കളം നിറഞ്ഞ് Mr. 360യും പോക്കറ്റ് ഡൈനാമോയും, കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ്

എബി ഡി വില്ലിയേഴ്സിന്റെ അര്‍ദ്ധ ശതകത്തിന്റെയും പാര്‍ത്ഥിവ് പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച തുടക്കത്തിനു ശേഷം വിരാട് കോഹ്‍ലിയെ(13) നഷ്ടമായപ്പോള്‍ 3.1 ഓവറില്‍ 35 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂടി നേടിയ ശേഷം പാര്‍ത്ഥിവിനെയും ബാംഗ്ലൂരിനു നഷ്ടമായി. 24 പന്തില്‍ നിന്ന് 43 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയത്.

71/1 എന്ന നിലയില്‍ നിന്ന് പൊടുന്നനെ 81/4 എന്ന നിലയിലേക്ക് വീണ ശേഷം എബി ഡി വില്ലിയേഴ്സും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്നാണ് ബാംഗ്ലൂരിനെ 202 റണ്‍സിലേക്ക് എത്തിച്ചത്. 121 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

അവസാന ഓവറുകളില്‍ സിക്സുകളിലൂടെയായിരുന്നു ബാംഗ്ലൂരിന്റെ സ്കോറിംഗ്. 19ാം ഓവറില്‍ 21 റണ്‍സും 20ാം ഓവറില്‍ 27 റണ്‍സുമാണ് എബിഡി-സ്റ്റോയിനിസ് കൂട്ടുകെട്ട് നേടിയത്.  ഒരു ഘട്ടത്തില്‍ 175 റണ്‍സ് നേടാനായാല്‍ ഭാഗ്യമെന്ന നിലയില്‍ എത്തിയ ശേഷമാണ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം.

ഡി വില്ലിയേഴ്സ് 7 സിക്സും മൂന്ന് ഫോറും സഹിതം 44 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയപ്പോള്‍ മെല്ലെ തുടങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി ഇന്നിംഗ്സ് മികച്ച രീതിയില്‍ അവസാനിപ്പിച്ചു.

പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് തിളങ്ങിയത്. തന്റെ നാലോവറില്‍ ഒരു വിക്കറ്റ് നേടുവാന്‍ 15 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ട് നല്‍കിയത്. മുരുഗന്‍ അശ്വിന്‍ 31 റണ്‍സ് വിട്ട് നല്‍കി 1 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി 53 റണ്‍സും ഹാര്‍ഡസ് വില്‍ജോയന്‍ 51 റണ്‍സുമാണ് വിട്ട് നല്‍കിയത്.

അര്‍ഷ്ദീപ് സിംഗ് ചെയ്തത് ചഹാര്‍ ചെന്നൈയ്ക്കായി ചെയ്യുന്നത്

തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത അര്‍ഷ്ദീപ് സിംഗിന്റെ പ്രകടനത്തെ പുകഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍. ടോപ് ഓര്‍ഡറില്‍ ജോസ് ബട്‍ലറെയും ഇന്നിംഗ്സിന്റെ അവസാനത്തോടെ അജിങ്ക്യ രഹാനയെയും പുറത്താക്കിയ അര്‍ഷ്ദീപ് സിംഗ് തന്റെ നാലോവറില്‍ 43 റണ്‍സ് വഴങ്ങിയെങ്കിലും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.

പന്ത് ഇരുവശത്തേക്ക് സ്വിംഗ് ചെയ്യുവാന്‍ ശേഷിയുള്ള താരമാണ് അര്‍ഷ്ദീപ് എന്നാണ് രവിചന്ദ്രന്‍ അശ്വിന്‍ വ്യക്തമാക്കിയത്. ഇത്തരം ഒരു താരം പവര്‍പ്ലേയില്‍ വളരെ ഏറെ പ്രാധാന്യമുള്ള താരമാണ്. ദീപക് ചഹാര്‍ ചെന്നൈയ്ക്ക് വേണ്ടി എന്ത് ചെയ്യുന്നുവെന്ന് ഏവരും കണ്ടതാണ്, അത്തരം പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് അര്‍ഷ്ദീപ് സിംഗിലുള്ളതെന്നും അശ്വിന്‍ വ്യക്തമാക്കി. ടൂര്‍ണ്ണമെന്റില്‍ താരം കിംഗ്സ് ഇലവനു വേണ്ടി ഇനിയും മികവ് പുലര്‍ത്തുമെന്ന് അശ്വിന്‍ പറഞ്ഞു.

പത്ത് പോയിന്റ് നേടാനായത് ഏറെ പ്രധാനം

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള വിജയം ടീമിനെ 10 പോയിന്റിലേക്ക് എത്തിച്ചത് ഏറെ നിര്‍ണ്ണായകമെന്ന് അഭിപ്രായപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. ടൂര്‍ണ്ണമെന്റിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടത്തിലാണ് ഈ വിജയം. ഈ ലക്ഷ്യം പ്രതിരോധിക്കുവാന്‍ ഏറെ പ്രയാസമായിരുന്നു. കാരണം വിക്കറ്റ് പൊതുവേ രണ്ടാം പകുതിയില്‍ ബാറ്റിംഗിനു അനായാസമാവും.

മുജീബും അര്‍ഷ്ദീപും മികച്ച രീതിയിലാണ് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ബൗള്‍ ചെയ്ത് തുടങ്ങിയത്. ബട്‍ലര്‍ക്കെതിരെയുള്ള പദ്ധതി കൃത്യമായി നടപ്പിലാക്കുവാനും ഞങ്ങള്‍ക്ക് സാധിച്ചുവെന്ന് വിശ്വസിക്കുന്നു. മധ്യ ഓവറുകളി‍ല്‍ താനും മുരുഗന്‍ അശ്വിനും സമ്മര്‍ദ്ദം സൃഷ്ടിച്ചതും അനായാസമെന്ന് തോന്നിപ്പിച്ച ലക്ഷ്യം കടുപ്പമേറിയതാക്കി മാറ്റുവാന്‍ സാധിച്ചുവെന്നും അശ്വിന്‍ വ്യക്തമാക്കി.

രാജസ്ഥാനെ വട്ടംകറക്കി പഞ്ചാബ് സ്പിന്നര്‍മാര്‍, പതിവു പോലെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍

ഒരു ഘട്ടത്തില്‍ 97/1 എന്ന നിലയില്‍ പഞ്ചാബിനു വെല്ലുവിളിയുയര്‍ത്തുമെന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്ന പതിവു രീതി പുറത്തെടുത്തപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നല്‍കിയ 183 റണ്‍സ് എന്ന ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു 12 റണ്‍സിന്റെ തോല്‍വി. പഞ്ചാബിന്റെ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും മുരുഗന്‍ അശ്വിനും ചേര്‍ന്ന് മധ്യ ഓവറുകളില്‍ പുറത്തെടുത്ത ബൗളിംഗ് മികവാണ് പഞ്ചാബിനു വിജയം നല്‍കിയത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ തകര്‍പ്പനടികള്‍ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ മാത്രമേ സാധിച്ചുള്ളു. 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി സ്റ്റുവര്‍ട് ബിന്നി പുറത്താകാതെ നിന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റി പരീക്ഷിച്ചാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചേസിംഗിന് ഇറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്ക് പകരം ജോസ് ബട്‍ലര്‍ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയത് രാഹുല്‍ ത്രിപാഠിയാണ്. ടോപ് ഓര്‍ഡറില്‍ തനിക്ക് കിട്ടിയ അവസരം താരം ഉപയോഗിക്കുകയും ചെയ്തു. 4 ഓവറില്‍ 38 റണ്‍സിലേക്ക് കുതിച്ച രാജസ്ഥാന് എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ ജോസ് ബട്‍ലറെ നഷ്ടമായി. 17 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായ ബട്‍ലറുടെ വിക്കറ്റ് അര്‍ഷ്ദീപ് സിംഗിനാണ് ലഭിച്ചത്. തന്റെ കന്നി ഐപിഎല്‍ വിക്കറ്റാണ് യുവതാരം ബട്‍ലറെ പുറത്താക്കി നേടിയത്.

ബട്‍ലര്‍ പുറത്തായ ശേഷം ത്രിപാഠിയ്ക്കൊപ്പമെത്തിയ സഞ്ജുവും അനായാസം സ്കോറിംഗ് നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സ് കൂട്ടുകെട്ടുമായി രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ പഞ്ചാബ് സ്പിന്നര്‍മാരായ രവിചന്ദ്രന്‍-മുരുഗന്‍ അശ്വിന്‍ എന്നിവര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 21 പന്തില്‍ 27 റണ്‍സ് നേടിയ സഞ്ജുവിനെ 12ാം ഓവറില്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ വീണ്ടും മികച്ച നിലയില്‍ നിന്ന് രാജസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നുവോ എന്നാണ് ഏവരും കരുതിയത്.

ത്രിപാഠിയും രഹാനെയ്ക്കും വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെങ്കിലും 15 ഓവര്‍ പിന്നിട്ടപ്പോള്‍ സ്കോര്‍ 122ല്‍ എത്തിയ്ക്കുവാന്‍ താരങ്ങള്‍ക്കായി. അവസാന 30 പന്തില്‍ 61 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. അശ്വിന്‍ എറിഞ്ഞ 16ാം ഓവറില്‍ ഒരു സ്റ്റംപിംഗ് അവസരം അതിജീവിച്ച് ശേഷം ത്രിപാഠി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഓവറിന്റെ അവസാനത്തില്‍ രാജസ്ഥാന് 50 റണ്‍സ് നേടിയ ത്രിപാഠിയെയും നഷ്ടമായി.

തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയെങ്കിലും അശ്വിന്‍ അടുത്ത നാലോവറില്‍ 14 റണ്‍സിനു 2 വിക്കറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകളും നേടുകയായിരുന്നു. താന്‍ നേരിട്ട ആദ്യ പന്തില്‍ ആഷ്ടണ്‍ ടര്‍ണറും പുറത്തായപ്പോള്‍ മത്സരം രാജസ്ഥാന്‍ കൈവിട്ടു. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. മുരുഗന്‍ അശ്വിന്‍ തന്റെ നാലോവറില്‍ 24 റണ്‍സിനു 1 വിക്കറ്റ് നേടി.

അവസാന മൂന്നോവറില്‍ 50 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് മുഹമ്മദ് ഷമിയുടെ ഓവറിലെ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചറെ നഷ്ടമായി. പിന്നീട് ഓവറില്‍ സ്റ്റുവര്‍ട്ട് ബിന്നി നേടിയ ഒരു സിക്സിന്റെയും ഫോറിന്റെയും ബലത്തില്‍ 13 റണ്‍സ് ഓവറില്‍ നിന്ന് നേടിയെങ്കിലും 12 പന്തില്‍ 37 റണ്‍സ് എന്ന ലക്ഷ്യം അപ്രാപ്യം തന്നെയായിരുന്നു.

സ്റ്റുവര്‍ട് ബിന്നി 11 പന്തില്‍ നിന്ന് 33 റണ്‍സുമായി പുറത്താകാതെ നിന്ന് 2 ഫോറും 3 സിക്സും നേടി രാജസ്ഥാനെ 170/7 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റും മുരുഗന്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. ഇതില്‍ അര്‍ഷദീപ് സിംഗും മുഹമ്മദ് ഷമിയും റണ്‍സ് അധികം വഴങ്ങിയെങ്കിലും രണ്ട് സ്പിന്നര്‍മാരും തങ്ങളുടെ നാലോവര്‍ സ്പെല്ലില്‍ വെറും 24 റണ്‍സാണ് വഴങ്ങിയത്.

 

അവിസ്മരണീയ സ്പെല്ലുമായി ജോഫ്ര ആര്‍ച്ചര്‍, രാഹുലിന്റെയും മില്ലറുടെയും അശ്വിന്റെയും മികവില്‍ 182 റണ്‍സ് നേടി പഞ്ചാബ്

ലോകേഷ് രാഹുലിന്റെയും ഡേവിഡ് മില്ലറുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 182 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ കിംഗ്സ് ഇലവനു സാധിക്കാതെ പോയപ്പോള്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരിലെ സൂപ്പര്‍ താരം. അവസാന ഓവറില്‍ നേടിയ 18 റണ്‍സാണ് ടീമിനെ 182 റണ്‍സിലേക്ക് എത്തിച്ചത്. ഇതില്‍ നാല് പന്തില്‍ നിന്ന് 17 റണ്‍സുമായി അശ്വിന്‍ നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

Credits: @IPL

ക്രിസ് ഗെയിലും കെഎല്‍ രാഹുലും കൂടി ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ നിന്ന് 38 റണ്‍സ് മാത്രമേ നേടിയുള്ളു. ഗെയില്‍ 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ രാഹുല്‍ ബുദ്ധിമുട്ടുന്നതാണ് മൊഹാലിയിലെ കാണികള്‍ക്ക് കാണാനായത്.

ഗെയിലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ പകരം എത്തിയ മയാംഗ് അഗര്‍വാലും അതിവേഗമാണ് സ്കോറിംഗ് നടത്തിയത്. എന്നാല്‍ ഇഷ് സോധിയെ അതിര്‍ത്തി കടത്തുവാനുള്ള ശ്രമത്തിനിടെ ജോഫ്ര ആര്‍ച്ചര്‍ പിടിച്ച് പുറത്താകുമ്പോള്‍ അഗര്‍വാല്‍ 12 പന്തില്‍ നിന്ന് 2 സിക്സ് അടക്കം 26 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലും രാഹുല്‍ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. 39 റണ്‍സാണ് മയാംഗ്-രാഹുല്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത്.

52 റണ്‍സ് നേടിയ കെഎല്‍ രാഹുലിന്റെ തുടക്കം മെല്ലെയായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍ ഡേവിഡ് മില്ലറുമായി നേടിയ 85 റണ്‍സിന്റെ കൂട്ടുകെട്ട് പഞ്ചാബ് ഇന്നിംഗ്സില്‍ ഏറെ വ്യത്യാസം കൊണ്ടുവരികയായിരുന്നു. ഇഷ് സോധി എറിഞ്ഞ 14ാം ഓവറില്‍ 19 റണ്‍സ് നേടിയ രാഹുല്‍ – മില്ലര്‍ കൂട്ടുകെട്ട് ടീമിന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 15ാം ഓവറില്‍ 20 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 136/2 എന്ന നിലയിലേക്കായി.

ഇതിനു ശേഷം 17ാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ ഡേവിഡ് മില്ലറുടെ കുറ്റി തെറിപ്പിച്ചുവെങ്കിലും ലൈന്‍ നോബോള്‍ കാരണം മില്ലര്‍ക്ക് ഒരവസരം കൂടി ലഭിച്ചു. ഇതിനിടെ 52 റണ്‍സ് നേടിയ ജയ്ദേവ് ഉനഡ്കട് പുറത്താക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് 3 ബൗണ്ടറിയും 2 സിക്സും സഹിതം ലോകേഷ് രാഹുല്‍ തന്റെ 52 റണ്‍സ് നേടിയത്.

19ാം ഓവറില്‍ നിക്കോളസ് പൂരനെയും മന്ദീപ് സിംഗിനെയും പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന്‍ ബൗളര്‍മാരില്‍ വേറിട്ട് നിന്നു. 4 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കിയാണ് ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ വലിയ അടിയ്ക്ക് ശ്രമിച്ച് ഡേവിഡ് മില്ലറും പുറത്താകുമ്പോള്‍ താരം 27 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്കായിരുന്നു വിക്കറ്റ്. 2 ഫോറും 2 സിക്സും ഡേവിഡ് മില്ലര്‍ നേടി.

അവസാന അഞ്ചോവറില്‍ നിന്ന് 48 റണ്‍സ് നേടുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി. 15ാം ഓവറിനു ശേഷം വലിയ ഷോട്ടുകള്‍ പിറന്ന ഓവറുകള്‍ കുറവായിരുന്നുവെങ്കിലും അശ്വിന്‍ നേടിയ രണ്ട് സിക്സും ഒരു ഫോറും നേടിയ അശ്വിന്റെ 4 പന്തില്‍ നിന്നുള്ള 17 റണ്‍സ് മത്സരത്തില്‍ ഈ സീസണില്‍ മൊഹാലിയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുവാന്‍ പഞ്ചാബിനെ സഹായിച്ചു.

ഈ ടോട്ടല്‍ പ്രതിരോധിക്കാനാകുന്നതെന്ന് കരുതി, ഫീല്‍ഡിംഗിലെ പാളിച്ചകള്‍ തിരിച്ചടിയായി

മികച്ച ഫീല്‍ഡിംഗും ക്യാച്ചിംഗും മത്സരത്തിലെ പല ഘട്ടത്തിലും കിംഗ്സ് ഇലവന്‍ പഞ്ചാബ് പുറത്തെടുത്തുവെങ്കിലും ടീമിനു തിരിച്ചടിയായത് ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനാലാണെന്ന് പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. അത് ശരിയായിരുന്നുവെങ്കില്‍ ഞങ്ങള്‍ വിജയ പക്ഷത്തുണ്ടാകുമായിരുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി.

197 എന്ന സ്കോര്‍ മികച്ചതായിരുന്നുവെന്നും ടീമിനു പ്രതിരോധിക്കാനാകുമെന്നുമാണ് കരുതിയത്. എന്നാല്‍ ബാറ്റിംഗ് സമയത്ത് അല്പ സമയത്ത് ടീമിനു വേണ്ടത്ര വേഗത കൈവരിക്കാനായില്ലെന്നും അതാണ് തിരിച്ചടിയായതെന്നും താന്‍ കരുതുന്നുവെന്നും അശ്വിന്‍ പറഞ്ഞു. മികച്ച രീതിയില്‍ പല ഘട്ടങ്ങളിലും ടീം ഇന്നും ബൗളിംഗില്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയതെന്നും അശ്വിന്‍ പറഞ്ഞു.

പഞ്ചാബിനു ഇനിയും മെച്ചപ്പെടാനാകുമെന്നതാണ് താന്‍ ഏറ്റവും വലിയ പോസിറ്റീവ് കാര്യമായി കാണുന്നത്

കിംഗ്സ് ഇലവന്‍ പഞ്ചാബിനു കുറെ ഏറെ മത്സരങ്ങള്‍ കടുത്ത പോരാട്ടങ്ങള്‍ക്ക് ശേഷം മാത്രം ജയിക്കാനായിട്ടുള്ളതാണെങ്കിലും തനിക്ക് ഈ പ്രകടനങ്ങളില്‍ നിന്ന് ഏറ്റവും പോസിറ്റീവ് ആയി കാണുവാനാകുന്നത് ടീമിനു ഇനിയും ഏറെ മെച്ചപ്പെടാനാകുമെന്നതാണെന്ന് അഭിപ്രായപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍.

ഈ വര്‍ഷവും പതിവു പോലെ കാണികളുടെ അകമഴിഞ്ഞ പിന്തുണ തങ്ങള്‍ക്ക് ലഭിയ്ക്കുന്നുണ്ടെന്നും ആ ആവേശം തങ്ങളെ കൂടുതല്‍ മത്സരം വിജയിപ്പിക്കുവാനും സാധിക്കട്ടേയെന്നും പഞ്ചാബ് നായകന്‍ പ്രത്യാശ പ്രകടിപ്പിച്ചു. മുജീബിന്റെ ബൗളിംഗ് പ്രകടനത്തെയും അശ്വിന്‍ പ്രത്യേകം പരാമര്‍ശിക്കുവാന്‍ മറന്നില്ല. മുജീബിന്റെ ബൗളിംഗ് കണക്കുകള്‍ ഈ വര്‍ഷത്തില്‍ അത്ര മികച്ചതായി തോന്നില്ലെങ്കിലും മുജീബ് മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്.

അഫ്ഗാനിസ്ഥാനു വേണ്ടി ന്യൂബോള്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന വ്യക്തിയാണ് മുജീബ് അതിനാല്‍ തന്നെ താരത്തിനെ ബൈര്‍സ്റ്റോയ്ക്കെതിരെ ഉപയോഗിക്കുക എന്നത് തന്നെയായിരുന്നു ടീമിന്റെ പദ്ധതിയെന്നും മുജീബ് അതില്‍ വിജയിച്ചുവെന്നും അശ്വിന്‍ പറഞ്ഞു.

മെല്ലെ തുടങ്ങി അര്‍ദ്ധ ശതകം തികച്ച് വാര്‍ണര്‍, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് സണ്‍റൈസേഴ്സ്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 150 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മൊഹാലിയില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്സിനു രണ്ടാം ഓവറില്‍ ഒരു റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെ നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണര്‍ തന്റെ പതിവു ശൈലിയില്‍ നിന്ന് വിഭിന്നമായി ബാറ്റ് വീശി ടീമിനെ 150 റണ്‍സിലേക്ക് നയിച്ചു. കഴിഞ്ഞ മത്സരത്തില്‍ നൂറ് റണ്‍സിനു താഴെ പുറത്തായ ടീമിനു ഇന്ന് തുടക്കത്തില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താനായിരുന്നില്ല.

അങ്കിത് രാജ്പുതും മുജീബ് റഹ്മാനും ഷമിയും അശ്വിനുമെല്ലാം വാര്‍ണറെയും മറ്റു സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാരെയും വരിഞ്ഞുകെട്ടുകയായിരുന്നു. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ വെറും 27 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് നേടിയത്. അത് ഈ സീസണിലെ പവര്‍പ്ലേയിലെ രണ്ടാമത്തെ കുറഞ്ഞ സ്കോറായിരുന്നു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ പത്തോവര്‍ വരെ എത്തിയപ്പോള്‍ 50 റണ്‍സ് മാത്രമാണ് ഹൈദ്രാബാദ് നേടിയത്.

രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിചേര്‍ത്ത വാര്‍ണര്‍-വിജയ് ശങ്കര്‍ കൂട്ടുകെട്ടിനെ തകര്‍ത്തത് പഞ്ചാബ് നായകന്‍ അശ്വിന്‍ ആയിരുന്നു. 26 റണ്‍സ് നേടിയ ശങ്കറിനെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ച അശ്വിന്‍ മത്സരത്തിലെ തന്റെ ഏക വിക്കറ്റ് നേടി. ഏതാനും ഓവറുകള്‍ക്ക് ശേഷം നബിയെയും(12) അശ്വിന്‍ തന്നെ റണ്ണൗട്ടാക്കുകയായിരുന്നു. 13.2 ഓവറില്‍ 8 റണ്‍സാണ് അപ്പോള്‍ സണ്‍റൈസേഴ്സിന്റെ സ്കോര്‍.

പിന്നീട് വാര്‍ണറും മനീഷ് പാണ്ഡേയും ചേര്‍ന്ന് നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് സണ്‍റൈസേഴ്സിനായി നേടിയത്. 16 ഓവര്‍ പിന്നിട്ടപ്പോള്‍ 104 റണ്‍സാണ് സണ്‍റൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. രണ്ടാമത്തെ സ്ട്രാറ്റെജിക് ടൈംഔട്ടിനു ശേഷം സണ്‍റൈസേഴ്സ് കുറച്ച് കൂടി വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു.

നാലാം വിക്കറ്റില്‍ 55 റണ്‍സാണ് വാര്‍ണര്‍-മനീഷ് പാണ്ഡേ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറില്‍ പുറത്താകുമ്പോള്‍ മനീഷ് പാണ്ഡേ 19 റണ്‍സാണ് നേടിയത്. മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്. ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശിയ വാര്‍ണര്‍ക്ക് 62 പന്തില്‍ നിന്ന് 70 റണ്‍സാണ് പുറത്താകാതെ നേടാനായത്.

ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 3 പന്തില്‍ നിന്ന് 14 റണ്‍സുമായി ദീപക് ഹൂഡയും ഇന്നിംഗ്സിനു വേഗത നല്‍കി. അവസാന നാലോവറില്‍ നിന്ന് 46 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. ഇതില്‍ ഷമി എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് നേടുവാന്‍ സണ്‍റൈസേഴ്സിനായി.

അശ്വിന്റെ സ്പിന്‍ കുരുക്കില്‍ വീണ് ചെന്നൈ, രക്ഷകനായി ധോണി

കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ കുരുക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണുവെങ്കിലും നാലം വിക്കറ്റില്‍ എംഎസ് ധോണി-അമ്പാട്ടി റായിഡു കൂട്ടുകെട്ട് രക്ഷകരമായി അവതരിപ്പിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു 160 റണ്‍സ് ആണ് നേടാനായത്. ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം 7.2 ഓവറില്‍ 56 റണ്‍സിലേക്ക് കുതിച്ച ചെന്നൈ തുടര്‍ന്ന് പ്രതിരോധത്തിലാകുകയായിരുന്നു. വാട്സണെ അശ്വിന്‍ പുറത്താക്കുമ്പോള്‍ താരം 26 റണ്‍സാണ് നേടിയത്. പിന്നീട് ഡു പ്ലെസിയും സുരേഷ് റെയ്‍നയും ചേര്‍ന്ന് 44 റണ്‍സ് കൂടി മാത്രമാണ് അടുത്ത 6.1 ഓവറില്‍ നേടിയത്.

14ാം ഓവര്‍ എറിയുവാന്‍ വന്ന അശ്വിന്‍ 38 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും 17 റണ്‍സ് നേടിയ സുരേഷ് റെയ്‍നയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന്റെ വക്കോളമെത്തിയെങ്കിലും അമ്പാട്ടി റായിഡു അശ്വിന്റെ ഹാട്രിക്ക് നിഷേധിച്ചു. 14 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സാണ് ചെന്നൈയ്ക്ക് നേടാനായത്.

അവസാന ആറോവറില്‍ നിന്ന് 59 റണ്‍സാണ് ധോണിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് നേടിയത്. സാം കറന്‍ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറും സഹിതം 19 റണ്‍സാണ് ധോണിയും റായിഡുവും ചേര്‍ന്ന് നേടിയത്. ഇതില്‍ ബഹുഭൂരിഭാഗം റണ്‍സും നേടിയത് ധോണിയായിരുന്നു.

മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ അമ്പാട്ടി റായിഡു സിക്സും ധോണി ഫോറും നേടിയപ്പോള്‍ ചെന്നൈ ഓവറില്‍ നിന്ന് 14 റണ്‍സ് നേടി ടീം സ്കോര്‍ 160 റണ്‍സിലേക്ക് എത്തിച്ചു. 38 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ധോണി 37 റണ്‍സും(23 പന്തില്‍) റായിഡു 21 റണ്‍സും(15 പന്തില്‍) നേടി പുറത്താകാതെ നിന്നു.

വൈകാരിക നിമിഷം, തിരികെ ചെന്നൈയില്‍ എത്തുന്നതില്‍ സന്തോഷം

താന്‍ ആദ്യ സീസണുകളില്‍ കളിയ്ക്കുകയും കിരീടം നേടുകയും ചെയ്ത ചെന്നൈയുടെ മണ്ണില്‍ തിരികെ എത്തുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ച് രവിചന്ദ്രന്‍ അശ്വിന്‍. തമിഴ്നാടിനു വേണ്ടി കളിയ്ക്കുന്ന അശ്വിന്‍ കഴിഞ്ഞ രണ്ട് സീസണേ ആയിട്ടുള്ളു ചെന്നൈയില്‍ നിന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്ക് മാറിയിട്ട്. അതിനു മുമ്പ് ചെന്നൈയ്ക്ക് വിലക്ക് വന്നപ്പോള്‍ താരം റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനു വേണ്ടിയാണ് കളിച്ചിരുന്നത്.

സത്യസന്ധമായി പറയുകയാണെങ്കില്‍ താന്‍ ഏറെ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്നുവെന്നാണ് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. താനും ടോസ് നേടിയിരുന്നുവെങ്കില്‍ ബാറ്റ് ചെയ്യുവാനാണ് ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി.

മങ്കാഡിംഗ് ക്രിക്കറ്റില്‍ അനിവാര്യം, എന്നാല്‍ നിയമത്തില്‍ അവ്യക്തതയുണ്ട്, മനസ്സ് തുറന്ന് ജോസ് ബട്‍ലര്‍

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിവാദത്തിനു തിരി കൊളുത്തിയത് ജോസ് ബട്‍ലറിന്റെ പുറത്താകലായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ബട‍്‍ലറെ മങ്കാഡ് ചെയ്ത് പുറത്താക്കിയതോടെ ചേസിംഗില്‍ രാജസ്ഥാന് താളം തെറ്റുകയും 185 റണ്‍സ് ലക്ഷ്യം ചേസ് ചെയ്യുകയായിരുന്നു ടീം 14 റണ്‍സിനു തോല്‍ക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ക്രിക്കറ്റ് ലോകവും ആരാധകരും രണ്ടായി തിരിഞ്ഞ് സംഭവത്തെ വിശകലനം ചെയ്യുകയായിരുന്നു.

ഇപ്പോള്‍ ജോസ് ബട്‍ലറും ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ്. താരം അന്ന് ഇത് സംഭവിക്കുമ്പോള്‍ തീര്‍ത്തും നിരാശനായിരുന്നുവെന്നും ആ ശൈലിയുള്ള പുറത്താക്കല്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നുമാണ് തുറന്ന് പറയുന്നത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ അത് ഒരു തെറ്റായ കീഴ്വഴക്കമാണെന്ന് തനിക്ക് തോന്നി. ടൂര്‍ണ്ണമെന്റിനു നിരാശാജനകമായൊരു തുടക്കം.

അതിനാല്‍ തന്നെ അത് താന്‍ അംഗീകരിക്കുകയും ചെയ്തില്ല അന്ന്, പക്ഷേ തനിക്ക് എന്ത് ചെയ്യാനാണ് ക്രിക്കറ്റ് നിയമത്തില്‍ എഴുതിവെച്ചൊരു നിയമമാണ് അത്. എന്നാല്‍ അതില്‍ തന്നെ ഏറെ കാര്യങ്ങള്‍ക്ക് വിശദീകരണമില്ല. എപ്പോളാണ് ഒരു ബൗളര്‍ ബോള്‍ റിലീസ് ചെയ്യണമെന്നതിലെല്ലാം അവ്യക്തതയുണ്ട്. എന്നാലും മങ്കാഡിംഗ് തീര്‍ച്ചയായും ആവശ്യമുള്ള കാര്യമാണെന്നാണ് താന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ബാറ്റ്സ്മാന്മാര്‍ക്ക് യഥേഷ്ടം പിച്ചിന്റെ നടുവിലേക്ക് ഓടി ചെല്ലാവുന്നതേയുള്ളുവെന്നും ബട്‍ലര്‍ വ്യക്തമാക്കി.

സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ താന്‍ വീണ്ടും സാധാരണ നിലയിലായി. ഇനി ഇത്തരം പുറത്താകല്‍ ആവര്‍ത്തിക്കില്ല എന്നൊരു തീരുമാനവും താന്‍ എടുത്തിട്ടുണ്ട്, അത് നടക്കില്ലെന്ന് തനിക്ക് ഉറപ്പാക്കണം.

എന്നാല്‍ തനിക്ക് ഏറ്റവും നിരാശ തോന്നിയത് ഇത് സംഭവിച്ച ശേഷമുള്ള മത്സരങ്ങളില്‍ താന്‍ ഇതിനെക്കുറിച്ച് ഏറെ ചിന്തിക്കുവാന്‍ തുടങ്ങിയെന്നും അത് തന്നെ അലട്ടുവാനും തുടങ്ങിയെന്നുമാണ് ജോസ് ബട്‍ലര്‍ വ്യക്തമാക്കുന്നത്.

അവസാന 17 പന്തുകള്‍ എട്ട് റണ്‍സ്, 7 വിക്കറ്റുകള്‍, ഇത് പഞ്ചാബിന്റെ തിരിച്ചുവരവിന്റെ കഥ

ഒരു ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിട്ട മത്സരമായിരുന്നു ഇത്. ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രാമും മത്സരിച്ച് കളിച്ച മത്സരത്തില്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. 144/3 എന്ന നിലയില്‍ നിന്ന് 152 റണ്‍സിനു ‍ഡല്‍ഹി ഓള്‍ഔട്ട് ആവുമ്പോള്‍ പഞ്ചാബ് തങ്ങളുടെ മൊഹാലിയെന്ന കോട്ട കാത്ത് രക്ഷിക്കുകയായിരുന്നു.

16.4ാം ഓവറില്‍ മുഹമ്മദ് ഷമി പന്തിനെ പുറത്താക്കിയതോടെയാണ് ഡല്‍ഹിയുടെ തകര്‍ച്ചയുടെ ആരംഭം. അവിടെ നിന്ന് 17 പന്തിനുള്ളില്‍ എട്ട് റണ്‍സ് നേടുന്നതിനിടെ ഡല്‍ഹിയുടെ 7 വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ സാം കറന്റെ ഹാട്രിക്കും ഉള്‍പ്പെടുന്നു. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുമായി രംഗത്തെത്തിയപ്പോള്‍ നിര്‍ണ്ണായകമായൊരു റണ്ണൗട്ടുമായി അശ്വിനും കളം നിറഞ്ഞു.

Exit mobile version