അവസാന നാലോവറില്‍ ബാംഗ്ലൂര്‍ വഴങ്ങിയത് 74 റണ്‍സ്

കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് പ്രകടനത്തിന് മുന്നില്‍ പതറി പോയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അവസാന നാലോവറില്‍ വഴങ്ങിയത് 74 റണ്‍സ്. വിരാട് കോഹ്‍ലി രണ്ട് തവണ ക്യാച്ച് കൈവിട്ട് രാഹുലിനെ സഹായിച്ചപ്പോള്‍ അതിന്റെ തിരിച്ചടി നേരിട്ടത് ഡെയില്‍ സ്റ്റെയിനും ശിവം ഡുബേയുമാണ്.

അവസാന രണ്ടോവറില്‍ മാത്രം 49 റണ്‍സാണ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വിട്ട് നല്‍കിയത്. സ്റ്റെയിന്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ശിവം ഡുബേ 3 ഓവറില്‍ 33 റണ്‍സ് വഴങ്ങി. തന്റെ ആദ്യ രണ്ടോവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില്‍ താരം 23 റണ്‍സ് വഴങ്ങി.

സ്റ്റെയിന്‍ വഴങ്ങിയതില്‍ 41 റണ്‍സും ഡെത്ത് ഓവറുകളിലെ രണ്ടോവറിലാണ് വഴങ്ങിയത്.

പവര്‍ പ്ലേയില്‍ കിംഗ്സ് ഇലവന്‍ ‍പഞ്ചാബിന് വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേയില്‍ ടീമിനെ 50 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്.

രാഹുല്‍ 23 റണ്‍സും മയാംഗ് 25 റണ്‍സുമാണ് നേടിയിട്ടുള്ളത്. കരുതുറ്റ ആര്‍സിബി ബാറ്റിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ മികച്ച സ്കോര്‍ നേടുക എന്ന കനത്ത വെല്ലുവിളിയാണ് പഞ്ചാബ് നിരയ്ക്ക് മുന്നിലുള്ളത്.

ഷാര്‍ജ്ജയില്‍ അരങ്ങേറ്റത്തിലും പ്ലേയര്‍ ഓഫ് ദി മാച്ച്, ഇന്ന് ദുബായിയില്‍ തന്റെ ഐപിഎലിലെ രണ്ടാം പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി യൂസുവേന്ദ്ര ചഹാല്‍

ആര്‍സിബിയുടെ ഇന്നത്തെ വിജയത്തിന് പ്രധാന കാരണം ആരെന്ന ചോദ്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ഇന്ന് ഐപിഎലില്‍ തന്റെ രണ്ടാമത്തെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ യൂസുവേന്ദ്ര ചഹാലായിരുന്നു ടീമിന്റെ വിജയ ശില്പി. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി തന്റെ അരങ്ങേറ്റം താരം കുറിച്ചത് 2014ല്‍ ആണ്. അന്ന് ദുബായിയിലും ഇന്ത്യയിലുമായി നടന്ന മത്സരത്തില്‍ ഷാര്‍ജ്ജയില്‍ വെച്ചായിരുന്നു താരത്തിന്റെ ആര്‍സിബി അരങ്ങേറ്റം.

2011-13 സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎലില്‍ താരം ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. അതേ സമയം താരം ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ടീമിനായി 2011ലെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ഷാര്‍ജ്ജയില്‍ ആര്‍സിബിയ്ക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റത്തില്‍ താരം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരുന്നു. ഡല്‍ഹിയ്ക്കെതിരെ ആയിരുന്നു ഈ നേട്ടം.

ഐപിഎലില്‍ തന്റെ രണ്ടാം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം താരം നേടുമ്പോള്‍ യാദൃശ്ചികമെന്നവണ്ണം ടൂര്‍ണ്ണമെന്റ് വീണ്ടും നടക്കുന്നത് യുഎഇയിലാണ്. ഇന്ന് ദുബായിയില്‍ താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം നേടി 3 വിക്കറ്റ് നേടിയപ്പോള്‍ അന്ന് ഷാര്‍ജ്ജയിലും താരം തന്റെ നാലോവറില്‍ നിന്ന് വെറും 18 റണ്‍സ് വിട്ട് നല്‍കി 1 വിക്കറ്റാണ് നേടിയത്.

ഇന്നത്തെ മത്സരത്തില്‍ താരം മനീഷ് പാണ്ടേ, ജോണി ബൈര്‍സ്റ്റോ, വിജയ് ശങ്കര്‍ എന്നിങ്ങനെ മൂന്ന് പ്രധാന വിക്കറ്റ് നേടിയാണ് മത്സരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വരുതിയിലാക്കിയത്.

പടിക്കിലിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം എബിഡിയുടെ വെടിക്കെട്ട് പ്രകടനം

ദേവദത്ത് പടിക്കല്‍ ടോപ് ഓര്‍ഡറില്‍ കാട്ടിയ ബാറ്റിംഗ് അത്ഭുതങ്ങളുടെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 163 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 10 ഓവറില്‍ 86/0 റണ്‍സ് നേടിയ ടീമിന് അര്‍ദ്ധ ശതകം നേടിയ പടിക്കലിനെയും 29 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനെയും അടുത്തടുത്ത പന്തുകളില്‍ നഷ്ടമാകുകയായിരുന്നു.

90/0 എന്ന നിലയില്‍ നിന്ന് 90/2 എന്ന നിലയിലേക്ക് ആര്‍സിബി വീണപ്പോള്‍ വിജയ് ശങ്കറാണ് 56 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിനെ വീഴ്ത്തിയത്. അടുത്ത പന്തില്‍ അഭിഷേക് വര്‍മ്മ ആരോണ്‍ ഫിഞ്ചിനെയും പുറത്താക്കിയതോടെ പിന്നീട് റണ്‍സ് കണ്ടെത്തുവാന്‍ ബാംഗ്ലൂരിന് അത്ര അനായാസം സാധിച്ചില്ല.

Abdevilliers

വെടിക്കെട്ട് താരങ്ങളായ വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും മെല്ലെ തുടങ്ങി നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിക്കുവാനാണ് പദ്ധതിയിട്ടത്. എങ്കിലും കോഹ്‍ലിയെ(14) പുറത്താക്കി ടി നടരാജന്‍ ആര്‍സിബിയ്ക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചത്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡിവില്ലിയേഴ്സ് ആണ് ആര്‍സിബിയുടെ സ്കോറിംഗിന് വീണ്ടും വേഗത നല്‍കിയത്. 29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി എബി ഡി വില്ലിയേഴ്സ് എന്നാല്‍ തൊട്ടടുത്ത പന്തില്‍ റണ്ണൗട്ടായതോടു കൂടി 175 റണ്‍സെന്ന ലക്ഷ്യം ടീമിന് ഏറെക്കുറെ അപ്രാപ്യമായി മാറി. 51 റണ്‍സ് നേടിയ താരം രണ്ട് സിക്സ് നേടി.

 

അഹമ്മദ് റാസ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാമ്പില്‍

ഐപിഎല്‍ 2020ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാമ്പിലേക്ക് എത്തി യുഎഇ താരവും ക്യാപ്റ്റനുമായ അഹമ്മദ് റാസ. താരവും 19 വയസ്സുകാരന്‍ സ്പിന്നര്‍ കാര്‍ത്തിക്ക് മെയ്യപ്പനുമാണ് വിരാട് കോഹ്‍ലിയുടെ പരിശീലന സംഘത്തിനൊപ്പം ചേരുന്നത്. ഇരുവരും യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ ടീമിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

ടീമിനൊപ്പം പരിശീലനത്തില്‍ മാത്രമാവും റാസയും മെയ്യപ്പനും സഹായിക്കുക. ബൗളിംഗ് ഹെഡ് കോച്ച് ശ്രീധര്‍ ശ്രീറാം ആണ് ഇരുവരുടെയും സേവനം ഉറപ്പാക്കുവാന്‍ ശ്രമിച്ചത്. ഓസട്രേലിയ യുഎഇയില്‍ കളിച്ചപ്പോളും റാസയുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്.

കാര്‍ത്തിക് മെയ്യപ്പന്‍ യുഎഇയിക്ക് വേണ്ടി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്.

ജോഷ് ഫിലിപ്പ് കളിക്കുന്നത് കാണുമ്പോള്‍ തന്റെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നു – എബി ഡി വില്ലിയേഴ്സ്

23 വയസ്സുകാരന്‍ ജോഷ് ഫിലിപ്പിന്റെ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ്. താന്‍ ചെറുപ്പകാലത്ത് കളിച്ചിരുന്നതുമായി ഏറെ സാമ്യം ജോഷ് ഫിലിപ്പിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് തോന്നാറുണ്ടെന്ന് എബിഡി അഭിപ്രായപ്പെട്ടു. 2019 ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനെ വിജയത്തിലേക്ക് നയിച്ചതില്‍ പ്രധാന റോള്‍ വഹിച്ച താരമാണ് ജോഷ് ഫിലിപ്പ്.

ഇത്തവണ ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഈ 23 വയസ്സുകാരന്‍ താരത്തെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കിയത്. 32 മത്സരങ്ങളില്‍ നിന്ന് 798 റണ്‍സാണ് ജോഷ് ഫിലിപ്പ് ബിഗ് ബാഷില്‍ നേടിയത്. ‍ഡി വില്ലിയേഴ്സ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടിയാണ് കളിച്ചിരുന്നത്.

താന്‍ ജോഷ് ഫിലിപ്പിനൊപ്പം കളിക്കുന്നതിനായി ഉറ്റുനോക്കുകയാണെന്നും ഇതിന്റെ പ്രത്യേക കാരണം തന്റെ ചെറുപ്പത്തിലേതിന് സമാനമായ താരത്തിന്റെ ബാറ്റിംഗ് ശൈലിയാണെന്നും എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ഇതിഹാസ താരം ആഡം ഗില്‍ക്രിസ്റ്റ് താരത്തെക്കുറിച്ച് വളരെ മികച്ച അഭിപ്രായം പറയുന്നത് താന്‍ കേടിട്ടിട്ടുണ്ടെന്നും ന്യൂബോള്‍ നേരിടുവാന്‍ താരത്തിന് പ്രത്യേക കഴിവുണ്ടെന്നും എബി ഡി വില്ലിയേഴ്സ് സൂചിപ്പിച്ചു. ഫിലിപ്പിനൊപ്പം ആര്‍സിബിയില്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ച്, ആഡം സംപ എന്നിവരുള്ളതും താരത്തിന് മികച്ച അനുഭവമാകുമെന്നാണ് കരുതപ്പെടുന്നത്.

ശക്തമായ വിദേശ സാന്നിദ്ധ്യം അടങ്ങിയ ആര്‍സിബി നിരയില്‍ താരത്തിന് അവസരം ലഭിയ്ക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ടോപ് ഓര്‍ഡറില്‍ ആരോണ്‍ ഫിഞ്ചും എബിഡിയും ഉള്ളതിനാല്‍ തന്നെ മൂന്നാമത്തെ ബാറ്റിംഗ് വിദേശ താരമായി താരത്തിന് അവസരം ലഭിയ്ക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

ഐപിഎല്‍ നടത്തിപ്പില്‍ ബിസിസിഐ നിലപാടുകള്‍ മികച്ചത്

ഐപിഎലിന്റെ നടത്തിപ്പില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ആളുകള്‍ക്കെല്ലാം വ്യക്തമായ പദ്ധതി മുന്നോട്ട് വെച്ച ബിസിസിഐ നിലപാടുകള്‍ ഏറെ പ്രശംസനീയമാണെന്ന് വ്യക്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡി വില്ലിയേഴ്സ്. ബിസിസിഐ ടൂര്‍ണ്ണമെന്റ് ഇത്രത്തോളം മുന്നോട്ടെത്തിച്ചതില്‍ സ്വീകരിച്ച നടപടികള്‍ വളരെ സുതാര്യമായ കാര്യമാണെന്നും എബി ഡി വില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനാകുന്നതിന്റെ ആവേശത്തിലാണ് ഏവരും എന്നും എബിഡി സൂചിപ്പിച്ചു. ഒരു മാസം മുമ്പ് തന്നെ ടൂര്‍ണ്ണമെന്റിനെക്കുറിച്ച് വ്യക്തത എല്ലാവരിലേക്കും എത്തിക്കുവാന്‍ ബിസിസിഐയ്ക്ക് സാധിച്ചുവെന്നും എബിഡി സൂചിപ്പിച്ചു.

കോഹ്‍ലി എന്നും മുന്നില്‍ നിന്ന് നയിക്കുന്ന താരം – എബി ഡി വില്ലിയേഴ്സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലിയെക്കുറിച്ച് എബി ഡി വില്ലിയേഴ്സ് പറയുന്നത് കോഹ്‍ലി എന്നും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന താരമാണെന്നാണ്. തന്റെ ടീമംഗങ്ങള്‍ ശരിയായ ഉദാഹരണങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഒരു നായകനാണ് കോഹ്‍ലിയെന്നും താരം എന്നും മുന്നില്‍ നിന്ന് ടീമിനെ നയിച്ചിട്ടുള്ള വ്യക്തിയാണെന്നും എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഒരു ആശയവിനിമയ പരിപാടിയിലാണ് എബി ഡി വില്ലിയേഴ്സ് തന്റെ മനസ്സ് തുറന്നത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ നടക്കുക.

ഒഴിഞ്ഞ ഗ്യാലറികള്‍ വെല്ലുവിളിയല്ല, എന്നാല്‍ ആരാധകരുടെ സാന്നിദ്ധ്യം കൂടുതല്‍ ആവേശം പകര്‍ന്നേനെ

യുഎഇയില്‍ ഒഴിഞ്ഞ ഗ്യാലറിയില്‍ കളിക്കുന്നത് താരങ്ങള്‍ക്ക് അത്ര വലിയ വെല്ലുവിളി ആകില്ലെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം യൂസുവേന്ദ്ര ചഹാല്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നില്‍ താരങ്ങള്‍ കളിക്കുന്നത് പതിവാണെന്നും അതിനാല്‍ തന്നെ ആര്‍ക്കും അത് പുതിയ അനുഭവം ആയിരിക്കില്ലെന്ന് താരം വ്യക്തമാക്കി.

എന്നാല്‍ കാണികളുടെ സാന്നിദ്ധ്യം കൂടുതല്‍ ആവേശം സൃഷ്ടിക്കുമെന്നും അതിനാല്‍ തന്നെ താരങ്ങള്‍ക്ക് അപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള സാധ്യത കൂടുതലാണെന്നും ചഹാല്‍പറഞ്ഞു. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഈ പുതിയ കാര്യവുമായി പൊരുത്തപ്പെടുക മാത്രമാണ് മാര്‍ഗ്ഗമെന്നും ചഹാല്‍ അഭിപ്രായപ്പെട്ടു.

ഡെത്ത് ബൗളിംഗിന്റെ കാര്യത്തില്‍ ഈ സീസണില്‍ ആര്‍സിബി മികവ് പുലര്‍ത്തും

ബാറ്റ്സ്മാന്മാര്‍ അടിച്ച് തകര്‍ത്ത് മികച്ച സ്കോര്‍ നേടി കൊടുത്ത ശേഷം ഡെത്ത് ബൗളിംഗിലെ പോരായ്മ കൊണ്ട് മത്സരം കൈവിടുന്നത് പതിവ് കാഴ്ചയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കാര്യത്തില്‍. ഇത്തവണ ഡെത്ത് ബൗളിംഗിലെ കാര്യങ്ങള്‍ നോക്കുവാന്‍ പോകുന്ന ബൗളിംഗ് ലൈനപ്പാണ് ഉള്ളതെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുന്‍ നിര സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍ പറയുന്നത്.

ഡെയില്‍ സ്റ്റെയിന്‍, നവ്ദീപ് സൈനി, ക്രിസ് മോറി, ഉമേഷ് യാദവ് എന്നിവരുടെ സാന്നിദ്ധ്യം അവസാന ഓവറുകളെക്കുറിച്ചുള്ള അലട്ടുന്ന ചിന്തകള്‍ വിദൂരമാക്കിയിട്ടുണ്ടെന്നാണ് ചഹാല്‍ പറയുന്നത്. യുഎഇയിലെ വിക്കറ്റുകളില്‍ സ്പിന്നര്‍മാര്‍ക്കും അവസാന ഓവറുകളില്‍ മികവ് കണ്ടെത്താനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചഹാല്‍ വ്യക്തമാക്കി.

സ്പിന്നര്‍മാരുടെ നിര പരിശോധിച്ചാല്‍ തനിക്ക് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, മോയിന്‍ അലി എന്നിവരും ഉണ്ടെന്നതിനാല്‍ തന്നെ യുഎഇയിലെ പിച്ചുകളില്‍ ആര്‍സിബിയ്ക്ക് മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ ചഹാല്‍ ആഡം സംപയെക്കൂടി ടീമിലെത്തിച്ചതോടെ ആര്‍സിബി സ്പിന്‍ നിരയും ബൗളിംഗ് നിരയും കരുത്തുറ്റതായിട്ടുണ്ടെന്ന് വ്യക്തമാക്കി.

യുഎഇയില്‍ റണ്‍സ് സ്കോറിംഗ് എളുപ്പമാവില്ല, കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കാം – ആര്‍സിബി കോച്ച്

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോലെ റണ്‍സ് ഒഴുകുന്ന പിച്ചുകളല്ല യുഎഇയിലേത് എന്നതിനാല്‍ തന്നെ ഐപിഎല്‍ 2020ല്‍ ടീം ഘടനയില്‍ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ദുബായിയില്‍ നടന്ന മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടി20യിലെ ശരാശരി സ്കോറുകള്‍ ദുബായിയില്‍ 150ഉം ഷാര്‍ജ്ജയില്‍ 152 റണ്‍സുമാണ്. അതേ സമയം ഐപിഎല്‍ 2019ലെ ബാറ്റിംഗ് ശരാശരി 169 റണ്‍സും ബെംഗളൂരുവില്‍ അത് 180 റണ്‍സുമായിരുന്നു.

ഐപിഎലിലെ പോലെ തന്നെ യുഎഇയിലെ വേദികളിലെയും മത്സരങ്ങളുടെ മുഴുവന്‍ ഡേറ്റയും എടുത്ത് അതിനനുസരിച്ചുള്ള നീങ്ങളാവും നടത്തുകയെന്നും സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കി. ടീമിന്റെ ടോപ് ഓര്‍ഡര്‍ അതിശക്തമാണെങ്കിലും വലിയ വെല്ലുവിളി നേരിടാന്‍ പോകുന്നത് മികച്ചൊരു മധ്യനിരയെ വാര്‍ത്തെടുക്കുന്നതിലാകുമെന്നാണ് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കിയത്.

കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിക്കുവാനുള്ള സാധ്യതയും ടീം ആലോചിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ ടീമിന്റെ വൈവിധ്യമാര്‍ന്ന താര നിര ടീമിനെ ഏത് സാഹചര്യത്തിനുമുള്ള തയ്യാറെടുപ്പ് നടത്തുവാന്‍ പോന്നതാണെന്നും കാറ്റിച്ച് വ്യക്തമാക്കി.

എബിഡി ഐപിഎലിനായി യുഎഇയില്‍ എത്തി, താരത്തിനൊപ്പം ഡെയില്‍ സ്റ്റെയിനും ക്രിസ് മോറിസും

ഐപിഎലിനായി ടീമുകളുടെ മുന്നൊരുക്കങ്ങള്‍ നടന്ന് വരുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിദേശ താരങ്ങളും യുഎഇയിലേക്ക് എത്തി. ടീം ഇന്നലെ ബെംഗളൂരുവില്‍ നിന്ന് യുഎഇയിലേക്ക് യാത്രയായപ്പോള്‍ വിരാട് കോഹ്‍ലി മുംബൈയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത ഫ്ലൈറ്റിലാണ് യുഎഇയിലേക്ക് പറന്നത്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡി വില്ലിയേഴ്സ്, ഡെയില്‍ സ്റ്റെയിന്‍, ക്രിസ് മോറിസ് എന്നിവരാണ് വിദേശ താരങ്ങളില്‍ ആദ്യം എത്തിയ സംഘം. താരങ്ങള്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകുന്ന മുറയ്ക്ക് ബയോ ബബിളിലേക്ക് ചേരും.

Exit mobile version