അഫ്ഗാന്‍ ക്രിക്കറ്റിലെ നേതൃമാറ്റം, അതൃപ്തി പ്രകടിപ്പിച്ച് നബിയും റഷീദും

അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനിസ്ഥാനെ മാറ്റുവാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി റഷീദ് ഖാനും മുഹമ്മദ് നബിയും. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റിലുമുള്ള ക്യാപ്റ്റന്‍സി അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ബോര്‍ഡ് മാറ്റിയത്. ഏകദിനങ്ഹളില്‍ ഗുല്‍ബാദിന്‍ നൈബിനെയും ടി20യില്‍ റഷീദ് ഖാനെയുമാണ് ക്യാപ്റ്റനായി നിയമിച്ചത്. ടെസ്റ്റില്‍ റഹ്മത് ഷായെയും ക്യാപ്റ്റന്‍സി ചുമതല ഏല്പിച്ചു.

ഏപ്രില്‍ 2015 മുതല്‍ അഫ്ഗാനിസ്ഥാന്റെ നായകനാണ് അസ്ഗര്‍ അഫ്ഗാന്‍. മുഹമ്മദ് നബിയില്‍ നിന്നാണ് താരം ക്യാപ്റ്റന്‍സി അന്ന് ഏറ്റെടുത്തത്. 31 ഏകദിന വിജയങ്ങളും 37 ടി20 വിജയവും ടീം ഇതിനിടെ നേടി. അയര്‍ലണ്ടിനെതിരെ ചരിത്രമായ ആദ്യ ടെസ്റ്റ് വിജയവും അഫ്ഗാനിസ്ഥാനു ഇക്കാലയളവില്‍ നേടുവാന്‍ സാധിച്ചിരുന്നു.

ലോകകപ്പിനു മുമ്പ് ഇത്തരം ഒരു മാറ്റം ടീമിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. ബോര്‍ഡിന്റ തീരുമാനത്തോട് തന്റെ ശക്തമായ വിയോജിപ്പ് അറിയിക്കുകയാണെന്നും താന്‍ ടീമിന്റെ ക്യാപ്റ്റനായി അസ്ഗര്‍ തന്നെ തുടരണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

സമാനമായ കാഴ്ചപ്പാടാണ് സീനിയര്‍ താരം മുഹമ്മദ് നബിയും വ്യക്തമാക്കിയത്. ലോകകപ്പിനു തൊട്ട് മുമ്പുള്ള ഈ തീരുമാനം ടീമിന്റെ പ്രകടനങ്ങളെ ബാധിക്കുമെന്നും നബി വ്യക്തമാക്കി. അസ്ഗര്‍ തന്നെയാണ് ടീമിനെ നയിക്കുവാനുള്ള ഏറ്റവും അനുയോജ്യനെന്നാണ് താനും വിശ്വസിക്കുന്നതെന്നാണ് മുഹമ്മദ് നബിയും അഭിപ്രായപ്പെട്ടത്.

ഓള്‍റൗണ്ടര്‍ എന്ന് വിളിക്കപ്പെടുന്നത് സന്തോഷം നല്‍കുന്ന കാര്യം

റഷീദ് ഖാന്‍ ലോകം പേടിക്കുന്ന സ്പിന്നര്‍ ആണെങ്കിലും താരത്തില്‍ നിന്ന് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത് ഐപിഎലിലും ബിഗ് ബാഷിലും മാത്രമല്ല ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോളും റഷീദ് ഖാന്‍ പലപ്പോഴും അടിച്ച് തകര്‍ക്കാറുണ്ട്. തന്നെ ഓള്‍റൗണ്ടര്‍ എന്ന് ആളുകള്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. താന്‍ എല്ലാക്കാലവും തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ട്.

2016ല്‍ ദേശീയ ടീമിലെത്തിയപ്പോള്‍ മുതല്‍ താന്‍ അന്നത്തെ അഫ്ഗാനിസ്ഥാന്‍ കോച്ച് ഇന്‍സമാമിനോട് താന്‍ ഒരു യഥാര്‍ത്ഥ ബാറ്റ്സ്മാനാണെന്ന് പറയുമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ഒരിക്കലും ഗൗനിച്ചില്ല. അതിനാല്‍ തന്നെ അത് മനസ്സിലുള്ളതിനാല്‍ ഞാനെന്റെ ബാറ്റിംഗ് എന്നും മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ടന്ന് റഷീദ് ഖാന്‍ വ്യക്തമാക്കി. ഇനിയും താന്‍ തന്റെ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അതിനാല്‍ തന്നെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും റഷീദ് വ്യക്തമാക്കി.

വെടിക്കെട്ട് പ്രകടനങ്ങള്‍ക്കിടയില്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി റഷീദ് ഖാന്‍

ബൗളര്‍മാരില്‍ ഭൂരിഭാഗവും ബാറ്റ്സ്മാന്മാരുടെ പ്രഹരഹങ്ങള്‍ക്ക് വിധേയരായ മത്സരത്തില്‍ റഷീദ് ഖാന്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. തന്റെ നാലോവറില്‍ 24 റണ്‍സിനു ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയതെങ്കിലും കൊടുത്ത റണ്‍സും നേടിയ വിക്കറ്റും ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു. അപകടകാരിയായ ജോസ് ബട്‍ലറെയാണ് മത്സരത്തിലെ തന്റെ വിക്കറ്റായി റഷീദ് ഖാന്‍ സ്വന്തമാക്കിയത്.

ബാറ്റിംഗിനിറങ്ങിയപ്പോള്‍ 8 പന്തില്‍ നിന്ന് നിര്‍ണ്ണായകമായ 15 റണ്‍സ് നേടി ടീമിന്റെ വിജയം ഒരോവര്‍ അവശേഷിക്കെ നേടിക്കൊടുക്കുവാനും റഷീദ് ഖാനു സാധിച്ചു. കഴിഞ്ഞ നാല് ഇന്നിംഗ്സുകളിലായി ടി20യില്‍ ജോസ് ബട്‍ലറെ പത്ത് പന്തിനുള്ളില്‍ 4 തവണയാണ് റഷീദ് ഖാന്‍ പുറത്താക്കിയിരിക്കുന്നത്.

മോശം ബൗളിംഗല്ല, കളി മാറ്റിയത് റസ്സല്‍ – റഷീദ് ഖാന്‍

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ഐപിഎല്‍ ആരംഭിക്കാമെന്ന തങ്ങളുടെ മോഹങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങിയത് ആന്‍ഡ്രേ റസ്സലെന്ന് പറഞ്ഞ് റഷീദ് ഖാന്‍. മത്സരം സണ്‍റൈസേഴ്സിന്റെ കൈപ്പിടിയിലായിരുന്നുവെന്നും അവസാന മൂന്നോവറില്‍ 53 റണ്‍സ് എന്ന ലക്ഷ്യം ഉറപ്പായും തങ്ങള്‍ക്ക് വിജയിക്കുവാന്‍ പോന്നൊരു ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ റസ്സല്‍ തങ്ങളെ ഞെട്ടിച്ചുവെന്നും റഷീദ് ഖാന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ 21 റണ്‍സും ആണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ഇതില്‍ ബഹുഭൂരിഭാഗവും റസ്സലിന്റെ തന്നെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ 13 റണ്‍സ് മാത്രം നേടിയാല്‍ മതിയെന്നത് കൊല്‍ക്കത്തയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കിയെന്ന് റഷീദ് ഖാന്‍ പറഞ്ഞു.

തങ്ളുടെ ബൗളര്‍മാര്‍ മോശം പന്തുകളെറിഞ്ഞതല്ല തോല്‍വിയ്ക്ക് കാരണം റസ്സല്‍ എല്ലാ ഷോട്ടുകളും ഉതിര്‍ത്ത് തങ്ങളെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചെന്ന് റഷീദ് ഖാന്‍ പറഞ്ഞു. അവസാന മൂന്നോവര്‍ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ പന്തെറിയുവാനായില്ല. ഇത് ടി20 ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

180ലധികം സ്കോര്‍ വിജയിക്കുവാനുള്ള സ്കോര്‍ തന്നെയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ പൊതുവേ 170ലധികം റണ്‍സ് നേടിയാല്‍ ജയിക്കാമെന്നത് ഉറപ്പാണ്. അതിലേക്ക് ഞങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചതുമായിരുന്നു എന്നാല്‍ അവസാന നിമിഷം മത്സരം കൈവിട്ട് പോയെന്ന് റഷീദ് ഖാന്‍ സമ്മതിച്ചു.

യൂണിസെഫ് അംബാസിഡര്‍ ആയി റഷീദ് ഖാന്‍

അഫ്ഗാനിസ്ഥാന്റെ യൂണിസെഫ് അംബാസിഡര്‍ ആയി അഫ്ഗാന്‍ ക്രിക്കറ്റ് താരം റഷീദ് ഖാനെ നിയമിച്ചു. പുതുതായി നിയമിക്കപ്പെട്ട റഷീദ് ഖാന്‍ തന്നെ ഇതിനായി നിയോഗിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞു. തനിക്ക് അവസരം തന്ന യൂണിസെഫിനു നന്ദി അറിയിച്ച താരം മികച്ച ഭാവിയ്ക്കായി തനിക്ക് മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തി.

കുട്ടികളിലെ പോഷകാഹാരാം, വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ താന്‍ എന്നും ആഗ്രഹിച്ചിരിന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ആദ്യ ടെസ്റ്റ് വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത് 147 റണ്‍സ്

അയര്‍ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് വിജയം കുറിയ്ക്കുവാനായി അഫ്ഗാനിസ്ഥാന് 147 റണ്‍സ് വിജയ ലക്ഷ്യം. ഇന്ന് അയര്‍ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 288 റണ്‍സില്‍ അവസാനിപ്പിച്ചാണ് ലക്ഷ്യം ചെറുതാക്കി നിലനിര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാനു സാധിച്ചത്. 288 റണ്‍സിനാണ് അയര്‍ലണ്ട് രണ്ടാാം ഇന്നിംഗ്സില്‍ പുറത്തായത്.

82 റണ്‍സ് നേടി ആന്‍ഡി ബാല്‍ബിര്‍ണേ പുറത്തായപ്പോള്‍ 56 റണ്‍സുമായി കെവിന്‍ ഒബ്രൈന്‍ തിളങ്ങി. ജെയിംസ് മക്കല്ലം(39), ജോര്‍ജ്ജ് ഡോക്രെല്‍(25), ജെയിംസ് കാമറൂണ്‍-ഡോവ്(32*), ടിം മുര്‍ട്ഗ(27) എന്നിവരാണ് അയര്‍ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ആദ്യ ഇന്നിംഗ്സിലെ പോലെ നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് പത്താം വിക്കറ്റ് കൂട്ടുകെട്ട് ഈ ഇന്നിംഗ്സിലും നേടിയത്.

ആദ്യ ഇന്നിംഗ്സില്‍ 87 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 58 റണ്‍സാണ് അയര്‍ലണ്ട് പത്താം വിക്കറ്റില്‍ നേടിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ യമീന്‍ അഹമ്മദ്സായി മൂന്നും വഖാല്‍ സലാംഖൈല്‍ രണ്ടും വിക്കറ്റ് നേടി.

ഏകദിന പരമ്പരയില്‍ ഒപ്പം പിടിച്ച് അയര്‍ലണ്ട്, വിജയശില്പികളായത് ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും

അഫ്ഗാനിസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അയര്‍ലണ്ട്. ജയത്തോടെ ഏകദിന പരമ്പരയില്‍ 2-2നു ഒപ്പം പിടിക്കുവാന്‍ അയര്‍ലണ്ടിനായി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ട് അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 216/6 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു.

82 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാന്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 40 റണ്‍സും റഷീദ് ഖാന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നുമാണ് ടീമിനെ 216 റണ്‍സിലേക്ക് നയിച്ചത്. അയര്‍ലണ്ടിനു വേണ്ടി ജോര്‍ജ്ജ് ഡോക്രെല്‍ 2 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(17) പുറത്തായെങ്കിലും അയര്‍ലണ്ടിന്റെ വിജയത്തിനു അടിത്തറ പാകിയ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ്-ആന്‍ഡ്രൂ ബാല്‍ബിര്‍ണേ കൂട്ടുകെട്ട് നേടിയത്. 70 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗ് പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് സഖ്യം നേടിയിരുന്നു.

സിമി സിംഗ് വേഗത്തില്‍ പുറത്തായെങ്കിലും കെവിന്‍ ഒബ്രൈന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്ക് മികച്ച പിന്തുണ നല്‍കി. 68 റണ്‍സ് നേടിയ ആന്‍ഡ്രുവിനെ മുജീബ് പുറത്താക്കിയപ്പോള്‍ കെവിന്‍ 33 റണ്‍സുമായി പുറത്താകാതെ വിജയത്തിലേക്ക് അയര്‍ലണ്ടിനെ നയിച്ചു. സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ വിജയത്തിലേക്ക് അയര്‍ലണ്ടിന്റെ യാത്രയെ തടയാന്‍ അഫ്ഗാനിസ്ഥാനായില്ല.

അയര്‍ലണ്ടിനെതിരെ വലിയ ജയമൊരുക്കി അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ മുന്നില്‍

വെറും 223 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 109 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ വീണ്ടും മുന്നില്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് റഷീദ് ഖാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ ആണ്. 131/7 എന്ന നിലയില്‍ 54 റണ്‍സ് നേടിയ അസ്ഗര്‍ അഫഗാനെ നഷ്ടപ്പെട്ട ശേഷം നബിയും റഷീദ് ഖാനും നേടിയ 86 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 200 കടക്കുവാന്‍ സഹായിച്ചത്.

മുഹമ്മദ് നബി 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റഷീദ് ഖാന്‍ 52 റണ്‍സ് നേടിയ. 49.1 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 223 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അയര്‍ലണ്ടിനായി ജെയിംസ് കാമറൂണ്‍-ഡോവ് 32 റണ്‍സിനു മൂന്ന് വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍, ബോയഡ് റാങ്കിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 35.3 ഓവറില്‍ 114 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. അഫ്താബ് അലമിന്റെ മുന്നില്‍ ചൂളിയ അയര്‍ലണ്ട് ബാറ്റ്സ്മാന്മാര്‍ക്കെതിരെ മുജീബ് റഹ്മാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി. 26 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. വില്യം പോര്‍ട്ടര്‍ ഫീല്‍ 21 റണ്‍സും സിമി സിംഗ് 20 റണ്‍സും നേടി. അഫ്താബ് അലം 4 വിക്കറ്റ് നേടിയപ്പോള്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു റഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.

ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നര്‍ ആയി റഷീദ് ഖാന്‍

ടി20യില്‍ ആദ്യ ഹാട്രിക് നേടുന്ന സ്പിന്നര്‍ എന്ന നേട്ടം കുറിച്ച് റഷീദ് ഖാന്‍. ഇന്ന് അഫ്ഗാനിസ്ഥാന്റെ അയര്‍ലണ്ടിനെതിരെയുള്ള 32 റണ്‍സ് വിജയത്തിനിടെയാണ് റഷീദ് ഖാന്‍ തന്റെ ഹാട്രിക്ക് നേട്ടവുമായി എത്തുന്നത്. അഫ്ഗാനിസ്ഥാന്റെ 210 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് 153/3 എന്ന നിലയില്‍ കുതിയ്ക്കുന്നതിനിടയിലാണ് അഫ്ഗാനിസ്ഥാന്റെ വിജയം ഉറപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി റഷീദ് ഖാന്‍ എത്തുന്നത്.

4 ഓവറില്‍ നിന്ന് 27 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 5 വിക്കറ്റുകള്‍ റഷീദ് ഖാന്‍ നേടിയത്.

നബിയുടെ വെടിക്കെട്ടിനു ശേഷം ഹാട്രിക്കുമായി റഷീദ് ഖാന്‍, പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍

മുഹമ്മദ് നബി ബാറ്റ് കൊണ്ടും റഷീദ് ഖാന്‍ പന്ത് കൊണ്ടും മന്ത്രജാലം പുറത്തെടുത്ത മത്സരത്തില്‍ 32 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 210/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മുഹമ്മദ് നബി 36 പന്തില്‍ നിന്ന് 81 റണ്‍സ് നേടി തിളങ്ങി. ഒപ്പം ഹസ്രത്തുള്ള സാസായി 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടി പുറത്തായി. അയര്‍ലണ്ടിനു വേണ്ടി ബോയഡ് റാങ്കിന്‍ മൂന്ന് വിക്കറ്റും നേടി.

മറുപടി ബാറ്റിംനിറങ്ങിയ അയര്‍ലണ്ട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ കുതിച്ചുവെങ്കിലും രണ്ടോവറുകളിലായി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയ റഷീദ് ഖാന്‍ മത്സരം അഫ്ഗാനിസ്ഥാനു അനുകൂലമാക്കുകയായിരുന്നു. 47 പന്തില്‍ നിന്ന് 74 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈനും 47 റണ്‍സ് നേടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുമാണ് അയര്‍ലണ്ട് നിരയില്‍ തിളങ്ങിയത്. ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്.

20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് അയര്‍ലണ്ടിനു ചേസിംഗില്‍ നേടാനായത്. റഷീദ് ഖാനു പുറമെ സിയൗര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് നേടി. 6 ഫോറും 7 സിക്സും സഹിതം നേടിയ മുഹമ്മദ് നബിയാണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടി20യും സ്പിന്‍ ബൗളര്‍മാരുടെ ആധിപത്യവും

ടി20 ബൗളര്‍മാരുടെ റാങ്കിംഗ് എടുത്ത് നോക്കിയാല്‍ അവിടെ സ്പിന്നര്‍മാരുടെ ആധിപത്യം മാത്രമാണുള്ളത്. 20ല്‍ 13 സ്ഥാനങ്ങളും സ്വന്തമാക്കി മുന്നേറുന്നത് സ്പിന്നര്‍മാരാണ്. ഏറ്റവും പുതിയ റാങ്കിംഗ് എത്തിയപ്പോള്‍ ജസ്പ്രീത് ബുംറയെയും മുസ്തഫിസുര്‍ റഹ്മാനെയും ആദ്യ 20 സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി സ്പിന്നര്‍മാര്‍ കൂടുതല്‍ സ്ഥാനങ്ങള്‍ കൈക്കലാക്കുകയായിരുന്നു.

ടി20 ബൗളിംഗില്‍ ആദ്യ 20 സ്ഥാനക്കാരില്‍ 7 സ്ഥാനം മാത്രമാണ് പേസ് ബൗളര്‍മാര്‍ക്കുള്ളത്. ആദ്യ പത്തില്‍ ഒരു പേസ് ബൗളര്‍ ഉള്ളത് പാക്കിസ്ഥാന്റെ ഫഹീം അഷ്റഫാണ്. അഷ്റഫിനു 652 പോയിന്റുമായി ഏഴാം സ്ഥാനത്താണ് എത്തി നില്‍ക്കുവാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പേസ് ബൗളര്‍മാരില്‍ 20ാം സ്ഥാനത്ത് നില്‍ക്കുന്നത് ഭുവനേശ്വര്‍ കുമാറാണ്. ജസ്പ്രീത് ബുംറ 21ാം സ്ഥാനത്ത് നില്‍ക്കുന്നു.

ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, പാക്തിയ പാന്തേഴ്സിനെ തകര്‍ത്ത് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് കാബുള്‍ സ്വാനന്‍. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ പാക്തി പാന്തേഴ്സിനെ തകര്‍ത്താണ് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ കാബുളിന്റെ എതിരാളികള്‍ ബാല്‍ക്ക് ലെജന്‍ഡ്സ് ആണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുറത്തെടുത്ത സ്വാനന്‍ നായകന്‍ റഷീദ് ഖാന്‍ ആണ് കളിയിലെ താരം. 19 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ റഷീദ് ഖാന്‍ ബൗളിംഗില്‍ 4 വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കാബുള്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. കോളിന്‍ ഇന്‍ഗ്രാം 27 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ലൗറി ഇവാന്‍സ്(31), റഷീദ് ഖാന്‍(35*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ലൂക്ക് റോഞ്ചിയും(15), ഹസ്രത്തുള്ള സാസായിയും(24) മികച്ച തുടക്കം ടീമിനു നല്‍കിയെങ്കിലും അവര്‍ക്ക് അത് തുടരാന്‍ സാഘിച്ചില്ല. ഒരു ഘട്ടത്തില്‍ 79/4 എന്ന സ്ഥിതിയിലായിരുന്ന കാബുള്‍ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തിലാണ് 192 റണ്‍സിലേക്ക് എത്തുന്നത്. ഇതില്‍ അവസാന ഓവറില്‍ മാത്രം 20 റണ്‍സാണ് ടീം നേടിയത്. പാക്തിയയ്ക്കായി ഇസ്രു ഉഡാന, സിയാവ് റഹ്മാന്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ പാക്തിയ പാന്തേഴ്സിനു ആദ്യ ഓവറില്‍ തന്നെ നായകന്‍ മുഹമ്മദ് ഷെഹ്സാദിനെ നഷ്ടമായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കാബുള്‍ ഒരു ഘട്ടത്തിലും പാന്തേഴ്സിനു തിരിച്ചുവരവിനു അവസരം നല്‍കിയില്ല. 14.5 ഓവറില്‍ 102 റണ്‍സിനു പാക്തിയ പുറത്തായപ്പോള്‍ 90 റണ്‍സിന്റെ ജയമാണ് കാബുള്‍ സ്വന്തമാക്കിയത്.

റഷീദ് ഖാന്‍ നാലും മുസ്ലീം മൂസ രണ്ടും വിക്കറ്റ് നേടി. വെയിന്‍ പാര്‍ണെല്‍, ജാവേദ് അഹമ്മദി, ഷാഹീദുള്ള കമാല്‍, ഫിത്രത്തുള്ള ഖവാരി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഫൈനല്‍ മത്സരം ഇന്ന് ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം 9.30നു അരങ്ങേറും.

Exit mobile version