ജഡേജയെ ചെന്നൈക്ക് ഒപ്പം നിർത്താൻ ധോണി, റിലീസ് ചെയ്യരുത് എന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു

ചെന്നൈ സൂപ്പർ കിംഗ്സും രവീന്ദ്ര ജഡേജയും തമ്മിലുള്ള ബന്ധം അവസാന ഒരു വർഷത്തിൽ തീർത്തും വഷളായിരുന്നു. അതുകൊണ്ട് തന്നെ ജഡേജ സൂപ്പർ കിങ്സ് ക്യാമ്പ് വിടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ അവസാന നിമിഷം ജഡേജയെ ടീമിൽ നിർത്താൻ ധോണി സി എസ് കെ മാനേജ്മെന്റിനു മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ജഡേജയെ റിലീസ് ചെയ്യരുത് എന്ന് ധോണി ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ടീം ട്രേഡുകൾ നടത്താൻ നവംബർ 15വരെയാണ് ടീമുകൾക്ക് സമയം ഉള്ളത്. ഇതുവരെ ജഡേജയെ ട്രേഡ് ചെയ്യാനുള്ള നീക്കങ്ങൾ ഒന്നും സി എസ് കെ നടത്തിയിട്ടില്ല. ജഡേജയെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയത് മുതൽ ആയിരുന്നു താരവും ക്ലബ് മാനേജ്മെന്റും തമ്മിൽ അകന്നത്. സി എസ് കെയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പോസ്റ്റുകൾ വരെ ജഡേജ ഈ പ്രശ്നം കാരണം ഡിലീറ്റ് ചെയ്തിരുന്നു.

ധോണിയുടെ ഇടപെടൽ ജഡേജയും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനം കണ്ടെത്താൻ സഹായകമാകും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് രവീന്ദ്ര ജഡേജയുടെ പരിക്ക് – അസ്ഗര്‍ അഫ്ഗാന്‍

ഇന്ത്യയുടെ ഏഷ്യ കപ്പിലെ നേരത്തെയുള്ള പുറത്താകലിന് കാരണം രവീന്ദ്ര ജഡേജയ്ക്ക് ഏറ്റ പരിക്കാണെന്ന് പറഞ്ഞ് മുന്‍ അഫ്ഗാന്‍ താരം അസ്ഗര്‍ അഫ്ഗാന്‍. ഇന്ത്യയുടെ ടീം ബാലന്‍സ് തന്നെ താരത്തിന്റെ പരിക്ക് കാരണം തകര്‍ന്നുവെന്നും അസ്ഗര്‍ അഫ്ഗാന്‍ വ്യക്തമാക്കി.

ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യയ്ക്ക് എന്നാൽ താരത്തിന് പരിക്കേറ്റ ശേഷമുള്ള രണ്ട് സൂപ്പര്‍ 4 മത്സരത്തിലും പരാജയം ആയിരുന്നു ഫലം. ഇന്ത്യ തങ്ങളുടെ എതിരാളികളെ നിസ്സാരവത്കരിച്ചുവെന്നും അതും ടീമിന്റെ പുറത്താകലിന് കാരണമായി എന്നും അസ്ഗര്‍ കൂട്ടിചേര്‍ത്തു.

പേപ്പറിൽ ഏഷ്യ കപ്പിലെ ഏറ്റവും മികച്ച ടീമായിരുന്നു ഇന്ത്യയുടേത്. മികച്ച ബാലന്‍സ് ഉണ്ടായിരുന്ന ടീമിന് ഓള്‍റൗണ്ടറുടെ പുറത്താകൽ താളം തെറ്റിച്ചുവെന്നും അസ്ഗര്‍ അഭിപ്രായപ്പെട്ടു.

ജഡേജയുടെ പരിക്കിന് കാരണം സ്കി ബോര്‍ഡിൽ നിന്ന് വീണത്

ഏഷ്യ കപ്പിൽ നിന്ന് പുറത്തായ ഇന്ത്യയ്ക്ക് തിരിച്ചടിയായത് രവീന്ദ്ര ജഡേജയുടെ പരിക്കായിരുന്നു. ജഡേജ പുറത്ത് പോയതിനെത്തുടര്‍ന്ന് ടീം കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയ്ക്കുണ്ടായി.

ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം പ്രകാരം താരത്തിന്റെ പരിക്ക് പരിശീലനത്തിനിടെ സംഭവിച്ചതല്ലെന്നും സ്കി ബോര്‍ഡിൽ ബാലൻസ് ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടെ വീണതാണ് കാരണം എന്നുമാണ് അറിയുന്നത്.

ബിസിസിഐ അധികാരികള്‍ രവീന്ദ്ര ജഡേജയുടെ ഈ പരിക്ക് ഒഴിവാക്കാവുന്നതായിരുന്നുവെന്നാണ് നിലപാടിലാണ്. താരത്തിനോട് അഡ്വഞ്ചര്‍ ആക്ടിവിറ്റിയിൽ പങ്കെടുക്കുവാന്‍ ആരോ ആവശ്യപ്പെട്ടതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കത്തിന് കാരണമാണ്.

ജഡേജയുടെ ശസ്ത്രക്രിയ കഴിഞ്ഞു

ഇന്ത്യൻ ഓൾ റൗണ്ട് രവീന്ദ്ര ജഡേജയുടെ ശസ്ത്രക്രിയ വിജയകരം. താരം ശസ്ത്രക്രിയ സംബന്ധിച്ചുള്ള വാർത്ത ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ശസ്ത്രക്രിയ വിജയകരം ആണെന്നും തന്നെ പിന്തുണച്ച ഫിസിയോ, ബി സി സി ഐ, ക്രിക്കറ്റ് ആരാധകർ എന്നിവർക്ക് നന്ദി പറയുന്നു എന്നും ജഡേജ കുറിച്ചു ‌

ഇനി ജഡേജ പൂർണ്ണ ഫിറ്റ്നസിലേക്ക് തിരികെ വരാനുള്ള പരിശ്രമത്തിൽ ആകും ഇനി. ഏഷ്യ കപ്പിൽ നിന്ന് നേരത്തെ തന്നെ പുറത്തായ താരം ടി20 ലോകകപ്പിനും ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിൽ അധികം ജഡേജ പുറത്ത് ഇരിക്കേണ്ടി വരും.

ജഡേജ ലോകകപ്പിനും ഇല്ല!!! ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ജഡേജയുടെ പരിക്ക്. ഏഷ്യ കപ്പിൽ നിന്ന് നേരത്തെ തന്നെ പുറത്തായ താരം ടി20 ലോകകപ്പിനും ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന് വലിയൊരു ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും താരം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

എന്നാൽ താരം ലോകകപ്പിന് ഉണ്ടാകുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. പക്ഷേ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന് കുറച്ചധികം കാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും താരത്തിന് ഒരു വലിയ ശസ്ത്രക്രിയ ആവശ്യമായി ഉണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

ഇന്ത്യയ്ക്ക് തിരിച്ചടി, ജഡേജ ഏഷ്യ കപ്പിൽ നിന്ന് പുറത്ത്, പകരം അക്സര്‍ പട്ടേൽ ടീമിൽ

സൂപ്പര്‍ 4ലേക്ക് കടന്ന ഇന്ത്യയ്ക്ക് ഏഷ്യ കപ്പിൽ ഇനി ജഡേജയുടെ സേവനം ലഭിയ്ക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം ആണ് വില്ലനായിരിക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം ആണ് ജഡേജ പുറത്തെടുത്തത്. 35 റൺസാണ് മത്സരത്തിൽ താരം 29 പന്തിൽ നിന്ന് നേടിയത്.

ഹോങ്കോംഗിനെതിരെയുള്ള മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും താരം തന്റെ നാലോവറിൽ 15 റൺസ് മാത്രം വിട്ട് നൽകി ഹോങ്കോംഗിന്റെ ടോപ് സ്കോറര്‍ ആയ ബാബര്‍ ഹയാതിന്റെ വിക്കറ്റ് നേടിയിരുന്നു.

പകരം അക്സര്‍ പട്ടേലിനെ ഇന്ത്യ ഏഷ്യ കപ്പ് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ത്രില്ലറിൽ വിജയം ഇന്ത്യയ്ക്ക്, വിജയ ശില്പിയായി ജഡേജയും ഹാര്‍ദ്ദിക്കും

ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന്റെ ആവേശം മുഴുവന്‍ വന്ന മത്സരത്തിൽ 5 വിക്കറ്റ് വിജയവുമായി ഇന്ത്യ. 2 പന്ത് അവശേഷിക്കെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്സര്‍ ആണ്. ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്.

കെഎൽ രാഹുലിനെ ആദ്യ ഓവറിൽ പുറത്താക്കി നസീം ഷാ തന്റെ അരങ്ങേറ്റ ടി20 വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് 49 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

50/1 എന്ന നിലയിൽ നിന്ന് 53/3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ മുഹമ്മദ് നവാസ് ആണ് ഇരുവരുടെയും വിക്കറ്റുകള്‍ നേടിയത്. രോഹിത് 12 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലിയും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങി.

വിരാട് കോഹ്‍ലി 35 റൺസ് നേടി പുറത്തായപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസായിരുന്നു ഇന്ത്യ നേടിയത്. സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 36 റൺസ് നേടിയെങ്കിലും നസീം ഷാ മടങ്ങിയെത്തി 18 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി.

അവസാന അഞ്ചോവറിൽ ഇന്ത്യ 51 റൺസായിരുന്നു നേടേണ്ടിയിരുന്നത്. അവിടെ നിന്ന് ഹാര്‍ദ്ദിക്കും രവീന്ദ്ര ജഡേജയും കൂടി മത്സരം 18 പന്തിൽ 32 റൺസാക്കി മാറ്റി. നസീം ഷാ എറിഞ്ഞ തന്റെ നാലാം ഓവറിൽ ഒരു സിക്സ് അടക്കം 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം 12 പന്തിൽ 21 റൺസായി മാറി.

ഹാരിസ് റൗഫ് എറിഞ്ഞ 19ാം ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ 3 ഫോര്‍ അടിച്ചപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ 7 റൺസ് മാത്രമായി ഇന്ത്യയുടെ വിജയ ലക്ഷ്യം. മുഹമ്മദ് നവാസ് അവസാന ഓവറിലെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജയെ പുറത്താക്കിയപ്പോള്‍ മത്സരം വീണ്ടും മാറി മറിയുമെന്ന നിലയിലേക്കായി. 35 റൺസാണ് ജഡേജ നേടിയത്. 29 പന്തിൽ നിന്ന് 52 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.

17 പന്തിൽ 33 റൺസുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്ന് ഇന്ത്യന്‍ വിജയം ഒരുക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നവാസ് മൂന്നും നസീം ഷാ 2 വിക്കറ്റും നേടി.

രാഹുലിന് കോവിഡ്, ടി20 പരമ്പരയിൽ കളിക്കില്ല, ജഡേജയ്ക്ക് ഏകദിനത്തിൽ നിന്ന് വിശ്രമം

കെഎൽ രാഹുല്‍ കോവിഡ് പോസിറ്റീവ് ആയി എന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിൽ താരം കളിക്കില്ലന്നും ഗാംഗുലി അറിയിച്ചു. നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടിയിലൂടെ കടന്ന് പോകുകയാണ് കെഎൽ രാഹുല്‍.

ജൂലൈ 29 മുതൽ ഓഗസ്റ്റ് ഏഴ് വരെയാണ് ടി20 പരമ്പര നടക്കുന്നത്. അടുത്തിടെ രാഹുല്‍ ജര്‍മ്മനിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന് ശേഷം ആണ് എന്‍സിഎയില്‍ റീഹാബിനായി താരം എത്തിയത്.

അതേ സമയം രവീന്ദ്ര ജഡേജയെ ഇന്ത്യ ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം നൽകിയേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. താരത്തിന്റെ കാൽമുട്ടിന്റെ ചെറിയ അസ്വസ്ഥത പരിഗണിച്ചാണ് ഈ തീരുമാനം. താരം ടി20 പരമ്പരയ്ക്കായി മടങ്ങിയെത്തുമെന്നാണ് അറിയുന്നത്.

ഇന്ത്യയ്ക്ക് 416 റൺസ്, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

എഡ്ജ്ബാസ്റ്റണിൽ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 16/1 എന്ന നിലയിൽ. ഋഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 416 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ നേടിയത്.

ജഡേജ 104 റൺസ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ 16 പന്തിൽ പുറത്താകാതെ 31 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സൺ അഞ്ച് വിക്കറ്റ് നേടി.

അലക്സ് ലീസിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ആദ്യ വിക്കറ്റ് ഇന്ത്യയ്ക്കായി നേടിയത്.

കരുത്ത് കാട്ടി ഇന്ത്യ, എഡ്ജ്ബാസ്റ്റണിൽ തിരിച്ചുവരവ്

എഡ്ജ്ബാസ്റ്റണിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ കരുതുറ്റ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 73 ഓവറിൽ നിന്ന് ഇന്ത്യ 338/7 എന്ന നിലയിലാണ് നിലകൊള്ളുന്നത്. 83 റൺസുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

ജെയിംസ് ആന്‍‍ഡേഴ്സണും മാത്യു പോട്സും ചേര്‍ന്ന് ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ഇന്ത്യ 98/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് ആറാം വിക്കറ്റിൽ പന്തും ജഡേജയും ചേര്‍ന്ന് നേടിയ 222 റൺസാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

പന്ത് 146 റൺസ് നേടി പുറത്താകുകയായിരുന്നു. ഗിൽ(17), പുജാര(13), ഹനുമ വിഹാരി(20), വിരാട് കോഹ്‍ലി(11), ശ്രേയസ്സ് അയ്യര്‍(15) എന്നിവരെല്ലാം ടോപ് ഓര്‍ഡറിൽ വേഗത്തിൽ പുറത്താകുകയായിരുന്നു.

ഇന്ത്യയുടെ സ്കോര്‍ മുന്നൂറ് കടത്തിയ ശേഷം പന്ത് വീണു, ജോ റൂട്ടിന് വിക്കറ്റ്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ മികച്ച സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ച ശേഷം ഋഷഭ് പന്ത് പുറത്ത്. 111 പന്തിൽ 146 റൺസാണ് ഋഷഭ് പന്ത് നേടിയത്. 20 ഫോറും 4 സിക്സും അടക്കമായിരുന്നു പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

ജഡേജയുമായി 222 റൺസിന്റെ കൂറ്റന്‍ ആറാം വിക്കറ്റ് കൂട്ടകെട്ടാണ് പന്ത് നേടിയത്. ജോ റൂട്ടാണ് പന്റിന്റെ വിക്കറ്റ് നേടിയത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 68 ഓവറിൽ 322/6 എന്ന നിലയിലാണ്.

68 റൺസുമായി രവീന്ദ്ര ജഡേജയും 1 റൺസ് നേടി ശര്‍ദ്ധുൽ താക്കൂറുമാണ് ക്രീസിലുള്ളത്.

ഇന്ത്യന്‍ തിരിച്ചുവരവൊരുക്കി പന്തും ജഡേജയും

എഡ്ജ്ബാസ്റ്റണിൽ 98/5 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ തിരിച്ചുവരവ് ഒരുക്കി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും. പന്ത് ശതകവും ജഡേജ അര്‍ദ്ധ ശതകവും നേടിയപ്പോള്‍ ഇന്ത്യ മത്സരത്തിൽ അതി ശക്തമായ നിലയിലേക്ക് ഉയരുകയായിരുന്നു.

59 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 258/5 എന്ന നിലയിലാണ്. 160 റൺസാണ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. പന്ത് 107 റൺസും ജഡേജ 53 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. നേരത്തെ ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും മാത്യു പോട്സ് രണ്ടും വിക്കറ്റ് നേടിയാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

Exit mobile version