 50 റണ്‍സും ബെന്‍ സ്റ്റോക്സ് ആണ് നേടിയത്. 26 പന്ത് നേരിട്ട താരത്തിന് എന്നാല്‍ അര്‍ദ്ധ ശതകത്തിന് ശേഷം റണ്‍സൊന്നും നേടാനായില്ല. 6 ഫോറും മൂന്ന് സിക്സുമാണ് ബെന്‍ സ്റ്റോക്സ് നേടിയത്. ക്രിസ് ജോര്‍ദ്ദാനാണ് സ്റ്റോക്സിന്റെ വിക്കറ്റ്.

സ്റ്റോക്സിന് പകരം ക്രീസിലെത്തിയ സഞ്ജു മികച്ച രീതിയില്‍ തുടങ്ങിയപ്പോള്‍ മറുവശത്ത് റോബിന്‍ ഉത്തപ്പയും തന്നാലാവുന്ന തരത്തില്‍ റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 51 റണ്‍സ് നേടിയെങ്കിലും 23 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഉത്തപ്പയെ മുരുഗന്‍ അശ്വിന്‍ ആണ് പുറത്താക്കിയത്.

അവസാന ആറോവറില്‍ വെറും 42 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് എന്നാല്‍ വലിയ തിരിച്ചടിയാണ് അടുത്ത ഓവറില്‍ നേരിടേണ്ടി വന്നത്. ടീമിന്റെ ചേസിംഗ് മുന്നോട്ട് നയിച്ച സഞ്ജു സാംസണ്‍ അനാവശ്യമായ ഒരു റണ്ണൗട്ടിലൂടെ പുറത്തായപ്പോള്‍ വീണ്ടും രാജസ്ഥാന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരന്നു.

25 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സഞ്ജു നാല് ഫോറും മൂന്ന് സിക്സുമാണ് നേടിയത്. സ്മിത്തുമായി ചേര്‍ന്ന് 34 റണ്‍സാണ് സഞ്ജു മൂന്നാം വിക്കറ്റില്‍ നേടിയത്. 24 പന്തില്‍ നിന്ന് 30 റണ്‍സെന്ന നിലയില്‍ മുഹമ്മദ് ഷമി എറിഞ്ഞ ഓവറില്‍ മൂന്ന് ബൗണ്ടറി സ്മിത്തും അവസാന പന്തില്‍ ജോസ് ബട്‍ലറും ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 19 റണ്‍സാണ് വന്നത്.

സ്മിത്ത് 20 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്ലര്‍ 11 പന്തില്‍ 22 റണ്‍സ് നേടി. രണ്ട് നിര്‍ണ്ണായക സിക്സുകള്‍ അടക്കമായിരുന്നു ബട്‍ലറുടെ ഇന്നിംഗ്സ്.

 

അമിത് മിശ്രക്ക് പിന്നാലെ പന്തിൽ ഉമിനീർ ഉപയോഗിച്ച് റോബിൻ ഉത്തപ്പ

കഴിഞ്ഞ ദിവസം അമിത്ര മിശ്ര പന്തിൽ ഉമിനീർ ഉപയോഗിച്ചതിന് പിന്നാലെ പന്തിൽ ഉമിനീർ ഉപയോഗിച്ച് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ. മത്സരത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നരേന്റെ ക്യാച്ച് വിട്ടതിന് ശേഷമാണ് ഉത്തപ്പ പന്തിൽ ഉമിനീർ ഉപയോഗിച്ചത്.

https://twitter.com/ItsRaviMaurya/status/1311308712670195713

കൊറോണ വൈറസ് ബാധയെ തുടർന്ന് ഐ.സി.സി പുറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി ബി.സി.സി.ഐ പുറത്തിറക്കിയ മാനദണ്ഡങ്ങളിലും പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ഡൽഹി ക്യാപിറ്റൽസിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് അമിത് മിശ്ര പന്തിൽ ഉമിനീർ ഉപയോഗിച്ചത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനം തന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിക്കുമെന്ന് ഉത്തപ്പ

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ റോബിൻ ഉത്തപ്പ. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ഒരാളാണ് തന്ന് എന്നും ദൈവം സഹായിക്കുകയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചുവരാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഉത്തപ്പ പറഞ്ഞു. സോഷ്യൽ മീഡിയയിൽ രാജസ്ഥാൻ റോയൽസ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഉത്തപ്പ.

ക്രിക്കറ്റ് കളിക്കുന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം ഇന്ത്യയെ പ്രധിനിധികരിക്കുകയാണെന്നും തനിക്ക് അതിനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഉത്തപ്പ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 46 ഏകദിന മത്സരങ്ങൾ കളിച്ച ഉത്തപ്പ ദീർഘകാലമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൂടെ രണ്ട് ഐ.പി.എൽ കിരീടവും താരം നേടിയിട്ടുണ്ട്.

എംഎസ് ധോണിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിനുത്തരവുമായി റോബിന്‍ ഉത്തപ്പ, താരം തിര‍ഞ്ഞെടുത്തത് റിയാന്‍ പരാഗിനെ

എംഎസ് ധോണിയ്ക്ക് ശേഷം ഫിനിഷിംഗ് റോളില്‍ ഇന്ത്യ കാത്തിരിക്കുന്ന താരം ആരെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ. താന്‍ ഇനി കളിക്കാനിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലെ റിയാന്‍ പരാഗിനെയാണ് ധോണിയ്ക്ക് ശേഷം മികച്ച ഫിനിഷറായി അരങ്ങ് വാഴുവാന്‍ പോകുന്നതെന്നാണ് റോബിന്‍ ഉത്തപ്പയുടെ അഭിപ്രായം.

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെ പരിഗണക്കാതെയാണ് തന്റെ ആദ്യ ഐപിഎല്‍ സീസണില്‍ മികവ് പുലര്‍ത്തിയ ആസാം താരത്തെ റോബിന്‍ തിരഞ്ഞെടുത്തത്. 18 വയസ്സുകാരന്‍ താരം തന്നെ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെ്നനും ഇന്ത്യയെ വളരെ അധികം കാലം താരം പ്രതിനിധീകരിക്കുമെന്നും ഇന്ത്യ ധോണിയ്ക്ക് ശേഷം കാത്തിരിക്കുന്ന ഫിനിഷറുടെ റോള്‍ താരം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്നുമാണ് റോബിന്‍ അഭിപ്രായപ്പെട്ടത്.

പൃഥ്വി ഷായുടെ കീഴില്‍ ലോകകപ്പ് വിജയിച്ച 2018 അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു പരാഗ്. ഐപിഎലില്‍ അര്‍ദ്ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റിയാന്‍ കഴിഞ്ഞ സീസണില്‍ മാറിയിരുന്നു. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 160 റണ്‍സാണ് താരം നേടിയത്. മൂന്ന് 40+ സ്കോറുകള്‍ നേടിയ താരം രണ്ടെണ്ണത്തില്‍ അതി സമ്മര്‍ദ്ദ സ്ഥിതിയില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കെഎല്‍ രാഹുലിന്റെ കീപ്പിംഗ് വളരെ ഏറെ മെച്ചപ്പെട്ടു

ഇന്ത്യ നിലവില്‍ കീപ്പറായി പരീക്ഷിക്കുന്ന ബാറ്റ്സ്മാന്‍ കെഎല്‍ രാഹുലിന്റെ കീപ്പിംഗ് വന്ന സമയത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. മികച്ച ജോലിയാണ് വിക്കറ്റിന് പിറകില്‍ രാഹുല്‍ പുറത്തെടുക്കുന്നത്.

താരം വിക്കറ്റിന് പിന്നില്‍ കൂടുതല്‍ സ്വാഭാവികമായ പ്രകടനങ്ങള്‍ പുറത്തെടുക്കുന്നു എന്നാണ് റോബിന്‍ ഉത്തപ്പ വ്യക്തമാക്കിയത്. ഓരോ ദിവസവും താരം കൂടുതല്‍ മെച്ചപ്പെട്ട വരികയാണെന്നും ഉത്തപ്പ വ്യക്തമാക്കി.

ധോണിയ്ക്ക് ശേഷം ഋഷഭ് പന്തിനാവും ഇന്ത്യ കീപ്പിംഗ് ദൗത്യം നല്‍കുക എന്നാണ് കരുതിയതെങ്കിലും പിന്നീട് താരത്തിന്റെ മോശം പ്രകടനം മൂലം കീപ്പിംഗ് ജോലിയിലേക്ക് രാഹുലിനെ പരിഗണിച്ചു. ലഭിച്ച അവസരം മികച്ച ബാറ്റിംഗിലൂടെയും തെറ്റില്ലാത്ത കീപ്പിംഗിലുടെയും രാഹുല്‍ മുതലാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് ആവശ്യമെങ്കില്‍ താന്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് കൈയ്യിലെടുക്കാന്‍ തയ്യാര്‍

തനിക്ക് ഇനി ഒരു അവസരം ലഭിയ്ക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിനൊപ്പം വിക്കറ്റ് കീപ്പിംഗ് റോളും ഏറ്റെടുക്കുവാനും താന്‍ തയ്യാറാണെന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പ. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാനുള്ള തന്റെ ആഗ്രഹം ഇനിയും അവശേഷിക്കുകയാണെന്നും തനിക്ക് വീണ്ടും അവസരം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടിയും ഐപിഎലിലും താന്‍ മുമ്പ് വിക്കറ്റ് കീപ്പിംഗ് ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പിംഗ് ദൗത്യം ഭേദപ്പെട്ട രീതിയില്‍ താരം നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ ടീമില്‍ എത്തിച്ചിരിക്കുകയാണ്.

അനായാസ ക്യാച്ചുകള്‍ വരെ കൈവിടുന്ന ശ്രീശാന്ത് ആ ക്യാച്ച് എടുത്തുവെന്ന് വിശ്വസിക്കാനെ ആകുന്നില്ല, വിധിയാണ് ടി0 ലോക കിരീടം ഇന്ത്യയ്ക്ക് നല്‍കിയത്

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം ലഭിച്ചപ്പോള്‍ അതില്‍ ശ്രീശാന്തിനും ഒരു പങ്കുണ്ട്, മിസ്ബ ഉള്‍ ഹക്കിന്റെ സ്കൂപ്പ് ഷോട്ട് കൈപ്പിടിയിലൊതുക്കി ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതില്‍ ശ്രീശാന്തിനും പങ്കുണ്ട്.

4 പന്തില്‍ 6 റണ്‍സ് വേണ്ടപ്പോളാണ് മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈയ്യില്‍ അവസാനിക്കുകയായിരുന്നു. പരിശീലനത്തില്‍ അനായാസ ക്യാച്ചുകള്‍ പോലും കൈവിടുന്ന ശ്രീശാന്താണ് അത് പിടിച്ചതെന്ന് തനിക്ക് വിശ്വസിക്കാനെ ആകുന്നില്ലെന്നാണ് ലോകകപ്പ് ജേതാവ് കൂടിയായ റോബിന്‍ ഉത്തപ്പ പറയുന്നത്.

ക്യാച്ച് പൂര്‍ത്തിയാക്കുമ്പോളും ശ്രീശാന്ത് മുകളിലോട്ട് ആണ് നോക്കിയിരുന്നതെന്നും വിധിയാണ് ആ ലോകകപ്പ് കിരീടം തങ്ങള്‍ക്ക് നേടിക്കൊടുത്തതെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. ശ്രീശാന്തിനെ കണ്ടപ്പോള്‍ മുതല്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത് എങ്ങനെയെങ്കിലും ആ കൈപ്പിടിയില്‍ ഇത് ഒതുങ്ങണമെ എന്നാണെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

റെയ്‍നയുടെയും പത്താന്റെയും ആവശ്യത്തിന് പിന്തുണയുമായി റോബിന്‍ ഉത്തപ്പ, സൗരവ് ഗാംഗുലി അനുകൂല തീരുമാനം എടുക്കുമെന്ന് കരുതുന്നു

ഇന്ത്യന്‍ താരങ്ങളെ വിദേശ ടി20 ലീഗില്‍ കളിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയുടെ മുന്‍ താരങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിക്കുകയാണ്. ഐപിഎലില്‍ വിദേശ താരങ്ങളെ അനുവദിക്കുന്ന ബിസിസിഐ തങ്ങളെ രണ്ട് വിദേശ ലീഗിലെങ്കിലും കളിക്കുവാന്‍ അനുവദിക്കണമെന്ന് സുരേഷ് റെയ്‍നയും ഇര്‍ഫാന്‍ പത്താനും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ റോബിന്‍ ഉത്തപ്പയും ഈ ആവശ്യത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബിസിസിഐ ഇത്തരത്തില്‍ തങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്തത് വേദനാജനകമാണെന്നാണ് ഉത്തപ്പ പറഞ്ഞത്.

ഇത്തരത്തില്‍ ഏതാനും വിദേശ ലീഗുകളല്‍ കളിക്കാന്‍ അവസരം നല്‍കിയാല്‍ തങ്ങള്‍ക്കും അവിടെ നിന്ന് പല കാര്യങ്ങളും പഠിക്കാമെന്നാണ് റോബിന്‍ ഉത്തപ്പ പറഞ്ഞത്. വനിത താരങ്ങളെ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും കളിക്കുവാന്‍ ബിസിസിഐ അനുവദിക്കുന്നുണ്ടെങ്കിലും പുരുഷ താരങ്ങള്‍ക്ക് ഈ ഇളവ് ബിസിസിഐ അനുവദിച്ച് നല്‍കുന്നില്ല.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എത്തിയതോടെ ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് റോബിന്‍ ഉത്തപ്പ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ ക്രിക്കറ്റിന് അടിത്തറ പാകിയ താരമാണ് ഗാംഗുലി അദ്ദേഹം പുതിയ അവസരങ്ങള്‍ ഞങ്ങളെ പോലുള്ള താരങ്ങള്‍ക്ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

Exit mobile version