“റാഷിദ് ഖാൻ ആണ് ഗുജറാത്തിന്റെ തുറുപ്പുചീട്ട്” – സെവാഗ്

ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിലും അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്‌. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ എന്നിവരാണ് ഗുജറാത്തിനായി ഈ സീസണിൽ അത്ഭുത പ്രകടനം നടത്തുന്നത്‌. എന്നാൽ ഇവരിൽ റാഷിദ് ഖാൻ ആണ് ഗുജറാത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം എന്ന് മുൻ ഇന്ത്യൻ താരം സെവാഗ് പറഞ്ഞു.

“ഗുജറാത്തിന്റെ തുറുപ്പുചീട്ടാണ് റാഷിദ് ഖാൻ. അവർക്ക് വിക്കറ്റ് വേണമെങ്കിൽ അവനെ കൊണ്ടുവരാണ്. ഹാർദിക് റാഷിദിനെ ഉപയോഗിച്ച രീതിയും അഭിനന്ദനാർഹമാണ്. റാഷിദ് കൂട്ടുകെട്ടുകൾ തകർക്കാൻ ഇഷ്ടപ്പെടുന്നു, ഇപ്പോൾ തന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ സീസണിലെ ഏറ്റവും വിജയകരമായ ബൗളറായി അവം മാറിയിരിക്കുന്നു, ”സെവാഗ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

റാഷിദ് ഖാനെ പോലൊരു താരത്തെ ലഭിച്ചത് ഗുജറാത്തിന്റെ ഭാഗ്യമാണ് എന്ന് കൈഫ്

റാഷിദിനെ പോലൊരു കളിക്കാരനെ ടീമിൽ കിട്ടിയത് ഗുജറാത്തിന്റെ ഭാഗ്യം ആണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്നലെ മുംബൈ ഇന്ത്യൻസിന് എതിരെ ബാറ്റു കൊണ്ട് ബൗളു കൊണ്ടും ഒരു പോലെ തിളങ്ങാൻ റാഷിദ് ഖാനായിരുന്നു.

“റഷീദ് ഖാനെപ്പോലെയുള്ള ഒരു കളിക്കാരനെ ലഭിച്ചത് ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗ്യമാണ്. അദ്ദേഹം ഒരു പ്രത്യേക ബൗളർ മാത്രമല്ല, ഒരു മികച്ച ബാറ്ററും കൂടിയാണ്. അവൻ ഒരിക്കലും തളരുന്നില്ല. റാഷിദിൽ ഒരു ലോകോത്തര ക്രിക്കറ്ററെ ആൺ. ഗുജറാത്തിന് കിട്ടിയത്.” കൈഫ് പറഞ്ഞു.

ഇന്നലെ വിജയിച്ച മുംബൈ ഇന്ത്യൻസിനെയും കൈഫ് പ്രശംസിച്ഛു. “ഇത് മുംബൈ ഇന്ത്യൻസിന്റെ ക്ലിനിക്കൽ പ്രകടനമാണ്, ഈ വിജയം അവർക്ക് വലിയ ആത്മവിശ്വാസം നൽകും. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീമിന് വരും മത്സരങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ആകും,” കൈഫ് പറഞ്ഞു.

അവിസ്മരണീയമായ ഇന്നിങ്സ് ആണ് ഇതെന്ന് റാഷിദ് ഖാൻ

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ, മുംബൈ ഇന്ത്യൻസിനെതിരെ, പുറത്താകാതെ 79 റൺസ് നേടിയ റാഷിദ് ഖാൻ ഇത് താൻ ഒരിക്കലും മറക്കാത്ത ഇന്നിംഗ്സ് ആണെന്ന് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചരിത്രത്ത ഒരു എട്ടാം നമ്പർ ബാറ്ററുടെ എക്കാലത്തെയും ഉയർന്ന സ്‌കോറാണ് റാഷിദ് ഇന്നലെ നേടിയത്‌. 32 പന്തിൽ നിന്ന് 10 സിക്സ് അടിച്ച റാഷിദ് ഖാൻ പുറത്താകാതെ 79 റൺസ് ആണ് നേടിയത്.

“ഇത് അവിസ്മരണീയമായ ഇന്നിംഗ്സുകളിൽ ഒന്നാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി” റാഷിദ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പറഞ്ഞു. ഇനെ 219 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഒരു ഘട്ടത്തിൽ 103/8 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് ഒറ്റയ്ക്ക് അടിച്ചു കളിച്ച റാഷിദ് 191ലേക്ക് ഗുജറാത്തിനെ എത്തിച്ചിരുന്നു. ഇന്നലെ ബൗളു കൊണ്ട് നാലു വിക്കറ്റ് നേടാനും റാഷിദിനായിരുന്നു.

“ഞങ്ങളുടെ ടീമിൽ നിന്ന് ഇന്ന് റാഷിദ് ഖാൻ മാത്രമെ കളിക്കാൻ എത്തിയുള്ളൂ” ഹാർദ്ദിക്

ഇന്ന് മുംബൈ ഇന്ത്യൻസിനോട് ഏറ്റ പരാജയത്തിൽ ടീമിനെ വിമർശിച്ച് ഹാർദ്ദിക് പാണ്ഡ്യ. ഇന്ന് ബാറ്റിങിലും ബൗളീംഗിലും ആകെ റാഷിദ് ഖാൻ മാത്രമാണ് ഞങ്ങൾക്ക് ആയി കളിക്കാൻ എത്തിയത് എന്ന് ഹാർദ്ദിക് പറഞ്ഞു. ഇന്ന് ബൗൾ ചെയ്തപ്പോൾ നാലു വിക്കറ്റ് എടുത്ത റാഷിദ് ഖാൻ ബാറ്റു കൊണ്ട് 79 റൺസും എടുത്തിരുന്നു. പക്ഷെ പരാജയം ഒഴിവാക്കാൻ ഗുജറാത്തിനായില്ല.

ഞങ്ങളുടെ ടീമിൽ നിന്ന് റാഷിദ് മാത്രമെ കളിക്കാൻ എത്തിയുള്ളൂ എന്ന് തോന്നി. അദ്ദേഹം ബാറ്റ് ചെയ്ത രീതിയും ബൗൾ ചെയ്യുന്ന രീതിയും ഗംഭീരമായിരുന്നു. പ്രത്യേകിച്ച് ഈ പിച്ചിൽ ബൗൾ ചെയ്ത രീതി പ്രശംസനീയമാണ്. ഹാർദ്ദിക് പറഞ്ഞു. ഒരു ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. ബൗളിംഗിലും ഞങ്ങൾ വളരെ ഫ്ലാറ്റായിരുന്നു. വ്യക്തമായ പദ്ധതികളില്ല, അല്ലെങ്കിൽ ഉള്ള പദ്ധതിൽ നടപ്പിലാക്കിയില്ല. ഹാർദ്ദിക് പറഞ്ഞു.

ഞങ്ങൾ 25 റൺസ് അധികമായി നൽകിയതായി എനിക്ക് തോന്നി. അവസാന 10 ഓവറിൽ 129 റൺസ് ഞങ്ങൾ വഴങ്ങി. അത് ഞങ്ങൾക്ക് കളി നഷ്ടമായി. ഹാർദ്ദിക് പറഞ്ഞു.

പൊരുതിയത് സഞ്ജു മാത്രം, രാജസ്ഥാനെ നാണംകെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസിന് ബാറ്റിംഗ് തകര്‍ച്ച. 20 പന്തിൽ 30 റൺസ് നേടിയ സ‍ഞ്ജു സാംസൺ ഒഴികെ മറ്റു താരങ്ങള്‍ക്ക് റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ രാജസ്ഥാന്‍ ഇന്നിംഗ്സ് 118 റൺസിൽ അവസാനിക്കുകയായിരുന്നു. 17.5 ഓവറിലാണ് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

ജോസ് ബട്‍ലര്‍ 8 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജൈസ്വാളും സഞ്ജുവും കൂടി 36 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ജൈസ്വാള്‍ 14 റൺസ് മാത്രം നേടി റണ്ണൗട്ടായി മടങ്ങിയപ്പോള്‍ അധികം വൈകാതെ സഞ്ജുവും പുറത്തായി. 20 പന്തിൽ 30 റൺസാണ് സ‍ഞ്ജു നേടിയത്.

പിന്നീട് വന്ന താരങ്ങളെല്ലാം വേഗത്തിൽ പുറത്തായപ്പോള്‍ റഷീദ് ഖാനും നൂര്‍ അഹമ്മദും ചേര്‍ന്ന് രാജസ്ഥാന്‍ മധ്യനിരയെ വട്ടംകറക്കി. 15 റൺസ് നേടി ട്രെന്റ് ബോള്‍ട്ട് അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും താരത്തിനെ ഷമി പുറത്താക്കി.

ഗുജറാത്തിനായി റഷീദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് 2 വിക്കറ്റും നേടി.

റഷീദ് ഖാനെ ഹാട്രിക്ക് സിക്സ് അടിക്കുന്ന രണ്ടാമത്തെ മാത്രം താരമായി നമ്മുടെ സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസിനെ ഇന്ന് വിജയത്തിലേക്ക് നയിച്ച് സഞ്ജു സാംസൺ റഷീദ് ഖാനെ അടിച്ചു പറത്തിയത് ഏവരെയും ഞെട്ടിച്ചു. ടി20യിലെ ഏറ്റവും മികച്ച ബൗളറെ ഒരു ബൗണ്ടറി അടിക്കുക തന്നെ വലിയ പാടാണെന്നിരിക്കെ സഞ്ജു സാംസൺ നാലു തവണയാണ് സിക്സ് അടിച്ചത്. അതിൽ ഹാട്രിക്ക് സിക്സും ഉൾപ്പെടുന്നു. റഷീദ് ഖാനെ ഐ പി എല്ലിൽ ഹാട്രിക്ക് സിക്സ് അടിക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് സഞ്ജു സാംസൺ.

ഇതിനു മുമ്പ് ഗെയ്ല് ആണ് റഷീദ് ഖാനെ ഹാട്രിക്ക് സിക്സ് ഐ പി എല്ലിൽ അടിച്ചത്. പണ്ട് പഞ്ചാബിനായി ഗെയ്ല് കളിക്കുന്നതിനിടയിൽ ആയിരുന്നു അത്‌. അന്ന് ഗെയ്ല് റഷീദ് ഖാനെ നാലു സിക്സുകൾ തുടർച്ചയായി അടിച്ചിരുന്നു. ഇന്ന് സഞ്ജു സാംസൺ ആകെ 6 സിക്സുകൾ കളിയിൽ അടിച്ചു. 32 പന്തിൽ 60 റൺസ് എടുത്താണ് സഞ്ജു മടങ്ങിയത്. കളിയിൽ മൂന്ന് വിക്കറ്റും നാലും പന്തും ശേഷിക്കെ ആണ് രാജസ്ഥാൻ ജയിച്ചത്

ഒരു റിങ്കു സിംഗ് സംഭവം!!!! അവസാന 5 പന്തിൽ 5 സിക്സുകൾ പറത്തി കെ കെ ആറിന് ജയം

ഒരു റിങ്കു സിംഗ് അത്ഭുതം!! ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ചെയ്സ് ആണ് ഇന്ന് കണ്ടത്. അവസാന അഞ്ചു പന്തി അഞ്ച് സിക്സ് പറത്തി റിങ്കു സിംഗ് കെ കെ ആറിന് അത്ഭു വിജയം തന്നെ നൽകി. ഇന്ന് ഗുജറാത്തിന് എതിരെ മൂന്ന് വിക്കറ്റ് വിജയമാണ് കെ കെ ആർ നേടിയത്.

205 എന്ന വിജയലക്ഷ്യം നോക്കി ഇറങ്ങിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 15.4 ഓവറിൽ 155-3 എന്ന ശക്തമായ നിലയിൽ ആയിരുന്നു. അവിടെ നിന്ന് ഒരു റൺ എടുക്കുന്നതിനിടയിൽ നാലു വിക്കറ്റുകൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. ഹാട്രിക്കുമായി റഷീദ് ഖാൻ തന്നെയാണ് കൊൽക്കത്തയെ തകർത്തത്.

17ആം ഓവറിന്റെ ആദ്യ മൂന്ന് പന്തിൽ റസൽ, നരേൻ, ഷർദ്ദുൽ താക്കൂർ എന്നിവരെ റഷീദ് പുറത്താക്കി. നേരത്തെ 40 പന്തിൽ 83 റൺസ് എടുത്ത വെങ്കിടേഷ് അയ്യറുടെയും 45 റൺസ് എടുത്ത നിതീഷ് റാണയുടെയും കരുത്തിലായിരുന്നു കൊൽക്കത്ത നല്ല രീതിയിൽ ഇന്നിങ്സ് പടുത്തത്. ഇരുവരെയും അൽസാരി ജോസഫ് പുറത്താക്കിയതോടെ കളി മാറുകയായിരുന്നു‌. പക്ഷെ ട്വിസ്റ്റുകൾ അവസാനിച്ചില്ല.

അവസാനം റിങ്കു സിംഗ് ആഞ്ഞടിച്ചത് കളിക്ക് ആവേശകരമായ അന്ത്യം നൽകി. അവസാന ഓവറിൽ 29 റൺസ് വേണ്ട മത്സരത്തിൽ യാഷ് ദയാലിനെ റിങ്കു തുടർച്ചയായി നാലു സിക്സ് അടിച്ച് ടൈറ്റൻസിനെ ഞെട്ടിച്ചു. അവസാന പന്തിൽ 4 റൺസ് എന്ന നിലയിലായി. അതും സിക്സ് അടിച്ച് റിങ്കു കെ കെ ആറിനെ ജയിപ്പിച്ചു. 21 പന്തിൽ നിന്ന് 48 റൺസ് ആണ് റിങ്കു സിംഗ് അടിച്ചത്.

ഇന്ന് കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് 204 റൺസ് നേടാൻ ഗുജറാത്ത് ടൈറ്റന്‍സിനായി. ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും(17) ചേര്‍ന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 67 റൺസാണ് ഗിൽ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

ശുഭ്മന്‍ ഗില്ലിനെയും(39) 38 പന്തിൽ അര്‍ദ്ധ ശതകം നേടിയ സായി സുദര്‍ശനെയും സുനിൽ നരൈന്‍ തന്നെയാണ് പുറത്താക്കിയത്. 53 റൺസാണ് സായി സുദര്‍ശന്‍ നേടിയത്. ഇതിനിടെ അഭിനവ് മനോഹറിന്റെ വിക്കറ്റ് സുയാഷ് ശര്‍മ്മ നേടി.

പിന്നീട് 24 പന്തിൽ 63 റൺസ് നേടിയ വിജയ് ശങ്കറിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഗുജറാത്തിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ശര്‍ദ്ധുൽ താക്കൂറിനെ അവസാന ഓവറിൽ മൂന്ന് സിക്സ് പറത്തിയാണ് വിജയ് ഗുജറാത്തിന്റെ സ്കോര്‍ 200 കടത്തിയത്.

ഡൽഹിയെ പിടിച്ചുകെട്ടി ഗുജറാത്ത് ബൗളിംഗ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 162/8 എന്ന സ്കോർ നേടി ഡൽഹി ക്യാപിറ്റൽസ്.  22 പന്തിൽ 32 റൺസ് നേടിയ അക്സര്‍ പട്ടേലാണ് ഡൽഹി സ്കോറിന് മാന്യത പകര്‍ന്നത്. ഡേവിഡ് വാര്‍ണര്‍ 37 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ 30 റൺസ് നേടി. അഭിഷേക് പോറെൽ 20 റൺസ് നേടി പുറത്തായി.

മൊഹമ്മദ് ഷമി പൃഷ്വി ഷായെയും മിച്ചൽ മാര്‍ഷിനെയും ആദ്യ ഓവറുകളിൽ തന്നെ പുറത്താക്കിയപ്പോള്‍ അൽസാരി ജോസഫ് ഡേവിഡ് വാര്‍ണറെ മടക്കിയയച്ചു. തൊട്ടടുത്ത പന്തിൽ റൈലി റൂസ്സോയുടെ വിക്കറ്റും അൽസാരി ജോസഫ് നേടിയപ്പോള്‍ 67/4 എന്ന നിലയിലേക്ക് ഡൽഹി വീണു.

അഭിഷേക് പോറെൽ – സര്‍ഫ്രാസ് കൂട്ടുകെട്ട് 34 റൺസ് അഞ്ചാം വിക്കറ്റിലും 29 റൺസ് സര്‍ഫ്രാസ് – അക്സര്‍ കൂട്ടുകെട്ട് അഞ്ചാം ആറാം വിക്കറ്റിലും നേടി.

ഗുജറാത്തിനായി മൊഹമ്മദ് ഷമിയും റഷീദ് ഖാനും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

റുതു രാജകീയം!!! ചെന്നൈയ്ക്കായി ബാറ്റിഗിൽ റുതുരാജിന്റെ താണ്ഡവം

ഗുജറാത്തിനെതിരെ ഐപിഎൽ 2023ന്റെ ഉദ്ഘാടന മത്സരത്തിൽ 178 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഡെവൺ കോൺവേയെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ റുതുരാജും മോയിന്‍ അലിയും ചേര്‍ന്ന് 36 റൺസ് കൂട്ടിചേര്‍ത്ത ശേഷം മോയിന്‍ അലി 17 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോള്‍ റുതുരാജിന്റെ ബാറ്റിംഗ് മികവാണ് പിന്നീട് കണ്ടത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴ്ത്തി റഷീദ് ഖാന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ മറുവശത്ത് റുതുരാജ് ഗുജറാത്ത് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. താരം 50 പന്തിൽ 92 റൺസാണ് നേടിയത്. അൽസാരി ജോസഫിനാണ് റുതുരാജിന്റെ വിക്കറ്റ്.

എംഎസ് ധോണി 7 പന്തിൽ 14 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ശിവം ഡുബേ 19 റൺസ് നേടി. 7 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്. ഗുജറാത്തിനായി മൊഹമ്മദ് ഷമി, അൽസാരി ജോസഫ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

റാഷിദ് ഖാൻ ടി20 റാങ്കിംഗിൽ ഒന്നാമത്

അഫ്ഗാനിസ്താൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. ഷാർജയിൽ പാക്കിസ്ഥാനെതിരായ പരമ്പരയിൽ ഗംഭീര പ്രകടനം നടത്താൻ റാഷിദ് ഖാനായിരുന്നു.

2018ൽ ആയിരുന്നു ആദ്യമായി റാഷിദ് ടി20യിൽ ഒന്നാം നമ്പർ ബൗളറായത്. വനിന്ദു ഹസരംഗയെ മറികടന്നാണ് റാഷിദ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് എത്തി. പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റുകൾ നേടിയ റാഷിദ് ഖാൻ തന്റെ എകോണമി 5ൽ നിർത്തുകയും ചെയ്തിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഹസരംഗയേക്കാൾ 15 റേറ്റിംഗ് പോയിന്റുകൾ കൂടുതലുള്ള റാഷിദിന് ഇപ്പോൾ 710 റേറ്റിംഗ് പോയിന്റുണ്ട്.

പാക്കിസ്ഥാനെതിരായൊ ഗംഭീര ബൗളിംഗ് കാഴ്ചവെച്ച അഫ്ഗാനിസ്ഥാൻ ഫാസ്റ്റ് ബൗളർ ഫസൽഹഖ് ഫാറൂഖി വലിയ നേട്ടം ഈ റാങ്കിംഗിൽ ഉണ്ടാക്കി. ഇടങ്കയ്യൻ പേസർ 12 സ്ഥാനങ്ങൾ ഉയർന്ന് മൂന്നാം സ്ഥാനത്തെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദിനായാണ് ഫാറൂഖി ഐ പി എല്ലിൽ കളിക്കുക.

“പാകിസ്താനെ തോൽപ്പിച്ചു എങ്കിലും ഇനിയും അഫ്ഘാൻ മെച്ചപ്പെടാൻ ഉണ്ട്”

അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ പാകിസ്ഥാനെതിരായ തന്റെ ടീമിന്റെ ടി20 ഐ പരമ്പര വിജയ സ്പെഷ്യൽ ആണെന്ന് പറഞ്ഞു ‌ എങ്കിലും ടീം പല ലാര്യങ്ങളിലും മെച്ചപ്പെടേണ്ടത് ഉണ്ട് എന്നും പറഞ്ഞു. പാക്കിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1ന് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ആദ്യ ആറ് റാങ്കിലുള്ള ടീമിനെതിരെ പരമ്പര നേടുന്നത്.

“ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതും ഈ വിജവും സ്പെഷ്യൽ ഒരു പ്രത്യേക അവസരമാണ്, എല്ലാവരുടെയും മികച്ച പരിശ്രമം ആണ് വിജയത്തിലേക്ക് നയിച്ചത്” റാഷിദ് ഖാൻ പറഞ്ഞു. ഞങ്ങൾ പരമ്പര നേടിയെങ്കിലും ഞങ്ങൾക്ക് ചില മേഖലകൾ മെച്ചപ്പെടാനുണ്ട്. ഈ പരമ്പര ടീമിന് ഒരു നല്ല പഠനമായിരുന്നു. റാഷിദ് പറഞ്ഞു

റാഷിദ് ഖാൻ വീണ്ടും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ!

അഫ്ഗാനിസ്ഥാൻ ടി-20  ക്രിക്കറ്റ് ടീം ക്യാപ്റ്റനായി റാഷിദ് ഖാനെ വീണ്ടും നിയമിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് നബി, ഈ കഴിഞ്ഞ ലോകകപ്പോടെ കളി മതിയാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് റാഷിദ് ഖാന് ടീമിനെ നയിക്കാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ, ലോകകപ്പിലേക്കുള്ള അഫ്ഗാൻ ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ടീം സെലക്ഷനിലെ അതൃപ്തി മൂലം ലോകകപ്പിന് ഒരുമാസം മുൻപ് റഷീദ് പിൻവാങ്ങുകയായിരുന്നു. തുടർന്നായിരുന്നു നബി ചുമതലയേറ്റത്.

റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനിലെ സൂപ്പർ സ്റ്റാറാണെന്നും, ലോകമെമ്പാടുമുള്ള വിവിധ ടി-20 ലീഗ് കളിക്കുന്ന റാഷിദിന്റെ മത്സര പരിജയയവും, അനുഭവസമ്പത്തും ടീമിന് മുതൽകൂട്ടാവുമെന്നും അത് അഫ്ഗാൻ ക്രിക്കറ്റ്‌ ടീമിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ സഹായകമാവുമെന്നും എസിബി ചെയർമാൻ മിർവൈസ് അഷറഫ് അഭിപ്രായപ്പെട്ടു.

“ക്യാപ്റ്റൻസി ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് മുൻപും ഞാൻ ഈ ടീമിനെ നയിച്ചിട്ടുണ്ട്. ഞങ്ങൾ പരസ്പര ധാരണയോടെയും ഒത്തിണക്കത്തോടെയും കളിക്കുന്ന ഒരു മികച്ച കൂട്ടം തന്നെയാണ്. രാജ്യത്തിന്റെ അഭിമാനം ഉയർത്താനും, കൂടുതൽ സന്തോഷം നൽകാനും ഞങ്ങളൊരുമിച്ച് നിന്ന് പ്രയത്നിക്കും” എന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്നു ഫോർമാറ്റിൽ മുൻപും അഫ്ഗാനെ നയിച്ചിട്ടുള്ള റാഷിദ് ഖാന്റെ‌ ആദ്യ ദൗത്യം അടുത്ത വർഷം നടക്കുന്ന  ഫെബ്രുവരിയിലെ യു എ ഇ പര്യടനമാണ്.

Exit mobile version