വീണ്ടും ഗെയിം ചേഞ്ചറായി സാം കറന്‍, ഹാട്രിക്ക്, മൊഹാലി കോട്ട കാത്ത് പഞ്ചാബ്

അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറുകളില്‍ വേണ്ടാത്ത ഷോട്ടുകള്‍ കളിച്ച് പുറത്തായി സ്വയം സമ്മര്‍ദ്ദത്തിലാക്കി ‍‍ഡല്‍ഹി ക്യാപിറ്റല്‍സ് കളഞ്ഞ് കുളിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തങ്ങളുടെ മൂന്നാം ജയം. രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേത് പോലെ അവസാന നാലോവറില്‍ എതിരാളികള്‍ക്ക് നേടുവാനുള്ള ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് തിരികെ എത്തുകയായിരുന്നു.

സാം കറന്‍ എറിഞ്ഞ 18ാം ഓവറാണ് മത്സരം തിരികെ കൊണ്ടുവന്നത്. ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിന്റെ ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് കറന്‍ നേടിയത്. ഋഷഭ് പന്തിന്റെ വിക്കറ്റുകള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി സാം കറന്‍ ഹാട്രിക് നേടിയപ്പോള്‍ മത്സരം 14 റണ്‍സിനു വിജയം കുറിച്ചു. 19.2 ഓവറില്‍ 152 റണ്‍സിനു ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം പൃഥ്വി ഷായെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡല്‍ഹിയെ ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. അശ്വിനായിരുന്നു ഷായുടെ വിക്കറ്റ്.

61 റണ്‍സ് നേടി കുതിയ്ക്കുകയായിരുന്നു കൂട്ടുകെട്ടില്‍ അയ്യരാണ്(28) ആദ്യം പുറത്തായത്. 21 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ടീമിനു ധവാനെയും നഷ്ടമായി. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാം ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

പന്തിനെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ സ്കോറിംഗ് നടത്തുന്ന ഇന്‍ഗ്രാമിനെയാണ് പിന്നീടുള്ള ഓവറുകളില്‍ കണ്ടതെങ്കിലും പന്തും ഇന്നിംഗ്സിന്റെ അവസാനത്തോടെ വലിയ ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി.

അവസാന നാലോവറില്‍ ജയിക്കുവാന്‍ ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത് 30 റണ്‍സായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ നേടിയ പന്തിനെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി തിരിച്ചടിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് ഫോറും 2 സിക്സും സഹിതമായിരുന്നു പന്തിന്റെ പ്രകടനം. അടുത്ത പന്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രിസ് മോറിസിനെ റണ്ണൗട്ടാക്കി അശ്വിന്‍ വീണ്ടും മത്സരം മാറ്റി മറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ഡല്‍ഹിയ്ക്കായി ഇറങ്ങിയ കൂട്ടുകെട്ടിന്റെ പുറത്തായി പിന്നീട് വിജയം ഉറപ്പാക്കേണ്ട ദൗത്യം. കോളിന്‍ ഇന്‍ഗ്രാമിനും ഹനുമ വിഹാരിയ്ക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ 18 പന്തില്‍ 23 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

സാം കറന്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തുകളില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പഞ്ചാബ് ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഗ്രാം വലിയ ഷോട്ടിനു മുതിരുകയും ബൗണ്ടറി ലൈനില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടി കരുണ്‍ നായര്‍ ഇന്‍ഗ്രാമിനെ പുറത്താക്കുകയായിരുന്നു.

ഇതോടെ ക്രീസില്‍ രണ്ട് പുതിയ താരങ്ങളായി പഞ്ചാബിനു വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെയും പുറത്താക്കി സാം കറന്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എറിഞ്ഞ തരത്തിലുള്ള ഗെയിം ചേഞ്ചിംഗ് ഓവര്‍ എറിഞ്ഞ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

12 പന്തില്‍ 20 റണ്‍സ് വേണ്ട ഘട്ടത്തില്‍ മുഹമ്മദ് ഷമി വെറും 5 റണ്‍സ് നല്‍കി പഞ്ചാബിനു വേണ്ടി വിഹാരിയെ പുറത്താക്കി അവസാന ഓവറിലെ ലക്ഷ്യം 15 ആക്കി മാറ്റി. അവസാന ഓവറില്‍ സാം കറന്‍ ആദ്യ പന്തില്‍ തന്നെ കാഗിസോ റബാഡയെ പുറത്താക്കി. അടുത്ത പന്തില്‍ സന്ദീപ് ലാമിച്ചാനയെയും പുറത്താക്കി സാം കറന്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. 2.2 ഓവറില്‍ 11 റണ്‍സിനാണ് കറന്‍ 4 വിക്കറ്റ് നേടിയത്.

അശ്വിന്‍-ബട്‍ലര്‍ വിഷയം, പ്രതികരണങ്ങള്‍ പരിധി കടന്നത്

ജോസ് ബട‍്‍ലറെ വിവാദ രീതിയില്‍ പുറത്താക്കിയ അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന് വരുന്ന പ്രതികരണങ്ങള്‍ പരിധി കടന്നതെന്ന് രാഹുല്‍ ദ്രാവിഡ്. അശ്വിന്റെ സ്വാഭാവത്തെയും താരത്തെ വ്യക്തിഹത്യ ചെയ്യുന്ന പ്രതികരണങ്ങള്‍ അതിര് കടന്നതാണെന്ന് ദ്രാവിഡ് വ്യക്തമാക്കി. താരം മാന്യനാണോ മാന്യനല്ലേയെന്നുള്ള വിഷയമൊന്നും ഈ സംഭവത്തില്‍ ഇല്ല. നിയമപ്രകാരമുള്ള കാര്യമാണ് അശ്വിന്‍ നടത്തിയത്.

അതിനോട് അനുകൂലിക്കാത്തവരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍ തീര്‍ച്ചയായും അതിര് കടന്നതാണ്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വിലയിരുത്തലല്ലയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രതികരിക്കുന്നവര്‍ കാര്യം മനസ്സിലാക്കാതെ പ്രതികരിക്കുകയാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

അത് ചെയ്യാന്‍ അശ്വിനു അവകാശമുണ്ട്, എന്നാല്‍ മുന്നറിയിപ്പ് നല്‍കാമായിരുന്നുവെന്നത് തന്റെ അഭിപ്രായം

അശ്വിന്റെ മങ്കാഡ് രീതിയിലുള്ള ജോസ് ബട്‍ലറുടെ പുറത്താക്കലിന്മേലുള്ള തന്റെ അഭിപ്രായം അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിലെ നിയമപ്രകാരം അശ്വിന്‍ ചെയ്തത് ശരിയാണ്. അതിനുള്ള അവകാശം നിയമങ്ങള്‍ അശ്വിനു നല്‍കുന്നുണ്ട്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം ആദ്യം ഒരു മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

അന്ന് നടന്നത് നിയമപ്രകാരമുള്ള കാര്യമാണ് അതിനാല്‍ അവിടെ കൂടുതല്‍ സംശയമൊന്നുമില്ല. അത് ആരെങ്കിലും ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ തനിക്ക് എതിരഭിപ്രായമെന്നുമില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം മുന്നറിയിപ്പ് നല്‍കണമെന്നാണ് അത് ഒരാള്‍ ചെയ്തില്ലെങ്കിലും തനിക്ക് എതിരഭിപ്രായമില്ലെന്നും ദ്രാവിഡ് പറഞ്ഞു.

അശ്വിന്റ ചെയ്തിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടേ – പാഡി അപ്ടണ്‍

ജോസ് ബട്‍ലറെ മങ്കാഡെഡ് ചെയ്ത പുറത്താക്കിയ രവിചന്ദ്രന്‍ അശ്വിന്റെ നടപടിയെ ക്രിക്കറ്റ് ലോകം വിലയിരുത്തട്ടെ എന്ന് അഭിപ്രായപ്പെട്ട് രാജസ്ഥാന്‍ കോച്ച് പാഡി അപ്ടണ്‍. സംഭവത്തെ മറന്ന് ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനാണ് രാജസ്ഥാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്നെ ഇതിന്മേല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പാഡി അപ്ടണ്‍ പറഞ്ഞു.

ഐപിഎല്‍ ആരാധകര്‍ക്കും ക്രിക്കറ്റ് ലോകത്തിനു ഈ വിഷയത്തെ ഞങ്ങള്‍ വിട്ട് നല്‍കുകയാണ്. അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന നിലപാട് ഈ വിഷയത്തില്‍ അവര്‍ കൈക്കൊള്ളട്ടേയെന്നും പാഡി വ്യക്തമാക്കി. ഐപിഎലില്‍ ഇനി കൂടുതല്‍ ടീമുകള്‍ ഈ വിഷയത്തെ ഗഹനമായി തന്നെ വിലയിരുത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ പാഡി ഐപിഎല്‍ തുടര്‍ന്നും അതിന്റെ ശരിയായ സ്പിരിറ്റില്‍ മുന്നോട്ട് പോകുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

വിവാദങ്ങള്‍ക്കല്ല ഞങ്ങള്‍ എല്ലാവരും ഇവിടെ ക്രിക്കറ്റിനെ ആസ്വദിക്കാനാണ് എത്തുന്നത്. ഗ്രൗണ്ടിലെത്തുന്ന ഓരോ കാണികളുടെയും ആഗ്രഹം അവര്‍ക്ക് മികച്ച ക്രിക്കറ്റ് കാണാനാകണം എന്നതാണെന്നും പാഡി അപ്ടണ്‍ പറഞ്ഞു.

സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ ആദ്യ ജയം പഞ്ചാബ് നേടിയെടുത്തത് ‘വളഞ്ഞ വഴിയിലോ’? നിയാനുസൃതമോ?

ജോസ് ബട്‍ലറുടെ പുറത്താക്കലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെങ്കിലും ബാക്കി താരങ്ങളാരും തന്നെ തങ്ങളുടെ ദൗത്യം പുലര്‍ത്താതിരുന്നതാണ് കളി കൈവിടുവാന്‍ കാരണമെന്നേ പറയാന്‍ തരമുള്ളു. ബട്‍ലറുടെ പുറത്താകല്‍ വിവാദമായിരുന്നുവെങ്കിലും അത് നിയമാനുസൃതം മാത്രമാണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു ചേര്‍ന്നതല്ലെന്നാണ് മറു വിഭാഗത്തിന്റെ വാദം.

വാദവും വിവാദവും എന്ത് തന്നെയായാലും ഇന്ന് സ്വന്തമാക്കിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ജയം അവര്‍ ചരിത്രത്തില്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയ്പൂരില്‍ നേടിയ വിജയമാണ്. 24 പന്തില്‍ 39 റണ്‍സ് എന്ന നിലയില്‍ സ്മിത്തും സഞ്ജുവും കളത്തില്‍ നിന്നപ്പോള്‍ രാജസ്ഥാനു പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പിന്നീട് ടീം ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു.

വിവാദമായി ബട്‍ലറുടെ പുറത്താകല്‍, വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് പ്രകടനത്തിനു അശ്വിന്‍ മടങ്ങിപ്പോക്ക് നല്‍കിയതിന്റെ ആനുകൂല്യത്തില്‍ വിജയം പിടിച്ചെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. 185 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും രാജസ്ഥാനു സ്വപ്നം തുല്യമായ തുടക്കമാണ് നല്‍കിയത്. 8.1 ഓവറില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. 27 റണ്‍സ് നേടിയ രഹാനെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അശ്വിനെ കരുതലോടെ നേരിട്ട ജോസ് ബട്‍ലര്‍ എന്നാല്‍ മറ്റു ബൗളര്‍മാരെ തുടര്‍ന്നും ആക്രമിക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് ജോസ് ബട്‍ലറുടെ മടക്കം. 10 ഫോറും 2 സിക്സുമാണ് ജോസ് ബട്‍ലര്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

എന്നാല്‍ തന്റെ അവസാന ഓവറില്‍ ജോസ് ബട്‍ലറെ പുറത്താക്കുവാന്‍ അശ്വിന്‍ തിരഞ്ഞെടുത്ത വഴി കളിയിലെ ഏറ്റവും വലിയ വഴിത്തിരിവും വിവാദവും ആയി മാറുകയായിരുന്നു. ക്രീസില്‍ നിന്ന് ബൗളിംഗ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പുറത്ത് കടന്നതിനു അശ്വിന്‍ ‘മങ്കാട്’ രൂപത്തില്‍ പുറത്താക്കി വിവാദത്തിനു തിരികൊളുത്തുകയായിരുന്നു. പിന്നീട് ഗതി നഷ്ടമായ രാജസ്ഥാന്‍ റോയല്‍സിനു അതേ വേഗത്തില്‍ സ്കോര്‍ മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിച്ചില്ല.

മെല്ലെയെങ്കിലും നിലയുറപ്പിച്ച് സഞ്ജുവും സ്മിത്തും രാജസ്ഥാന്‍ ഇന്നിംഗ്സിനു മെല്ലെ വേഗത പകരുകയായിരുന്നു. യഥാസമയം ബൗണ്ടറി കണ്ടെത്തി ഇരുവരും അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ ലക്ഷ്യം 39 റണ്‍സാക്കി മാറ്റുകയായിരുന്നു. എന്നാല്‍ സ്മിത്തിനെയും(19) സഞ്ജു സാംസണെയും(30) പുറത്താക്കി സാം കറന്‍ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിച്ചു. വെറും നാല് റണ്‍സാണ് സാം കറന്‍ ഓവറില്‍ വിട്ട് നല്‍കിയത്. ഓവറുകളുടെ വ്യത്യാസത്തില്‍ രണ്ട് പുതുമുഖ താരങ്ങള്‍ ക്രീസില്‍ വന്നതും രാജസ്ഥാനു കാര്യങ്ങള്‍ കടുപ്പമാക്കി.

മുജീബ് ഉര്‍ റഹ്മാന്‍ എറിഞ്ഞ ഓവറില്‍ ബെന്‍ സ്റ്റോക്സ് സിക്സര്‍ നേടിയെങ്കിലും അടുത്ത പന്തില്‍ താരവും പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുല്‍ ത്രിപാഠിയും പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പില്‍ നിരാശ പടര്‍ന്നു.

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാബിലെയും ഹിമാച്ചലിലെയും 5 ജവാന്മാരുടെ കുടുംബത്തിനു കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹായം

പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്മാരില്‍ പഞ്ചാബിലെയും ഹിമാച്ചലിലെയും അഞ്ച് ജവാന്മാര്‍ക്ക് 5 ലക്ഷം രൂപ സഹായം നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇവരുടെ കുടുംബക്കാര്‍ക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ചെക്കുകകള്‍ കൈമാറുമ്പോള്‍ ടീമിന്റെ നായകന്‍ രവിചന്ദ്രന്‍ അശ്വിനും സിആര്‍പിഎപ് ഡിഐജി വി കെ കൗണ്ടലും സന്നിഹിതരായിരുന്നു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ റാഞ്ചിയിലെ മത്സരത്തിന്റെ മാച്ച് ഫീസ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവ ചെയ്തിരുന്നു. ഇതു കൂടാതെ ഏവരോടും ഇത്തരത്തില്‍ സഹായം ചെയ്യണമെന്ന് വിരാട് കോഹ്‍ലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അശ്വിന്‍ കളിക്കാത്തതില്‍ സന്തോഷം മറച്ച് വയ്ക്കാതെ ടിം പെയിന്‍

അശ്വിന്‍ സിഡ്നിയില്‍ കളിക്കില്ലെന്ന വാര്‍ത്തയിലെ സന്തോഷം മറച്ച് വയ്ക്കാതെ ടിം പെയിന്‍. ഇന്ത്യ തങ്ങളുടെ 13 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരം കളിക്കുകയില്ലെന്ന വാര്‍ത്തയാണ് പരക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത് ആശ്ചര്യജനകമെന്നാണ് ടിം പെയിന്‍ പറയുന്നത്. ഇന്നലെ അശ്വിന്‍ നെറ്റ്സില്‍ പന്തെറിയുന്നത് കണ്ടിരുന്നു. മെല്‍ബേണിലെ നെറ്റ്സില്‍ ബാറ്റും ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ താരം കളിക്കുന്നില്ലെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നു എന്ന് ടിം പെയിന്‍ പറഞ്ഞു.

സിഡ്നിയിലെ പിച്ച് അശ്വിനു ഏറ്റവും അനുയോജ്യമായിരുന്നു. നന്നായി സ്പിന്‍ ചെയ്യുന്ന പിച്ചില്‍ അശ്വിനെ പോലെ ഉയരമുള്ള ആളുകള്‍ക്ക് അത് ഗുണം ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ ടീമിലെ ചില ബാറ്റ്സ്മാന്മാര്‍ക്ക് അത് തീര്‍ച്ചയായും സന്തോഷ വാര്‍ത്തയാകുമെന്നും ടിം പെയിന്‍ പറഞ്ഞു.

അശ്വിന്‍ തന്നെ വിളിച്ചു, കിംഗ്സ് ഇലവനിലേക്ക് സ്വാഗതം ചെയ്തു: വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്‍ ലേലത്തിലെ താരമായി മാറിയ വരുണ്‍ ചക്രവര്‍ത്തി തന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ അനുമോദനം അറിയിക്കുവാന്‍ വിളിച്ചുവെന്നും ടീമിലേക്ക് സ്വാഗതം ചെയ്തുവെന്നും അറിയിച്ചു. ഐപിഎല്‍ 2019ലേക്കുള്ള താര ലേലത്തില്‍ ജയ്ദേവ് ഉനഡ്കടുമായി ഏറ്റവും മൂല്യമേറിയ താരമായി മാറുകയായിരുന്നു വരുണ്‍ ചക്രവര്‍ത്തി. തമിഴ്നാട് പ്രീമിയര്‍ ലീഗാണ് തനിക്ക് ഇത്തരം ഒരു അവസരം ഒരുക്കിതന്നതെന്നും താരം അഭിപ്രായപ്പെട്ടു.

തന്റെ സംസ്ഥാനത്തുകാരന്‍ അശ്വിന്‍ നായകനായുള്ള ടീമിന്റെ ഡ്രെസ്സിംഗ് റൂമില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് വരുണ്‍ പങ്കുവെച്ചത്. അശ്വിന്‍ വിളിച്ചിട്ട് തന്റെ അഭിമാന നിമിഷത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ കാണാമെന്നും കിംഗ്സ് ഇലവനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതെന്നാണ് വരുണ്‍ പറഞ്ഞത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റും കളിച്ച് ഏറെ പരിചയ സമ്പത്ത് കൈവരിച്ച താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. അദ്ദേഹത്തില്‍ നിന്ന് തനിക്ക് ഏറെ പഠിക്കാനാകുെന്നും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.

ന്യൂബോള്‍ ഗുണം ചെയ്തു, ഓസ്ട്രേലിയയുടെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ, അര്‍ദ്ധ ശതകവുമായി ട്രാവിസ് ഹെഡ് പൊരുതുന്നു

ആദ്യ രണ്ട് സെഷനുകളെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. ഏഴാം വിക്കറ്റില്‍ ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും നേടിയ 50 റണ്‍സിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയുടെ സ്കോറിനു 59 റണ്‍സ് അകലെ വരെ എത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദിവസത്തിന്റെ അവസാനത്തോടെ ന്യൂബോള്‍ എടുത്ത ഇന്ത്യ പാറ്റ് കമ്മിന്‍സിന്റെ(10) പ്രതിരോധം തകര്‍ക്കുകയായിരുന്നു.  രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 191/7 എന്ന നിലയിലാണ്. 61 റണ്‍സുമായി ട്രാവിസ് ഹെഡും 8 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

117/4 എന്ന നിലയില്‍ നിന്ന് ചായയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് മൂന്ന് റണ്‍സ് കൂടി നേടുന്നതിനിടയില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ(34) ആദ്യം നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്സ്കോമ്പ്-ഹെഡ് കൂട്ടുകെട്ട് 33 റണ്‍സ് ആണ് നേടിയത്.

ടിം പെയിനെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ ഓസ്ട്രേലിയയുടെ ആറാം വിക്കറ്റ് വീഴ്ത്തുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 127 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുമെന്ന് കരുതിയ നിമിഷങ്ങളില്‍ നിന്ന് ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും ന്യൂബോളിന്റെ സഹായത്തോടെ ജസ്പ്രീത് ബുംറ കമ്മിന്‍സിനെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 117/4 എന്ന നിലയില്‍

അഡിലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 117/4 എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 250 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ 87/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് 30 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ചായ വരെ എത്തിയത്. അവസാന സെഷനില്‍ ഈ കൂട്ടുകെട്ട് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ എത്തുക.

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 33 റണ്‍സും ട്രാവിസ് ഹെഡ് 17 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയ 133 റണ്‍സ് പിന്നിലായാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുമായി രവിചന്ദ്രന്‍ അശ്വിന്‍ മികവ് പുലര്‍ത്തി.

ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്ത് അശ്വിന്‍

രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ വട്ടം കറങ്ങി ഓസ്ട്രേലിയ. ഒന്നാം ദിവസത്തെ സ്കോറായ 250/9 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിലും ഓസ്ട്രേലിയ തകര്‍ച്ച നേരിടുകയായിരുന്നു. ഷമിയെ(6) ഹാസല്‍വുഡ് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ പതനം പൂര്‍ത്തിയായത്.

ഓസ്ട്രേലിയയെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ച് ഇഷാന്ത് ശര്‍മ്മ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി. മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജയും ഇന്ത്യന്‍ പേസ് ബൗളര്‍മാരെ സധൈര്യം നേരിട്ടപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഓസ്ട്രേലിയ 45 റണ്‍സ് നേടി. എന്നാല്‍ ഹാരിസിനെയും(26) ഷോണ്‍ മാര്‍ഷിനെയും(2) ഖവാജയെയും(28) പുറത്താക്കി അശ്വിന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

അവിടെ നിന്ന് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും(22*) ട്രാവിസ് ഹെഡും(9*) ചേര്‍ന്ന് ഓസ്ട്രേലിയയെ 97/4 എന്ന നിലയിലേക്ക് 45 ഓവറുകള്‍ പിന്നിടുമ്പോള്‍ എത്തിയ്ക്കുകയായിരുന്നു.

Exit mobile version