ആന്ദ്രേ സിൽവയെ ലോണിൽ എത്തിച്ച് റയൽ സോസിഡാഡ്

പോർച്ചുഗീസ് മുന്നേറ്റ താരം ആന്ദ്രേ സിൽവയെ അണിയിൽ എത്തിച്ച് റയൽ സോസിഡാഡ്. താരത്തെ ഒരു വർഷത്തെ ലോണിലാണ് ലെപ്സിഗിൽ നിന്നും കൊണ്ടു വരുന്നത്. സീസണിന് ശേഷം 15 മില്യൺ യൂറോ നൽകി സിൽവയെ സ്വന്തമാക്കാനുള്ള സാധ്യതയും സോസിഡാഡിന് മുൻപിൽ ഉണ്ടാവും. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ സീസണിൽ മുൻ നിര ശക്തമാക്കാനുള്ള ടീമിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ആന്ദ്രെ സിൽവയുടെ ട്രാൻസ്ഫർ. നേരത്തെ മറ്റൊരു മുന്നേറ്റ താരമായ സോർലോത്തിനെ സോസിഡാഡ് വിയ്യാറയലിലേക്ക് കൈമാറിയിരുന്നു.

അതേ സമയം ഇപ്പോഴും പരിക്കിന്റെ പിടിയിലാണ് ആന്ദ്രേ സിൽവ. മൂന്ന് മാസങ്ങൾക്ക് മുൻപ് മുട്ടിന് പരിക്കേറ്റ ശേഷം കളത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും മെഡിക്കൽ പരിശോധനകളുടെ ഒരു ഭാഗം സിൽവ സോസിഡാഡിൽ പൂർത്തിയാക്കിയതായി മുണ്ടോ ഡിപോർടിവോ സൂചിപ്പിച്ചു. എന്നാൽ ലീഗിന്റെ തുടക്ക മത്സരങ്ങളിൽ താരത്തിന്റെ സേവനം ടീമിന് ലഭിക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വാൻ ഡി ബിക്കിന് വേണ്ടിയും സോസിഡാഡ് രംഗത്തുണ്ട്. താൻ വളരെ സന്തോഷവാനാണെന്നും ലാ ലീഗയിലും സോസിഡാഡിലും കളിക്കുകയെന്ന ആഗ്രഹം ഇതോടെ സഫലമായെന്നും സിൽവ പ്രതികരിച്ചു. പരിക്കിൽ നിന്നുള്ള തിരിച്ചു വരവിന്റെ അവസാന ഘട്ടത്തിൽ ആണ് താനെന്ന് വെളിപ്പെടുത്തിയ സിൽവ, കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ടീമിന് മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.

റയൽ സോസിഡാഡിനെ കീഴടക്കി ബാഴ്സലോണ കോപ്പ ഡെൽ റേ സെമിയിലേക്ക്

കോപ്പ ഡെൽ റേ ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ റയൽ സോസിഡാഡിനെ കീഴടക്കി ബാഴ്സലോണ. ക്യാമ്പ്‌ന്യൂവിൽ വെച്ചു നടന്ന മത്സരത്തിൽ ഓസ്മാൻ ഡെമ്പലെ നേടിയ ഏക ഗോൾ ആണ് ബാഴ്‌സലോണയെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സഹായിച്ചത്. നാളെ നടക്കുന്ന മറ്റൊരു ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും ഏറ്റു മുട്ടും.

സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണക്ക് തന്നെ ആയിരുന്നു മുൻതൂക്കം. ഡെമ്പലെയുടെ ഗംഭീര പ്രകടനം സോസിഡാഡ് പ്രതിരോധത്തെ പലപ്പോഴും വട്ടം കറക്കി. ഇരു ടീമുകളുടെയും ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത് എങ്കിലും പിന്നീട് ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ചു. ലെവെന്റോവ്സ്കിയുടെ ആദ്യ ശ്രമം ഡിയോങ്ങിന്റെ ദേഹത്ത് തട്ടി ഓഫ്സൈഡിൽ കലാശിച്ചു. ബോക്സിനുള്ളിൽ എതിർ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞു പെഡ്രി സൃഷ്ടിച്ച അവസരത്തിൽ ഡിയോങ്ങിന്റെ ഷോട്ട് അകന്ന് പോയി. മുപ്പതാം മിനിറ്റിൽ സോസിഡാഡിന് ലഭിച്ച മികച്ച അവസരത്തിൽ കുബോയുടെ ഷോട്ട് പോസ്റ്റിലിടിച്ചു തെറിച്ചു. പിന്നീട് ബാസ്ക്വറ്റ്സിനെ ഫൗൾ ചെയ്തതിന് ബ്രയ്സ് മെന്റിസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. ആദ്യ പകുതിയിൽ നിരവധി അവസരങ്ങളാണ് ബാഴ്‌സലോണക്ക് ഗോൾ ആക്കി മാറ്റാൻ സാധിക്കാതെ പോയത്.

രണ്ടാം പകുതിയിൽ ആക്രമണം തുടർന്ന ബാഴ്‌സ അൻപതിരണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി. വലത് വിങ്ങിൽ ജൂൾസ് കുണ്ടെയുടെ പാസ് പിടിച്ചെടുത്തു ബോക്സിലേക്ക് ഓടിക്കയറി തൊടുത്ത ഷോട്ട് കീപ്പറുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. പോസ്റ്റിന്റെ തൊട്ടു മുൻപിൽ നിന്നും സമനില ഗോൾ നേടാനുള്ള അവസരം സോർലോത് പുറത്തേക്കടിച്ചു കളഞ്ഞത് അവിശ്വസനീയമായി. പിന്നീടും ബാഴ്‌സയുടെ ആധിപത്യം തന്നെ ആയിരുന്നു മത്സരത്തിൽ. അവസാന നിമിഷം ടെർ സ്റ്റഗന്റെ മിസ് പാസിൽ നിന്നും ലഭിച്ച സുവർണാവസരവും സോസിഡാഡിന് മുതലാക്കാൻ ആയില്ല. വിജയിച്ചെങ്കിലും പെഡ്രി മുടന്തി കളം വിട്ടത് ബാഴ്‌സക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഫുട്‌ബോൾ ലോകം വിടാതെ കോവിഡ്, ഡേവിഡ് സിൽവയും പോസിറ്റീവ്

പോൾ പോഗ്ബക്ക് പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവക്കും കോവിഡ് പോസിറ്റീവ്. താരത്തിന്റെ പുതിയ ക്ലബ്ബ് റയൽ സോസിഡഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 34 വയസുകാരനായ സ്പാനിഷ് ദേശീയ താരം സിറ്റിയുമായുള്ള ബന്ധം അവസാനിപ്പിച്ചു ഫ്രീ ട്രാൻസ്ഫറിലാണ് സ്വന്തം നാട്ടിലെ ക്ലബ്ബിൽ ചേർന്നത്.

സിൽവ രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല എങ്കിലും താരം സെൽഫ് ഐസൊലേഷനിൽ ആണ് ഉള്ളത്. ഇതോടെ താരത്തിന് പ്രീ സീസണും സീസൺ തുടക്കവും നഷ്ടപെടാനാണ് സാധ്യത. 2010 ലോകകപ്പും 2012 യൂറോയും അടക്കം നേടിയ സിൽവ തന്റെ കാലയളവിലെ ഏറ്റവും മികച്ച മധ്യനിര കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. താരത്തിന്റെ കരിയർ ഓർമിക്കാൻ സ്റ്റേഡിയത്തിന് പുറത്ത് പ്രതിമ നിർമിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി.

Exit mobile version