ഡികോക്ക് വെടിക്കെട്ടിനു ശേഷം മഴ, 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി

ഡര്‍ബനിലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം വില്ലനായി മഴയെത്തിയപ്പോള്‍ 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലങ്കയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ശ്രീലങ്ക മൂന്നാം ഏകദിനവും പരാജയപ്പെട്ടതോടെ പരമ്പര കൈവിടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 331/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയുടെ ബാറ്റിംഗ് തുടങ്ങി മഴ വില്ലനായി എത്തുകയായിരുന്നു. പിന്നീട് 24 ഓവറില്‍ 193 റണ്‍സായി ലക്ഷ്യം പുനര്‍നിശ്ചയിച്ചുവെങ്കിലും ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സേ നേടാനായുള്ളു. 71 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

108 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(50), ഡേവിഡ് മില്ലര്‍(41*), ഡ്വെയിന്‍ പ്രിട്ടോറിയസ്(31), ആന്‍ഡിലെ ഫെഹ്ലുക്വായോ(15 പന്തില്‍ 38*) എന്നിവരുടെ കസറിയപ്പോള്‍ ദക്ഷിണാഫ്രിക്ക 331 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി. ലങ്കയ്ക്കായി ഇസ്രു ഉഡാന രണ്ട് വിക്കറ്റ് നേടി.

മഴയ്ക്ക് ശേഷം ലങ്കയ്ക്ക് 8 ഓവറില്‍ നിന്ന് വിജയിക്കുവാന്‍ 118 എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 75/2 എന്ന നിലയിലായിരുന്നു ലങ്ക. 25 റണ്‍സുമായി ഒഷാഡ ഫെര്‍ണാണ്ടോയും 19 റണ്‍സുമായി കുശല്‍ മെന്‍ഡിസുമായിരുന്നു ക്രീസില്‍. പിന്നീട് കളി പുനരാരംഭിച്ച് ആദ്യ പന്തില്‍ തന്നെ തബ്രൈസ് ഷംസി ഒഷാഡയെ പുറത്താക്കി. കുശല്‍ മെന്‍ഡിസ് 31 പന്തില്‍ നിന്ന് 41 റണ്‍സ് നേടി താഹിറിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

24 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 71 റണ്‍സ് വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇമ്രാന്‍ താഹിര്‍ തന്റെ 5 ഓവറില്‍ 19 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് വീഴ്ത്തി.

പൊരുതി നോക്കി ക്രിസ് മോറിസ്, ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി അമീറും ഷദബ് ഖാനും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ 141/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലെ ആശ്വാസ വിജയം കണ്ടെത്തിയത്.

ക്രിസ് മോറിസ് 29 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെ പൊരുതിയെങ്കിലും മുഹമ്മദ് അമീറും ഷദബ് ഖാനും വീഴ്ത്തിയ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. 55 റണ്‍സ് നേടിയ മോറിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 41 റണ്‍സ് നേടി പുറത്തായി.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും ഷദബ് ഖാനും ഫഹീം അഷ്റഫും രണ്ടും വിക്കറ്റാണ് നേടിയത്.

പോര്‍ട്ട് എലിസബത്തില്‍ വിജയക്കൊടി പാറിച്ച് പാക്കിസ്ഥാന്‍, ജയം 5 വിക്കറ്റിനു

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പോര്‍ട്ട് എലിസബത്തില്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും 266 റണ്‍സ് മാത്രമേ നിശ്ചിത 50 ഓവറുകളില്‍ നിന്ന് നേടുവാനായുള്ളു. ഹാഷിം അംല ശതകം നേടി പുറത്താകാതെ 108 റണ്‍സുമായി നിന്നപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 93 റണ്‍സ് നേടി പുറത്തായി. റീസ ഹെന്‍ഡ്രിക്സ് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 45 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ സാധിക്കാതെ വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ അംല-റാസി കൂട്ടുകെട്ട് 155 റണ്‍സ് നേടിയെങ്കിലും 30 ഓവറുകളോളം അതിനായി എടുത്തു എന്നതും ടീമിനു വലിയൊരു ടോട്ടലിലേക്ക് നീങ്ങുവാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനും മികച്ച ബാറ്റിംഗ് തുടക്കമാണ് കാഴ്ചവെച്ചത്.

ഫകര്‍ സമനും(25), ബാബര്‍ അസവും(49) വേഗത്തില്‍ പുറത്തായെങ്കിലും ഇമാം ഉള്‍ ഹക്ക് 86 റണ്‍സും മുഹമ്മദ് ഹഫീസ് 71 റണ്‍സും നേടി നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്ത്. 5 വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാന്‍ 49.1 ഓവറിലാണ് വിജയം കുറിച്ചത്. 63 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ഫഹീസ് ഷദബ് ഖാനുമായി ചേര്‍ന്ന്(18*) പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. അവസാന നാലോവറില്‍ നിന്ന് 28 റണ്‍സ് വിജയിക്കുവാന്‍ വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ അഞ്ച് പന്ത് ശേഷിക്കെ വിജയം നേടാനായി.

തന്റെ പ്രകടനത്തിനു ഹഫീസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഡുവാന്നെ ഒളിവിയര്‍ രണ്ട് വിക്കറ്റ് നേടി.

ടി20യിലും തിളങ്ങി താഹിര്‍, ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഇമ്രാന്‍ താഹിറിന്റെ മികവില്‍ സിംബാബ്‍വേയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറുകളില്‍ നിന്ന് 160/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.2 ഓവറില്‍ സിംബാബ്‍വേയെ 126 റണ്‍സിനു ഓള്‍ഔട്ട് ആക്കി ടീം 34 റണ്‍സിന്റെ ജയം സ്വന്തമാക്കി. 5 വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിറിന്റെ പ്രകടനമാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്. ജൂനിയര്‍ ഡാല, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി. 44 റണ്‍സ് നേടിയ പീറ്റര്‍ മൂറും 14 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ബ്രണ്ടന്‍ മാവുട്ടയുമാണ് സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 56 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി(34), ഡേവിഡ് മില്ലര്‍(39) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. കൈല്‍ ജാര്‍വിസ് മൂന്ന് വിക്കറ്റും ക്രിസ് പോഫു 2 വിക്കറ്റും സിംബാബ്‍വേയ്ക്കായി നേടി.

18 റണ്‍സ് വിജയം നേടി നൈറ്റ്സ്

മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നൈറ്റ്സ് നേടിയത്.

56 പന്തില്‍ 6 ബൗണ്ടറിയും 5 സിക്സുമാണ് താരം നേടിയത്. മറ്റു താരങ്ങളില്‍ ആരും കാര്യമായ പ്രഭാവമുണ്ടാക്കിയില്ലെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് റാസി ടീമിനെ നയിച്ചു. ലസിത് മലിംഗ മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ഒരു വിക്കറ്റ് നേടി. 4 ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ 43 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 40 റണ്‍സും നേടി പൊരുതിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത ശേഷം ആര്‍ക്കും കാര്യമായ പ്രഭാവമുണ്ടാക്കാനായില്ല. ടിം സൗത്തിയും സാദ് ബിന്‍ സഫറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും ഫവദ് അഹമ്മദ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version