റാഷിദ് ഖാൻ ഇന്ത്യക്ക് എതിരായ പരമ്പരയിൽ കളിക്കില്ല

ഇന്ത്യക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ റാഷിദ് ഖാൻ ഉണ്ടാകില്ല എന്ന് ഉറപ്പായി. ടി20 ഐ പരമ്പര റാഷിദ് ഖാൻ നഷ്ടമാകുമെന്ന് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ സ്ഥിരീകരിച്ചു. “അദ്ദേഹം പൂർണ ആരോഗ്യവാനല്ല, പക്ഷേ ടീമിനൊപ്പം യാത്ര ചെയ്യുന്നു,” സദ്രാൻ പറഞ്ഞു.

“ഞങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെ അവൻ പെട്ടെന്ന് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പരമ്പരയിൽ ഞങ്ങൾക്ക് അവനെ നഷ്ടമാകും.” സദ്രാൻ തുടർന്നു

കഴിഞ്ഞ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലാണ് റാഷിദ് അവസാനമായി കളിച്ചത്. തുടർന്ന് മുതുകിലെ ശസ്ത്രക്രിയയിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം മാറി നിൽക്കുകയാണ്.

“റാഷിദില്ലാത്തത് തിരിച്ചടിയാണ്, കാരണം അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് വളരെ പ്രധാനമാണ്, പക്ഷേ ഇത് ക്രിക്കറ്റാണ്, ഏത് സാഹചര്യത്തിനും നിങ്ങൾ തയ്യാറായിരിക്കണം,” മുമ്പ് സദ്രാൻ പറഞ്ഞു.

റാഷിദ് ഖാൻ ബിഗ്ബാഷിൽ നിന്ന് പിന്മാറി

പരിക്ക് കാരണം ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറുന്നതായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ഈ വരുന്ന സീസണിൽ താരം ഉണ്ടാകില്ല എന്ന് ഔദ്യോഗികമായി അറിയിച്ചു‌. BBLലെ പ്രധാന താരങ്ങളിൽ ഒരാളാണ് റാഷിദ്. മുതുകിലെ പരിക്ക് മാറാൻ റാഷിദ് ശസ്ത്രക്രിയക്ക് വിധേയനാകുന്നുണ്ട് ഇതാണ് താരം കളിക്കാതിരിക്കാൻ കാരണം. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായായിരുന്നു റാഷിദ് ബിഗ് ബാഷിൽ കളിച്ചിരുന്നത്.

ബിബിഎല്ലിൽ 69 മത്സരങ്ങളിൽ നിന്ന് 98 വിക്കറ്റുകളാണ് റാഷിദ് നേടിയത്.നേരത്തെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു‌. ബ്രൂക്ക് മെൽബൺ സ്റ്റാർസിനായായിരുന്നു കളിക്കേണ്ടൊയിരുന്നത്‌.

ഡെൽഹിയിൽ അഫ്ഗാനു കിട്ടിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് റാഷിദ് ഖാൻ

ഞായറാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്താന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് അവരുടെ സ്റ്റാർ പ്ലയർ റാഷിദ് ഖാൻ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം നേടാൻ ഇന്നലെ അഫ്ഗാനായിരുന്നു‌. ഒരു അട്ടിമറി വിജയം ആയതു കൊണ്ടു തന്നെ അഫ്ഗാനൊപ്പം ആയിരുന്ന്ഹ് ഭൂരിഭാഗം കാണികളും നിന്നത്.

തന്റെ ടീമിന് ലഭിച്ച പിന്തുണ തന്നെ ആവേശഭരിതനാക്കി എന്ന് ലെഗ് സ്പിന്നർ റാഷിദ് ഖാൻ പറഞ്ഞു. “ഡൽഹി സച്ച് മേ ദിൽ വാലോൻ കി ഹെ,” റാഷിദ് ഖാൻ തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു‌.

“ഞങ്ങളെ പിന്തുണച്ച സ്റ്റേഡിയത്തിലെ എല്ലാ ആരാധകർക്കും ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പിന്തുണക്കാർക്കും നന്ദി, നിങ്ങളുടെ സ്നേഹത്തിന് നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിൽ നിന്ന് കിട്ടുന്ന മുഴുവൻ തുകയും ഭൂകമ്പത്തിൽ ബാധിക്കപ്പെട്ടവർക്ക് നൽകും എന്ന് റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ ഈ ലോകകപ്പിൽ നിന്നുള്ള തന്റെ മാച്ച് ഫീ മുഴുവൻ തന്റെ ജന്മനാട്ടിലെ ഭൂകമ്പത്തിന്റെ ഇരകളെ സഹായിക്കാൻ നൽകും എന്ന് പറഞ്ഞു. ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളിൽ 2500ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ദുരന്തത്തിൽപ്പെട്ടവരെ പിന്തുണയ്ക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പെയ്‌ൻ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് താരം ട്വിറ്ററിൽ പറഞ്ഞു. “അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങൾ ഞാൻ വളരെ സങ്കടത്തോടെ കാണുന്നു. എന്റെ ഈ ലോകകപ്പിലെ മുഴുവൻ മാച്ച് ഫീസും ദുരിതബാധിതരെ സഹായിക്കാൻ ഞാൻ സംഭാവന ചെയ്യുന്നു. താമസിയാതെ, ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ ചേർത്ത് ഞങ്ങൾ ഒരു ധനസമാഹരണ കാമ്പെയ്‌നും ആരംഭിക്കും.” റാഷിദ് പറഞ്ഞു.

അഫ്ഗാനിസ്താൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, നവീൻ ഉൽ ഹഖ് ടീമിൽ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലോകകപ്പിനായുള്ള് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ കളിച്ച ടീമിൽ നിന്ന് നാലു പേർ പുറത്തായി. ഏഷ്യാ കപ്പിൽ ടോപ് 4ൽ എത്താൻ അഫ്ഗാനായിരുന്നില്ല. ഇത് മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പ് കളിക്കുന്നത്.

ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന ടീമിൽ നിന്ന് കരിം ജനത്ത്, ഷറഫുദ്ദീൻ അഷ്‌റഫ്, സുലിമാൻ സാഫി തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. 15 അംഗ സംഘത്തിൽ ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ വലിയ പേരുകൾ ഉണ്ട്.

നവീൻ ഉൾ ഹഖും ടീമിൽ ഇടം നേടി.നവീൻ ഇതുവരെ ഏഴ് ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്‌റഫ്, ഫരീദ് അഹമ്മദ് മാലിക് എന്നീ മൂന്ന് റിസർവ് താരങ്ങളെയും അഫ്ഗാൻ പ്രഖ്യാപിച്ചു.

അഫ്ഗാൻ ടീം:

Hashmatullah Shahidi (C), Rahmanullah Gurbaz (WK), Ibrahim Zadran, Mohammad Nabi, Rahmat Shah, Riaz Hassan, Najibullah Zadran, Ikram Alikhil, Azmatullah Omarzai, Rashid Khan, Abdul Rahman, Noor Ahmad, Mujeeb Ur Rahman, Fazalhaq Farooqi and Naveen Ul Haq

Reserve players- Gulbadin Naib, Sharafudin Ashraf, Farid Ahmad Malik.

റാഷിദ് ഖാൻ ബിഗ് ബാഷിൽ കളിക്കും, ഡ്രാഫ്റ്റിൽ രജിസ്റ്റർ ചെയ്തു

ടി20യിലെ ഒന്നാം നമ്പർ ബൗളറായ റാഷിദ് ഖാൻ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ബഹിഷ്കരിക്കുമെന്ന ഭീഷണി പിൻവലിച്ചു‌. ടൂർണമെന്റിന്റെ ഏഴാം പതിപ്പിൽ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് റാഷിദ് ബിബിഎൽ അധികൃതരെ അറിയിച്ചതായി ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.

മനുഷ്യാവകാശ പ്രശ്‌നങ്ങൾ കാരണം അഫ്ഗാനിസ്ഥാനെതിരായ വൈറ്റ്-ബോൾ പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2023 ജനുവരിയിൽ ബിബിഎൽ ബഹിഷ്‌കരിക്കുമെന്ന് റാഷിദ് ഖാൻ പറഞ്ഞിരുന്നു. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ മനൂഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഓസ്ട്രേലിയ പരമ്പര ഒഴിവാക്കിയത്.

ബിഗ് ബാഷിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ സ്ഥിരം താരമായ റാഷിദ് ഖാൻ പുതിയ സീസണിലും അഡ്ലെയ്ഡിനായി കളിക്കാൻ ആണ് സാധ്യത.

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ റഷീദ് ഖാന്‍ തിരികെ എത്തും

പരിക്ക് കാരണം ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറിയ റഷീദ് ഖാന്‍ അഫ്ഗാനിസ്ഥാന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിക്കുമെന്ന് അറിയിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഓഗസ്റ്റ് 22ന് ശ്രീലങ്കയിലാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നടക്കുന്നത്.

മേജര്‍ ക്രിക്കറ്റ് ലീഗിൽ കളിച്ച ശേഷം ദി ഹണ്ട്രെഡിൽ കളിക്കാന്‍ എത്തേണ്ടിയിരുന്ന റഷീദ് ഖാന്‍ പക്ഷേ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു. പുറംവേദനയായിരുന്നു താരത്തിന്റെ ഈ പിന്മാറ്റത്തിന് കാരണം. ഏഷ്യ കപ്പിന്റെ തയ്യാറെടുപ്പുകള്‍ക്ക് പ്രധാനമാണ് അഫ്ഗാനിസ്ഥാന്റെ പാക്കിസ്ഥാന്‍ ഏകദിന പരമ്പര.

കാബൂളിലും ഹമ്പന്‍ടോട്ടയിലുമായി അഫ്ഗാനിസ്ഥാന്‍ വരും ദിവസങ്ങളിൽ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

റാഷിദ് ഖാൻ ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി

റാഷിദ് ഖാൻ ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി. പരിക്ക് ആണെന്നും തനിക്ക് ഈ സീസണിൽ കളിക്കാൻ ആകില്ല എന്നും അദ്ദേഹം അറിയിച്ചു. ട്രെന്റ് റോക്കറ്റ്സിനായി മൂന്ന് മത്സരങ്ങൾ കളിക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ ഇന്നലെ മേജർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ശേഷമാണ് ഹണ്ട്രഡിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്‌.

“പരിക്കിനെത്തുടർന്ന് ഹണ്ട്രഡിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ ഞാൻ ശരിക്കും നിരാശനാണ്. ആദ്യ രണ്ട് വർഷം ഈ ടൂർണമെന്റിൽ കളിക്കാൻ സാധിച്ചത് വലിയ കാര്യമാണ്, ട്രെന്റ് റോക്കറ്റ്‌സ് മികച്ച ടീമാണ്, അടുത്ത വർഷം വീണ്ടും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.” റാഷിദ് പറഞ്ഞു.

പാകിസ്ഥാൻ ഓൾറൗണ്ടർ ഇമാദ് വസീം റാഷിദിനു പകരം ട്രെന്റ് റോക്കറ്റ്സിനായി കളിക്കും. ഇന്നാണ് ദി ഹണ്ട്രഡ് ആരംഭിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് ആയുള്ള അഫ്ഗാൻ ടീം പ്രഖ്യാപിച്ചു, റാഷിദ് ഖാൻ തിരികെയെത്തി

ജൂലൈ 5 ന് ചാറ്റോഗ്രാമിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാൻ ടീം ഇന്ന് പ്രഖ്യാപിച്ചു. ടെസ്റ്റ് മത്സരത്തിൽ നിന്ന് മാറി നിന്ന റാഷിദ് ഖാൻ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ ബിഗ് ബാഷ് ലീഗിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നർ ഇസ്ഹാറുൽഹഖ് നവീദ് ആദ്യനായി ഏകദിന ടീമിൽ എത്തി.

ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ നൂർ അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഷാഹിദുള്ള, സിയാ ഉർ റഹ്മാൻ, വഫാദർ മൊമെന്റ്, മുഹമ്മദ് സലീം, സയ്യിദ് ഷിർസാദ് എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ ഏകദിന ടീമിലെ പുതുമുഖങ്ങൾ.

ജൂലൈ 5, 8, 11 തീയതികളിൽ ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാൻ മൂന്ന് ഡേ-നൈറ്റ് ഏകദിനങ്ങൾ കളിക്കും. തുടർന്ന് ജൂലൈ 14, 16 തീയതികളിൽ സിൽഹറ്റിൽ ഇരു ടീമുകളും രണ്ട് ടി20 മത്സരങ്ങളും കളിക്കും.

Afghanistan squad for Bangladesh ODIs: Hashmatullah Shahidi (captain), Rahmanullah Gurbaz, Ibrahim Zadran, Riaz Hassan, Rahmat Shah, Najibullah Zadran, Mohammad Nabi, Ikram Alikhil, Rashid Khan, Azmatullah Omarzai, Mujeeb Ur Rahman, Fazalhaq Farooqi, Abdul Rahman, Shahidullah, Zia-ur-Rehman, Wafadar Momand, Mohammad Saleem, Sayed Shirzad

പരിക്ക് മാറി റഷീദ് ഖാന്‍ പരമ്പരയുടെ അവസാനത്തോടെ തിരിച്ചുവരമെന്ന പ്രതീക്ഷയിൽ അഫ്ഗാനിസ്ഥാന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തിൽ റഷീദ് ഖാന്‍ തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഹസ്മത്തുള്ള ഷഹീദി. പരിക്ക് കാരണം റഷീദ് ഖാനെ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് റൂള്‍ ഔട്ട് ചെയ്യുകയായിരുന്നു. ജൂൺ 2ന് ഹമ്പന്‍ടോട്ടയിലെ മഹിന്ദ രാജപക്സ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ജൂൺ 4, 7 തീയ്യതികളിൽ അവസാന രണ്ട് മത്സരങ്ങള്‍ നടക്കും.

പുറംവേദന കാരണം ആണ് താരം ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തിരിക്കുന്നത്. ടീമിന്റെ പ്രധാന ബൗളര്‍ ആണ് റഷീദ് എന്നും അദ്ദേഹത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണെന്നും ഷഹീദി കൂട്ടിചേര്‍ത്തു. ഏഷ്യ കപ്പിനും ലോകകപ്പിനും താരത്തിന്റെ സാന്നിദ്ധ്യം ഏറെ പ്രധാനമാണെന്നും അഫ്ഗാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

റാഷിദ് ഖാൻ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്ക് ഉണ്ടാകില്ല

അഘാനിസ്ഥാന്റെ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ശ്രീലങ്കയ്‌ക്കെതിരായ ടീമിന്റെ ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്ക് ഉണ്ടാകില്ല. മുതുകിന് പരിക്കേറ്റ റാഷിദ് ഇപ്പോൾ ചികിത്സയിലാണ്. ജൂൺ 2ന് ആണ് ശ്രീലങ്ക അഫ്ഘാനിസ്ഥാൻ ഏകദിന പരമ്പര ആരംഭിക്കുന്നത്‌. മൂന്ന് മത്സര ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ റാഷിദ് ഖാൻ കളിച്ചേക്കും.

അടുത്തിടെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) മികച്ച ഫോമിലായിരുന്നു റാഷിദ്. ഫൈനൽ വരെയുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. ഐ പി എല്ലിൽ ആകെ 17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ റാഷിദ് വീഴ്ത്തി. ബാറ്റ് കൊണ്ടും ഈ ഐ പി എല്ലിൽ റാഷിദ് തിളങ്ങിയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 10-സിക്‌സറുകൾ ആണ് റാഷിദ് അടിച്ചത്‌‌.

റാഷിദ് ഖാൻ വേറെ ലീഗ്!! “അദ്ദേഹത്തെ പോലൊരു താരത്തെ കിട്ടിയത് ഗുജറാത്തിന്റെ ഭാഗ്യം” – ഹർഭജൻ

ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ റാഷിദ് ഖാനെ പുകഴ്ത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. റാഷിദ് ഖാൻ വേറെ ലീഗ് ആണെന്നും അദ്ദേഹത്തെ പോലൊരു താരത്തെ കിട്ടിയത് ഗുജറാത്തിന്റെ ഭാഗ്യമാണെന്നും ഹർഭജൻ പറഞ്ഞു.

“റാഷിദ് ഖാൻ വ്യത്യസ്തമായ ഒരു ലീഗിൽ നിന്നുള്ള കളിക്കാരനാണ്. അവൻ അനേകം വിക്കറ്റുകൾ വീഴ്ത്തുന്നു, അവൻ റൺസ് നേടുന്നു, അവൻ ഒരു അപാര ഫീൽഡറാണ്, ക്യാപ്റ്റൻ ഹാർദിക് ഇല്ലാത്തോഴെല്ലാം അദ്ദേഹം ഗുജറാത്തിനെ നയിച്ചു.” ഹർഭജൻ പറയുന്നു. “റാഷിദ് എല്ലാം ചെയ്തു, മികച്ചുനിന്നു. ഗുജറാത്തിന് റാഷിദിനെ പോലൊരു താരത്തെ കിട്ടാൻ അസാധാരണമായി ഭാഗ്യമുണ്ട്.” ഹർഭജൻ പറഞ്ഞു.

ഗുജറാത്തിന്റെ പേസർ മുഹമ്മദ് ഷമിയെയും ഹർഭജൻ പുകഴ്ത്തി. എല്ലാ ടീമുകളും അവനെപ്പോലെ ഒരു ബൗളർ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് ഹർഭജൻ പറഞ്ഞു. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റ് വീഴ്ത്താൻ ഷമിക്ക് ആയിട്ടുണ്ട്.

Exit mobile version