സ്മിത്തിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ടോപ് ത്രീയില്‍ ബാറ്റ് ചെയ്യും – റിക്കി പോണ്ടിംഗ്

സ്റ്റീവ് സ്മിത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ സ്ഥിരമായി അവസരം ലഭിക്കുമോയെന്നത് ഉറപ്പല്ലെങ്കിലും അവസരം ലഭിയ്ക്കുമ്പോള്‍ താരത്തിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. താരത്തിന് ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ആഗ്രഹമാണുള്ളതെന്നും അതിനായി കഠിന പ്രയത്നം താരം നടത്തി വരികയാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

സ്റ്റീവ് സ്മിത്തിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ താരം ടീമിനായി ഏറെ റണ്‍സ് നേടുമെന്നാണ് തന്റെ വിശ്വാസമെന്നും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ റിക്കി പോണ്ടിംഗ് പറഞ്ഞു. അടുത്ത വര്‍ഷം മെഗാ ലേലം വരാനിരിക്കുന്നതിനാല്‍ തന്നെ ഇപ്രാവശ്യം മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തിന് അടുത്ത വര്‍ഷം മികച്ച വില ലഭിയ്ക്കുമെന്നതും താരത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുവാനുള്ള ഒരു കാരണമാണെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

ശ്രേയസ്സിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഏറെ മികച്ച് നിന്നു, ഋഷഭ് പന്തിന് ഇത് മികച്ച അവസരം

ശ്രേയസ്സ് അയ്യര്‍ നയിച്ച കഴിഞ്ഞ രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അത് ഫലത്തില്‍ നിന്ന് തന്നെ അറിയാമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. ഋഷഭ് പന്തിന് ഈ അവസരം മികച്ച ഒന്നാണെന്നും ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള മികവിന്റെ ബലത്തില്‍ ഉയര്‍ന്ന ആത്മവിശ്വാസത്തോടെയാവും താരം രംഗത്തെത്തുകയെന്നും അത് ടീമിനും ഗുണം ചെയ്യുമെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

Pontingpant

പുതിയ ദൗത്യം ഏറ്റെടുക്കുവാനുള്ള ആത്മവിശ്വാസവും കൂടുതല്‍ ഉത്തരവാദിത്വവും പന്തിന് കൂടുതല്‍ കരുത്തനാക്കുമെന്നാണ് കരുതുന്നതെന്നും താരത്തിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ കോച്ചിംഗ് ഗ്രൂപ്പ് കാത്തിരിക്കുകയാണെന്നും സീസണ്‍ എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

ഡല്‍ഹിയെ ആഭ്യന്തര ക്രിക്കറ്റില്‍ നയിച്ച പരിചയമുള്ള താരമാണ് ഋഷഭ് പന്ത്.

ക്യാപ്റ്റനെന്ന നിലയില്‍ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനായി കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ കോഹ്‍ലിയുടെ ഇരുനൂറാം അന്താരാഷ്ട്ര മത്സരം ആണ് ഇത്. 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് റിക്കി പോണ്ടിംഗും(324) മൂന്നാം സ്ഥാനത്ത് 303 മത്സരങ്ങളുമായി സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് പട്ടികയിലുള്ളത്.

ഗ്രെയിം സ്മിത്ത്(286), അലന്‍ ബോര്‍ഡര്‍(271), അര്‍ജ്ജുന രണതുംഗ(249), മുഹമ്മദ് അസ്ഹറുദ്ദീന്‍(221) എന്നിവരാണ് ഏറ്റവും അധികം മത്സരങ്ങള്‍ ക്യാപ്റ്റനായി കളിച്ചിട്ടുള്ള കോഹ്‍ലിയ്ക്ക് മുന്നിലുള്ള താരങ്ങള്‍.

ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന റണ്‍സിന്റെ കാര്യത്തില്‍ സ്മിത്തിനെ മറികടന്ന് വിരാട് കോഹ്‍ലി

ഏകദിനങ്ങളില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെ മറികടന്ന് വിരാട് കോഹ്‍ലി. ഇന്ന് 66 റണ്‍സ് നേടിയ തന്റെ ഇന്നിംഗ്സിനിടെയാണ് ഗ്രെയിം സ്മിത്ത് ക്യാപ്റ്റനെന്ന നിലയില്‍ നേടിയ 5416 റണ്‍സിനെയാണ് വിരാട് കോഹ്‍ലി മറികടന്നത്. കോഹ്‍ലിയ്ക്ക് ഇപ്പോള്‍ 5442 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമായിട്ടുള്ളത്.

റിക്കി പോണ്ടിംഗ്(8497), എംഎസ് ധോണി(6641), സ്റ്റീഫന്‍ ഫ്ലെമിംഗ്(6295), അര്‍ജ്ജുന രണതുംഗ(5608) എന്നിവരാണ് പട്ടികയില്‍ കോഹ്‍ലിയ്ക്ക് മുന്നിലുള്ളവര്‍.

ഓസ്ട്രേലിയ പരിഭ്രമിക്കേണ്ട സാഹചര്യമില്ല, എന്നാല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കേണ്ടതുണ്ട്

ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട ഓസ്ട്രേലിയ പരിഭ്രമിക്കേണ്ട സാഹചര്യം അല്ല നിലവിലെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. എന്നാല്‍ ടീം മെച്ചപ്പെട്ട ക്രിക്കറ്റ് പുറത്തെടുക്കേണ്ടതുണ്ടെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് പരമ്പര വിജയിക്കുവാനായില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്ന് പോണ്ടിംഗ് പറഞ്ഞു.

അഡിലെയ്ഡില്‍ ഇന്ത്യയെ 36 റണ്‍സിന് ഓള്‍ഔട്ട് ആക്കി വിജയം പിടിച്ചെടുത്ത ഓസ്ട്രേലിയ പിന്നീട് വിരാട് കോഹ്ലി ഇല്ലാത്ത ഇന്ത്യയ്ക്ക് മുന്നില്‍ പതറുന്നതാണ് കണ്ടത്. പരിക്കും ഇന്ത്യയുടെ ശക്തി ക്ഷയിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഓസ്ട്രേലിയ ചൂളുകയായിരുന്നു.

സിഡ്നിയിലും ബ്രിസ്ബെയിനിലും ഇന്ത്യയ്ക്കെതിരെ മുന്‍തൂക്കം നേടിയിട്ട് ടീമിന് വിജയിക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ഇന്ത്യ പരമ്പരയ്ക്കായി എത്തുമ്പോള്‍ ഒന്നാം നമ്പര്‍ ടീമായിരുന്നുവെന്നും അതിനാല്‍ തന്നെ തോല്‍വിയില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ഇനിയങ്ങോട്ട് മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കുന്നതില്‍ ഓസ്ട്രേലിയ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നും റിക്കി പോണ്ടിംഗ് സൂചിപ്പിച്ചു.

പുജാരയുടെ ബാറ്റിംഗ് ശൈലി സഹ ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു – റിക്കി പോണ്ടിംഗ്

ഇന്ത്യയ്ക്ക് വേണ്ടി സിഡ്നി ടെസ്റ്റില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് ശൈലിയെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. താരം ശരിയായ രീതിയില്‍ അല്ല ബാറ്റിംഗിനെ സമീപിച്ചതെന്നും കുറച്ച് കൂടി മെച്ചപ്പെട്ട സ്കോറിംഗ് റേറ്റില്‍ പോയിരുന്നുവെങ്കില്‍ ഇന്ത്യ വിഷമ സ്ഥിതിയില്‍ ആകില്ലായിരുന്നുവെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

ചേതേശ്വര്‍ പുജാരയുടെ ഈ സമീപനം അദ്ദേഹത്തിന്റെ ഒപ്പമുള്ള ബാറ്റിംഗ് പാര്‍ട്ണര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നാണെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. പുജാര 176 പന്ത് നേരിട്ട ശേഷം 50 റണ്‍സ് നേടി പുറത്താകുകായയിരുന്നു. അതേ സമയം 50 റണ്‍സ് നേടിയ മറ്റൊരു താരമായ ശുഭ്മന്‍ ഗില്‍ 101 പന്ത് ആണ് തന്റെ കന്നി അര്‍ദ്ധ ശതകത്തിനായി നേരിട്ടത്.

പന്ത് കീപ്പിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, അരങ്ങേറ്റത്തിന് ശേഷം ഏത് വിക്കറ്റ് കീപ്പറേക്കാള്‍ കൂടുതല്‍ ക്യാച്ചുകള്‍ പന്ത് കൈവിട്ടു – പോണ്ടിംഗ്

സിഡ്നിയില്‍ വില്‍ പുകോവസ്കിയുടെ രണ്ട് ക്യാച്ചുകളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കൈവിട്ടത്. 22ാം ഓവറില്‍ രവിചന്ദ്രന്‍ അശ്വിന്‍ സൃഷ്ടിച്ച അവസരം താരം കൈവിട്ടപ്പോള്‍ വില്‍ പുകോവസ്കി വെറും 26 റണ്‍സിലായിരുന്നു. മുഹമ്മദ് സിറാജിന്റെ ഓവറില്‍ ശ്രമകരമായ അവസരം പന്ത് കൈവിട്ടപ്പോള്‍ പുകോവസ്കി 32 റണ്‍സിലായിരുന്നു. പിന്നീട് പുകോവസ്കി 62 റണ്‍സ് നേടിയ ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്.

പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിലെ കോച്ച് കൂടിയായ മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് പറയുന്നത് താരം തന്റെ കീപ്പിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. ഇന്ന് പന്ത് നല്‍കിയ അവസരങ്ങള്‍ പുകോവസ്കി വളരെ വലിയ സ്കോറിലേക്ക് മാറ്റാത്തതില്‍ പന്തിന് ആശ്വസിക്കാമെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ശേഷം ഋഷഭ് പന്ത് കൈവിട്ട ക്യാച്ചുകളുടെ അത്രയും ലോക ക്രിക്കറ്റില്‍ മറ്റാരും തന്നെ കൈവിട്ട് കാണില്ല എന്നും പോണ്ടിംഗ് പറഞ്ഞു.

പന്തിനെതിരെ ചോദ്യം ഉയരുക അദ്ദേഹത്തിന്റെ കീപ്പിംഗിനെക്കുറിച്ചായിരിക്കുമെന്ന് പണ്ടും താന്‍ പറഞ്ഞിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് താരം അത് ശരിയാക്കേണ്ടതുണ്ടെന്നും മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി.

 

ടോപ് ഓര്‍ഡറില്‍ കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ മധ്യനിരയെ ശക്തിപ്പെടുത്തുവാന്‍ ഋഷഭ് പന്തിനെ കളിപ്പിക്കേണ്ടതുണ്ട് – റിക്കി പോണ്ടിംഗ്

അഡിലെയ്ഡ് ടെസ്റ്റിലെ നാണക്കെട്ട തോല്‍വിയ്ക്ക് ശേഷം വിരാട് കോഹ്‍ലിയുടെ അഭാവം കൂടിയെത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തി ക്ഷയിച്ച അവസ്ഥയിലാണ്. രോഹിത് ശര്‍മ്മ മൂന്നാം മത്സരം മുതല്‍ ടീമിലേക്ക് എത്തുവാന്‍ സാധ്യതയുണ്ടെങ്കിലും ഇന്ത്യയുടെ മധ്യനിരയെ ശക്തിപ്പെടുത്തുവാന്‍ ഋഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ അഭിപ്രായം.

ടോപ് ഓര്‍ഡറില്‍ കോഹ്‍ലിയുടെ അഭാവം ഒരു പരിധി വരെയെങ്കിലും പരിഹരിക്കുവാന്‍ ഇന്ത്യ പന്തിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. 2018-19 ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ പന്ത് ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിരുന്നു.

ഓസ്ട്രേലിയ എയ്ക്കതിരെ ഇന്ത്യയ്ക്ക് വേണ്ടി പന്ത് ശതകം നേടിയെങ്കിലും അഡിലെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ താരത്തിന് അവസരം ലഭിച്ചില്ല.

പോണ്ടിംഗ് തന്നെ വളരെ അധികം വിശ്വസിക്കുന്നു, തനിക്ക് വലിയ ഉത്തരവാദിത്വം തരുവാന്‍ ആഗ്രഹിക്കുന്നു – മാര്‍ക്കസ് സ്റ്റോയിനിസ്

ഐപിഎലില്‍ ഫ്ലോട്ടറുടെ റോളില്‍ ഉപയോഗിക്കപ്പെട്ട ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ് ആദ്യ മത്സരങ്ങള്‍ മധ്യ നിരയില്‍ ഇറങ്ങിയപ്പോള്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ ഓപ്പണറുടെ റോളിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി എത്തി നേടിയ വേഗത്തിലുള്ള 38 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിനെ പിന്തള്ളി ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം നടന്നപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ താരം 13 വിക്കറ്റും 352 റണ്‍സുമാണ് നേടിയത്.

ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗിനാണ് താരം തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിച്ചത്. തന്നില്‍ വളരെ അധികം വിശ്വാസമുള്ള വ്യക്തിയാണ് റിക്കിയെന്നും തനിക്ക് വലിയ ഉത്തരവാദിത്വം നല്‍കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ സ്റ്റോയിനിസ് എന്നാല്‍ താന്‍ കുറച്ച് കൂടി സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് തുറന്ന് സമ്മതിച്ചു.

മത്സരത്തിന്റെ ഏത് ഘട്ടത്തിലായാലും തനിക്ക് ടീമിന് വേണ്ടി പ്രഭാവം സൃഷ്ടിക്കുവാന്‍ സന്തോഷമേയുള്ളുവെന്നും താന്‍ റിക്കിയോട് തന്നെ ആവശ്യമെങ്കില്‍ ഏത് ദൗത്യവും വിശ്വസിച്ച് ഏല്പിക്കാമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

താന്‍ റിക്കി പോണ്ടിംഗിന്റെ വലിയൊരു ഫാനാണെന്നും താരം നെറ്റ്സിലും മറ്റും തന്നെ വളരെ അധികം സഹായിക്കാറുണ്ടെന്നും മാര്‍ക്കസ് വ്യക്തമാക്കി.

പുകോവസ്കിയ്ക്ക് മിഡില്‍ ഓര്‍ഡറില്‍ അവസരം നല്‍കാവുന്നതാണ് – റിക്കി പോണ്ടിംഗ്

ജോ ബേണ്‍സിന് പകരം വില്‍ പുകോവസ്കിയെ ഓപ്പണിംഗിന് ഓസ്ട്രേലിയ പരിഗണിക്കുവാനുള്ള സാധ്യത കുറവാണെന്നാണ് മറ്റു ക്രിക്കറ്റ് പണ്ഡിതന്മാരെപ്പോലെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും വിശ്വസിക്കുന്നത്. എന്നാല്‍ അവസരമുണ്ടെങ്കില്‍ മധ്യ നിരയില്‍ കാമറൂണ്‍ ഗ്രീനിന് പകരം താരത്തെ പരിഗണിക്കാവുന്നതാണെന്ന് റിക്കി വ്യക്തമാക്കി.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച ഫോമില്‍ കളിക്കുന്ന വില്‍ പുകോവസ്കി ഓസ്ട്രേലിയയുടെ അടുത്ത താരമെന്നാണ് വിശേഷിക്കപ്പെടുന്നത്. എന്നാല്‍ വളരെ പ്രാധാന്യമുള്ള പരമ്പരയില്‍ ഓസ്ട്രേലിയ പരിചയമ്പത്തിനെ വിശ്വസിക്കുന്നതില്‍ തെറ്റ് പറയാനാകില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി.

ഓപ്പണിംഗ് എന്നത് വേറെ തന്നെ കഴിവാണെന്നും മധ്യ നിരയില്‍ അവസരമുണ്ടെങ്കില്‍ താരത്തിന് ജസ്റ്റിന്‍ ലാംഗര്‍ അവസരം നല്‍കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും റിക്കി പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

വാര്‍ണറോട് തന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ ആരാവണമെന്ന് ചോദിക്കുന്നത് അതിശയകരം – റിക്കി പോണ്ടിംഗ്

വില്‍ പുകോവസ്കി ആകണോ ജോ ബേണ്‍സ് വേണോ തന്റെ ടെസ്റ്റിലെ ബാറ്റിംഗ് പാര്‍ട്ണര്‍ എന്ന അഭിപ്രായം ഡേവിഡ് വാര്‍ണറോട് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ആരായുന്നത് അതിശയകരമായ കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

മികച്ച ഫോമിലുള്ള താരമാണ് വില്‍ പുകോവസ്കിയെങ്കിലും അവസരം പരിചയ സമ്പത്തുള്ള ജോ ബേണ്‍സിന് ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ ഡേവിഡ് വാര്‍ണറോട് അഭിപ്രായം ആരായുന്നത് തന്നെ അതിശയിപ്പിക്കുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു.

അടുത്തിടെ മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വാര്‍ണറുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാവും തീരുമാനം എന്നാണ് ഹോന്‍സ് വ്യക്തമാക്കിയത്.

ഡല്‍ഹിയുടെ സീമര്‍മാര്‍ക്കാവും പ്രധാന റോള്‍ – റിക്കി പോണ്ടിംഗ്

പൊതുവേ യുഎഇയിലെ പിച്ചുകളില്‍ സ്പിന്നര്‍മാരാവും കൂടുതല്‍ പ്രഭാവമുണ്ടാക്കുകയെന്നാണ് പറയുന്നതെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ കോച്ച് റിക്കി പോണ്ടിംഗ് ചിന്തിക്കുന്നത് ടീമിന്റെ സീമര്‍മാരാവും ടൂര്‍ണ്ണമെന്റിന്റെ ഗതി നിര്‍ണ്ണയിക്കുക എന്നാണ്. മത്സരത്തിന്റെ തുടക്ക ഘട്ടത്തില്‍ ഡല്‍ഹി പേസര്‍മാരാവും കൂടുതല്‍ പ്രഭാവമുണ്ടാക്കുകയെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.

കരുത്തുറ്റ പേസ് നിര പോലെ മികച്ച സ്പിന്‍ നിരയും ഡല്‍ഹിയ്ക്കുണ്ടെന്നും അതിനാല്‍ തന്നെ ഏത് സാഹചര്യത്തിനും അനുസരിച്ചുള്ള ടീം സെലക്ഷനാണ് പ്രധാനമെന്നും ആദ്യ ഘട്ടത്തില്‍ സ്പിന്നിനെക്കാള്‍ അധികം പേസിന് മുന്‍തൂക്കുവും പിന്നീട് സ്പിന്നിന് മുന്‍തൂക്കവുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

പ്രധാന പിച്ചില്‍ ഇഷ്ടം പോലെ പുല്ല് കാണുന്നുണ്ടെന്നും അതിനാല്‍ തന്നെ ദുബായിയില്‍ 24 മത്സരങ്ങളുണ്ടെന്നതിനാല്‍ തന്നെ ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരങ്ങളില്‍ പേസര്‍മാരുടെ പ്രകടനം ആവും ഗതി നിര്‍ണ്ണയിക്കുക എന്ന് ക്യാപിറ്റല്‍സ് കോച്ച് വ്യക്തമാക്കി.

Exit mobile version