അടിമാത്രം!! 14ആം ഓവറിലേക്ക് കളി തീർത്തു!! RCB-ക്ക് തുടർച്ചയായ മൂന്നാം വിജയം

തകർപ്പൻ വിജയവുമായി RCB. ഇന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെ നാലു വിക്കറ്റിന്റെ വിജയമാണ് ആർ സി ബി നേടിയത്. 148 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ആർസിബി വെറും പതിനൊന്ന് ഓവറിലേക്ക് ലക്ഷ്യത്തിലെത്തി. തുടക്കത്തിൽ തന്നെ തകർപ്പൻ അടി കാഴ്ചവച്ച ഫാഫ് ഡുപ്ലസിസ് ആണ് ആർസിബിയുടെ വിജയത്തിന് കരുത്തായത്. ഫാഫ് 23 പന്തിൽ നിന്ന് 64 ആണ് അടിച്ചത്. 3 സിക്സും 10 ഫോറും ഡുപ്ലസിസ് അടിച്ചു.

വിരാട് കോലിയും ആർ സി ബിക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ചു. 27 പന്തിൽ 42 റൺസ് എടുക്കാൻ വിരാട് കോലിക്കായി. 4 സിക്സും 2 ഫോറും കോഹ്ലി അടിച്ചു. പ്ലേ ഓഫ് പ്രതീക്ഷ വിദൂരത്ത് ആണെങ്കിലും ഈ വിജയം ബെംഗളൂരുവിന് അവരുടെ റൺ ഉയർത്താൻ സഹായകമാകും.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് 20 ഓവറിൽ 147 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. മികച്ച തുടക്കമാണ് ആർ സി ബിക്ക് ഇന്ന് ബൗൾ കൊണ്ട് ലഭിച്ചത്. ആദ്യ 6 ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത ആർ സി ബി ബൗളർമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർ എല്ലാം ഇന്ന് പരാജയപ്പെട്ടു. സാഹ 1 റൺ, ഗിൽ 2 റൺ, സായി സുദർശൻ 6 റൺസ്, എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായത്/ 30 റൺസ് എടുത്ത മില്ലര് 37 റൺസ് എടുത്ത ഷാരൂഖാൻ എന്നിവർ പൊരുതി നോക്കിയത് വകിയ തകർച്ചയിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു.

അവസാനം രാഹുൽ തവാത്തിയയും റാഷിദ് ഖാനും കൂടി ആണ് 140 എന്ന കടമ്പ കടത്തിയത്. തെവാതിയ 35 റൺസും റാഷിദ് 19 റൺസും എടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, യാഷ് ദയാൽ, വിജയ് കുമാർ എന്നിവർ രണ്ട് വിക്കറ്റും വീതവും കാമറൂൺ ഗ്രീൻ, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

കോഹ്ലിയെ പിടിക്കാൻ ആകില്ല!! 500 കടന്ന് കിംഗിന്റെ റൺവേട്ട

ഐപിഎല്ലിൽ ഈ സീസണിൽ മൊത്തം റൺസ് 500 കടന്ന് വിരാട് കോഹ്ലി. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമായ കോഹ്ലി ഇന്ന് ഗുജറാത്തിനെതിരെ 70 റൺസ് എടുത്തു പുറത്താകാതെ നിന്നിരുന്നു. ഈ റൺസോടെ ആണ് കോഹ്ലി 500 എന്ന നാഴികകല്ലിൽ എത്തിയത്. ഏഴാം തവണയാണ് വിരാട് കോലി 500 റൺസ് ഐപിഎല്ലിൽ നേടുന്നത്.

ഏഴ് സീസണിൽ 500 മുകളിൽ റൺസ് നേടിയ രണ്ടാമത്തെ താരം മാത്രമാണ് കോഹ്ലി. നേരത്തെ വാർണറും ഏഴുതവണ 500 മുകളിൽ ഐപിഎൽ സീസണിൽ റൺ നേടിയിട്ടുണ്ട്. ഇന്നത്തെ ഇന്നിംഗ്സോടെ വിരാട് കോഹ്ലി ഈ സീസണിലെ റൺവേയിൽ ബഹുദൂരം മുന്നിൽ നിൽക്കുകയാണ്.

500 റൺസുമായി കോഹ്ലി ഒന്നാമത് നിൽക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശൻ 418 റൺസുമായി രണ്ടാം സ്ഥാനത്ത് നൽകുന്നു. 9 മത്സരങ്ങളിൽ നിന്നും 385 റൺസ് ഉള്ള സഞ്ജു സാംസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

Most runs in IPL 2024:

Virat Kohli – 500+.
Sai Sudharsan – 418.
Sanju Samson – 385.

ട്രാവിസ് ഹെഡ് വീണു, സൺറൈസേഴ്സും, ആര്‍സിബിയ്ക്ക് രണ്ടാം വിജയം

ഐപിഎലിലെ രണ്ടാം വിജയം നേടി ആര്‍സിബി. 207 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്സിന് 171 റൺസ് മാത്രമേ നേടാനായുള്ളു. 35 റൺസിന്റെ വലിയ വിജയം ആണ് സൺറൈസേഴ്സിനെതിരെ ആര്‍സിബി നേടിയത്. ടോപ് ഓര്‍ഡറിൽ അഭിഷേക് ശര്‍മ്മയും ഇന്നിംഗ്സിന്റെ അവസാനത്തോടെ പാറ്റ് കമ്മിന്‍സും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നിന്നത്.

85/6 എന്ന നിലയിലേക്ക് തകര്‍ന്ന സൺറൈസേഴ്സിനെ പാറ്റ് കമ്മിന്‍സ് വലിയ ഷോട്ടുകള്‍ ഉതിര്‍ത്ത് പ്രതീക്ഷ നൽകിയെങ്കിലും താരത്തിന് മറുവശത്ത് വേണ്ടത്ര പിന്തുണ നൽകുവാന്‍ ആളില്ലായിരുന്നു. 39 റൺസാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

15 പന്തിൽ 31 റൺസായിരുന്നു പാറ്റ് കമ്മിന്‍സ് നേടിയത്. 40 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദ് സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍.

റൺ റേറ്റ് ഉയര്‍ത്താനാകാതെ കോഹ്‍ലി, അടിച്ച് തകര്‍ത്ത് പടിദാറും ഗ്രീനും, ആര്‍സിബിയ്ക്ക് 206 റൺസ്

ഐപിഎലില്‍ അതിശക്തരായ സൺറൈസേഴ്സ് ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ 207 റൺസ് വിജയ ലക്ഷ്യം നൽകി ആര്‍സിബി. രജത് പടിദാറും കാമറൺ ഗ്രീനും അടിച്ച് തകര്‍ത്ത് ടീമിനെ 200ന് മേലെയുള്ള സ്കോറിലേക്ക് എത്തിച്ചപ്പോള്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും കോഹ്‍ലിയുടെ ഇന്നിംഗ്സ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിക്കുന്ന ഒന്നായി മാറി.

വെടിക്കെട്ട് തുടക്കമാണ് ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ആര്‍സിബിയ്ക്ക് നൽകിയത്. ഫാഫ് 12 പന്തിൽ 25 റൺസ് നേടി പുറത്താകുമ്പോള്‍ 3.5 ഓവറിൽ 48 റൺസായിരുന്നു ആര്‍സിബി നേടിയത്. വിൽ ജാക്സിനെ ഏഴാം ഓവറിൽ നഷ്ടമാകുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോര്‍ ബോര്‍ഡിൽ 65 റൺസായിരുന്നു.

മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ കോഹ്‍ലി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതേ സമയം മറുവശത്ത് രജത് പടിദാര്‍ 20 പന്തിൽ 50 റൺസ് നേടി പുറത്തായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് പുറത്താകുമ്പോള്‍ 43 പന്തിൽ 51 റൺസായിരുന്നു താരം നേടിയത്. 161/5 എന്ന നിലയിൽ നിന്ന് കാമറൺ ഗ്രീനിന്റെ ബാറ്റിംഗ് മികവ് ആണ് ആര്‍സിബിയെ 200 കടത്തിയത്.

ഗ്രീന്‍ 20 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സ്വപ്നിൽ സിംഗ് 6 പന്തിൽ 12 റൺസും ദിനേശ് കാര്‍ത്തിക് 6 പന്തിൽ 11 റൺസും നേടി.

RCB-ക്ക് ഇനിയും പ്ലേ ഓഫ് അവസരങ്ങൾ ഉണ്ടോ!

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് കൂടെ പരാജയപ്പെട്ടതോടെ RCB-യുടെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് മങ്ങിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും കണക്കുകളിൽ RCB-ക്ക് സാധ്യത ഉണ്ട്. ഇന്നലെ RCBയുടെ എട്ടാം മത്സരം ആയിരുന്നു. ഈ എട്ടു മത്സരങ്ങളിൽ ഏഴിലും RCB പരാജയപ്പെട്ടു. ഒരു വിജയം മാത്രമാണ് അവർക്ക് ഉള്ളത്. 2 പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്നു.

ഇനി ശേഷിക്കുന്ന 6 മത്സരങ്ങളും RCB ജയിച്ചാലും അവർക്ക് 14 പോയിന്റ് മാത്രമെ ആകെ ആവുകയുള്ളൂ. 14 പോയിന്റുമായി പ്ലേ ഓഫിൽ എത്തണം എങ്കിൽ അത്ഭുതങ്ങൾ നടക്കേണ്ടി വരും. IPL-ൽ 10 ടീമുകളായി ഉയർന്ന ശേഷം ഇതുവരെ ഒരു ടീമും 14 പോയിന്റുമായി പ്ലേ ഓഫിന് യോഗ്യത നേടിയിട്ടില്ല. കഴിഞ്ഞ രണ്ടു സീസണിലും നാലാം സ്ഥാനത്ത് എത്തിയവർ 16 പോയിന്റ് എങ്കിലും നേടിയിരുന്നു.

അതുകൊണ്ട് തന്നെ ഇനി RCB പ്ലേ ഓഫിൽ എത്താൻ അവർക്ക് അനുകൂലമായി അത്രയും കാര്യ‌ങ്ങൾ നടക്കേണ്ടതായുണ്ട്. എല്ലാ മത്സരങ്ങളും വിജയിക്കുകയും ഒപ്പം മറ്റു ടീമുകളിൽ നിന്നെല്ലാം അനുകൂലമായ ഫലം ഉണ്ടാവുകയും വേണം. എന്നാൽ ഇനി ഒരു മത്സരം കൂടെ RCB തോറ്റാൽ പിന്നെ കണക്കുകളിൽ പോലും RCB-ക്ക് സാധ്യത ഉണ്ടാകില്ല.

ബീമറിൽ ഔട്ട്, അമ്പയറോട് കയർത്ത് വിരാട് കോഹ്ലി

ഇന്ന് കെ കെ ആറിന് എതിരായ മത്സരത്തിൽ അമ്പയറോഡ് തട്ടിക്കയറി വിരാട് കോഹ്ലി. ഇന്ന് കൊൽക്കത്ത നൈറ്റ് ട്രേഡേഴ്സിനെതിരായ മത്സരത്തിൽ മികച്ച രീതിയിൽ ചെയ്സ് ആരംഭിച്ച ആർ സി ബിക്ക് മൂന്നാം ഓവറിലാണ് കോഹ്ലിയെ നഷ്ടമായത്.

മത്സരത്തിന്റെ മൂന്നാം ഓവറിൽ ഒരു ഭീമർ വന്നപ്പോൾ ഡിഫൻഡ് ചെയ്ത വിരാട് കോലി ബോളറായ ഹർഷിതിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. വിരാടിന്റെ വെയ്സ്റ്റിന് മുകളിലാണ് പന്ത് എന്നതിനാൽ അത് ഔട്ട് അല്ല എന്നായിരുന്നു ഏവരും ആദ്യം കരുതിയിരുന്നത്. എന്നാൽ അമ്പയർ തേർഡ് അമ്പയറെ സമീപിച്ചു. വീശിയോ പരിശോധനയിൽ വിരാട് കോഹ്ലി ക്രീസിന് ഏറെ വെളിയിലായിരുന്നു എന്നും പന്ത് സ്റ്റബിലേക്ക് എത്തുമ്പോൾ വിരാട് കോലിയുടെ വെയിസ്റ്റിന് താഴെ ആയിരിക്കും പന്ത് എന്നും കണ്ടെത്തി.

ഇതോടെ വിരാട് കോഹ്ലി ഔട്ട് ആണെന്ന് വിധി വന്നു. തീർത്തും അപ്രതീക്ഷിതമായി തീരുമാനം വന്നപ്പോൾ വിരാട് കോഹ്ലി അതൃപ്തനായി. ഔട്ടായി കളം വിടുന്നതിനിടയിൽ വിരാട് കോലി അമ്പയർമാരോട് കയർത്തു. ഇതിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് കയറി പോകവേ ബാറ്റ് ഗ്രൗണ്ടിൽ ആഞ്ഞ് നിലത്ത് അടിക്കുകയും ചെയ്തു. 8 പന്തിൽ 17 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്.

RCB ബൗളർമാർ വീണ്ടും അടി വാങ്ങിക്കൂട്ടി, KKR-ന് 222 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ആദ്യം ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആർ സി ബിക്കെതിരെ 20 ഓവറിൽ 222 റൺസ് എടുത്തു. ഇന്ന് മികച്ച തുടക്കം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചു. ഫിൽ സാൾട്ടിന്റെയും ശ്രേയസ് അയ്യറിന്റെയും ഇന്നിംഗ്സുകളാണ് കൊൽക്കത്തക്ക് കരുത്തായത്.

തുടക്കത്തിൽ സാൾട്ട് 14 പന്തിൽ 48 റൺസ് അടിച്ചു മികച്ച തുടക്കമാണ് കെ കെ ആറിന് നൽകിയത്. അവർ പവർപ്ലെയിൽ 75 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ സാൾട്ടിന്റെ വിക്കറ്റ് പോയതോടെ കെ കെ ആർ റൺറേറ്റ് കുറഞ്ഞു തുടങ്ങി. അവസാന മത്സരങ്ങളിലെ ഹീറോ ആയ നരൈൻ ഇന്ന് കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. വൈഡ് യോർക്കറുകളും ഇൻസ്വിംഗ് യോർക്കറും എറിഞ്ഞ് നരൈനെ പിടിച്ചു കെട്ടാൻ ആർ സി ബി ബോളർമാർക്കായി. 15 പന്തിൽ നിന്ന് 10 റൺസ് മാത്രമേ നരൈൻ എടുത്തുള്ളൂ.

മൂന്ന് റൺസെടുത്ത രഗുവൻഷി, 16 എടുത്ത വെങ്കിടേഷ് അയ്യർ, 24 റൺസ് എടുത്ത റിങ്കു സിങ് എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസും റസ്സലും ചേർന്ന് കൊൽക്കത്തയെ 200ലേക്ക് അടുപ്പിച്ചു. ശ്രേയസ് 36 പന്തിൽ നിന്ന് 50 റൺസ് എടുത്തു. 1 സിക്സും 7 ഫോറും ആണ് താരം അടിച്ചത്.

അവസാനം രമന്ദീപ് ഇറങ്ങി 9 പന്തിൽ 24 റൺസ് അടിച്ചു കൂട്ടി. റസൽ 20 പന്തിൽ 27 റൺസും എടുത്തു.

കോഹ്ലി ബൗൾ ചെയ്താൽ ഇത്രയും റൺസ് വഴങ്ങില്ല, RCB 11 ബാറ്റർമാരുമായി കളിക്കണം എന്ന് ശ്രീകാന്ത്

സൺറൈസേഴ്സിന് എതിരെ RCB ബൗളർമാർ അടിവാങ്ങി കൂട്ടുന്ന കാഴ്ച വേദനയുണ്ടാക്കി എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. ആർസിബി 287 റൺസ് ആയിരുന്നു ഇന്നലെ വഴങ്ങിയത്. ഈ ബൗളർമാരെക്കാൾ മികച്ച പ്രകടനം വിരാട് കോഹ്‌ലി ബൗളു കൊണ്ട് നടത്തുമായിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു.

“റീസ് ടോപ്ലി അടിവാങ്ങിക്കൂട്ടി. ലോക്കി ഫെർഗൂസണും റൺസ് ഏറെ വഴങ്ങി. RCBക്ക് ഏറ്റവും നല്ലത് അവർ 11 ബാറ്റർമാരുമായി കളിക്കുന്നതാണ്. ഫാഫ് ഡു പ്ലെസിസിനോട് 2 ഓവർ ബൗൾ ചെയ്യാൻ ആവശ്യപ്പെടുക. കാമറൂൺ ഗ്രീനിന് 4 ഓവർ നൽകുക. വിരാട് കോഹ്‌ലി 4 ഓവർ എറിഞ്ഞിരുന്നെങ്കിൽ ഇത്രയധികം വഴങ്ങില്ലായിരുന്നുവെന്ന് ഞാൻ കരുതുന്നു. വിരാട് കോലി മാന്യനായ ഒരു ബൗളറാണ്.” ശ്രീകാന്ത് പറഞ്ഞു.

“ഒരു ഘട്ടത്തിൽ, സ്‌റ്റേഡിയത്തിന് പുറത്തേക്ക് പന്തുകൾ പറക്കുന്നത് നോക്കിനിൽക്കേണ്ടി വന്ന വിരാട് കോഹ്‌ലിയെ ഓർത്ത് വല്ലാത്ത വിഷമം തോന്നി.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കളി കണ്ടപ്പോൾ ബാറ്റർ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി – കമ്മിൻസ്

ഇന്നത്തെ മത്സരം കഴിഞ്ഞപ്പോൾ ബാറ്ററായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്ന് സൺ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ആർ സി ബിയും സൺ റൈസേഴ്സും തമ്മിലുള്ള പോരാട്ടത്തിൽ 549 റൺസ് ആണ് ആകെ പിറന്നത്. സൺ റൈസേഴ്സ് 287 റൺസ് എടുത്തപ്പോൾ ചെയ്സ് ചെയ്ത ആർ സി ബി 262 റൺസും എടുത്തു. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമായിരുന്നു ഇത്‌.

“ഞാൻ ഒരു ബാറ്ററായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.” കമ്മിൻസ് മത്സര ശേഷം പറഞ്ഞു. “ക്രിക്കറ്റ് ഒരു അത്ഭുതകരമായ കളിയാണ്. അതിശയിപ്പിക്കുന്ന മത്സരങ്ങൾ ആണ് നടന്നത്. മുംബൈക്ക് എതിരെ 277 അടിച്ചപ്പോൾ ഇനി അങ്ങനെ ഒന്ന് വരില്ല എന്നാണ് കരുതിയത്‌. രണ്ടാഴ്ചക്ക് ഉള്ളിൽ വീണ്ടും അത് നടന്നു.” കമ്മിൻസ് പറഞ്ഞു.

ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
ഇത്തരം മത്സരങ്ങളിൽ ബൗളർമാർ 7 അല്ലെങ്കിൽ 8 റൺസ് നൽകുന്ന ഓവർ എറിയുകയാണെങ്കിൽ തന്നെ, നിങ്ങൾക്ക് ഗെയിമിൽ സ്വാധീനം ചെലുത്താനാകും. കമ്മിൻസ് പറഞ്ഞു.

ബൗളിംഗിൽ മാറ്റം വരുത്തിയിട്ടും ഫലം മാറിയില്ല, RCB കളിക്കാർക്ക് ആത്മവിശ്വാസം ഇല്ല എന്ന് ഫാഫ് ഡു പ്ലസിസ്

ബൗളിംഗിൽ മാറ്റം വരുത്തി നോക്കിയിട്ടും ഫലം ഉണ്ടായില്ല എന്ന് RCB ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്. ബൗളർമാർക്കും ടീമിനും ആത്മവിശ്വാസം കുറവാണ് എന്നും ആത്മവിശ്വാസം കുറവാണെങ്കിൽ ഇതാകും മത്സരത്തിൽ സംഭവിക്കുക എന്നും ഫാഫ് ഡു പ്ലസിസ് ഇന്ന് മത്സര ശേഷം പറഞ്ഞു. ഇന്ന് സൺ റൈസേഴ്സിന് എതിരെ 287 എന്ന റെക്കോർഡ് ടോട്ടൽ ആയിരുന്നു ആർ സി ബി ബൗളർമാർ വഴങ്ങിയത്.

“ഞങ്ങളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം കാണാൻ ആയി, പക്ഷേ 280 വളരെ അകലെയുള്ള സ്കോർ ആണ്. ഇത് വളരെ കഠിനമാണ്.” ഫാഫ് പറഞ്ഞു ‌

“ഞങ്ങൾ ബൗളിംഗിൽ കുറച്ച് കാര്യങ്ങൾ പരീക്ഷിച്ചു, ഞങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിച്ചു. പക്ഷെ ഒന്നും മാറിയില്ല‌ നിങ്ങളുടെ ആത്മവിശ്വാസം കുറയുമ്പോൾ ഇതാണ് സംഭവിക്കുക.” ഫാഫ് പറഞ്ഞു.

“ഫാസ്റ്റ് ബൗളർമാർ ഈ പിച്ചിൽ വളരെ ബുദ്ധിമുട്ടി. ഞങ്ങൾ കുറച്ച് മേഖലകളിൽ പ്രവർത്തിക്കേണ്ടതുണ്ട്. പവർപ്ലേയ്ക്ക് ശേഷം റൺ റേറ്റ് കുറയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഞങ്ങളുടെ ബാറ്റർമാർ ഒരിക്കലും വിട്ടുകൊടുത്തില്ല. ബൗളിംഗിൽ 30-40 റൺസ് അൽപ്പം കൂടുതൽ ഞങ്ങൾ നൽകി.” ഫാഫ് പറഞ്ഞു.

സിറാജ് തളർന്നിരിക്കുകയാണ്, RCB അവന് വിശ്രമം നൽകണം എന്ന് ഹർഭജൻ

മുഹമ്മദ് സിറാജിന് RCB വിശ്രമം നൽകണം എന്ന് ഹർഭജൻ സിംഗ്. ഇന്ത്യക്ക് ആയും ആർ സി ബിക്ക് ആയും നിരന്തരം കളിച്ച് സിറാജ് മാനസികമായും ശാരീരികമായും തളർന്നിരിക്കുക ആണെന്ന് ഹർഭജൻ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 57.25 ശരാശരിയിൽ 4 വിക്കറ്റ് മാത്രമാണ് സിറാജിന് നേടാൻ ആയത്. കഴിഞ്ഞ സീസണിൽ 19.79 ശരാശരിയിൽ 19 വിക്കറ്റ് നേടിയ താരമാണ് സിറാജ്.

“ഞാൻ മാനേജ്‌മെൻ്റിൻ്റെ ഭാഗമായിരുന്നെങ്കിൽ, ഞാൻ അദ്ദേഹത്തിന് രണ്ട് കളികൾ വിശ്രമം നൽകും. അവൻ തിരികെ പോയി അവനുമായി എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കട്ടെ. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്തുന്നത് നമ്മൾ കണ്ട അതേ സിറാജ് തന്നെയാണോ ഇപ്പോൾ പന്തെറിയുന്നത്.” ഹർഭജൻ പറയുന്നു.

ന്യൂബോളിൽ അത് ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ് അല്ലെങ്കിൽ ടി20 ഫോർമാറ്റിൽ പോലും വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന ആളാണ് സിറാജ്. അദ്ദേഹം ടീം ഇന്ത്യയ്ക്കും ആർസിബിക്കും ഒരുപോലെ ചാമ്പ്യൻ ബൗളറാണ്. താൻ ചെയ്യേണ്ടത് അദ്ദേഹം ഇപ്പോൾ ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നുന്നു,” ഹർഭജൻ പറഞ്ഞു.

“അവൻ വളരെ ക്ഷീണിതനാണെന്ന് ഞാൻ കരുതുന്നു. മാനസികമായും ശാരീരികമായും അവൻ ഒകെ അല്ല. വിശ്രമം ആവശ്യമാണ്. അവൻ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നു. ഇംഗ്ലണ്ടിനെതിരെ 4 ടെസ്റ്റുകൾ കളിച്ചു. അവൻ ധാരാളം ഓവർ ബൗൾ ചെയ്യുന്നു.” മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു.

“അവൻ ശാരീരികമായും മാനസികമായും വളരെ ക്ഷീണിതനായി കാണപ്പെടുന്നു. അൽപ്പം വിശ്രമിക്കുക. സിറാജ് ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഹർഭജൻ പറഞ്ഞു.

സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് RCB-ക്ക് എതിരെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് അവരുടെ നാലാം മത്സരത്തിനായി ഇറങ്ങുന്നു. ആർ സി ബിയെ ആണ് ഇന്ന് രാജസ്ഥാൻ നേരിടുക. ജയ്പൂരിൽ വച്ചാകും മത്സരം. ജയ്പൂരിൽ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തും.

ഇതിനുമുമ്പ് ജയ്പൂരിൽ നടന്ന രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ വിജയിച്ചിരുന്നു. മികച്ച ഫോമിലുള്ള റയാൻ പരാഗും പിന്നെ അവരുടെ ബൗളേഴ്സിലും ആണ് രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷ. അവരുടെ ഓപ്പണർമാരായ ബട്ലറും ജയ്സ്വാളും ഇന്നെങ്കിലും ഫോമിൽ എത്തും എന്ന് അവർ പ്രതീക്ഷിക്കുന്നു. സഞ്ജുവും ആദ്യ മത്സരത്തിനു ശേഷം വലിയ സ്കോറുകൾ നേടിയിട്ടില്ല.

മറുവശത്ത് ആർസിബി കളിച്ച നാലു മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ടാണ് എത്തുന്നത്. അവസാന സീസണിൽ ജയ്പൂരിൽ വച്ച് രാജസ്ഥാനെ നേരിട്ടപ്പോൾ വലിയ വിജയം നേടിയ ആത്മവിശ്വാസം ആർ സി ബിക്ക് ഒപ്പം ഉണ്ടാകും. വിരാട് കോഹ്ലി അല്ലാതെ അവരുടെ മുൻനിര ബാറ്റർമാർ ആരും തിളങ്ങാത്തതാണ് ആർസിബി തിരിച്ചടിയാവുന്നത്. അവരുടെ ബോളർമാരും ഇതുവരെ നിരാശയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം തൽസമയം ജിയോ സിനിമയിൽ സൗജന്യമായി കാണാം

Exit mobile version