മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് വളരെ ആനന്ദകരം – എബി ഡി വില്ലിയേഴ്സ്

ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് ഏറെ ആനന്ദകരമായ ഒരു കാര്യമാണെന്ന് പറഞ്ഞ് എബി ഡി വില്ലിയേഴ്സ്. തനിക്ക് ഇത്തരം താരങ്ങള്‍ക്കൊപ്പം ക്രീസില്‍ സമയം ചെലവഴിക്കുന്നത് ഇഷ്ടമുള്ള കാര്യമാണെന്നും മാക്സ്വെല്ലിന് ക്രിക്കറ്റ് മത്സരങ്ങള്‍ വിജയിക്കണമെന്ന അതിയായ ആഗ്രഹമുള്ള താരമാണെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

ഡാന്‍ ക്രിസ്റ്റ്യനാണ് അത്തരത്തില്‍ മറ്റൊരു താരമെന്നും ഇത്തവണ ആര്‍സിബിയ്ക്ക് മികച്ച കോമ്പിനേഷനാണുള്ളതെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു. ക്രുണാലിന്റെ ത്രോ അത്ര മികച്ചതായിരുന്നുവെന്നും എന്നാല്‍ ടീം അതിര്‍ത്തി കടന്നതില്‍ സന്തോഷമുണ്ടെന്നും എബിഡി പറഞ്ഞു.

മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ടിന് ശേഷം, ആര്‍സിബിയുടെ വിജയം ഉറപ്പാക്കി ഡി വില്ലിയേഴ്സ്, വിജയം അവസാന പന്തില്‍

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം വിജയിക്കാനാകാതെ വീണ്ടും മുംബൈ. ഇന്ന് ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കി കോഹ്‍ലിയ്ക്കൊപ്പം ഇറക്കിയ ആര്‍സിബി 4.2 ഓവറില്‍ 36 റണ്‍സാണ് നേടിയത്.

Maxwellkohli

രജത് പടിദാറും വേഗത്തില്‍ പുറത്തായപ്പോള്‍ 46/2 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ട് 52 റണ്‍സ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചുവെങ്കിലും കോഹ്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. 33 റണ്‍സാണ് കോഹ്‍ലി നേടിയത്. അധികം വൈകാതെ മാര്‍ക്കോ യാന്‍സെന്‍ മാക്സ്വെല്ലിനെയും(39) ഷഹ്ബാസ് അഹമ്മദിനെയും വീഴ്ത്തിയപ്പോള്‍ ബാംഗ്ലൂര്‍ 106/5 എന്ന നിലയിലായി 15 ഓവറില്‍.

ഡാന്‍ ക്രിസ്റ്റ്യന്റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ അവസാന മൂന്നോവറില്‍ 34 റണ്‍സായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറില്‍ 15 റണ്‍സ് പിറന്നപ്പോള്‍ ലക്ഷ്യം രണ്ടോവറില്‍ 19 റണ്‍സായി മാറി. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ കൈല്‍ ജാമിസണിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും 12 റണ്‍സ് പിറന്നതോടെ ലക്ഷ്യം അവസാന ഓവറില്‍ 7 ആയി മാറി.

ഓവറിലെ 2 പന്ത് അവശേഷിക്കുമ്പോള്‍ 27 പന്തില്‍ 48 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടായി മാറി. എന്നാല്‍ അവസാന ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടി ആര്‍സിബി 2 വിക്കറ്റ് വിജയം നേടി.

ആര്‍സിബിയുടെ മധ്യ നിരയെ മാക്സ്വെല്‍ ശക്തിപ്പെടുത്തും – മൈക്ക് ഹെസ്സണ്‍

രണ്ട് വില കൂടിയ താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലും ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണും ആണ് ഈ ഓള്‍റൗണ്ടര്‍മാര്‍.

വിരാട് കോഹ്‍ലി, എബി ഡിവില്ലിയേഴ്സ് എന്നിവരോടൊപ്പം ദേവ്ദത്ത് പടിക്കലും എത്തിയപ്പോള്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ ശക്തമാണെങ്കിലും പ്രശ്നം മധ്യ നിരയിലാണ്. തങ്ങളുടെ മധ്യനിരയെ ശക്തിപ്പെടുത്തുവാനുള്ള താരമാണ് ഗ്ലെന്‍ മാക്സ്വെല്‍ എന്നാണ് ആര്‍സിബിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സണ്‍ പറയുന്നത്.

ചില എക്സ് – ഫാക്ടര്‍ താരങ്ങളെ വേണമെന്ന് ലേലത്തിന് മുമ്പ് തന്നെ തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അത്തരത്തിലുള്ള മധ്യ ഓവറുകള്‍ കളിക്കുവാന്‍ ശേഷിയുള്ള താരമാണ് മാക്സ്വെല്‍ എന്നും ഹെസ്സണ്‍ പറഞ്ഞു.

എബി ഡി വില്ലിയേഴ്സിനെ പോലെ മധ്യ – അവസാന ഓവറുകളില്‍ എതിരാളികളെ പരിഭ്രാന്തരാക്കുവാന്‍ പറ്റിയ ഒരു താരത്തെയാണ് തങ്ങള്‍ നോക്കിയതെന്നും അത് മാക്സ്വെല്ലിന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹെസ്സണ്‍ വ്യക്തമാക്കി.

ഐപിഎലിന്റെ ആദ്യ മത്സരത്തിന് ആഡം സംപ എത്തില്ല – മൈക്ക് ഹെസ്സണ്‍

ഐപിഎലിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയുടെ സേവനം ലഭ്യമാകില്ല. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സണ്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഐപിഎല്‍ 2021ന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ആണ് ഏറ്റുമുട്ടുന്നത്.

ആഡം സംപ തന്റെ വിവാഹം കാരണം ആണ് ടീമിനൊപ്പം ചേരാതിരിക്കുന്നതാണ് ഹെസ്സണ്‍ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജഴ്സിയണിഞ്ഞത്.

ഡാനിയേല്‍ ക്രിസ്റ്റ്യന് വേണ്ടി 4.8 കോടി മുടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി ആര്‍സിബി. ടി20 സ്പെഷ്യലിസ്റ്റ് താരമായ ഡാനിയേലിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു. 4.8 കോടി രൂപയ്ക്ക് ആണ് താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലായിരുന്നു താരത്തിന് വേണ്ടി രംഗത്തെത്തിയത്.

30 കോടിയ്ക്കടുത്ത് രണ്ട് താരങ്ങളില്‍ മാത്രം ചെലവാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐപിഎല്‍ 2021 ലേലത്തില്‍ ഇതുവരെ അഞ്ച് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. ഇതില്‍ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ബേബിയും അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കിയപ്പോള്‍ രജത് പടിദാര്‍ ആണ് 20 ലക്ഷത്തിന് ടീം സ്വന്തമാക്കിയ മറ്റൊരു താരം.

എന്നാല്‍ ടീം 30 കോടിയ്ക്ക് അടുത്താണ് രണ്ട് വിദേശ താരങ്ങള്‍ക്കായി നല്‍കിയത്. 14.25 കോടി രൂപയ്ക്ക് ഗ്ലെന്‍ മാക്സ്വെല്ലിനെ ടീം സ്വന്തമാക്കിയപ്പോള്‍ 15 കോടി രൂപയ്ക്ക് ന്യൂസിലാണ്ടിന്റെ കൈല്‍ ജാമിസണിനെ ടീം സ്വന്തമാക്കി.

ഇതില്‍ തന്റെ ഏറ്റവും മോശം ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് താരം പുറത്ത് പോയത്. കൈല്‍ ജാമിസണ്‍ ആകട്ടെ ന്യൂസിലാണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ ന്യൂസിലാണ്ടിന് വേണ്ടി അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല.

ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി സഞ്ജയ് ബംഗാര്‍

ഐപിഎലില്‍ സഞ്ജയ് ബംഗാര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. 2021 ഐപിഎല്‍ സീസണിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ബംഗാര്‍ ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പേര് കേട്ട ബാറ്റിംഗ് നിരയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും അടങ്ങുന്ന വിസ്ഫോടകരമായ ബാറ്റിംഗ് നിരയെ കൂടുതല്‍ കരുത്തരാക്കുക എന്ന ദൗത്യമാണ് സഞ്ജയ് ബംഗാറിന്റെ മുന്നിലുള്ളത്.

2021 ഐപിഎലില്‍ നിന്ന് താന്‍ വിട്ട് നില്‍ക്കുന്നുവെന്ന് അറിയിച്ച് ഡെയില്‍ സ്റ്റെയിന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി താന്‍ ഇത്തവണത്തെ ഐപിഎലില്‍ കളിക്കുന്നില്ല എന്നറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. മറ്റൊരു ഫ്രാഞ്ചൈസിയ്ക്കായും താന്‍ കളിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറച്ച് കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള തീരുമാനം ആണ് ഇതിന് പിന്നില്ലെന്നും ഡെയില്‍ സ്റ്റെയിന്‍ വ്യക്തമാക്കി.

തന്റെ സാഹചര്യം മനസ്സിലാക്കിയതിന് ആര്‍സിബിയോട് നന്ദിയും താരം പറഞ്ഞു. താന്‍ റിട്ടയര്‍ ചെയ്തിട്ടില്ലെന്നും ഡെയില്‍ സ്റ്റെയിന്‍ ട്വിറ്ററില്‍ കുറിച്ചു. മറ്റു ലീഗുകളില്‍ താന്‍ കളിക്കുമെന്നും സ്റ്റെയിന്‍ വ്യക്തമാക്കി. 2020 ഐപിഎലില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.

യുഎഇയിലെ മലയാളിത്തിളക്കം തുടരുന്നു, ദേവ്ദത്തിന് ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം

ആരോണ്‍ ഫിഞ്ച് നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ദേവ്ദത്ത് പടിക്കലും തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 201 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോഹ്‍ലി പരാജയപ്പെട്ടുവെങ്കിലും ഓപ്പണര്‍മാരുടെ അര്‍ദ്ധ ശതകത്തിന്റെയും എബിഡിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തിലാണ് ആര്‍സിബിയുടെ ബാറ്റിംഗ് മികവ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എബിഡിയും തന്റെ അര്‍ദ്ധ ശതകം തികച്ച മുംബൈയ്ക്ക് മുന്നില്‍ വലിയ ലക്ഷ്യം വയ്ക്കുകയായിരുന്നു.

ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ ടീമിനെ 59/0 എന്ന നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. തുടര്‍ന്നും മികച്ച രീതിയില്‍ ബാറ്റിംഗുമായി മുന്നോട്ട് പോയ കൂട്ടുകെട്ട് 81 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 32 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ആരോണ്‍ ഫിഞ്ച് രണ്ട് റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഔട്ട് ആകുകയായിരുന്നു.

ഫിഞ്ച് പുറത്താകുമ്പോള്‍ 9 ഓവറില്‍ നിന്ന് 81 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. ഫിഞ്ച് പോയ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അടുത്ത മൂന്നോവറില്‍ വെറും 10 റണ്‍സാണ് ടീം നേടിയത്. സമ്മര്‍ദ്ദം അധികമായപ്പോള്‍ കോഹ‍്‍ലിയും തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ ആര്‍സിബിയുടെ കാര്യങ്ങള്‍ അവതാളത്തിലായി. രാഹുല്‍ ചഹാര്‍ ആണ് ആര്‍സിബി നായകന്റെ വിക്കറ്റ് നേടിയത്.

14ാം ഓവറില്‍ ജെയിംസ് പാറ്റിന്‍സണേ രണ്ട് സിക്സര്‍ പറത്തി യുവതാരം ദേവ്ദത്ത് പടിക്കല്‍ ഏറെ നേരത്തിന് ശേഷം ആര്‍സിബിയുടെ ഇന്നിംഗ്സിന് വേഗത നല്‍കുകായയിരുന്നു. ഓവറില്‍ നിന്ന് 14 റണ്‍സാണ് ആര്‍സിബി നേടിയത്. അടുത്ത ഓവറെറിഞ്ഞ ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിംഗിലും ഓരോ ബൗണ്ടറി ദേവ്ദത്തും എബി ഡി വില്ലിയേഴ്സും നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് തങ്ങളുടെ റണ്‍റേറ്റ് വീണ്ടും ഉയര്‍ത്തുവാന്‍ സാധിച്ചു.

15 ഓവറുകള്‍ പിന്നിടുമ്പോള്‍ ആര്‍സിബി 123/2 എന്ന നിലയിലായിരുന്നു. ഇതില്‍ തന്നെ അവസാന രണ്ടോവറില്‍ നിന്ന് നേടിയ 27 റണ്‍സാണ് ടീമിന്റെ തുണയ്ക്കെത്തിയത്. 37 പന്തില്‍ നിന്ന് ദേവ്ദത്ത് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ടൈം ഔട്ടിന് തൊട്ടുമുമ്പുള്ള മൂന്ന് ഓവറില്‍ നിന്ന് 40 റണ്‍സ് നേടി ആര്‍സിബി മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ടൈം ഔട്ടിന് ശേഷം ജസ്പ്രീത് ബുംറയെയും ഇരുവരും ചേര്‍ന്ന് കണക്കറ്റ് പ്രഹരമേല്പിച്ചപ്പോള്‍ ബുംറ എറിഞ്ഞ 17ാം ഓവറില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് 18 റണ്‍സ് നേടി. എന്നാല്‍ അടുത്ത ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ദേവ്ദത്തിനെ മടക്കി. 40 പന്തില്‍ നിന്ന് 54 റണ്‍സാണ് ദേവ്ദത്ത് നേടിയത്. 5 ഫോറും 2 സിക്സുമാണ് താരം നേടിയത്.

മൂന്നാം വിക്കറ്റില്‍ ദേവ്ദത്തും എബിഡിയും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്. തന്റെ അവസാന ഓവര്‍ എറിയുവാനെത്തിയ ബുംറയെ രണ്ട് ഫോറിനും ഒരു സിക്സിനും പറത്തി എബി ഡി വില്ലിയേഴ്സ് 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു.  ബുംറ തന്റെ നാലോവറില്‍ 42 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചില്ല.

അവസാന ഓവറില്‍ ശിബം ഡുബേയും സിക്സറുകള്‍ നേടിയപ്പോള്‍ ജെയിംസ് പാറ്റിന്‍സണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് 20 റണ്‍സ് പിറന്നു. 201 റണ്‍സാണ് ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നാലാം വിക്കറ്റില്‍ 17 പന്തില്‍ നിന്ന് എബിഡി-ഡുബേ കൂട്ടുകെട്ട് 47 റണ്‍സ് നേടി.

എബിഡി 24 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയപ്പോള്‍ ശിവം ഡുബേ 10 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.

പവര്‍പ്ലേയില്‍ മികച്ച തുടക്കവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ബൗളിംഗ് നിരയ്ക്കെതിരെ നല്ല തുടക്കം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്ന് ആക്രമണം അഴിച്ചു വിട്ടപ്പോള്‍ യുവതാരം ദേവ്ദത്ത് പടിക്കല്‍ മികച്ച പിന്തുണ താരത്തിന് നല്‍കി. ആറോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയിട്ടുള്ളത്.

25 പന്തില്‍ 40 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചും 11 പന്തില്‍ 14 റണ്‍സ് നേടി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.

കുറ്റം താന്‍ ഏല്‍ക്കുന്നു, തന്റെ മികച്ച ദിവസമല്ലെന്ന് കരുതണം – വിരാട് കോഹ്‍ലി

വിരാട് കോഹ്‍ലി ഇന്നലെ മറക്കാനാഗ്രഹിക്കുന്ന ഒരു ദിവസമായിരുന്നു ഐപിഎലില്‍ അരങ്ങേറിയത്. ഫീല്‍ഡിംഗിലും ബാറ്റിംഗിലും താരം പരാജയപ്പെടുന്ന കാര്യമാണ് ഇന്നലെ ഐപിഎല്‍ ആരാധര്‍ക്ക് കാണുവാനായത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തോല്‍വിയുടെ കുറ്റം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. 132 റണ്‍സ് നേടി കെഎല്‍ രാഹുലിനെ രണ്ട് തവണയാണ് വിരാട് കോഹ്‍ലി കൈവിട്ടത്. അതിന് ശേഷം മാത്രം ലോകേഷ് രാഹുല്‍ 40 റണ്‍സോളം നേടിയിരുന്നു.

മികച്ച തുടക്കത്തിന് ശേഷം കാര്യങ്ങള്‍ തങ്ങളുടെ ബൗളര്‍മാര്‍ തിരിച്ചുപിടിച്ചുവെങ്കിലും ഈ അവസാന ഓവര്‍ വീഴ്ചകള്‍ മുതലാക്കി രാഹുല്‍ തങ്ങളെ കണക്കറ്റ് പ്രഹരിച്ചുവെന്ന് കോഹ്‍ലി പറഞ്ഞു. ഇതിന്റെ കുറ്റം ഏല്‍ക്കേണ്ടത് താന്‍ തന്നെയാണെന്നും വിരാട് കൂട്ടിചേര്‍ത്തു.

പേസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും, ആര്‍സിബിയുടെ പതനം പൂര്‍ണ്ണം, എബിഡിയും മടങ്ങി

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. 4/3 എന്ന നിലയില്‍ നിന്ന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 40/3 എന്ന നിലയിലേക്ക് എബിഡിയും ആരോണ്‍ ഫിഞ്ചും തിരിച്ച് പൊരുതിയപ്പോള്‍ ആര്‍സിബി ക്യാമ്പില്‍ പ്രതീക്ഷ വന്നുവെങ്കിലും അതിനും അധികം ആയുസ്സുണ്ടായിരുന്നില്ല.

ഫിഞ്ചിനെ(20) രവി ബിഷ്ണോയ് മടക്കിയപ്പോള്‍ ആര്‍സിബിയുടെ അവസാന പ്രതീക്ഷയായ എബി ഡി വില്ലിയേഴ്സിനെ മുരുഗന്‍ അശ്വിന്‍ പുറത്താക്കി. 18 പന്തില്‍ നിന്ന് 28 റണ്‍സാണ് എബി ഡി വില്ലിയേഴ്സ് നേടിയത്.

9 ഓവര്‍ അവസാനിക്കുമ്പോള്‍ 60/5 എന്ന നിലയിലാണ് ബാംഗ്ലൂര്‍. വിജയത്തിനായി 66 പന്തില്‍ നിന്ന് 147 റണ്‍സ് ടീം നേടേണം.

Exit mobile version