ഓസ്ട്രേലിയയ്ക്ക് ഭീഷണിയുയര്‍ത്തി റഷീദ് ഖാന്‍, പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍

റഷീദ് ഖാന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ഓസ്ട്രേലിയയെ വിറപ്പിച്ച് കീഴടങ്ങി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 164/7 എന്ന നിലയിൽ അവസാനിച്ചു.

അവസാന ഓവറിൽ 22 റൺസ് വേണ്ട ഘട്ടത്തിൽ റഷീദ് ഖാന് രണ്ട് ഫോറും ഒരു സിക്സും നേടിയെങ്കിലും ഒരു ഡോട്ട് ബോളം ഒരു ഡബിളും ലക്ഷ്യത്തിന് 4 റൺസ് അകലെ വരെ എത്തുവാന്‍ മാത്രമേ അഫ്ഗാനിസ്ഥാന് സാധിച്ചുള്ളു. അവസാന ഓവറിൽ 16 റൺസാണ് പിറന്നത്. റഷീദ് ഖാന്‍ 23 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നു.

റഹ്മാനുള്ള ഗുര്‍ബാസ് 17 പന്തിൽ 30 റൺസ് നേടിയെങ്കിലും താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്താകുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 40/2 എന്ന നിലയിലായിരുന്നു. അവിടെ നിന്നു 59 റൺസ് കൂട്ടുകെട്ടുമായി ഗുല്‍ബാദിന്‍ നൈബും(39) ഇബ്രാഹിം സ്ദ്രാനും(26) ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ 99/2 എന്ന നിലയില്‍ നിന്ന് 103/6 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ തകര്‍ന്നതാണ് ടീമിന് തിരിച്ചടിയായത്. റഷീദ് ഖാന്‍ അവസാന ഓവറുകളിൽ തകര്‍ത്തടിച്ചുവെങ്കിലും 4 റൺസ് വിജയം നേടി ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാൽ ഇംഗ്ലണ്ട് നാളെ വിജയിക്കുകയാണെങ്കിൽ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡും ആഡം സംപയും രണ്ട് വീതം വിക്കറ്റ് നേടി.

റഷീദ് ഖാൻ സി പി എല്ലിൽ നിലവിലെ ചാമ്പ്യൻസിനായി കളിക്കും

അഫ്ഗാനിസ്ഥാൻ ലെഗ്സ്പിന്നർ റാഷിദ് ഖാനെ നിലവിലെ ചാമ്പ്യൻമാരായ സെന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനായി കളിക്കും. വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായാണ് റഷീദിന്ദ് സെന്റ് കിറ്റ്സ് സൈൻ ചെയ്തത്. ഹസാരംഗ ഈ സിപിഎൽ സീസണിൽ കളിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ റഷീദ് ഖാൻ സി പി എല്ലിൽ കളിച്ചിരുന്നില്ല. അന്ന് അഫ്ഗാനിസ്താന് മത്സരങ്ങൾ ഉള്ളത് കൊണ്ട് അദ്ദേഹം മാറി നിൽക്കുക ആയിരുന്നു‌. ഗയാന ആമസോൺ വാരിയേഴ്‌സിനായും ബാർബഡോസ് റോയൽസിനായും മുമ്പ് റഷീദ് ഖാൻ സി പി എല്ലിൽ കളിച്ചിട്ടുണ്ട്.

ആരാധകരെ ശാന്തരാകുവിന്‍!!! കോഹ്‍ലിയിൽ നിന്ന് ശതകം മാത്രം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം – റഷീദ് ഖാന്‍

വിരാട് കോഹ്‍ലി ഫോം ഔട്ട് അല്ലെന്നും താരത്തിന്റെ ആരാധകര്‍ താരത്തിൽ നിന്ന് ശതകം മാത്രം പ്രതീക്ഷിക്കുന്നതാണ് പ്രശ്നമെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍. വിരാട് കോഹ്‍ലി കളിക്കുന്ന ഷോട്ടുകള്‍ കണ്ടിട്ട് അദ്ദേഹം ഔട്ട് ഓഫ് ഫോം ആണെന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കില്ലെന്നും റഷീദ് ഖാന്‍ പറ‍ഞ്ഞു.

വിരാട് കോഹ്‍ലിയും റഷീദ് ഖാനും ഏഷ്യ കപ്പിനായി ദുബായിയിൽ എത്തിയപ്പോള്‍ കണ്ട് സംസാരിച്ചിരുന്നു. അതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റഷീദ് ഖാന്‍.

ഓരോ മത്സരത്തിലും കോഹ്‍ലിയുടെ ആരാധകര്‍ അദ്ദേഹത്തിൽ നിന്ന് ശതകം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം എന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലും ശ്രമകരമായ പിച്ചുകളിൽ 50-60 സ്കോറുകള്‍ താരം നേടുന്നുണ്ടെന്നും മറ്റു വല്ല ബാറ്റ്സ്മാന്മാരുമാണെങ്കില്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് ഏവരും പറയുമെന്നും എന്നാൽ കോഹ്‍ലിയുടെ നിലവാരം ഏറെ ഉയര്‍ന്നതാണെന്നും അതിനാൽ താരത്തിൽ നിന്ന് എല്ലാവരും ശതകമാണ് പ്രതീക്ഷിക്കുന്നതെന്നും റഷീദ് ഖാന്‍ കൂട്ടിചേര്‍ത്തു.

എംഐ കേപ് ടൗണും വമ്പന്മാരെ ടീമിലെത്തിച്ചു, റഷീദ് ഖാന്‍, ലിവിംഗ്സ്റ്റൺ എന്നിവര്‍ ടീമിൽ

ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ റിലയന്‍സ് ഉടമസ്ഥതയിലുള്ള എംഐ കേപ് ടൗൺ തങ്ങളുടെ ആദ്യ താരങ്ങളെ സ്വന്തമാക്കി. ലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നേരിട്ട് കരാറിലെത്താവുന്ന താരങ്ങളുടെ പട്ടികയാണ് ഫ്രാഞ്ചൈസി പുറത്ത് വിട്ടത്.

റഷീദ് ഖാന്‍, ലിയാം ലിവിംഗ്സ്റ്റൺ, സാം കറന്‍, കാഗിസോ റബാഡ എന്നിവരെകൂടാതെ ബേബി എബിഡി എന്ന് അറിയപ്പെടുന്ന അൺക്യാപ്ഡ് താരവും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎലില്‍ കളിച്ചിട്ടുള്ള ഡെവാള്‍ഡ് ബ്രെവിസിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ലീഗിലെ നിയമപ്രകാരം മൂന്ന് വിദേശ താരങ്ങളെ, ഒരു ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര താരത്തെ, ഒരു അൺക്യാപ്ഡ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഫ്രാഞ്ചൈസിയ്ക്ക് ലേലത്തിന് മുമ്പ് ടീമിലെത്തിക്കാം. എംഐ കേപ് ടൗൺ ആണ് താരങ്ങളുടെ പട്ടിക പുറത്ത് വിടുന്ന ആദ്യ ടീം.

Story Highlights: MI Cape Town released a list of their signings before the auction. Rashid Khan, Liam Livingstone, Kagiso Rabada, Sam Curran, and Dewald Brevis are among the signings.

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ, ടീമിനെ 177 റൺസിലേക്ക് എത്തിച്ച് ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനം

ഐപിഎലില്‍ ഫോമിലേക്ക് മടങ്ങിയെത്തി രോഹിത്ത് ശര്‍മ്മയും ഇഷാന്‍ കിഷനും. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 177 റൺസാണ് നേടിയത്. ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തിൽ ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് മുംബൈ നേടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ഗുജറാത്ത് ബൗളര്‍മാര്‍ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ടിം ഡേവിഡിന്റെ പ്രകടനം ആണ് മുംബൈയ്ക്ക് തുണയായത്.

ഒന്നാം വിക്കറ്റിൽ 74 റൺസാണ് രോഹിത് – ഇഷാന്‍ കൂട്ടുകെട്ട് നേടിയത്. 28 പന്തിൽ 43 റൺസ് നേടിയ രോഹിത്തിനെ റഷീദ് ഖാന്‍ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

എന്നാൽ ഈ മികച്ച തുടക്കം മുംബൈ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. വിക്കറ്റുകളുമായി ഗുജറാത്ത് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ 74/0 എന്ന നിലയിൽ നിന്ന് മുംബൈ 119/4 എന്ന നിലയിലേക്ക് വീണു. പിന്നീട് ടിം ഡേവിഡ് – തിലക് വര്‍മ്മ കൂട്ടുകെട്ട് 38 റൺസ് നേടിയാണ് മുംബൈയെ 150 കടത്തിയത്.

21 പന്തിൽ 44 റൺസുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നപ്പോള്‍ താരം 4 സിക്സും രണ്ട് ഫോറും നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് മുംബൈ നേടിയത്. തന്റെ നാലോവറിൽ 24 റൺസ് വിട്ട് നൽകി രോഹിത് ശര്‍മ്മയെയും ടിം ഡേവിഡിനെയും പുറത്താക്കിയ റഷീദ് ഖാന്റെ സ്പെല്ലാണ് ഗുജറാത്ത് ബൗളര്‍മാരിൽ എടുത്ത് പറയേണ്ടത്.

 

സാഹയുടെ തീപാറും ഇന്നിംഗ്സിനെ വെല്ലുന്ന 5 വിക്കറ്റ് നേട്ടവുമായി ഉമ്രാന്‍ മാലിക്!!! പക്ഷേ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ച് റഷീദ് ഖാന്‍ – തെവാത്തിയ കൂട്ടുകെട്ട്

ഐപിഎലില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ 22 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് 25 റൺസ് നേടിയാണ് ലക്ഷ്യം മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിച്ചത്. ഓവറിലെ ആദ്യ പന്തിൽ തെവാത്തിയ സിക്സര്‍ നേടിയപ്പോള്‍ മൂന്നും അഞ്ചും ആറും പന്തിൽ സിക്സ് നേടി റഷീദ് ഖാന്‍ ആണ് ഹീറോ ആയി മാറിയത്.

റഷീദ് 11 പന്തിൽ 31 റൺസ് നേടിയപ്പോള്‍ തെവാത്തിയ 21 പന്തിൽ 40 റൺസ് നേടി വിജയം ഉറപ്പാക്കി.

ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഗുജറാത്തിന്റെ നടുവൊടിച്ചത്. വൃദ്ധിമന്‍ സാഹ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ലക്ഷ്യം ഗുജറാത്ത് സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിൽ നിന്നാണ് ഉമ്രാന്‍ മാലിക്കിന്റെ തകര്‍പ്പന്‍ സ്പെൽ. 4 ഓവറിൽ 25 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് ഉമ്രാന്‍ മാലിക് നേടിയത്. ഇതിൽ സാഹയുടെ വിക്കറ്റും ഉള്‍പ്പെടുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. സാഹയായിരുന്നു ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് ഉമ്രാന്‍ മാലികിലൂടെ സൺറൈസേഴ്സ് നടത്തുകയായിരുന്നു.

22 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉമ്രാന്‍ മാലിക് പുറത്താക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 85/2 എന്ന നിലയിലേക്ക് വീണു. ഇതിനിടെയും സാഹ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 38 പന്തിൽ 68 റൺസ് നേടി സാഹയെ തകര്‍പ്പന്‍ ഒരു പന്തിലൂടെ മാലിക് പുറത്താക്കുകയായിരുന്നു.

ഡേവിഡ് മില്ലറെയും അഭിനവ് മനോഹരെയും കൂടി മാലിക് പുറത്താക്കിയപ്പോള്‍ 5 വിക്കറ്റിൽ 4 വിക്കറ്റും ബൗള്‍ഡായിരുന്നു. 18 പന്തിൽ 47 റൺസ് ഗുജറാത്തിന് വേണ്ട ഘട്ടത്തിൽ 20 റൺസ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ഗുജറാത്തിന്റെ പ്രതീക്ഷയായി ക്രീസിലുള്ളത്.

അടുത്ത രണ്ടോവറിൽ 25 റൺസ് രാഹുല്‍ തെവാത്തിയയും റഷീദ് ഖാനും ചേര്‍ന്ന് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 22 റൺസ് ആയിരുന്നു. അവസാന ഓവറിൽ 4 സിക്സ് പിറന്നപ്പോള്‍ വിജയം സൺറൈസേഴ്സിൽ നിന്ന് ഗുജറാത്ത് തട്ടിയെടുക്കുന്നതാണ് കണ്ടത്.

വോവ് ലിയാം!!! ഗുജറാത്തിനെതിരെ 189 റൺസ് നേടി പഞ്ചാബ്

ലിയാം ലിവിംഗ്സ്റ്റൺ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അടിച്ച് തകര്‍ത്തപ്പോള്‍ ഗുജറാത്തിനെതിരെ 189 റൺസ് നേടി പഞ്ചാബ് കിംഗ്സ്. എന്നാൽ താരത്തിന് മറ്റു ബാറ്റ്സ്മാന്മാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയി പഞ്ചാബ് 162/9 എന് നിലയിലേക്ക് വീണുവെങ്കിലും പത്താം വിക്കറ്റിൽ രാഹുല്‍ ചഹാറും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് നിര്‍ണ്ണായകമായ റൺസുകള്‍ ടീമിനായി നേടുകയായിരുന്നു.

മയാംഗ് അഗര്‍വാള്‍ പതിവ് പോലെ വേഗത്തിൽ മടങ്ങിയപ്പോള്‍ ശിഖര്‍ ധവാന്‍ 35 റൺസ് നേടി. ലിയാം ലിവംഗ്സ്റ്റൺ 27 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 11 പന്തിൽ 23 റൺസ് നേടി അതിവേഗത്തിൽ സ്കോര്‍ ചെയ്തു. ജിതേഷ് ശര്‍മ്മയെയും ഒഡിയന്‍ സ്മിത്തിനെയും അടുത്തടുത്ത പന്തുകളിൽ ദര്‍ശന്‍ നാൽകണ്ടേ പുറത്താക്കിയെങ്കിലും താരത്തിന് അരങ്ങേറ്റത്തിൽ ഹാട്രിക് നേട്ടം സ്വന്തമാക്കാനായില്ല.

ലിയാം പുറത്താകുമ്പോള്‍ 15.3 ഓവറിൽ 153 റൺസായിരുന്നു പഞ്ചാബ് കിംഗ്സ് നേടിയത്. എന്നാൽ പിന്നീട് 9 റൺസ് നേടുന്നതിനിടെ ടീമിന് 3 വിക്കറ്റ് കൂടി നഷ്ടമായെങ്കിലും പത്താം വിക്കറ്റിൽ രാഹുല്‍ ചഹാറും അര്‍ഷ്ദീപും ചേര്‍ന്ന് 13 പന്തിൽ 27 റൺസ് നേടിയാണ് ഗുജറാത്തിനെ 189/9 എന്ന സ്കോറിലേക്ക് എത്തിച്ചത്.

രാഹുല്‍ ചഹാര്‍ 14 പന്തിൽ 22 റൺസും അര്‍ഷ്ദീപ് സിംഗ് 5 പന്തിൽ 10 റൺസും നേടി പഞ്ചാബിനായി തിളങ്ങി. ധവാനെയും ലിവിംഗ്സ്റ്റണിനെയും ഷാരൂഖ് ഖാനെയും വീഴ്ത്തി റഷീദ് ഖാന്‍ ശ്രദ്ധേയമായ പ്രകടനം ആണ് ഗുജറാത്തിന് വേണ്ടി പുറത്തെടുത്തത്.

ഫ്രാ‍ഞ്ചൈസി ക്രിക്കറ്റിന് വേണ്ടി ദേശീയ ഡ്യൂട്ടി ഉപേക്ഷിക്കില്ല – റഷീദ് ഖാൻ

ദേശീയ ടീമിന്റെ മത്സരങ്ങള്‍ ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിനായി താന്‍ ഇറങ്ങില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാൻ. ലാഹോര്‍ ഖലന്തേഴ്സ് പിഎസ്എൽ ഫൈനലില്‍ എത്തിയപ്പോളും അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പരമ്പരയ്ക്കായി താരം ടീമിനൊപ്പം ചേരുകയായിരുന്നു.

ഫൈനലിലെത്തിയ ഖലന്തേഴ്സിന് വേണ്ടി കളിക്കുവാന്‍ റഷീദ് എത്തുമെന്ന് വാര്‍ത്തകള്‍ പരന്നുവെങ്കിലും അതുണ്ടാകില്ലെന്ന് താരം തന്നെ ട്വിറ്ററിൽ കുറിച്ചിരുന്നു. തന്നെ ഇവിടെ വരെ എത്തിച്ചത് ദേശീയ ടീമിന് വേണ്ടി കളിച്ചപ്പോളുള്ള പ്രകടനങ്ങളാണെന്നും അതിനാൽ തന്നെ ദേശീയ ടീമിന് മത്സരങ്ങള്‍ ഉണ്ടെങ്കിൽ താന്‍ അവിടെ ഉണ്ടാകണമെന്നാണ് കരുതുന്നതെന്നും അഫ്ഗാന്‍ താരം പറഞ്ഞു.

ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച, 192 റൺസിന് ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ടീം 192 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 86 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശ് സ്കോറിന് മാന്യത പകര്‍ന്നത്. 46.5 ഓവറാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് നീണ്ടത്.

ഒരു ഘട്ടത്തിൽ 121/2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന്റെ പതനം പൊടുന്നനെയായിരുന്നു. ഷാക്കിബ് 30  റൺസും മഹമ്മുദുള്ള 29 റൺസും നേടി. മഹമ്മുദുള്ള പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍ മൂന്നും മുഹമ്മദ് നബി രണ്ടും വിക്കറ്റ് നേടി.

വിശ്വസിക്കുമോ നിങ്ങള്‍? റഷീദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്

ഐപിഎലില്‍ അഫ്ഗാന്‍ താരം റഷീദ് ഖാനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. സൺറൈസേഴ്സ് ഹൈദ്രാബാദ് ചെയ്തത് ചരിത്രപരമായ മണ്ടത്തരമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ഏവരും ചര്‍ച്ച ചെയ്യുന്നത്.

നേരത്തെ ഡേവിഡ് വാര്‍ണര്‍ താന്‍ ടീം മാറുകയാണെന്ന് അറിയിച്ചിരുന്നു. ടീം മാനേജ്മെന്റിന്റെ അദ്ദേഹത്തോടുള്ള സമീപനമാണ് ഇതിനു കാരണമെന്നാണ് ഏവരും കരുതുന്നത്. അത് പോലെ റഷീദ് ഖാന്‍ ഫ്രാഞ്ചൈസി മാറുവാന്‍ ആവശ്യപ്പെട്ടതാണോ അതോ മാനേജ്മെന്റ് കൈക്കൊണ്ട തീരുമാനം ആണോ ഇതെന്നും വ്യക്തമല്ല.

സൺറൈസേഴ്സ് രണ്ട് യുവ താരങ്ങളെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണോടൊപ്പം നിലനിര്‍ത്തിയിട്ടുണ്ട്. അബ്ദുള്‍ സമദും ഉമ്രാന്‍ മാലിക്കുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയ താരങ്ങള്‍. ഇന്ന് വൈകുന്നേരം 4 മണിക്ക് എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ റീട്ടന്‍ഷന്‍ ലിസ്റ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കെയിന്‍ വില്യംസണ് 14 കോടിയും 4 കോടി വീതം ഉമ്രാന്‍ മാലിക്കിനും അബ്ദുള്‍ സമദിനും നല്‍കുവാനാണ് ഫ്രാ‍ഞ്ചൈസി തീരുമാനിച്ചിരിക്കുന്നത്.

റീട്ടന്‍ഷന്‍ ലിസ്റ്റിന്റെ റെക്കോര്‍ഡഡ് സംപ്രേക്ഷണം രാത്രി 9.30ന് നടക്കും.

ടി20 ക്രിക്കറ്റിൽ 400ാം വിക്കറ്റ് നേടി റഷീദ് ഖാന്‍

ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിൽ റഷീദ് ഖാന് ചരിത്ര നേട്ടം. ടി20 ക്രിക്കറ്റിൽ തന്റെ നാനൂറാം വിക്കറ്റാണ് റഷീദ് ഖാന്‍ ഇന്ന് നേടിയത്. മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി താരം ഈ നേട്ടം നേടുമ്പോള്‍ ഇനി റഷീദ് ഖാനെക്കാള്‍ മുന്നിലുള്ളത് ഡ്വെയിന്‍ ബ്രാവോ(552), സുനിൽ നരൈന്‍(425), ഇമ്രാന്‍ താഹിര്‍(420) എന്നിവരാണ്.

റഷീദ് ഖാന്റെ തൊട്ടുപിന്നിൽ 398 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസന്‍ ഉണ്ട്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗൂഗ്ളിയിലൂടെ ഗപ്ടിലിന്റെ വിക്കറ്റ് തെറിപ്പിച്ചാണ് ഈ ചരിത്ര നേട്ടം റഷീദ് സ്വന്തമാക്കിയത്.

ബാറ്റിംഗ് വേണ്ടെന്ന് വെച്ചത് എന്തെന്ന് വ്യക്തമാക്കി റഷീദ് ഖാന്‍

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ അവരുടെ പതിവ് രീതിയിൽ നിന്ന് വിഭിന്നമായ സമീപനമാണ് എടുത്തത്. കഴിഞ്ഞ 9 ടി20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച അഫ്ഗാനിസ്ഥാന്‍ ഇത്തവണ ഫീൽഡിംഗാണ് തിരഞ്ഞെടുത്തത്.

ഇന്ത്യ പതറിയ ബാറ്റിംഗിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാനിസ്ഥാന്‍ ഈ നീക്കം നടത്തിയതെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനെതിരെയും ന്യൂസിലാണ്ടിനെതിരെയും ബാറ്റിംഗ് പരാജയം നേരിട്ട ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ഈ ലോകകപ്പിൽ പൊതുവേ ടീമുകളെല്ലാം ബൗളിംഗാണ് ടോസ് നേടി തിരഞ്ഞെടുക്കാറ്. എന്നാൽ പ്രതീക്ഷിച്ച പോലെ തീരുമാനം അഫ്ഗാനിസ്ഥാന് അനുകൂലമായി വന്നില്ല.

ഇന്ത്യ പ്രൊഫഷണൽ സംഘം ആണെന്നും അവര്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കാതെ 200ന് മേലെയുള്ള റൺസ് നേടുകയാണുണ്ടായതെന്നും അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

Exit mobile version