ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, സ്പിന്നര്‍മാര്‍ക്ക് 8 വിക്കറ്റ്

അഹമ്മദാബാദ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്  75.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 55 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ലോറന്‍സ് അര്‍ദ്ധ ശതകത്തിന് നാല് റണ്‍സ് അകലെ 46 റണ്‍സ് നേടി പുറത്തായി. 205 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

ജോണി ബൈര്‍സ്റ്റോ(28), ഒല്ലി പോപ്(29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ്  രണ്ട് വിക്കറ്റും നേടി. വാഷിംഗ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്.

അശ്വിനെ തിരികെ ഏകദിന ടീമില്‍ കൊണ്ടു വരണം – ബ്രാഡ് ഹോഗ്ഗ്

ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്ഗ്. രവിചന്ദ്രന്‍ അശ്വിന്‍ മികച്ച ഫോമിലാണെന്നും കഴിഞ്ഞ ആറ് ടെസ്റ്റില്‍ നിന്ന് 37 വിക്കറ്റ് നേടിയ താരത്തിനെ വീണ്ടും ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹോഗ്ഗിന്റെ അഭിപ്രായം.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആണ് ഇന്ത്യ അശ്വിന് അവസാനമായി അവസരം നല്‍കിയത്. പിന്നീട് യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപിനും അവസരം നല്‍കിയപ്പോള്‍ ഇരുവരും ആ അവസരം കൈക്കലാക്കുകയായിരുന്നു. അന്ന് വിശ്രമം നല്‍കിയ രവീന്ദ്ര ജഡേജ പിന്നീട് കുല്‍ദീപിന്റെ സ്ഥാനത്ത് ടീമിലേക്ക് തിരികെ വന്നുവെങ്കിലും അശ്വിന് ഏകദിന ടീമില്‍ അവസരം ലഭിച്ചില്ല.

അശ്വിന്റെ ബാറ്റിംഗ് കൂടി പരിഗണിക്കുമ്പോള്‍ താരത്തിനെ ഏകദിനത്തില്‍ ഉള്‍പ്പെടുത്തുവാനുള്ള അതിശക്തമായ കാരണം ഇന്ത്യയുടെ പക്കലുണ്ടെന്നും താരം കൂടി വന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗിന് ആഴം കൂടുമെന്നും ഹോഗ് പറഞ്ഞു. കുല്‍ദീപിനോ ചഹാലിനോ ബാറ്റിംഗില്‍ നല്‍കാവുന്ന സംഭാവനകള്‍ക്ക് പരിമിതിയുണ്ടെങ്കിലും അശ്വിന്‍ ടെസ്റ്റ് പരമ്പരയില്‍ ശതകം നേടി തന്റെ മാറ്റ് തെളിയിച്ചതാണെന്നും ഹോഗ് വ്യക്തമാക്കി.

ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍, ആദ്യ പത്തില്‍ ഇടം പിടിച്ച ഏക സ്പിന്നര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ബൗളിംഗ് മികവിന്റെ ബലത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് രവിചന്ദ്രന്‍ അശ്വിന്‍. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനും ന്യൂസിലാണ്ടിന്റെ നീല്‍ വാഗ്നറിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണുള്ളത്. ഒമ്പതാം സ്ഥാനവുമായി ജസ്പ്രീത് ബുംറയും ആദ്യ പത്തില്‍ ഇടം പിടിച്ചു. അതേ സമയം ആദ്യ പത്തില്‍ ഇടം പിടിച്ച ഏക സ്പിന്നറാണ് അശ്വിന്‍.

ഒന്നും ചെയ്യാനാകാതെ ബാറ്റ്സ്മാന്മാര്‍, ഇംഗ്ലണ്ടും ഓള്‍ഔട്ട്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ദിവസം 145 റണ്‍സിന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് 81 റണ്‍സില്‍ അവസാനം കുറിയ്ക്കുകയായിരുന്നു. പരമ്പരയില്‍ മുന്നിലെത്തുവാന്‍ ഇന്ത്യ 49 റണ്‍സാണ് നേടേണ്ടത്.

25 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സും 19 റണ്‍സ് നേടിയ ജോ റൂട്ടും ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 30.4 ഓവറില്‍ അവസാനിക്കുകയായിരുന്നു.

അക്സര്‍ പട്ടേല്‍ അഞ്ചും രവിചന്ദ്രന്‍ അശ്വിന്‍ നാലും വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ജെയിംസ് ആന്‍ഡേഴ്സണേ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ കരസ്ഥമാക്കി.

ആര്‍ച്ചറെ പുറത്താക്കി തന്റെ നാനൂറാം ടെസ്റ്റ് വിക്കറ്റ് നേടി അശ്വിന്‍, ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടം

ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറ് വിക്കറ്റ് നേടി രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ബൗളര്‍ ആണ് അശ്വിന്‍. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് മറ്റു മൂന്നു പേര്‍. ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു അശ്വിന്റെ ടെസ്റ്റിലെ നാനൂറാം വിക്കറ്റ്.

രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റാണ് അശ്വിന്‍ ഇതുവരെ നേടിയത്. ബെന്‍ സ്റ്റോക്സ്, ഒല്ലി പോപ് എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ നേടിയത്. 25 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 75/7 എന്ന നിലയില്‍ ആണ് ഇംഗ്ലണ്ട്.

ഒന്നാം ദിവസം തന്നെ സ്പിന്‍ കുരുക്കില്‍ കാല്‍തട്ടി വീണ് ഇംഗ്ലണ്ട്, അക്സറിന് ആറ് വിക്കറ്റ്

അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിന് സമാപനം. രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലും ഇരു വശത്ത് നിന്നും പന്തെറിഞ്ഞ് തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവശേഷിച്ചത് വെറും 48.4 ഓവര്‍ മാത്രമായിരുന്നു.

India

112 റണ്‍സിനാണ് ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓള്‍ഔട്ട് ആയത്. 53 റണ്‍സ് നേടി സാക്ക് ക്രോളി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോ റൂട്ട് 17 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ ആറും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റാണ് നേടിയത്.

സിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – അശ്വിന്‍

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ശതകവും എട്ട് വിക്കറ്റും നേടിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഏവരും പ്രതീക്ഷിച്ച പോലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. താന്‍ ഈ മത്സരം ഏറെ ആസ്വദിച്ചുവെന്നും ചെന്നൈയില്‍ സംഭവിച്ച കാര്യങ്ങളില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.

താന്‍ പന്തിന്റെ റിലീസ് സമയത്തും മറ്റും പല ആംഗിളുകളും പരീക്ഷിക്കാറുണ്ടെന്നും അത്തരത്തില്‍ ബാറ്റ്സ്മാന്മാര്‍ക്ക് തന്നെ മനസ്സിലാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അശ്വിന്‍ വ്യക്തമാക്കി. സിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ വല്ലാതെ ഉയര്‍ത്തിയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍ ഏറെ പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും അസ്വിന്‍ സൂചിപ്പിച്ചു.

അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ചെന്നൈയില്‍ 317 റണ്‍സ് വിജയം നേടി ഇന്ത്യ

ആദ്യ ടെസ്റ്റില്‍ ഏറ്റ കനത്ത പരാജയത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ന് ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ 317 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയത്. അവസാന വിക്കറ്റില്‍ മോയിന്‍ അലിയുടെ വെടിിക്കെട്ട് ബാറ്റിംഗ് ആയിരുന്നു ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏക ആശ്വാസം. 18 പന്തില്‍ 43 റണ്‍സ് നേടിയ മോയിന്‍ അലി അവസാന വിക്കറ്റായി വീഴുകയായിരുന്നു. കുല്‍ദീപിന്റെ പന്തില്‍ പന്ത് സ്റ്റംപ് ചെയ്ത് പുറത്തായ മോയിന്‍ അലി 5 സിക്സും മൂന്ന് ഫോറും നേടിയ ശേഷമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയി മടങ്ങിയത്.

33 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് നിരയിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ അഞ്ച് അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു. പത്താം വിക്കറ്റില്‍ മോയിന്‍ അലിയുടെ സിക്സര്‍ മേള ചെന്നൈയിലെ കാണികള്‍ക്ക് വിരുന്നായി.

ഈ വിജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.

ചെന്നൈയില്‍ ഇന്ത്യയുടെ വിജയം മൂന്ന് വിക്കറ്റ് അകലെ

ചെന്നൈയില്‍ 54/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് നാല് വിക്കറ്റ കൂടി നഷ്ടം. നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 116/7 എന്ന നിലയില്‍ ആണ്. ഇന്ന് 49ാം ഓവറിന്റെ മൂന്നാം പന്തില്‍ ബെന്‍ ഫോക്സിനെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഡാനിയേല്‍ ലോറന്‍സ്(26), ബെന്‍ സ്റ്റോക്സ്(8) എന്നിവരെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ 12 റണ്‍സ് നേടിയ ഒല്ലി പോപിനെ അക്സര്‍ പട്ടേല്‍ വീഴ്ത്തി.

33 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ക്രീസിലുള്ള താരം. വാലറ്റത്തോടൊപ്പം താരത്തിന്റെ ചെറുത്ത് നില്പ് രണ്ടാം സെഷനില്‍ എത്ര നേരം ഉണ്ടാകുമെന്നത് മാത്രമാകും ഇന്ത്യയുടെ വിജയം വൈകിപ്പിക്കുക.

ചെന്നൈയില്‍ ശതകം നേടി രവിചന്ദ്രന്‍ അശ്വിന്‍, ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ട്

ചെന്നൈയില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ. രവിചന്ദ്രന്‍ അശ്വിന്റെ ശതകത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 481 റണ്‍സിന്റെ കൂറ്റന്‍ ‍ലീഡ് നേടിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 286 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 106 റണ്‍സ് നേടിയ അശ്വിന്‍ ആണ് അവസാന വിക്കറ്റായി പുറത്തായത്.  ഒല്ലി സ്റ്റോണിനായിരുന്നു വിക്കറ്റ്. മുഹമ്മദ് സിറാജ് പുറത്താകാതെ 16 റണ്‍സുമായി അശ്വിന് മികച്ച പിന്തുണ നല്‍കി. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്.

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുനിര്‍ത്തിയാണ് അശ്വിന്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ അശ്വിന്റെ അഞ്ചാം ശതകമാണ് ഇത്. നേരത്തെ ഏഴ് റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ്മയെ പുറത്താക്കി ജാക്ക് ലീഷ് ഇന്നിംഗ്സില്‍ തന്റെ നാലാം വിക്കറ്റ് നേടിയിരുന്നു. മോയിന്‍ അലിയ്ക്കും നാല് വിക്കറ്റാണ് ലഭിച്ചത്.

കോഹ്‍ലിയെയും കുല്‍ദീപിനെയും വീഴ്ത്തി മോയിന്‍ അലി, അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍

ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 221/8 എന്ന നിലയില്‍. മോയിന്‍ അലി 96 റണ്‍സ് നേടിയ ഇന്ത്യയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ വിരാട് കോഹ്‍ലിയെ പുറത്താക്കുക വഴി തകര്‍ക്കുകയായിരുന്നു. തന്റെ തൊട്ടടുത്ത ഓവറില്‍ കുല്‍ദീപിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി മോയിന്‍ അലി രണ്ടാം ഇന്നിംഗ്സിലെ തന്റെ നാലാം വിക്കറ്റ് നേടി.

62 റണ്‍സാണ് കോഹ്‍ലി നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 73 ഓവറുകള്‍ നേരിട്ട ഇന്ത്യ 221/8 എന്ന നിലയിലെത്തിയതിനാല്‍ തന്നെ മത്സരത്തില്‍ 416 റണ്‍സ് ലീഡുണ്ട്. 68 റണ്‍സ് നേടിയ അശ്വിനൊപ്പം റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ഒപ്പമുള്ളത്.

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ച് കോഹ്‍ലിയും അശ്വിനും

ചെന്നൈയില്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി രവിചന്ദ്രന്‍ അശ്വിനും വിരാട് കോഹ്‍ലിയും. 60 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 192/6 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 387 റണ്‍സ് ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. അശ്വിന്‍ 65 പന്തില്‍ നിന്ന് തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ കോഹ്‍ലി 131 പന്തില്‍ നിന്ന് 58 റണ്‍സ് നേടി.

ഇരുവരും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 86 റണ്‍സിലെത്തിയിട്ടുണ്ട്. ബാറ്റിംഗ് ദുഷ്കരമെന്നും മോശം പിച്ചെന്നും ക്രിക്കറ്റ് പണ്ഡിതന്മാര്‍ വിധിച്ച പിച്ചിലാണ് ഇന്ത്യയുടെ ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് പ്രകടനം.

Exit mobile version