ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, കാണ്ഡഹാറിനെ തകര്‍ത്ത് കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെ തോല്‍വിയിലേക്ക് തള്ളിയിട്ട് റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കാണ്ഡഹാറിനെ 152/5 എന്ന നിലയില്‍ കാബുള്‍ സ്വാനന്‍ നിലനിര്‍ത്തിയപ്പോള്‍ തന്റെ നാലോവറില്‍ റഷീദ് ഖാന്‍ വഴങ്ങിയത് 14 റണ്‍സാണ്. ഒരു വിക്കറ്റ് താരം നേടുകയും ചെയ്തു. 31 പന്തില്‍ 60 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാന്‍ ആണ് കാണ്ഡഹാര്‍ നിലയിലെ പ്രധാന താരം. നസീര്‍ ജമാല്‍(28), നജീബുള്ള സദ്രാന്‍(25) എന്നിവരും ടീമിനായി റണ്‍സ് കണ്ടെത്തി. ഫരീദ് അഹമ്മദ് രണ്ടും വെയിന്‍ പാര്‍ണെല്‍, സഹീര്‍ ഷെഹ്സാദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലൂക്ക് റോഞ്ചി( 14 പന്തില്‍ 31), ലൗറി ഇവാന്‍സ്(32*) എന്നിവര്‍ക്കൊപ്പം പുറത്താകാതെ എട്ട് പന്തില്‍ നിന്ന് 27 റണ്‍സുമായി ക്രീസില്‍ നിന്ന റഷീദ് ഖാന്‍ ആണ് കാബുളിനെ വിജയത്തിലേക്ക് നയിച്ചത്. 19.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ വിജയം. കാബുളിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച റഷീദ് ഖാന്‍ ആണ് കളിയിലെ താരം. കരിം ജനത് 3 വിക്കറ്റും സയ്യദ് ഷിര്‍സാദ് 2 വിക്കറ്റും നേടി കാണ്ഡഹാര്‍ ബൗളര്‍മാരില്‍ തിളങ്ങി.

രണ്ടോവറില്‍ 24 റണ്‍സ് വിജയിക്കുവാന്‍ വേണ്ടിയിരുന്ന അവസരത്തില്‍ ഷിര്‍സാദ് എറിഞ്ഞ 19ാം ഓവറില്‍ രണ്ടാം പന്തില്‍ ബൗണ്ടറിയും അവസാന മൂന്ന് പന്തില്‍ തുടര്‍ച്ചയായി സിക്സുകളും നേടി റഷീദ് ഖാന്‍ ഓവറില്‍ നിന്ന് 23 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഇവാന്‍സ് ടീമിന്റെ വിജയം ഉറപ്പാക്കി.

കാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

റയാന്‍ ടെന്‍ ഡോഷെറ്റയുടെ ബാറ്റിംഗ് മികവില്‍ കാബൂള്‍ സ്വാനനെ കീഴടക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ കാബൂളിനു 6 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന മികച്ച സ്കോര്‍ നേടാനായെങ്കിലും രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് 18.5 ഓവറില്‍ വിജയം സ്വന്തമാക്കി.

റയാന്‍ ടെന്‍ ഡോഷെറ്റയുടെ 78 റണ്‍സ് പ്രകടനത്തിനൊപ്പം രവി ബൊപ്പാര(38*), ഉസ്മാന്‍ ഖാനി(40) എന്നിവരും ബാല്‍ക്കിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. 46 പന്ത് നേരിട്ട റയാന്‍ 7 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് ബൊപ്പാരയും റയാനും ചേര്‍ന്ന് നേടിയത്. അഞ്ചാം ഓവറില്‍ റഷീദ് ഖാന്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയെങ്കിലും പിന്നീട് ബാല്‍ക്ക് ലെജന്‍ഡ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാബൂള്‍ ഒരു ഘട്ടത്തില്‍ 76/5 എന്ന നിലയിലായിരുന്നുവെങ്കിലും അവസാന 9 ഓവറില്‍ നിന്ന് 100 റണ്‍സ് നേടി മികച്ച സ്കോര്‍ നേടുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ ലൗറി ഇവാന്‍സ് മികച്ച പ്രകടനം നടത്തിയപ്പോള്‍ റഷീദ് ഖാനാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 27 പന്തില്‍ നിന്ന് 5 സിക്സുള്‍പ്പെടെ 56 റണ്‍സാണ് പുറത്താകാതെ റഷീദ് ഖാന്‍ നേടിയത്. ഇവാന്‍സ് 64 റണ്‍സ് നേടി. മുഹമ്മദ് നബിയും അഫ്താബ് അലവും രണ്ട് വീതം വിക്കറ്റ് ബാല്‍ക്കിനായി നേടി.

അഫ്ഗാനിസ്ഥാന്റെ ഇലക്ട്രോണിക് ഐഡി കാര്‍ഡിനായി റഷീദ് ഖാന്‍ അപേക്ഷിച്ചു

ഏഷ്യ കപ്പില്‍ നിന്ന് മടങ്ങിയെത്തിയ അഫ്ഗാനിസ്ഥാന്‍ താരം റഷീദ് ഖാന്‍ രാജ്യത്തെ ഇലക്ട്രോണിക് ഐഡി കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചു. അന്താരാഷ്ട്ര പരമ്പരകളും ഫ്രാഞ്ചൈസി ക്രിക്കറ്റും മറ്റു തിരക്കുകളും കാരണം റഷീദ് ഇതുവരെ ഈ കാര്‍ഡ് സ്വന്തമാക്കിയിരുന്നില്ല. നിലവില്‍ ടി20യില്‍ ഒന്നാം റാങ്കുകാരനും ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഷാക്കിബില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്നാം റാങ്ക് സ്വന്തമാക്കി ക്രിക്കറ്റില്‍ തന്റെ പ്രഭാവം ഉറപ്പിച്ച താരമാണ് റഷീദ് ഖാന്‍.

ഏഷ്യ കപ്പില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും റഷീദ് ഖാന്‍ മികവ് പുലര്‍ത്തിയെങ്കിലും അഫ്ഗാനിസ്ഥാനു ഫൈനലിലേക്ക് യോഗ്യത നേടാനായിരുന്നില്ല.

ഷാക്കിബ് അല്ല റഷീദ് ഖാന്‍ ഇനി ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അഫ്ഗാന്‍ താരം റഷീദ് ഖാന്‍. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഓള്‍റൗണ്ടറുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ബൗളിംഗ് പ്രകടനവും 87 റണ്‍സും നേടിയത് ആണ് താരത്തിനു മികച്ച മുന്നേറ്റം നടത്തുവാന്‍ സാധിച്ചത്.

ആറ് സ്ഥാനങ്ങളുടെ നേട്ടമാണ് റഷീദ് ഖാന്‍ സ്വന്തമാക്കിയത്. 353 റേറ്റിംഗ് പോയിന്റുള്ള റഷീദ് ഖാന്‍ 341 പോയിന്റുള്ള ഷാക്കിബ് അല്‍ ഹസനെയാണ് മറികടന്നത്. മൂന്നാം സ്ഥാനം അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയ്ക്കാണ്. 337 റേറ്റിംഗ് പോയിന്റാണ് താരത്തിനു സ്വന്തമായുള്ളത്. ന്യൂസിലാണ്ടിന്റെ മിച്ചല്‍ സാന്റനര്‍(317), പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസ്(306) എന്നിവരാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളത്.

റഷീദ് മികച്ചത്, പക്ഷേ കളിക്കാനാകാത്ത തരത്തിലുള്ള ബൗളറല്ല: മഹമ്മദുള്ള

നിര്‍ണ്ണായകമായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 87/5 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 249 റണ്‍സിലേക്ക് എത്തിച്ചതിനു പിന്നില്‍ രണ്ട് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് നല്‍കേണ്ടത്. മഹമ്മദുള്ളയും ടീമിലെക്ക് ഈ മത്സരത്തിനു തൊട്ട് മുമ്പ് എത്തിയ ഇമ്രുല്‍ കൈസും. ഇരുവരും ചേര്‍ന്ന് 130 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനു പൊരുതാവുന്ന സ്കോര്‍ നല്‍കിയതും ബൗളര്‍മാര്‍ അത് വിജയകരമായി രക്ഷിക്കുകയും ചെയ്തത്.

74 റണ്‍സ് നേടി മഹമ്മദുള്ള പുറത്തായപ്പോള്‍ ഇമ്രുല്‍ കൈസ് 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മഹമ്മദുള്ള പറയുന്നത്. റഷീദ് ഖാന്‍ മികച്ച ബൗളറാണെങ്കിലും കളിക്കാനാകാത്ത മാത്രം അപകടകാരിയായ ബൗളര്‍ അല്ല റഷീദെന്നാണ് മഹമ്മദുള്ള പറയുന്നത്.

ബംഗ്ലാദേശിന്റെ ദുരന്ത മുഖത്തെ പോരാളിയായി വിശേഷിക്കപ്പെടുന്ന മഹമ്മദുള്ള ടീമിനെ പലയാവര്‍ത്തി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. റഷീദ് ഖാന് വിക്കറ്റ് നല്‍കരുതെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ താരം സമ്മര്‍ദ്ദത്തില്‍ തനിക്ക് കൂടുതല്‍ മികവ് പുലര്‍ത്തുവാന്‍ പറ്റാറുണ്ടെന്നും പറഞ്ഞു. സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നതാണ് ഏറെ പ്രാധാന്യമുള്ള കാര്യമെന്നും താരം അഭിപ്രായപ്പെട്ടു.

റഷീദ് ഖാനു വിക്കറ്റ് നല്‍കാതിരിക്കുമ്പോളും റണ്‍സ് വരണമെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നു. സിംഗിളുകള്‍ എടുത്ത് തുടങ്ങിയ ശേഷം റഷീദ് ഖാനെ രണ്ട് സിക്സറുകള്‍ പറത്തുവാനും മഹമ്മദുള്ളയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷീദ് ഖാനെ നേരിടുന്നതില്‍ ടീമിനു പിഴവ് സംഭവിച്ചുവെങ്കിലും ഇത്തവണ അതുണ്ടാവരുതെന്ന് തങ്ങള്‍ നിശ്ചയിച്ചിരുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു. ആറാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വിജയം തന്നെ റഷീദ് ഖാന് വിക്കറ്റ് നല്‍കാതിരുന്നതാണെന്നും മഹമ്മദുള്ള കൂട്ടിചേര്‍ത്തു.

മോശം പെരുമാറ്റം, റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, ഹസന്‍ അലി എന്നിവര്‍ക്കെതിരെ നടപടി

ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ മോശം പെരുമാറ്റത്തിനു മൂന്ന് താരങ്ങള്‍ക്കെതിരെ ഐസിസി പെരുമാറ്റ ചട്ട ലംഘനത്തിനു നടപടി. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താരങ്ങള്‍ക്കെതിരെയാണ് ഈ നടപടി. ആവേശകരമായ മത്സരത്തിനിടെ പാക്കിസ്ഥാന്‍ വിജയം നേടിയെങ്കിലും ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ പലപ്പോഴും കൊമ്പു കോര്‍ത്തിരുന്നു. മൂന്ന് താരങ്ങള്‍ക്കും 15 ശതമാനം മാച്ച് ഫീ പിഴയായും 1 ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ.

അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന്റെ 33ാം ഓവറില്‍ ഹസ്മത്തുള്ള ഷഹീദിയ്ക്ക് നേരെ പന്തെറിയുവാന്‍ ഭിഷണിപ്പെടുത്തിയതിനാണ് ഹസന്‍ അലിയ്ക്കെതിരെ നടപടി. അതേ സമയം 37ാം ഓവറില്‍ റണ്‍സ് എടുക്കുന്നതിനിടയില്‍ ഹസന്‍ അലിയുടെ തോളില്‍ ചെന്നിടിച്ചതിനാണ് അസ്ഗര്‍ അഫ്ഗാനിനെതിരെ നടപടി. അതേ സമയം റഷീദ് ഖാനിനെതിരെ നടപടി ആസിഫ് അലിയെ പുറത്താക്കിയ ശേഷം നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചതിനാണ്. പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ 47ാം ഓവറിലാണ് ഈ സംഭവം.

ഹസന്‍ അലിയ്ക്കും റഷീദ് ഖാനും എതിരെ ഐസിസി നടപടി ഇതാദ്യമായിട്ടാണെങ്കില്‍ അസ്ഗര്‍ അഫ്ഗാന്‍ 2017 ഫെബ്രുവരിയില്‍ സിംബാബ്‍വേയ്ക്കെതിരെ നടന്ന മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനു നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന് സമ്മതിച്ച പാക്കിസ്ഥാന്‍ നായകന്‍ വിജയത്തിനു ബാബര്‍ അസം, ഇമാം ഉള്‍ ഹക്ക്, ഷൊയ്ബ് മാലിക്ക് എന്നിവര്‍ക്ക് നന്ദി നല്‍കി.

അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഈ സാഹചര്യങ്ങളില്‍ 250നു മേലെ റണ്‍സ് ചേസ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഏറെയുയര്‍ത്തുന്നുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ നായകന്‍ എന്നാല്‍ ഇന്നലെ തങ്ങള്‍ ഈ മേഖലയില്‍ മോശമായിരുന്നുവെന്നും പറഞ്ഞു.

മാലിക്കിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍

പാക്കിസ്ഥാനു ഏഷ്യ കപ്പില്‍ ആവേശകരമായ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനെ സൂപ്പര്‍ 4 മത്സരത്തില്‍ നേരിടാനിറങ്ങിയ പാക്കിസ്ഥാന് 3 പന്ത് ശേഷിക്കെയാണ് 3 വിക്കറ്റ് ജയം പിടിച്ചെടുത്തത്. ഇമാം-ഉള്‍-ഹക്ക്(80), ബാബര്‍ അസം(66) എന്നിവര്‍ക്കൊപ്പം ഷൊയ്ബ് മാലിക്കും(51*) അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഒരുക്കിയ ശ്രമകരമായ ലക്ഷ്യം ആവേശകരമായ രീതിയില്‍ മറികടക്കുകയായിരുന്നു.

അവസാന മൂന്നോവറില്‍ 29 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്റെ വിജയ ശില്പിയെന്ന് വിശേഷിപ്പിക്കാവുന്നത് ഷൊയ്ബ് മാലിക് തന്നെയാണ്. 43 പന്തില്‍ നിന്നാണ് ഈ സീനിയര്‍ താരത്തിന്റെ 51 റണ്‍സ് ഇന്നിംഗ്സ്. വാലറ്റത്തില്‍ മാലിക്കിനൊപ്പമെത്തിയ താരങ്ങളും സമയോചിതമായി നേടിയ സിക്സറുകളും പാക്കിസ്ഥാന്‍ വിജയത്തിനു നിര്‍ണ്ണായകമായി.

ഫകര്‍ സമന്‍ പൂജ്യത്തിനു പുറത്തായ ശേഷം ബാബര്‍ അസവും ഇമാം-ഉള്‍-ഹക്കും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്. രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് മികച്ച കൂട്ടുകെട്ടുമായി പാക്കിസ്ഥാനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനിടയില്‍ 80 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് റണ്ണൗട്ടായത് പാക്കിസ്ഥാനു തിരിച്ചടിയായി.

തുടര്‍ന്ന് ബാബര്‍ അസമും ഏതാനും ഓവറുകള്‍ക്ക് ശേഷം പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 158/3 എന്ന നിലയിലായിരുന്നു. ഷൊയ്ബ് മാലിക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് പിന്നീട് അബു ദാബിയില്‍ കണ്ടത്. അവസാന നാലോവറില്‍ ജയത്തിനായി 39 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാനായി ക്രീസില്‍ ഷൊയ്ബ മാലിക്കും ആസിഫ് അലിയുമായിരുന്നു.

അടുത്ത ഓവര്‍ എറിയാനെത്തിയ റഷീദ് ഖാനെ സിക്സര്‍ പറത്തിയ ആസിഫ് അലിയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി റഷീദ് ഖാന്‍ പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അടുത്ത ഓവറില്‍ 11 റണ്‍സ് നേടി ഷൊയ്ബ് മാലിക്കും-മുഹമ്മദ് നവാസും ചേര്‍ന്ന് ലക്ഷ്യം 12 പന്തില്‍ 18 റണ്‍സായി കുറച്ച് പാക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കി.

റഷീദ് ഖാന്‍ മുഹമ്മദ് നവാസിനെ(10) 49ാം ഓവറില്‍ പുറത്താക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി ഹസന്‍ അലി ലക്ഷ്യം 8 പന്തില്‍ 10 റണ്‍സാക്കി കുറച്ചു. എന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് വിട്ട് നല്‍കാതെ റഷീദ് ഖാന്‍ മത്സരം അവസാന ഓവറിലേക്ക് നയിച്ചു. അഫ്താബ് അലം എറിഞ്ഞ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഷൊയ്ബ് മാലിക് തന്റെ അര്‍ദ്ധ ശതകവും മൂന്ന് പന്ത് അവശേഷിക്കെ പാക്കിസ്ഥാനെ വിജയത്തിലേക്കും നയിച്ചു.

മുഹമ്മദ് നബിയെ മറികടന്ന് റഷീദ് ഖാന്‍, ഒപ്പമെത്തി സീനിയര്‍ താരം

ഇന്നത്തെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനായി ഏകദിനങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ എന്ന ബഹുമതി മുഹമ്മദ് നബിയ്ക്കായിരുന്നു. 111 വിക്കറ്റ് നേടിയ മുഹമ്മദ് നബിയുടെ തൊട്ടുപുറകിലായി യുവതാരവും തന്റെ 20ാം പിറന്നാളും ആഘോഷിക്കുന്ന റഷീദ് ഖാന്‍ നിലകൊള്ളുന്നുണ്ടായിരുന്നു. 110 വിക്കറ്റുമായി മത്സരം ആരംഭിച്ച റഷീദ് ഖാന്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി നബിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തിയിരുന്നു.

ഏതാനും ഓവറുകള്‍ക്ക് ശേഷം മഹമ്മദുള്ളയെ പുറത്താക്കി റഷീദ് മുഹമ്മദ് നബിയെ മറികടന്ന് ഏകദിനങ്ങളില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി മാറി. എന്നാല്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയെ പുറത്താക്കി മുഹമ്മദ് നബി റഷീദ് ഖാന്റെ റെക്കോര്‍ഡിനൊപ്പം വീണ്ടും എത്തുകയായിരുന്നു.

ഇരു താരങ്ങളും 112 വിക്കറ്റുമായി ഒപ്പം നില്‍ക്കുമ്പോളും റഷീദ് ഖാന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ സ്പിന്നറായി മാറുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഈ പദവി റഷീദ് ഖാനെപ്പോലൊരു ചാമ്പ്യന്‍ താരത്തിനു കൈമാറുന്നതില്‍ യാതൊരു വിഷമവും നബിയ്ക്കും തോന്നുകയില്ലെന്നത് തീര്‍ച്ച.

20ാം പിറന്നാള്‍ അവിസ്മരണീയമാക്കി റഷീദ് ഖാന്‍, അര്‍ദ്ധ ശതകം നേടി യുവ താരം

160/7 എന്ന നിലയില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനു വേണ്ടി ക്രീസിലെത്തി നില്‍ക്കുമ്പോള്‍ തന്റെ 20ാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുന്ന റഷീദ് ഖാന്‍ ഇത്തരം ഒരു ഇന്നിംഗ്സ് സ്വയം പോലും പ്രതീക്ഷിച്ച് കാണില്ല. തുടക്കത്തില്‍ വിക്കറ്റ് നഷ്ടത്തിനു ശേഷം ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ തകര്‍ത്ത മധ്യനിരയുടെ പരാജയത്തിനു ശേഷം റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ടീമിന്റെ രക്ഷകരായി അവതരിച്ചപ്പോള്‍ റഷീദ് ഖാന് ഇന്നത്തെ ഇന്നിംഗ്സ് ഇരട്ടി മധുരമുള്ളതായിരുന്നു.

95 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. അതില്‍ റഷീദ് ഖാന്‍ ആണ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചത്. ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ 200 എന്ന സ്കോര്‍ മറികടക്കുക എന്നത് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന്റെ ലക്ഷ്യമെങ്കിലും അവസാന ഓവറുകളില്‍ കത്തിക്കയറിയ കൂട്ടുകെട്ട് ടീം സ്കോര്‍ 250 കടത്തുകയായിരുന്നു.

32 പന്തില്‍ 8 ബൗണ്ടറിയും 1 സിക്സും സഹിതം റഷീദ് ഖാന്‍ തന്റെ പിറന്നാള്‍ അര്‍ദ്ധ ശതകം നേടി ആഘോഷിച്ചപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 38 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. 220 റണ്‍സ് പ്രതീക്ഷിച്ച അഫ്ഗാനിസ്ഥാനു 255 റണ്‍സ് നേടിയതിലൂടെ അധിക ബോണ്‍സ് ലഭിക്കുകയും ചെയ്തു. 55 പന്തുകളില്‍ നിന്നാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വീരോചിതമായ പോരാട്ടം.

20ാം വയസ്സില്‍ തന്റെ മൂന്നാം അര്‍ദ്ധ ശതകമാണ് ഇന്ന് റഷീദ് ഖാന്‍ തികച്ചത്. അവസാന ഓവറില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയെ നാല് ബൗണ്ടറിയടക്കം 19 റണ്‍സാണ് റഷീദ് ഖാനും നൈബും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. ഇതില്‍ നൈബിന്റെ റോള്‍ ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത് നല്‍കി എന്നത് മാത്രമായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധ ശതകം നേടിയ 24 താരങ്ങളാണ് ഏകദിനത്തിലുള്ളത്. ഡാമിയന്‍ മാര്‍ട്ടിനും ഡാരെന്‍ ബ്രാവോയും ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. യൂസഫ് പത്താന്‍ ഇംഗ്ലണ്ടിനെതിരെ തന്റെ പിറന്നാള്‍ ദിനത്തില്‍ നേടിയ 29 പന്തില്‍ നിന്നുള്ള 50* പിറന്നാളുകാരിലെ വേഗതയേറിയ അര്‍ദ്ധ ശതകം. റഷീദ് ഖാന്റെ ഇന്നത്തെ ഇന്നിംഗ്സ് ഈ ഗണത്തില്‍ രണ്ടാം സ്ഥാനത്തെത്തും.

അഫ്ഗാനിസ്ഥാന്റെ രക്ഷയ്ക്കെത്തി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ 255 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍255 റണ്‍സ് നേടുകയായിരുന്നു. ബംഗ്ലാദേശിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ അഫ്ഗാന്‍ ബാറ്റിംഗ് നിര 160/7 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്റെ സ്കോര്‍ 200 കടത്തിയത്. 95 റണ്‍സാണ് കൂട്ടുകെട്ടില്‍ റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് നേടിയത്. റഷീദ് ഖാന്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും നൈബ് 42 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഹസ്മത്തുള്ള ഷഹീദിയുടെ അര്‍ദ്ധ ശതകവും(58) മുഹമ്മദ് ഷെഹ്സാദിന്റെ 37 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാന്‍ നിര പരാജയപ്പെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചുവെങ്കിലും അവസാന ഓവറുകളില്‍ ശക്തമായ തിരുച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്.

എട്ടാം വിക്കറ്റില്‍ 95 റണ്‍സ് നേടി ഗുല്‍ബാദിന്‍ നൈബ്-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റും അബു ഹൈദര്‍ റോണി രണ്ടും വിക്കറ്റ് നേടി. റൂബല്‍ ഹൊസൈനാണ് ഒരു വിക്കറ്റ്.

പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ടിനെതിരെ 8 വിക്കറ്റ് ജയം

ടി20 പരമ്പര ജയത്തിനു പിന്നാലെ അയര്‍ലണ്ടിനെതിരെ ഏകദിന ജയവും സ്വന്താക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ അയര്‍ലണ്ടിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ പകരം വീട്ടല്‍ ആഘോഷമാക്കിയാണ് അഫ്ഗാന്‍ താരങ്ങള്‍ ഇന്ന് 8 വിക്കറ്റ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 124 റണ്‍സിനു എറിഞ്ഞിട്ട ശേഷം അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 23.5 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു.

23 റണ്‍സ് നേടിയ ഗാരി വില്‍സണ്‍ ടോപ് സ്കോറര്‍ ആയ അയര്‍ലണ്ട് നിര 36.1 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അഫ്താബ് അലം, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇഹ്സാനുള്ള ജനത്(57*), റഹ്മത് ഷാ(33), ഹസ്മത്തുള്ള ഷഹീദ്(34*) എന്നിവരുടെ മികവിലാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ റഷീദ് ഖാന്‍ 8 വിക്കറ്റുമായി പരമ്പരയിലെ താരവുമായി മാറി.

Exit mobile version