വീണ്ടും തിളങ്ങി ഓജ, ശതകം!!! ഇന്ത്യ ലെജന്‍ഡ്സിന് ഫൈനലില്‍ 195 റൺസ്

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ ലെജന്‍ഡ്. നമന്‍ ഓജയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 195 റൺസാണ് ഇന്ത്യ ലെജന്‍ഡ്സ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓജ 71 പന്തിൽ 108 റൺസാണ് നേടിയത്. 15 ഫോറും 2 സിക്സും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലെജന്‍ഡ്സിന് ആദ്യ ഓവറിൽ തന്നെ സച്ചിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ താരം ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. മൂന്നാം ഓവറിൽ സുരേഷ് റെയ്‍നയെയും നുവാന്‍ കുലശേഖര പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. അവിടെ നിന്ന് 90 റൺസ് കൂട്ടുകെട്ടുമായി നമന്‍ ഓജ – വിനയ് കുമാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

36 റൺസ് നേടിയ വിനയ് കുമാറിനെ ഇഷാന്‍ ജയരത്നേ പുറത്താക്കിയപ്പോള്‍ യുവരാജ് സിംഗ് 13 പന്തിൽ 19 റൺസ് നേടി പുറത്തായി. 11 റൺസ് നേടിയ ഇര്‍ഫാന്‍ പത്താനുമായി 34 റൺസ് അഞ്ചാം വിക്കറ്റിൽ നേടി അവസാന ഓവറുകളിലും ഓജ ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. അതേ ഓവറിൽ യൂസഫ് പത്താനെയും വീഴ്ത്തി ഇരു പത്താന്‍ സഹോദരന്മാരുടെയും വിക്കറ്റ് ഇസ്രു ഉഡാന കരസ്ഥമാക്കി.

അവസാന രണ്ട് പന്തിൽ രണ്ട് ബൗണ്ടറി നേടി സ്റ്റുവര്‍ട് ബിന്നി ഇന്ത്യയെ 195 റൺസിലേക്ക് എത്തിച്ചപ്പോള്‍ 108 റൺസുമായി നമന്‍ ഓജ പുറത്താകാതെ നിന്നു.

ബംഗ്ലാദേശ് ലെജൻഡ്സിനെ ചെറിയ സ്കോറിൽ പിടിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ

റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് 122 റൺസ് വിജയ ലക്ഷ്യം. ഇന്ന് ആദ്യം വാറ്റു ചെയ്ത ബംഗ്ലാദേശ് ലെജൻഡ്സിന് ആകെ 121/9 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 23 റൺസ് എടുത്ത ദിമാൻ ഘോഷും 20 റൺസ് എടുത്ത അഫ്താബ് അഹമ്മദും മാത്രമെ ബംഗ്ലാദേശ് നിരയിൽ കുറച്ചെങ്കിലും പിടിച്ചു നിന്നുള്ളൂ.

ഇന്ത്യക്കായി പ്രഖ്യാൻ ഓജ 3 വിക്കറ്റുകൾ നേടി. അഭിമന്യു മിഥുൻ, വിനയ് കുമാർ എന്നിവർ രണ്ട് വിക്കറ്റും രാഹുൽ ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ നിരയിൽ ഇന്ന് പഠാൻ സഹോദരന്മാർ ഇല്ല

ക്രിക്കറ്റ് ദൈവത്തിന്റെ താണ്ഡവം!! അടിച്ചു തകർത്ത് സച്ചിൻ

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ തെൻഡുൽക്കറുടെ തകർപ്പൻ പ്രകടനം. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ഇന്ത്യൻ ലെജൻഡ്സിനു വേണ്ടി ഇറങ്ങിയ സച്ചിൻ ഇപ്പോഴും താൻ പഴയ വീര്യത്തിൽ ആണെന്ന് കാണിച്ചു തന്നു. ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി.

3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. പവർ പ്ലേയിൽ 4 ഓവറിൽ നിന്ന് 49 റൺസ് അടിക്കാൻ ഇന്ത്യക്ക് ആയി. ഏഴാം ഓവറിൽ സ്കൊഫീൽഡിന്റെ പന്തിൽ ആണ് സച്ചിൻ പുറത്തായത്‌ ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഇതിഹാസ പോരാട്ടം ഉപേക്ഷിച്ചു

കാന്‍പൂരിലെ ഗ്രീന്‍ പാര്‍ക്കിൽ ഇന്ന് നടക്കാനിരുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഇതിഹാസങ്ങളുടെ മത്സരം ഉപേക്ഷിച്ചു. മഴ കാരണം ഗ്രൗണ്ട് മത്സര സജ്ജമല്ലാതിരുന്നതിനാലാണ് ഈ തീരുമാനം. റോഡ് സേഫ്ടി ലോക സീരീസ് ടി20യുടെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്സിനെതിരെ ഇന്ത്യയ്ക്ക് 61 റൺസ് വിജയം നേടാനായിരുന്നു. വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്സ് ആകട്ടെ ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിൽ 6 വിക്കറ്റ് വിജയം നേടി.

4 പോയിന്റ് നേടിയ ശ്രീലങ്കയ്ക്ക് പിന്നിലായി മൂന്ന് പോയിന്റ് വീതം നേടി ഇന്ത്യയും വെസ്റ്റിന്‍ഡീസും നിലകൊള്ളുന്നു.

Exit mobile version