അര്‍ദ്ധ ശതകങ്ങളുമായി നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും, 200 എത്താനാകാതെ കൊല്‍ക്കത്ത

രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക് ടീം നീങ്ങുമെന്ന നിലയില്‍ നിന്ന് വിക്കറ്റുകളുമായി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Srh

ഏഴോവറില്‍ 53 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്ലിനെ(15) കൊല്‍ക്കത്തയ്ക്ക് നഷ്ടമായ ശേഷം പിന്നീട് കണ്ടത് ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നതായിരുന്നു. ത്രിപാഠി 29 പന്തില്‍ 53 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 93 റണ്‍സാണ് നേടിയത്. ത്രിപാഠിയുടെ വിക്കറ്റ് നടരാജന്‍ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ റഷീദ് ഖാന്‍ ആന്‍ഡ്രേ റസ്സലിനെ വീഴ്ത്തി.

ഓയിന്‍ മോര്‍ഗനെയും നിതീഷ് റാണയെയും ഒരേ ഓവറില്‍ പുറത്താക്കി മുഹമ്മദ് നബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 146/1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത 160/5 എന്ന നിലയിലേക്കായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചാണ് കൊല്‍ക്കത്തയെ 187 റണ്‍സിലേക്ക് എത്തിച്ചത്. ആറ് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് 9 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന 5 ഓവറില്‍ അധികം റണ്‍സ് പിറക്കാതെ ഇരുന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പിറന്ന 16 റണ്‍സാണ് 187 എന്ന സ്കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി.

നബിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന് വിജയം

ബാറ്റിംഗില്‍ 15 പന്തില്‍ 40 റണ്‍സ് നേടിയ മുഹമ്മദ് നബി ബൗളിംഗിലും രണ്ട് വിക്കറ്റുമായി കസറിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45 റണ്‍സിന്റെ വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ കരീം ജനത്(53), ഉസ്മാന്‍ ഖനി(49), മുഹമ്മദ് നബി(40) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 193 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 17.1 ഓവറില്‍ 148 റണ്‍സേ നേടാനായുള്ളു. റയാന്‍ ബര്‍ള്‍ 29 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം ഇല്ലാതെ പോയത് ടീമിന് തിരിച്ചടിയായി. ഡൊണാള്‍ഡ് ടിരിപാനെ 14 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ താരിസായി മുസ്കാണ്ട(22), റിച്ച്മണ്ട് മുടുംബാമി(21) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും നവീന്‍ ഉള്‍ ഹക്ക്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സിംബാബ്‍വേ 365 റണ്‍സിന് ഓള്‍ഔട്ട്, വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത് 108 റണ്‍സ്

ഷോണ്‍ വില്യംസ് പുറത്താകാതെ 151 റണ്‍സുമായി നിന്നുവെങ്കിലും മറുവശത്ത് നിന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്‍വേ വാലറ്റത്തെ തുടച്ച് നീക്കിയപ്പോള്‍ ടീം 365 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ 108 റണ്‍സാണ് വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത്. ബ്ലെസ്സിംഗ് മുസറബാനി 17 റണ്‍സ് നേടിയെങ്കിലും അമീര്‍ ഹംസ താരത്തെ വീഴത്തി. എന്നാല്‍ ഈ തീരുമാനം വിവാദമായി മാറുകയായിരുന്നു. താരത്തിന്റെ പുറത്താകലില്‍ അമ്പയര്‍ വിധിച്ച പോലെ എഡ്ജ് ഇല്ലായിരുന്നുവെന്നാണ് പിന്നീട് റീപ്ലേകളില്‍ കണ്ടത്.

റഷീദ് ഖാന്‍ അവസാന വിക്കറ്റും വീഴ്ത്തി ഇന്നിംഗ്സില്‍ നിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കി. 5 ഓവറുകള്‍ പിന്നിടുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 16/1 എന്ന നിലയിലാണ്. ജാവേദ് അഹമ്മദിയുടെ വിക്കറ്റ് മുസറബാനി വീഴ്ത്തുകയായിരുന്നു.

എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രതിരോധം തകര്‍ത്ത് റഷീദ് ഖാന്‍, ഷോണ്‍ വില്യംസ് പൊരുതുന്നു

അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേയുടെ ചെറുത്തുനില്പിന്റെ പ്രതീകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഷീദ് ഖാന്‍. 95 റണ്‍സ് നേടിയ ഡൊണാള്‍ഡ് ടിരിപാനോയ്ക്ക് തന്റെ അര്‍ഹമായ ശതകം നേടുവാന്‍ അവസരം നല്‍കാതെ റഷീദ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്.

ലഞ്ചിന് പിരിയുവാന്‍ ഏതാനും ഓവറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു സിംബാബ്‍വേയ്ക്ക് ഈ കനത്ത തിരിച്ചടിയേറ്റത്. വില്യംസ് – ടിരിപാനോ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ 187 റണ്‍സാണ് നേടിയത്. അഞ്ചാം ദിവസം രണ്ട് സെഷനുകള്‍ ബാക്കി നില്‍ക്കെ 72 റണ്‍സ് ലീഡ് കൈവശമുള്ള സിംബാബ്‍വേ 330/8 എന്ന നിലയില്‍ ആണ്.

137 റണ്‍സ് നേടിയ ഷോണ്‍ വില്യംസ് വാലറ്റത്തിനോടൊപ്പം എത്ര റണ്‍സ് കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കപ്പെടുക.

ഷോണ്‍ വില്യംസിന് ശതകം, എട്ട് റണ്‍സിന്റെ നേരിയ ലീഡ് നേടി സിംബാബ്‍വേ

അബു ദാബിയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് എട്ട് റണ്‍സിന്റെ നേരിയ ലീഡ്. മത്സരത്തില്‍ തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് സിംബാബ്‍വേയ്ക്ക് മുന്നില്‍. ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും ഡൊണാള്‍ഡ് ടിരിപാനോയും 124 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് നേരിയ പ്രതീക്ഷയായി മാറിയത്.

266/7 എന്ന നിലയിലാണ് സിംബാബ്‍വേ. റഷീദ് ഖാന്‍ അഞ്ച് വിക്കറ്റുമായി അഫ്ഗാനിസ്ഥാന് ഇന്നിംഗ്സ് വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സിംബാബ്‍വേയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഈ അവസ്ഥയില്‍ നിന്ന് കരകയറ്റി. ഷോണ്‍ വില്യംസ് 106 റണ്‍സും ഡൊണാള്‍ഡ് ടിരിപാനോ 63 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

സിംബാബ്‍വേ 287 റണ്‍സിന് ഓള്‍ഔട്ട്, ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്റെ 545/4 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേ 287 റണ്‍സിന് ഓള്‍ഔട്ട്. സിക്കന്ദര്‍ റാസ 85 റണ്‍സുമായി ടോപ് സ്കോറര്‍ ആകുകയും ടോപ് ഓര്‍ഡറില്‍ പ്രിന്‍സ് മാസ്വൗരേ(65), കെവിന്‍ കസൂസ(41), താരിസായി മുസ്കാണ്ട(41) എന്നിവരുടെ പ്രകടനങ്ങള്‍ മാത്രമാണ് സിംബാബ്‍വേ നിരയില്‍ പ്രതീക്ഷ നല്‍കിയത്. റഷീദ് ഖാന്‍ നാല് വിക്കറ്റും അമീര്‍ ഹംസ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സയ്യദ് ഷിര്‍സാദ് രണ്ട് വിക്കറ്റ് നേടി.

മത്സരത്തില്‍ 258 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ അഫ്ഗാനിസ്ഥാന്‍ എതിരാളികളോട് ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാം ദിവസം 13 ഓവറുകളാണ് അവശേഷിക്കുന്നത്. 91.3 ഓവറുകളാണ് സിംബാബ്‍വേ ഇന്നിംഗ്സ് നീണ്ട് നിന്നത്.

 

പരിക്ക്, ആദ്യ ടെസ്റ്റില്‍ റഷീദ് ഖാന്‍ കളിച്ചേക്കില്ല

സിംബാബ്‍വേയ്ക്കെതിരെ മാര്‍ച്ച് 2ന് ആരംഭിയ്ക്കുന്ന ആദ്യ ടെസ്റ്റില്‍ റഷീദ് ഖാന്‍ കളിക്കുവാനുള്ള സാധ്യത കുറവ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.

താരത്തിന്റെ ചികിത്സ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഫെബ്രുവരി 28ന് പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിന് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിക്കുവാനായത്.

ഭാവിയില്‍ ഒരു ശരിയായ ഓള്‍റൗണ്ടറായി താന്‍ അറിയപ്പെടേണമെന്ന് ആഗ്രഹം – റഷീദ് ഖാന്‍

അയര്‍ലണ്ടിനെതിരെയുള്ള അവസാന ഏകദിനത്തില്‍ റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനം ആണ് അഫ്ഗാനിസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. 40 പന്തില്‍ 48 റണ്‍സും നാല് വിക്കറ്റും നേടിയ താരം ആണ് ബാറ്റിംഗിലും ബൗളിംഗിലും അഫ്ഗാനിസ്ഥാന് തുണയായത്.

താന്‍ ഒരു ഓള്‍റൗണ്ടര്‍ എന്നാണ് താന്‍ തന്നെ കരുതുന്നതെന്നും എന്നാല്‍ ഏവരും തന്നെ ശരിയായ ഓള്‍റൗണ്ടറെന്ന രീതിയില്‍ ഭാവിയില്‍ അംഗീകാരം നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും റഷീദ് ഖാന്‍ വെളിപ്പെടുത്തി. താന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ ബാറ്റ്സ്മാനായാണ് ആരംഭിച്ചതെന്നും പിന്നീട് തന്റെ ബൗളിംഗിനെ താന്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയായിരുന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

താന്‍ ഇപ്പോള്‍ തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ഐസിസി ദശാബ്ദത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു, കോഹ്‍ലിയ്ക്ക് സര്‍ ഗാരി സോബേഴ്സ് അവാര്‍ഡ്

ഐസിസിയുടെ ദശാബ്ദത്തിലെ താരങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ആണ്. സര്‍ ഗാരി സോബേഴ്സ് അവാര്‍ഡ് ലഭിച്ചു. ഐസിസിയുടെ അവാര്‍ഡ് കാലയളവില്‍ കോഹ്‍ലി 20936 അന്താരാഷ്ട്ര റണ്‍സാണ് നേടിയത്. ഈ കാലയളവില്‍ 66 ശതകങ്ങളും 94 അര്‍ദ്ധ ശതകങ്ങളും കോഹ‍്‍ലി നേടി.

പുരുഷ ഏകദിന താരമെന്ന ബഹുമതിയും വിരാട് കോഹ്‍ലിയാണ് നേടിയത്. 39 ഏകദിന ശതകങ്ങളും 48 അര്‍ദ്ധ ശതകങ്ങളുമാണ് വിരാട് കോഹ്‍ലി ഏകദിനങ്ങളില്‍ നേടിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് താരം. 7040 ടെസ്റ്റ് റണ്‍സ് നേടിയ സ്മിത്ത് 26 ശതകങ്ങളും 28 അര്‍ദ്ധ ശതകങ്ങളും നേടി.

89 ടി20 വിക്കറ്റുകള്‍ നേടിയ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ ആണ് ഈ കാലയളവിലെ ഐസിസി ടി20 താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സസ്സെക്സുമായി കരാര്‍ പുതുക്കി റഷീദ് ഖാന്‍

2021 ടി20 ബ്ലാസ്റ്റിനായി റഷീദ് ഖാനും എത്തുന്നു. സസ്സെക്സുമായുള്ള തന്റെ കരാര്‍ താരം പുതുക്കുകയായിരുന്നു. 2018ല്‍ ക്ലബുമായി കരാറിലെത്തിയ താരം ഇതുവരെ രണ്ട് സീസണുകളില്‍ ക്ലബിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ഐപിഎലില്‍ മിന്നും പ്രകടനമാണ് റഷീദ് പുറത്തെടുത്തത്. 20 വിക്കറ്റുകള്‍ വെറും 5.37 എക്കോണമിയിലാണ് താരം സ്വന്തമാക്കിയത്. 18 മത്സരങ്ങളില്‍ നിന്നായി സസ്സെക്സിനായി 24 വിക്കറ്റാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

2020 സീസണില്‍ താരം ക്ലബിനായി കളിക്കാനിരുന്നതാണെങ്കിലും കൊറോണ കാരണം മത്സരങ്ങള്‍ വൈകിയതും. അതേ സമയത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഐപിഎല്‍ എന്നിവയ്ക്കായി കളിക്കാനായി താരം തിരക്കിലായതും അത് നടക്കാതിരിക്കുവാന്‍ കാരണമായി.

വിക്കറ്റ് ലഭിച്ചാലും ഇല്ലെങ്കിലും റണ്‍സ് വിട്ട് നല്‍കാതെ പന്തെറിയുക എന്നതായിരുന്നു തന്റെ ലക്ഷ്യം – റഷീദ് ഖാന്‍

ഈ സീസണ്‍ ഐപിഎലിലെ ഏറ്റവും മികച്ച സ്പെല്ലാണ് ഇന്നലെ റഷീദ് ഖാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്തെടുത്തത്. തന്റെ നാലോവറില്‍ 17 ഡോട്ട് ബോളുകള്‍ ഉള്‍പ്പെടെ 7 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് താരം നേടിയത്. വിക്കറ്റില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും തന്റെ പ്രകടനത്തെക്കാളുപരി ടീമിന്റെ വിജയത്തിലാണ് കൂടുതല്‍ സന്തോഷമെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ശരിയായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞാല്‍ മികവ് പുലര്‍ത്താനാകുന്ന പിച്ചായിരുന്നു ഇതെന്നും താന്‍ വിക്കറ്റിനെക്കാള്‍ റണ്‍സ് വിട്ട് നല്‍കാതെ പനെറിയുവാനാണ് ശ്രമിച്ചതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. ഡോട്ട് ബോളുകള്‍ കൂടുതല്‍ എറിയുവാനായാല്‍ തനിക്ക് വിക്കറ്റ് നേടാനാകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും റഷീദ് വ്യക്തമാക്കി.

കളി മറന്ന് ക്യാപിറ്റല്‍സ്, ഡല്‍ഹിയ്ക്ക് കനത്ത തോല്‍വി

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ 219 റണ്‍സ് തേടിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി. 131 റണ്‍സ് മാത്രം ടീം നേടിയപ്പോള്‍ മത്സരത്തില്‍ 88 റണ്‍സ് തോല്‍വിയാണ് ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹിയേറ്റ് വാങ്ങിയത്. 19 ഓവറില്‍ ഡല്‍ഹി ഓള്‍ഔട്ട് ആകുകയായിരുന്നു.

36 റണ്‍സ് നേടിയ ഋഷഭ് പന്ത് ആണ് ഡല്‍ഹി നിരയിലെ ടോപ് സ്കോറര്‍. തുടക്കത്തില്‍ തന്നെ ധവാനെ നഷ്ടമായ ഡല്‍ഹി പിന്നീട് ബാറ്റിംഗ് ഓര്‍ഡറില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ചേസിംഗിനെ സമീപിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ്(5), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(16), അജിങ്ക്യ രഹാനെ(26) എന്നിവരെ കൃത്യമായ ഇടവേളകളില്‍ മടക്കിയയച്ച് സണ്‍റൈസേഴ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

55/4 എന്ന നിലയിലേക്ക് വീണ ‍ഡല്‍ഹി പിന്നെ മത്സരത്തില്‍ യാതൊരു തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ക്ക് നല്‍കിയില്ല. തന്റെ നാലോവറില്‍ വെറും 7 റണ്‍സ് വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമാക്കിയത്.

 

Exit mobile version